Friday, June 5, 2009

ഹവില്‍ദാര്‍ മാത്യു

ഹവിൽദാർ മാത്യുവിന്റെ ഫോൺ
കെ ഗോവിന്ദൻ കുട്ടി


ഇന്നായിരുന്നെങ്കിൽ ഹവിൽദാർ മാത്യുവിന്റെ സഹായം വേണ്ടിവരില്ല. അതിന് നന്ദി തോന്നുന്ന പ്രശ്നവുമില്ല.
പക്ഷേ ഇന്നല്ലല്ലോ അന്ന്‌. അന്ന്‌, എഴുപത്തിയേഴിലെ ഒരു നവംബർ രാത്രിയിൽ, നാണക്കേടിനും എനിക്കും ഇടയിൽ നിന്നത്,
ഒരിക്കൽ മാത്രം കണ്ടുമറന്ന ആ പട്ടാളക്കാരനായിരുന്നു. ചതുരമുഖവും ഇരുണ്ട നിറവുമുള്ള ആ പത്തനംതിട്ടക്കാരനെ അതിനുമുമ്പോ
പിമ്പോ കാണാൻ ഇടയായിട്ടില്ല.

ജോർഹടിലെ കരസേനത്താവളത്തിൽ ഞങ്ങൾ, പി ടി ഐ ലേഖകൻ എൻ വി കെ സ്വാമിയും ഞാനും, എത്തിപ്പെട്ടപ്പോൾ, പടിവാതിലിനോടു
ചേർന്ന ഒരു മുറിയിൽ ഡ്യൂടിയിലുണ്ടായിരുന്ന ഹവിൽദാരായിരുന്നു മാത്യു. ഏഴെട്ടു കിലോമീറ്റർ വലിഞ്ഞുനടക്കേണ്ടിയിരുന്നു
അവിടെ എത്താൻ. വഴിനീളെ ദുർഘടം. ഏറെ ദൂരവും കുറ്റിക്കാടുകൾക്കിടയിലൂടെ, ഇരുട്ടിലൂടെ, ഇഴയുന്ന ഒറ്റയടിപ്പാത. പന്തവുമേന്തി
മുന്നിൽ നടന്ന വഴികാട്ടി ഞങ്ങൾക്കറിയാത്ത ഭാഷയിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ കാലത്തെ വരിഞ്ഞുകെട്ടാമെന്ന
അഹങ്കാരമായിരുന്നു ഞങ്ങളുടെ ഉള്ളിൽ.

നല്ല പശപ്പറ്റുള്ള ചളി നിറഞ്ഞ പാടത്ത് തകർന്നുവീണ പുഷ്പകത്തിൽനിന്ന് ചാടിയോടിപ്പോന്നതായിരുന്നു ഞങ്ങൾ. മരിച്ചില്ലെന്ന അറിവ്
ഉദിച്ചപ്പോൾ, അത് നാട്ടുകാരെ അറിയിക്കാനായി കൂടുതൽ ഉത്സാഹം. മരണത്തിന്റെ സ്വഭാവം ആണതെന്നു തോന്നുന്നു. മരണം വരുന്നതുവരെയേ
പേടി തോന്നുകയുള്ളു; വരാതെ അത് തൽക്കാലം വഴിമാറിപ്പോകുന്നതു കാണുമ്പോൾ, കുറേ നേരം ആശ്വാസം അനുഭവപ്പെടും; പിന്നെ നമ്മൾ
പഴയ വീരസ്യങ്ങളിലേക്ക് വീണ്ടും വഴുതി വീഴുന്നു.

ഞാൻ മരിക്കാതിരുന്നതുകൊണ്ട്, മരിച്ചുകൊണ്ടിരുന്ന വിംഗ് കമാണ്ഡർ ഡി ലിമയുടെ നെഞ്ചിൽ ഒട്ടുനേരം യാന്ത്രികമായി അമർത്തിക്കൊണ്ടിരിക്കാൻ
ഇടയായി. ഇരുട്ടിൽ അങ്ങനെ ചെയ്യാൻ ആരോ എന്നെ നിയോഗിച്ചു. കോക്പിറ്റിൽനിന്ന് തെറിച്ചുവീണുകിടക്കുകയായിരുന്നു മാസ്റ്റർ ഗ്രീൻ മുദ്രയുള്ള
വി ഐ പി വൈമാനികൻ. സഹായിയായിരുന്ന മാത്യു സിറിയക്കും വേറെ രണ്ടുപേരും ഡി ലിമയെപ്പോലെ മരിച്ചു.
മരിക്കാതിരുന്നവർ അവരേക്കാൾ ഭാഗ്യവാൻമാരും പ്രശസ്തരുമായിരുന്നു. അതുകൊണ്ടുതന്നെഅവരുടെ കാര്യവും കഥയും എല്ലാവരും
കൂടുതൽ കുതൂഹലത്തോടെ പറയുകയും കേൾക്കുകയും ചെയ്തു.

മരിക്കാത്തവരിൽ ഒരാൾ പാടത്തിന്റെ കരക്ക്, തകർച്ചയുടെ ഒച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ താങ്ങിക്കൊണ്ടുവന്ന കയറ്റുകട്ടിലിൽ
ഇരിക്കുകയായിരുന്നു. ചുറ്റും പേറ്റിച്ചുവിറക്കുന്ന അകമ്പടിക്കാർ. ചൂട്ടുകളുടെ വെളിച്ചത്തിൽ മൂക്കിനു താഴെ ചോര തിളങ്ങിക്കണ്ടു. കൃത്രിമദന്തം കാണാനില്ല.
അതുകൊണ്ടൊന്നും ഉലയുന്ന ആളായിരുന്നില്ല പ്രധാനമന്ത്രി മൊറാർജി ദേശായി. വ്യോമസേനയുടെ തകർന്ന വിമാനത്തിൽനിന്ന്
പ്രധാനമന്ത്രി ദേശായി രക്ഷപ്പെട്ട വിവരം ലോകത്തെ അറിയിക്കാനുള്ള തിടുക്കത്തിൽ, നേരിൽ കണ്ട മരണം വഴി മാറിപ്പോയതിന്റെ സന്തോഷം
ഓർത്തുരസിക്കാൻ സമയം ഉണ്ടായിരുന്നില്ല.

ടെലഫോൺ ശൃംഖലയിൽ, അക്കാലത്ത് വികസിതനഗരങ്ങളിൽ പോലും എസ് ടി ഡി സൌകര്യം ഏർപ്പെടുത്തിവരുന്നതേ ഉണ്ടായിരുന്നുള്ളു.
അസം പോലുള്ള കിഴക്കൻ പ്രദേശങ്ങളിൽ അതെത്താൻ എത്രയോ കാലം പിന്നേയും വേണ്ടിവന്നു. എന്തൊക്കെയോ സൌകര്യം, വിമാനം വീണ
പാടത്തുനിന്ന് ഏഴെട്ടുകിലോമീറ്റർ അകലെയുള്ള സൈനികകേന്ദ്രത്തിൽ ഉണ്ടെന്നു പറഞ്ഞ് ഞങ്ങളെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയ തലേക്കെട്ടുകാരന്റെ
ഒരു കയ്യിൽ പന്തവും മറുകയ്യിൽ ഊന്നുവടിയുമുണ്ടായിരുന്നു. ആ പന്തത്തിന്റെ വെളിച്ചവും പേരറിയാത്ത ആ സൌമനസ്യത്തിന്റെ തെളിച്ചവും പിന്നീടുവന്ന
സ്തോഭജനകമായ വിവരണങ്ങളിലൊന്നും പരാമർശിക്കപ്പെടുകയുണ്ടായില്ല--പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യുവിന്റെ പേർ ആരും ഒരിടത്തും
ഒരിക്കലും ആ പ്രകരണത്തിൽ പറയാതിരുന്നതുപോലെ.

മാത്യുവിന്റെ മുമ്പിലുള്ള ഫോൺ കണ്ട പാടേ എന്റെ സുഹൃത്ത് സ്വാമി അത് കടന്നുപിടിച്ചു. ഒന്നും ചാടിപ്പിടിക്കാൻ മിടുക്കില്ലാത്ത ഞാൻ അന്തിച്ചുനിന്നു.
ഷില്ലോങ്ങിലേയും കൊൽക്കത്തയിലേയും ഡെൽഹിയിലേയും ഗുവഹത്തിയിലേയും പി ടി ഐ ഓഫിസുകളുടെ എത്രയോ നമ്പറുകൾ സ്വാമി
തുരുതുരെ ആർമി എക്സ്ചേഞ്ചിലേക്ക് വിളിച്ചുപറഞ്ഞു. അതോരോന്നും വിളിച്ചുനോക്കിയിട്ടുവേണം പാവം എന്റെ ഊഴം വരാൻ. അപ്പോഴേക്കും അന്നുരാത്രിയിലെ
വാർത്താപ്രക്ഷേപണം ആകാശവാണി അവസാനിപ്പിച്ചുകാണും. പിന്നെ എനിക്ക് പൂരം കാണാൻ പോയ നായയുടെ സ്ഥനമേ ഏറിയാൽ
കാണുകയുള്ളു. മാത്യുവിന് എന്നോട് ദയ തോന്നിയോ? തോന്നിയെങ്കിൽത്തന്നെ എന്തു ചെയ്യാൻ? സ്വാമിയുടെ അശ്വമേധം കണ്ട്, അത്ഭുതത്തോടെ
മാത്യുവും അങ്കലാപ്പോടെ ഞാനും ഒന്നും മിണ്ടാതെ, നിർത്താതെ പുക വലിച്ചുകൊണ്ടിരുന്നു.

ഒടുവിൽ മാത്യ്യു ഫോൺ എനിക്കു നീട്ടിയപ്പോൾ, എന്റെ ലോകത്തിലെ കാലത്തിന്റെ ദൈർഘ്യം വെറും അഞ്ചു മിനിറ്റായി ചുരുങ്ങൂന്നതുപൊലെ തൊന്നി.
അതുകൊണ്ട് ഞാൻ ഒരു കാളും ബുക് ചെയ്യേണ്ടെന്നു വെച്ചു. തകർന്ന വിമാനത്തിൽനിന്നു രക്ഷപ്പെട്ട പ്രധാനമന്ത്രി എവിടെ ഉണ്ടെന്ന കാര്യം ആകാശവാണിയുടെ
ഡൽഹിയിലെ ജനറൽ ന്യൂസ്റൂമിൽ അറിയിക്കണമെന്ന അപേക്ഷ മാത്രമേ ഓപറേറ്ററോടു പറയാനുണ്ടായിരുന്നുള്ളു. അടുത്ത നിമിഷം ഫോൺ
ശബ്ദിച്ചപ്പോൾ, സ്വാമി ചാടിയെടുത്തു. പക്ഷേ അതെനിക്കുള്ള കാൾ ആയിരുന്നു. എന്റെ സന്ദേശം തീർന്നപാടേ സ്വാമി തന്റെ അക്ഷമയും അരിശവും
ഫോണിലൂടെ വാരി എറിഞ്ഞു. അതുകേട്ട് ഫോൺ വിരണ്ടുമരിച്ചു. അപ്പോൾ മാത്യുവിന്റെ ചുണ്ടിൽ നേരിയ ഒരു ചിരി പരക്കുകയായിരുന്നു.

ഓരോ തവണയും കേമത്തം കൊട്ടിഘോഷിക്കുമ്പോൾ, മനസ്സ് മന്ത്രിക്കും: ആരുമറിയാത്ത പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യുവിന്റെ സൌമനസ്യം
ഉണ്ടായിരുന്നില്ലെങ്കിൽ, തലയിൽ മുണ്ടിട്ടു നടക്കേണ്ടിവന്നേനെ. പക്ഷേ മാത്യുമാർ കാലഹരണപ്പെട്ടിരിക്കുന്നു. ഇന്നാണെങ്കിൽ മാത്യുവിന്റെ ഫോൺ
തേടിപ്പോവേണ്ട. മാത്യുവിനെ കാണുക പോലും വേണ്ട. ഏഴെട്ടുകിലോമീറ്റർ നടക്കേണ്ട. അതൊന്നുമില്ലാതെത്തന്നെ തകരുന്ന വിമാനത്തിന്റേയും
മരിക്കുന്ന വൈമാനികന്റേയും മരിക്കാതിരിക്കുന്ന പ്രധാനമന്ത്രിയുടേയും ശബ്ദവും രൂപവും തത്സമയം എല്ലാവരേയും അറിയിക്കാമെന്നായിരിക്കുന്നു;
എല്ലാം എല്ലാവർക്കും എപ്പോഴും ഏതാണ്ടൊക്കെ ഒരേ സമയം അറിയാമെന്നായിരിക്കുന്നു. അപ്പോൾ മാത്യുവിന്റെ സൌമനസ്യം അപ്രസക്തമാവുന്നു
എന്നു മാത്രമല്ല, വീർസാഹസികതക്കുള്ള സാധ്യത ഏറെ കുറയുകയും മായികശോഭയുണ്ടായിരുന്ന സ്കൂപ് പഴകിയ ഒരു നോവൽ വിഷയമായി
മാറുകയും ചെയ്യുന്നു. അഥവാ സ്കൂപ്പ് വേണ്മെങ്കിൽ, ഇർവിംഗ് വാലസിന്റെ നോവലിലെ ദൈവം ചമയുന്ന പത്രമുടമയെ മാതൃകയാക്കേണ്ടിവരും. സ്കൂപ്
വേണമെന്നു തോന്നുമ്പോഴെല്ലാം, ഞെട്ടിപ്പിക്കുന്ന എന്തെങ്കിലും കൃത്യം ചെയ്ത് മറയുന്ന ഒരു ഭീകരസംഘത്തെ പുള്ളിക്കാരൻ സ്വന്തം ചിലവിൽ
രഹസ്യമായി പോറ്റിവളർത്തിയിരുന്നു.
(തേജസ്സില്‍ കാലക്ഷേപം എണ്ണ പംക്തിയില്‍ പ്രസിദ്ധീകരിക്ചത്)

chiri

ചിരി വിളയുന്ന വിപ്ലവം
കെ ഗോവിന്ദന്‍ കുട്ടി




ഒടുക്കത്തെ ചിരി ചിരിക്കുന്നയാളുടെ ഒടുക്കമാകണമെന്നില്ല. കൊളോണിയ‍ലിസത്തിന്റെ ഭാഷയില്‍, ഒടുക്കം ചിരിക്കുന്നയാളാകും വിജയി. ഒടുക്കം എന്ന പദം ദേശാഭിമാനപുരസ്സരം ഊന്നിപ്പറയുന്ന വാമൊഴിവഴക്കത്തിലേ ചിരിക്കുന്ന ആളുടെ ഒടുക്കം എന്ന അര്‍ഥം കിട്ടുകയുള്ളു. അതൊന്നും അറിയാത്ത ആളല്ല വി എസ്, ക്ലാസിക്കല്‍ സഖാക്കളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന, ചിരിക്കുന്ന വിപ്ലവകാരി. വിപ്ലവകാരികള്‍ ചിരിക്കാറില്ല--ബുദ്ധന്‍ ചിരിക്കാത്തതു പോലെ. പൊഖ്രാനിലെ ആദ്യത്തെ സ്ഫോടനമായിരുന്നു ബുദ്ധന്റെ ആദ്യത്തെ ചിരി--ഒടുക്കത്തേയും. ആ ഒരൊറ്റ ചിരി വഴി തഥാഗതന്‍ നമ്മുടെ സ്വീകരണമുറികളില്‍ അലങ്കാരവസ്തുവായി ശരണം നേടിയിരിക്കുന്നു.

വൈരുദ്ധ്യം കണ്ടാല്‍, ബുദ്ധനായാലും വി എസായാലും, ചിരിക്കും. ചിരിക്കാതെന്തു ചെയ്യും? ചിലപ്പോള്‍ ചിരിച്ചു ചാവേണ്ടിവരും,സ്യൂക്സിസിനെ പോലെ. ധനികയും വിരൂപയുമായ ഒരു സ്ത്രീയുടെ കല്പനപ്രകാരം,ഒരിക്കല്‍ ആ യവനചിത്രകാരന്‍ വീനസിന്റെ പടം വരച്ചു. അവര്‍ തന്നെ അതിന് മോഡല്‍ ആകണമെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമായിരുന്നു. വരച്ചുകഴിഞ്ഞപ്പോള്‍, ഏറെക്കുറെ വൈരുദ്ധ്യാധിഷ്ഠിതമെന്നു പറയാവുന്ന തന്റെ ചിത്രം നോക്കി സ്യൂക്സിസ് ചിരിച്ചു, മരിച്ചു. ഫലിതം മനസ്സില്‍ നിറഞ്ഞപ്പോള്‍ മരണം വരികയായിരുന്നു.

വി എസിനറിയാത്തതല്ല, ഓരോരോ കോമാളിത്തമോര്‍ത്തുള്ള അത്തരം ചിരി യുദ്ധകാരണവുമാകാം. സ്ഥലജലഭ്രമം മൂത്ത് രാജസഭയില്‍ മുണ്ടുപൊക്കിനടന്ന ദുര്യോധനനെ നോക്കി പാഞ്ചാലി കുലുങ്ങിച്ചിരിച്ചിരുന്നില്ലെങ്കില്‍, കര്‍ണ്ണന്റെ തന്തയാരെന്നു തിരക്കി പരിഹസിച്ചിരുന്നില്ലെങ്കില്‍, പിന്നീടൂണ്ടായ ചൂതും മുണ്ടുരിയലും വനവാസവും പോരുമൊക്കെ ഒഴിവാക്കാമായിരുന്നില്ലേ? യവനപുരാണത്തിലും ചിരിയെത്തുടര്‍ന്നുവരുന്ന യുദ്ധം കാണാം. പോസ്ത്യൂമിയസ് എന്ന റോമന്‍ സ്ഥാ‍നപതിയുടെ ഉച്ചാരണത്തിലെ അഭംഗി കേട്ട് ചില യവനര്‍ ചിരിച്ചപ്പോള്‍, അദ്ദേഹം പുലമ്പിയത്രേ: “ചിരിക്കൂ. ഒടുക്കത്തെ ചിരി ചിരിക്കൂ. എന്റെ വസ്ത്രം നിങ്ങളുടെ ചോരകൊണ്ട് കഴുകും വരെ ചിരിക്കൂ.” പറഞ്ഞതുപോലെ നടക്കുകയും ചെയ്തു. അത്രയൊന്നും കരുതിക്കാണില്ല “ഒടുക്കത്തെ ചിരി”യെപ്പറ്റി ഉപന്യസിച്ച ദേശാഭിമാനം.

വി എസിനറിയാത്തതല്ല, പലതരത്തിലുള്ള ചിരിയില്‍ കൊലച്ചിരിയും പെടുന്നു. കൊല്ലണമെന്നു കരുതിക്കൊണ്ടോ കൊന്നതിനുശേഷമോ ചിരിക്കുന്ന ചിരി കൊലച്ചിരി. ചുമന്ന ഭാഷയില്‍ ചിലര്‍ അതിനെ ഒടുക്കത്തെ ചിരിയെന്നും വിളിക്കും. ഡാര്‍വിന്‍ അതിനെ മാരകമായ ഒരു പ്രാകൃതവാസനയായി വ്യാഖ്യാനിച്ചു. പിന്നെ, മറ്റുള്ളവരെ കളിപ്പിച്ച്, കേമത്തം നടിച്ചു ചിരിക്കാം. അവനവന്‍ കളിപ്പിക്കപ്പെട്ടാല്‍ വിഡ്ഢിച്ചിരി ചിരിക്കാം. രണ്ടും ഡാര്‍വീനിയന്‍ പ്രാകൃതവാസനയുടെ കൂട്ടത്തില്‍ കൂട്ടാമോ? ഏതോ രോഗംകൊണ്ട് ചിരിക്കാം. ഏതോ രോഗം ഭേദപ്പെടുത്താനും ചിരിക്കാമെന്ന് ആനന്ദോത്സവക്കാര്‍ പറഞ്ഞുനടക്കുന്ന കാര്യവും വി എസിനറിയാത്തതല്ല.

എതുതരത്തില്‍ ‍പെട്ടതായാലും, ചിരിയുടെ പാരമ്പര്യം മറ്റേതുകൂട്ടരേക്കാളും കൂടുതല്‍ അവകാശപ്പെടുന്നു വി എസിന്റെ നാട്ടുകാര്‍. നമ്പ്യാര്‍ മുതലെങ്കിലും അതു നീണ്ടുകിടക്കുന്നു, ജഗതി വരെ. പിന്നേയും അവരുടെ നിര നീളുന്നു, നിഴലായും രൂപമായും, ടെലിവിഷനിലും രംഗത്തും, വി എസിനെ അനുകരിക്കുന്നവരോളം. അനുകരിക്കപ്പേടുന്ന വി എസ് അസ്സല്‍ വി എസിനേക്കാള്‍ ചിരി പടര്‍ത്തുന്നു. അതത്രേ ചിരിയുടെ മനശ്ശാസ്ത്രം: യാഥാര്‍ഥ്യത്തേക്കാള്‍ കാണാന്‍ രസമായിരിക്കും അതിന്റെ നീണ്ട നിഴല്‍. വി എസ്, പക്ഷേ, യാഥര്‍ഥ്യം തന്നെ നോക്കി ചിരിക്കുകയായിരുന്നു.

ഒടുക്കത്തെ ചിരിയുടെ ഭാഷ്യം ഇറക്കിയവര്‍ക്ക് അറിയാത്തതല്ല, ചിരിക്കാനുള്ളതാണ് വാസ്തവത്തില്‍ ഒടുക്കത്തെ സ്വാതന്ത്ര്യം. അത്, എന്നുവെച്ചാല്‍, ചൊറിച്ചില്‍ ഉണ്ടാക്കുന്ന ചിരി, തടയുകയാണ് വിപ്ലവത്തിന്റെ ആവശ്യം. സമരവീര്യം നുരയുമ്പോള്‍ ആരും തൊലിച്ചുനില്‍ക്കാന്‍ പാടില്ല. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍, ശങ്കര്‍ തന്റെ വാരിക പൂട്ടിക്കൊണ്ടെഴുതി, എകാധിപത്യത്തില്‍ ആരും ചിരിക്കാറില്ല. കനാന്‍ ബനാന എന്ന എകാധിപതി, തന്റെ പേര്‍ ഉച്ചരിച്ച് ചിലര്‍ ചിരിക്കുന്നുണ്ടെന്നു കേട്ട്, അത് ശബ്ദതാരാവലിയില്‍ിനിന്ന് നീക്കം ചെയ്തു. പിന്നെ ആര്‍ എന്തു കണ്ടും കേട്ടും എങ്ങനെ ചിരിക്കും? അങ്ങനെയൊരു തമസ്കരണം തല്‍ക്കാലം സാധ്യമല്ലെന്നതാണ് മുതലാളിത്തത്തിന്റെ വിജയം.

പണ്ടൊരിക്കല്‍ മാവോവിന്റെ മുഖത്ത് എന്തോ ചലനം കണ്ടപ്പോഴും ഇതുപോലൊരു പുകിലുണ്ടായി. അത് ചിരിയായിരുന്നോ? എങ്കില്‍ ചങ്ങാത്തത്തിന്റെയോ ചതിയുടെയോ? ചര്‍ച്ച ഏറെക്കാലം പൊടിപൊടിച്ചു. മാവോവിന്റെ ചിരിയും ലോകസമാധാനവും ആയിരുന്നു എല്ലാ സദസ്സുകളിലും ഇഷ്ടവിഷയം. പിന്നെ ചിരി നിന്നു. അങ്ങനെയിരിക്കേ, ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട ചില ചൈനീസ് കമ്പ്യൂടര്‍ വിരുതന്മാര്‍ ഒരു ചോദ്യം വാരി എറിഞ്ഞു: “ചൈനയുടെ നേതൃത്വം മൂര്‍ഖന്മാരുടെ കയ്യിലാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?” “ഇല്ല” എന്ന് ഉത്തരം അടിച്ചാല്‍ ഉടന്‍ കമ്പ്യൂടര്‍ നിലച്ചുപോകും. ആ വികൃതിയുടെ പേരില്‍ ‍ഉയരുന്നത് ഒടുക്കത്തെ ചിരി അല്ലെന്ന് വി എസിനെ ദുഷിക്കുന്നവര്‍ക്ക് അറിയാത്തതല്ല. അവര്‍ അങ്ങനെ പറയുന്നുവെന്നേയുള്ളു. ചിരിക്കരുത്. ‍

(മേയ്‌ ഇരുപത്തിനാലിന്‍ മനോരമയില്‍ പ്രസിദ്ധീകരിക്ചത് )
...

Monday, April 6, 2009

ഉറങ്ങാന്‍ ഒരു നേരം!

ഓര്‍മ്മയുടെ അക്കരെനിന്നായിരുന്നു ശ്യാമപ്രസാദിന്റെ ചോദ്യം:
“സാര്‍ ഉറങ്ങിപ്പോയോ?”
വാസ്തവത്തില്‍ ഞാന്‍ മരിക്കുകയായിരുന്നു.

മുകളില്‍നിന്ന് വെളിച്ചം കോരിച്ചൊരിയുന്നു. ചുറ്റും പരിഭ്രമത്തിന്റെ രൂപങ്ങള്‍.
വലത്തുവശത്ത് നഴ്സുമാര്‍. നെറ്റിയില്‍ ഉരസുന്ന സാരിത്തുമ്പ്. ഇടത്ത് ഡോക്റ്റര്‍ ശാന്തന്‍.
വാതില്‍ക്കല്‍നിന്ന് ശാംദത്ത് ഉറ്റുനോക്കുന്നു, ചെരിഞ്ഞുനോക്കുന്നു,
ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നു, ക്യാമറയിലൂടെ.

ഒരു വട്ടം. രണ്ടുവട്ടം. മൂനുവട്ടം.
പിന്നെ ആവര്‍ത്തനത്തിന്റെ അലകളില്‍ ഞാന്‍ മയങ്ങിക്കാണും,
ചൂടും വെളിച്ചവും വിയര്‍പ്പും ബഹളവും രസിച്ചുകാണും.

ഉണരാത്ത ഉറക്കാത്തില്‍നിന്നു ചാടിയെണീറ്റ ഒരു ഹങ്കേറിയന്‍ എഴുത്തുകാരനെ
ഓര്‍ത്തുപോകുന്നു. ദ് ലാസ്റ്റ് മേനുസ്ക്രിപ്റ്റ് എന്ന ചിത്രത്തിലെ ആ കഥാപാത്രം,
ശവപ്പെട്ടിയുടെ മൂടി തട്ടിമാറ്റി പുറത്തുവരികയായിരുന്നു, തന്റെ ഡയറി ആരെങ്കിലും
അടിച്ചെടുക്കുമോ എന്ന പേടിയോടെ. അങ്ങനെ ഒരു പേടി തോന്നാന്‍
സ്വന്തമായി അത്രക്കൊന്നും ഇല്ലാത്തത് എന്റെ ഭാഗ്യം.

എന്നാലും, ഭയവും ദുഖവും പരിഭ്രമവുമൊക്കെ തുടിക്കുകയും നടിക്കുകയും ചെയ്യേണ്ട നേരത്ത്
ഒരാള്‍ ഉറങ്ങിപ്പോകുക. അതത്ര പന്തിയല്ല. ആ പന്തികേട് ഓര്‍ത്ത് ശ്യാമപ്രസാദ്
ചിരിക്കുകയായിരുന്നോ അതോ...? ശ്യാമിന്റെ “ഋതു”വിലെ രാമവര്‍മ്മയുടെ മരണം ആയിരുന്നു രംഗം.
മരണം അഭിനയിക്കുന്ന നടന്‍ ഉറങ്ങിപ്പോകുന്നതുകണ്ട്, പുഴ ചിരിക്കുന്നോ, പുഴ കരയുന്നോ...?

തലേന്നും ശ്യാമിന്റെ ചോദ്യം ‍തൊടുത്തിരുന്നു, വേറൊരാള്‍. മുടി പറ്റെ വെട്ടി രാമവര്‍മ്മയെ
രൂപപ്പെടുത്തി എടുത്ത ചെറുപ്പക്കാരന്‍. അയാളുടെ ‘തപസ്യ‘ ഒരു മിനിറ്റിലേറെ
നീണ്ടുപോയപ്പോള്‍ എന്റെ കണ്‍പോളകള്‍ക്ക് കനം കൂടി. കത്രികകളുടെ മന്ത്രവും
വിരലുകളുടെ തന്ത്രവും ആകുമ്പോള്‍ ഞാന്‍ ഉറങ്ങും--ഒരു പതിവുപോലെ. മുടിമുറിശീലര്‍
ഊറിച്ചിരിക്കും--വേറൊരു പതിവുപോലെ.

ചിരിയല്ല, ആത്മാവില്‍ ചൊറിയാകും ശാരിക്ക് തോന്നുക എനിക്ക് ഉറക്കം വരുമ്പോള്‍.
അതാകട്ടെ ഒരു മുന്നറിയിപ്പുമില്ലാതെ വരികയും ചെയ്യും. പ്രപഞ്ചത്തിന്റെ ഉത്ഭവം മുതല്‍
പരിപ്പിന്റെ എപ്പോഴും കൂടുന്ന വിലവരെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പറ്റിയ വേദി
കിടക്കയാണെന്നു കരുതുന്നയാളാണ് ശാ‍രി. പക്ഷേ ചര്‍ച്ചയുടെ തുടക്കത്തില്‍ത്തന്നെ,
പലപ്പോഴും മൂന്നാമത്തെയോ നാലാമത്തെയോ വാക്യത്തിന്റെ പകുതിക്കുവെച്ച്, എന്റെ
താളത്തിലുള്ള മൂളല്‍ നിലക്കും. അല്ലെങ്കില്‍, കയ്പക്കയുടെ കയ്പ്പിനെപ്പറ്റി ശാരി പറഞ്ഞുവരുമ്പോള്‍,
ഗാന്ധിയുടെ ആട്ടിന്‍കുട്ടിയെപ്പറ്റിയായിരിക്കും എന്റെ കുഴഞ്ഞ മറുമൊഴി. അപ്പോള്‍ ഉറക്കം
മുളപ്പിക്കുക ചിരിയല്ല, ഇഞ്ചിയാകും.

മറ്റുള്ളവരുടെ പ്രസംഗം കേട്ടാല്‍ ഉറങ്ങിപ്പോകുന്നവരുടെ കൂട്ടത്തിലായിരുന്നു നായനാര്‍.
ഒപ്പത്തിനൊപ്പം നില്‍ക്കും ദേവഗൌഡ. അവരുടെ നിലയിലേക്ക് ഞാന്‍ നീങ്ങില്ല. എന്റെ
സ്ഥാനം ഒരു പക്ഷേ ഒരു പടി മുന്നിലേ ആകൂ. പണ്ടൊരിക്കല്‍, ഒരു ടെലവിഷന്‍ ചാനലില്‍,
കേമന്‍മാരുമായി അഭിമുഖം നടത്തിയിരുന്ന കാലത്ത്, എന്റെ പല ചോദ്യങ്ങളും ഉറക്കത്തില്‍
പൊതിഞ്ഞവയായിരുന്നു. അതിഥി നീണ്ടതും പണ്ഡിതോചിതവുമായ ഒരു മറുപടി തന്നുകഴിഞ്ഞാല്‍,
ഉടനേ എന്റെ നാവില്‍ ഉണരേണ്ട ചോദ്യം മയക്കത്തിലായിരിക്കും. ചോദ്യം ഉറങ്ങുന്ന അഭിമുഖങ്ങളെ
രക്ഷിച്ചുപോന്ന, ‍എല്ലാം കണ്ടറിഞ്ഞുചെയ്തിരുന്ന എന്റെ പ്രൊഡ്യൂസര്‍ക്ക് നന്ദി.

അങ്ങനെ ഉറങ്ങുന്നവരെ എനിക്ക് ഇഷ്ടമല്ല--അവരില്‍ ഞാനും പെടുമെങ്കിലും. മടിച്ചും മുഷിഞ്ഞും
ഉണരുന്നവരേയും എനിക്ക് ഇഷ്ടമല്ല. പാലൂരിന്റെ സുന്ദരിയെ ഞാന്‍ സ്നേഹിക്കുന്നു; പക്ഷേ “ഉറക്കം
തൃപ്തിയാകാതെ ഉണര്‍ന്നോരു സുന്ദരിപോല്‍ പതുക്കെ കണ്‍മിഴിക്കുന്ന പുലരി”യെ ഞാന്‍ സ്നേഹിക്കുന്നില്ല.
ടോള്‍സ്റ്റോയ് ഇടക്കൊന്ന് അവതരിപ്പിച്ചുപോയ പ്ലാറ്റണ്‍ കരാട്യേവ് ആണ് എന്റെ സ്നേഹപാത്രം.
നേരമാകുമ്പോള്‍ ചുരുണ്ടുകൂടി കൂര്‍ക്കം വലിക്കുകയും, വീണ്ടും നേരമാകുമ്പോള്‍ ചാടിയെണീറ്റ് ജോലി
തുടരുകയും ചെയ്യുന്ന, കിളികള്‍ പാടും പോലെ പാടുകയും ചെടികള്‍ ചിരിക്കും പോലെ ചിരിക്കുകയും
ചെയ്യുന്ന, ഉറക്കത്തെ തന്റെ വരുതിയില്‍ നിര്‍ത്തുന്ന നിറം മങ്ങിയ മനുഷ്യന്‍.

അത്രയും ഗീര്‍വാണമായപ്പോള്‍, എന്തോ ഓര്‍ത്തിട്ടെന്നപോലെ, ശ്യാമപ്രസാദ് കുറ്റിത്താടി തടവി.
വെള്ളയണിഞ്ഞ സ്ത്രീകള്‍ സ്ഥലം വിട്ടിരുന്നു. വെളിച്ചത്തിന്റെ വര്‍ഷവും നിലച്ചിരുന്നു.

(തേജസ്സില്‍ ഏപ്രില്‍ ആറിന് പ്രസിദ്ധീകരിച്ചത്)

Friday, April 3, 2009

കാണാന്‍ പോകുന്ന പൂരം

രോഗികളും പ്രായമേറിയവരും പിന്തുണ കുറഞ്ഞവരും പ്രധാനമന്ത്രി
ആകരുതെന്നു പറയാന്‍ വയ്യ. രോഗി പ്രധാനമന്ത്രി ആയപ്പോള്‍
ചെറുപ്പമായതും, പിന്തുണ ഇല്ലാതെ ഒരാള്‍ പ്രധാനമന്ത്രി ആയതും
ചരിത്രം. ആ മൂന്നു ദോഷങ്ങളും ഇല്ലാത്ത, എന്നാല്‍ രാഷ്ട്രീയശുചിത്വം എന്ന
ഗുണം ഉള്ള, ഒരു പ്രധാനമന്ത്രി വേണമെന്നുണ്ടെങ്കില്‍, ആദ്യം പറയണം
ഏ കെ ആന്റണിയുടെ പേര്‍. പക്ഷേ തക്കം നോക്കി ആരോ ഒരു മിസൈല്‍
എടുത്തെറിഞ്ഞിരിക്കുന്നതും അതറിഞ്ഞുകൊണ്ടുതന്നെയാണല്ലോ.

തീരുമാനം എടുക്കാനും നടപ്പാക്കാനും വേണ്ട എണ്ണം കോണ്‍ഗ്രസ്സിന് ഉണ്ടായാലേ
ആ വഴിക്കൊരു ചിന്തക്ക് ന്യായമുള്ളു. അതില്ലെങ്കില്‍ പിന്നെ വൈരുദ്ധ്യാധിഷ്ഠിതമായ
മൂന്നാം മുന്നണിയുടെ ഊഴമായി. അതിന്റെ പാരമ്പര്യം, എന്നുവെച്ചാല്‍ ഇതുവരെ
കണ്ടുപോന്ന ഇടതുവഴക്കം, ഇടങ്കോലിടുകയാണുതാനും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കണ്ടില്ലേ,
അതുപോലൊരു നേതൃനിര്‍മ്മാണം ഇപ്പോഴും നടക്കാം. ഇടതിനെ നമ്പിയേ കോണ്‍ഗ്രസിന്
നിലനില്പുള്ളു എന്നു വരുത്തുകയാണ് ഇപ്പോഴും വിപ്ലവലക്ഷ്യം. അതിനുവേണ്ട എണ്ണം
പടച്ചെടുക്കുന്നതാണ് അവരുടെ മായാജാലം. രണ്ടു മഹിളകളും ബംഗാളും, പിന്നെ
കൊച്ചുകേരളവും, ആയാല്‍ ആ ജാലമായി.

മായാവതി എന്നേ തയ്യാര്‍. വടം വലിക്കുവേണ്ട എണ്ണം കിട്ടുമെന്നായാല്‍, ജയലളിതയും
തയ്യാറാകും. ആരായാലും കമ്യൂണിസ്റ്റുകാര്‍ക്ക് വിരോധം കാണില്ല. കമ്യൂണിസ്റ്റുകാരന്‍
പ്രധാനമന്ത്രി ആകരുതെന്നുമാത്രമേ അവര്‍ക്ക് നിര്‍ബന്ധമുള്ളു, ചരിത്രപരമായ മണ്ടത്തമാണ്
അതെന്നു ചിലര്‍ പറയുമെങ്കിലും. ആരേയും, ഭഗ്യമുണ്ടെങ്കില്‍ ആന്റണിയേയും, ഒന്ന് ‘ക്ഷ’
വരപ്പിക്കുക! അതാണ് ഹരം. ഐക്യപുരോഗമനമുന്നണിയുടെ നേതാവിനെ ഫലത്തില്‍
അതിനു പുറത്തുള്ളവര്‍ നിശ്ചയിക്കുക: ആ സര്‍ഗാത്മകവൈരുദ്ധ്യത്തിലേക്കാണ് നീക്കം.
നാട്ടിലെങ്ങും താമര വിടര്‍ന്നാല്‍ മാത്രം സംഗതി മാറും. പക്ഷേ താമരക്കാലമല്ലല്ലോ.

(മലയാള മനോരമയില്‍ ഏപ്രില്‍ മൂന്നിന് പ്രസിദ്ധപ്പെടുത്തിയത്‍)

മണ്ഡലങ്ങളുടെ മന്ത്രവദവും മുസഫര്‍പൂരും

കല്യാണകൃഷ്ണമേനോനെപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല. സി എച് മുഹമ്മദ്കോയയുടെ
സൃഷ്ടിയായിരുന്നു കല്യാണകൃഷ്ണമേനോന്‍. അതുവരെ അദ്ദേഹം അറിയപ്പെട്ടിരുന്നത് വി കെ കൃഷ്ണമേനോന്‍ എന്ന
പേരിലായിരുന്നു. ലോകപൌരനായി ഉയര്‍ന്നിരുന്ന അദ്ദേഹം, മുംബെയിലും മിഡ് നാപൂരിലും തോറ്റപ്പോള്‍, കൂടുതല്‍
സുരക്ഷിതം പഴയ നാടാണെന്നു വിലയിരുത്തി. തിരുവനന്തപുരത്ത് മത്സരിച്ച് കഷ്ടിച്ചു രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ വേണ്ടി
എല്ലാവരും ചെയ്യുന്നതെല്ലാം ചെയ്തു. കല്യാണവീട്ടിലെല്ലാം കയറിയിറങ്ങി. അങ്ങനെ, സി എചിന്റെ സാരസ്യത്തില്‍,
വി കെ കൃഷണമേനോന്‍ കല്യാണകൃഷ്ണമേനോന്‍ ആയി.

സഹ്യാദ്രിഘട്ടങ്ങളെ കേറിയും കടന്നും കേരളം വളരുന്നു എന്ന ധാരണ‍ ഊട്ടിയുറപ്പിച്ച മറ്റൊരു ലോകപൌരന്‍, ഇതാ,
വീണ്ടും തിരുവനന്തപുരത്ത് മത്സരിക്കുനു. നയത്തിലും വിദേശനയത്തിലും ചതുരനായ ശശി തരൂരിന്, ആ മേഖലയില്‍,
അല്പം പഴയ പാരമ്പര്യമുണ്ടെന്ന് അധികം ആര്‍ക്കും അറിയില്ല. മൈസൂര്‍ രാജാവിന്റെ പടത്തലവനായ ഹൈദര്‍ അലി
ഡിണ്ടിഗലില്‍ പാളയമടിച്ചു കൂടുന്ന കാലം. വിനയത്തോടെയും നയത്തോടെയും ഹൈദരുടെ സഹായം തേടിയ ആദ്യത്തെ
മലയാളിയായിരുന്നു അന്നത്തെ തരൂര്‍ സ്വരൂപത്തിലെ കാരണവര്‍. ഉദ്ദേശം മറ്റൊന്നുമായിരുന്നില്ല, സാമൂതിരിയെ
തകര്‍ക്കുക തന്നെ. ആ നയവും തന്ത്രവും ഒന്നും അറിയാത്ത ആളാല്ല ശശി.

ഇവിടന്നു പോയി എത്തിയേടത്തുതന്നെ വീണും വെട്ടിയും ‍പുലര്‍ന്ന ചുരുക്കം മലയാളികളും കാണും. ഗ്രാമീണഡല്‍ഹിയുടെ
പ്രതിനിധിയായി ഒരു കൃഷ്ണന്‍ നായര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ സി എം സ്റ്റീഫന്‍ അതാകാന്‍ നോക്കി തോറ്റുപോയി. ഒരു
സ്മാര്‍ത്തവിചാരത്തിന്റെ ഓര്‍മ്മയുമായി തമിഴകത്തെ സിനിമയിലെത്തിയ രാമചന്ദ്രന്‍ അവിടത്തെ രാഷ്ട്രീയചക്രവര്‍ത്തിയായി.
മനോഹരമായ അത്തരം പേരുകള്‍ കുറേ വേറേയും കാണും. മാവേലിക്കരക്കാരന്‍ രവീന്ദ്രവര്‍മ്മക്ക് കൌതുകം,
വലിയൊരു മനോരോഗാസ്പത്രിയുമായി ബന്ധപ്പെടുത്തി പറയാറുള്ള, ബീഹാറിലെ റാഞ്ചിയോടായിരുന്നു. അവിടം വിട്ടപ്പോള്‍
വര്‍മ്മ വീഴുകയും ചെയ്തു.

ബീഹാര്‍, പഴയ ബൌദ്ധസ്മൃതികള്‍ ഉയര്‍ത്തിക്കോണ്ട്, എല്ലാവര്‍ക്കും ഹൃദ്യമായ വിഹാരമായി വിലസുന്നു. സോഷ്യലിസമോ
മറാഠിയോ പാരമ്പര്യമായി അവകാശപ്പെടാത്ത ബീഹാറിലെ മുംഗൈറില്‍നിന്നു ജയിച്ചുപോന്ന ആളായിരുന്നു മുംബൈക്കാരന്‍
മധു ലിമയെ. എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഭൂരിപക്ഷം തരപ്പെടുത്താന്‍ സൌകര്യമുള്ള ബീഹാറില്‍, വിപ്ലവത്തിരക്കുള്ള
പല നേതാക്കന്‍മാരും ജനസഹായം തേടി എത്തുന്നതു കാണാം. പണ്ട് മഞ്ചേരിയെപ്പറ്റി പറഞ്ഞിരുന്നു, പത്രിക കൊടുത്താല്‍
പിന്നെ അവിടെ കാലുകുത്താതെ ജയിക്കും മുഹമ്മദ് ഇസ്മായീല്‍. ബീഹാറില്‍ പലയിടത്തും അത് പറ്റിയിരുന്നു; ഇപ്പോഴും പറ്റും.

ജയിലില്‍ ‍കിടക്കുമ്പോള്‍ കെ അനിരുദ്ധന്‍, മുഖ്യനായിരുന്ന ആര്‍ ശങ്കറെ തോല്‍പ്പിച്ചു. അതിലും ചരിത്രപ്രധാനമായിരുന്നു
ജയിലില്‍നിന്ന് കാലില്‍ ചങ്ങലയുമായി കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വിജയം. ഭീമമായിരുന്നു
മുസഫര്‍പൂരില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം. മുംബൈക്കാരന്‍ മുസഫര്‍പൂരിന്റെ മനസ്സാക്ഷിയായി. ഇനി വിശ്രമിക്കണമെന്ന്
കൂട്ടുകാര്‍ ‍നിര്‍ബന്ധിച്ചിട്ടും മുസഫര്‍പൂരിനെ കൈവിടാന്‍ ‍മൂപ്പര്‍ തയ്യാറല്ല. ബംഗളൂരും മറ്റും നിന്നു തോറ്റപ്പോള്‍ വീണ്ടും വീണ്ടും
ശരണം തന്ന മണ്ഡലമാണ് മുസഫര്‍പൂര്‍. അതിനോട് എങ്ങനെ വിട പറയും? പ്രിയകരങ്ങളേ, നീലമലകളേ,
കുയിലുകള്‍ സദാ കൂകും വനങ്ങളേ...എന്നൊക്കെ എങ്ങനെ പറയും?

എന്നും വാര്‍ത്തയില്‍ നില്‍ക്കുന്ന എന്തോ ഒരു സവിശേഷതയുണ്ട് ജോര്‍ജ് ഫെര്‍ണണ്ടസിന്. വാര്‍ത്ത കൈകാര്യം ചെയ്യുന്നവര്‍
അദ്ദേഹവുമായി അടുത്തിരിക്കും. എന്റെ മേധാവിയായിരുന്ന കുല്‍ദീപ് നയ്യാര്‍, പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആയി കണ്ടിരുന്ന
ആളാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്. രൂപത്തില്‍ ലാളിത്യം. അടുപ്പം തോന്നിപ്പിക്കുന്ന പ്രകൃതം. വാക്കുകളില്‍ വിപ്ലവം. അറുപതുകളില്‍
ബ്ളിറ്റ്സ് എന്ന വാരികയുടെ ഹീറോ ആയിരുന്നു അദ്ദേഹം. അതിന്റെ ഒരു വേദിയില്‍, നേതൃഭാവമില്ലാതെ, തീ തുപ്പിക്കൊണ്ടുനിന്ന, ചെറുപ്പക്കാരനെ ഓര്‍ക്കട്ടെ. അധികാരത്തെ വെല്ലുവിളിച്ചുകൊണ്ടുനടന്ന അദ്ദേഹം ചെറുപ്പക്കാര്‍ക്ക് ഹരമായിരുന്നു, റയില്‍വേ ജീവനക്കാരുടെ ജീവന്‍ ആയിരുന്നു. ഒരിക്കല്‍ സമര്‍ഥമായി അവരെ ഒന്നടങ്കം പണിമുടക്കിച്ചു. “സമര്‍ഥമായി” എന്നോ? എന്തിനായിരുന്നു ആ പണിമുടക്ക്? ജോര്‍ജ് ഫെര്‍ണണ്ടസിന്റെ ശേഷി തെളിയിക്കാനോ?അടിയന്തരാവസ്ഥക്ക് നാന്ദി കുറിക്കാനോ?

മഴ വന്നാലും മേഘം മറഞ്ഞാലും,എന്നും അദ്ദേഹം വാര്‍ത്തയില്‍ ഉണ്ടാകും. ഇപ്പോള്‍ തന്റെ പീക്കിരിപ്പര്‍ടിയുടെ നേതൃത്വത്തെ
ധിക്കരിച്ച്, മുസഫര്‍പൂരില്‍ ഒന്നുകൂടി മത്സരിക്കാന്‍ നിശ്ചയിച്ചതുകൊണ്ട്. ഓര്‍മ്മയുണ്ടോ, മൊറാര്‍ജി ദേശായിയുടെ ഭരണകൂടം
വീഴുന്ന ഘട്ടത്തില്‍, അതിനെ വീരമായും ധീരമായുംന്യായീകരിച്ചുകൊണ്ട് അദ്ദേഹം വാര്‍ത്താപുരുഷന്‍ ആയി. ദേശായി പോയപ്പോള്‍,
അദ്ദേഹത്തെ വീഴ്ത്തിയ ചരണ്‍ സിംഗിന്റെ മന്ത്രിസഭയില്‍ പ്രമുഖസ്ഥാനം നേടി വീണ്ടും വാര്‍ത്തയില്‍ വിടര്‍ന്നുനിന്നു. ആ ചലനാത്മകത്വം മാത്രം ചലനമില്ലാത്തതായി നില്‍ക്കുന്നു.

ചെറിയൊരു കാര്യം. രാമസ്വാമി എന്നൊരു സുപ്രീം കോടതിജഡ്ജിയെ ഇമ്പീച് ചെയ്യണമോ എന്ന് ലോക് സഭചര്‍ച്ച ചെയ്യുന്ന
കാലം. രാമസ്വാമിയുടെ ഭാഗം വാദിക്കുന്നത് ഇന്നൊരു മന്ത്രിയായിരിക്കുന്ന് കപില്‍ സിബല്‍. വെളുത്ത മുടിയും, മാറിമറയുന്ന
ഭാവങ്ങളോടുകൂടിയ മുഖവും, ഏറ്റിറക്കമുള്ള സ്വരവും അംഗവിക്ഷേപവുമായി, പോപുലര്‍ അല്ലാത്ത കേസ് വാദിക്കുന്ന സിബലിനെ
കാണാന്‍ രസമായിരുന്നു. അതേപ്പറ്റി ഞാന്‍ എഴുതിയ റിപ്പോര്‍ട്ടില്‍, മാര്‍ക് ആന്റണിയുടെ പ്രസംഗത്തെ പരാമര്‍ശിക്കുവാന്‍ ഇടയായി.
മാര്‍ക് ആന്റണിയുടെ ജാടയായിരുന്നു അതെന്നത് വേറെ കാര്യം.

രാമസ്വാമിയെ വാക്കുകൊണ്ടു വധിക്കാന്‍ പിറ്റേന്നാള്‍ എഴുന്നേറ്റവരില്‍ പ്രധാനി ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നു. രാമസ്വാമിയെ മാത്രമല്ല, രാമസ്വാമിയുടെ വക്കീലിന്റെ പ്രകടനത്തെപ്പറ്റി ഒരു നല്ല വാക്ക് പറഞ്ഞുപോയ ലേഖകനേയും അദ്ദേഹം വിട്ടില്ല. സിബലിനെ മാര്‍ക് ആന്റണിയോട് താരതമ്യം ചെയ്തതിലായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ദേഷ്യം. ആ ദേഷ്യം ജോര്‍ജീയമായ ശൈലിയില്‍
അവതരിപ്പിക്കുകയും ചെയ്തു. “മല്ലന്‍മാര്‍ക്കിടിവാള്‍, ജനത്തിനരചന്‍...എന്നിങ്ങനെ പോകുന്ന പഴയ ശ്ലോകം ഞാന്‍ ഓര്‍ത്തു.

അത് ഹിന്ദുസ്ഥാന്‍ ടൈംസില്‍, ‍ചന്ദന്‍ മിത്ര(ഇപ്പോള്‍ ദ് പയനീറിന്റെ എഡിറ്ററും ഉടമയും) പകര്‍ത്തിയത് ഇങ്ങനെ
ആയിരുന്നു. “മാര്‍ക് ആന്റണിയുമായി സിബലിനെ താരതമ്യപ്പെടുത്തിയതിനെ അദ്ദേഹം അപഹസിച്ചു. തന്റെ പ്രസംഗത്തോട്
മാര്‍ക് ആന്റണിയുടേതിനെ ഉപമിക്കുയായിരിക്കും ഉചിതം എന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് കരുതുന്നതുപോലെ തോന്നി.” ആ പഴയ ആത്മവിശ്വാസം മുസഫര്‍പൂരില്‍ ഒറ്റക്ക് ഒരു അങ്കം കൂടി പയറ്റാനുള്ള തീരുമാനതിലും കാണാം.

അങ്ങനെയൊരു വിശ്വാസം കുറഞ്ഞതുകോണ്ടല്ല, കൂടിയതുകൊണ്ടുതന്നെയാണ് ചിലര്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍
മത്സരിക്കാന്‍ ഒരുപെടുന്നത്. നമ്മുടെ“ലീഡര്‍” ഒരിക്കല്‍ രണ്ടിടത്ത് നിന്നു, രണ്ടിടത്തും ജയിച്ചു. ഇന്ദിര ഗാന്ധി ഒരിടക്ക് രണ്ടിടത്ത് നിന്നു,
രണ്ടിടത്തും പാട്ടും പാടി ജയിച്ചു. അങ്ങനെ പലരും ജനങ്ങളുടെ പിന്തുണ തെളിയിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തു. അവരില്‍ ഒരാള്‍ക്ക് അമളി പറ്റി. നാലോ അഞ്ചോ മണ്ഡലങ്ങളില്‍ ഒരേസമയം ജനസമ്മതി തെളിയിക്കാനായിരുന്നു ബിജു പട്നായകിന്റെ പരിപാടി. ഫലിച്ചില്ല. എല്ലായിടത്തും അദ്ദേഹം തോറ്റു. പിന്നെയായിരുന്നു മകന്റെ അരങ്ങേറ്റം. ജനങ്ങളുടെ ഒരോരോ നംബറുകള്‍ എന്നല്ലാതെ എന്തു പറയാന്‍!

(തേജസ്സില്‍ ഏപ്രില്‍ മൂന്നിന് പ്രസിദ്ധീകരിച്ചത്)

Tuesday, March 24, 2009

ശേഷം നവീനം!

രൂപത്തിലും സ്വഭാവത്തിലും ഒരു മാറ്റവുമില്ലാത്തവനായിരിക്കുന്നു നവീന്‍ ചാവ്‌ള. എന്തും കഴിയുമെന്നു പറയുന്ന
കാലത്തിന്, മൂന്നു പതിറ്റാണ്ടുകൊണ്ട് ഉണ്ടാക്കാന്‍ കഴിഞ്ഞത് മുഖത്തെ പേശികളില്‍ ഒരു വലിവ്,
ചില ചുറ്റുകളും ചുളിവുകളും, അത്ര മാത്രം. ശിരസ്സുമുഴുവന്‍ പരന്നുകിടക്കുന്ന കഷണ്ടി അറുപതു കഴിഞ്ഞിട്ടും
അതേപോലെ വിളങ്ങുന്നു. താന്‍ ആര്‍ക്കു കൂറ് പുലര്‍ത്തുന്നുവോ, ആ ആള്‍ക്കോ കക്ഷിക്കോ വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍
യമമോ നിയമമോ ഒന്നും പ്രതിബന്ധമാകരുതെന്നു നിഷ്കര്‍ഷിക്കുന്ന പ്രകൃതി പുരാതനവും നവീനവുമാണ്.
ആ അര്‍ഥത്തില്‍ അദ്ദേഹം നിത്യനവീനന്‍ തന്നെ.

ഞാന്‍ ആദ്യം കാണുമ്പോള്‍ നവീന്‍ ചാവ്‌ള പട്യാല ഹൌസിലെ കോടതിമുറികളിലൊന്നില്‍,
സാക്ഷിമണ്ഡപത്തില്‍ ‍നിവര്‍ന്നിരിക്കുകയായിരുന്നു. ന്യായവേദിയില്‍, ഭാവത്തിന്റെ മേഘമൊന്നും
ഒരിക്കലും പടര്‍ന്നുകയറാത്ത കൊച്ചുമുഖവുമായി ജസ്റ്റിസ് ജെ സി ഷാ. വിസ്തരിക്കാന്‍ കാത്തുനില്‍ക്കുന്നവരില്‍
അക്ഷമനും അരപ്പട്ടക്കു താഴെ അടിക്കാന്‍ ‍ഉത്സാഹമുള്ളയാളുമായ പി എന്‍ ലേഖി. ക്രിമിനല്‍ വക്കീല്‍
എന്ന നിലക്കും കലാനിരൂപകന്‍ എന്ന നിലക്കും ഏറെ പ്രശസ്തനായ കാള്‍ കണ്ടലാവാല. തന്റെ വിസ്താരത്തിന്റെ
വലയില്‍, ‍രക്ഷപ്പെടാന്‍ വയ്യാത്ത വിധം വീണുപോകുന്ന സാക്ഷികളും പ്രതികളും വിരളുകയും വെകിളി പിടിക്കുകയും
ചെയ്യുമ്പോള്‍, അക്ഷോഭ്യനായി, നീണ്ടുവളഞ്ഞ മൂക്കിന്റെ മുകളിലൂടെ പ്രപഞ്ചത്തെ വീക്ഷിച്ചുകൊണ്ട്, നിലകൊള്ളുന്ന
കണ്ടലാവാലയെ കാണാനും കേള്‍ക്കാനും രസമായിരുന്നു--അദ്ദേഹത്തിന്റെ ചോദ്യക്കുരുക്കുകളില്‍
പിണഞ്ഞുപോകാത്തവര്‍ക്കൊഴികെ.

ഏതു ചോദ്യവും കൊലക്കുരുക്കാകാവുന്ന പരുവത്തിലായിരുന്നു ചാവ്‌ള. അദ്ദേഹത്തിനു മുമ്പും പിമ്പും വിസ്താരത്തിനു
വശംവദരായ വീരന്‍മാരും വീരകളും വെള്ളം കുടിക്കുകയോ വിങ്ങിപ്പൊട്ടുകയോ ചെയ്തിട്ടുണ്ട്. ചാവ്‌ളക്കാണെങ്കില്‍,
ഉത്തരം മുട്ടാവുന്ന ചോദ്യങ്ങള്‍ എത്രയോ ഉണ്ടായിരുന്നു താനും. അടിയന്തരാവസ്ഥയുടെ ലഹരി പിടിച്ച മാസങ്ങളില്‍,
ഡല്‍ഹിയുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിഷന്‍ ചന്ദ് എന്ന ഒരു ഇണ്ണാമന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സര്‍വാധികാര്യക്കാരായിരുന്നു സമര്‍ഥനും സഞ്ജയ് ഗാന്ധിയുടെ ആരാധകനുമായിരുന്ന നവീന്‍ ചാവ്‌ള. തനിക്കും തന്റെ മേധാവിക്കും വേണ്ടി
മറുപടി പറയാന്‍ ബാധ്യസ്ഥനെന്നോണം ഹാജരായ ആ ചെറുപ്പക്കാരന്റെ കഴണ്ടി അന്നും തിളങ്ങിയിരുന്നു.

ചാവ്‌ള ചമ്മന്തിയാവുന്നതു കാണാന്‍ കാത്തിരുന്നവര്‍, പക്ഷേ, നിരാശരായി. ലേഖിയുടെ പഞ്ചാബിത്തങ്ങളെ അദ്ദേഹം
ടിക് ഓഫ് ചെയ്തു. കണ്ടലാവാലയുടെ കുശാഗ്രതകളെ അദ്ദേഹം, ഉരുളക്കും, ഉരുളയില്ലാത്തപ്പോഴും, ഉപ്പേരി
കൊടുത്തുകൊണ്ടു നേരിട്ടു. സൌമ്യമാണെങ്കിലും ആര്‍ക്കും സങ്കോചമുണ്ടാക്കാന്‍ പോന്ന മട്ടിലുള്ള ജസ്റ്റിസ് ഷായുടെ
നിരീക്ഷണങ്ങള്‍ക്ക്, അതേ ഭാവത്തില്‍, അതേ ഈണത്തില്‍, അദ്ദേഹം പ്രതിനിരീക്ഷണങ്ങള്‍ നല്‍കി. രക്ഷപ്പെടാനുള്ള
ഒരു മന്ത്രസിദ്ധി ചാവ്‌ളക്ക് ഉണ്ടായിരുന്നതുപോലെ.

പിന്നെ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചത് അസാധ്യമെന്നു കരുതിയ ഒരു വേഷം കെട്ടിയപ്പോഴായിരുന്നു.
അധികാരത്തിന്റെ അകത്തളങ്ങളില്‍, ആള്‍പ്പിടുത്തത്തിലും ഒടി വെപ്പിലും കേമനായി കറങ്ങുന്ന ഒരാള്‍,
വേറൊരാളുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ കണ്ടറിയുകയും രേഖപ്പെടുത്തുകയും ചെയ്യാന്‍ ക്ഷമ കാണിക്കാറില്ല.
അതും ആ ‘വേറൊരാള്‍’ മദര്‍ തെരേസ ആകുമ്പോള്‍. അത് അദ്ദേഹം ചെയ്തു. നവീന്‍ ചാവ്‌ളയെന്ന അധികാരവ്യാപാരി
മദര്‍ തെരേസയുടെ ജീവചരിത്രകാരനായി. അപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി. പക്ഷേ അതൊന്നും
അധികാരവ്യാപരത്തിന്റെ അവസാനമായിരുന്നില്ല. പുള്ളിപ്പുലിക്കൊരിക്കലും അതിന്റെ പുള്ളികള്‍ മാച്ചുകളയാന്‍
പട്ടില്ല. വാസ്തവത്തില്‍, ‍പല വിവാദങ്ങള്‍ക്കും ഇടവെക്കാവുന്ന നിലപാടുകള്‍ എടുത്തുകൊണ്ട്, തിരഞ്ഞെടുപ്പു കമിഷണറും മുഖ്യതിരഞ്ഞെടുപ്പു കമിഷണറും ആയി അരങ്ങേറാന്‍ ചാവ്‌ള്‍ ഉടുത്തുകെട്ടുകയായിരുന്നു, മദര്‍ തെരേസയുടെ
അപോസ്തലനായി കഴിയുമ്പോഴും.

തിരഞ്ഞെടുപ്പുകമിഷണര്‍ എന്ന നിലയില്‍ വാദവും വിവാദവും ഉണ്ടാക്കുന്നതില്‍ ആദിപുരുഷനോ അഗ്രഗണ്യനോ
അല്ല നവീന്‍ ചാവ്‌ള. തിരഞ്ഞെടുപ്പു കമിഷണര്‍ ആയി വന്നവരെല്ലാം ആദ്യമൊക്കെ നിയമപണ്ഡിതരോ നിയമജ്ഞാനമുള്ള
ഉദ്യോഗസ്ഥരോ ആയിരുന്നു. അവരൊന്നും നിയമപാലനവും നിയമലംഘനവും വിവാദമാക്കാന്‍ ശ്രദ്ധിച്ചില്ല.
സൊല്ലയൊന്നുമില്ലാതെ, ആരുമായും കോര്‍ക്കതെ, തിരഞ്ഞെടുപ്പ് ഒരു ആവണി അവിട്ടം പോലെ നടത്തിയെടുക്കുക--
അത്രയേ അവര്‍ ഉദ്ദേശിച്ചിരുന്നുള്ളു. ആരുമായും കോര്‍ക്കാനും, സൊല്ലയെ സന്തോഷത്തോടെ സ്വീകരിക്കാനും
തയ്യാറായി ടി എന്‍ ‍ശേഷന്‍ 1990ല്‍ മുഖ്യതിരഞ്ഞെടുപ്പുകമിഷണര്‍ ആയപ്പോള്‍ പുതിയ ഒരു യുഗം ഉണരുകയായിരുന്നു.

രണ്ടു പ്രധാനകാര്യങ്ങള്‍ ‍അദ്ദേഹത്തിന്റെ കാലത്തുണ്ടായി. ഒന്ന്, നിര്‍വാചന്‍ സദന്‍, ആരും സാരമാക്കാതെ,
മങ്ങിമയങ്ങിക്കിടക്കുന്ന വെറുമൊരു ഭരണഘടനാസ്ഥാപനം അല്ലാതായി. അതിന്റെ നില്പും നോക്കും നീക്കവും
എപ്പോഴും എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങി. രണ്ട്, മാമൂല്‍ എന്ന് എല്ലാവരും എഴുതിത്തള്ളിയിരുന്ന ചില
നഗ്നമാ‍യ തിരഞ്ഞെടുപ്പുനിയമലംഘനങ്ങള്‍ ശിക്ഷിക്കപ്പെടുമെന്നായി. ശിക്ഷിക്കപ്പെട്ടാല്‍, തിരഞ്ഞെടുപ്പ് അസാധുവാകുക
മാത്രമല്ല, കുറ്റവാളി അകത്താകുകയും ചെയ്യാമെന്നായി. മൂന്നാമതൊരു കാര്യം പറയണമെങ്കില്‍, ശേഷന്റെ തന്റേടവും
ഭരണഘടനയുടെ സംരക്ഷണവും കൂടിയായപ്പോള്‍, തിരഞ്ഞെടുപ്പു കമിഷനും സര്‍ക്കാരും തമ്മില്‍ തമ്മില്‍ വെട്ടാന്‍ തഞ്ചം
നോക്കിയിരിക്കുന്ന വൈരികളെപ്പോലെയായി. സര്‍ക്കാരിനെ അദ്ദേഹം വിരട്ടിയപ്പോള്‍, ശേഷന്‍ നാട്ടാര്‍ക്കു മുഴുവന്‍
മാതൃകാവേഷമായതുപോലെ തോന്നി. സ്വാഭാവികമായും, അത് അദ്ദേഹത്തിന് ഹരം പകര്‍ന്നു.

വരണ്ടിരുന്ന ഒരു വൈകുന്നേരം, പണ്ടാര റോഡിലെ ഒരു വസതിയില്‍, ഭീമമായ സംരാക്ഷണത്തില്‍ കഴിയുന്ന ശേഷനെ
ഞാന്‍ പോയി കണ്ടു. അദ്ദേഹത്തിന്റെ അഹങ്കാരം പടം വിടര്‍ത്തി ആടുന്ന കാലം. തലേന്നാള്‍ ഞങ്ങളുടെ പത്രത്തിന്റെ
ചെന്നൈ ലേഖികയെ പത്രസമ്മേളനത്തില്‍നിന്ന് അദ്ദേഹം ഇറക്കിവിട്ടിരുന്നു. അതിനുമുമ്പ് എത്രയോ ലേഖകരോട്
നേരിട്ടോ ഫോണിലോ തട്ടിക്കയറിയിരുന്നു. ചില നേരങ്ങളില്‍ ആരേയും കാണീല്ലെന്നു പറയും. ചില നേരങ്ങളില്‍ ഫോണില്‍ അന്വേഷിക്കുന്നവരോട് ആള്‍ ഇല്ലെന്ന് താന്‍ തന്നെ പറയുമായിരുന്നു. കൂടുതല്‍ ചോദ്യമായാല്‍ ശബ്ദം ഉയരുകയും
കള്ളി പൊളിയുകയും ചെയ്യും. ആളുകളെ ശകാരിക്കുന്നതിലും കാത്തുനിര്‍ത്തുന്നതിലും അദ്ദേഹം ഒരു തരം ആത്മസാക്ഷാല്‍ക്കാരം കണ്ടിരുന്നു. ഒച്ച ഉയര്‍ത്തിയും കണ്ണുരുട്ടിയും മുഖത്തെ പേശികള്‍ വലിച്ചുമുറുക്കിയും സംസാരിക്കുമ്പോള്‍, വ്യാഖ്യാനിക്കാന്‍ വയ്യാത്ത
ഏതോ നാടകത്തിനുവേണ്ടിയാണോ ഇതെല്ലാം ചെയ്യുന്നതെന്നു തോന്നിപ്പോകും. അത്തരം ഒരാളെയാണ് നേരിടാന്‍ പോകുന്നതെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ, അത്രയൊന്നും ക്ഷമയില്ലാത്ത ഞാന്‍, ഫലത്തില്‍ രാഷ്ട്രത്തോടു മുഴുവന്‍ പോര്‍ വിളിച്ചു നില്‍ക്കുന്ന മുഖ്യതിരഞ്ഞെടുപ്പു കമിഷണറോട് സംസാരിക്കണമെന്നു ഞാനും എന്റെ എഡിറ്ററും കൂടി തീരുമാനിച്ചു.

പെട്ടെന്ന് ആര്‍ക്കും പിടികിട്ടാത്ത, പിടി കിട്ടിയാ‍ല്‍ സങ്കല്പിക്കാന്‍ വയ്യാ‍ത്ത അര്‍ഥതലങ്ങളുള്ള, ഒരു പ്രഖ്യാപനം ശേഷന്‍
നടത്തിയ ദിവസം വൈകുന്നേരമായിരുന്നു ആ സമാഗമം. തന്റെ പദവിയുടെ കാര്യത്തില്‍ സര്‍ക്കാരുമായി കോര്‍ത്ത്,
അക്കാര്യത്തില്‍ അനുകൂലമായ തീര്‍പ്പുണ്ടാകുന്നതുവരെ തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നായിരുന്നു പ്രഖ്യാപനം.
ജനാധിപത്യസംവിധാനത്തെ ഒറ്റയടിക്ക് ആപ്പിലാക്കി അട്ടത്തുവെക്കുന്ന ഒരാളുടെ അസാധ്യമായ ഭരണഘടനാപരമായ
പ്രഖ്യാപനം. ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ അങ്ങനെയൊരു വൈതരണി സങ്കല്പിച്ചുകാണില്ല. അതെങ്ങനെ തരണം
ചെയ്യുമെന്ന ചിന്തയിലായിരുന്നു സര്‍ക്കാരും നിയമധുരന്ധരന്മാരും. കാര്യം മുഴുവന്‍ മനസ്സിലാകാത്തവര്‍ക്കും മറ്റുള്ളവര്‍ക്കും
ഇതൊക്കെ കാണാന്‍ നല്ല ചേലായിരുന്നു. അവരെല്ലാം ശേഷന്റെ ശേഷിയേയും ശേമുഷിയേയും വാ തോരാതെ വാഴ്ത്തി.

വട്ടക്കഴുത്തുള്ള ബനിയനും ഒറ്റമുണ്ടും ധരിച്ച്, കാല്‍ നീട്ടി നിലത്തിരുന്നുകൊണ്ടാണ്, അദ്ദേഹം എന്നോട് സംസാരിച്ചത്.
കഴുത്തുവെട്ടിച്ച് ഇടം വലം നോക്കിയും, മൂളിയും, ഒറ്റവാക്കിലോ വാക്യത്തിലോ മറുപടി പറഞ്ഞും അദ്ദേഹം തന്റെ പ്രാഭവം
വെളിവാക്കുകയായിരുന്നു, ഒരു പക്ഷേ എന്നെ അളക്കുകയും ഇളക്കുകയുമായിരുന്നു. ആ സന്ദര്‍ശനവും അതേപ്പറ്റി ഞാന്‍
എഴുതിയ റിപ്പോര്‍ടും ഞങ്ങളെ അടുപ്പിച്ചു. ഒടുവില്‍ അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവുംവിവരിക്കുന്ന ഒരു പുസ്തകം
ഞാന്‍ എഴുതുകയും ചെയ്ത.

അതിനിടെ രസസദൃശമായ അദ്ദേഹത്തിന്റെ കോപത്തിന്റെ ഉത്ഥാനപതനങ്ങള്‍ എത്ര തവണ കണ്ടു! കേമത്തം ഭാവിച്ചു
ചെല്ലുന്നവരെ ചുമ്മാ ഭര്‍ത്സിക്കും. പ്രകോപനം കാര്യമായൊന്നും വേണ്ടിവരില്ല. തിരിച്ചൊന്നും പറയാന്‍ എതിരാളിക്ക് അവസരം
കൊടുക്കാതെയായിരിക്കും കാച്ച്. ഫോണിലായാലും നേരിട്ടായാലും നാലാള്‍ കാണാനുണ്ടായാല്‍, ശബ്ദത്തിലും പദപ്രയോഗത്തിലും
രോഷം ഏറിയിരിക്കും. ഇന്ന ആളെന്നില്ല, അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ വെട്ടിലാക്കുകയോ ചെയ്യുന്ന ആരേയും അദ്ദേഹം
നിര്‍ത്തി പൊരിക്കും.

ഒരു ദിവസം നേരമ്പോക്ക് പറഞ്ഞുകൊണ്ടിരിക്കേ, ഒട്ടൊക്കെ മുതിര്‍ന്ന ഒരു ലേഖകന്‍ രസത്തിനുവേണ്ടി
ചോദിച്ചു: അടിയന്തരാവസ്ഥയെപ്പറ്റി എന്തു തോന്നുന്നു? നിര്‍ദ്ദോഷമായ ആ ചോദ്യത്തില്‍ ശേഷന്‍ അപകടം മണത്തു.
പിന്നെ ഒരു അട്ടഹാസമായിരുന്നു. ഉച്ചസ്ഥായിയില്‍ തുടങ്ങി ആകശസ്ഥായിയില്‍ എത്തിനില്‍ക്കുന്ന ആക്രോശം. സ്ഥലം വിടുക,
ഒരു നിമിഷത്തിനകം നിങ്ങളുടെ നിഴല്‍ എന്റെ പുരയിടത്തിനപ്പുറത്തേക്കു മാറ്റുക, അല്ലെങ്കില്‍ പൊലിസ് നടപടി നേരിടാന്‍
തയ്യാറാകുക. അങ്ങനെ പോയി ശേഷഭാഷണം. നാവിറങ്ങിപ്പോയ പോലെ നില്‍ക്കുകയായിരുന്നു ചോദ്യം ചോദിച്ച ആള്‍.
ശേഷന്റെ മട്ടും മാതിരിയും കണ്ടപ്പോള്‍ സ്ഥലം വിടുകയാണ് ബുദ്ധിയെന്ന് അദ്ദേഹം ഉടനേ മനസ്സിലാക്കി.

പലരിലും അദ്ദേഹം അസുഖകരമായ ഓര്‍മ്മകള്‍ അനാവശ്യമായി നിക്ഷേപിച്ചു. പക്ഷേ അകലെനിന്നു നോക്കിയ സാധാരണക്കാര്‍
അദ്ദേഹത്തിന്റെ കോപങ്ങളും കല്പനകളും ഏറെ ഇഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ക്ക് നല്ല കോളായി. അവര്‍ ദിവസവും തുരുതുരാ എഴുതി, എതിര്‍ത്തും സ്തുതിച്ചും. റോടറി യോഗങ്ങളിലും ക്യാമ്പസ് ചര്‍ച്ചകളിലും അദ്ദേഹം നിറഞ്ഞുനിന്നു. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവായുള്ള ഒരു ഉദ്യോഗസ്ഥന്റെ പരിണാമം ഇത്ര പെട്ടെന്ന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ ഹിപൊക്രിസിയും നിയമ-
പാലനത്തിലെ കോമാളിത്തവും ഇതുപോലെ വെളിപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമിഷണറും മുമ്പ് ഉണ്ടായിട്ടില്ല. ജനത്തിന് ഹരം പകര്‍ന്നതും അതുതന്നെ.

ശേഷനു മുമ്പ് സ്ഥാനാര്‍ഥികള്‍ മിക്കവരും ‍തിരഞ്ഞെടുപ്പുചിലവിന്റെ കണക്ക് കൊടുത്തിരുന്നില്ല. കൊടുത്തിരുന്ന കണക്കാകട്ടെ,
യാഥാര്‍ഥ്യത്തെ കോക്രി കാണിക്കുന്നതായിരുന്നു. അത് അദ്ദേഹം നിയമത്തിന്റെ മാന്ത്രികനണ്ഡം കാണിച്ച് മാറ്റി. കണക്ക്
കൊടുക്കാതിരുന്നാലും, കള്ളക്കണക്ക് കൊടുത്താലും, മത്സരിക്കാനുള്ള അവസരം പോലും നഷ്ടപ്പെടുമെന്നായപ്പോള്‍,
എല്ലാവരും നല്ല കുട്ടികളാകാന്‍ നിര്‍ബന്ധിതരായി. ചിലവ് കുറഞ്ഞു.

സംസ്ഥാനങ്ങളുടെ സഭയാണ് രാജ്യസഭ. രാജ്യം എന്നുവെച്ചാല്‍ ഹിന്ദിയില്‍ സംസ്ഥാനം. അതുകൊണ്ട് അതാത് സംസ്ഥാനത്ത് താമസിക്കുന്നവരെയാണ് അവിടത്തെ നിയമസഭാംഗങ്ങള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. പക്ഷേ മന്‍ മോഹന്‍ സിംഗ്
ഗുവഹടിയിലും ഒ രാജഗോപാല്‍ ഭോപാലിലും താമസക്കാരണെന്ന മട്ടില്‍ അസമില്‍നിന്നും മധ്യപ്രദേശില്‍നിന്നും രാജ്യസഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടു. പണ്ടുപണ്ട് തുടങ്ങിയ ഒരു നഗ്നമായ നിയമലംഘനം. ആരും ചോദ്യം ചെയ്യാതെ, തിരുത്താതെ അത് തുടര്‍ന്നുപോന്നു. ആ അസത്യവും അനൌചിത്യവും ശേഷന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ‍എല്ലാവരും വിരണ്ടു. അങ്ങനെ
നിയമത്തെത്തന്നെ തിരുത്തി നിയമലംഘനം ഇല്ലാതാക്കി. ഇത്തരം പരിപാടികളുമായി മുന്നോട്ടുപായുന്ന തിരഞ്ഞെടുപ്പു കമിഷണറെ
നിലക്കുനിര്‍ത്താനുള്ള വഴികളെപ്പറ്റി ആലോചനയായി. കമിഷനില്‍ രണ്ടുപേരെക്കൂടി അംഗങ്ങള്‍ ആക്കി ശേഷന് കടിഞ്ഞാണിട്ടു.

പഴയ പോലെ ശൌര്യം കാണിക്കാന്‍ കഴിയാതായാല്‍ അദ്ദേഹം ഇറങ്ങിപ്പോകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.
പുതുതായി വന്ന കമിഷണര്‍മാരെ എങ്ങനെയെല്ലാം ഒതുക്കിയെടുക്കാം എന്നായി പിന്നെ അദ്ദേഹത്തിന്റെ ചിന്ത. എല്ലാ തന്ത്രങ്ങളും
വിളയുന്ന അദ്ദേഹത്തിന്റെ ഫലഭൂയിഷ്ഠമായ മസ്തിഷ്കത്തില്‍ അവരെ നേരിടനുള്ള സൂത്രങ്ങളും ഉദിച്ചു. അവരില്‍ ഒരാളെ--കൃഷ്ണമൂര്‍ത്തിയെ--
ഭരണഘടനാപരമായി കുരങ്ങുകളിപ്പിച്ചതിന്റെ കഥ ശേഷന്‍ തന്നെ സരസമായി വിവരിച്ചുതന്നത് ഓര്‍ത്തുപോകുന്നു.

എവിടെവെച്ചോ, എപ്പോഴൊ, തനിക്ക് കിട്ടിയ പ്രശസ്തി രാഷ്ട്രീയമായ ജനകീയാംഗീകാരമായി അദ്ദേഹം ധരിച്ചുവശായി.
അദ്ദേഹം വഴി, ഒരു ഒറ്റയാള്‍പട്ടാളം വഴി എന്നോണം, പുതിയൊരു രാഷ്ട്രീയക്രമം ഉരുത്തിരിയുമെന്നും അദ്ദേഹം
വിശ്വസിച്ചിരുന്നു, ആ കാലഘട്ടത്തില്‍. അങ്ങനെയാണ് പെന്‍ഷന്‍ പറ്റിയതിനുശേഷം രാഷ്ട്രത്തെ നയിക്കാന്‍
അദ്ദേഹം മുന്നിട്ടിറങ്ങിയത്. പലരുമായും ആലോചിച്ചു. പലരുടേയും സഹായം തേടി. എന്നിട്ടാണ് രാഷ്ട്രപതി
തിരഞ്ഞേടുപ്പില്‍ മത്സരിച്ചത്.

തോറ്റു തുന്നം പാടുമെന്ന് ഉറപ്പായിട്ടും മത്സരിക്കാന്‍ പോയതെന്തേ എന്ന് പിന്നീടൊരിക്കല്‍ ചെന്നെയില്‍ അദ്ദേഹത്തിന്റെ
വസതിയില്‍ ചെന്നപ്പോള്‍ ചോദിച്ചു. ശേഷന്‍ ഖിന്നനും കുപിതനും ആയിരുന്നു. സഹായിക്കാമെന്നു പറഞ്ഞവര്‍ എല്ലാം
കാലു വാരി. പക്ഷേ അതുകൊണ്ട് നേരത്തേ പ്രഖ്യാപിച്ച തീരുമാനം മാറ്റാന്‍ പറ്റുമോ? അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ
വിശദീകരണം. സിനിസിസം ഒന്നുകൂറ്റി കടുക്കട്ടെ എന്നു കരുതി, ഞാന്‍ പഴയ ഒരു കഥ ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പുചിലവ്
നിയന്ത്രിക്കുന്ന യജ്ഞത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടിരിക്കേ, കുശലത്തിനുവേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ ഒരു
തെലുഗു നേതാവ്നിസ്സാരമായി പറഞ്ഞു: “എട്ടുകോടി വേണ്ടിവന്നു ലോക് സഭയില്‍ എത്താന്‍.” അത് വെറും
കോഴിത്തീറ്റയാണെന്നേ തോന്നൂ, ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന കണക്കുമായി തട്ടിച്ചുനോക്കിയാല്‍.


ശേഷന്‍ ഒന്നും മിണ്ടിയില്ല. മനുഷ്യന്റെ നിസ്സഹായതയെപ്പറ്റി ഏതോ ഒരു ശ്ലോകം ചൊല്ലി. ഇനിയും കുറേ
ദൂരം സഞ്ചരിക്കാന്‍ അധികാരത്തിന്റെ വഴി തുറന്നുകിട്ടിയിരിക്കുന്ന നവീന്‍ ചാവ്‌ളക്ക് തല്‍ക്കാലം കുണ്ഠിതത്തിനു
കാരണമില്ല. എന്നുതന്നെയല്ല, രൂപത്തിലും സ്വഭാവത്തിലും മാറ്റമില്ലത്തവനായ സ്ഥിതിക്ക്, അദ്ദേഹത്തില്‍നിന്ന്
വിവാദങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശരാകേണ്ടി വരികയുമില്ല. ശേഷനോളം ശബ്ദവും വെളിച്ചവും
ഉണ്ടാക്കണമെന്നുണ്ടെങ്കില്‍, നവീനമായ തന്ത്രങ്ങള്‍ കണ്ടെത്തേണ്ടിവരുമെന്നു മാത്രം. ‍

(തേജസ്സില്‍ മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ചത്)

Tuesday, March 10, 2009

ചരിത്രപരമായ ഒരു എച്ചിത്തരം

ചരിത്രപരമായ ഒരു എച്ചിത്തരം
കെ ഗോവിന്ദന്‍ കുട്ടി

ഇന്നലെ ഞാന്‍ കവടിയാര്‍ മേനറില്‍ പോയി. നേരത്തെ പോകേണ്ടതായിരുന്നു. നേരത്തേ പോകേണ്ടിയിരുന്നവര്‍ പലരും ഇതുവരെ പോയിട്ടില്ല. അതു പക്ഷെ സമധാനമായില്ല.
പോകുന്നതുകൊണ്ട് പോകുന്നയാള്‍ക്കുതന്നെ മാന്യത കിട്ടും. അങ്ങനെയുള്ള ഒരാള്‍ അവിടെ താമസിക്കുന്നു. പ്രായം എന്നേക്കാള്‍ ഏറും, നിലയും വിലയും എത്രയോ കൂടും, എന്നാലും ഞാന്‍
അദ്ദേഹത്തെ സ്നേഹിതന്‍ എന്നു വിളിക്കട്ടെ. കണ്ണും കാതും കാലും ചോരയും ശ്വാസവും ഹൃദയവും പരുങ്ങലിലായി കിടക്കുന്നു. രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിക്കാന്‍ തിരഞ്ഞെടുത്ത ളാണ്. മലയാളിയുടെ ചരിത്രാദ്ധ്യാപകന്‍. പ്രൊഫസര്‍ ഏ ശ്രീധരമേനോന്‍.

മുഖ്യമന്ത്രി അച്യുതാനന്ദന്‍ അദ്ദേഹത്തെപ്പറ്റി കേട്ടുകാണില്ല. അഥവാ കേട്ടിട്ടുണ്ടെങ്കില്‍ത്തന്നെ, അദ്ദേഹത്തിന് പത്മഭൂഷണ്‍ കൊടുക്കുന്നതായി കേട്ടിട്ടുണ്ടവില്ല. കേട്ടിരുന്നെങ്കില്‍, കേരളത്തിലെ അഭിനവ ഗോര്‍ബച്ചെവുമാരെ തിരഞ്ഞുപിടിക്കുന്ന ദൌത്യത്തില്‍ മുഴുകിയിരിക്കുകയാണെങ്കിലും, പ്രൊഫസര്‍ ശ്രീധരമേനോനെ ഒന്നു കാണാനോ വിളിക്കാനോ നേരം കണ്ടെത്തുമായിരുന്നു. ഒന്നുമില്ലെങ്കില്‍, അവശനായി കിടക്കുന്ന അദ്ദേഹത്തെ ശുശ്രൂഷിക്കുന്നവരോട് അന്വേഷണം പറയാന്‍ ഏതെങ്കിലും ശിങ്കിടിയെ ചുമതലപ്പെടുത്തുമായിരുന്നു. ഗോര്‍ബാച്ചെവുമാര്‍ക്കണെങ്കില്‍ ചരിത്രപരമായ താല്പര്യം വേറെയാണല്ലോ.

മുഖ്യമന്ത്രി മാത്രമല്ല, അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ ‍ആരും ഇക്കാര്യം അറിഞ്ഞതായി തോന്നുന്നില്ല. കവടിയാര്‍ മേനറില്‍ ശ്രീധരമേനോന്റെ വീട്ടില്‍ പോയി വല്ലപ്പോഴും ഭക്ഷണം കഴിക്കാറുള്ള ഒരു മന്ത്രി ഉണ്ട്, എറെ വിദ്യാഭ്യാസമുള്ള ഒരാള്‍. പണ്ടൊരിക്കല്‍, “അക്ഷരം നാവിന്‍മേല്‍ കളിയാടും മര്‍ത്ത്യനെ ശത്രുവായ് കാണുന്നൊരുഗ്രമൂര്‍ത്തിഎന്ന് പിരപ്പന്‍കോട് മുരളി വിശേഷിപ്പിച്ച സഖാവിന്റെ ജനുസ്സില്‍ പെടാത്തവിദഗ്ദ്ധന്‍. അദ്ദേഹം പോലും പ്രൊഫസര്‍ ശ്രീധരമേനോന്‍ പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്ന കാര്യം അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കില്‍, അദ്ദേഹത്തെ അനുമോദിക്കാന്‍ കവടിയാര്‍ മേനറില്‍ ഓടിയെത്തുമായിരുന്നില്ലേ?

ഉറപ്പാണ്, സംസ്ഥാനസര്‍ക്കാര്‍ ഒന്നുമറിഞ്ഞിട്ടുണ്ടാവില്ല. ‍നക്ഷത്രചിഹ്നങ്ങള്‍ ‍തുന്നിപ്പിടിപ്പിച്ച ഉടുപ്പുകളിട്ടവര്‍ ഏറെയുള്ള രഹസ്യാന്വേഷണവിഭാഗം, കവടിയാര്‍ മേനറില്‍ താമസിക്കുന്ന ഒരു കിഴവന്‍ പത്മഭൂഷണ്‍ ബഹുമതിക്കര്‍ഹനായിരിക്കുന്നുവെന്ന് റിപ്പോര്‍ട് ചെയ്തിട്ടുണ്ടാവില്ല. അത്രക്കൊന്നുമില്ല്ല്ല്ലാത്ത ബഹുമതികള്‍ കിട്ടുന്നവരെപ്പോലും ആദരിക്കാനും അഭിനന്ദിക്കാനും പൊന്നാടയണിയിക്കാനും മന്ത്രിപുംഗവന്മാരും പ്രൊഫഷണല്‍ സ്വീകരണസംഘക്കാരും അഹമഹമികയാ തള്ളിക്കേറിവരുന്നതാണ് കാലം. ഇത്തവണ തന്നെ പത്മശ്രീ കിട്ടിയ പലരും സ്വീകരണവും അനുമോദനവുമായി പൊറുതിമുട്ടിയിരിക്കുകയാണെന്നു തോന്നുന്നു. പ്രൊഫസര്‍ ശ്രീധരമേനോന്റെ ഭാഗ്യമോ എന്തോ, സംസ്ഥാനസര്‍ക്കാര്‍ അങ്ങനെ ഒരു ശല്യം വേണ്ടെന്നുവെച്ചിരിക്കുന്നു.

ദോഷം മാത്രമായി പറയരുത്: ഒരു മന്ത്രി, ‍കോഴിമുട്ടയെപ്പറ്റിയും ശിലാഫലകത്തെപ്പറ്റിയുമുള്ള മൌലികചിന്തകളുമായി ബന്ധപ്പെടുത്തി പറയാറുള്ള മന്ത്രി, അദ്ദേഹം ശ്രീധരമേനോനെപ്പറ്റി എന്തോ അറിഞ്ഞുവശായിരിക്കുന്നു. അധികാരത്തിന്റെ മുദ്ര വെച്ച കടലാസില്‍ അനുമോദനം എഴുതി അദ്ദേഹം തപാല്‍ വഴി അയച്ചു. ഹന്ത! ഭാഗ്യം ജനാനാം!

പിന്നെ, പത്രത്തില്‍ പേരുവരാന്‍ പോന്നവരാരും കവടിയാര്‍ മേനറില്‍ ഭംഗിവാക്കുകളുമായി എത്തിയതായി റിപ്പോര്‍ടില്ല. കഴിഞ്ഞ തവണ തോറ്റുപോയ ഒരു നിയമസഭാംഗം വഴിതെറ്റി കയറിച്ചെന്നു. സര്‍വകലാശാലയിലെ പെന്‍ഷന്‍ പറ്റിയവരുടെ സംഘടനയില്പെട്ട ചിലര്‍ സന്തോഷം പങ്കിടാന്‍ എത്തി. വൈസ് ചാന്‍സലര്‍ക്ക് പണി വേറെ ഉണ്ടായിരുന്നു. പണ്ടൊരിക്കല്‍ അവിടെ റജിസ്റ്റ്റാര്‍ ആയിരുന്ന ആള്‍ക്കാണ് പത്മഭൂഷണ്‍ കിട്ടിയിരിക്കുന്നത്; അത് പക്ഷേ അത്ര വലിയ കാര്യമാണോ? അവിടെ ഇപ്പോള്‍ ചരിത്രം പഠിപ്പിക്കുന്നവര്‍ക്കുപോലും അത് ചരിത്രമല്ല. ആണെങ്കില്‍ തന്നെ അവര്‍ക്കത് അറിയില്ല. അതുകോണ്ട് അവരാരും തിരിഞ്ഞുനോക്കിയില്ല. തിരിഞ്ഞുനോക്കിയത് പണ്ട് ചരിത്രം പഠിപ്പിച്ചിരുന്ന ചിലര്‍ മാത്രം.

സര്‍ക്കാരിന്റെ അറിവിനേയും അറിവില്ലായ്മയേയും പറ്റിയുള്ള ഈ അര്‍ത്ഥാന്തരന്യാസം ഏറെ നീട്ടിക്കൊണ്ടുപോകാന്‍ വയ്യ. സര്‍ക്കാരിന്റെ ലക്ഷണം ഔചിത്യബോധമാണെങ്കില്‍, നമ്മുടെ സംസ്ഥാനസര്‍ക്കാര്‍ വേറെ എന്തോ ആണെന്നു പറയേണ്ടിയിരിക്കുന്നു. തിലകനും ഉദയഭാനുവിനും മാധവന്‍ നായര്‍ക്കും പൂക്കുട്ടിക്കും കിട്ടിയ പുരസ്കാരങ്ങള്‍ മലയാളത്തിന്റെ അഭിമാനമാണെങ്കില്‍, മലയാളിയുടെ പല തലമുറകളെ ചരിത്രം പഠിപ്പിച്ചുവരുന്ന ശ്രീധരമേനോനു കിട്ടിയ പത്മഭൂഷണും മലയാളത്തിന്റെ അഭിമാനമാകുന്നു. അങ്ങനെ അല്ലെന്ന് സംസ്ഥാനസര്‍ക്കര്‍ ഭാവിക്കുന്നെങ്കില്‍, ഭാഷയുടെ സഭ്യതയെ ഒട്ടൊന്നു ഞെരുക്കിക്കൊണ്ടു പറയേണ്ടിവരും, ഇത്ആണ് എച്ചിത്തരം!

പത്തുകൊല്ലം മുമ്പ് ശ്രീധരമേനോനെ ഒരു ടെലവിഷന്‍ ചാനലില്‍ അഭിമുഖത്തിനു കൊണ്ടുപോയപ്പോള്‍, അദ്ദേഹം ചോദിച്ചു: “ഇവിടെയൊക്കെ കമ്യൂണിസ്റ്റുകാരല്ലേ, എനിക്കെന്തു സ്ഥാനം?“ കമ്യൂണിസ്റ്റുകാര്‍ക്ക് അപ്പോഴേക്കും അദ്ദേഹം പോഴയോ പിഴയോ ഒക്കെ ആയി ത്തീര്‍ന്നിരുന്നുന്നു. കൊണ്ടുപിടിച്ച എഴുത്തൊഴിച്ചാല്‍ വിശേഷിച്ചൊരു രാഷ്ട്രീയവുമില്ലാത്ത അദ്ദേഹത്തെ ചിലര്‍ വര്‍ഗ്ഗശത്രുവാക്കി, ചിലര്‍ ഹിന്ദുത്വത്തിന്റെ മഞ്ഞച്ചരടില്‍ കെട്ടിയിട്ടു. ഇഎം എസുമായും ഗോവിന്ദപ്പിള്ളയുമായും ആലോചിച്ചേ സ്വാതന്ത്ര്യസമരത്തിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ചുള്ള ഒരു ലഘുപുസ്തകം എഴുതാന്‍ പാടുള്ളു എന്ന തീട്ടൂരത്തിനു വഴങ്ങാതിരുന്നതോടുകൂടി അദ്ദേഹം തീര്‍ത്തും അനഭിമതന്‍ ആയി. കുട്ടിസഖാക്കള്‍ എന്നല്ല, വലിയ സഖാക്കളും ചരിത്രപ്പൊലിസ് ആകേണ്ടെന്ന പക്ഷക്കാരനാണ് ശ്രീധരമേനോന്‍.

ശ്രീധരമേനോനെതിരെ പറയാവുന്ന കാര്യങ്ങള്‍ നിരവധി. പുതിയ അര്‍ഥത്തില്‍, അദ്ദേഹം ചരിത്രകാരനേ അല്ല. കേവലം ഒരു ചുരുക്കെഴുത്തുകാരന്‍. അല്ലെങ്കില്‍ നീട്ടെഴുത്തുകാരന്‍. രണ്ടാം ചേരസാമ്രാജ്യത്തെപ്പറ്റി ഇളംകുളം പടച്ച കുറേ കഥയും കാര്യവും ഉരുവിട്ടുവളരുകയും തലമുറകളിലൂടെ തഴപ്പിക്കുകയും ചെയ്ത വിദ്വാന്‍. വര്‍ഗ്ഗവിശകലനമോ തനി ശകലനമോ നടത്താത്ത ഒരു ഒഴുക്കന്‍ കഥാകാരന്‍. പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടുനടക്കുന്ന പിന്തിരിപ്പന്‍. സര്‍ സിപിയെപ്പറ്റിയുള്ള പഴയ അഭിപ്രായം തിരുത്തി, അദ്ദേഹത്തില്‍ ചില നന്മകള്‍ കൂടി കണ്ടെത്തിയ മൂരാച്ചിയും തിരുത്തല്‍വാദിയും. മൂരചിത്തവും തിരുത്തല്‍വാദവും, രണ്ടും ഒരുപോലെ ഗര്‍ഹണീയമായ വര്‍ഗ്ഗവൈകല്യങ്ങള്‍ ആകുന്നു. അത്തരം വൈകല്യങ്ങള്‍ ഉള്ള ഒരാള്‍ക്ക് എങ്ങനെ പത്മഭൂഷണ്‍ കിട്ടും? എങ്ങനെയെങ്കിലും കിട്ടിയാല്‍ത്തന്നെ, അദ്ദേഹത്തെ എങ്ങനെ അനുമോദിക്കും? മലയാളത്തിന്റെ അഭിമാനമെന്നൊക്കെ ചുമ്മാ അങ്ങു പറയാനൊക്കുമോ?

കേരളത്തിന്റെ പുതിയ പ്രൌഢമായ ചരിത്രം പിന്നീട് പല ഗുരുക്കള്‍മാരും എഴുതിയിട്ടുണ്ട്. എന്നിട്ടും ശ്രീധരമേനോന്റെ കഥ തന്നെ കുട്ടികള്‍, ചരിത്രത്തിന്റെ ദുശ്ശീലം പോലെ, ഇന്നും വായിച്ചുവളരുന്നു. അത് അട്ടിമറിച്ച്, അതിനുപകരം പുതിയ ചരിത്രഭാഷ്യം അടുത്തെന്നെങ്കിലും വിജ്ഞാനവിപണിയില്‍ ഇറക്കാന്‍ പട്ടുമെന്നു തോന്നുന്നില്ല. വെറുതെയല്ല, ചരിത്രം എഴുതിക്കിട്ടുന്ന പണംകൊണ്ട് നിത്യവൃത്തി കഴിക്കാന്‍ അദ്ദേഹത്തിന് ഇന്നും സാധിക്കുന്നു. ഇനി, ആളുകള്‍ അദ്ദേഹത്തിന്റെ പുസ്തകം വാങ്ങിക്കുകയും ചരിത്രം ഉള്‍ക്കൊള്ളുകയും ചെയ്യുന്നതും വര്‍ഗ്ഗവഞ്ചന ആണെന്നുവരുമോ?

പത്മഭൂഷണ്‍ സ്വീകരിക്കുമോ എന്നു ചോദിച്ചറിയാന്‍ കേന്ദ്ര ആഭ്യന്തര സെക്രടറി മധുകര്‍ ഗുപ്ത ശ്രീധരമേനോനെ വിളിച്ചപോള്‍ സംസാരിച്ചത് സരോജിനി മേനോന്‍ ആയിരുന്നു. ശ്രീധരമേനോന് കേള്‍ക്കാനും സംസാരിക്കാനും വിഷമം. എങ്ങനെ ആ തീരുമാനം ഉണ്ടായെന്ന് ആര്‍ക്കും ഒരു രൂപവും കിട്ടിയില്ല. മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തതാകാന്‍ വഴിയില്ല. ശ്രീധരമേനോന്‍ അതിനുവേണ്ടി കമ്പി വലിക്കാന്‍ പറ്റുന്ന പരുവത്തിലല്ല താനും. മധുകര്‍ ഗുപ്തയുടെ സന്ദേശത്തിനുശേഷം വന്നുകൊണ്ടിരുന്ന വാര്‍ത്തകളില്‍ ശ്രീധരമേനോന്റെ പേര്‍ കാണാതിരുന്നപ്പോള്‍, വിളിച്ചുവരുത്തി സദ്യ ഇല്ലെന്നു പറയുന്നതുപോലെയാകുമോ എന്നു സരോജിനി മേനൊന് തോന്നി. പിന്നെ പ്രഖ്യാപനം ഉണ്ടായി. അതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു അച്യുതാനന്ദനും സംസ്ഥനസര്‍ക്കാരും പ്രാക്തനരും അഭിനവരുമായ ഗോര്‍ബാച്ചെവുമാരും.

വൈരുദ്ധ്യാധിഷ്ഠിതമായി നോക്കിയാല്‍, എവിടെയോ ഒരു ഗൂഢാലോചനയോ ഉപജാപമെങ്കിലുമോ നടന്നിരിക്കുന്നതായി കാണാം. സംസ്ഥാനസര്‍ക്കാരിന്റെ വിശ്വവിഖ്യാതമായ മൂക്കിനുതാഴെ താമസിക്കുന്ന ഒരാള്‍ക്ക്, സംസ്ഥനസര്‍ക്കാരിന്റെ അറിവോ ഒത്താശയോ ഇല്ലാതെ, നേരുപറഞ്ഞാല്‍ അതിന്റെ ഇഷ്ടത്തിനെതിരായി, ഒരു ദേശീയ ബഹുമതി കിട്ടുന്നത് എങ്ങനെ? സംസ്ഥാനസര്‍ക്കാരിന്റെ വിപ്ലവപ്രഭയില്‍ കരി വാരിത്തേക്കാനുള്ള പണിയല്ലേ ഇത്? സംസ്ഥാനത്തിന്റെ അധികാരത്തില്‍ കയ്യും കാലും കടത്തുന്ന ഏര്‍പ്പാടല്ലേ ഇത്? കേന്ദ്ര-സംസ്ഥാന്‍നബന്ധങ്ങളെ തകര്‍ക്കാന്‍ പോന്ന കുത്സിതമായ ഈ നീക്കം പിന്‍വലിക്കേണ്ടതല്ലേ? പണ്ടായിരുന്നെങ്കില്‍ ബഹുമതി നിരസിക്കാന്‍ അതിനു തിരഞ്ഞെടുക്കപ്പെട്ട ആളോട് ആജ്ഞാപിക്കാമായിരുന്നു. ഇന്നിപ്പോള്‍ ഒരേയൊരു സമാധാനം അവശനായിക്കിടക്കുന്ന ശ്രീധരമേനോന് മാര്‍ച് മുപ്പത്തൊന്നിന് ‍ഡല്‍ഹിയില്‍ പോയി പത്മഭൂഷണ്‍ നേരിട്ട് വാങ്ങാന്‍ പറ്റില്ല എന്നതുതന്നെ. രാഷ്ട്രത്തിനുവേണ്ടി അതു കവടിയാര്‍ മേനറില്‍ പോയി കൊണ്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയോട് ആരും ആവശ്യപ്പെടാതിരിക്കട്ടെ.

(മനോരമയില്‍ മാര്‍ച്ച് 24ന് പ്രസിദ്ധീകരിച്ചത്)
......