Thursday, January 7, 2010

എന്തിനു വേണ്ടിയോ ഒരു കത്ത്!

ആദ്യമേ ഒരു കാര്യം പറയട്ടെ. എല്ലാ കാര്യത്തിലും തേജസ്സിന്റെ നിലപാടിനോട് ഞാൻ യോജിച്ചേക്കില്ല. എന്നോടു തന്നെ പലപ്പോഴും യോജിക്കാറില്ല. എല്ലാവരും എല്ലാ കാര്യത്തിലും എപ്പോഴും യോജിക്കുന്നതാണ് സർവാധിപത്യത്തിന്റെ ലക്ഷണം. പിന്നെ, യോജിപ്പുള്ളവരുടെ ഭാഗം മാത്രമേ പറയൂ എന്നു ശഠിക്കുന്നതും സമൂഹത്തിന്റെ ആരോഗ്യത്തിനു ദോഷമാകും.


തേജസ്സിന്റെ തിരുവനന്തപുരം ലേഖകൻ എന്റെ അഭിപ്രായം ആരാഞ്ഞപ്പോൾ, അഭിപ്രായം ഉണ്ടായിരുന്നില്ല. കാരണം അഭിപ്രായം എന്തിനെപ്പറ്റിയാകണമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല. പറഞ്ഞുവന്നപ്പോൾ മനസ്സിലായി, തേജസ്സിനെ സൂക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഒരു ധ്വര കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്താണ് വിഷയം. കത്തിന്റെ ഉള്ളടക്കം ഒരു ടെലിവിഷൻ ചാനൽ ഇടവിടാതെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു. ഒടുവിൽ അത് ഞാനും കണ്ടു. കണ്ടപ്പോൾ എന്റെ പ്രതികരണം ചിരി ആയിരുന്നു.


പത്രങ്ങളുമായി ബന്ധപ്പെടാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അവരുടേതായ ഏർപ്പാടുണ്ട്.. കേന്ദ്രത്തിന്റേതാണ് പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ. വാർത്ത പത്രങ്ങൾക്കു കൊടുക്കുക മാത്രമല്ല, പത്രങ്ങളുടെ ഉള്ളടക്കം വേണ്ടപ്പെട്ടവർക്ക് വിവരിച്ചും വ്യാഖ്യാനിച്ചും കൊടുക്കുന്നതും പി ഐ ബിയുടെ ചുമതല തന്നെ. അതിൽ കുറച്ചിട ജോലി ചെയ്ത ആളാണ് ഞാൻ. തെറ്റായ വാർത്ത കൊടുക്കുന്ന പത്രത്തോട് അതു തിരുത്താൻ അതാതു നേരത്ത് പി ഐ ബിയിലെയോ ബന്ധപ്പെട്ട വകുപ്പിലെയോ ഉദ്യോഗസ്ഥന്മാർക്ക് ആവശ്യപ്പെടാം. ഇവിടെ തേജസ്സിന്റെ കാര്യം പറയുന്നത് അവരല്ല.


പത്രധർമ്മം സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് പ്രസ് കൌൺസിൽ. മര്യാദകേട് കാണിക്കുന്ന പത്രത്തെപ്പറ്റി അതിൽ പരാതിപ്പെടാം. അത് പല്ലും നഖവുമുള്ള സ്ഥാപനമായിട്ടല്ല,, എന്നാലും പരാതി കൊടുക്കാം. അതിന്റെ അടിസ്ഥാനത്തിൽ, പറ്റുന്ന നടപടി ഉണ്ടാകുകയും ചെയ്യാം. തേജസ്സിനെതിരെ ആരും പ്രസ് കൌൺസിലിൽ പോയില്ല.


അവരൊന്നും വേണ്ട, നിയമം പാലിക്കാൻ അധികാരമുള്ള ഏത് ഏജൻസിക്കും നിയമം ലംഘിക്കുന്ന പത്രത്തിനെതിരെ ഉചിതമായ നടപടി കൈക്കൊള്ളാം.. രാജ്യത്ത് നിലവിലുള്ള ആയിരത്തൊന്നു നിയമങ്ങളിൽ ആയിരത്തൊന്നും അനുസരിച്ചുവേണം പത്രമായാലും പൌരനായാലും പെരുമാറാൻ.. ഏതു നിയമം ലംഘിച്ചാലും വിവരം അറിയും. നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ, അതിന് ആരുടെയും ദാക്ഷിണ്യമൊട്ടുവേണ്ട താനും. തേജസ് ഏതെങ്കിലും നിയമം ലംഘിച്ചതായി ടീവി ചാനലിൽ പറയുന്നതു കേട്ടില്ല.


ഏതെങ്കിലും ഒരു പത്രം അനുവർത്തിക്കുന്ന നയം---പത്രമെന്നല്ല ഏതൊരു സ്ഥാപനത്തിന്റെയും സംഘടനയുടെയും പ്രവർത്തനം---സാമൂഹ്യമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ അസ്വസ്ഥത ഉണ്ടാക്കുമോ എന്നു നിരീക്ഷിക്കാൻ ബാധ്യതയുള്ളവരാണ് ഇന്റലിജൻസ് ഏജൻസികൾ. ദേശീയസുരക്ഷയുമായി ബന്ധപ്പെടുത്തിയുള്ള അവയുടെ വിലയിരുത്തൽ തെളിയിക്കാവുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും, ആയിരിക്കണം. ആപത്തിനിടവെക്കുമെന്ന് ന്യായമായും സംശയിക്കുന്ന സന്ദർഭത്തിൽ, ആവശ്യമായ കരുതൽ നടപടി എടുക്കാൻ വേണ്ട വഴി നിയമം തന്നെ തുറന്നുവെക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയൊന്നും തേജസ്സിന്റെ കര്യത്തിൽ വേണ്ടിവന്നതായി കേട്ടില്ല.


അപ്പോൾ പിന്നെ ചീഫ് സെക്രട്ടറിയോട് സൂക്ഷിക്കാൻ പറഞ്ഞിട്ട് എന്തു കാര്യം? കവിഞ്ഞാൽ, സർക്കാർ പരസ്യത്തിനുള്ള അഭ്യർഥന ചെല്ലുമ്പോൾ, മുഖം തിരിച്ചിരിക്കാൻ കീഴുദ്യോഗസ്ഥ്ന്മാർക്ക് നിശബ്ദം നിർദ്ദേശം നൽകാം. അവിടെയും, കാര്യവും കാരണവും പറയാതെ, ചുമ്മാതങ്ങു പരസ്യം നിഷേധിച്ചാലും പൊല്ലാപ്പുണ്ടാകാം. പിന്നെ, ഏതെങ്കിലും നിയമം ലഘിച്ചതായി കണ്ടാൽ ഉടനെ തക്കതായ നടപടി എടുക്കാം. അതിനാകട്ടെ, തിരക്കേറേയുള്ള ചീഫ് സെക്രട്ടറി ബദ്ധപ്പെടേണ്ട കര്യവുമില്ല. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്മാർ എത്രയോ കിടക്കുന്നു!


സർക്കാരിന്റെ നയത്തെ വിമർശിച്ചാൽ, സർക്കാരിന്റെ ദയാദാക്ഷിണ്യം കിട്ടിയില്ലെന്നു വരാം; ശിക്ഷ വിളിച്ചുവരുത്തുകയില്ല. കാരണം സർക്കാരിനെ വിമർശിക്കുന്നത് നിയമലംഘനം ആകുന്നില്ല. വിമർശനത്തിന്റെ ഭാഷ അതിരുകടന്നാൽ പോലും കുറ്റമാവില്ല. ഭാഷയുടെ രൂക്ഷതയും മസൃണതയും അത് ഉപയോഗിക്കുന്നയാളൂടെ സാംസ്കാരികവും വൈകാരികവുമായ സാഹചര്യത്തിന്റെ സൂചനയേ ആകുന്നുള്ളു. വിമർശനത്തിന്റെ ഭാഷയും സത്തയും സംസ്ക്കരിച്ചെടുക്കണമമെങ്കിൽ, ഒരു പായ കടലാസിൽ ചീഫ് സെക്രട്ടറിക്ക് ഒരു കുറിമാനം അയച്ചാലാവില്ല. അതിന് പക്വവും ബുദ്ധിപൂർവകവുമായ ഇടപെടൽ വേണ്ടിവരും--രാഷ്ട്രീയവും സാമൂഹ്യവുമായ തലങ്ങളിൽ.


വാസ്തവത്തിൽ, കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഒരു ഇടത്തരം ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്ക് അയച്ച ആ കത്തുകൊണ്ട് എന്തു പ്രയോജനം ഉണ്ടായി? അത് ചോർന്നതോടെ, കുറെ പ്രതിപ്രയോജനം മാത്രമേ ഉണ്ടായുള്ളു. വാഗ്മിയായ ഒരു വക്താവിനുപോലും വിശദീകരിച്ചു രക്ഷപ്പെടാൻ വയ്യാത്ത സ്ഥിതിയിൽ സർക്കാരിനെ എത്തിക്കുകയും ചെയ്തു. കുറെ മുസ്ലിം നേതാക്കൾക്ക് മുറവിളി കൂട്ടാൻ ഒരു കിസ്സ ആയി. പക്ഷേ, ഒന്നോർക്കണം, ഇത് മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്നതോ, ചില മുസ്ലിം നേതാക്കൾക്ക് പ്രത്യേകതാല്പര്യമുണ്ടാകേണ്ടതോ ആയ കാര്യമായി ഒതുക്കരുത്.


മാധ്യമസ്വാതന്ത്ര്യവുമായി,, ലിബറലിസത്തിന്റെ സംസ്കാരവുമായി , ബന്ധപ്പെട്ടതാണ് ഈ വിഷയം. അതിനെക്കാൾ കൂടുതലോ കുറഞ്ഞതോ ആയ ഒന്നുമായി അത് മാറിക്കൂടാ. ഒരു കത്തും അവസാനത്തെ കുത്താവില്ലല്ലോ.

(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ ജനുവരി ഏഴിന് വന്ന്ത്)

No comments: