തോക്കും ബോംബും വാളിനെ കാലഹരണപ്പെടുത്തിക്കഴിഞ്ഞെങ്കിലും വാൾ ഇപ്പോഴും പ്രചാരത്തിൽ തുടരുന്നു--എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആയുധമായും ഏറെ പ്രയോഗിക്കപ്പെടുന്ന ബിംബകമായും. വാളിനെക്കാൾ മൂർച്ചയുള്ളതാകുന്നു ആദിയിൽ ഉണ്ടായ വാക്ക് എന്ന മൊഴിയും ഒട്ടൊക്കെ നേരായിത്തന്നെ വിളങ്ങുന്നു. വാളെടുത്തവൻ വാളാൽ വീഴും. വാക്ക് എന്ന വാളെടുത്തവൻ ഉൾപ്പടെ എല്ലാവരും നീളെ തെറിക്കുന്ന ചെളിയിൽ കുളിക്കും. ഇതൊന്നും പാഴ് മൊഴിയല്ല. പി സി ജോർജ്ജിനോട് ചോദിച്ചാൽ അറിയാം സത്യാവസ്ഥ. കമ്യൂണിസ്റ്റ് അനുഭാവമുള്ളവരാണെങ്കിൽ, അച്യുതാനന്ദനോട് ചോദിക്കാം. ആംഗലത്തിൽ വിലസുന്നവർക്ക് ഉത്തരം നൽകാൻ സാഹിത്യത്തിൽ നൊബേൽ സമ്മാനം നേടിയ വിൻസ്റ്റൺ ചർച്ചിൽ തന്നെ നേരിട്ടു വന്നേക്കും.
ജോർജ്ജിന്റെ ജാതിക്കുമ്മി ഏ കെ ബാലനെപ്പോലും പേടിപ്പിക്കുകയില്ല. കാരണം വാക്കിന്റെ അർഥമറിഞ്ഞ്, മിതത്വത്തോടെ, പ്രയോഗിക്കുന്ന ഒരു വാഗ്മിയായി അദ്ദേഹത്തെ ആരും വാഴ്ത്താനിടയില്ല. ബാലനാകട്ടെ, താൻ പട്ടികജാതി ആണെന്ന് പലയിടത്തും പലപ്പോഴും പറഞ്ഞും കാണും. ബാലചന്ദ്രൻ ചുള്ളിക്കാടു പറഞ്ഞതായാണ് ഓർമ്മ, കേട്ടുകേൾവിയായ ഒരു സംഭവം ഇങ്ങനെ: ജാതി ചോദിച്ചതിനോ പറഞ്ഞതിനോ ഇടത്തരം ഉദ്യോഗസ്ഥനായ ഏതോ ഒരു മേനോനെതിരെ ഒരു കീഴ്ജീവനക്കാരൻ പരാതിപ്പെട്ടപ്പോൾ അന്വേഷണം ഉണ്ടായി. മേനോന്റെ വിശദീകരണം എല്ലാവരെയും വെട്ടിലാക്കി: “എന്നെ അയാൾ ജാതി ചൊല്ലി വിളിച്ചാൽ, എനിക്കും അങ്ങനെ ആയിക്കൂടേ?” ജാതി ചേർത്ത് പേർ എഴുതുകയും പറയുകയും ചെയ്യുന്ന ഏർപ്പാട് നിയമം വഴി വിലക്കിയാൽ ഒരു പക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടേക്കും. പ്രശ്നത്തെക്കാൾ പ്രയാസമാകും പരിഹാരം എന്നു മാത്രം.
കാമവെറിയൻ എന്ന ഒറ്റ വാക്കുകൊണ്ട് വെള്ളത്തിലായ ആളാണ് ഗണേഷ് കുമാർ. അഛന്റെ പാരമ്പര്യം കൊണ്ടാണോ അതോ അഛനെ ദ്രോഹിച്ചതിലുള്ള പക കൊണ്ടാണോ ഗണേശ് അങ്ങനെ പറഞ്ഞതെന്നറിയില്ല. പ്രസംഗവേദിയിൽനിന്ന് ലാത്തിയടിക്കുമ്പോൾ ബാലകൃഷ്ണപിള്ളക്ക് വായിൽ തോന്നിയ ഒരു തീവ്രവാദമായിരുന്നു “പഞ്ചാബ് മോഡൽ”. ആ ഒറ്റ പ്രയോഗത്തിന്റെ പേരിൽ മൂപ്പരുടെ മന്ത്രിപദം പോയി. പത്രോസിനെപ്പോലെ പുലരും മുമ്പ് മൂന്നു വട്ടം തന്നെത്തന്നെ തള്ളിപ്പറഞ്ഞു, പിള്ള. എന്നിട്ടും വേട്ടക്കാർ വിട്ടില്ല. അധികാരം നഷ്ടമായി. ഗണേശൻ ഭാഗ്യവാനും ചെറിയ തോതിൽ ബുദ്ധിമാനുമാണ്. എൺപത്തഞ്ചു കഴിഞ്ഞാലും കാമം കരഞ്ഞു കളയാൻ ബാക്കി കാണുമോ എന്ന് ഗണേശനും സംശയമായിരിക്കും. എന്നാലും അച്യുതാനന്ദനെ ഒന്നു ചാമ്പി.
മണ്ടത്തരമായെന്ന് എല്ലാരും പാടിയപ്പോൾ ഗണേശൻ മൂന്നടി പിന്നോട്ടു മറിഞ്ഞ് സ്വയം രക്ഷിച്ചു.
അച്യുതാനന്ദൻ ഒട്ടും കൂസിയില്ല. തന്നെ തെറി പറഞ്ഞതിന്റെ പേരിൽ സഖാക്കളും അല്ലാത്തവരും ഒരു പ്രസ്ഥാനം തുടങ്ങെന്നെകിൽ തുടങ്ങട്ടെ എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ നീക്കം. ഇങ്ങനെയോ ഇങ്ങനെയല്ലാതെയോ ഉള്ള എത്ര പ്രയോഗങ്ങൾ അദ്ദേഹം കേൾക്കുകയോ കയ്യടിച്ച് ആവർത്തിക്കുകയോ ചെയ്തിരിക്കുന്നു. സിന്ധു ജോയിയെ “ഒരുത്തി” എന്നും അദ്ദേഹത്തിനെതിരെ മത്സരിച്ച സ്ത്രീയെ അതിനെക്കാൾ ദുസ്സൂചനയുള്ള വാക്കുകൊണ്ടും വിശേഷിപ്പിച്ചു രസിച്ചയാളാണ് അച്യുതാനന്ദൻ. കമ്യൂണിസ്റ്റുകാരന്റേതല്ലാത്ത ചില മര്യാദകൾ പുലർത്തിപ്പോന്ന വേറൊരു അച്യുതനെ--അച്യുത മേനോനെ--ഒരു കാലത്ത് അച്യുതാനന്ദന്റെ സഖാക്കൾ വിളിച്ചിരുന്നത് എന്തൊക്കെയായിരുന്നു! ഒരു മുദ്രാവാക്യം ഇത്രത്തോളമെത്തി: “ചേലാട്ടച്യുത മേനോനെ, വെക്കൂ ചെറ്റേ ചെങ്കൊടി താഴെ.” വർഗ്ഗവഞ്ചകരെ ഭർത്സിക്കാൻ പറ്റിയ ഒറ്റ മൂലികകൾ മഹാനായ ലെനിൻ തന്റെ അസഭ്യകോശത്തിൽ ബുദ്ധിപൂർവം തിരുകിക്കയറ്റിയിരുന്നു. ചെറ്റയും ചെരുപ്പു നക്കിയും ഒക്കെ അതിൽ പെടും. ആ വാക്കുകൾ വാരിയെറിയുമ്പോൾ ബൂർഷ്വ മര്യാദകൾ ലംഘിക്കപ്പെട്ടേക്കും; പക്ഷേ അതൊക്കെ വിപ്ലവമെന്ന മഹാലക്ഷ്യത്തിനുവേണ്ടിയാണെന്നതിൽ അഭിമാനം കൊള്ളാം.
വാക്കുകൊണ്ടും ആംഗ്യം കൊണ്ടും ബഹളം സൃഷ്ടിച്ചവർ പലരുമുണ്ട്. മുണ്ട് പൊക്കുന്നതും ഉരിയുന്നതുംകണ്ടു ശീലിച്ചവരാണ് കേരളീയർ. ലോക് സഭയിൽ ഇടക്കിടക്ക് മുണ്ട് മുറുക്കിയുടുത്തിരുന്ന സി എം സ്റ്റീഫന്റെ നടപടി പാർലമെന്ററി അസഭ്യമായി ചിത്രീകരിക്കപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. രോമത്തിന്റെ വില പോലുമില്ലെന്നു കാണിക്കാൻ ആ വാക്ക് ഉപയോഗിക്കാതെ കഥകളി അഭിനയിച്ച മത്തായി മാഞൂരാനെ ഓർത്തുപോകുന്നു. തന്റെ നിറുകയിൽനിന്ന് ഒരു രോമം പറിച്ചെറിഞ്ഞ മാഞ്ഞൂരാന്റെ സന്ദേശം എല്ലാവർക്കും പിടി കിട്ടി. പക്ഷേ അതിൽ അല്പം അസഭ്യം ഇല്ലേ എന്ന് പലരും സംശയിച്ചു. ഭാഷാപരമായ യാഥാസ്ഥിതികത്വം കാരണമായിരുന്നില്ല ആ സംശയം. പച്ചമലയാളത്തെ സംസ്കൃതവൽക്കരിച്ചാൽ ഏത് അസഭ്യവും സുന്ദരമാകുമെന്ന് തോലൻ മുതൽ വിശ്വസിച്ചുവരുന്നതാണ്. അത് ആരെക്കാളും കൂടുതൽ അറിയാമായിരുന്ന ആളാണ് മാഞ്ഞൂരാൻ.
അദ്ദേഹത്തിന്റെ ആംഗ്യം അസഭ്യമാകാൻ കാരണം അദ്ദേഹത്തിന്റെ നിറുകയിൽ പറിച്ചു കളയാൻ ഒരു മുടി പോലും ഉണ്ടായിരുന്നില്ല് എന്നതാണത്രേ.
ഒരു വാക്കിൽ ഒരു ഫിലോസഫി മുഴുവൻ ഉൾക്കൊള്ളിച്ചവർ ബുദ്ധൻ മുതൽ ഇങ്ങോട്ട് പലരും കാണും. തഥാസ്തു എന്ന വാക്ക് ആമേൻ ആയത് പിന്നീടായിരുന്നു. സ്വപ്നത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും ഫോർത് എസ്റ്റേറ്റിനെപ്പറ്റിയും സത്യഗ്രഹത്തെപ്പറ്റിയുമൊക്കെയുള്ള പ്രയോഗങ്ങൾ വാക്ചാതുരിയുടെ ചരിത്രത്തിൽ പ്രാധാന്യത്തോടെ കിടക്കുന്നതു കാണാം. ജനാധിപത്യത്തെപ്പറ്റി ലിങ്കൺ പറഞ്ഞ കാര്യങ്ങൾ നീണ്ട ആലോചനയുടെ ഫലമായിരുന്നില്ല. പി സി ജോർജ്ജിന്റെ സ്വാഛന്ദ്യത്തോടെ, ഒരു ശവപ്പറമ്പിന്റെ മൂലയിലിരുന്ന് ഒരു കീറക്കടലാസിന്റെ പുറത്ത് എഴുതിപ്പിടിപ്പിച്ചതായിരുന്നു നാലു മിനുറ്റ്നീണ്ടുനിന്ന കാലാതിവർത്തിയായ ആ പ്രസംഗം.
അവരെയൊക്കെ എന്തിനോർക്കുന്നുവോ, അതേ വാശിയോടെ ഇന്ത്യക്കാർ വെറുത്തുപോരുന്ന ഒരാളാണ് ഹിറ്റ്ലറിൽനിന്ന് ലോകത്തെ രക്ഷിച്ചവരിൽ പ്രധാനിയായ വിൻസ്റ്റൺ ചർച്ചിൽ. ഇംഗ്ലിഷ് സംസാരിക്കുന്ന ജനതകളുടെയും രണ്ടാം ലോകയുദ്ധത്തിന്റെയും ചരിത്രകാരനായ ചർച്ചിൽ വാക്കുകളുടെ അർഥവും അർഥത്തിന്റെ നിഴലും മറ്റാരെക്കാളും മനസ്സിലാക്കിയ ചിന്തകനായിരുന്നു. പക്ഷേ ഒരൊറ്റ വാക്കു മതിയായിരുന്നു ഇന്ത്യക്കാർക്ക് അദ്ദേഹത്തെ അനഭിമതനാക്കാൻ. ഗാന്ധിയെ തുണിയുടുക്കാത്ത പിച്ചക്കാരൻ(Naked Fakir) എന്നു പറഞ്ഞാൽ ആരെങ്കിലും പൊറുക്കുമോ? ഗണേശനും ജോർജ്ജും അച്യുതാനന്ദനും ഒക്കെ ഓരോന്നു പേശുന്നതും വാക്ക് എന്ന വാൾ എടുത്ത് വീശുന്നതും ചർച്ചിലിനെ ഓർത്തോ അദേഹത്തെപ്പോലെ ആലോചനയോടെയോ ആകണമെന്നില്ല.