ഒരു റിപ്പബ്ലിക് ദിനത്തിലായിരുന്നു കെ പി ഹോർമിസിന്റെ മരണം. അദ്ദേഹത്തിന്റെ ഓർമ്മക്കായി, പതിവുപോലെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും അദ്ദേഹം സ്ഥാപിച്ച ഫെഡറൽ ബാങ്ക് ഒരു പരസ്യം കൊടുത്തു. പതിവുപോലെ ഇംഗ്ലിഷിൽ. മുമ്പും വാക്കുകൾ ഇംഗ്ലിഷ് ആയിരുന്നോ എന്നറിയില്ല. ഇത്തവണ അങ്ങനെ ആയിരുന്നു. മലയാളപത്രത്തിൽ ഇങ്ങനെ ഒരു പരസ്യം ഇംഗ്ലിഷിൽ കൊടുക്കുന്നതിലെ തമാശ മിന്നി മറഞ്ഞതേയുള്ളു. ഓർമ്മക്കുറിപ്പിൽ ഇളിച്ചുകാട്ടിയ ഇംഗ്ലിഷ് വാക്കുകളിലെ തമാശ എന്റെ ഉള്ളിൽ പൊട്ടിപ്പൊട്ടി പടർന്നു. ഇത്തരം പരസ്യം വായിക്കുന്ന ദുശ്ശീലമുള്ളവരുടെ ഉള്ളിലും അതു പൊട്ടിയളിഞ്ഞിരിക്കും. ഒരു പരസ്യവാക്യം ഇതായിരുന്നു: They set aside values, for generations to follow. ഹോർമിസിനെപ്പോലുള്ളവർ വരും തലമുറകൾക്ക് പിന്തുടരാനായി, മൂല്യങ്ങൾ റദ്ദാക്കിയെന്നർഥം. അവർക്ക് മൂല്യങ്ങൾ വേണ്ടെന്നു മാത്രമല്ല, പിന്മുറക്കാരെ മൂല്യങ്ങളിൽനിന്ന് വേർപെടുത്തണമെന്ന് നിർബ്ബന്ധവുമുണ്ടായിരുന്നെന്ന് വ്യംഗ്യം. ഹോർമിസ് എന്തെല്ലാമായിരുന്നില്ലെങ്കിലും, മൂല്യങ്ങൾ വെട്ടിനിരത്തിക്കളയുന്ന ഒരാളായി അറിയപ്പെടാൻ ആഗ്രഹിച്ചുകാണില്ല. അദ്ദേഹം പടുത്ത സ്ഥാപനം അങ്ങനെ ഓർക്കുന്നതും തമാശയല്ലേ? ഒരു പ്രയോഗത്തിലെ തെറ്റിൽ കേറിപ്പിടിച്ചു കളിക്കുന്നത് കൊള്ളില്ല. പക്ഷേ ആ തെറ്റു വരുത്താനുള്ള ചിലവൊന്നു കണക്കാക്കി നോക്കൂ. നാട്ടുകാരുടെ പണം, പരസ്യം അടിക്കുന്ന മാധ്യമത്തിനു ഗുണം. തെറ്റു വിറ്റു പിഴക്കുന്നവർക്കും ഗുണം തന്നെ. തെറ്റു വരുന്നതല്ല കുറ്റം. അറിയാത്ത ഭാഷയോ പ്രയോഗമോ വിളമ്പാൻ ഒരുമ്പെട്ട് വിപരീതാർഥം എഴുന്നള്ളിക്കുന്നതാണ് കഷ്ടം. നമുക്ക് അതാണല്ലോ ഇഷ്ടം, നന്നേ വശമില്ലാത്ത ഭാഷയും പ്രയോഗവും വേണ്ടാത്തിടത്തും കാച്ചുന്നത്. പരന്ത്രീസ് പറയുന്നതാണ് ഗമയെന്ന് പറയുന്നവരും കേൾക്കുന്നവരും പറയാനറിയാത്തവരും ഒരുപോലെ കരുതി വശായിരിക്കുന്നു. പണ്ടൊരിക്കൽ എന്റെ അനുജൻ പഠിപ്പിച്ചിരുന്ന ഒരു ട്യൂടോറിയൽ കോളെജിന്റെ പ്രിൻസിപ്പൽക്ക് ഇംഗ്ലിഷ് ആയിരുന്നു പഥ്യം. ഒരു സ്കൂളിലെ ശിപായിപ്പണി പോയപ്പോൾ അദ്ദേഹം തുടങ്ങിയതായിരുന്നു കോളെജ്. ഒരു ദിവസം നോടിസ് ബോർഡിൽ ഇങ്ങനെ ഒരു കുറിപ്പ് കണ്ടു: All students will be paid their fees on December 31. ഫീസ് വാങ്ങാൻ കുട്ടികൾ ഉടനേ പ്രിൻസിപ്പലുടെ മുറിയിൽ തിക്കിക്കേറുമെന്ന് ആരോ മുന്നറിയിപ്പു നൽകിയപ്പോൾ അദ്ദേഹം അന്ധാളിച്ചു പോയി. പിന്നെ അദ്ദേഹത്തിന് എന്നും ഇഷ്ടമായിരുന്ന കർമ്മണിപ്രയോഗം തൊട്ടിട്ടില്ലെന്നാണ് കേൾവി. അദ്ദേഹത്തിനു മാത്രമല്ല മലയാളികളിൽ നല്ലൊരു വിഭാഗത്തിനും കർമ്മണിപ്രയോഗത്തിലാണ് കമ്പം. ഇംഗ്ലിഷിൽത്തന്നെ കഴിയുമെങ്കിൽ കർത്തരിപ്രയോഗം കൊണ്ട് കഴിച്ചുകൂട്ടണമെന്നാണ് പഴയ നിയമം. മലയാളത്തിന് അത്ര പോലും വഴങ്ങാത്തതാണ് കർമ്മണിപ്രയോഗം. അതുകൊണ്ട് നമ്മൾ “സിമന്റ് വിൽക്കപ്പെടും”, “ഇവിടെ വിഷം കൊടുക്കപ്പെടും”, “ഫീസ് നൽകപ്പെടും” എന്നൊക്കെയുള്ള അറിയിപൂകൾ നോക്കി ആനന്ദതുന്ദിലരായി നിലകൊള്ളുന്നു. ക്ലാസിക് ഭാഷയായി കാണാൻ നമ്മൾ ആഗ്രഹിക്കുന്ന മലയാളത്തോട് നമുക്കുള്ള ഉള്ളിരുപ്പ് തെളിയിക്കുന്നതാണ് ഈ പ്രയോഗവും പ്രവൃത്തിയും. ജനങ്ങൾക്ക് പ്രിയം ഏറിവരുന്ന ചില ടി വി പരിപാടികൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവ അവതരിപ്പിക്കുന്ന കുട്ടികൾ ഇംഗ്ലിഷിന്റെ പൊട്ടും പൊടിയും എടുത്തെറിയുന്നതു കാണുമ്പോൾ ജനം ശരിക്കും കോൾമയിർ കൊള്ളുന്നു. അവർ ഇംഗ്ലിഷ് വാക്കുകൾ ഇംഗ്ലിഷിനെക്കാൾ ഇംഗ്ലിഷ് ആയും, മലയാളം കടിച്ചുപൊട്ടിച്ചും തകർക്കുമ്പോൾ , ജനം കയ്യടിക്കുന്നു. നാട്ടിലെ മൊഴി അറിയില്ലെന്നും സ്വന്തം നാട്ടിൽ പ്രവാസിയാണെന്നും പറയുമ്പോൾ തോന്നുന്ന അഭിമാനമാണ് പുതിയ കൊളോണിയലിസത്തിന്റെ അടയാളം. ടി വിയിലെന്നല്ല, എവിടെയും ഈ അസുഖം കാണാം. നമ്മുടെ നിയമസഭയിൽ അധ്യക്ഷ പദവിയിൽ കയറിയിരുന്നാൽ, ഇംഗ്ലിഷ് പറയുന്നവരായാലും അല്ലെങ്കിലും, ഇടക്കിടെ അടിക്കുന്ന ഒരു പദമുണ്ട്: Order, Order. അവിടെ ചുറ്റും തൂക്കിയിട്ടുള്ള ബോർഡുകൾ കണ്ടിട്ടില്ലേ? അധികവും ഇംഗ്ലിഷിൽ തന്നെ. ഇംഗ്ലിഷ് വായിച്ചു ശീലമാക്കാത്തവരും കല്യാണക്കുറി അടിക്കുമ്പോൾ കണ്ടു മടുത്ത ആംഗലം എടുത്തു പെരുമാറുന്നു. മലയാളത്തിൽ ക്ഷണിച്ചാൽ അതിഥികൾക്ക് മാനക്കേടും വധൂവരന്മാരുടെ മുഖത്തെ ചായക്കൂട്ടിന് മങ്ങലും ഏറ്റാലോ? കാഴ്ചയിലും ശബ്ദത്തിലും പൌരുഷം ഇഷ്ടപ്പെടുന്ന മലയാളികൾ കയ്യടിച്ചു വാഴ്ത്തുന്ന നായകനാണ് സുരേഷ് ഗോപി. പൊലിസ് ആയും മറ്റുമുള്ള അദ്ദേഹത്തിന്റെ ഡയലോഗ് കേൾക്കുമ്പോൾ കാണികൾക്ക് ഹരം. ആ ഹരം തിമിർക്കണമെങ്കിൽ, ഡയലോഗിൽ രണ്ടു മൂന്ന് ഇംഗ്ലിഷ് വാക്കുകൾ വറുത്തിടണം. “Come on.. .Move.. …” എന്നൊക്കെ കോൺസ്റ്റബിൾമാരോടും “You’re under arrest...” എന്ന് വൻ പുള്ളികളോടും പറയുമ്പോൾ, എന്തൊരു ശൌര്യം! അതു മലയാളത്തിൽ മൊഴിഞ്ഞാൽ ആരെങ്കിലും വിരളുമോ? വിരട്ടാൻ ഇംഗ്ലിഷ് തന്നെ പേശണം. നമുക്കെല്ലാം ഇംഗ്ലിഷുകാരാകരുതോ ?
ഇംഗ്ലിഷിനോട് എതിർപ്പുണ്ടായിട്ടല്ല. നല്ല ഭാഷ. ലോകഭാഷ. ഇംഗ്ലിഷ് എന്നല്ല, ഗ്ലോബിഷ് എന്നുവരെ അതിനെ ചിലർ വിളിക്കാൻ തുടങ്ങിയിരിക്കുന്നു. അത്രക്കുണ്ട് അതിന്റെ വ്യാപ്തി. അതുകൊണ്ടാണല്ലോ മുക്കിലും മൂലയിലും, പണ്ട് ടൈപ് റൈറ്റിംഗ്-ഷോർട് ഹാന്റ് പരിശീലനകേന്ദ്രങ്ങൾ ഉണ്ടായിരുനപോലെ, ഇപ്പോൾ ഇംഗ്ലിഷ് സംസാരിക്കാനും, അല്പമൊക്കെ എഴുതിനോക്കാനും, അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങൾ പൊങ്ങിവന്നിരിക്കുന്നത്. വളരെ നല്ലത്. പക്ഷേ ഇംഗ്ലിഷ് നന്നായി പറയണമെന്നു തോന്നുന്നതു പോലെ, മലയാളവും നന്നായി ഉച്ചരിക്കണമെന്നൊരു നിർബ്ബന്ധം നമുക്ക് ഇല്ലാത്തതു പോലെ. അതുകൊണ്ടായിരിക്കും, നേരത്തേ ചൂണ്ടിക്കാട്ടിയ പരസ്യവാക്യത്തിലെന്ന പോലെ, ഇംഗ്ലിഷിൽ മണ്ടത്തരം തട്ടിമൂളിക്കുന്നതുപോലും, മലയാളത്തിൽ ഭംഗിയായി ഒരു വാക്യം എഴുതുന്നതിനെക്കാൾ കേമത്തമായി വന്നുചേർന്നിരിക്കുന്നത്. ഇത് വെറും ഭാഷാപ്രേമത്തിന്റെ കാര്യമല്ല. നമ്മുടെ സ്വത്വം നിർവചിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഭാഷ. അതിനോട് നിന്ദ തോന്നുകയും വേറൊന്നിനോട് കാമം മൂക്കുകയും ചെയ്യുന്നതിന്റെ മനശ്ശാസ്ത്രം അന്വേഷിച്ചുനോക്കുന്നത് രസമായിരിക്കും. കുറച്ചുനേരത്തേക്കെങ്കിലും താനല്ലാത്തതെന്തോ ആകാൻ മനുഷ്യന് ഉണ്ടെന്നു ഞാൻ കരുതുന്ന വാസന മലയാളികളിൽ കൂടുതൽ കണ്ടേക്കുമോ? ഇംഗ്ലിഷിനോടുള്ള പ്രണയവും മദ്യത്തോടുള്ള ആസക്തിയും ആത്മഹത്യയോടുള്ള അഭിനിവേശവും ആ അപരത്വവാഞ്ഛയുടെ സൂചനയാണോ?
(malayalam news)
No comments:
Post a Comment