Friday, April 3, 2009

കാണാന്‍ പോകുന്ന പൂരം

രോഗികളും പ്രായമേറിയവരും പിന്തുണ കുറഞ്ഞവരും പ്രധാനമന്ത്രി
ആകരുതെന്നു പറയാന്‍ വയ്യ. രോഗി പ്രധാനമന്ത്രി ആയപ്പോള്‍
ചെറുപ്പമായതും, പിന്തുണ ഇല്ലാതെ ഒരാള്‍ പ്രധാനമന്ത്രി ആയതും
ചരിത്രം. ആ മൂന്നു ദോഷങ്ങളും ഇല്ലാത്ത, എന്നാല്‍ രാഷ്ട്രീയശുചിത്വം എന്ന
ഗുണം ഉള്ള, ഒരു പ്രധാനമന്ത്രി വേണമെന്നുണ്ടെങ്കില്‍, ആദ്യം പറയണം
ഏ കെ ആന്റണിയുടെ പേര്‍. പക്ഷേ തക്കം നോക്കി ആരോ ഒരു മിസൈല്‍
എടുത്തെറിഞ്ഞിരിക്കുന്നതും അതറിഞ്ഞുകൊണ്ടുതന്നെയാണല്ലോ.

തീരുമാനം എടുക്കാനും നടപ്പാക്കാനും വേണ്ട എണ്ണം കോണ്‍ഗ്രസ്സിന് ഉണ്ടായാലേ
ആ വഴിക്കൊരു ചിന്തക്ക് ന്യായമുള്ളു. അതില്ലെങ്കില്‍ പിന്നെ വൈരുദ്ധ്യാധിഷ്ഠിതമായ
മൂന്നാം മുന്നണിയുടെ ഊഴമായി. അതിന്റെ പാരമ്പര്യം, എന്നുവെച്ചാല്‍ ഇതുവരെ
കണ്ടുപോന്ന ഇടതുവഴക്കം, ഇടങ്കോലിടുകയാണുതാനും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കണ്ടില്ലേ,
അതുപോലൊരു നേതൃനിര്‍മ്മാണം ഇപ്പോഴും നടക്കാം. ഇടതിനെ നമ്പിയേ കോണ്‍ഗ്രസിന്
നിലനില്പുള്ളു എന്നു വരുത്തുകയാണ് ഇപ്പോഴും വിപ്ലവലക്ഷ്യം. അതിനുവേണ്ട എണ്ണം
പടച്ചെടുക്കുന്നതാണ് അവരുടെ മായാജാലം. രണ്ടു മഹിളകളും ബംഗാളും, പിന്നെ
കൊച്ചുകേരളവും, ആയാല്‍ ആ ജാലമായി.

മായാവതി എന്നേ തയ്യാര്‍. വടം വലിക്കുവേണ്ട എണ്ണം കിട്ടുമെന്നായാല്‍, ജയലളിതയും
തയ്യാറാകും. ആരായാലും കമ്യൂണിസ്റ്റുകാര്‍ക്ക് വിരോധം കാണില്ല. കമ്യൂണിസ്റ്റുകാരന്‍
പ്രധാനമന്ത്രി ആകരുതെന്നുമാത്രമേ അവര്‍ക്ക് നിര്‍ബന്ധമുള്ളു, ചരിത്രപരമായ മണ്ടത്തമാണ്
അതെന്നു ചിലര്‍ പറയുമെങ്കിലും. ആരേയും, ഭഗ്യമുണ്ടെങ്കില്‍ ആന്റണിയേയും, ഒന്ന് ‘ക്ഷ’
വരപ്പിക്കുക! അതാണ് ഹരം. ഐക്യപുരോഗമനമുന്നണിയുടെ നേതാവിനെ ഫലത്തില്‍
അതിനു പുറത്തുള്ളവര്‍ നിശ്ചയിക്കുക: ആ സര്‍ഗാത്മകവൈരുദ്ധ്യത്തിലേക്കാണ് നീക്കം.
നാട്ടിലെങ്ങും താമര വിടര്‍ന്നാല്‍ മാത്രം സംഗതി മാറും. പക്ഷേ താമരക്കാലമല്ലല്ലോ.

(മലയാള മനോരമയില്‍ ഏപ്രില്‍ മൂന്നിന് പ്രസിദ്ധപ്പെടുത്തിയത്‍)

No comments: