ആറ്റൂർ രവി വർമ്മയുടെ കവിത ഞാൻ അധികം വായിച്ചിരുന്നില്ല. വായിച്ചപ്പോൾ അദ്ദേഹത്തിന്റെ പേടിയും പേടിച്ചിരിയും എന്നെയും ആവേശിക്കുന്നതുപോലെ തോന്നി. പക്ഷേ എന്നെ കീഴ്പ്പെടുത്തിയത്, തണുത്ത കൈകൾകൊണ്ട് പിന്നിൽനിന്ന് പിടാലിയിൽ ആരോ പിടിക്കുന്നുവെന്ന ആറ്റൂർ പേടിയായിരുന്നില്ല. ആസ്പത്രിക്കിടക്കയിൽ കിടന്ന് ഞാൻ നട്ടുനനച്ച പേടിക്ക് കുറെക്കൂടി ലൌകികത്വം ഉണ്ടായിരുന്നു. ശസ്ത്രക്രിയയുടെ തലേന്നാൾ ഞാൻ മോഹനനെ വിളിച്ചു. മോഹനൻ പെട്ടെന്ന് ഓർത്തു പറഞ്ഞു: :“വേണ്ടപ്പെട്ട ആൾ തന്നെയാണല്ലോ അനെസ്തേഷ്യ മേധാവി.“ എന്നുവെച്ചാൽ, എന്നെ ബോധം കെടുത്തേണ്ട വകുപ്പിന്റെ മേധാവി എന്നെപ്പറ്റി നല്ലതു മാത്രം വിചാരിക്കേണ്ട ആളായിരുന്നില്ല. ഇരുപത്തിരണ്ടുകൊല്ലം പഴയതാണ് കഥ. ഒരിക്കലും ബോധം തിരിച്ചുകിട്ടാതെ പോയ ഒരാളുടെ കഥ ഞാൻ പൊലിപ്പിച്ച് എഴുതിയിരുന്നു. ആരെയും പേരെടുത്ത് വിചാരണ ചെയ്തില്ലെങ്കിലും, അനെസ്തേഷ്യ വിഭാഗത്തിന് അതൊന്നും ഇഷ്ടപ്പെട്ടുകാണില്ല. അന്ന് അവിടെ മേധാവി ആയിരുന്നയാൾ ഇപ്പോൾ എന്നെ ബോധം കെടുത്തുന്ന വിഭാഗത്തിന്റെ മേധാവി. മോഹനന്റെ തുറന്ന തമാശയും എന്റെ രഹസ്യമായ പേടിയും കൊഴുത്തു. കരുതിക്കൂട്ടി ഒരു ഡോക്റ്ററും ഒരു രോഗിയെയും ദ്രോഹിക്കില്ല. എന്നാലും മനസ്സിലാക്കാവുന്ന, പറഞ്ഞൊതുക്കാവുന്ന അബദ്ധം വന്നുകൂടേ? ബോധം കെടാൻ പോകുന്ന രോഗിക്കാണെങ്കിൽ ഒന്നും പറയാനും ചെയ്യാനും വയ്യ താനും. എന്റെ പേടി ഞാൻ ഭാര്യയോടു പോലും പങ്കിട്ടില്ല. മോഹനൻ മനസ്സിലാക്കിയോ എന്തോ? ഏതായാലും രാവിലെത്തന്നെ എത്തി അദ്ദേഹം തിയേറ്ററിനു ചുറ്റും കറങ്ങി, ശസ്ത്രക്രിയ കഴിയുവോളം. ബോധം തെളിഞ്ഞ് ഞാൻ ഭാര്യയുടെയും മോഹനന്റെയും മുഖം കണ്ടപ്പോൾ, പേടിച്ചതൊന്നും നടന്നില്ലല്ലോ എന്നോർത്ത് ഉള്ളുകൊണ്ട് ചിരിച്ചു പോയി. ഒരുതരം ആറ്റൂർ പേടിച്ചിരി. പേടി പിന്നെയും പടർന്നു. ഒന്നു മയങ്ങി ഉണർന്നപ്പോൾ, ലോകം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഞാനും കിടക്കുന്ന കട്ടിലും ലംബമായി നിൽക്കുന്നു! . കസാലയിൽ ഇരിക്കുന്ന ഭാര്യ എത്രയോ താഴെ പോയിരിക്കുന്നു. തട്ടിൽ തൂങ്ങുന്ന ഫാൻ ചുമരിലേക്കു