Thursday, February 11, 2010

വയലാർ മുതൽ കോടിയേരി വരെ

വയലാർ രവിയെ ആലുവ ഗസ്റ്റ് ഹൌസിൽ വെച്ചു കണ്ടുമുട്ടിയത് പതിനഞ്ചു കൊല്ലത്തിനുശേഷമായിരുന്നു. അന്നും എന്നെ ഓർത്തുവത്രേ. വാസ്തവത്തിൽ ഞാൻ വഴിയുണ്ടായ കുരുക്കായിരുന്നു പഴകാൻ അറച്ചുനിന്ന ഓർമ്മ. രവി ഓർത്തു: “ഞാൻ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ, എന്തൊരു പുകിൽ ആയിരുന്നു? അന്ന് ആരോ വന്നു, പോയി. അത്രയേ ഉണ്ടായുള്ളു. ഇന്നോ? ആരോ വരുന്നു, തടയുന്നവരെ തല്ലുന്നു, തടി തപ്പുന്നു. കോടിയേരിക്കെതിരെ ആരും ഒന്നും മിണ്ടുന്നില്ലല്ലോ.”

രവി ചികഞ്ഞെടുത്ത കാൽ നൂറ്റാണ്ടു മുമ്പത്തെ സംഭവം അത്ര നിസ്സരമല്ല. ഒരു ദിവസം രണ്ടു കുവൈത്തികൾ പറന്നു വരുന്നു. സർക്കാർ അതിഥികളാക്കിയ അവരെ അഹമ്മദിന്റെയും ബീരാന്റെയും ഗുമസ്തന്മാരും കുഞ്ഞാലിക്കുട്ടിയും കൂട്ടരും വരവേൽക്കുന്നു, നാടാകെ കൊണ്ടുനടക്കുന്നു. പിന്നെ ഷെയ്ക്കുമാർ എങ്ങോട്ടോ പോകുന്നു. മൂന്നു മാസം കഴിഞ്ഞ് ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തുന്നു, ഇവിടെ കാലു കുത്താൻ പാടില്ലാത്തവരായിരുന്നു അവർ. അനഭിമതർ.

പുകിലായി. കിളി പറന്നുപോയശേഷം കൂട്ടിൽ പൊലിസ് പരതാൻ തുടങ്ങി. പൊലിസ് മന്ത്രി പകച്ചു നിന്നു. പൊലിസ്--പൊലിസല്ല, പൊലിസ് മന്ത്രി--ഉറക്കം തൂങ്ങുകയാണെന്ന് മുഖ്യൻ തഞ്ചം നോക്കി തട്ടി. ഒടുവിൽ വകുപ്പ് വയലാറിൽനിന്ന് പിടിച്ചു വാങ്ങി. പണ്ടെന്നോ വന്നു പോയെന്നു കേട്ടവർ എട്ടു പെട്ടി കൊണ്ടുവന്നിരുന്നെന്ന് നായനാർ തിട്ടപ്പെടുത്തി. അതിലൊന്ന് എം വി രാഘവനും കിട്ടിക്കാണുമെന്ന് അച്യുതാനന്ദന് വെളിപാടുണ്ടായി. മാധ്യമങ്ങൾക്ക് എന്തു കോളായിരുന്നു!

രവിയുടെ ഖേദം ന്യായം തന്നെ. അന്നുണ്ടായലൊരു മന്ത്രിവേട്ട കോടിയേരി ബാലകൃഷ്ണൻ നേരിടുന്നില്ല, അന്നത്തെക്കാൾ കോലാഹലത്തിനു ഇന്നു വകയുണ്ടെങ്കിലും. ഇന്നിപ്പോൾ ആരോ വിമാനത്താവളം വിട്ടിറങ്ങുന്നു; തടയാൻ നോക്കിയ പൊലിസിനെ തല്ലുന്നു; തടി തപ്പുന്നു. അവരെ വാഴ്ത്താനെന്നോണം, ആദ്യം തല്ലുകൊണ്ടെന്നു പറഞ്ഞവർ തല്ലു കിട്ടിയില്ലെന്ന് ആണയിടുന്നു. തല്ലി തടി തപ്പിയവരുടെ പിടിപാട് കുറച്ചൊന്നുമാവില്ല. വേറൊന്നാണ് കുഴഞ്ഞുമറിഞ്ഞ ചോദ്യം: അവർ കോടതിയിൽ ഹാജരാകണോ? അത്ഭുതമെന്നു പറയട്ടെ, ഹാജരാകുകതന്നെ വേണമെന്ന് സർക്കാർ വക്കീൽ വാദിച്ചിരിക്കുന്നു.

സർക്കാർ വക്കീൽമാർ സൂക്ഷിക്കണം. സർക്കാരിന്റെ സഹതാപം എപ്പോഴും കിട്ടിയെന്നുവരില്ല. മഹാനായ വി ജി ഗോവിന്ദൻ നായരുടെ അനുഭവം ഉദാഹരണം. മദനിയുടെ ഭാര്യക്ക് മുൻ കൂർ ജാമ്യം കൊടുക്കരുതെന്ന് അദ്ദേഹം വാദിച്ചു. അതിന്റെ പേരിൽ അദ്ദേഹം മദനിയിൽനിന്നു കേട്ടതൊന്നും വക്കീലല്ലാത്തവരും കേൾക്കാനിഷ്ടപ്പെടില്ല. വക്കീലിന്റെ വ്യക്തിപരവും സാമൂഹ്യവുമായ സ്വത്വം ചോദ്യം ചെയ്യപ്പെടുകയായിരുന്നു. നിയമപരമായ കർത്തവ്യം കോടതിയിൽ നിർവഹിക്കുന്ന വക്കീലിനെതിരെ നിയമേതരമായ ആരോപണം ഉന്നയിക്കുന്നതും ഒരു തരം കോടതിയലക്ഷ്യമല്ലേ? ആ വഴിക്കു നോക്കുന്നതു പോയിട്ട്, സർക്കാർ വക്കീലിനെതിരെയുണ്ടായ അവഹേളനത്തെ അപലപിക്കാൻ പോലും ഒരു ചുവന്ന നാവും പൊങ്ങിയില്ല. .

വക്കീൽമാരുടെ പ്രകടനമോ? പൊലിസിനെ കോടതി നിർത്തിപ്പൊരിക്കുമ്പോൾ, അവരുടെ വശം ഫലപ്രദമായി പറഞ്ഞുകേട്ടില്ല. അങ്ങനെ പറയാൻ വയ്യാത്ത സ്ഥിതി ആണെന്നുണ്ടോ? പലവട്ടം കോടതി തട്ടിക്കേറി. ഒടുവിൽ ഹൈക്കോടതി പറഞ്ഞതിലെ പിശകെല്ലാം എണ്ണിപ്പറഞ്ഞ് ഹയർ കോടതിയിൽ പോകാൻ നിശ്ചയിച്ചിരിക്കുന്നു. സർക്കാരിന് ഒരു അക്കിടി കൂടി പറ്റി. വേറെ ഏതെങ്കിലും ഏജൻസിയെക്കൊണ്ട് കേസന്വേഷിപ്പിക്കുന്നതിൽ സംസ്ഥാന പൊലിസിന് എതിർപ്പില്ലെന്നൊരു ഏറ്റുപറച്ചിൽ. പരവിശ്വാസമില്ലേങ്കിൽ വേണ്ട, ആത്മവിശ്വാസമെങ്കിലുമുള്ള ഒരു ക്രമസമാധാനസേനക്കു ചേർന്നതാണോ ആ നിലപാട്? അതാണ് ആത്മസന്ദേഹത്തിന്റെ അടയാളം.

മാധ്യമപ്രചാരണവും കോടതിയുടെ സമീപനവും വഴി ആ സന്ദേഹം ആളിപ്പടർന്നോ, ആ സന്ദേഹം കാരണം ജനവിശ്വാസം ആടിയുലഞ്ഞോ എന്നൊക്കെ തർക്കിക്കാം. രണ്ടായാലും പൊലിസ് കൂട്ടിൽ കയറുന്നത് ആർക്കും നന്നല്ല. ചെറിയൊരു കാര്യം നോക്കൂ. മുതിർന്ന ഒരു ഉദ്യോഗസ്ഥനെതിരെ എന്തൊക്കെയോ കൊള്ളരുതായ്മ കോടതിക്ക് എഴുതി അയച്ച ഒരാളെ പൊലിസിനു കാണാനാവുന്നില്ല. അയാളുടെ “ഇല്ലായ്മ“ തിരഞ്ഞെത്തിയാൽ എന്തൊക്കെ കാണും? ക്രമസമാധാനസേനയുടെ ക്രമത്തിന്റെ സൂചന തീർച്ചയായും കാണും. ചരിത്രം നോക്കിയാൽ, ക്രമസമാധാനത്തിന്റെ അടിസ്ഥാനത്തിലേ കമ്യൂണിസ്റ്റ് സർക്കാരുകൾ വിലയിരുത്തപ്പെട്ടിട്ടുള്ളൂ. അതായിരുന്നു എന്നും അവരുടെ നടുവേദനയും.

രവിയുടെ പരിദേവനത്തിലേക്കു മടങ്ങാം. ഇത്രയൊക്കെയായിട്ടും കോടിയേരിക്ക് തന്റേതുപോലൊരു പുകിൽ ഉണ്ടാവുന്നില്ലല്ലോ. വയലാറിന്റെ പാർട്ടി തന്നെ മറുപടി പറയട്ടെ. പക്ഷേ അദ്ദേഹത്തിന്റെ വകുപ്പും, പിന്നെ മന്ത്രിപദവും, കരുണാകരൻ തെറിപ്പിച്ചപോലെ, കോടിയേരിയെ അച്യുതാനന്ദൻ കൈകാര്യം ചെയ്യുമെന്ന പൂതി വേണ്ട. ഒന്നും രണ്ടും പറഞ്ഞും, പോര് മുറുകുമ്പോൾ പിൻ വലിഞ്ഞും, മുഖ്യനായി മിനുങ്ങണമെന്നേ വിഎസ്സിനുള്ളൂ. അതും ഒരു വിപ്ലവം!

(ഫെബ്രുവരി ഒമ്പതിന് മനോരമയിൽ മംഗളവാദ്യത്തിൽ വന്നത്)

No comments: