ഒരു കോടി നിറച്ച സ്യൂട്കേസ്
കെ ഗോവിന്ദന്‍ കുട്ടി
കിട്ടിയതൊന്നും ഓര്‍ക്കാതിരിക്കുന്ന മനുഷ്യസ്വഭാവം ഉള്ള ആളായിരുന്നിരിക്കണം പി വി നരസിംഹ റാവുവും. ഒരിക്കല്‍
ഒരു കോടി രൂപ നിറച്ച ഒരു സ്യൂട് കേസ് അദ്ദേഹത്തിനു കൊടുത്തുവെന്ന് അന്നത്തെ ഓഹരിസിംഹം ഹര്‍ഷദ് മേഹ്ത
പറഞ്ഞപ്പോള്‍, കൊള്ളണോ തള്ളണോഎന്നു നിശ്ചയിക്കാന്‍ റാവു ഒരാഴ്ചയിലേറെ എടുത്തത് അതുകൊണ്ടാവാനേ തരമുള്ളൂ.
സത്യത്തിനും അസത്യത്തിനും ഇടയിലുള്ള അതിര്‍വരമ്പ് ഇടിഞ്ഞുടഞ്ഞുപോകുന്നതുപോലെ തോന്നിച്ചതായിരുന്നു ആ കഥാസന്ദര്‍ഭം.
കഥയാകട്ടെ, പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലെത്തി, ഒരു ഓഹരിവിപണിക്കാരന്‍ ഒരു കോടി രൂപ കാണിക്ക വെച്ചുവെന്നും.
വിചിത്രവും അതുകൊണ്ടുതന്നെ രസകരവുമായ ആ കഥയുടെ ലേഖനശാല ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്ററുടെ മുറിയായിരുന്നു. എഡിറ്റര്‍
പ്രഭു ചാവ്ള കേട്ടറിഞ്ഞ വിവരം കഥയായി കൊരുത്തെടുത്തത് ഞാന്‍. ആരില്‍നിന്ന് ചാവ് ള എന്തു കേട്ടു, എത്ര അറിഞ്ഞു എന്ന്
ഇപ്പോഴും ഒരുപക്ഷേ അദ്ദേഹത്തിനുകൂടി തീര്‍ത്തും പറയാനാവില്ല. താന്‍ ഒരു കഥക്കതിനയുമായി പറന്നുവരുന്നുവെന്നും, നേരത്തേ പൊയ്ക്കളയരുതെന്നും മുംബയില്‍നിന്ന് എന്നെ വിളിച്ചുപറയുകയായിരുന്നു എഡിറ്റര്‍. വെറുതേ ന്യൂസ് റൂമില്‍ ഒന്നു ചുറ്റിയടിച്ചുപോകാമെന്നു മാത്രം കരുതി ഇറങ്ങിയിരുന്ന എന്റെ ഞായറാഴ്ച വൈകുന്നേരം അങ്ങനെ വൈകും വരെയും തിരക്കായി.
കൊള്ളാവുന്ന കഥ കിട്ടിയാല്‍ തുള്ളിച്ചാടുന്നതാണ് പ്രഭുവിന്റെ പ്രകൃതം. കഥ അദ്ദേഹത്തിന് കുറേ കിട്ടുകയും ചെയ്യും. കക്ഷിഭേദമില്ലാതെ ആളുകളെ കാണാനും കൂട്ടുകൂടാനും ഇത്രയേറെ തിടുക്കമുള്ളവരെ അധികം കാണീല്ല. രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലും ബിസിനസിലും പ്രഭുവിന്റെ പരിചയവൃത്തം എന്നും, വികസിക്കുന്ന പ്രപഞ്ചം പോലെ, വലുതായിക്കോണ്ടിരുന്നു. വാര്‍ത്ത ഉണ്ടാക്കാന്‍ സാധ്യത കുറഞ്ഞ അക്കാദമികമേഖലയില്‍ അദ്ദേഹത്തിന് വലിയ പ്രഭുത്വം ഉണ്ടായിരുന്നില്ല. അധികാരവിപണനമായിരുനു പ്രഭുവിന്റെ കര്‍മ്മവും കൌതുകവും. അതിന്റെ ഭാഗമായിരുന്നു സ്യൂട്കേസ് കഥ.
രാത്രി വൈകി എഴുതിയ ആ കഥക്കതിനയുടെ ഉള്ളടക്കം ഇത്രയുമായിരുന്നു: ഓഹരിവിപണിയെ തന്റെ ചൊല്‍പ്പടിക്കുനിര്‍ത്തിയിരുന്ന ഹര്‍ഷദ് മേഹ്ത ഒരു ദിവസം ഡല്‍ഹിയില്‍ വരുന്നു, കൊണോട് പ്ലേസിനടുത്തൊരു ഹോടലില്‍ താമസിക്കുന്നു, വ്യ്‌വസായിയായ ഒരു രാജ്യസഭാംഗത്തിന്റെ അകമ്പടിയോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ എത്തുന്നു, ഒരു കോടി നിറച്ച സ്യൂട്കേസ് പ്രൈവറ്റ് സെക്രടറിയുടെ മുമ്പില്‍ വെക്കുന്നു, പ്രധാനമന്ത്രി വന്ന് അതിനെ തൊട്ടനുഗ്രഹിച്ചതിനുശേഷം സെക്രടറി അത് എടുത്തുമാറ്റുന്നു. ദാനധര്‍മ്മത്തിനായി വന്നയാള്‍ ഹോടലിലേക്കു മടങ്ങുന്നതോടെ കഥയുടെ ആദ്യകാണ്ഡം തീരുന്നു.
കഥ പൊടിപ്പും തൊങ്ങലും താങ്ങി അടിക്കുമ്പോള്‍, എന്റെ ഉള്ളില്‍ ഒരു കൊങ്ങന്‍ ചോദ്യം ഇഴഞ്ഞുനടന്നു: പ്രധാനമന്ത്രി പെട്ടി തൊട്ട് അനുഗ്രഹിച്ചതെന്തിന്? പണം കൊടുത്തോ, വാങ്ങിയോ, തികഞ്ഞോ, കുറഞ്ഞോ,എന്നൊന്നും അറിയാനായിരുന്നില്ല എന്റെ താല്പര്യം. പ്രാര്‍ഥിക്കുന്നവരെ തലയില്‍ കൈ വെച്ച് അനുഗ്രഹിക്കുന്ന ദൈവങ്ങളേയും മനുഷ്യരേയും ഏറെ കണ്ടിരിക്കുന്നു. അവര്‍, അനുഗ്രഹാര്‍ഥികള്‍, അതുംകൊണ്ട്, കിട്ടിയാലുടന്‍ പമ്പ കടക്കും. പക്ഷേ തനിക്കു തിരുമുല്‍ക്കാഴ്ചയായി കിട്ടുന്ന തുകല്‍പ്പെട്ടിയെ തൊട്ടനുഗ്രഹിച്ച് മാറ്റിവെക്കുന്നതിന്റെ മനശാസ്ത്രവും ധനശാസ്ത്രവും എനിക്ക് പിടി കിട്ടിയില്ല. നിര്‍ദ്ദോഷമായ എന്റെ ചോദ്യം കുസൃതിയാണെന്നായിരുന്നു എല്ലാം അറിയാത്ത പ്രഭുവിന്റെ ധാരണ.
അതൊരു കഥ തന്നെയായിരുന്നു. പാരമ്പര്യവാദിയായ ഒരു എഡിറ്ററും അച്ചടിക്കാന്‍ സമ്മതിക്കാത്ത കഥ. കഥയുടെ സാധ്യതയും സാധുതയും വായനക്കാര്‍ക്ക് ബോധ്യം വരുത്താന്‍ വേണ്ട സൂചനകളോ ഏറെക്കുറെ ആധികാരികമായ ഉദ്ധരണങ്ങളോ ഇല്ലാതെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയില്ലെന്ന നിര്‍ബ്ബന്ധം പ്രഭുവിന്റെ ദൌര്‍ബ്ബല്യമായിരുന്നില്ല. മുംബയില്‍ ഒരു പ്രമാണി തനിക്കു തന്ന വാര്‍ത്ത സത്യമല്ലാതൊന്നുമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അപ്പോള്‍ പിന്നെ പാരമ്പര്യം പറഞ്ഞ് വാര്‍ത്ത എന്തിനു പൂഴ്ത്തിവെക്കണം? അതും നരസിംഹ റാവുവിനെ വെട്ടിലാക്കുന്ന വാര്‍ത്തയാകുമ്പോള്‍? ആദ്യമാദ്യം റാവുവിനെ വാഴ്ത്തിനടന്നിരുന്ന ആളാണ് പ്രഭു ചാവ്ള. പ്രഭു പൊട്ടിച്ച ചില വാര്‍ത്തകള്‍ റാവിവിന്റെ നാലമ്പലത്തില്‍നിന്നു നേരിട്ടുവന്നതാണെന്ന് അക്കാലത്ത് സംസാരമുണ്ടായിരുന്നു. പിന്നെപ്പിന്നെ റാവുവിനെ തരം കിട്ടുമ്പോഴും കിട്ടാത്തപ്പോഴുംതാഴ്ത്തിക്കെട്ടുകയായി അദ്ദേഹത്തിന്റെ ദൌത്യം. കോടി നിറച്ച സ്യൂട്കേസിന്റെ കഥഅതിനൊരു സുവര്‍ണോപകരണമായി.
വിഷസര്‍പ്പത്തെപ്പോലെ ആ വാര്‍ത്ത ചുരുളഴിഞ്ഞപ്പോള്‍ എവിടേയും ആവേശവും സംശയവുമായി. ഏറെ ദിവസം വേണ്ടിവന്നു അത് ഉണങ്ങിയ ഒരു ഓലപ്പമ്പുമാത്രമാണെന്നു തെളിയാന്‍. ഒരു തുടര്‍ക്കഥയാക്കാന്‍ പാകത്തില്‍ പഴുതുകളും വിവാദസാധ്യതകളും ഉള്‍ച്ചേര്‍ത്തുകൊണ്ടുതന്നെയായിരുന്നു ആദ്യലേഖനത്തിന്റെ അവതരണം. കഴിയുമെങ്കില്‍ മറ്റുള്ളവരുടെ വെളിപ്പെടുത്തലുകള്‍ കണ്ടില്ലെന്നുനടിക്കാന്‍ ശീലിച്ചിട്ടുള്ള പത്രങ്ങള്‍ക്കും അതേറ്റുപിടിക്കേണ്ടി വന്നു. ചിലര്‍ അതിന്റെ അവ്യക്തത ചൂണ്ടിക്കാണീക്കെത്തന്നെ, അത് അസാധ്യമല്ലെന്ന മട്ടില്‍ അതുമിതും എഴുതിപ്പിടിപ്പിച്ചു. ചിലര്‍ സ്യൂട്കേസിന്റെ നീളവും വീതിയും അളന്നുനോക്കി, ഒരു കോടി രൂപ അതില്‍ കൊള്ളില്ലെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചു. ചിലര്‍ പ്രധാനമന്ത്രിയുടെ വിലനിലവാരം ഒരു കോടിയിലേക്കു ചുരുങ്ങുന്നതിനെച്ചൊല്ലി പരിതപിച്ചു. ആയിടെ ഡല്‍ഹിയില്‍ വന്ന എം വി രാഘവന്‍, പി കെ കുഞ്ഞാലിക്കുട്ടി ഒരു സ്വകാര്യസംഭാഷണത്തില്‍ പൊട്ടിച്ചതായി, ഒരു ഫലിതം പറഞ്ഞു: “ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു കോടി രൂപയോ! കൊച്ചുകേരളത്തില്‍ ഒരു പീക്കിരിവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ പണക്കണക്കില്‍ പോലും ഒരു കോടി നന്നേ ചെറിയ തുകയാണല്ലോ!”
കഥ തുടരവേ, എല്ലാം കരുതിയും കണ്ടും ചെയ്യാറുള്ള റാഞ്ചിക്കാരന്‍ ബ്യൂറൊ ചീഫ് ദേവ് സാഗര്‍ സിംഗ്, ഒട്ടൊക്കെ അടക്കിപ്പിടിച്ചുകോണ്ട് ചോദിച്ചു: “നമ്മള്‍ ഈ എഴുതിപ്പിടിപ്പിക്കുന്നതിനെല്ലാം തെളിവ് വല്ലതുമുണ്ടോ...?“ വേറെ വാക്കുകളില്‍ ഇതേ ചോദ്യം നേരത്തേത്തന്നെ പ്രഭുവിനോട് ചോദിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന് സംശയം എന്നൊന്നില്ല. ആദ്യദിവസത്തെ കഥ ആരും തള്ളിപ്പറയാത്തതുകൊണ്ട് രണ്ടാം ദിവസം ഞങ്ങള്‍ ഒന്നുകൂടി അഴിഞ്ഞാടി. സ്യൂട്കേസ് കൊടുക്കുന്നതിന്റേയും വാങ്ങുന്നതിന്റേയും അതിനെ റാവു അനുഗ്രഹിക്കുന്നതിന്റേയുമൊക്കെ വിഡിയോ ചിത്രങ്ങള്‍ പോലും രാം ജേഠ്മലാനിയുടെ കൈവശം ഉണ്ടെന്ന് , സംശയാലുക്കളെ ഗീത ഉദ്ധരിക്കാതെ ഭര്‍ത്സിച്ചുകൊണ്ട്, പ്രഭു പ്രഖ്യാപിച്ചു.
അപ്പോള്‍ ജേഠ്മലാനി വഴി ആയിരുന്നിരിക്കണം സ്യൂട്കേസ് പുരാണത്തിന്റെ രചനയും വിക്ഷേപവും. പ്രധാനമന്ത്രിമാരുമായി അഭിനിവേശത്തോടെ കോര്‍ക്കുകയും, ക്രിമിനല്‍ കേസുകളില്‍പെട്ടു കുഴയുന്ന പ്രതികള്‍ക്ക് അഭയമരുളുകയും ചെയ്യുന്ന, വാശിയേറിയ അഭിഭാഷകവര്യനാണല്ലോ ജേഠ്മലാനി. രാജിവ് ഗാന്ധിയുമായി കോര്‍ത്തപ്പോള്‍, അദ്ദേഹത്തെ കുരുക്കിലാക്കനുള്ള തന്ത്രവുമായി ജേഠ്മലാനി ഒരു മാസം മുഴുവന്‍ ഓരോ ദിവസവും പത്തു ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഉത്തരം തേടി നിരന്തരം ഉഴലുന്ന ഇത്രയേറെ ചോദ്യങ്ങള്‍ നിയമചരിത്രത്തിലോ രാഷ്ട്രീയേതിഹാസത്തിലോ മുമ്പൊന്നും ഉണ്ടായിട്ടില്ലത്രേ. ഓരോ ദിവസവും കുരുക്കുപോലുള്ള ആ ചോദ്യങ്ങള്‍ അച്ചടിച്ചതാണ് ഇന്ത്യന്‍ എക്സ്പ്രസ് ബോറായിത്തുടങ്ങാന്‍ ഒരു കാരണമെന്ന് പറയപ്പെടുന്നു. ജേഠ്മലാനിയുടെ പുതിയ അടവ് ആരെയാവും അടിച്ചുവീഴ്ത്തുകയെന്ന് പഴയ കഥ ഓര്‍മ്മയുള്ളവര്‍ ആരോടെന്നില്ലാതെ ചോദിച്ചുതുടങ്ങി.
അത്തരം ആശങ്കകളേയും ഓര്‍മ്മകളേയും അടിച്ചൊതുക്കാന്‍ പോന്നതായിരുന്നു നരസിംഹ റാവുവിന്റെ പ്രക്ഷുബ്ധമായ മൌനം. സ്യൂട്കേസ് പുരാണ സപ്താഹം പത്രങ്ങളില്‍ തുടര്‍ന്നപ്പോള്‍, ആ മൌനം ഗംഭീരമായി തുടര്‍ന്നു. പിന്നെ ആ കഥകള്‍ക്ക് അടിവര ഇടുന്ന മട്ടില്‍ ഹര്‍ഷദ് മേഹ്ത പത്രസമ്മേളനം നടത്തിയപ്പോഴും റാവു തന്റെ മൌനയജ്ഞത്തില്‍ തന്നെ മുഴുകിയിരുന്നു. ഏറെക്കഴിഞ്ഞാണ് മേഹ്ത സ്യൂട്കേസ് കൊടുത്തുവെന്നു പറയുന്ന ദിവസം പ്രധാനമന്ത്രി വേറെ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിജ്ഞാപനം വരുന്നത്. ആ വിജ്ഞാപനവും ശരിയല്ലെന്ന വാദവുമായി ചിലര്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവര്‍ അധികം കാറ്റുപിടിച്ചില്ല.
ഹര്‍ഷദ് മേഹ്ത എന്തിന് അങ്ങനെ ഒരു പത്രസമ്മേളനം നടത്തിയെന്നോ എന്ത് അതുകൊണ്ട് നേടിയെന്നോ ഇന്നും അറിയില്ല. അദ്ദേഹത്തിന്റെ ഉദയവും പതനവും അടയാളപ്പെടുത്തുന്ന ഒരു ലേഖനം ഒരിക്കല്‍ എഴുതേണ്ടിവന്നു. വായുവില്‍നിന്ന് ഉണ്ടാകുന്ന ഒന്നല്ല പണമെന്നാണ് പണത്തിന്റെ രൂപരേഖ എന്ന പ്രശസ്തപുസ്തകം എഴുതിയ ജ്യോഫ്രി ക്രൌതെറുടെ മൊഴി. ഹര്‍ഷദ് മേഹ്ത ഉണ്ടായത് ഒന്നുമില്ലായ്മയില്‍നിന്നുതന്നെ. പിന്നെ, ഓഹരിവിപണിയിലെ ഊഹവ്യാപാരം വഴി എല്ലാമായി. ഒടുവില്‍ വീണ്ടും ഒന്നുമില്ലായ്മയായി. മൈക്കലാഞ്ചലോ വരച്ച യേശുവിന്റേയും യൂദാസിന്റേയും ചിത്രങ്ങള്‍ പോലെയായി വിപണിയിലെ മിന്നല്പിണരായി വന്ന മേഹ്തയും. യേശുവിന്റെ വിശുദ്ധിക്കും യൂദാസിന്റെ കാളിമക്കും മാതൃകയായി അദ്ദേഹം സ്വീകരിച്ചത് ഒരേ ആളെ ആയിരുന്നു--കാലക്രമത്തില്‍ രൂപം മാറിപ്പോയ ഒരേ ആള്‍. അതുപോലെ മേഹ്തയും ആദ്യം അപദാനത്തിനും ഒടുവില്‍ അപലപനത്തിനും പാത്രമായി. പതനത്തിന്റെ നാളുകളില്‍ അദ്ദേഹത്തിന് ഉദിച്ച ബുദ്ധിയായിരുന്നു പ്രധാനമന്ത്രി റാവുവിനെ പഴി പറയാന്‍.
എന്തുവന്നാലും കുലുക്കമില്ലാത്ത ആളായിരുന്നു റാവു. കൊടുങ്കാറ്റ് വരുമ്പോള്‍, ഓരം ചാരി ഒഴിഞ്ഞുമാറി, അതിനെ അതിന്റെ വഴിയേ അടിച്ചുപോകാന്‍ വിടുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതതന്ത്രം. സ്യൂട്കേസ് കഥ ഇറങ്ങിയപ്പോഴും റാവു തന്റെ തത്വശാസ്ത്രമനുസരിച്ചുതന്നെ പെരുമാറി. കുറേ ദിവസം ഒന്നും മിണ്ടിയില്ല. മേഹ്ത നാളും പക്കവും അക്കവും പറഞ്ഞ് രംഗത്തെത്തിയപ്പോഴേ പ്രധാനമന്ത്രിയുടേതായി ഒന്നുരണ്ടു വിശദീകരണക്കുറിപ്പ് പുറത്തിറങ്ങിയുള്ളു. അതുകൊണ്ടൊന്നും സ്യൂട്കേസിന്റെ മയികശോ മാഞ്ഞില്ലെന്നുമാത്രം. അധികാരത്തിലുള്ളവരെപ്പറ്റി ഉയരുന്ന എന്തു കിംവദന്തിയും വിശ്വസിക്കാനാണ് ജനത്തിനിഷ്ടം. മറിച്ചുപറഞ്ഞാല്‍, എന്തു കിംവദന്തിയും തങ്ങല്‍ക്കു ചേരും എന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നിരിക്കുന്നു അധികാരമേല്‍ക്കുന്നവര്‍.
അങ്ങനെ സ്യൂട്കേസ് ദേശീയസംവാദത്തിലെ ഒരു ബിംബകമായി. സ്യൂട്കേസും സ്യൂടും ആഫ്രിക്കന്‍ നാടകങ്ങളില്‍ ഇഷ്ടപ്രതിരൂപങ്ങളായി വരുന്നതുകാണാം. പീറ്റര്‍ ബ്രൂക് പ്രശസ്തമാക്കിയ ദ സ്യൂട് എന്ന നാടകത്തിന്റെ ഒരു ഇന്ത്യന്‍ അവതരണം കണ്ടതോര്‍ക്കുന്നു. അതില്‍, ഒരാളുടെ ഭാര്യയുടെ ജാരന്‍ മറന്നിട്ടുപോകുന്ന അയാളുടെ സ്യൂട് സര്‍വവ്യാപിയായ പ്രതിരൂപമായി മാറുന്നു. ദ സ്യൂട്കേസ് എന്ന മറ്റൊരു നാടകത്തില്‍, ജീവിതം തകര്‍ന്ന, സത്യസന്ധനായ ഒരാള്‍ കട്ടെടുത്ത സ്യൂട്കേസ് പൊലിസ് പിടിച്ചെടുക്കുമ്പോള്‍, അതില്‍നിന്ന് കണ്ടെടുക്കുന്നത് ഒരു ചത്ത കുട്ടിയെ ആണ്. നമ്മുടെ സാമൂഹ്യസന്ദര്‍ഭത്തില്‍,ആ സ്യൂട്കേസും അതിലെ കൊച്ചുശവവും ആരുടേതായിരിക്കും?
(ജൂണ്‍ നാലിന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)
...
Friday, June 5, 2009
ഇടമലയാര്‍ ചോര്‍ച്ച
ഇടമലയാർ ഇടയുന്നു
കെ ഗോവിന്ദൻ കുട്ടി
കല്പന ഗോപിയെ ക്വൊസ്റ്റ്യന്‍ പേപർ ഗോപി എന്നും വിളിക്കുമായിരുന്നു--അദ്ദേഹത്തിന്റെ ഇഷ്ടത്തോടെ. ചോദ്യക്കടലാസ് ചോർത്താൻ മാത്രമല്ല, ഉത്തരം എഴുതിപ്പിച്ച് ഹാളിൽ ഒളിച്ചുകൊണ്ടുപോകാനും വിരുതൻ. “അല്ലാതെ, ഞാൻ എഴുതിയാൽ ഒന്നാം ക്ലാസ് കിട്ടുമോ?” എന്ന് പല്ലവി പോലെ ഗോപിയുടെ ആത്മഗതം. ഒന്നാം ക്ലാസോടെത്തന്നെ തത്വശാസ്ത്രത്തിലോ ഇംഗ്ലിഷ് സാഹിത്യത്തിലോ ബിരുദം നേടി.
പലതരം കരാർ പണി ഏറ്റെടുത്തൂ. ഒടുവിലത്തെ കരാർ പഴയ കൂട്ടുകാരൻ ആർ ബാലകൃഷ്ണ പിള്ളയെ
തോല്പിക്കാനായിരുന്നു, എന്തു വില കൊടുത്തും.
കരാർ ആയാലും അല്ലെങ്കിലും, ഗോപി കമിഴ്ന്നുവീഴാതെത്തന്നെ കാൽ പണം കൈക്കലാക്കുന്ന ആളെന്നാണ് ചീഫ് എൻജിനീർ ഭരതൻ പറയാറ്. അതു കേട്ടാൽ ഗോപി ചിരിക്കുകയേ ഉള്ളു--സംഗതി മുഴുവൻ ബോധ്യമല്ലെങ്കിലും. അഹങ്കാരം ലവലേശം കലരാത്ത ഒരുതരം പുഛമായിരുന്നു എപ്പോഴും ഗോപിയുടെ പതിഞ്ഞ
വാക്കുകളിലെ ഈണം. ഏത് സ്ഥപനവുമായി ബന്ധപ്പെടുന്നുവോ, ആ സ്ഥാപനത്തിൽ അദ്ദേഹമറിയാതെ ഈച്ച അനങ്ങില്ല. താങ്ങാൻ വയ്യാത്ത ചില കരാർ ഗോപിയെ ഏല്പിച്ച വൈദ്യുതി ബോർഡ് അങ്ങനെയൊരു സ്ഥാപനമായിരുന്നു.
ഏതോ വനകന്യകയുടെ ശാപമേറ്റതുപോലെയാണ് വൈദ്യുതി ബോർഡിന്റെ ഇടമലയാർ പദ്ധതി. അബദ്ധങ്ങളും ആരോപണങ്ങളുമായി അത് നീണ്ടുനീണ്ടങ്ങനെ പോയി. ഒടുവിൽ അണക്കെട്ടിൽനിന്ന് വൈദ്യുതനിലയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കം ആദ്യമായി തുറന്നപ്പോഴോ, ദാ നശിച്ച ഒരു ചോർച്ച! ചോർച്ചയുടെ വിവരം പുറത്തുനിന്ന് അറിഞ്ഞ ആദ്യത്തെ ആൾ ഗോപിയായിരുന്നു. രണ്ടാമത്തെ ആൾ ഞാനും--തീർച്ചയായും, ഗോപി വഴി. രാത്രി ഇന്ത്യൻ എക്സ്പ്രസിന്റെ ആദ്യത്തെ എഡിഷൻ അടിക്കാറായപ്പോഴായിരുന്നു ഗോപിയുടെ വിളി:
“നിങ്ങളറിഞ്ഞോ, ഇടമലയാർ ടണൽ അല്പം മുമ്പ് തുറന്നു, ചോർന്നു, അടച്ചു.. ......”
അടുത്ത നിമിഷം ഗോപി തന്നെ തന്ന ഒരു നമ്പറിൽ വിളിച്ചുനോക്കി. പിന്നെ ബോർഡ് മെംബർ ഗണേശ പിള്ളയെ. ഇടമാലയാറിലേക്ക് പുറപ്പെടുകയായിരുന്നു എന്തുകൊണ്ടും സാധുവായ ഗണേശ പിള്ള. ചോർച്ചയുടെ കാരണമോ കാര്യമോ അറിയാത്തതുകൊണ്ട്, അതിന്റെ വിപത്ത് മാത്രം അറിയാവുന്നതുകൊണ്ട്, പിള്ള പരിഭ്രാന്തനായിരുന്നു. ആ പരിഭ്രാന്തി ആവാഹിച്ചുകൊണ്ടെഴുതിയ റിപോർടിൽ വിവരം കുറച്ചേ ഉണ്ടായിരുന്നുള്ളു. അത്രതന്നെയേ ഉണ്ടായിരുന്നുള്ളു പിറ്റേന്ന് വൈദ്യുതമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന കെ എം മാണി
നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും.
ഇടമലയാറിൽ ചോർച്ച. പ്രതിപക്ഷത്തിന് നല്ല കോളായി. ഓരോരുത്തരും ഭാവനാവിലാസം പോലെ ചോർച്ചയുടെ കാരണവും വരാനിരിക്കുന്ന വിപത്തിന്റെ വൈപുല്യവും അപഗ്രഥിച്ചു. അണക്കെട്ടിലാണ് ചോർച്ചയെന്ന് ചിലർ ഉത്സാഹപൂർവം തട്ടിമൂളിച്ചു. അണക്കെട്ട് പൊട്ടിയാൽ എറണാകുളം പട്ടണം വരെ വെള്ളത്തിലാകാമെന്ന് ആരും ധരിച്ചില്ല. എല്ലാവരും ധരിച്ച ഒരു കാര്യം ഇതായിരുന്നു: ഈ ചോർച്ചക്കും ഉത്തരവാദി ആർ ബാലകൃഷ്ണ പിള്ള തന്നെ. എന്താരോപണവും ചാർത്തിക്കൊടുത്താാൽ വാഴുമെന്ന പരുവത്തിൽ ആയിവരികയായിരുന്നു അതുവരെ
വൈദ്യുതമന്ത്രി ആയിരുന്ന ബാലകൃഷ്ണ പിള്ള. ഒരുകാലത്ത് മീഡിയയുടെ ഇഷ്ടമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ പതനം നോക്കണേ!
തുരങ്കത്തിൽ ചോർച്ച കണ്ടതോടെ, ബാലകൃഷ്ണ പിള്ള വീണ്ടും വട്ടത്തിലായി--കുറ്റം ആരുടേതായാലും. പതിവുപോലെ ഒരു ജഡ്ജിയെ, കെ സുകുമാരനെ, അന്വേഷണത്തിനു വെച്ചു. അന്വേഷണം അഗാധവും അതിവിപുലവും ആയിരുന്നു. രാവിലെ ഒരു കപ് ചായയുമായി ഗൃഹനാഥന്റെ അരികിൽ എത്തുന്നത് സ്ത്രീയാണെന്ന ഒരൊറ്റ ന്യായത്തിന്മേൽ, വൈദ്യുതി ബോർഡിൽ ഒരു സ്ത്രീ അംഗം കൂടി ഉണ്ടാകണമെന്നുവരെ അദ്ദേഹം പറഞ്ഞുവെച്ചു. അതോടേ ബാലകൃഷ്ണ പിള്ള ഇടമലയാറിനെപ്പറ്റി പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം വിമർശിക്കപ്പെട്ടുതുടങ്ങി. ഭൂചലനത്തിനു സാധ്യതയുള്ള ഇടത്ത് പദ്ധതി തുടങ്ങിയത് ആദിമപാപം. പിന്നെ കരാർ കൊടുത്തതിലെ ക്രമക്കേട്. പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള ഊർജ്ജതുരങ്കം ഉണ്ടാക്കാൻ,
അതിന് പ്രാപ്തി ഇല്ലാത്ത ഒരു സിൽബന്തിയെ ഏല്പിച്ചു എന്നായിരുന്നു ബാലകൃഷ്ണ പിള്ളക്കെതിരെ ഉയർന്ന ഒരു ആരോപണം. ചോർച്ച അതിന് ഉറപ്പേകി. അങ്ങനെ ബാലകൃഷ്ണ പിള്ള ഒരു തരം ഇടമലയാർ വീരനായി. വേറൊരു തരം ഇടമലയാർ വീരനും ആ ചരിത്രസന്ധിയിൽ അവതരിച്ചു: വി എസ് അച്യുതാനന്ദൻ.
സുകുമാരന്റെ വിധിസദൃശമായ റിപോർട് വന്നപ്പോൾ ദേശാഭിമാനി ആഘോഷപൂർവം എഴുതി: വി എസിന്റെ
വിജയം. ശരിയായിരുന്നു; കുറേക്കാലമായി, തുരങ്കം ചോരുന്നതിനും എത്രയോ മുമ്പുമുതൽ, ഇടമലയാറിലെ
തിരിമറികളെപ്പറ്റി വി എസ് പ്രസ്താവന ഇറക്കിവരികയായിരുന്നു. ആ പരമ്പരയിലെ ആദ്യത്തെ പ്രസ്താവന
രചിക്കപ്പെട്ട സ്ഥലമായിരുന്നു ശാന്തിനഗറിലെ പതിനേഴാം നമ്പർ വീട്. അത് കേട്ടെഴുതിയത് ഇപ്പോൾ പ്രസ്
അക്കാഡമി അധ്യക്ഷനായ എസ് ആർ ശക്തിധരൻ. പറഞ്ഞുകൊടുത്തത് ഞാൻ. കർതൃത്വം സന്തോഷപൂർവം
വഹിച്ചത് വി എസ് തന്നെ.
അതിനുശേഷം മൂന്നുനാലു പ്രസ്താവനകളുടെ കൂടി പിന്നിൽ ഞാൻ പ്രേതവേഷം കെട്ടീ. അതൊന്നും വി എസ് ഇപ്പോൾ ഓർക്കാതിരിക്കാനാണ് സാധ്യത. ശക്തിക്കും അതായിരിക്കും സൌകര്യം. അതോർത്തിരിക്കുന്നവർ
രണ്ടുപേർ കാണും: ഇടമലായാറിലെ വൈദ്യുതവിശേഷം എനിക്ക് ആദ്യം പറഞ്ഞുതന്ന വി ജി കെ മേനോനും അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തിത്തന്ന വി വിശ്വനാഥ മേനോനും. രണ്ടുപേരും കൊച്ചി മേയറായിരുന്ന
ബാലചന്ദ്രൻ വഴി ബന്ധുക്കൾ.
സായുധവിപ്ലവത്തിന്റെ നാളുകളിൽ ഇടപ്പള്ളി പൊലിസ് സ്റ്റേഷൻ ആക്രമിച്ച വിശനാഥ മേനോൻ, അലസനും സരസനും ആയി, സൌഹൃദങ്ങളിലും സംഭാഷണങ്ങളിലും അഭിരമിച്ച്, ട്രാൻസ്പോർട് തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി, മൂവാറ്റുപുഴയിൽനിന്ന് ആാവശ്യമനുസരിച്ച് മാഞ്ഞാലിക്കുളത്തെ ഓഫീസിൽ വന്നുപോകുന്ന കാലം.
ഒരു ദിവസം സൊറ പറയുന്ന കൂട്ടത്തിൽ വിശ്വനാഥ മേനോൻ പറഞ്ഞു, “വി ജി കെ മേനോൻ അവിടെ വരും, എന്തോ സംസാരിക്കാൻ. ഇടമലയാറിൽ അസിസ്റ്റന്റ് എഗ്സിക്യുടിവ് എഞ്ചിനീർ. ബാലകൃഷ്ണ പിള്ളയുടെ നോട്ടപ്പുള്ളി. എന്റെ ബന്ധു. കഥ കേൾക്കുക. പിന്നെ എന്തെങ്കിലും പറ്റുമോ എന്നു നോക്കുക.”
വി ജി കെ മേനോൻ വന്നു, കണ്ടു, കഥ പറഞ്ഞു. കഥയുടെ ഭാവവും വികാരത്തിന്റെ വേഗവുമുള്ള കഥ, വാർത്തയായി അച്ചടിക്കാൻ വിഷമം തോന്നിയ കഥ. വാസ്തവമാണെങ്കിലും വെളിപാടായി തോന്നാവുന്ന കാര്യം വാർത്തയായി അവതരിപ്പിക്കാൻ പറ്റില്ലല്ലോ. പണ്ടേക്കുപണ്ടേ ഉള്ളതാണ് വാർത്ത വാസ്തവം ആകണമെന്നില്ലെന്ന തോന്നൽ. ആദ്യം അത് തുറന്നടിച്ചത് ധർമപുത്രനായിരുന്നു. യുദ്ധത്തിനുതൊട്ടുമുമ്പ്, വാർത്ത അറിയാനും പറയാനുമൊക്കെയായി സഞ്ജയന്‍ അദ്ദേഹത്തെ ചെന്നുകണ്ടപ്പോൾ, ധർമപുത്രൻ ചോദിച്ചു: “വാർത്തകൾ എന്തൊന്നുള്ളു? വാസ്തവം പറകെടോ.”
ലേഖകന്റെ വെളിപാടുപോലെ മുഴങ്ങാതെ, വാസ്തവം ആയി തോന്നിക്കുന്ന രീതിയിൽ വാർത്ത അവതരിപ്പിക്കണമെന്നുണ്ടെങ്കിൽ, വി ജി കെ മേനോന്റെ കഥ പറയാൻ പറ്റില്ല. നാലാൽ കേൾക്കെ അത് പറയണമെങ്കിൽ, കുറേ തെളിവും വെളിച്ചവുമൊക്കെ വേണ്ടിവരും. അതിനുവേണ്ടീ കത്തിരുന്നാൽ, പക്ഷേ, കഥ പറയപ്പെടാതെ കിടക്കുകയും ചെയ്യും. ആ ഘട്ടത്തിൽ, നിർഭീകനായി, പോരിനുറച്ച്, മാധ്യമങ്ങൾക്ക് പൊതുവേ അധൃഷ്യനായ, ഹാസവും പരിഹാസം സ്വരത്തിന്റെ ഏറ്റിറക്കത്തിൽ മാത്രം ഒതുക്കിക്കളയുന്ന, അന്നത്തെ സി പി എം സംസ്ഥനസെക്രടറിയായ വി എസ് അച്യുതാനന്ദൻ രംഗത്ത് പ്രവേശിക്കുന്നു.
വാർത്ത വിതരണം ചെയ്യുമ്പോൾ ദീക്ഷിക്കേണ്ട വാസ്തവബോധവും പൊതുപ്രശ്നം ഉന്നയിക്കുന്ന രാഷ്ട്രീയപ്രവർത്തകന്റെ സത്യസങ്കല്പവും രണ്ടൂം ഒന്നല്ല. തെളിവ് കാര്യമായില്ലതെ, സംശയത്തിന്റെ വെളിച്ചത്തിൽ ആരോപണം(സി എച് മുഹമ്മദ് കോയ ആ വാക്കിനെ രണ്ടായിപ്പിരിച്ച് “ആരോ പണം” എന്ന് ഉച്ചരിച്ചിരുന്നു) ഉന്നയിക്കുന്നത് രാഷ്ട്രീയത്തിലെ അംഗീകരിക്കപ്പെട്ട ഒരു ആചാരക്രമമാകുന്നു. വായിൽ തോന്നിയതെല്ലാം വിളിച്ചുപറയാമെന്നായാൽ മാധ്യമരംഗം അധമവും രാഷ്ട്രീയം കുളവുമാകുമെന്നു മാത്രം. ഏതായാലൂം വി എസിന്റെ ആ സംഗരം അങ്ങനെയായില്ല.
ഇടമലയാറിലെ ഓളങ്ങൾ പോലെ കഥകളും കാര്യങ്ങളും അങ്ങനെ പുറത്തുവന്നുകൊണ്ടിരുന്നു. കേസുകളുടെ ഊരാക്കുടുക്കിൽ പെട്ട ബാലകൃഷ്ണ പിള്ളക്കുവേണ്ടി ഒരു നിമിഷം ഫലമൊന്നുമില്ലാതെ കോടതിയിൽ എഴുന്നേറ്റുനിൽക്കാൻ മാത്രം ജി രാമസ്വാമിയെ വരുത്തിയ ഇനത്തിൽ ഏഴെട്ടുലക്ഷമെങ്കിലും പൊട്ടിയിരിക്കുമെന്ന് ഒരു കഥ. വേലിയേറ്റത്തിൽ വാങ്ങുകയും വേലിയിറക്കത്തിൽ കാണാതാവുകയും ചെയ്ത മാലിദ്വീപിലെ തുരുത്തിനെപ്പറ്റി ഒരിക്കൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന യൂസഫ് കുഞ്ഞ് കേട്ടുകേട്ടുപറഞ്ഞ വെറൊരു കഥ.
കഥാസരിത്സാഗരം അങ്ങനെ പരന്നൊഴുകുമ്പോൾ, അതിൽ രക്ഷകനെപ്പോലെ ഒരു രാഷ്ട്രീയപേടകത്തിൽ അച്യുതാനന്ദൻ മുന്നേറിയപ്പോൾ, കഥയിൽ ആദ്യം വെടിപൊട്ടിയ സന്ദർഭം ഓർത്ത്, ഒരിക്കലും വരാത്ത ചിരി ചിരിച്ച്, കല്പന ഗോപി കണ്ണിറൂക്കി. “ഇതൊക്കെ എത്ര കണ്ടിരിക്കുന്നു” എന്ന് അർഥം പകരും മട്ടിൽ വിശ്വനാഥ മേനോന്റെ ശബ്ദം മുഴaങ്ങി. സൂപ്രണ്ടിംഗ് എഞ്ചിനീർ ആയി വിരമിച്ച വി ജി കെ മേനോൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ആവുകയും, പിന്നെ ആചാരപ്രകാരം ചില്ലറ ചില ആരോപനങ്ങൾക്ക് വിധേയനാവുകയും ചെയ്തു.
(മേയ് 21ന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)
(മേയ് 21ന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)
....
ഹവില്‍ദാര്‍ മാത്യു
ഹവിൽദാർ മാത്യുവിന്റെ ഫോൺ
കെ ഗോവിന്ദൻ കുട്ടി
ഇന്നായിരുന്നെങ്കിൽ ഹവിൽദാർ മാത്യുവിന്റെ സഹായം വേണ്ടിവരില്ല. അതിന് നന്ദി തോന്നുന്ന പ്രശ്നവുമില്ല.
പക്ഷേ ഇന്നല്ലല്ലോ അന്ന്. അന്ന്, എഴുപത്തിയേഴിലെ ഒരു നവംബർ രാത്രിയിൽ, നാണക്കേടിനും എനിക്കും ഇടയിൽ നിന്നത്,
ഒരിക്കൽ മാത്രം കണ്ടുമറന്ന ആ പട്ടാളക്കാരനായിരുന്നു. ചതുരമുഖവും ഇരുണ്ട നിറവുമുള്ള ആ പത്തനംതിട്ടക്കാരനെ അതിനുമുമ്പോ
പിമ്പോ കാണാൻ ഇടയായിട്ടില്ല.
ജോർഹടിലെ കരസേനത്താവളത്തിൽ ഞങ്ങൾ, പി ടി ഐ ലേഖകൻ എൻ വി കെ സ്വാമിയും ഞാനും, എത്തിപ്പെട്ടപ്പോൾ, പടിവാതിലിനോടു
ചേർന്ന ഒരു മുറിയിൽ ഡ്യൂടിയിലുണ്ടായിരുന്ന ഹവിൽദാരായിരുന്നു മാത്യു. ഏഴെട്ടു കിലോമീറ്റർ വലിഞ്ഞുനടക്കേണ്ടിയിരുന്നു
അവിടെ എത്താൻ. വഴിനീളെ ദുർഘടം. ഏറെ ദൂരവും കുറ്റിക്കാടുകൾക്കിടയിലൂടെ, ഇരുട്ടിലൂടെ, ഇഴയുന്ന ഒറ്റയടിപ്പാത. പന്തവുമേന്തി
മുന്നിൽ നടന്ന വഴികാട്ടി ഞങ്ങൾക്കറിയാത്ത ഭാഷയിൽ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ കാലത്തെ വരിഞ്ഞുകെട്ടാമെന്ന
അഹങ്കാരമായിരുന്നു ഞങ്ങളുടെ ഉള്ളിൽ.
നല്ല പശപ്പറ്റുള്ള ചളി നിറഞ്ഞ പാടത്ത് തകർന്നുവീണ പുഷ്പകത്തിൽനിന്ന് ചാടിയോടിപ്പോന്നതായിരുന്നു ഞങ്ങൾ. മരിച്ചില്ലെന്ന അറിവ്
ഉദിച്ചപ്പോൾ, അത് നാട്ടുകാരെ അറിയിക്കാനായി കൂടുതൽ ഉത്സാഹം. മരണത്തിന്റെ സ്വഭാവം ആണതെന്നു തോന്നുന്നു. മരണം വരുന്നതുവരെയേ
പേടി തോന്നുകയുള്ളു; വരാതെ അത് തൽക്കാലം വഴിമാറിപ്പോകുന്നതു കാണുമ്പോൾ, കുറേ നേരം ആശ്വാസം അനുഭവപ്പെടും; പിന്നെ നമ്മൾ
പഴയ വീരസ്യങ്ങളിലേക്ക് വീണ്ടും വഴുതി വീഴുന്നു.
ഞാൻ മരിക്കാതിരുന്നതുകൊണ്ട്, മരിച്ചുകൊണ്ടിരുന്ന വിംഗ് കമാണ്ഡർ ഡി ലിമയുടെ നെഞ്ചിൽ ഒട്ടുനേരം യാന്ത്രികമായി അമർത്തിക്കൊണ്ടിരിക്കാൻ
ഇടയായി. ഇരുട്ടിൽ അങ്ങനെ ചെയ്യാൻ ആരോ എന്നെ നിയോഗിച്ചു. കോക്പിറ്റിൽനിന്ന് തെറിച്ചുവീണുകിടക്കുകയായിരുന്നു മാസ്റ്റർ ഗ്രീൻ മുദ്രയുള്ള

വി ഐ പി വൈമാനികൻ. സഹായിയായിരുന്ന മാത്യു സിറിയക്കും വേറെ രണ്ടുപേരും ഡി ലിമയെപ്പോലെ മരിച്ചു.
മരിക്കാതിരുന്നവർ അവരേക്കാൾ ഭാഗ്യവാൻമാരും പ്രശസ്തരുമായിരുന്നു. അതുകൊണ്ടുതന്നെഅവരുടെ കാര്യവും കഥയും എല്ലാവരും
കൂടുതൽ കുതൂഹലത്തോടെ പറയുകയും കേൾക്കുകയും ചെയ്തു.
മരിക്കാത്തവരിൽ ഒരാൾ പാടത്തിന്റെ കരക്ക്, തകർച്ചയുടെ ഒച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ താങ്ങിക്കൊണ്ടുവന്ന കയറ്റുകട്ടിലിൽ
ഇരിക്കുകയായിരുന്നു. ചുറ്റും പേറ്റിച്ചുവിറക്കുന്ന അകമ്പടിക്കാർ. ചൂട്ടുകളുടെ വെളിച്ചത്തിൽ മൂക്കിനു താഴെ ചോര തിളങ്ങിക്കണ്ടു. കൃത്രിമദന്തം കാണാനില്ല.

അതുകൊണ്ടൊന്നും ഉലയുന്ന ആളായിരുന്നില്ല പ്രധാനമന്ത്രി മൊറാർജി ദേശായി. വ്യോമസേനയുടെ തകർന്ന വിമാനത്തിൽനിന്ന്
പ്രധാനമന്ത്രി ദേശായി രക്ഷപ്പെട്ട വിവരം ലോകത്തെ അറിയിക്കാനുള്ള തിടുക്കത്തിൽ, നേരിൽ കണ്ട മരണം വഴി മാറിപ്പോയതിന്റെ സന്തോഷം
ഓർത്തുരസിക്കാൻ സമയം ഉണ്ടായിരുന്നില്ല.
ടെലഫോൺ ശൃംഖലയിൽ, അക്കാലത്ത് വികസിതനഗരങ്ങളിൽ പോലും എസ് ടി ഡി സൌകര്യം ഏർപ്പെടുത്തിവരുന്നതേ ഉണ്ടായിരുന്നുള്ളു.
അസം പോലുള്ള കിഴക്കൻ പ്രദേശങ്ങളിൽ അതെത്താൻ എത്രയോ കാലം പിന്നേയും വേണ്ടിവന്നു. എന്തൊക്കെയോ സൌകര്യം, വിമാനം വീണ
പാടത്തുനിന്ന് ഏഴെട്ടുകിലോമീറ്റർ അകലെയുള്ള സൈനികകേന്ദ്രത്തിൽ ഉണ്ടെന്നു പറഞ്ഞ് ഞങ്ങളെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയ തലേക്കെട്ടുകാരന്റെ
ഒരു കയ്യിൽ പന്തവും മറുകയ്യിൽ ഊന്നുവടിയുമുണ്ടായിരുന്നു. ആ പന്തത്തിന്റെ വെളിച്ചവും പേരറിയാത്ത ആ സൌമനസ്യത്തിന്റെ തെളിച്ചവും പിന്നീടുവന്ന
സ്തോഭജനകമായ വിവരണങ്ങളിലൊന്നും പരാമർശിക്കപ്പെടുകയുണ്ടായില്ല--പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യുവിന്റെ പേർ ആരും ഒരിടത്തും
ഒരിക്കലും ആ പ്രകരണത്തിൽ പറയാതിരുന്നതുപോലെ.
മാത്യുവിന്റെ മുമ്പിലുള്ള ഫോൺ കണ്ട പാടേ എന്റെ സുഹൃത്ത് സ്വാമി അത് കടന്നുപിടിച്ചു. ഒന്നും ചാടിപ്പിടിക്കാൻ മിടുക്കില്ലാത്ത ഞാൻ അന്തിച്ചുനിന്നു.
ഷില്ലോങ്ങിലേയും കൊൽക്കത്തയിലേയും ഡെൽഹിയിലേയും ഗുവഹത്തിയിലേയും പി ടി ഐ ഓഫിസുകളുടെ എത്രയോ നമ്പറുകൾ സ്വാമി
തുരുതുരെ ആർമി എക്സ്ചേഞ്ചിലേക്ക് വിളിച്ചുപറഞ്ഞു. അതോരോന്നും വിളിച്ചുനോക്കിയിട്ടുവേണം പാവം എന്റെ ഊഴം വരാൻ. അപ്പോഴേക്കും അന്നുരാത്രിയിലെ
വാർത്താപ്രക്ഷേപണം ആകാശവാണി അവസാനിപ്പിച്ചുകാണും. പിന്നെ എനിക്ക് പൂരം കാണാൻ പോയ നായയുടെ സ്ഥനമേ ഏറിയാൽ
കാണുകയുള്ളു. മാത്യുവിന് എന്നോട് ദയ തോന്നിയോ? തോന്നിയെങ്കിൽത്തന്നെ എന്തു ചെയ്യാൻ? സ്വാമിയുടെ അശ്വമേധം കണ്ട്, അത്ഭുതത്തോടെ
മാത്യുവും അങ്കലാപ്പോടെ ഞാനും ഒന്നും മിണ്ടാതെ, നിർത്താതെ പുക വലിച്ചുകൊണ്ടിരുന്നു.
ഒടുവിൽ മാത്യ്യു ഫോൺ എനിക്കു നീട്ടിയപ്പോൾ, എന്റെ ലോകത്തിലെ കാലത്തിന്റെ ദൈർഘ്യം വെറും അഞ്ചു മിനിറ്റായി ചുരുങ്ങൂന്നതുപൊലെ തൊന്നി.

അതുകൊണ്ട് ഞാൻ ഒരു കാളും ബുക് ചെയ്യേണ്ടെന്നു വെച്ചു. തകർന്ന വിമാനത്തിൽനിന്നു രക്ഷപ്പെട്ട പ്രധാനമന്ത്രി എവിടെ ഉണ്ടെന്ന കാര്യം ആകാശവാണിയുടെ
ഡൽഹിയിലെ ജനറൽ ന്യൂസ്റൂമിൽ അറിയിക്കണമെന്ന അപേക്ഷ മാത്രമേ ഓപറേറ്ററോടു പറയാനുണ്ടായിരുന്നുള്ളു. അടുത്ത നിമിഷം ഫോൺ
ശബ്ദിച്ചപ്പോൾ, സ്വാമി ചാടിയെടുത്തു. പക്ഷേ അതെനിക്കുള്ള കാൾ ആയിരുന്നു. എന്റെ സന്ദേശം തീർന്നപാടേ സ്വാമി തന്റെ അക്ഷമയും അരിശവും
ഫോണിലൂടെ വാരി എറിഞ്ഞു. അതുകേട്ട് ഫോൺ വിരണ്ടുമരിച്ചു. അപ്പോൾ മാത്യുവിന്റെ ചുണ്ടിൽ നേരിയ ഒരു ചിരി പരക്കുകയായിരുന്നു.
ഓരോ തവണയും കേമത്തം കൊട്ടിഘോഷിക്കുമ്പോൾ, മനസ്സ് മന്ത്രിക്കും: ആരുമറിയാത്ത പത്തനംതിട്ടക്കാരൻ ഹവിൽദാർ മാത്യുവിന്റെ സൌമനസ്യം
ഉണ്ടായിരുന്നില്ലെങ്കിൽ, തലയിൽ മുണ്ടിട്ടു നടക്കേണ്ടിവന്നേനെ. പക്ഷേ മാത്യുമാർ കാലഹരണപ്പെട്ടിരിക്കുന്നു. ഇന്നാണെങ്കിൽ മാത്യുവിന്റെ ഫോൺ
തേടിപ്പോവേണ്ട. മാത്യുവിനെ കാണുക പോലും വേണ്ട. ഏഴെട്ടുകിലോമീറ്റർ നടക്കേണ്ട. അതൊന്നുമില്ലാതെത്തന്നെ തകരുന്ന വിമാനത്തിന്റേയും
മരിക്കുന്ന വൈമാനികന്റേയും മരിക്കാതിരിക്കുന്ന പ്രധാനമന്ത്രിയുടേയും ശബ്ദവും രൂപവും തത്സമയം എല്ലാവരേയും അറിയിക്കാമെന്നായിരിക്കുന്നു;
എല്ലാം എല്ലാവർക്കും എപ്പോഴും ഏതാണ്ടൊക്കെ ഒരേ സമയം അറിയാമെന്നായിരിക്കുന്നു. അപ്പോൾ മാത്യുവിന്റെ സൌമനസ്യം അപ്രസക്തമാവുന്നു
എന്നു മാത്രമല്ല, വീർസാഹസികതക്കുള്ള സാധ്യത ഏറെ കുറയുകയും മായികശോഭയുണ്ടായിരുന്ന സ്കൂപ് പഴകിയ ഒരു നോവൽ വിഷയമായി
മാറുകയും ചെയ്യുന്നു. അഥവാ സ്കൂപ്പ് വേണ്മെങ്കിൽ, ഇർവിംഗ് വാലസിന്റെ നോവലിലെ ദൈവം ചമയുന്ന പത്രമുടമയെ മാതൃകയാക്കേണ്ടിവരും. സ്കൂപ്
വേണമെന്നു തോന്നുമ്പോഴെല്ലാം, ഞെട്ടിപ്പിക്കുന്ന എന്തെങ്കിലും കൃത്യം ചെയ്ത് മറയുന്ന ഒരു ഭീകരസംഘത്തെ പുള്ളിക്കാരൻ സ്വന്തം ചിലവിൽ
രഹസ്യമായി പോറ്റിവളർത്തിയിരുന്നു.
(തേജസ്സില്‍ കാലക്ഷേപം എണ്ണ പംക്തിയില്‍ പ്രസിദ്ധീകരിക്ചത്)
chiri
ചിരി വിളയുന്ന വിപ്ലവം
കെ ഗോവിന്ദന്‍ കുട്ടി
ഒടുക്കത്തെ ചിരി ചിരിക്കുന്നയാളുടെ ഒടുക്കമാകണമെന്നില്ല. കൊളോണിയലിസത്തിന്റെ ഭാഷയില്‍, ഒടുക്കം ചിരിക്കുന്നയാളാകും വിജയി. ഒടുക്കം എന്ന പദം ദേശാഭിമാനപുരസ്സരം ഊന്നിപ്പറയുന്ന വാമൊഴിവഴക്കത്തിലേ ചിരിക്കുന്ന ആളുടെ ഒടുക്കം എന്ന അര്‍ഥം കിട്ടുകയുള്ളു. അതൊന്നും അറിയാത്ത ആളല്ല വി എസ്, ക്ലാസിക്കല്‍ സഖാക്കളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന, ചിരിക്കുന്ന വിപ്ലവകാരി. വിപ്ലവകാരികള്‍ ചിരിക്കാറില്ല--ബുദ്ധന്‍ ചിരിക്കാത്തതു പോലെ. പൊഖ്രാനിലെ ആദ്യത്തെ സ്ഫോടനമായിരുന്നു ബുദ്ധന്റെ ആദ്യത്തെ ചിരി--ഒടുക്കത്തേയും. ആ ഒരൊറ്റ ചിരി വഴി തഥാഗതന്‍ നമ്മുടെ സ്വീകരണമുറികളില്‍ അലങ്കാരവസ്തുവായി ശരണം നേടിയിരിക്കുന്നു.
വൈരുദ്ധ്യം കണ്ടാല്‍, ബുദ്ധനായാലും വി എസായാലും, ചിരിക്കും. ചിരിക്കാതെന്തു ചെയ്യും? ചിലപ്പോള്‍ ചിരിച്ചു ചാവേണ്ടിവരും,സ്യൂക്സിസിനെ പോലെ. ധനികയും വിരൂപയുമായ ഒരു സ്ത്രീയുടെ കല്പനപ്രകാരം,ഒരിക്കല്‍ ആ യവനചിത്രകാരന്‍ വീനസിന്റെ പടം വരച്ചു. അവര്‍ തന്നെ അതിന് മോഡല്‍ ആകണമെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമായിരുന്നു. വരച്ചുകഴിഞ്ഞപ്പോള്‍, ഏറെക്കുറെ വൈരുദ്ധ്യാധിഷ്ഠിതമെന്നു പറയാവുന്ന തന്റെ ചിത്രം നോക്കി സ്യൂക്സിസ് ചിരിച്ചു, മരിച്ചു. ഫലിതം മനസ്സില്‍ നിറഞ്ഞപ്പോള്‍ മരണം വരികയായിരുന്നു.
വി എസിനറിയാത്തതല്ല, ഓരോരോ കോമാളിത്തമോര്‍ത്തുള്ള അത്തരം ചിരി യുദ്ധകാരണവുമാകാം. സ്ഥലജലഭ്രമം മൂത്ത് രാജസഭയില്‍ മുണ്ടുപൊക്കിനടന്ന ദുര്യോധനനെ നോക്കി പാഞ്ചാലി കുലുങ്ങിച്ചിരിച്ചിരുന്നില്ലെങ്കില്‍, കര്‍ണ്ണന്റെ തന്തയാരെന്നു തിരക്കി പരിഹസിച്ചിരുന്നില്ലെങ്കില്‍, പിന്നീടൂണ്ടായ ചൂതും മുണ്ടുരിയലും വനവാസവും പോരുമൊക്കെ ഒഴിവാക്കാമായിരുന്നില്ലേ? യവനപുരാണത്തിലും ചിരിയെത്തുടര്‍ന്നുവരുന്ന യുദ്ധം കാണാം. പോസ്ത്യൂമിയസ് എന്ന റോമന്‍ സ്ഥാനപതിയുടെ ഉച്ചാരണത്തിലെ അഭംഗി കേട്ട് ചില യവനര്‍ ചിരിച്ചപ്പോള്‍, അദ്ദേഹം പുലമ്പിയത്രേ: “ചിരിക്കൂ. ഒടുക്കത്തെ ചിരി ചിരിക്കൂ. എന്റെ വസ്ത്രം നിങ്ങളുടെ ചോരകൊണ്ട് കഴുകും വരെ ചിരിക്കൂ.” പറഞ്ഞതുപോലെ നടക്കുകയും ചെയ്തു. അത്രയൊന്നും കരുതിക്കാണില്ല “ഒടുക്കത്തെ ചിരി”യെപ്പറ്റി ഉപന്യസിച്ച ദേശാഭിമാനം.
വി എസിനറിയാത്തതല്ല, പലതരത്തിലുള്ള ചിരിയില്‍ കൊലച്ചിരിയും പെടുന്നു. കൊല്ലണമെന്നു കരുതിക്കൊണ്ടോ കൊന്നതിനുശേഷമോ ചിരിക്കുന്ന ചിരി കൊലച്ചിരി. ചുമന്ന ഭാഷയില്‍ ചിലര്‍ അതിനെ ഒടുക്കത്തെ ചിരിയെന്നും വിളിക്കും. ഡാര്‍വിന്‍ അതിനെ മാരകമായ ഒരു പ്രാകൃതവാസനയായി വ്യാഖ്യാനിച്ചു. പിന്നെ, മറ്റുള്ളവരെ കളിപ്പിച്ച്, കേമത്തം നടിച്ചു ചിരിക്കാം. അവനവന്‍ കളിപ്പിക്കപ്പെട്ടാല്‍ വിഡ്ഢിച്ചിരി ചിരിക്കാം. രണ്ടും ഡാര്‍വീനിയന്‍ പ്രാകൃതവാസനയുടെ കൂട്ടത്തില്‍ കൂട്ടാമോ? ഏതോ രോഗംകൊണ്ട് ചിരിക്കാം. ഏതോ രോഗം ഭേദപ്പെടുത്താനും ചിരിക്കാമെന്ന് ആനന്ദോത്സവക്കാര്‍ പറഞ്ഞുനടക്കുന്ന കാര്യവും വി എസിനറിയാത്തതല്ല.
എതുതരത്തില്‍ പെട്ടതായാലും, ചിരിയുടെ പാരമ്പര്യം മറ്റേതുകൂട്ടരേക്കാളും കൂടുതല്‍ അവകാശപ്പെടുന്നു വി എസിന്റെ നാട്ടുകാര്‍. നമ്പ്യാര്‍ മുതലെങ്കിലും അതു നീണ്ടുകിടക്കുന്നു, ജഗതി വരെ. പിന്നേയും അവരുടെ നിര നീളുന്നു, നിഴലായും രൂപമായും, ടെലിവിഷനിലും രംഗത്തും, വി എസിനെ അനുകരിക്കുന്നവരോളം. അനുകരിക്കപ്പേടുന്ന വി എസ് അസ്സല്‍ വി എസിനേക്കാള്‍ ചിരി പടര്‍ത്തുന്നു. അതത്രേ ചിരിയുടെ മനശ്ശാസ്ത്രം: യാഥാര്‍ഥ്യത്തേക്കാള്‍ കാണാന്‍ രസമായിരിക്കും അതിന്റെ നീണ്ട നിഴല്‍. വി എസ്, പക്ഷേ, യാഥര്‍ഥ്യം തന്നെ നോക്കി ചിരിക്കുകയായിരുന്നു.
ഒടുക്കത്തെ ചിരിയുടെ ഭാഷ്യം ഇറക്കിയവര്‍ക്ക് അറിയാത്തതല്ല, ചിരിക്കാനുള്ളതാണ് വാസ്തവത്തില്‍ ഒടുക്കത്തെ സ്വാതന്ത്ര്യം. അത്, എന്നുവെച്ചാല്‍, ചൊറിച്ചില്‍ ഉണ്ടാക്കുന്ന ചിരി, തടയുകയാണ് വിപ്ലവത്തിന്റെ ആവശ്യം. സമരവീര്യം നുരയുമ്പോള്‍ ആരും തൊലിച്ചുനില്‍ക്കാന്‍ പാടില്ല. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍, ശങ്കര്‍ തന്റെ വാരിക പൂട്ടിക്കൊണ്ടെഴുതി, എകാധിപത്യത്തില്‍ ആരും ചിരിക്കാറില്ല. കനാന്‍ ബനാന എന്ന എകാധിപതി, തന്റെ പേര്‍ ഉച്ചരിച്ച് ചിലര്‍ ചിരിക്കുന്നുണ്ടെന്നു കേട്ട്, അത് ശബ്ദതാരാവലിയില്‍ിനിന്ന് നീക്കം ചെയ്തു. പിന്നെ ആര്‍ എന്തു കണ്ടും കേട്ടും എങ്ങനെ ചിരിക്കും? അങ്ങനെയൊരു തമസ്കരണം തല്‍ക്കാലം സാധ്യമല്ലെന്നതാണ് മുതലാളിത്തത്തിന്റെ വിജയം.
പണ്ടൊരിക്കല്‍ മാവോവിന്റെ മുഖത്ത് എന്തോ ചലനം കണ്ടപ്പോഴും ഇതുപോലൊരു പുകിലുണ്ടായി. അത് ചിരിയായിരുന്നോ? എങ്കില്‍ ചങ്ങാത്തത്തിന്റെയോ ചതിയുടെയോ? ചര്‍ച്ച ഏറെക്കാലം പൊടിപൊടിച്ചു. മാവോവിന്റെ ചിരിയും ലോകസമാധാനവും ആയിരുന്നു എല്ലാ സദസ്സുകളിലും ഇഷ്ടവിഷയം. പിന്നെ ചിരി നിന്നു. അങ്ങനെയിരിക്കേ, ചിരിക്കാനുള്ള അവസരം നഷ്ടപ്പെട്ട ചില ചൈനീസ് കമ്പ്യൂടര്‍ വിരുതന്മാര്‍ ഒരു ചോദ്യം വാരി എറിഞ്ഞു: “ചൈനയുടെ നേതൃത്വം മൂര്‍ഖന്മാരുടെ കയ്യിലാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?” “ഇല്ല” എന്ന് ഉത്തരം അടിച്ചാല്‍ ഉടന്‍ കമ്പ്യൂടര്‍ നിലച്ചുപോകും. ആ വികൃതിയുടെ പേരില്‍ ഉയരുന്നത് ഒടുക്കത്തെ ചിരി അല്ലെന്ന് വി എസിനെ ദുഷിക്കുന്നവര്‍ക്ക് അറിയാത്തതല്ല. അവര്‍ അങ്ങനെ പറയുന്നുവെന്നേയുള്ളു. ചിരിക്കരുത്.
(മേയ് ഇരുപത്തിനാലിന്‍ മനോരമയില്‍ പ്രസിദ്ധീകരിക്ചത് )

Monday, April 6, 2009
ഉറങ്ങാന്‍ ഒരു നേരം!
ഓര്‍മ്മയുടെ അക്കരെനിന്നായിരുന്നു ശ്യാമപ്രസാദിന്റെ ചോദ്യം:
“സാര്‍ ഉറങ്ങിപ്പോയോ?”
വാസ്തവത്തില്‍ ഞാന്‍ മരിക്കുകയായിരുന്നു.
മുകളില്‍നിന്ന് വെളിച്ചം കോരിച്ചൊരിയുന്നു. ചുറ്റും പരിഭ്രമത്തിന്റെ രൂപങ്ങള്‍.
വലത്തുവശത്ത് നഴ്സുമാര്‍. നെറ്റിയില്‍ ഉരസുന്ന സാരിത്തുമ്പ്. ഇടത്ത് ഡോക്റ്റര്‍ ശാന്തന്‍.
വാതില്‍ക്കല്‍നിന്ന് ശാംദത്ത് ഉറ്റുനോക്കുന്നു, ചെരിഞ്ഞുനോക്കുന്നു,
ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നു, ക്യാമറയിലൂടെ.
ഒരു വട്ടം. രണ്ടുവട്ടം. മൂനുവട്ടം.
പിന്നെ ആവര്‍ത്തനത്തിന്റെ അലകളില്‍ ഞാന്‍ മയങ്ങിക്കാണും,
ചൂടും വെളിച്ചവും വിയര്‍പ്പും ബഹളവും രസിച്ചുകാണും.
ഉണരാത്ത ഉറക്കാത്തില്‍നിന്നു ചാടിയെണീറ്റ ഒരു ഹങ്കേറിയന്‍ എഴുത്തുകാരനെ
ഓര്‍ത്തുപോകുന്നു. ദ് ലാസ്റ്റ് മേനുസ്ക്രിപ്റ്റ് എന്ന ചിത്രത്തിലെ ആ കഥാപാത്രം,
ശവപ്പെട്ടിയുടെ മൂടി തട്ടിമാറ്റി പുറത്തുവരികയായിരുന്നു, തന്റെ ഡയറി ആരെങ്കിലും
അടിച്ചെടുക്കുമോ എന്ന പേടിയോടെ. അങ്ങനെ ഒരു പേടി തോന്നാന്‍
സ്വന്തമായി അത്രക്കൊന്നും ഇല്ലാത്തത് എന്റെ ഭാഗ്യം.
