Wednesday, August 17, 2011

മരണത്തിൽ അരിശം വരുമ്പോൾ



നന്നേ രാവിലെ ഫോൺ വിളിച്ചയാളോട് പ്രസാദ് അരിശപ്പെടുന്നതു കേട്ടു. ഒച്ച ഉയർന്നു. വാക്കുകൾക്ക് മൂർച്ചയേറി. ഞങ്ങളാൽ ചിലർ മുതിർന്നവർ ഇല്ലായിരുന്നെങ്കിൽ പച്ചത്തെറി പൊങ്ങുമായിരുന്നോ എന്നു പോലും തോന്നി. എനിക്കു വിഷമമായി.

പ്രസാദിനോട് വെട്ടിത്തുറന്നു പറഞ്ഞാലോ? “ഇതു ശരിയല്ല. ഒച്ചയും ദേഷ്യവും ഈ സമയത്ത് അടക്കണം. അല്ലെങ്കിൽത്തന്നെ എന്തിന്റെ പേരിലായാലും രാവിലെ ഈറ പടിഞ്ഞു തുടങ്ങിയാൽ എല്ലാം എടങ്ങേറാവും. ഇവിടെയോ, പ്രായമാകാത്ത ഒരു മരണം കഴിഞ്ഞിട്ട് ഒരു ദിവസം പോലും തികഞ്ഞിട്ടില്ല. നഷ്ടവും വേദനയും മൌനവും അനുഭവപ്പേടേണ്ട നേരത്ത് ശുണ്ഠിയും ശകാരവും കൊള്ളില്ല.“

അങ്ങനെയൊന്നും പ്രസാദിനോടു പറഞ്ഞില്ല. അന്നേരം അങ്ങനെ പറയുന്നതും ഒരു പക്ഷേ പന്തികേടാവും. വേറൊരു വാദത്തിനും പ്രതിവാദത്തിനും അത് കാരണമാകും; മരിച്ചയാളുടെ ഓർമ്മയോടുള്ള ധിക്കാരമാകും. മരണം ആവശ്യപ്പെടുന്ന ഏറ്റവും തീവ്രമായ പ്രതികരണമാണ് മൌനം. മൌനത്തോളം ഉള്ളിൽ തറക്കുന്നതാവില്ല ഒന്നും, നിലവിളിയും അനുശോചനവുമൊന്നും. അതൊന്നും ഓർത്തിട്ടല്ല, ഞാൻ ഒന്നും മിണ്ടാതിരുന്നു. പ്രസാദ് പൊട്ടിത്തെറിക്കാനുണ്ടായ കാരണത്തെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നു.

പിന്നീട് കാരണം മനസ്സിലായപ്പോൾ, മരണത്തെ ഓരോരുത്തർ എങ്ങനെയൊക്കെ ഓക്കിക്കാണുന്നു എന്ന് ആലോചിച്ചുപോയി. പ്രസാദിനെ വിളിച്ചു ചൊടിപ്പിച്ചയാൾ നേരത്തേയും വിളിച്ചിരുന്നുവത്രേ. ആദ്യത്തെ വിളി ഫലിച്ചില്ലെന്നു കണ്ടപ്പോൾ ഇഷ്ടൻ വീണ്ടും വിളിച്ചുനോക്കിയതായിരുന്നു. രാവിലെ പത്രം തുറന്നു നോക്കിയപ്പോഴേ തുടങ്ങിയതായിരുന്നു ക്ഷമ ഒടുങ്ങാത്ത ആ വിളി. അന്നന്നത്തെ പത്രത്തിന്റെ ചരമത്താളിൽ കാണുന്നവരിൽ കൊള്ളാവുന്നവരുടെ വീട്ടിൽ വിളിക്കാൻ നിയോഗിക്കപ്പെട്ട ജോലിക്കാരന്റേതായിരുന്നു വിളി. വിട്ടുവീഴ്ചയില്ലാത്ത കാര്യക്ഷമതയോടെ അയാൾ വിളിച്ചുകൊണ്ടിരുന്നു.

“ടിയാൻ മരിച്ച വാർത്ത കണ്ടു. അതു കുറാച്ചുകൂടി വലുതായി കൊടുക്കാം. ഫോട്ടോയും വേണ്ടപ്പെട്ട ആളുകളുടെ പേരും ശേഷക്രിയയുടെ വിവരങ്ങളും അച്ചടിക്കാം. അടുത്ത ദിവസം തന്നെ കൊടുക്കാം. ആയിരത്തഞ്ഞൂറു രൂപ തന്നാൽ മതി. തരാൻ ഇങ്ങോട്ടു വരേണ്ട. ഞാൻ അവിടെ വന്ന് വാങ്ങിക്കോളാം.“ അയാൾ ഒടുവിൽ പറഞ്ഞ ആ സൌജന്യത്തിനെങ്കിലും നന്ദി പറയാമായിരുന്നു. പക്ഷേ മറ്റുള്ളവരുടെ നഷ്ടവും വേദനയും മുതലെടുത്ത് കാശാക്കാൻ കോപ്പിട്ടിറങ്ങിയ ആ പരസ്യക്കാരന്റെ കർക്കശമായ കാര്യക്ഷമത എല്ലാവരിലും അങ്ങനെയൊരു ലഘുചിത്തത ഉണ്ടാക്കിയെന്നു വരില്ല.

പഴയ മര്യാദയനുസരിച്ച്, മരിച്ച വീട്ടിൽ പോയി നാലഞ്ചു വാക്ക് പറഞ്ഞോ പറയാതെയോ, മൂക്ക് ചീറ്റിയോ ചീറ്റാതെയോ, പരേതന്റെ അറിയപ്പെടാത്തതോ ഇല്ലാത്തിരുന്നതോ ആയ ഗുണങ്ങൾ വാഴ്ത്തിയ ശേഷം അങ്ങനെ ചരമപരസ്യത്തിനുള്ള ഓഫർ വെച്ചാൽ അത്രതന്നെ അലമ്പാകുമായിരുന്നില്ല. പക്ഷേ അതിനുള്ള സാവകാശവും സൌകര്യവും പരസ്യം പിടിക്കുന്നയാൾക്കില്ല. എത്രയോ ആളുകൾ ദിവസവും മരിക്കുന്നു. അവരുടെയൊക്കെ വീട്ടിൽ കയറിയിറങ്ങി ഉള്ളിൽ തോന്നാത്തത് വിളിച്ചു പറഞ്ഞാലേ പരസ്യം കിട്ടുകയുള്ളുവെന്നു വന്നാൽ പരസ്യം പിടിക്കുന്നയാൾ തുലഞ്ഞു. മരിക്കുന്നവർക്കു മരിക്കുകയേ വേണ്ടൂ. ബന്ധുക്കൾക്ക് സംസ്കരിക്കുകയേ വേണ്ടൂ. ചരമപരസ്യം പിടിക്കുന്നവരുടെ ദുരിതം അവർക്കൊന്നും അറിയേണ്ടല്ലോ.

മരണം ഓരോരുത്തരിലും ഓരോരോ വികാരം ഉളവാക്കുന്നു. പൊതുവേ നിലവിളിയും പരേതന്റെ അപദാനവുമാണ് മരണം വരുത്തുന്ന വിശേഷം. സ്ഥലകാലബോധമുള്ളവർ അനുശോചനത്തിൽ മുഴുകും. ചിലർ മൌനത്തിൽ. സ്ഥലം വിട്ടാൽ ചിലർ പിറുപിറുക്കും, പരേതന്റെ പിഴകളെയും പോരായ്മകളെയും പറ്റി. സ്ഥലം വിടുന്നതിനുമുമ്പുതന്നെ രാവണന്റെ പിഴകളെപ്പറ്റി പറഞ്ഞ് രാമന്റെ മുമ്പിൽ ഷൈൻ ചെയ്യാൻ നോക്കിയ വിഭീഷണനോട് രാമൻ തന്നെ തറപ്പിച്ചു പറഞ്ഞു: മതി. കുറ്റം പറഞ്ഞതു മതി. ഇത് കുറ്റം പറയാനുള്ള നേരമല്ല. ക്രിയകൾ ചെയ്യൂ. മരണം വരെ മതി വൈരമൊക്കെ. മരണാന്താനി വൈരാണി.

മരണത്തിൽ ദുഖം ഉണ്ടാകുകയാണ് സ്വാഭാവികം. പരിചയമുള്ളവരോ ഇല്ലാത്തവരോ ആകട്ടെ, ആരുടെയും നിര്യാണം പല സാന്ദ്രതയിലുള്ള നഷ്ടബോധം ഉണ്ടാക്കും. മിക്കവരുടെയും നിര്യാണം അകാലത്തിലായല്ലോ എന്നായിരിക്കും പൊതുവേ ശോകപ്രകടനം. ഇത്ര നേരത്തെ പോകുമെന്ന് ആരും കരുതിയില്ല എന്ന പല്ലവി പരിചിതമാണല്ലോ. പോയ കാര്യം തന്നെ കേട്ട മാത്രയിൽ വിശ്വസിക്കാൻ പലരും മടിക്കുന്ന സ്ഥിതികളും ഓർത്തുപോകുന്നു.

വലിയൊരു വ്യവസായസാമ്രാജ്യം പിടിച്ചടക്കിയ രാജൻ പിള്ളയുടെ ജയിലിൽ നടന്നപ്പോൾ, ആദ്യമാദ്യം പലർക്കും അവിശ്വാസമായിരുന്നു. മരണം സ്വാഭാവികമായും ഉയർത്തേണ്ട ദുഖത്തെക്കാൾ ഏറെ അവിശ്വാസം ഉളവാക്കിയ ആ സാഹചര്യത്തെ ചിത്രീകരിക്കുന്ന പുസ്ത്കം എഴുതാൻ ഇടയായപ്പോൾ ഞങ്ങൾ അല്പം പ്രഹേളിക പോലത്തെ ഒരു ശീർഷകം കണ്ടെത്തി. A Wasted Death. മരണം സാധാരണയായി ഉടനേ ഉയർത്തുന്ന വികാരത്തിനു പകരം വേറേ ഒരു വികാരപ്രപഞ്ചം തൊടുത്തുവിട്ടതായിരുന്നു രാജൻ പിള്ളയുടെ തിരോധാനം എന്നായിരുന്നു വിവക്ഷ.

ശരീരമുള്ളവർക്ക് മരണം ഒരു സ്വഭാവമാണെന്നത്രേ പഴയ മൊഴി. മരണം പ്രകൃതിശ്ശരീരിണാം. മരണത്തിനു സാക്ഷ്യം വഹിക്കുന്നവർക്കോ ശോകമാണ് പ്രകൃതി. മരിക്കുമ്പോൾ കരയുകയും ജനിക്കുമ്പോൾ ചിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ആ ചോദ്യത്തിന് മാർക് ട്വൈന്റേതായി പറയുന്ന ഒരു ഉത്തരം രസാവഹമാണെങ്കിലും തീർത്തും ശരിയാണെന്നു പറഞ്ഞു കൂടാ. മരിക്കുന്നതും ജനിക്കുന്നതും നമ്മൾ അല്ലാത്തതുകൊണ്ടാൺ നമ്മൾ അങ്ങനെ പ്രതികരിക്കുന്നതെന്നായിരുന്നു ട്വൈന്റെ സിനിസിസം. ആ സിനിസിസത്തിലെ രസം നുകർന്നുകൊണ്ടുതന്നെ പറയണം, മരണം ഉലക്കാത്ത മനസ്സുള്ളവർ മനുഷ്യരല്ല. മരണം കാണുമ്പോൾ ഉള്ളിൽ കിനിയുന്ന ആ ശോകമുണ്ടല്ലോ, അതാണ് വാസ്തവത്തിൽ മനുഷ്യനെ മനുഷ്യനാക്കുന്നതെന്നു പറയാം. വിൽഫ്രഡ് ഓവന്റേതാണ് ആ ചിന്ത. ഇരുപതു കടന്നിരുന്നതേയുള്ളു ഓവൻ യുദ്ധത്തിൽ വെടിയേറ്റു മരിക്കുമ്പോൾ.

അങ്ങനെ ശോകം പൊടിയുകയോ അലമുറയിടുകയോ മൌനത്തിൽ മുഴുകുകയോ ഒന്നും വേണ്ട. “കഷ്ടമായല്ലോ” എന്നു പറഞ്ഞുപോയാലും മതി മരണത്തോടുള്ള സാധാരണ മനുഷ്യപ്രതികരണമായി കൂട്ടാൻ. അതൊന്നും ഇല്ലാതെ, മരണവാർത്ത കേട്ട പാടേ സന്തപ്തകുടുമാംഗങ്ങളോട് പരസ്യം ഫോണിൽ വിളിച്ചു ചോദിക്കുന്ന സംസ്കാരസന്ധിയെ എങ്ങനെ വിശേഷിപ്പിക്കും?