Tuesday, February 2, 2010

ആരോ പണം ഉണ്ടാക്കുന്ന സംസ്ക്കാരം

ഹമീദിനെ കണ്ടില്ലെന്നു കേൾക്കുമ്പോൾ ഞെട്ടുന്നവരല്ല നമ്മൾ. ശരീരമില്ലാതെ ശബ്ദം മുഴങ്ങുന്നതും ദേഹം വെടിഞ്ഞ് ദേഹി പുത്തരിക്കണ്ടത്തും പയ്യാമ്പലത്തും റോന്തു ചുറ്റുന്നതും നമുക്ക് അറിയാം. അറ്റുപോയ അവയവത്തിൽ വേദന തോന്നുന്നതു പോലെ, ശരീരത്തിനപ്പുറം ബോധം നിലനിൽക്കാമെന്ന് മസ്തിഷ്ക്കശാസ്ത്രജ്ഞന്മാർ പോലും വാദിക്കുന്നു. അപ്പോൾ പിന്നെ ഇല്ലാത്ത ഹമീദിന്റെ കത്ത് ഉണ്ടായിക്കൂടേ?


പൊലിസ് ഉദ്യോഗസ്ഥനായ സിബി മാത്യൂസിനെതിരെ എട്ട് ആരോപണങ്ങൾ കോടതിക്ക് എഴുതി അയച്ച എളമക്കരക്കാരനാണ് ഹമീദ്. തുടക്കത്തിൽ ഹമീദ് കോടതിയിൽ ഹാജരായിരുന്നു. പിന്നെ അയാൾക്കയച്ച കത്തുകൾ മടങ്ങി. അന്വേഷിച്ചപ്പോൾ കണ്ടെത്തിയില്ല. ഒടുവിൽ ആരോപണം കള്ളമാണെന്നു തെളിഞ്ഞു. അപ്പോൾ ആദിമമായ പ്രശ്നം നിൽക്കുന്നു: ഹമീദ് ഉണ്ടോ ഇല്ലേ? ഇല്ലാത്ത ഹമീദ് കത്തെഴുതുമോ?


ദാർശനികമല്ലാത്ത ഒരു ചോദ്യം കൂടി: ഉയർത്തിയ ആളെ അറിയാതെ ആരോപണം അന്വേഷിക്കണോ? സത്യാവസ്ഥ ചോദിച്ചറിയാം. ഔപചാരികമായ നടപടി കുട്ടികളെ ഉണ്ടാക്കി മുങ്ങുന്നവർക്ക് പൊന്നാട ചാർത്തുന്നതു പോലെയാവും. ആരോ വദിക്കുന്ന കിംവദന്തി ആപ്തവാക്യവും, ആരോപണം ആര്യസത്യവുമാവും. ആ വാക്കു പിരിച്ച് സി എഛ് മുഹമ്മദ് കോയ പറഞ്ഞതാണ് ശരി: ആരോ പണം.


ആരോ പണം സിബിയെ ബാധിച്ചിരുന്നില്ല. അദ്ദേഹത്തെ ആദ്യം വാഴ്ത്തിക്കേട്ടത് ആരെയും വാഴ്ത്താത്ത ഒരാളിൽ നിന്നായിരുന്നു. കരിക്കൻ വില്ലയിലെ ഇരട്ടക്കൊലപാതകത്തിന്റെ കാലം. അന്വേഷിക്കാൻ എന്റെ എഡിറ്റർ എസ് കെ അനന്തരാമൻ പുറപ്പെട്ടിറങ്ങി. എഡിറ്ററുടെ വലുപ്പത്തിനു ചേരില്ല ആ ചെറുജോലി എന്നൊന്നും കരുതിയില്ല എസ് കെ എ. അദ്ദേഹത്തിന് ഏറെ ബോധിച്ചിരുന്നു അന്വേഷണം നയിച്ച ഏ എസ് പി സിബിയെ.


പിന്നെ കുറെ കാലം ഏത് അന്വേഷണത്തിനും സിബി വേണമെന്നായി. എല്ലാവർക്കും ഒരേ സമയം വിശ്വസ്തനാവുക എളുപ്പമല്ല. പക്ഷേ എല്ലാവരും അദ്ദേഹത്തിൽ സാമർത്ഥ്യവും സത്യസന്ധതയും കണ്ടറിഞ്ഞു. രണ്ടഭിപ്രായമുള്ള ചാരക്കേസിൽ അദ്ദേഹം എടുത്ത നിലപാടു മാത്രം ചിലർക്ക് വിനയായി. അതും വേറെ പലതും സംസാരിക്കാൻ ഞാൻ അദ്ദേഹത്തെ ഒരിക്കലേ കണ്ടിട്ടുള്ളൂ. കുറ്റത്തിന്റെ മനശ്ശാസ്ത്രം മനസ്സിലാക്കാനായിരുന്നു ശ്രമം. കുറ്റവാളിയുടെയും അന്വേഷകന്റെയും പാരസ്പര്യത്തെപ്പറ്റി ഞങ്ങൾ ഏറെ സംസാരിച്ചു.


എനിക്ക് അത്ഭുതം തോന്നി. താൻ നയിച്ച അന്വേഷണത്തെപ്പറ്റി പറയാനായിരുന്നില്ല സിബിക്കു താല്പര്യം. ശ്രദ്ധ അദ്ദേഹം സഹപ്രവർത്തകരിലേക്കു തിരിച്ചുവിടുകയായിരുന്നു. ഡി വൈ എസ് പി ശശിധരൻ തുടങ്ങി പല ഉദ്യോഗസ്ഥന്മാരെപ്പറ്റിയും മതിപ്പോടെ സംസാരിച്ചു. അവരാണ് വാസ്തവത്തിൽ അംഗീകാരം അർഹിക്കുന്ന അന്വേഷകർ എന്ന്` അദ്ദേഹം എന്നെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. ചില കുറ്റവാളികളോടും ആ മുതിർന്ന അന്വേഷകന് മതിപ്പായിരുന്നു. ഉദാഹാരണം ക്യാപ്റ്റൻ ജോസ്. മുന്നറിയിപ്പു നൽകി മോഷണം നടത്തിയിരുന്ന കുണ്ടറക്കാരൻ ജോസ് തന്റെ രംഗത്ത് ക്യാപ്റ്റൻ തന്നെയായിരുന്നുവെന്ന് സിബി മത്യൂസ് പറഞ്ഞതോർക്കുന്നു. ഉപജീവനത്തിനുവേണ്ടി ജോസ് പിന്നീട് കുറെക്കൂടി മാന്യമായ വെല്ലുവിളികൾ ഏറ്റെടുത്തു.


ഇല്ലാത്ത ഹമീദ് സിബിക്കെതിരെ ഉയർത്തിയ തെളിയാത്ത ആരോപണം പിന്തുടർന്നപ്പോൾ, ആരോപണം ഒരു പ്രതിസംസ്ക്കാരമായി വളരുന്നതിനെപ്പറ്റി ആലോചിച്ചു പോയി. ഉന്നയിക്കാൻ പൊതുപ്രവർത്തകർ ആരോപണം തേടി നടക്കുന്ന സ്ഥിതി വന്നിരിക്കുന്നു. പാർലമെന്റായാലും നിയമസഭയായാലും, സമ്മേളനം കൊഴുക്കണമെങ്കിൽ അഞ്ചാറ് ആരോപണമെങ്കുലും മുഴങ്ങണം. അത് സൌകര്യപ്പെടുത്തുന്നവർ ഏറേയുണ്ടെന്നും കൂട്ടിക്കോളൂ. കൊഴുപ്പിക്കൽ ആണ് ആദ്യോദ്ദേശ്യം എന്നു വരുമ്പോൾ, ഇന്നതേ ആരോപിക്കാവൂ എന്നില്ല. തെളിവു വേണമെന്നുമില്ല. അറുപതുകളുടെ അവസാനം ചില മുതിർന്ന നേതാക്കന്മാർക്കെതിരെ ഉണ്ടായ ആരോപണം അന്വേഷിച്ച ഉർദ്ദു കവി ആനന്ദ് നാരയൺ മുല്ല ഒരാരോപകനോട് തെളിവു ചോദിച്ചപ്പോൾ കിട്ടിയത് അദ്ദേഹത്തിന്റെ സ്വന്തം സംശയം മാത്രമായിരുന്നു.


അതൊക്കെ കേട്ടിട്ടാവാം ഒരിക്കൽ എനിക്കെതിരെ ആരോപണം ഉയർന്നു. ശസ്ത്രക്രിയയിൽ ബോധം നഷ്ടപ്പെട്ട റൂസ്‌വെൽറ്റിനെ സഹായിക്കാൻ എഴുതിയ റിപ്പോർട്ടിന് ഞാൻ കമ്മിഷൻ അടിച്ചു എന്നായിരുന്നു കഥ. കഷ്ടം, സത്യമായില്ലല്ലോ! അന്വേഷണം ഉണ്ടായില്ല. ആരോ പണക്കാരന് പിന്നീട് സുഖമില്ലാതായെന്നു കേട്ടു. ആരോ പറഞ്ഞു, ദൈവം തകർക്കാൻ ഉദ്ദേശിക്കുന്നവർക്ക് ആദ്യം തല തിരിയും. ദൈവത്തിനും തല തിരിയുമോ? ഹെയ്ത്തിയിൽ അങ്ങനെയും ഉണ്ടായത്രേ.

(മനോരമയിൽ മംഗളവാദ്യത്തിൽ ഫെബ്രുവരി രണ്ടാം തിയതി വന്നത്)

No comments: