Wednesday, August 26, 2009
ഖലനും നായകനും വേഷം മാറുമ്പോള്‍
“അതേ“ എന്നാല്‍ “ഒരു പക്ഷേ.” “ഒരു പക്ഷേ” എന്നാല്‍ “അല്ല.” “അല്ല“ എന്നു പറയാന്‍ പാടില്ല. അതാണ് നയതന്ത്രത്തിന്റെയും ജസ്വന്ത് സിംഗിന്റെയും ഭാഷാക്രമം. ഒരിക്കല്‍ അദ്ദേഹം എന്തിനെപ്പറ്റിയോ ഒളിച്ചും വളച്ചും സംസാരിച്ചു. കേള്‍വിക്കാരില്‍ ഒരാള്‍ കേണു: “ഇനി അതിന്റെ അര്‍ത്ഥം ഒന്നു പറഞ്ഞാട്ടെ.” അങ്ങനെയൊരു അവ്യക്തസുന്ദരത ജിന്നയുടെ കാര്യത്തിലില്ല. നേരത്തേ അഡ്വാനി പറഞ്ഞതല്ലേ? നെഹ്രുവിരോധികള്‍ നാട്ടുമൊഴിയാക്കാന്‍ നോക്കിയിരുന്നതല്ലേ? ആ ചരിത്രദര്‍ശനത്തില്‍ പുതുമയില്ല.
അവരുടെ വിപരീതചരിത്രദര്‍ശനത്തിനാണ് പുതുമ. പഴയ കാലത്തെയും കാര്യക്കാരെയും കണ്ടമാനം പുതുക്കിയെടുക്കുന്നതാണ് റിവൈവലിസം. അഡ്വാനിയുടെ പാര്‍ട്ടിക്കെതിരെ എന്നും ഉയര്‍ന്നുകേട്ട പരാതിയും അതു തന്നെ. പരാതിക്കാരില്‍ മുമ്പര്‍ പഴയ പ്രതിമകളെ എറിഞ്ഞുടക്കുന്നവരാണ്. പ്രതിമകള്‍ എറിഞ്ഞുടച്ചാല്‍ എളുപ്പം കേമത്തം കിട്ടും. അതായിരുന്നു എന്നും ചരിത്രസംസ്ക്കരണത്തിന്റെ കീഴ്വഴക്കം--ഖലനെ നായകനാക്കുന്നതല്ല.
പഴയ വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ എന്തു രസം? “ചെളിയില്‍ പദമൂന്നിയെന്തിനോ വെളിവായിക്കഴുകുന്ന” രാമന്‍. വഴിവിട്ട അഭിരുചികളുള്ള ഗാന്ധി. ഭാര്യയെ തല്ലുന്ന ഐന്‍സ്റ്റൈന്‍. മരണശേഷം വിചാരണ നേരിടുന്ന ഫോര്‍മോസസ് മാര്‍പ്പാപ്പ. കറുത്ത വര്‍ഗ്ഗത്തിന്റെ വീര്യം കെടുത്തുന്ന ലിങ്കണ്‍. അങ്ങനെ പഴയ പ്രതിമകളെ ഇളക്കിനോക്കുകയും തള്ളിയിടുകയും ചെയ്യുന്നതാവും എന്നും ചരിത്രത്തിന്റെ വഴി.
ജസ്വന്ത് സിംഗിന്റെ വഴി അതല്ല. അദ്ദേഹത്തിന്റെ വഴിയേ പോകാന്‍ ധൈര്യം വേണം. അധികമാരും ധൈര്യപ്പെട്ടിട്ടില്ല. പഴയ ഖലന്മാരെ ജ്ഞാനസ്നാനം ചെയ്യിച്ച് നായകരായി അവതരിപ്പിക്കാന്‍ ശ്രമം കുറച്ചേ നടന്നിട്ടുള്ളു. ഭാസന്‍, തുട മുറിഞ്ഞു മരിച്ച ദുര്യോധനന്റെ ദൈന്യം തൊട്ടുകാണിച്ചു, പക്ഷേ ഖലനെ നായകനാക്കിയില്ല. ശൂര്‍പ്പണഖയുടെ അവമാനത്തില്‍ നൊന്തവര്‍ പലരുണ്ടായി; ആരും രാക്ഷസിയെ രക്ഷാദേവിയാക്കിയില്ല. എം ടി മാത്രം ചതിയന്‍ ചന്തുവിനെ ചതിക്കപ്പെട്ട കഥാപുരുഷനാക്കി. സ്റ്റാലിന്റെ ഓര്‍മ്മയെ അരിയിട്ടുവാഴ്ച നടത്താന്‍ ആരും കാര്യമായി മെനക്കെട്ടിട്ടില്ല. പൊളിറ്റ് ബ്യൂറോ എങ്ങനെ സഖാവിന്റെ സെക്രട്ടേറിയറ്റ് ആയി മാറി എന്നു സ്ഥാപിക്കുന്നു ഒടുവില്‍ ഇറങ്ങിയ ജീവചരിത്രം. “ഹിറ്റ്ലറുടെ യുദ്ധ“ത്തില്‍ ഫ്യൂററുടെ മനുഷ്യസ്നേഹത്തെപ്പറ്റി ഉപന്യസിച്ച ഡേവിഡ് ഇര്‍വിംഗ്, കുഴപ്പമായപ്പോള്‍, അഭിപ്രായം മാറ്റി. ചില രാജ്യങ്ങള്‍ ഹിറ്റ്ലര്‍ പ്രശംസ തന്നെ നിരോധിച്ചു--ഗുജറാത്തില്‍ നരേന്ദ്ര മോഡി ജസ്വന്ത് സിഗിനെ നേരിട്ടതുപോലെ. ഖലന്മാരെ നായകരാക്കാന്‍ എന്തൊരു പ്രയസം!
ഈ ജ്ഞാനഘട്ടത്തില്‍ വേണം ജസ്വന്ത് സിഗിന്റെ വിപരീതചരിത്രത്തെ കാണാന്‍. ആ വഴിയേ പോയാല്‍, ദൂരം ഏറെ കിടക്കുന്നു. ഭിന്ദ്രന്‍വാല പുണ്യാത്മാവും ഇന്ദിര ഗാന്ധിയുടെ ഘാതകര്‍ രക്തസാക്ഷികളും ആയെന്നു പറയുന്നു കേണല്‍ പി ജി ഈപ്പന്‍. അവരില്‍ രണ്ടു പേര്‍ക്കു വേണ്ടി അന്നേ ചിലര്‍ ദയാഹര്‍ജി കൊടുത്തിരുന്നല്ലോ. വീണ്ടും വിപരീതചരിത്രദര്‍ശനമോ? ഓപ്പറേഷന്‍ ബ്ലുസ്റ്റാറിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍, അതിന്റെ ഇഴ പിരിച്ചെടുക്കുന്ന തിരക്കിലാണ് കേണല്‍ ഈപ്പന്‍, സുവര്‍ണ്ണക്ഷേത്രത്തിനു കാവല്‍ നിന്ന കെ സി മാമ്മന്‍ മാപ്പിളയുടെ അനിയന്റെ കൊച്ചുമകന്‍.
(ആഗസ്റ്റ് ഇരുപത്തഞ്ചിന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)
Subscribe to:
Posts (Atom)