മാറിയിരിക്കുന്നു. എല്ലാം തകിടം മറിഞ്ഞിരിക്കുന്നു! സത്യം എന്തെന്ന് എനിക്കറിയാം, പക്ഷേ അതും കാണുന്ന കാഴ്ചയും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയാതായിരിക്കുന്നു! പൊരുത്തമില്ലായ്മയെ പേടിച്ച് ഉറങ്ങാൻ വയ്യാതായിരിക്കുന്നു! ബോധം കെടുത്താൻ ഉപയോഗിക്കുന്ന പ്രൊപൊഫോൽ എന്ന മരുന്നിന്റെ പാർശ്വഫലമായിരിക്കുമെന്ന് ഡോക്റ്റർ പറഞ്ഞു. അല്പം കഴിഞ്ഞാൽ മാറുമെന്ന് ആശ്വസിപ്പിച്ചു. പരതിപ്പരതിപ്പോയപ്പോൾ, പ്രൊപൊഫോലിന്റെ വേറൊരു വശം പിടി കിട്ടി. അതു കഴിച്ചാൽ ചിലർക്ക് ജനനേന്ദ്രിയം എപ്പോഴും മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നുമത്രേ! വയസ്സുകാലത്ത് അങ്ങനെയൊരനുഭവം ഉണ്ടാകാതെ പോയതിന്റെ പേരിൽ പിന്നെയും പേടിച്ചിരി. എല്ലാം തല തിരിഞ്ഞു കണ്ടിരുന്ന ഭ്രാന്തൻ കുഞ്ഞപ്പുവിനെ ഓർത്തു. അലക്ഷ്യമായി നടന്നുപോകുമ്പോൾ കുഞ്ഞപ്പു കുണ്ടനിടവഴിയിലോ കുന്നിൻപുറത്തോ ഒരു നിമിഷം സംശയിച്ചു നിൽക്കും. പിന്നെ തല കുത്തി, കാൽ രണ്ടും മാനത്തേക്കു നീട്ടി, ശീർഷാസനത്തിൽ അമരും. “ഹര ഹരോ ഹര ഹര!“ എന്നു പറഞ്ഞുകൊണ്ടിരിക്കും. ലോകത്തെ കീഴ്മേൽ മറിഞ്ഞു കാണാൻ ആയിരുന്നു കുഞ്ഞപ്പുവിന് ഇഷ്ടം. കുഞ്ഞപ്പുവിന്റെ ബോധാബോധമണ്ഡലം മസ്തിഷ്ക്കശാസ്ത്രജ്ഞർ പഠിക്കുകയുണ്ടായില്ല. എല്ലാവരിലും ഒരു കുഞ്ഞപ്പുവുണ്ടെന്നു തോന്നുന്നു. വല്ലപ്പോഴും എല്ലാം തല തിരിഞ്ഞു കാണാൻ ഇഷ്ടപ്പെടുന്ന കുഞ്ഞപ്പു. അതായിരിക്കണം കുടിയന്മാരും സിദ്ധന്മാരും ലഹരിസാധനം കഴിക്കുന്നതിന്റെ ഉദ്ദേശം. ഓരോരുത്തർക്കും ഓരോന്നായിരിക്കും അനുഭവം. ചില സാധനങ്ങൾ കഴിച്ചാൽ വായുവിൽ നീന്തുന്നതുപോലെ ലഘുത്വം തോന്നുമത്രേ. കൊച്ചിയിലെ നേവൽ ബേസിൽ ദേവാലയജോലിയുമായി വന്ന ഒരാൾ ബ്രോഡ് വേയിൽ മാർവാഡി ഭോജനാലയം തുറാന്നു. കാണുമ്പോഴെല്ലാം അദ്ദേഹം പറയും: “ആനന്ദ് ഹേ...” എപ്പോഴും അനുഭവപ്പെടുന്ന ആ ആനന്ദത്തിന്റെ രഹസ്യം ഭംഗ് എന്ന പദാർഥമായിരുന്നുവെന്നാണ് അനുഭവജ്ഞനായ അജിത് സിംഗിന്റെ നിഗമനം. അതൊന്നും കഴിക്കാതെയും സാധാരണമനുഷ്യർക്ക് കാണാൻ വയ്യാത്ത കാര്യങ്ങൾ ആധ്യാത്മികസിദ്ധികളുള്ളവർക്ക് അനുഭവവേദ്യമാകുമെന്ന് പറയപ്പെടുന്നു. ജി ശങ്കരക്കുറുപ്പു പോലും താൻ അറിയുന്ന സത്യം ഇല്ലെന്നു പറയുന്ന “നാവെനിക്കവിശ്വാസ്യം” എന്ന് എഴുതിയല്ലോ. ആ നാവ് ഇടമറുകിന്റെ ആയിരുന്നിരിക്കണം, എല്ലാം മനുഷ്യന്റെ വരണ്ട യുക്തികൊണ്ട് മനസ്സിലാക്കിക്കളയാം എന്ന് അഹങ്കരിക്കുന്ന ഭൌതികവാദിയുടെ. ആധ്യാത്മികാനുഭവങ്ങളെ മുഴുവൻ രോഗാവസ്ഥ എന്നു തള്ളിപ്പറയുന്നതിനെ വില്യം ജെയിംസ് ഒരു നൂറ്റാണ്ടു മുമ്പ് വിളിച്ചത് മെഡിക്കമെറ്റീരിയലിസം എന്നായിരുമതാനുഭവത്തിന്റെ വൈവിധ്യങ്ങൾ എന്ന പുസ്തകത്തിൽ. മതാനുഭവമല്ലാബോധമണ്ഡലത്തിൽ വ്യതിയാനങ്ങൾ വരുത്തുന്ന ചില സാധങ്ങളെപ്പറ്റിയും ഡോക്റ്റർ പറഞ്ഞു. ഉദാഹരണം കേറ്റാമിൻ. കേറ്റാമിൻ കൊടുത്ത് ബോധം കെടുത്തിയ ഒരാൾ, ബോധം തെളിഞ്ഞപ്പോൾ വീപാണ്ഡ്യകട്ടബൊമ്മന്റെ പേച്ച് ഉര ചെയ്യാൻ തുടങ്ങി പോലും! സത്യം സത്യമല്ലാതായി തോന്നിപ്പിക്കുന്ന ഒരു തരം ഗൂണമുണ്ട് അത്തരം മരുന്നുകൾക്ക്. അവാസ്തവീകരണം എന്നാണ് ആ പ്രക്രിയയുടെ പേർ. DEREALIZATION. ബോധോദയത്തിന്റെ നേരേ വിപരീതമാണ് ആ പ്രക്രിയ. ബോധോദയം പോലെ, പക്ഷേ തീർത്തും വിരുദ്ധമായി, അബോധോദയം. ഏതാണ്ടങ്ങനെയൊന്നായിരുന്ന് എല്ലാം കീഴ്മേൽ മറിഞ്ഞു കാണലും. അക്ഷരാർഥത്തിൽ തല തിരിഞ്ഞു കാണൽ. അല്പനേരത്തേക്കാണെങ്കിൽ ആ കാഴ്ച, ആ അവാസ്തവീകരണം, രസമായിരിക്കും. യന്ത്ര ഉഴിഞ്ഞാലിൽ ആടുമ്പോലെ, കുഞ്ഞപ്പുവിന്റെ മട്ടിൽ തല കുത്തി നിൽക്കുമ്പോലെ, ആവശ്യത്തിലേറെ മിന്നിച്ചാലെന്ന പോലെ. പക്ഷേ ആ അവാസ്തവീകരണം സ്ഥിരമായാലോ? ലഹരി ഇറങ്ങി, മരുന്നിന്റെ ഒതുങ്ങി, കാഴ്ചയും കേൾവിയുമൊക്കെ സാധാരണഗതിയിലാകുന്നു. അതാകുന്നു പ്രകൃതിയുടെ ഇന്ദ്രജാലം. അതു നടന്നില്ലെങ്കിലോ? എല്ലാം തല തിരിഞ്ഞുതന്നെ നിന്നാലോ? നിന്നില്ല. ഭാഗ്യം. ആറ്റൂരിന്റെ പേടിച്ചിരിയിലേക്കു പോകാം. മീശ പിരിച്ചും കണ്ണുരുട്ടിയും ലാത്തി വീശിയും വരുന്ന ചുവന്ന തൊപ്പി എന്തൊക്കെ ചെയ്യുമോ എന്നായിരുന്നു പേടി. ഒടുവിൽ അയാൾ ട്രാഫിക് ഐസ്ലന്റിൽ കയറി, വാഹനങ്ങളെയും യാത്രക്കാരെയും വഴി തിരിച്ചുവിടാൻ തുടങ്ങിയപ്പോൾ ചിരി വന്നു. പേടിച്ചിരി.
(malayalam news)
No comments:
Post a Comment