Tuesday, January 5, 2010

ഇനി അല്പം ദൈവവിചാരം

വൈകുന്നേരം നടക്കാറുള്ള വഴിയിലെ ഉദിയന്നൂർ അമ്പലത്തിന്റെ മതിൽ ചാരി ഞാൻ നിന്നു. ഭാര്യ അകത്തേക്ക് ഊർന്നുപോയി. തൊട്ടടുത്ത ഹാളിൽ സ്വാമി അശേഷാനന്ദൻ രാസക്രീഡയിൽ എത്തിനിന്നു.. ആഞ്ഞം മാധവൻ നമ്പൂതിരിയുടെ സപ്താഹം കേട്ടത് കഴിഞ്ഞ ജന്മത്തിലായിരുന്നു. മതിൽ ചാരി ഞാൻ മനോരാജ്യത്തിൽ കറങ്ങി. ഉത്സവക്കാലം വരുന്നു. ആന, കതിന, വേല, കേളിക്കൈ. കേളിക്കയ്യും കയ്പക്കക്കൊണ്ടാട്ടവും ഇഷ്ടമില്ലാത്തവൻ മലയാളിയാവില്ലെന്ന് പി സി(കുട്ടിക്കൃഷ്ണൻ) പറയുമായിരുന്നു.


ദൈവത്തിന്റെ കാലമാണല്ലോ ഉത്സവക്കാലം. അതിന്റെ നീളവും നിറവും ഏറിവരുകയാണെന്ന് അറിവുള്ളവർ പറയുന്നു. അതത്രേ, ഉത്തരാധുനികത പോലെ, ഉത്തരമതനിരപേക്ഷത. എന്തൊക്കെ ഉപ്പിലിടാം ആ വാണീഭരണിയിൽ? ഇന്ത്യയിൽ ഇരുപത്തഞ്ചു ലക്ഷം ദേവാലയങ്ങൾ ഉണ്ടെന്നാണ് ഒരു കണക്ക്. വിദ്യാലയങ്ങൾ പതിഞ്ചു ലക്ഷം. ആതുരാലയങ്ങൾ മുക്കാൽ ലക്ഷം(?). കോണിച്ചുവട്ടിലും കവലകളിലും കാണുന്ന പ്രതിഷ്ഠകളും മുറിവൈദ്യശാലകളും കാനേഷുമാരിയിൽ പെട്ടിരിക്കില്ല. ഇന്ത്യൻ യാത്രയിൽ പകുതിയും തീർത്ഥയാത്രയാണത്രേ. തീർത്ഥയാത്രക്കമ്പം കണ്ടറിഞ്ഞ സി പി എം നേതൃത്വം മല കയറുന്ന സഖാക്കളെ നേർവഴിക്കു വരുത്തണമെന്ന് ഒരിക്കൽ ഇണ്ടാസ് ഇറക്കിയിരുന്നു. ദൈവത്തിന് നല്ലകാലം വന്നു തുടങ്ങിയതോടെ വിപ്ലവകാരിക്ക് മതത്തിന്റെ കറപ്പും കുറേശ്ശെ ആവാമെന്നായി.


ദൈവം ആഗോളീകരിക്കപ്പെടുകയാണ്, എന്തും പോലെ. മീര നന്ദ എന്ന ഒരു പണ്ഡിതയുടെ പുസ്തകത്തിനിട്ടിരിക്കുന്ന പേരിനുതന്നെ ആഗോളീകൃതരുചി തോന്നും: “ദൈവവിപണി.“ The God Market. ദൈവത്തിന്റെ ആഗോളവ്യാപനത്തെപ്പറ്റി ഗവേഷണം നടത്തിയ രണ്ടു പത്രപ്രവർത്തകർ ഉദ്ഘോഷിച്ചു: “ദൈവം തിരിച്ചെത്തി.“ God Is Back. മൂപ്പർ ഇടക്കെങ്ങോ മുങ്ങിയിരുന്നോ? ഡാർവിന്റെ സിദ്ധാന്തത്തിനു ചേരുംപടി രൂപവും ഭാവവും മാറുന്ന ദൈവത്തെപ്പറ്റി വേറൊരു കേമൻ എഴുതിയ പുസ്തകത്തിന് വേറൊരു പേരും ചേരുമായിരുന്നില്ല. “ദൈവത്തിന്റെ പരിണാമം.“ The Evolution of God.


ഞാൻ ആദ്യം വായിച്ച “ദൈവത്തിന്റെ കഥ“ എഴുതിയ റോബർട് വിൻസ്റ്റൺ സ്ത്രീരോഗവിദഗ്ധനായിരുന്നു. പതിനായിരം കൊല്ലമാണ് ദൈവചിന്തക്ക് വിൻസ്റ്റൺ കൊടുത്തിട്ടുള്ള പഴക്കം. സൂര്യനായിരുന്നു ആദ്യദൈവം. ചിന്തക്കുമുമ്പ് ചിന്താവിഷയം ഉണ്ടായിരുന്നോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചിട്ടില്ല. പിന്നെ, മനുഷ്യചിന്തയിലേ ദൈവം കുരുക്കൂ എന്നാണ് വിചാരം. പാവം, ദൈവത്തിന്റെ ഒരു പരിമിതി! മൃഗങ്ങൾ പ്രാർത്ഥിക്കുന്നതായി തെളിഞ്ഞിട്ടില്ല. “ഞാൻ മൃഗങ്ങളോടൊപ്പം ജീവിക്കട്ടെ, അവ ദൈവത്തോടുള്ള കർത്തവ്യം ചർച്ച ചെയ്യുന്നില്ല” എന്ന് വിറ്റ്മാൻ പാടിയതും അതുകൊണ്ടായിരിക്കണം.


വിൻസ്റ്റണെക്കാൾ പ്രായം കുറഞ്ഞ ഒരു റേഡിയോളജിസ്റ്റ്, ആൻഡ്ര്യു ന്യൂബെർഗ്, ദൈവത്തിന്റെ പടം പിടിച്ചിരിക്കുന്നു. വിശ്വാസികളുടെയും അവിശ്വാസികളുടെയും തലച്ചോറിലൂടെ അദ്ദേഹം ഒരു വെളിച്ചം പായിച്ചു. അവിശ്വാസികളുടെ തലച്ചോറിൽ കാണാത്ത ഒരു നിഴൽ മറ്റുള്ളവരുടേതിൽ കണ്ടു. അത് ദൈവത്തിന്റെ ഛായാചിത്രമായിരുന്നു. ദൈവത്തിന്റെ ശാസ്ത്രീയതയെപ്പറ്റി സംശയമുണ്ടെങ്കിൽ ജോൺ പോൽക്കിംഗ്ഹോണിനോടു ചോദിക്കാം. പാതിരിയാകും മുമ്പ് അദ്ദേഹം ഊർജ്ജതന്ത്രജ്ഞനായിരുന്നു. ചില്ലറക്കാരനല്ല, റോയൽ സൊസൈറ്റി ഫെല്ലോ, FRS. പക്ഷേ, പുള്ളിക്കാരന്റെ ദൈവദർശനത്തെപ്പറ്റി പുതിയ നാസ്തികന്മാർക്ക് പരിഹാസമേ ഉള്ളു.


ഹൃദയംകൊണ്ട് തങ്ങൾ അറിയുന്നത് ഇല്ലെന്നു പറയുന്ന നാസ്തികന്റെ “നാവെനിക്കവിശ്വാസ്യം” എന്ന് ജിയും പ്രഹ്ലാദനും പറഞ്ഞുനടക്കാം. ക്രിസ്റ്റഫർ ഹിച്ചൻസ്, സാം ഹാരിസ്, റിച്ചർഡ് ഡോക്കിൻസ് തുടങ്ങിയ പുതിയ നാസ്തികന്മാർക്ക് സംശയമേ ഇല്ല: ദൈവം ഇല്ല. ഡോക്കിൻസ് ദൈവത്തെ ഒരു വിഭ്രാന്തി ആക്കി. The God Delusion. അതു സ്ഥാപിക്കാൻ പഠിച്ചതും പഠിക്കാത്തതുമായ പണി പതിനെട്ടും ചെയ്തുനോക്കി. നമ്മുടെ സ്വന്തം ഇടമറുകും എം സി ജോസഫും നേരത്തേ പയറ്റിനോക്കിയതൊക്കെത്തന്നെ. അവർക്കു മുമ്പ് നീത്ഷേ ദൈവത്തിന്റെ മരണം പ്രഖ്യാപിച്ചിരുന്നു. അതു പിന്നെ മലയാളത്തിൽ ഒരു നോവലിന്റെ പേരായി. നീത്ഷേക്കും മുമ്പ്, നാസ്തികരുടെ കൂട്ടായ്മ ഉണ്ടാക്കിയവരാണ് ചാർവാകനും ചാർച്ചക്കാരും. എന്നിട്ടോ? അവരെ വെട്ടിച്ച് ദൈവം പുതിയ ഇടം കയ്യേറി.


മൂപ്പരെപ്പറ്റി സിറിയൻ കവി മുഹമ്മദ് അൽ മാഗൂട് എഴുതിയ കുസൃതിയോടാണ് എനിക്ക് ആഭിമുഖ്യം. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ മാഗൂട് ഉറപ്പിച്ചു പറഞ്ഞില്ല. എന്തെന്ന് രൂപമില്ലാതെ ഉണ്ടെന്നോ ഇല്ലെന്നോ എങ്ങനെ പറയും? മാഗൂട്ടിന്റെ കവിതയുടെ കഥാരൂപം ഇങ്ങനെ ആയിരുന്നു:


നല്ലവനായ ഒരു തപാൽക്കാരൻ നാട്ടുകാരുടെ ദുരിതത്തെച്ചൊല്ലി ദു:ഖിച്ചു. ഒരു ദിവസം അയാൾ പ്രാരാബ്ധങ്ങളുടെ പട്ടിക ഉണ്ടാക്കി. അതൊരു നിവേദനമായി ദൈവത്തിനു സമർപ്പിക്കാനായിരുന്നു പരിപാടി. ദൈവം പരിഹാരം കാണും, കാണണം. ഒടുവിൽ നിവേദനം തയ്യാറായി. അതിൽ ദൈവത്തിന്റെ വിലാസം എഴുതി. അയക്കാൻ പോകുമ്പോൾ, തപാൽക്കാരന് ഒരു കാര്യം ഓർമ്മ വന്നു: ദൈവത്തിന് അക്ഷരം തിരിയില്ല.

(ജനുവരി അഞ്ചിന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

1 comment:

ബാബുരാജ് said...

മനോരമയിലെ പംക്തി വായിക്കുന്നുണ്ട്‌. (പരിഭവിക്കരുത്‌, പക്ഷെ കൂടുതലിഷ്ടം ശ്രീരാമനേയും ശങ്കറിനേയുമാണ്‌) ഇതും വായിച്ചിരുന്നു. നാസ്തികരെപ്പറ്റി അല്‍പ്പം മുന്‍വിധിയുണ്ടെന്നു തോന്നുന്നല്ലോ, അല്‍പ്പം പുച്ഛവും?
God Delusion ഉം Greatest show on Earth ഉം രണ്ടു ദിവസം മുന്‍പ്‌ കിട്ടിയിരുന്നു.രണ്ടാമത്തേതാണ്‌ വായിച്ചു തുടങ്ങിയത്‌. വായിച്ചു നോക്കട്ടെ.