പുര ഓല മേഞ്ഞിരുന്ന കാലത്ത് ചോർച്ച പതിവായിരുന്നു. എത്ര നന്നായി കെട്ടിയാലും അവിടവിടെ ചോർന്നുകൊണ്ടിരിക്കും. ചോർച്ച അടച്ചും അടക്കാതെയും ആളുകൾ ജീവിച്ചു ശീലിച്ചു പോന്നു. ഓലക്കു പകരം മേൽക്കൂര ഓടു മേഞ്ഞു തുടങ്ങിയപ്പോൾ, ചോർച്ച കുറെ നിന്നു. എന്നാലും എന്തെങ്കിലും പൊട്ടിവീണ് ഓടു തകർന്നോ, അല്ലെങ്കിൽ രണ്ട് ഓടിന്റെ ഇടയിലൂടെയോ, വെള്ളം ചോർന്നു കൊണ്ടിരുന്നു. ചെറിയ തോതിലാണെങ്കിലും ചോർച്ച ഒരു ശീലമായി തുടർന്നു. പുതിയ മേച്ചിൽ സങ്കേതങ്ങൾ വന്നപ്പോഴേ ചോർച്ച നിന്നുള്ളു.
വാസ്തവത്തിൽ പുതിയ സങ്കേതങ്ങൾ ചോർച്ച എളുപ്പമാക്കിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ അനുഭവം. ഇന്ത്യയിലും അമേരിക്കയിലും അത് ഒരേ സമയം തെളിഞ്ഞിരിക്കുന്നു. അമേരിക്കയിൽ സർക്കാരിനെ വട്ടത്തിലാക്കുന്ന മട്ടിൽ രഹസ്യങ്ങൾ ഒന്നൊന്നായി ചോർന്നു കോണ്ടിരിക്കുന്നു. ആഭ്യന്തര നയത്തിലും വിദേശബന്ധത്തിലും പരുങ്ങൽ ഉണ്ടാക്കാവുന്ന കാര്യങ്ങൾ പുറത്താവുന്നു; അതാകട്ടെ, സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വയ്യാത്ത രീതിയിലാണു താനും. കാരണം എപ്പോഴും ഭാഗികമായിരിക്കും. ഭാഗികമായി എല്ലാ ചോർച്ചയും സത്യമായിരിക്കുകയും ചെയ്യും. പകുതി നിഷേധിക്കപ്പെടുമ്പോൾ പകുതി സ്ഥിരീകരിക്കപ്പെടുമെന്നതാണല്ലോ ഫലപ്രദമായ ചോർത്തയുടെ രീതിശാസ്ത്രം.
ഏതു ഭരണകൂടത്തിനും പുറത്തു പറയാൻ കൊള്ളാത്തതു പലതും ഉണ്ടാകും. ശത്രുവിനെ ഒതുക്കാനുള്ള സൂത്രങ്ങൾ എപ്പോഴും രഹസ്യമായിരിക്കണമല്ലോ. രഹസ്യാത്മകതയും അത്ഭുതത്തിന്റെ അംശവുമാണ് ശത്രുവിനോടുള്ള സമീപനത്തിലെ നിർണ്ണായകഘടകം. ശത്രുവിന്റെ ശക്തിയും ദൌർബ്ബല്യവും മനസ്സിലാക്കാനും അതിനു മറുമരുന്നു കാണാനും ധർമ്മനീതിക്കു നിരക്കാത്തതു പലതും ചെയ്യേണ്ടി വരും. അതു ഫലപ്രദമാകുകയും രഹസ്യമായിരിക്കുകയും ചെയ്യുന്നിടത്തോളം കുഴപ്പമില്ല. ഉള്ളുകള്ളി പുറത്തായാലോ, സർവത്ര ബഹളമാകും. രഹസ്യമായി അതിനെ അനുകൂലിക്കുന്നവർ പോലും പരസ്യമായി അതിനെ തള്ളീപ്പറയും. അതുകൊണ്ടാണ് സുരക്ഷിതത്വത്തിന്റെ കാര്യങ്ങളെല്ലാം പുറത്തുവിട്ടാൽ കുറ്റമാക്കുന്ന ഔദ്യോഗികരഹസ്യനിയമം എല്ലായിടത്തും എല്ലാ കാലത്തും നിലവിലിരുന്നത്. അതുകൊണ്ടുതന്നെയാണ് രഹസ്യം ചോർത്തുന്ന മാധ്യമപ്രവർത്തനത്തിൽ ധീരതയുടെയും അപസർപ്പകത്വത്തിന്റെയും അംശം കലർന്നതും.
അമേരിക്കൻ സർക്കാരിനെ മുഴുവൻ വിരട്ടി നിർത്തിയിരിക്കയാണ് വിക്കി-ലീക്സിന്റെ സ്ഥാപകൻ. പ്രതിരോധത്തിന്റെയും ആഭ്യന്തരസുരക്ഷയുടെയും വിദേശബന്ധത്തിന്റെയും ഇരുണ്ട വശങ്ങൾ അദ്ദേഹം ഒന്നൊന്നായി പുറത്തുകൊണ്ടുവന്നിരിക്കുന്നു. പുറത്തുവന്നത് വരാനിരിക്കുന്നതിനെക്കാൾ എത്രയോ ചെറുതാണെന്ന സൂചന എവിടെയും ഭയവും സംശയവും വളർത്തുന്നതു കാണാം. കടലാസ്സുകെട്ടുകളിൽ എഴുതിനിറച്ച രഹസ്യങ്ങൾ സൂക്ഷിക്കാൻ വഴി പലതുമുണ്ട്. തിയറിയുടെ തലത്തിലെങ്കിലും, കടലാസ്സിൽ കുറിച്ചിട്ട ഔദ്യോഗികരഹസ്യങ്ങൾ തീർത്തും ബന്തവസ്സായി വെക്കാനും, ഏതു ചോർച്ചക്കാരന്റെയും പിടിക്കപ്പുറത്താക്കി നിർത്താനും കഴിയും. ടെലഫോണിലും പല തരം രഹസ്യഭാഷ ഉപയോഗിച്ച് ചോർച്ചക്കാരെ പരാജയപ്പെടുത്തുന്ന പതിവുണ്ട്. അങ്ങനെ ഗൂഢഭാഷ ഉണ്ടാക്കുന്നതും പൊളിക്കുന്നതും ഇന്റലിജൻസ് ലോകത്തെ ഒരു വിശിഷ്ടവൈദഗ്ധ്യമായി മാറി.
അദൃശ്യമായ രീതിയിൽ അക്ഷരങ്ങളെയും അക്കങ്ങളെയും ചിത്രങ്ങളെയും ശേഖരിക്കുന്ന സങ്കേതം കമ്പ്യൂട്ടർ വഴിയും ഇന്റർനെറ്റു വഴിയൂം ഉരുത്തിരിഞ്ഞതോടെ, രഹസ്യക്കാർക്ക് രസമായി. ഇഷ്ടം പോലെ എന്തും എഴുതിവെക്കാം. ഭൂമിയുടെ അരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക്, എന്തിന്, മാനത്തിന്റെ ഒരറ്റത്തുനിന്ന് ഭൂമിയുടെ ഒരു അറ്റത്തേക്ക്, ആരെയും കൂസാതെ ഇമ വെട്ടുന്ന വേഗത്തിൽ വിവരം കൈമാറാം. ലോകത്തെ മുഴുവൻ ഒരേ സമയം വളരെ അടുത്ത അയൽ പക്കവും ഒരിക്കലും തമ്മിൽ കാണാൻ വയ്യാത്ത അകൽച്ചയുമാക്കിയതായി തോന്നി, ആ സങ്കേതത്തിന്റെ വരവോടെ. അകന്നിരിക്കെത്തന്നെ അയൽ ക്കാരാകുക, അടുത്തിരിക്കെത്തന്നെ ആയിരം രഹസ്യങ്ങൾ ഉള്ളിലൊതുക്കിയിരിക്കുക--അതൊക്കെ സംഭവിക്കുന്നെന്നു തോന്നിയപ്പോഴാണ് ചോർത്താൻ വയ്യാത്തതായി ഒന്നുമില്ലെന്നു തെളിയിക്കുന്ന പുതിയ സങ്കേതത്തിന്റെ ഉത്ഭവം. എല്ലാവരെയും നഗ്നരാക്കി നിർത്തുന്നതാണ് ഈ സങ്കേതം.
അമേരിക്കയിൽ നടന്നതിന്റെ വിദൂരമായ അനുകരണം പോലുമാകുന്നില്ല ഇന്ത്യയിൽ നടന്ന നീരാ റാഡിയ സംഭാഷണങ്ങളുടെ ചോർച്ച. ആരെയും കൂച്ചുവിലങ്ങിടാൻ വേണ്ട വിവരങ്ങളൊന്നും അതു വഴി പുറത്തു വന്നിട്ടില്ല. മാധ്യമപ്രവരരും മന്ത്രിമാരും ന്യായാധിപരും വ്യവസായപ്രതിഭകളും, എല്ലാവരും, എന്തിനും പോന്നവരാണെന്ന സൂചനയേ ഇതു വരെ ആ സംഭാഷണങ്ങളിൽനിന്നു കിട്ടിയിട്ടുള്ളൂ. പക്ഷേ എന്തിനും പോന്നവർ എന്തൊക്കെയോ ചെയ്തുകാണുമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ചോർച്ച തടയണമെന്ന രത്തൻ ടാറ്റയുടെ ഹരജി. ആരുടെയും സംഭാഷണം കണ്ടമാനം ഒളിച്ചുകേൾക്കരുതെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശവും ആ സംശയത്തിന്റെയും ഭയത്തിന്റെയും നിഴലിൽ വെച്ചു വേണം മനസ്സിലാക്കാൻ. എല്ലായിടത്തും അധികാരതിന്റെ അടിത്തറ രഹസ്യം ചേർത്തു വിളക്കിയെടുത്തതാണെന്നു കാണാം, സൂക്ഷിച്ചു നോക്കിയാൽ.
