Friday, June 5, 2009

ഹവില്‍ദാര്‍ മാത്യു

ഹവിൽദാർ മാത്യുവിന്റെ ഫോൺ
കെ ഗോവിന്ദൻ കുട്ടി


ഇന്നായിരുന്നെങ്കിൽ ഹവിൽദാർ മാത്യുവിന്റെ സഹായം വേണ്ടിവരില്ല. അതിന് നന്ദി തോന്നുന്ന പ്രശ്നവുമില്ല.
പക്ഷേ ഇന്നല്ലല്ലോ അന്ന്‌. അന്ന്‌, എഴുപത്തിയേഴിലെ ഒരു നവംബർ രാത്രിയിൽ, നാണക്കേടിനും എനിക്കും ഇടയിൽ നിന്നത്,
ഒരിക്കൽ മാത്രം കണ്ടുമറന്ന ആ പട്ടാളക്കാരനായിരുന്നു. ചതുരമുഖവും ഇരുണ്ട നിറവുമുള്ള ആ പത്തനംതിട്ടക്കാരനെ അതിനുമുമ്പോ
പിമ്പോ കാണാൻ ഇടയായിട്ടില്ല.

ജോർഹടിലെ കരസേനത്താവളത്തിൽ ഞങ്ങൾ, പി ടി ഐ ലേഖകൻ എൻ വി കെ സ്വാമിയും ഞാനും, എത്തിപ്പെട്ടപ്പോൾ, പടിവാതിലിനോടു
ചേർന്ന ഒരു മുറിയിൽ ഡ്യൂടിയിലുണ്ടായിരുന്ന ഹവിൽദാരായിരുന്നു മാത്യു. ഏഴെട്ടു കിലോമീറ്റർ വലിഞ്ഞുനടക്കേണ്ടിയിരുന്നു
അവിടെ എത്താൻ. വഴിനീളെ ദുർഘടം. ഏറെ ദൂരവും കുറ്റിക്കാടുകൾക്കിടയിലൂടെ, ഇരുട്ടിലൂടെ, ഇഴയുന്ന ഒറ്റയടിപ്പാത. പന്തവുമേന്തി
മുന്നിൽ നടന്ന വഴികാട്ടി ഞങ്ങൾക്കറിയാത്ത ഭാഷയിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ കാലത്തെ വരിഞ്ഞുകെട്ടാമെന്ന
അഹങ്കാരമായിരുന്നു ഞങ്ങളുടെ ഉള്ളിൽ.

നല്ല പശപ്പറ്റുള്ള ചളി നിറഞ്ഞ പാടത്ത് തകർന്നുവീണ പുഷ്പകത്തിൽനിന്ന് ചാടിയോടിപ്പോന്നതായിരുന്നു ഞങ്ങൾ. മരിച്ചില്ലെന്ന അറിവ്
ഉദിച്ചപ്പോൾ, അത് നാട്ടുകാരെ അറിയിക്കാനായി കൂടുതൽ ഉത്സാഹം. മരണത്തിന്റെ സ്വഭാവം ആണതെന്നു തോന്നുന്നു. മരണം വരുന്നതുവരെയേ
പേടി തോന്നുകയുള്ളു; വരാതെ അത് തൽക്കാലം വഴിമാറിപ്പോകുന്നതു കാണുമ്പോൾ, കുറേ നേരം ആശ്വാസം അനുഭവപ്പെടും; പിന്നെ നമ്മൾ
പഴയ വീരസ്യങ്ങളിലേക്ക് വീണ്ടും വഴുതി വീഴുന്നു.

ഞാൻ മരിക്കാതിരുന്നതുകൊണ്ട്, മരിച്ചുകൊണ്ടിരുന്ന വിംഗ് കമാണ്ഡർ ഡി ലിമയുടെ നെഞ്ചിൽ ഒട്ടുനേരം യാന്ത്രികമായി അമർത്തിക്കൊണ്ടിരിക്കാൻ
ഇടയായി. ഇരുട്ടിൽ അങ്ങനെ ചെയ്യാൻ ആരോ എന്നെ നിയോഗിച്ചു. കോക്പിറ്റിൽനിന്ന് തെറിച്ചുവീണുകിടക്കുകയായിരുന്നു മാസ്റ്റർ ഗ്രീൻ മുദ്രയുള്ള
വി ഐ പി വൈമാനികൻ. സഹായിയായിരുന്ന മാത്യു സിറിയക്കും വേറെ രണ്ടുപേരും ഡി ലിമയെപ്പോലെ മരിച്ചു.
മരിക്കാതിരുന്നവർ അവരേക്കാൾ ഭാഗ്യവാൻമാരും പ്രശസ്തരുമായിരുന്നു. അതുകൊണ്ടുതന്നെഅവരുടെ കാര്യവും കഥയും എല്ലാവരും
കൂടുതൽ കുതൂഹലത്തോടെ പറയുകയും കേൾക്കുകയും ചെയ്തു.

മരിക്കാത്തവരിൽ ഒരാൾ പാടത്തിന്റെ കരക്ക്, തകർച്ചയുടെ ഒച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ താങ്ങിക്കൊണ്ടുവന്ന കയറ്റുകട്ടിലിൽ
ഇരിക്കുകയായിരുന്നു. ചുറ്റും പേറ്റിച്ചുവിറക്കുന്ന അകമ്പടിക്കാർ. ചൂട്ടുകളുടെ വെളിച്ചത്തിൽ മൂക്കിനു താഴെ ചോര തിളങ്ങിക്കണ്ടു. കൃത്രിമദന്തം കാണാനില്ല.
അതുകൊണ്ടൊന്നും ഉലയുന്ന ആളായിരുന്നില്ല പ്രധാനമന്ത്രി മൊറാർജി ദേശായി. വ്യോമസേനയുടെ തകർന്ന വിമാനത്തിൽനിന്ന്
പ്രധാനമന്ത്രി ദേശായി രക്ഷപ്പെട്ട വിവരം ലോകത്തെ അറിയിക്കാനുള്ള തിടുക്കത്തിൽ, നേരിൽ കണ്ട മരണം വഴി മാറിപ്പോയതിന്റെ സന്തോഷം
ഓർത്തുരസിക്കാൻ സമയം ഉണ്ടായിരുന്നില്ല.

ടെലഫോൺ ശൃംഖലയിൽ, അക്കാലത്ത് വികസിതനഗരങ്ങളിൽ പോലും എസ് ടി ഡി സൌകര്യം ഏർപ്പെടുത്തിവരുന്നതേ ഉണ്ടായിരുന്നുള്ളു.
അസം പോലുള്ള കിഴക്കൻ പ്രദേശങ്ങളിൽ അതെത്താൻ എത്രയോ കാലം പിന്നേയും വേണ്ടിവന്നു. എന്തൊക്കെയോ സൌകര്യം, വിമാനം വീണ
പാടത്തുനിന്ന് ഏഴെട്ടുകിലോമീറ്റർ അകലെയുള്ള സൈനികകേന്ദ്രത്തിൽ ഉണ്ടെന്നു പറഞ്ഞ് ഞങ്ങളെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയ തലേക്കെട്ടുകാരന്റെ
ഒരു കയ്യിൽ പന്തവും മറുകയ്യിൽ ഊന്നുവടിയുമുണ്ടായിരുന്നു. ആ പന്തത്തിന്റെ വെളിച്ചവും പേരറിയാത്ത ആ സൌമനസ്യത്തിന്റെ തെളിച്ചവും പിന്നീടുവന്ന
സ്തോഭജനകമായ വിവരണങ്ങളിലൊന്നും പരാമർശിക്കപ്പെടുകയുണ്ടായില്ല--പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യുവിന്റെ പേർ ആരും ഒരിടത്തും
ഒരിക്കലും ആ പ്രകരണത്തിൽ പറയാതിരുന്നതുപോലെ.

മാത്യുവിന്റെ മുമ്പിലുള്ള ഫോൺ കണ്ട പാടേ എന്റെ സുഹൃത്ത് സ്വാമി അത് കടന്നുപിടിച്ചു. ഒന്നും ചാടിപ്പിടിക്കാൻ മിടുക്കില്ലാത്ത ഞാൻ അന്തിച്ചുനിന്നു.
ഷില്ലോങ്ങിലേയും കൊൽക്കത്തയിലേയും ഡെൽഹിയിലേയും ഗുവഹത്തിയിലേയും പി ടി ഐ ഓഫിസുകളുടെ എത്രയോ നമ്പറുകൾ സ്വാമി
തുരുതുരെ ആർമി എക്സ്ചേഞ്ചിലേക്ക് വിളിച്ചുപറഞ്ഞു. അതോരോന്നും വിളിച്ചുനോക്കിയിട്ടുവേണം പാവം എന്റെ ഊഴം വരാൻ. അപ്പോഴേക്കും അന്നുരാത്രിയിലെ
വാർത്താപ്രക്ഷേപണം ആകാശവാണി അവസാനിപ്പിച്ചുകാണും. പിന്നെ എനിക്ക് പൂരം കാണാൻ പോയ നായയുടെ സ്ഥനമേ ഏറിയാൽ
കാണുകയുള്ളു. മാത്യുവിന് എന്നോട് ദയ തോന്നിയോ? തോന്നിയെങ്കിൽത്തന്നെ എന്തു ചെയ്യാൻ? സ്വാമിയുടെ അശ്വമേധം കണ്ട്, അത്ഭുതത്തോടെ
മാത്യുവും അങ്കലാപ്പോടെ ഞാനും ഒന്നും മിണ്ടാതെ, നിർത്താതെ പുക വലിച്ചുകൊണ്ടിരുന്നു.

ഒടുവിൽ മാത്യ്യു ഫോൺ എനിക്കു നീട്ടിയപ്പോൾ, എന്റെ ലോകത്തിലെ കാലത്തിന്റെ ദൈർഘ്യം വെറും അഞ്ചു മിനിറ്റായി ചുരുങ്ങൂന്നതുപൊലെ തൊന്നി.
അതുകൊണ്ട് ഞാൻ ഒരു കാളും ബുക് ചെയ്യേണ്ടെന്നു വെച്ചു. തകർന്ന വിമാനത്തിൽനിന്നു രക്ഷപ്പെട്ട പ്രധാനമന്ത്രി എവിടെ ഉണ്ടെന്ന കാര്യം ആകാശവാണിയുടെ
ഡൽഹിയിലെ ജനറൽ ന്യൂസ്റൂമിൽ അറിയിക്കണമെന്ന അപേക്ഷ മാത്രമേ ഓപറേറ്ററോടു പറയാനുണ്ടായിരുന്നുള്ളു. അടുത്ത നിമിഷം ഫോൺ
ശബ്ദിച്ചപ്പോൾ, സ്വാമി ചാടിയെടുത്തു. പക്ഷേ അതെനിക്കുള്ള കാൾ ആയിരുന്നു. എന്റെ സന്ദേശം തീർന്നപാടേ സ്വാമി തന്റെ അക്ഷമയും അരിശവും
ഫോണിലൂടെ വാരി എറിഞ്ഞു. അതുകേട്ട് ഫോൺ വിരണ്ടുമരിച്ചു. അപ്പോൾ മാത്യുവിന്റെ ചുണ്ടിൽ നേരിയ ഒരു ചിരി പരക്കുകയായിരുന്നു.

ഓരോ തവണയും കേമത്തം കൊട്ടിഘോഷിക്കുമ്പോൾ, മനസ്സ് മന്ത്രിക്കും: ആരുമറിയാത്ത പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യുവിന്റെ സൌമനസ്യം
ഉണ്ടായിരുന്നില്ലെങ്കിൽ, തലയിൽ മുണ്ടിട്ടു നടക്കേണ്ടിവന്നേനെ. പക്ഷേ മാത്യുമാർ കാലഹരണപ്പെട്ടിരിക്കുന്നു. ഇന്നാണെങ്കിൽ മാത്യുവിന്റെ ഫോൺ
തേടിപ്പോവേണ്ട. മാത്യുവിനെ കാണുക പോലും വേണ്ട. ഏഴെട്ടുകിലോമീറ്റർ നടക്കേണ്ട. അതൊന്നുമില്ലാതെത്തന്നെ തകരുന്ന വിമാനത്തിന്റേയും
മരിക്കുന്ന വൈമാനികന്റേയും മരിക്കാതിരിക്കുന്ന പ്രധാനമന്ത്രിയുടേയും ശബ്ദവും രൂപവും തത്സമയം എല്ലാവരേയും അറിയിക്കാമെന്നായിരിക്കുന്നു;
എല്ലാം എല്ലാവർക്കും എപ്പോഴും ഏതാണ്ടൊക്കെ ഒരേ സമയം അറിയാമെന്നായിരിക്കുന്നു. അപ്പോൾ മാത്യുവിന്റെ സൌമനസ്യം അപ്രസക്തമാവുന്നു
എന്നു മാത്രമല്ല, വീർസാഹസികതക്കുള്ള സാധ്യത ഏറെ കുറയുകയും മായികശോഭയുണ്ടായിരുന്ന സ്കൂപ് പഴകിയ ഒരു നോവൽ വിഷയമായി
മാറുകയും ചെയ്യുന്നു. അഥവാ സ്കൂപ്പ് വേണ്മെങ്കിൽ, ഇർവിംഗ് വാലസിന്റെ നോവലിലെ ദൈവം ചമയുന്ന പത്രമുടമയെ മാതൃകയാക്കേണ്ടിവരും. സ്കൂപ്
വേണമെന്നു തോന്നുമ്പോഴെല്ലാം, ഞെട്ടിപ്പിക്കുന്ന എന്തെങ്കിലും കൃത്യം ചെയ്ത് മറയുന്ന ഒരു ഭീകരസംഘത്തെ പുള്ളിക്കാരൻ സ്വന്തം ചിലവിൽ
രഹസ്യമായി പോറ്റിവളർത്തിയിരുന്നു.
(തേജസ്സില്‍ കാലക്ഷേപം എണ്ണ പംക്തിയില്‍ പ്രസിദ്ധീകരിക്ചത്)

No comments: