പണ്ടാരോ പറഞ്ഞുപരത്തിയതായിരുന്നു ഏ കെ ജിയുമായി ഏ കെ കെ നമ്പ്യാര്‍ക്കുള്ള അടുത്ത കുടുംബബന്ധം. അങ്ങനെ ഒരു ബന്ധമില്ല. ആ നാട്ടുവര്‍ത്തമാനംകൊണ്ട് നമ്പ്യാര്‍ക്ക് ഒരു മെച്ചം ഉണ്ടായി: കരുണാകരന്റെ കാലത്ത് ഓമനിക്കപ്പെട്ട ഉദ്യോഗസ്ഥനായില്ല. കാര്‍ഷികോല്പാദനക്കമ്മിഷണറായി അങ്ങനെ കാലം പോക്കി. ആയിടെ അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന കെ എല്‍ എന്‍ റാവുവിനെപ്പറ്റി നമ്പ്യാര്‍ നടത്തിയ ഒരു ഒഴുക്കന്‍ പരാമര്‍ശത്തില്‍നിന്നാണ് കഥയുടെ തുടക്കം.
കര്‍ണ്ണാടകക്കാരന്‍ റാവുവിനെ കണ്ടാലും കേട്ടാലും ചിലര്‍ ചിരിക്കും. അഴകില്ലാതെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കഷണ്ടി. കര്‍ണ്ണാടകക്കാര്‍ക്കുമാത്രം വശമായ ഒരുതരം ചതഞ്ഞ മലയാളം. പലരും റാവുവിനെ പഴി പറയും, ഒഴിവാക്കും. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിയ പ്രസ് ക്ലബ് മാറ്റണമെന്നു ശഠിച്ച കലക്റ്റര്‍ റാവുവിനെതിരെ കോഴിക്കോട്ടെ പത്രക്കാര്‍ പടവാള്‍ വീശി. കാര്യസാധ്യത്തില്‍ താല്പര്യമുള്ള മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍നിന്ന് റാവുവിനെ ഒഴിവാക്കാന്‍ നോക്കി. എവിടേയെങ്കിലും കുത്തിയിരുത്തേണ്ടേ എന്നു കരുതി സ്ഥപിച്ചതാണ് വനം വകുപ്പില്‍, നമ്പ്യാരുടെ ബൃഹത്തായ കൃഷിവകുപ്പിനു കീഴില്‍, എണ്‍പതുകളുടെ തുടക്കത്തില്‍. അവിടെ റാവു കടന്നുപിടിച്ചത് വെള്ളത്തിനടിയില്‍ കിടക്കുന്ന തടിയിലായിരുന്നു. എന്തെല്ലാമോ പറഞ്ഞുവന്ന കൂട്ടത്തില്‍ ഒരു ദിവസം നമ്പ്യാര്‍ പറാഞ്ഞു: “ആ റാവു വീണ്ടും കഷ്ടത്തിലായിരിക്കുന്നു. നല്ലവനാണ്. വാശിക്കാരനാണ്. വെള്ളത്തില്‍ കിടക്കുന്ന കുറേ തടിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ മൂപ്പര്‍ മുറുകെ പിടിച്ചിരിക്കുന്നു. അത്ര മുറുക്കം വേണ്ടെന്നാണ് മന്ത്രിമാരുടെ താല്പര്യം...“ വിശദാംശമൊന്നും നമ്പ്യാരുടെ ഓര്‍മ്മയില്‍ ഇല്ലായിരുന്നു.
എന്താണ് കിസ്സ? എവിടെയാണീ വെള്ളത്തില്‍ തള്ളിയിരിക്കുന്ന തടി? ചീഫ് എഞ്ചിനീര്‍ ഭരതനോട് തിരക്കി. പലതും അരിയുന്നയാലായിരുന്നു ഭരതന്‍. ഒരു വാസുദേവന്‍ നായര്‍ക്ക് വെള്ളത്തില്‍ കിടക്കുന്ന തടിയുടെ കരാര്‍ ഉണ്ടായിരുന്നു. വാസുദേവന്‍ നായര്‍ ഭരതന്റെ അളിയന്‍ കെ പി വിശ്വനാഥന്റെ പരിചയക്കാരനായിരുന്നു. അത് ഏറെക്കാലത്തിനുശേഷം വനം മന്ത്രിയാവുകയും രാജിവെച്ചൊഴിയേണ്ടിവരികയും ചെയ്ത വിശ്വനാഥന്‍ തന്നെ ആയിരുന്നു. അതാണ് സംഗതി എങ്കില്‍ വിട്ടുകളയാവുന്നതല്ലേ എന്നൊരു ചിന്തയായി ഭരതന്. അതു മതിയായി എനിക്ക് സംഘര്‍ഷത്തിന്, ചങ്ങാത്തവും ചുമതലയും തമ്മിലുള്ള സംഘര്‍ഷത്തിന്. സത്യം അന്വേഷിച്ചു കണ്ടെത്തിയാലേ സംഘര്‍ഷം തീരുമായിരുന്നുള്ളു.
ആദ്യം റാവുവിനോട് അന്വേഷിച്ചു, കണ്ടെത്തിയില്ല. ചെറുപ്പത്തിലേ മരിച്ച, ഏറെ സിഗററ്റ് വലിച്ചിരുന്ന, മുമ്പൊരിക്കല്‍ എന്നോടൊപ്പം ജോലി ചെയ്തിരുന്ന പി സി സി രാജയുടെ ഒപ്പം പഠിച്ച സൌമ്യനായ സി കെ കെ പണിക്കരുടെ മുറിയില്‍ വെച്ചായിരുന്നു റാവുവുമായുള്ള ആദ്യത്തെ സമാഗമം. തന്റെ മുറിയില്‍ ഒറ്റക്കൊരു പത്രക്കാരനെ കാണേണ്ട എന്നായിരുന്നു റാവുവിന്റെ മുന്‍കരുതലോടെയുള്ള തീരുമാനം. പണിക്കരുടെ പുകമറയിലിരുന്ന് റാവു പറഞ്ഞു, ഒന്നും പറയില്ല. എന്തെങ്കിലും വ്യക്തമാക്കാണമെങ്കില്‍, അതാകാം, അതില്‍ പരം ഒന്നു ആകില്ല. റാവുവിന്റെ കര്‍ണ്ണലയാളത്തില്‍ അവസാനവാക്കിന്റെ ശബ്ദമുണ്ടായിരുന്നു. അതില്‍ പക്ഷേ ആശയുടെ ഒരു ധ്വനിയും ഒളിപ്പിച്ചിരിക്കുനന്തുപോലെ തോന്നി. ആരോടെങ്കിലും ഒന്നു പറഞ്ഞുതീര്‍ത്താല്‍ മതിയായിരുന്നു എന്നോ മറ്റോ ഒരു അക്ഷമ റാവുവില്‍ നുരഞ്ഞുവന്നിരുന്നുവോ?
റാവു പറയാന്‍ മടിച്ച കാര്യം അന്വേഷിച്ചെത്തിയത് സംസാരത്തിന് ജീവിതത്തില്‍ വലിയ പ്രസക്തിയുണ്ടെന്നു കരുതാത്ത ജി മുകുന്ദന്റെ വീട്ടിലായിരുന്നു. ഒരുകോടി രൂപയുടെ ചോദ്യത്തിനും ഒറ്റ വാക്കില്‍ ഒതുങ്ങും മുകുന്ദന്റെ ഉത്തരം. ചോദ്യവും ഉത്തരവുമെല്ലാം നിരര്‍ഥകമാക്കുന്ന മട്ടില്‍, മകള്‍ മരിച്ച്, മുകുന്ദന്‍ തരി്ച്ചിരിക്കുന്ന ഘട്ടത്തിലായിരുന്നു എന്റെ കുതിരകയറ്റം. രംഗബോധമില്ലാതെ കയറിച്ചെന്ന എന്നോട് മുകുന്ദന്‍ വെള്ളത്തില്‍ കിടക്കുന്ന തടിയുടെ കഥ പറഞ്ഞു, വാക്കിനു പിശുക്കിയും, ധാരാളിത്തത്തോടെ വിവരം നല്‍കിയും. അതിനെപ്പറ്റി മുകുന്ദന് അറിയാത്തതൊന്നുംഅറിയേണ്ടതായിട്ടില്ലായിരുന്നു; അതിനെപ്പറ്റി അന്വേഷണം നടത്തിയ വനം വകുപ്പിലെ മുഖ്യപാലകനായിരുന്നു മുകുന്ദന്‍. അന്വേഷണത്തിനിടെ മുകുന്ദന്റെ വിജിലന്‍സ് വിഭാഗം കണ്ടെടുത്ത ഒരു ചെറുകടലാസ് ഒരു വലിയ കാര്യം സ്ഥപിച്ചു: സര്‍ക്കാരിന് പതിനഞ്ചു രൂപ കൊടുത്തു വാങ്ങിയ കക്കി ജലസംഭരണിയിലെ തടി കോഴിക്കോട്ടങ്ങാടിയില്‍ ആയിരത്തഞ്ഞൂറു രൂപക്ക് വിറ്റിരുന്നു. അങ്ങനെ, കണക്കനുസരിച്ചുതന്നെ, അമ്പതിനായിരം ഘന മീറ്റര്‍ തടി. വെറുതെയല്ല, കണക്ക് കണക്കായി കൊടുത്തതോടെ, ജോലിയൊന്നുമില്ലാതെ മുകുന്ദന്‍ കുറച്ചിട കുത്തിയിരുപ്പായി.
ആരും അറിയാതെ നടന്ന സംഗതിയല്ല. അഞ്ചുകൊല്ലമായി, അഞ്ചു വനം മന്ത്രിമാരുടെ കാലഘട്ടത്തില്‍, എല്ലാവരും അറിഞ്ഞുകൊണ്ടു നടന്നതായിരുന്നു ആ ഇടപാട്. കെ ജി അടിയോടിയുടെ കാലത്ത് ആലോചിച്ച്, കാന്തലോട്ട് കുഞ്ഞമ്പുവിന്റെ കാലത്ത് തുടങ്ങി, പി എസ് ശ്രീനിവാസന്റേയും ആര്യാടന്‍ മുഹമ്മദിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും കെ പി നൂറുദ്ദീന്റേയും കാലത്ത് തുടര്‍ന്നുപോന്ന ആ കരാറിലൂടെ ഉണ്ടായ കറുത്ത രാഷ്ട്രീയധനം തിട്ടപ്പെടുത്താന്‍ പ്രതിപക്ഷം പുതിയ ക്ഷേത്രഗണിതം തയ്യാറാക്കി. അടുത്തൂണ്‍ പറ്റിയ ഒരു ജഡ്ജിയെ അന്വേഷണത്തിനു വെക്കും വരെ ആക്രോശവും ആരോപണവും കോരിച്ചൊരിഞ്ഞു. പിന്നെ പ്രതിപക്ഷം പുതിയ പരാതികളെയും പ്രതിയോഗികളേയും തിരക്കിപ്പോയി.
എല്ലാ കുംഭകോണങ്ങളേയും പോലെ കക്കി കുംഭകോണവും ഒരു കറുത്ത പ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നില്ല. അതിന്റെ വിനീതമായ തുടക്കവും വികാസപരിണാമങ്ങളും മുകുന്ദന്‍ വിവരിച്ചു--സൂര്യന്‍ ഉദിച്ചുവെന്നോ മുറ്റത്തെ മുല്ലയില്‍ മൊട്ട് കണ്ടുവെന്നോ പറയുന്ന ലാഘവത്തോടെ. ശബരിഗിരി വൈദ്യുതനിലയത്തിലെ ടര്‍ബൈനുകള്‍ കൂടെക്കൂടെ കേടുവരുന്നതു ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു തുടക്കം. കേടിനു കാരണം ഹൈഡ്രജന്‍ സള്‍ഫൈഡ്. അതുണ്ടാകാന്‍ കാരണം ജലസംഭരണിയിലെ അഴുകല്‍. അഴുകാന്‍ കാരണം അടിയില്‍ കിടക്കുന്ന തടി. അപ്പോള്‍ ടര്‍ബൈന്‍ നന്നാവണമെങ്കില്‍ തടാകത്തിലെ തടി കടത്തിക്കൊണ്ടുപോകണം എന്ന് നിര്‍ദ്ദേശമായി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ആരും കാണാത്ത ഏതോ പത്രത്തില്‍ തടി പൊക്കിയെടുത്തു കടത്തിക്കൊണ്ടുപോകാന്‍ കരാറുകാരെ ക്ഷണിച്ചു. കരറുകാരന്‍ സര്‍ക്കാരിനു ചെയ്യുന്ന ഒരു സേവനം പോലെയായിരുന്നു അതിന്റെ ചിത്രീകരണം. ടര്‍ബൈനുകള്‍ രക്ഷിക്കുന്നതായിരുന്നു ആ നടപടി, തടി കടത്തി കോടി ഉണ്ടാകുന്നതായിരുന്നില്ല. അതുകൊണ്ട് തടിക്ക് കീറക്കടലാസിന്റെ വിലയേ കല്പിച്ചുള്ളു. അരു ഘന മീറ്റര്‍ തടി മാറ്റുമ്പോള്‍ സര്‍ക്കാരിന് പന്ത്രണ്ടു രൂപ കൊടുക്കാമെന്ന് ഒരാള്‍ പറഞ്ഞു. വേറൊരാള്‍ പതിമ്മൂന്ന്, മൂന്നാമതൊരാള്‍ പതിന്നാല്. പതിനഞ്ച് പറഞ്ഞ ആള്‍ക്ക് കരാര്‍ ഉറപ്പിച്ചു. നാലുപേരും ഒരാളായിരുന്നുവെന്ന സംസാരം ആരും ഗൌനിച്ചില്ല. പിന്നെ മന്ത്രിയും മന്ത്രവും മാറിയപ്പോഴും, കക്കിത്തടിയും കരാറുകരനും, പിന്നീട് അതിനെപ്പറ്റി പ്രസംഗിച്ച കെ കെ ശ്രീനിവാസന്‍ എന്ന എം എല്‍ എ യുടെ വാങ്മയം കടമെടുത്തുപറഞ്ഞാല്‍, ആമ്പലും വെള്ളവും പോലെ ഒട്ടിനിന്നു, ഏറെക്കാലം.
മുകുന്ദന്‍ പറഞ്ഞുതന്നത് എഴുതിയൊപ്പിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് അത്ഭുതമായി. ഉത്സാഹവും. ഒരാള്‍ റാവു തന്നെയായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആരും ചോദിക്കാറുള്ള അപ്രസക്തമായ ചോദ്യം അദ്ദേഹവും ചോദിച്ചു: ഇതെല്ലാം ആര്‍ പറഞ്ഞുതന്നു? പിന്നീടങ്ങോട്ട് എന്റെ വാശിയില്‍ കാറ്റുവീശാനെന്ന മട്ടില്‍ റാവുവിന്റെ സഹകരണമുണ്ടായി. ആദ്യത്തെ കഥ അടിച്ചുവന്ന ദിവസം രാവിലെ എന്നെ കാണാന്‍ കേറിവന്ന ഗോപി പിള്ള ആയിരുന്നു അത്ഭുതവും ഉത്സാഹവും കീഴ്പ്പെടുത്തിയ മറ്റേ ആള്‍. കഷണ്ടി മൂടിയ തലയും കോണ്‍കണ്ണും സാധാരണയില്‍ കവിഞ്ഞ തടിയുമുള്ള ഗോപി പിള്ള പല പത്രങ്ങളിലും പല തവണ വില്‍ക്കാന്‍ നോക്കിയതായിരുന്നു കക്കിയുടെ കഥ. അദ്ദേഹം അറിയാതെ ഒരിടത്ത് അദ്ദേഹത്തിനുതന്നെ അറിയാത്ത വിവരങ്ങളുമായി വാര്‍ത്ത വന്നുകണ്ടതില്‍ സന്തോഷിച്ചെത്തിയതായിരുന്നു തെന്മലക്കാരന്‍ ഗോപി പിള്ള, പോബ്സണ്‍ എന്ന കരാര്‍ സ്ഥാപനത്തിന്റെ വലംകൈ. വാസ്തവത്തില്‍ കക്കി കരാര്‍ പോബ്സണ് വേണമെന്നുണ്ടായിരുന്നു.
അങ്ങനെ വാര്‍ത്ത തന്നവര്‍ സുഹൃത്തുക്കളായി. നിയമസഭയില്‍ കക്കി കുംഭകോണത്തെച്ചൊല്ലി നിലക്കാത്ത ബഹളം തുടങ്ങിയപ്പോള്‍, ലോബിയില്‍ വെച്ച് ഒരു ദിവസം വയലാര്‍ രവി സ്വതസ്സിദ്ധമായ വിശ്വാസത്തോടെ വിളമ്പി:“ആ റാവു ചക്രശ്വാസം വലിക്കുകയാണ്. കക്കി ഫയലെല്ലാം ഗോവിന്ദന്‍ കുട്ടിയുടെ കൈവശമായിരിക്കുന്നു. എനിക്കറിയില്ലേ, ഞാന്‍ ആഭ്യന്തരമന്ത്രിയാണെന്നു മറക്കേണ്ട...” സത്യം അതിന്റെ കുറേ പിന്നിലായിരുന്നു. ഗോപി പിള്ളയുമായുള്ള സൌഹൃദം എന്നെ കാട്ടിനുള്ളിലും കുന്നിന്‍ മുകളിലും കറങ്ങാന്‍ കൊണ്ടുപോയി. അതൊന്നുമറിയാതെ, പക്ഷേ വാര്‍ത്തയുടെ ഉറവിടം എവിടെയെന്ന് തെറ്റായാണെങ്കിലും ഊഹിച്ചെടുത്തുകൊണ്ട്, പി എസ് ശ്രീനിവാസന്‍ എന്റെ മുഖത്തടുക്കുന്ന സ്വരത്തില്‍ പറഞ്ഞു: “പോബ്സണ്‍ നിങ്ങളെ വിലക്കേടുത്തിരിക്കുന്നു.” എനിക്ക് അടുപ്പമുണ്ടായിരുന്ന പി എസിനോട് ഞാന്‍ ഇത്രയേ ചോദിച്ചുള്ളു: “അത്രയും വില എനിക്കുണ്ടോ?”
നിര്‍വികാരനായ മുകുന്ദനും സിനിക്കായ റാവുവും കരുതിയതിലപ്പുറം ചര്‍ച്ച പോയി. സി പി ഐയെ വെട്ടാന്‍ ഒരു വാളായി വെള്ളത്തിലിട്ട തടി സി പി എം ഉപയോഗിക്കുന്നു എന്ന് എങ്ങും പാട്ടായി. അത് കോണ്‍ഗ്രസ്സിന് നന്നേ സുഖിച്ചു. കോണ്‍ഗ്രസ്സിലെ ആന്റണിവിഭാഗത്തെ അടിച്ചൊതുക്കാന്‍ കരുണാകരന്‍ അതേ തടി എടുത്ത് പിന്നില്‍നിന്ന് താങ്ങുന്നു എന്ന് ഉമ്മന്‍ ചാണ്ടിയുടേയും ആര്യാടന്‍ മുഹമ്മദിന്റേയും അനുയായികള്‍ പ്രചരിപ്പിച്ചു. കരാര്‍ കത്തിക്കയറിയ കൊല്ലങ്ങളില്‍ അവര്‍ വനം മന്ത്രിമാരായിരുന്നു താനും. ഉമ്മന്‍ ചാണ്ടി അങ്ങനെ ഒരു ആരോപണത്തിന് ഇരയാവുന്നത് അതാദ്യമായിരുന്നു. അതൊഴിവാക്കാന്‍ കൂടിയായിരുന്നു പെന്‍ഷന്‍ പറ്റിയിരുന്ന ജോര്‍ജ് വടക്കേലിന്റെ അന്വേഷണക്കമ്മിഷനായുള്ള നിയമനം.
വടക്കേല്‍ വിധി എഴുതി: സര്‍ക്കാരിന് കിട്ടേണ്ടതെല്ലാം നേരത്തേ കിട്ടിയിരുന്നു. പിന്നെ, കരാറുകാരന്‍ പണമുണ്ടാക്കിയെങ്കില്‍ അത് അയാളുടെ മിടുക്ക്. സര്‍ക്കാരിന് ഒഴിവാക്കാമായിരുന്ന നഷ്ടമൊന്നും ഉണ്ടായിട്ടില്ല. പതിനഞ്ചു രൂപയുടെ സാധനം ആയിരത്തഞ്ഞൂറു രൂപക്ക് വിറ്റ കഥയൊക്കെ തള്ളപ്പെട്ടു. വടക്കെല്‍ റിപ്പോര്‍ട് അംഗീകാരത്തിനുവേണ്ടി മന്ത്രിസഭയില്‍ വെച്ചയുടനേ ഇ അഹമ്മദ് താമസിച്ചിരുന്ന റോസ് ഹൌസിലൂടെ അത് എന്റെ കൈവശമെത്തി. ആര്യാടന് അസുഖം ഉണ്ടാക്കുന്നതെന്തും എന്നും മുസ്ലിം ലീഗുകാര്‍ക്ക് സുഖം പകര്‍ന്നിരുന്നല്ലോ.
എന്‍ കാളീശ്വരന്‍ ചെറുപ്പമായിരുന്നെങ്കില്‍ കാര്യം കുഴയുമായിരുന്നു. ഇത് എന്നോട് പറഞ്ഞത് അദ്ദേഹം തന്നെ. എന്തുകൊണ്ട് റിപ്പോര്‍ട് തള്ളണമെന്ന് എഴുതാനായിരുന്നു ആഭ്യന്തരസെക്രടറിയായിരുന്ന കാളീശ്വരന്റെ പുറപ്പാട്. അങ്ങനെ ചെയ്യരുതെന്ന് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പം തീര്‍ന്നിരുന്ന സെക്രടറി തന്നോടുതന്നെ ചോദിച്ചു: “എന്താ, നിന്റെ തലയിലൂടെ മാത്രമേ വണ്ടി ഓടുകയുള്ളു?..” അങ്ങനെ പതിവില്ലാത്ത രീതിയില്‍, മന്ത്രിസഭ്ക്കുള്ള കുറിപ്പ് വേറെ ആരെക്കൊണ്ടെങ്കിലും എഴുതിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഫയല്‍ കാളീശ്വരന്‍ വയലാര്‍ രവിയെ തിരിച്ചേല്പിച്ചു. വനത്തിന്റെ കൂടി ചുമതലയുള്ള എസ് ഗോപാലന്‍ ഉള്‍പ്പടെ പലരുമുണ്ടായിരുന്നു അതു ചെയ്യാന്‍ പ്രാപ്തരായി.
കക്കിയുടെ കഥ അവിടെ അവസാനിച്ചെങ്കിലും ചലക്കുടിയിലെ ഗീത ടിമ്പേഴ്സ് ഉടമ കെ ജെ വാസുദേവന്‍ നായരുടെ ദുരിതം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. ചെറിയ നിലയില്‍നിന്ന് വലിയ കരാറുകാരനായി ഉയര്‍ന്ന വാസുദേവന്‍ നായര്‍ ഒരിക്കലും ആരോടും വലിപ്പം കാണിച്ചിരുന്നില്ല. അദ്ദേഹത്തോട് മറുത്തെന്തെങ്കിലും പറയാന്‍ ആര്‍ക്കും മടി തോന്നും. വേണ്ടപ്പെട്ടവരെയെല്ലാം അദ്ദേഹം കയ്യയഞ്ഞ് സഹായിച്ചിരുന്നു. പല സമ്മേളനങ്ങളുടേയും ചിലവ് അദ്ദേഹത്തിന്റെ പേരില്‍ എഴുതിയിരുന്നു. ഒടുവില്‍ അദ്ദേഹത്തിന് കഷ്ടപ്പാട് വന്നപ്പോള്‍ എല്ലാവരും കൈ മലര്‍ത്തി.
കരാറിനെച്ചൊല്ലി ബഹളം പൊട്ടിപ്പുറപ്പെട്ടപാടെ അത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന് ധൃതി ആയി. കിട്ടാനുള്ള പണം കിട്ടാന്‍ അച്ചാലും പിച്ചാലും നടക്കേണ്ടിവന്നു. എന്നിട്ടും കിട്ടിയില്ല. തടാകത്തില്‍നിന്ന് പൊക്കിയെടുത്ത് കരക്കടുപ്പിച്ചിരുന്ന തടി നീക്കാന്‍പോലും അനുവാദമുണ്ടായില്ല. തടാകത്തിനു പുറത്തുള്ള തടിയാണ് അദ്ദേഹം പൊക്കിയതെന്ന് നാട്ടുകാര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ വാസുദേവന്‍ നായര്‍ അലസമായി ചിരിക്കും. കക്കിയില്‍നിന്ന് പണമുണ്ടാക്കിയതിനെപ്പറ്റി ചോദിച്ചാല്‍ അദ്ദേഹം മറുചോദ്യം ചോദിക്കും: “കച്ചവടം ലാഭത്തിനല്ലേ? നഷ്ടത്തിനല്ലല്ലോ.“
ഞങ്ങള്‍ തമ്മില്‍ ആദ്യമായി കാണുമ്പോള്‍ എന്റെ തുടര്‍ക്കഥ വഴി അദ്ദേഹത്തിനു നേരിട്ട ദുരിതം തിരിച്ചിടാന്‍ വയ്യാത്ത വിധം തുടങ്ങിക്കഴിഞ്ഞിരുന്നു. ഒന്നും രണ്ടും പറഞ്ഞുപോയപ്പോള്‍, കാലുഷ്യമൊന്നും കാണിക്കാതെയെന്നല്ല, അടുത്ത ചങ്ങാതിയെപ്പോലെ വാസുദേവന്‍ നായര്‍ പറഞ്ഞു: “നമ്മള്‍ നേരത്തേ കണ്ടുമുട്ടിയിരുന്നെങ്കില്‍, ഇതൊന്നും ഉണ്ടാകുമായിരുന്നില്ല...” ആ മൊഴിയുടെ അര്‍ഥസാധ്യതകള്‍ ഓര്‍ത്ത് ഞാന്‍ ഒരേ സമയം ചിരിക്കുകയും ഞെട്ടുകയും ചെയ്തു.
(ജൂലൈ രണ്ടിന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്‍)
...