വ്യക്തികളെപ്പറ്റി പറയുമ്പോൾ, ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്തവർക്ക് ജീവിതത്തിൽ ലാഘവം അനുഭവപ്പെടുമെന്ന് പറയാറുണ്ട്. പച്ച മലയാളത്തിൽ പറഞ്ഞാൽ, രഹസ്യമില്ലാത്തവർക്ക് എളുപ്പം ഉറങ്ങാൻ കഴിയും. വലിയൊരു പരിധി വരെ, ഇത് സമൂഹത്തെപ്പറ്റിയും--സർക്കാരിനെപ്പറ്റിയും--പറയാം. സർക്കാർ ചെയ്യുന്നതൊന്നും ഒളിച്ചുവെക്കേണ്ടതല്ല എന്നതാണ് പുതിയ ജനാധിപത്യത്തിന്റെ പ്രമാണം. ഔദ്യോഗികനിയമത്തിന്റെ വ്യാപ്തി കുറച്ചും വിവരാവകാശനിയമം വ്യപകമാക്കിയും ആ പ്രമാണം പ്രാവർത്തികമാക്കി വരികയാണ്. സുതാര്യതയാണ് പുതിയ മുദ്രാവാക്യം. പിടിക്കപ്പെടുമെന്നറിഞ്ഞാൽ, ഏതു കള്ളനും കക്കാൻ ഒന്ന് അറയ്ക്കും എന്ന സങ്കല്പമാണ് അതിന്റെ അടിസ്ഥാനം. അതുകൊണ്ട് രഹസ്യങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയെ നമുക്ക് തിമിർത്തും കൊണ്ടാടാം.
പുര മേയുന്ന പുതിയ സങ്കേതം ചോർച്ച ഒഴിവാക്കാൻ സഹായിക്കുന്നുവെന്നു പറഞ്ഞുകൊണ്ടു തുടങ്ങിയതാണ് ഈ കുറിപ്പ്. പറഞ്ഞുപറഞ്ഞുവന്നപ്പോൾ, വാർത്താവിനിമയത്തിന്റെ പുതിയ സങ്കേതം, വാർത്തയെ, വിവരത്തെ, രഹസ്യത്തത്തന്നെ, ആർക്കും മനസ്സിലാക്കാവുന്ന പൊതുമുതലാക്കിയിരിക്കുന്നുവെന്ന നിഗമനത്തിൽ എത്തി. ആ കണ്ടെത്തൽ പേടിപ്പെടുത്തുന്നതല്ല, ആഘോഷിക്കേണ്ടതു തന്നെ. ഒന്നും ഒളിച്ചുവെക്കാനില്ലാത്ത ലോകത്തെപ്പറ്റിയുള്ള സ്വപ്നമെങ്കിലും ആ ചിന്ത പോഷിപ്പിക്കും. ഒളിഞ്ഞിരിക്കുന്നതു ചോർത്തിനോക്കുന്നതാണല്ലോ എല്ലാവരുടെയും കമ്പം--ചാരന്മാരുടെയും പ്രചാരകന്മാരുടെയും പത്രപ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും സൂഫി-സന്യാസിമാരുടെയും.
(malayalam news)
1 comment:
വാര്‍ത്താവിനിമയത്തിന്റെ പുതിയ സങ്കേതം, വാര്‍ത്തയെ, വിവരത്തെ, രഹസ്യത്തത്തന്നെ, ആര്‍ക്കും മനസ്സിലാക്കാവുന്ന പൊതുമുതലാക്കിയിരിക്കുന്നുവെന്ന നിഗമനത്തില്‍ എത്തി. ആ കണ്ടെത്തല്‍ പേടിപ്പെടുത്തുന്നതല്ല, ആഘോഷിക്കേണ്ടതു തന്നെ. ഒന്നും ഒളിച്ചുവെക്കാനില്ലാത്ത ലോകത്തെപ്പറ്റിയുള്ള സ്വപ്നമെങ്കിലും ആ ചിന്ത പോഷിപ്പിക്കും. ഒളിഞ്ഞിരിക്കുന്നതു ചോര്‍ത്തിനോക്കുന്നതാണല്ലോ എല്ലാവരുടെയും കമ്പം--ചാരന്മാരുടെയും പ്രചാരകന്മാരുടെയും പത്രപ്രവര്‍ത്തകരുടെയും ശാസ്ത്രജ്ഞരുടെയും സൂഫി-സന്യാസിമാരുടെയും.
Post a Comment