Thursday, February 4, 2010

നിയമവാർത്ത: കവലയും പെരുവഴിയും

ഹിന്ദിയിൽ പൊതുജനം ഭരണകൂടത്തെപ്പറ്റി പറയും: മായി ബാപ് സർക്കാർ. അമ്മയും അച്ഛനും ആകുന്ന സർക്കാർ. എന്റിനും ഏതിനും പോന്ന സർക്കാർ. സർവേശ്വരനെപ്പോലെ സർവവ്യാപിയായ സർക്കാർ. പുതിയ ചിന്തകരും പഴയ ചിന്തകനായ ഗാന്ധിയും ഒരുപോലെ വർജ്ജിക്കണമെന്നു പറയുന്നതാണ് ഇത്: എന്തിലും കയറിവരുന്ന സർക്കാർ. സർക്കാർ തന്നെ ചെയ്താലേ പറ്റൂ എന്നുള്ള കാര്യങ്ങൾ പലതുണ്ട്. പക്ഷേ എല്ലാറ്റിനും സർക്കാരിനെ ആശ്രയിക്കുന്ന സമൂഹം ക്ഷയരോഗിയാകും.


ക്ഷയരോഗിയാകാനാണ് സമൂഹത്തിനു താല്പര്യം എന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ എല്ലാറ്റിനും സർക്കാരിനെ വലിച്ചിഴക്കുന്നത്. സർക്കാരാകട്ടെ, അതിന്റെ സ്വഭാവം കൊണ്ടുതന്നെ, കാര്യക്ഷമത കുറഞ്ഞ സ്ഥാപനമായിരിക്കുകയും ചെയ്യും. നഷ്ടം സഹിച്ച് നക്ഷത്ര ഹോട്ടൽ നടത്താനും, വിമാനം പറത്താനും, മാധ്യമങ്ങളുടെ വേതനവ്യവസ്ഥ നിശ്ചയിക്കാനും സർക്കാർ വേണമെന്നില്ല. പക്ഷേ സർക്കാരിന് അതിന്റെ വ്യാപാരപരിധി വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇഷ്ടം.


സർക്കാരിന്റെ മാത്രമല്ല, നീതിന്യായപീഠത്തിന്റെ ഇഷ്ടവും അതു തന്നെ. ആദർശപരമായി നോക്കിയാൽ, കോടതിയിലേക്കുള്ള യാത്ര എത്ര കുറഞ്ഞിരിക്കുന്നുവോ, അത്ര കൂടിയിരിക്കും സമൂഹത്തിന്റെ ആത്മബലം. തമ്മിലടി കുറവാണെന്നതിന്റെ അടയാളമാണ് വ്യവഹാരത്തിന്റെ കുറവ്. തമ്മിലടി പറഞ്ഞുതീർക്കാൻ കോടതി കയറാതെയും ഏർപ്പാടുണ്ടായിരിക്കും ഉൾക്കരുത്തുള്ള സമൂഹത്തിൽ. അതൊക്കെ പക്ഷേ പണ്ടത്തെ ആദർശകഥ. ഇപ്പോൾ എന്തിനും കോടതി വേണം. കുട്ടിയുടെ തന്തയെ ഉറപ്പിക്കാൻ, കല്യാണം ചിട്ടപ്പെടുത്താൻ, കൊതുകിനെ ഓടിക്കാൻ---എല്ലാറ്റിനും കോടതിയുടെ ഇണ്ടാസ് ഉണ്ടാകുന്നു. ജീവിതം നീതിന്യായവൽക്കരിക്കപ്പെട്ടിരിക്കുന്നു.


ഇനിയൊരു തിരിച്ചുപോക്കില്ല. തന്നെ കാണാൻ വരുന്ന ആർക്കും ചികിത്സിക്കേണ്ട രോഗമുണ്ടെന്നു കരുതുന്ന ഡോക്റ്ററെപ്പോലെ, തന്റെ ഓരോ കക്ഷിയെയും കോടതി കയറ്റണമെന്നാണ് അഭിഭാഷകന്റെ നിലപാട്. ഒരു വക്കീൽ വാദിഭാഗത്തുനിന്നാൽ, പ്രതിഭാഗത്ത് വേറൊരു വക്കീൽ ഉണ്ടാകാതെ തരമില്ല. കേസ് ഒരിടത്ത് തോറ്റാൽ, അനന്തമായ അപ്പീലുകൾക്കായിരിക്കും ശിപാർശ. അങ്ങനെ ബെഞ്ചിലും ബാറിലും എപ്പോഴുംതിരക്കാകുന്നു. വഴക്ക് വാദിച്ചും വിസ്തരിച്ചും പോകുന്നത് പണം വാരുന്ന വ്യവസായമായി മാറുന്നു. നിത്യസംഘർഷം സമൂഹത്തിന്റെ സ്വഭാവമായിത്തീരുന്നു.


എന്നിട്ടും കോടതി കവർ ചെയ്യാൻ ഇന്ത്യൻ പത്രങ്ങൾക്ക് വലിയ ഉത്സാഹമില്ല. സ്ഥിരമായി നിയമകാര്യലേഖകർ ഉള്ള സ്ഥാപനങ്ങൾ കുറയും. ഉള്ള ലേഖകർക്ക് പ്രാധാന്യം ഇല്ലേ ഇല്ല. ഏതെങ്കിലും ഒരു വേന്ദ്രനെ കോടതിയിൽ കൊണ്ടുവരുമ്പോഴേ കോടതി ലേഖകൻ ഗൌനിക്കപ്പെടുകയുള്ളു. അതു കഴിഞ്ഞാൽ, പിന്നെ എഡിറ്റർമാർ അയാളുടെ കോപ്പി തൊടില്ല. തന്റെ മഹഭാരതം ആരും കാണാത്ത ഒരു മൂലയിലെങ്കിലും അച്ചടിക്കണമെന്നു കെഞ്ചുന്ന ലേഖകരെ പലയിടത്തും കണ്ടതോർക്കുന്നു.


എഡിറ്റർമാരെ പറഞ്ഞിട്ടു മാത്രം കാര്യമില്ല. എഴുതിപ്പിടിപ്പിക്കുന്ന കോടതി വാർത്തയും അതുപോലായിരിക്കും. കൃഷൺ മഹാജൻ എന്നൊരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു. നിയമത്തിൽ ഡോക്റ്ററേറ്റ് ഉള്ള സൌമ്യൻ, അധ്വാനശീലൻ. കൃഷന്റെ നിയമഭാഷ ആർക്കും പിടി കിട്ടില്ല. ഏതെങ്കിലും സബ് എഡിറ്റർ തൊട്ടാൽ, അദ്ദേഹം വഴക്കിടും. പത്രാധിപരോട് പരാതി പറയും. നിയമത്തിന്റെ ഭാഷ തൊട്ടുകളിക്കരുത് പിള്ളേർ എന്നായിരുന്നു അദ്ദേഹത്തിന്റെ തീട്ടൂരം. ഒരിക്കൽ, ആ കല്പനയോടുകൂടി കൃഷന്റെ റിപ്പോർട് അടിച്ചുവന്നതിനുശേഷം, അദ്ദേഹത്തിന്റെ കൃതി മുഴുവൻ മാറ്റി എഴുതുന്ന ജോലി എനിക്കായി. എന്റെ കൈക്രിയ അദ്ദേഹത്തിന് ഇഷ്ടമായെന്നു കൂടി നന്ദിയോടെ ഓർക്കുന്നു.


കൃഷണു പോലും പത്രത്തിലെ ഏണിപ്പടികളിൽ ഉയർന്ന സ്ഥാനമായിരുന്നില്ല. കൃഷണുമായി സുപ്രീം കോടതിയിലെ ജോലി പങ്കിട്ടിരുന്ന ഒരു അയ്യർ വക്കീലിന്റെ കറുത്ത കോട്ടണിഞ്ഞേ ആപ്പിസ്സിൽ വന്നിരുന്നുള്ളൂ. അദ്ദേഹം വൈകുന്നേരം വരും, വളരെ ശുഷ്കാന്തിയോടെ കഥ എഴുതും, ഫയൽ ചെയ്യും പോകും. ആരോടും സംസാരിക്കില്ല. ആരും അദ്ദേഹത്തെ കണ്ടതായി നടിക്കില്ല. അദ്ദേഹത്തിന്റെ റിപ്പോർട്ടും കാര്യമായെടുക്കില്ല. മറ്റു പത്രങ്ങളും അതൊന്നും അത്ര കാര്യമായെടുക്കാത്തതുകൊണ്ട്, എന്തെങ്കിലും വിട്ടുപോയതായി പിറ്റേന്നത്തെ വിലയിരുത്തലിൽ ആരും ശ്രദ്ധിക്കില്ല. നിയമലേഖനത്തിന്റെ കഥ അങ്ങനെ പരമ്പരയായി പറഞ്ഞുപോകാം.


വാസ്തവത്തിൽ, കോടതിക്കാര്യം വാദത്തിലും വിധിയിലും ഒതുക്കാൻ ശ്രമിക്കുന്നതാണ് ഈ സ്ഥിതിക്ക് നിദാനം. ശിക്ഷിക്കപ്പെടാവുന്ന ആളെ രക്ഷപ്പെടുത്തുന്ന നിയമതന്ത്രത്തിന്റെ വേഗവും ആവേഗവും ആവാഹിച്ചാൽ, ഒന്നാം താൾ കഥയാവും. വിചാരണക്കെത്തും മുമ്പേ, ഹരജിയിലൂടെ തെളിയുന്ന സംഘർഷവും സംഘട്ടനവും ഒന്നാം താൾ കഥയാവുമെന്ന് മൂന്നു തരം. അഭിപ്രായത്തിന്റെയും അഭിലാഷത്തിന്റെയും സംഘട്ടനവേദിയാണല്ലോ കോടതി. ഓരോ ഹരജിയും ഓരോ വിവാദവും. വിവാദമാണ് വാർത്ത.


എന്നിട്ടും യമമില്ലാതെ നീങ്ങുന്ന നിയമത്തിന്റെ പെരുവഴികളും കവലകളും അളക്കാനോ അടയാളപ്പെടുത്താനോ പത്രങ്ങളിൽ ആനുപാതികമായി അർഹതയുള്ള സ്ഥലം കൊടുക്കാറില്ല. ഹരജി കോടതിയിലെത്തുന്നതിനുമുമ്പുണ്ടാകുന്ന മനുഷ്യബന്ധങ്ങളുടെ ഭഞ്ജനം കൌതുകമുളവാക്കുന്ന കഥയായിരിക്കും. മനുഷ്യബന്ധത്തിന്റെ നീതിന്യായവൽക്കരണവും രസം പകരുന്ന മട്ടിൽ ചർച്ച ചെയ്യാൻ പറ്റും. കോടതിയിലെത്തുന്ന ഹരജിയുടെ പ്രാഗ്രൂപം കണ്ടെത്താനുള്ള ക്ഷമയോ സാവകശമോ നമുക്കില്ല.


ഓരോ വക്കിൽ നോട്ടിസും ഒരു കഥയാകാം. പലപ്പോഴും വക്കീൽ നോട്ടിസ് പലരെയും വിരട്ടാറുണ്ട്. സത്യത്തിന്റെ രക്ഷയുണ്ടെങ്കിൽ വിരളേണ്ട. ഞാൻ ബുദ്ധസന്യാസികളെപ്പറ്റി എഴുതിയ ഒരു കഥ അവരിൽ ഒരാൾക്കുവേണ്ടി ചോദ്യം ചെയ്തത് രാം ജേഠ്മലാനി ആയിരുന്നു. അദ്ദേഹം എന്നെ കോടതി കയറ്റിയില്ല. പത്രാധിപർക്ക് ഒരു കത്തയച്ചതേ ഉള്ളൂ. അത് അച്ചടിച്ചു. ആ പ്രകരണം അവിടെ തീർന്നു.


യൂണിയൻ ക്യാബിനറ്റ് സെക്രട്ടറിയാകാനിരുന്ന സുരേന്ദ്ര സിംഗ് വക്കീൽ നോട്ടിസ് അയച്ചു. ഒരു സൈനികന്റെ വിധവയെ പീഡിപ്പിക്കുന്ന സംഭവത്തെപ്പറ്റിയായിരുന്നു കഥ. സംഭവം വിശദീകരിക്കുകയും അദ്ദേഹത്തിന്റെ വാദം ഒരു കത്തായി കൊടുക്കുകയും ചെയ്തതോടെ അതും തീർന്നും. അങ്ങനെ പിന്നെയും കുറെ പറയാം. തിരിഞ്ഞുനോക്കുമ്പോൾ ഓരോന്നും വീണ്ടും വീണ്ടും അന്വേഷിച്ചുപോകാവുന്നതും രസകരമായി പറയാവുന്നതുമായ കഥകളായിരുന്നുവെന്ന് വ്യക്തമാകുന്നു. പക്ഷേ എന്തുകൊണ്ടോ അത്തരം അന്വേഷണം നടക്കുന്നില്ല. താല്പര്യം ഇല്ലാത്തതുകൊണ്ടോ അതോ കൂടുതൽ താല്പര്യം ഉള്ളതുകൊണ്ടോ? .

(തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ ഫെബ്രുവരി നാലിനു വന്നത്)

No comments: