Monday, August 29, 2011

അഴിമതി മതി മതി മതി




അണ്ണാ ഹസാരേ പുതിയൊരു പ്രതിഭാസമല്ല. അവസാനത്തെ പ്രതിഷേധകനുമാവില്ല. എന്തിനുവേണ്ടി അദ്ദേഹം യുദ്ധം തുടങ്ങിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചുവോ, ആ പ്രശ്നം ഒരിക്കലും തീർത്തും പരിഹരിക്കപ്പെടാതെ, നമുക്ക് വേവലാതിപ്പെടാൻ പാകത്തിൽ എന്നും നില കൊള്ളുമെന്ന് ഉറപ്പിക്കാം. ഇന്ത്യൻ അവസ്ഥയിൽ സ്ഥായി എന്നു പറയാവുന്നതായി അതു മാത്രമേയുള്ളു--അഴിമതി. പ്രതിഷേധക്കാർക്ക് അതു മതി; മാധ്യമങ്ങൾക്ക് അതു മതി; ജനത്തിനും അതു മതി. സത്യമേവ ജയതേ.

എന്തൊരു ഉത്സാഹമാണ് ആളുകൾക്ക് അഴിമതി അവസാനിപ്പിക്കാൻ! അഴിമതിക്കുവേണ്ടി രണ്ടു വാക്കു പറയാൻ ആരും കാണില്ല. കനിമൊഴിയും കൽമാഡിയും ജനാർദ്ദന റെഡ്ഡിയും നമ്മുടെ സ്വന്തം ബാലകൃഷ്ണ പിള്ളയും അഴിമതിക്കെതിരെ നില കൊള്ളുന്നവർ തന്നെ. തികഞ്ഞ അഭിപ്രായൈക്യം എന്നേ ഉരുത്തിരിഞ്ഞ ഒരേ ഒരു വിഷയമാണ് അഴിമതി. ഒരു രൂപക്ക് ഒരു കിലോ അരി വാങ്ങാൻ, എൻ വി കൃഷ്ണ വാരിയരുടെ ഗാന്ധിയും ഗോദ്സേയും എന്ന കവിതയിലെപ്പോലെ, ക്യൂവിൽ
കാത്തുനിൽക്കുന്ന “ഗന്ധി”മാരും ലാപ് ടോപ്പും സെൽ ഫോണും ചുമൽ സഞ്ചിയും വെള്ളക്കുപ്പിയുമയി ഓടി നടക്കുന്നവരും പഞ്ചനക്ഷത്രശീതളിമയിൽ ഇരുന്ന് തോക്കിന്റെയും ചാക്കിന്റെയും ഇടപാടിൽ നേടാവുന്ന തരകിനെപ്പറ്റി തർക്കിക്കുന്നവരും ഒരേ സ്വരത്തിൽ എതിർക്കുന്നതാണ് അഴിമതി. അവരിൽ ആദ്യത്തെ ആളല്ല അണ്ണാ ഹസാരേ. അവസാനത്തെ ആളുമല്ല.

അണ്ണാ മാതൃകയിൽ എഴുപതുകളുടെ തുടക്കത്തിൽ ഒരു ദേശീയസമരം തുടങ്ങിയിരുന്നു. ഗുജറാത്തിലും ബീഹാറിലും അഴിമതിക്കെതിരെ തുടങ്ങിയ ആ സമരം പിന്നെപ്പിന്നെ അസത്യത്തിനും ഏകാധിപത്യപ്രവണതക്കുമെതിരെയുള്ള ദേശീയജ്ഞമായി മാറുകയായിരുന്നു. അടിയന്തരാവസ്ഥയിലേക്കു നയിച്ച ആ സംഘർഷത്തെ ഇന്ത്യയുടെ രണ്ടാം സ്വാതത്ര്യസമരമായി ചിലർ ആഘോഷിച്ചു. അതോർമ്മയില്ലാ‍തെയാവണം, അണ്ണാ ഹസാരേയുടെ സമരത്തെയും ചില “രണ്ടാം സ്വാതന്ത്ര്യസമരം” എന്നു നാമകരണം ചെയ്തിരിക്കുന്നു. രണ്ടാം സ്വാതന്ത്ര്യസമരം രണ്ടെണ്ണം ഉണ്ടാകാൻ പറ്റുമോ എന്നത് ലളിതമായ ഒരു അങ്കഗണിതസമസ്യയല്ല. ഒന്നും ഒന്നും കൂടിയാൽ “ബല്യ ഒന്ന്” ആകുമെന്ന് കണക്കു കൂട്ടിപ്പറയുന്ന ബഷീറിയൻ കഥാപാത്രത്തിന്റെ ഭാവത്തിലേ രണ്ടാം സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്ന ഈ രണ്ടു സമരങ്ങളെ കാണാവൂ.

ഗാന്ധിയെ മഹാത്മാവാക്കിയതു പോലെ, ആദ്യത്തെ രണ്ടാം സ്വാതന്ത്ര്യസമരം നയിച്ച ജയപകാശ് നാരായണനെ ലോകനായകനാക്കി. വാക്കുകളിലെ പൊരുത്തം നോക്കുമ്പോൾ, ലോക് പാൽ നിയമത്തിനുവേണ്ടി പൊരുതുന്ന അണ്ണാ ഹസാരേക്കായിരിക്കും “ലോകനായകൻ” എന്ന ബഹുമതി കൂടുതൽ യോജിക്കുക. പക്ഷേ അത് ജെ പിക്ക് നൊടുത്തുപോയില്ലേ? ഇനി വേറെ വല്ല പേരും “ലോക”
ചേർത്തുകൊണ്ടുണ്ടാക്കണം. പേരുകൾക്കും ബഹുമതികൾക്കും പഞ്ഞം ആകുന്നതുപോലെ. നിത്യജീവിതത്തിലെ സംഘർഷം കാരണം ഒരോ ദിവസവും നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള നുണകളുടെ എണ്ണം നന്നേ കുറഞ്ഞുപോയിരിക്കുന്നു എന്നു പരിദേവനം ചെയ്യുന്ന ഒരു ബർണാർഡ് ഷാ നാടകം ഓർക്കുന്നു. അണ്ണാ ഹസാരേപോലുള്ളവരുടെ അവതാരം ആ പ്രശ്നം നമുക്കു മുമ്പിലും ഉയർത്തുന്നു: പുതിയ പുതിയ സമരങ്ങൾക്കും സമരനേതാക്കൾക്കും കൊടുക്കാവുന്ന കീർത്തിചക്രങ്ങളുടെ എണ്ണം കുറഞ്ഞു പോകുന്നു.

ജെ പിക്കുമ്പേ ഗാന്ധി തുടങ്ങിയതാണ് ഈ ജനുസ്സിലുള്ള സമരം. ഗാന്ധി പക്ഷേ നാടൻ രാജാക്കന്മാരുടെ അഴിമതിയെപ്പറ്റി പ്രത്യേകം പറഞ്ഞില്ലെന്നേയുള്ളൂ. പൊതുവേ അസത്യത്തോടും അസ്വാതന്ത്ര്യത്തോടുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. വ്യക്തിയുടെയും സമഷ്ടിയുടെയും ജീവിതത്തിൽ സത്യവും സ്വാതന്ത്ര്യവും പുലർന്നു കാണാൻ എന്തു ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആലോചന. അതായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം. ജീവിതം മുഴുവൻ അദ്ദേഹം സത്യാന്വേഷണ പരീക്ഷണമാക്കി. സത്യത്തോടുള്ള ആഭിമുഖ്യത്തിൽ ഗാന്ധി ആദ്യയോദ്ധാവായിരുന്നില്ല. പക്ഷേ അതിന്റെ പ്രയോഗശാസ്ത്രത്തിൽ അദ്ദേഹം തുടങ്ങിവെച്ച ഉപവാസം എന്ന സമരമുറക്ക് ആദ്യസ്ഥാനം തന്നെ കൈവന്നു. വിശക്കുന്ന ജനകോടികളുടെ
നടുവിൽനിന്ന് ഭക്ഷണം കഴിക്കില്ലെന്നു പറഞ്ഞ് എതിരാളിയെ വിരട്ടുകയും വീഴ്ത്തുകയും ചെയ്യാമെന്നു സ്ഥാപിച്ചതായിരുന്നു ഗാന്ധിയുടെ ഒരു നേട്ടം.

ഗാന്ധി ആഗ്രഹിച്ചതുപോലെ സത്യം ജയിക്കുന്നുവോ എന്നു പറയാൻ ആരും ധൈര്യപ്പെടില്ല. ഗാന്ധി ചെയ്തതുപോലെ പലതും ചെയ്യാൻ ഇന്ന് ആർക്കും കരുത്തും താല്പര്യവും കാണില്ല. എന്നാലും എവിടെയും ശങ്കയില്ലാതെ ആർക്കും എടുത്തു പെരുമാറാവുന്ന പേരാകുന്നു ഗാന്ധി. വേദം ഓതുന്നത് ചെകുത്താനും രസം പകരുന്നതുപോലെ, ഗാന്ധിയുടെ നാമജപം ഇന്നും നടക്കുന്നു. ഇന്ത്യ ഭക്ഷ്യസ്വയം പര്യാപ്തത നേടിയിട്ടുണ്ടെങ്കിലും, പോഷകാഹാരക്ഷാമം എന്ന പേരിൽ പട്ടിണി
നിലനിൽക്കുന്നുണ്ടെങ്കിലും, നിരാഹാരം ഒരു സമരമുറ എന്ന നിലയിൽ ഇന്നും ജനപ്രിയമായി തുടരുന്നുവെന്നതാണ് ഗാന്ധിയുടെ പ്രസക്തി.

ഗാന്ധി നമ്മുടെ പാരമ്പര്യത്തിന്റെ കലവറയിൽ തപ്പിയെടുതതാണ് അദ്ദേഹത്തിന്റെ സത്യപുരാണം. ഇന്ത്യൻ സമൂഹത്തിന് ഓർമ്മ വെച്ച നാൾ മുതലെങ്കിലും കേട്ടുപോരുന്നതാണ് സത്യകാകളി. പല ഈണങ്ങളിൽ, പല ഭാവങ്ങളിൽ, ഒച്ചയെടുക്കാൻ ആവുന്നവരെല്ലാം അതു പാടി വരുന്നു. ആ രാഗം നിറഞ്ഞതാണ് നമ്മുടെ സ്മൃതിയുടെ സംഗീതം മുഴുവനും. സത്യത്തിനു വേണ്ടി നില കൊള്ളുന്നവരും, പദവിയും ജീവനും പോയാലും സത്യത്തിൽനിന്നു വ്യതിചലിക്കില്ലെന്ന് ശാഠ്യം പിടിക്കുന്നവരും, അസത്യത്തിനെതിരെ പട പൊരുതുന്നവരും--അങ്ങനെ അങ്ങനെ സത്യത്തിന്റെ പ്രവാചകരും പ്രയോക്താക്കളുമാണ് നമ്മുടെ നായകശില്പങ്ങളെല്ലാം. ഹരിശ്ചന്ദ്രൻ ചെയ്തതെല്ലാം ബുദ്ധിയാണെന്ന് നാം വക വെച്ചു കൊടുത്തേക്കില്ല; സിംഹാസനം വിട്ട് ചുടുകാട്ടിൽ പോയി താമസമാക്കാൻ നമ്മളാരും തയ്യാറാവില്ല. എന്നാലും ഹരിശ്ചന്ദ്രൻ നമ്മുടെ നിത്യഹരിതനായകനായി നില കൊള്ളുന്നു, നമ്മുടെ ഭാഷയിലും ചിന്തയിലും ഹരിശ്ചന്ദ്രൻ പ്രകാശമാനമായ ഒരു ബിംബകമായി സ്ഥാനം ഉറപ്പിക്കുന്നു.

സത്യം ക്ഷീണമായിരിക്കാം. എന്നാലും സത്യപരീക്ഷണങ്ങൾ അനവരതം നടക്കുന്നു. ആ ഒറ്റ വാക്കെടുത്ത് എന്തെല്ലാം ദർശനങ്ങളും പ്രദർശനങ്ങളും നമ്മുടെ ആപ്തന്മാർ കാലാകാലമായി ഒരുക്കിയിരിക്കുന്നു! സത്യം പറയണം, ധർമ്മം ആചരിക്കണം. സത്യമേ ജയിക്കൂ, അസത്യം ജയിക്കില്ല. സത്യയുഗമാകണം ചരിത്രത്തിന്റെ ലക്ഷ്യം. സത്യം ശക്തിയാകുന്നു. സത്യമാണ് ഉത്തമനയം. അങ്ങനെ സത്യഭാഷണം നടത്തി നടത്തി മടുത്തിട്ടാവണം ഒരു രസികൻ എവിടെയോ കൂട്ടിച്ചേർത്തു: സത്യം പറയണം, പക്ഷേ പ്രിയമാകണം; അപ്രിയസത്യം പറയല്ലേ! ഒടുവിൽ പറഞ്ഞ വികടസര്വസ്വതിയാണ് വാഴുന്നതെങ്കിലും അതിനു മുമ്പു പറഞ്ഞ സത്യവാദകരെ വാക്കുകൊണ്ട്, വാക്കുകൊണ്ടുമത്രം, ആദരിക്കാനാണ് നമുക്കിഷ്ടം. ഒരു തരത്തിൽ പറഞ്ഞാൽ, അത് ഇഷ്ടമല്ല, അറിഞ്ഞോ അറിയാതെയോ നാം ആത്മനിർബ്ബന്ധപൂർവം ആചരിച്ചും സഹിച്ചും വരുന്ന ഒരു നിസ്സഹായതയാകുന്നു സത്യവാദനം.

ഈ ഘട്ടത്തിൽ ഇന്ത്യൻ പ്രതികരണം പ്രത്യേകം പഠിക്കണം. നമ്മുടെ ജീവിതമൂല്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിൽ പറ്റിക്കൂടിയിരിക്കുന്നതാണ് സത്യം. അതു കഴിഞ്ഞേ ദയയും ധൈര്യവും കാര്യക്ഷമതയുമൊക്കെ വരൂ. നമ്മുടെ ശത്രുവിനെ ക്രൂരനായി ചിത്രീകരിക്കുന്നതിനെക്കാൾ നമുക്കിഷ്ടം കള്ളനായി മുദ്ര കുത്താനാണ്. ഏല്പിച്ച ജോലി വേഗത്തിലും നന്നായിട്ടും ചെയ്തില്ലെങ്കിൽ നാം പൊറുക്കും; കള്ളം കാണിച്ചാലോ, നമ്മൾ അവനെ പറഞ്ഞു വിടുകയല്ല, പറ്റുമെങ്കിൽ ഒന്നു പൊട്ടിക്കുകയും ചെയ്യും. എല്ലാം അഴകൊഴമ്പനായി നടക്കുന്ന നാട്ടിൽ കാര്യക്ഷമതക്കും കൃതകൃത്യതക്കും ഈട്ടം കൊടുക്കണമായിരുന്നു. പക്ഷേ വേഗത്തിൽ നന്നായി ജോലി ചെയ്യുന്ന ആളിൽ കള്ളം ആരോപിച്ചു രസിക്കുന്നതാണ് നമ്മുടെ വഴക്കം.

അസത്യത്തെ ജീവിതസാഫല്യമായി ഉയർത്തുകയല്ല, ദുരിതം അകറ്റുകയും സമൂഹക്രമം സുഗമമായി നടത്തുകയും ചെയ്യുന്നതിനു പ്രാധാന്യം കല്പിക്കുന്നതിനു പകരം സത്യത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന മിഥ്യാചാരത്തെ തള്ളിപ്പറയുന്നേയുള്ളു. എവിടെയും എന്നും ചിലവാകുന്നതാണ് സത്യലംഘനത്തിന്റെ കഥ. അതു പൊലിപ്പിച്ചു പറഞ്ഞാലേ ധീരസ്വതന്ത്രമാധ്യമം പുലരുകയുള്ളു. അഴിമതിയുടെ ഒരു കഥയോ ഒരു അസത്യാരോപണമോ ഇല്ല്ലാതെ ഒരു ചാനലിനും വേനലിനും നിലനില്പില്ല. പാരിതോഷികം നേടുന്ന നമ്മുടെ മീഡിയക്കഥകളെല്ലാം കള്ളത്തിന്റെ കഥകളാണെന്നോർക്കുക. തമാശ അതല്ല. ഇത്രയൊക്കെ ഉഗ്രമായും ഉദഗ്രമായും ഏകകണ്ഠമായും മുക്തകണ്ഠമായും നമ്മൾ അസത്യത്തെയും അഴിമതിയെയും
എതിർത്തിട്ടും അഴിമതി കുശാലായി വാഴുന്നുവെന്നതല്ലേ ജീവിതത്തെ രസനീയമാക്കുന്ന വിരോധാഭാസം? ആ വൈരുധ്യത്തിലേക്ക് ചൂഴ്ന്നുനോക്കിയാൽ അതത്രന്നെ സുഖകരമല്ലാത്ത ഒരു കാര്യം മനസ്സിലാകും: അഴിമതിക്കെതിരെ ശബ്ദിക്കുന്ന നാം ഓരോരുത്തരും അവസരം കിട്ടിയാൽ അഴിമതി ചെയ്യും, അഴിമതിക്കാരെ പൊതുവേ അപലപിക്കുകയും ചെയ്യും. സമരവും ആചാരവും നമുക്ക് ഒരേ സമയം നടത്തിക്കൊണ്ടുപോകാം. അഴിമതി ഇനിയും പൊലിയട്ടെ!

(malayalam news aug 29)