എന്നാലും, ഭയവും ദുഖവും പരിഭ്രമവുമൊക്കെ തുടിക്കുകയും നടിക്കുകയും ചെയ്യേണ്ട നേരത്ത്
ഒരാള്‍ ഉറങ്ങിപ്പോകുക. അതത്ര പന്തിയല്ല. ആ പന്തികേട് ഓര്‍ത്ത് ശ്യാമപ്രസാദ്
ചിരിക്കുകയായിരുന്നോ അതോ...? ശ്യാമിന്റെ “ഋതു”വിലെ രാമവര്‍മ്മയുടെ മരണം ആയിരുന്നു രംഗം.
മരണം അഭിനയിക്കുന്ന നടന്‍ ഉറങ്ങിപ്പോകുന്നതുകണ്ട്, പുഴ ചിരിക്കുന്നോ, പുഴ കരയുന്നോ...?
തലേന്നും ശ്യാമിന്റെ ചോദ്യം തൊടുത്തിരുന്നു, വേറൊരാള്‍. മുടി പറ്റെ വെട്ടി രാമവര്‍മ്മയെ
രൂപപ്പെടുത്തി എടുത്ത ചെറുപ്പക്കാരന്‍. അയാളുടെ ‘തപസ്യ‘ ഒരു മിനിറ്റിലേറെ
നീണ്ടുപോയപ്പോള്‍ എന്റെ കണ്‍പോളകള്‍ക്ക് കനം കൂടി. കത്രികകളുടെ മന്ത്രവും
വിരലുകളുടെ തന്ത്രവും ആകുമ്പോള്‍ ഞാന്‍ ഉറങ്ങും--ഒരു പതിവുപോലെ. മുടിമുറിശീലര്‍
ഊറിച്ചിരിക്കും--വേറൊരു പതിവുപോലെ.
ചിരിയല്ല, ആത്മാവില്‍ ചൊറിയാകും ശാരിക്ക് തോന്നുക എനിക്ക് ഉറക്കം വരുമ്പോള്‍.
അതാകട്ടെ ഒരു മുന്നറിയിപ്പുമില്ലാതെ വരികയും ചെയ്യും. പ്രപഞ്ചത്തിന്റെ ഉത്ഭവം മുതല്‍
പരിപ്പിന്റെ എപ്പോഴും കൂടുന്ന വിലവരെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പറ്റിയ വേദി
കിടക്കയാണെന്നു കരുതുന്നയാളാണ് ശാരി. പക്ഷേ ചര്‍ച്ചയുടെ തുടക്കത്തില്‍ത്തന്നെ,
പലപ്പോഴും മൂന്നാമത്തെയോ നാലാമത്തെയോ വാക്യത്തിന്റെ പകുതിക്കുവെച്ച്, എന്റെ
താളത്തിലുള്ള മൂളല്‍ നിലക്കും. അല്ലെങ്കില്‍, കയ്പക്കയുടെ കയ്പ്പിനെപ്പറ്റി ശാരി പറഞ്ഞുവരുമ്പോള്‍,
ഗാന്ധിയുടെ ആട്ടിന്‍കുട്ടിയെപ്പറ്റിയായിരിക്കും എന്റെ കുഴഞ്ഞ മറുമൊഴി. അപ്പോള്‍ ഉറക്കം
മുളപ്പിക്കുക ചിരിയല്ല, ഇഞ്ചിയാകും.
മറ്റുള്ളവരുടെ പ്രസംഗം കേട്ടാല്‍ ഉറങ്ങിപ്പോകുന്നവരുടെ കൂട്ടത്തിലായിരുന്നു നായനാര്‍.
ഒപ്പത്തിനൊപ്പം നില്‍ക്കും ദേവഗൌഡ. അവരുടെ നിലയിലേക്ക് ഞാന്‍ നീങ്ങില്ല. എന്റെ
സ്ഥാനം ഒരു പക്ഷേ ഒരു പടി മുന്നിലേ ആകൂ. പണ്ടൊരിക്കല്‍, ഒരു ടെലവിഷന്‍ ചാനലില്‍,
കേമന്‍മാരുമായി അഭിമുഖം നടത്തിയിരുന്ന കാലത്ത്, എന്റെ പല ചോദ്യങ്ങളും ഉറക്കത്തില്‍
പൊതിഞ്ഞവയായിരുന്നു. അതിഥി നീണ്ടതും പണ്ഡിതോചിതവുമായ ഒരു മറുപടി തന്നുകഴിഞ്ഞാല്‍,
ഉടനേ എന്റെ നാവില്‍ ഉണരേണ്ട ചോദ്യം മയക്കത്തിലായിരിക്കും. ചോദ്യം ഉറങ്ങുന്ന അഭിമുഖങ്ങളെ
രക്ഷിച്ചുപോന്ന, എല്ലാം കണ്ടറിഞ്ഞുചെയ്തിരുന്ന എന്റെ പ്രൊഡ്യൂസര്‍ക്ക് നന്ദി.
അങ്ങനെ ഉറങ്ങുന്നവരെ എനിക്ക് ഇഷ്ടമല്ല--അവരില്‍ ഞാനും പെടുമെങ്കിലും. മടിച്ചും മുഷിഞ്ഞും
ഉണരുന്നവരേയും എനിക്ക് ഇഷ്ടമല്ല. പാലൂരിന്റെ സുന്ദരിയെ ഞാന്‍ സ്നേഹിക്കുന്നു; പക്ഷേ “ഉറക്കം
തൃപ്തിയാകാതെ ഉണര്‍ന്നോരു സുന്ദരിപോല്‍ പതുക്കെ കണ്‍മിഴിക്കുന്ന പുലരി”യെ ഞാന്‍ സ്നേഹിക്കുന്നില്ല.
ടോള്‍സ്റ്റോയ് ഇടക്കൊന്ന് അവതരിപ്പിച്ചുപോയ പ്ലാറ്റണ്‍ കരാട്യേവ് ആണ് എന്റെ സ്നേഹപാത്രം.
നേരമാകുമ്പോള്‍ ചുരുണ്ടുകൂടി കൂര്‍ക്കം വലിക്കുകയും, വീണ്ടും നേരമാകുമ്പോള്‍ ചാടിയെണീറ്റ് ജോലി
തുടരുകയും ചെയ്യുന്ന, കിളികള്‍ പാടും പോലെ പാടുകയും ചെടികള്‍ ചിരിക്കും പോലെ ചിരിക്കുകയും
ചെയ്യുന്ന, ഉറക്കത്തെ തന്റെ വരുതിയില്‍ നിര്‍ത്തുന്ന നിറം മങ്ങിയ മനുഷ്യന്‍.
അത്രയും ഗീര്‍വാണമായപ്പോള്‍, എന്തോ ഓര്‍ത്തിട്ടെന്നപോലെ, ശ്യാമപ്രസാദ് കുറ്റിത്താടി തടവി.
വെള്ളയണിഞ്ഞ സ്ത്രീകള്‍ സ്ഥലം വിട്ടിരുന്നു. വെളിച്ചത്തിന്റെ വര്‍ഷവും നിലച്ചിരുന്നു.
(തേജസ്സില്‍ ഏപ്രില്‍ ആറിന് പ്രസിദ്ധീകരിച്ചത്)

Friday, April 3, 2009
കാണാന്‍ പോകുന്ന പൂരം
രോഗികളും പ്രായമേറിയവരും പിന്തുണ കുറഞ്ഞവരും പ്രധാനമന്ത്രി
ആകരുതെന്നു പറയാന്‍ വയ്യ. രോഗി പ്രധാനമന്ത്രി ആയപ്പോള്‍
ചെറുപ്പമായതും, പിന്തുണ ഇല്ലാതെ ഒരാള്‍ പ്രധാനമന്ത്രി ആയതും
ചരിത്രം. ആ മൂന്നു ദോഷങ്ങളും ഇല്ലാത്ത, എന്നാല്‍ രാഷ്ട്രീയശുചിത്വം എന്ന
ഗുണം ഉള്ള, ഒരു പ്രധാനമന്ത്രി വേണമെന്നുണ്ടെങ്കില്‍, ആദ്യം പറയണം
ഏ കെ ആന്റണിയുടെ പേര്‍. പക്ഷേ തക്കം നോക്കി ആരോ ഒരു മിസൈല്‍
എടുത്തെറിഞ്ഞിരിക്കുന്നതും അതറിഞ്ഞുകൊണ്ടുതന്നെയാണല്ലോ.
തീരുമാനം എടുക്കാനും നടപ്പാക്കാനും വേണ്ട എണ്ണം കോണ്‍ഗ്രസ്സിന് ഉണ്ടായാലേ
ആ വഴിക്കൊരു ചിന്തക്ക് ന്യായമുള്ളു. അതില്ലെങ്കില്‍ പിന്നെ വൈരുദ്ധ്യാധിഷ്ഠിതമായ
മൂന്നാം മുന്നണിയുടെ ഊഴമായി. അതിന്റെ പാരമ്പര്യം, എന്നുവെച്ചാല്‍ ഇതുവരെ
കണ്ടുപോന്ന ഇടതുവഴക്കം, ഇടങ്കോലിടുകയാണുതാനും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കണ്ടില്ലേ,
അതുപോലൊരു നേതൃനിര്‍മ്മാണം ഇപ്പോഴും നടക്കാം. ഇടതിനെ നമ്പിയേ കോണ്‍ഗ്രസിന്
നിലനില്പുള്ളു എന്നു വരുത്തുകയാണ് ഇപ്പോഴും വിപ്ലവലക്ഷ്യം. അതിനുവേണ്ട എണ്ണം
പടച്ചെടുക്കുന്നതാണ് അവരുടെ മായാജാലം. രണ്ടു മഹിളകളും ബംഗാളും, പിന്നെ
കൊച്ചുകേരളവും, ആയാല്‍ ആ ജാലമായി.
മായാവതി എന്നേ തയ്യാര്‍. വടം വലിക്കുവേണ്ട എണ്ണം കിട്ടുമെന്നായാല്‍, ജയലളിതയും
തയ്യാറാകും. ആരായാലും കമ്യൂണിസ്റ്റുകാര്‍ക്ക് വിരോധം കാണില്ല. കമ്യൂണിസ്റ്റുകാരന്‍
പ്രധാനമന്ത്രി ആകരുതെന്നുമാത്രമേ അവര്‍ക്ക് നിര്‍ബന്ധമുള്ളു, ചരിത്രപരമായ മണ്ടത്തമാണ്
അതെന്നു ചിലര്‍ പറയുമെങ്കിലും. ആരേയും, ഭഗ്യമുണ്ടെങ്കില്‍ ആന്റണിയേയും, ഒന്ന് ‘ക്ഷ’
വരപ്പിക്കുക! അതാണ് ഹരം. ഐക്യപുരോഗമനമുന്നണിയുടെ നേതാവിനെ ഫലത്തില്‍
അതിനു പുറത്തുള്ളവര്‍ നിശ്ചയിക്കുക: ആ സര്‍ഗാത്മകവൈരുദ്ധ്യത്തിലേക്കാണ് നീക്കം.
നാട്ടിലെങ്ങും താമര വിടര്‍ന്നാല്‍ മാത്രം സംഗതി മാറും. പക്ഷേ താമരക്കാലമല്ലല്ലോ.
(മലയാള മനോരമയില്‍ ഏപ്രില്‍ മൂന്നിന് പ്രസിദ്ധപ്പെടുത്തിയത്‍)

മണ്ഡലങ്ങളുടെ മന്ത്രവദവും മുസഫര്‍പൂരും
കല്യാണകൃഷ്ണമേനോനെപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല. സി എച് മുഹമ്മദ്കോയയുടെ
സൃഷ്ടിയായിരുന്നു കല്യാണകൃഷ്ണമേനോന്‍. അതുവരെ അദ്ദേഹം അറിയപ്പെട്ടിരുന്നത് വി കെ കൃഷ്ണമേനോന്‍ എന്ന
പേരിലായിരുന്നു. ലോകപൌരനായി ഉയര്‍ന്നിരുന്ന അദ്ദേഹം, മുംബെയിലും മിഡ് നാപൂരിലും തോറ്റപ്പോള്‍, കൂടുതല്‍
സുരക്ഷിതം പഴയ നാടാണെന്നു വിലയിരുത്തി. തിരുവനന്തപുരത്ത് മത്സരിച്ച് കഷ്ടിച്ചു രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ വേണ്ടി
എല്ലാവരും ചെയ്യുന്നതെല്ലാം ചെയ്തു. കല്യാണവീട്ടിലെല്ലാം കയറിയിറങ്ങി. അങ്ങനെ, സി എചിന്റെ സാരസ്യത്തില്‍,
വി കെ കൃഷണമേനോന്‍ കല്യാണകൃഷ്ണമേനോന്‍ ആയി.
സഹ്യാദ്രിഘട്ടങ്ങളെ കേറിയും കടന്നും കേരളം വളരുന്നു എന്ന ധാരണ ഊട്ടിയുറപ്പിച്ച മറ്റൊരു ലോകപൌരന്‍, ഇതാ,
വീണ്ടും തിരുവനന്തപുരത്ത് മത്സരിക്കുനു. നയത്തിലും വിദേശനയത്തിലും ചതുരനായ ശശി തരൂരിന്, ആ മേഖലയില്‍,
അല്പം പഴയ പാരമ്പര്യമുണ്ടെന്ന് അധികം ആര്‍ക്കും അറിയില്ല. മൈസൂര്‍ രാജാവിന്റെ പടത്തലവനായ ഹൈദര്‍ അലി
ഡിണ്ടിഗലില്‍ പാളയമടിച്ചു കൂടുന്ന കാലം. വിനയത്തോടെയും നയത്തോടെയും ഹൈദരുടെ സഹായം തേടിയ ആദ്യത്തെ
മലയാളിയായിരുന്നു അന്നത്തെ തരൂര്‍ സ്വരൂപത്തിലെ കാരണവര്‍. ഉദ്ദേശം മറ്റൊന്നുമായിരുന്നില്ല, സാമൂതിരിയെ
തകര്‍ക്കുക തന്നെ. ആ നയവും തന്ത്രവും ഒന്നും അറിയാത്ത ആളാല്ല ശശി.
ഇവിടന്നു പോയി എത്തിയേടത്തുതന്നെ വീണും വെട്ടിയും പുലര്‍ന്ന ചുരുക്കം മലയാളികളും കാണും. ഗ്രാമീണഡല്‍ഹിയുടെ
പ്രതിനിധിയായി ഒരു കൃഷ്ണന്‍ നായര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ സി എം സ്റ്റീഫന്‍ അതാകാന്‍ നോക്കി തോറ്റുപോയി. ഒരു
സ്മാര്‍ത്തവിചാരത്തിന്റെ ഓര്‍മ്മയുമായി തമിഴകത്തെ സിനിമയിലെത്തിയ രാമചന്ദ്രന്‍ അവിടത്തെ രാഷ്ട്രീയചക്രവര്‍ത്തിയായി.
മനോഹരമായ അത്തരം പേരുകള്‍ കുറേ വേറേയും കാണും. മാവേലിക്കരക്കാരന്‍ രവീന്ദ്രവര്‍മ്മക്ക് കൌതുകം,
വലിയൊരു മനോരോഗാസ്പത്രിയുമായി ബന്ധപ്പെടുത്തി പറയാറുള്ള, ബീഹാറിലെ റാഞ്ചിയോടായിരുന്നു. അവിടം വിട്ടപ്പോള്‍
വര്‍മ്മ വീഴുകയും ചെയ്തു.
ബീഹാര്‍, പഴയ ബൌദ്ധസ്മൃതികള്‍ ഉയര്‍ത്തിക്കോണ്ട്, എല്ലാവര്‍ക്കും ഹൃദ്യമായ വിഹാരമായി വിലസുന്നു. സോഷ്യലിസമോ
മറാഠിയോ പാരമ്പര്യമായി അവകാശപ്പെടാത്ത ബീഹാറിലെ മുംഗൈറില്‍നിന്നു ജയിച്ചുപോന്ന ആളായിരുന്നു മുംബൈക്കാരന്‍
മധു ലിമയെ. എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഭൂരിപക്ഷം തരപ്പെടുത്താന്‍ സൌകര്യമുള്ള ബീഹാറില്‍, വിപ്ലവത്തിരക്കുള്ള
പല നേതാക്കന്‍മാരും ജനസഹായം തേടി എത്തുന്നതു കാണാം. പണ്ട് മഞ്ചേരിയെപ്പറ്റി പറഞ്ഞിരുന്നു, പത്രിക കൊടുത്താല്‍
പിന്നെ അവിടെ കാലുകുത്താതെ ജയിക്കും മുഹമ്മദ് ഇസ്മായീല്‍. ബീഹാറില്‍ പലയിടത്തും അത് പറ്റിയിരുന്നു; ഇപ്പോഴും പറ്റും.
ജയിലില്‍ കിടക്കുമ്പോള്‍ കെ അനിരുദ്ധന്‍, മുഖ്യനായിരുന്ന ആര്‍ ശങ്കറെ തോല്‍പ്പിച്ചു. അതിലും ചരിത്രപ്രധാനമായിരുന്നു
ജയിലില്‍നിന്ന് കാലില്‍ ചങ്ങലയുമായി കോടതിയില്‍ ഹാജരാക്കപ്പെട്ടിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വിജയം. ഭീമമായിരുന്നു
മുസഫര്‍പൂരില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം. മുംബൈക്കാരന്‍ മുസഫര്‍പൂരിന്റെ മനസ്സാക്ഷിയായി. ഇനി വിശ്രമിക്കണമെന്ന്
കൂട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും മുസഫര്‍പൂരിനെ കൈവിടാന്‍ മൂപ്പര്‍ തയ്യാറല്ല. ബംഗളൂരും മറ്റും നിന്നു തോറ്റപ്പോള്‍ വീണ്ടും വീണ്ടും
ശരണം തന്ന മണ്ഡലമാണ് മുസഫര്‍പൂര്‍. അതിനോട് എങ്ങനെ വിട പറയും? പ്രിയകരങ്ങളേ, നീലമലകളേ,
കുയിലുകള്‍ സദാ കൂകും വനങ്ങളേ...എന്നൊക്കെ എങ്ങനെ പറയും?
എന്നും വാര്‍ത്തയില്‍ നില്‍ക്കുന്ന എന്തോ ഒരു സവിശേഷതയുണ്ട് ജോര്‍ജ് ഫെര്‍ണണ്ടസിന്. വാര്‍ത്ത കൈകാര്യം ചെയ്യുന്നവര്‍
അദ്ദേഹവുമായി അടുത്തിരിക്കും. എന്റെ മേധാവിയായിരുന്ന കുല്‍ദീപ് നയ്യാര്‍, പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആയി കണ്ടിരുന്ന
ആളാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്. രൂപത്തില്‍ ലാളിത്യം. അടുപ്പം തോന്നിപ്പിക്കുന്ന പ്രകൃതം. വാക്കുകളില്‍ വിപ്ലവം. അറുപതുകളില്‍
ബ്ളിറ്റ്സ് എന്ന വാരികയുടെ ഹീറോ ആയിരുന്നു അദ്ദേഹം. അതിന്റെ ഒരു വേദിയില്‍, നേതൃഭാവമില്ലാതെ, തീ തുപ്പിക്കൊണ്ടുനിന്ന, ചെറുപ്പക്കാരനെ ഓര്‍ക്കട്ടെ. അധികാരത്തെ വെല്ലുവിളിച്ചുകൊണ്ടുനടന്ന അദ്ദേഹം ചെറുപ്പക്കാര്‍ക്ക് ഹരമായിരുന്നു, റയില്‍വേ ജീവനക്കാരുടെ ജീവന്‍ ആയിരുന്നു. ഒരിക്കല്‍ സമര്‍ഥമായി അവരെ ഒന്നടങ്കം പണിമുടക്കിച്ചു. “സമര്‍ഥമായി” എന്നോ? എന്തിനായിരുന്നു ആ പണിമുടക്ക്? ജോര്‍ജ് ഫെര്‍ണണ്ടസിന്റെ ശേഷി തെളിയിക്കാനോ?അടിയന്തരാവസ്ഥക്ക് നാന്ദി കുറിക്കാനോ?
മഴ വന്നാലും മേഘം മറഞ്ഞാലും,എന്നും അദ്ദേഹം വാര്‍ത്തയില്‍ ഉണ്ടാകും. ഇപ്പോള്‍ തന്റെ പീക്കിരിപ്പര്‍ടിയുടെ നേതൃത്വത്തെ
ധിക്കരിച്ച്, മുസഫര്‍പൂരില്‍ ഒന്നുകൂടി മത്സരിക്കാന്‍ നിശ്ചയിച്ചതുകൊണ്ട്. ഓര്‍മ്മയുണ്ടോ, മൊറാര്‍ജി ദേശായിയുടെ ഭരണകൂടം
വീഴുന്ന ഘട്ടത്തില്‍, അതിനെ വീരമായും ധീരമായുംന്യായീകരിച്ചുകൊണ്ട് അദ്ദേഹം വാര്‍ത്താപുരുഷന്‍ ആയി. ദേശായി പോയപ്പോള്‍,
അദ്ദേഹത്തെ വീഴ്ത്തിയ ചരണ്‍ സിംഗിന്റെ മന്ത്രിസഭയില്‍ പ്രമുഖസ്ഥാനം നേടി വീണ്ടും വാര്‍ത്തയില്‍ വിടര്‍ന്നുനിന്നു. ആ ചലനാത്മകത്വം മാത്രം ചലനമില്ലാത്തതായി നില്‍ക്കുന്നു.
ചെറിയൊരു കാര്യം. രാമസ്വാമി എന്നൊരു സുപ്രീം കോടതിജഡ്ജിയെ ഇമ്പീച് ചെയ്യണമോ എന്ന് ലോക് സഭചര്‍ച്ച ചെയ്യുന്ന
കാലം. രാമസ്വാമിയുടെ ഭാഗം വാദിക്കുന്നത് ഇന്നൊരു മന്ത്രിയായിരിക്കുന്ന് കപില്‍ സിബല്‍. വെളുത്ത മുടിയും, മാറിമറയുന്ന
ഭാവങ്ങളോടുകൂടിയ മുഖവും, ഏറ്റിറക്കമുള്ള സ്വരവും അംഗവിക്ഷേപവുമായി, പോപുലര്‍ അല്ലാത്ത കേസ് വാദിക്കുന്ന സിബലിനെ
കാണാന്‍ രസമായിരുന്നു. അതേപ്പറ്റി ഞാന്‍ എഴുതിയ റിപ്പോര്‍ട്ടില്‍, മാര്‍ക് ആന്റണിയുടെ പ്രസംഗത്തെ പരാമര്‍ശിക്കുവാന്‍ ഇടയായി.
മാര്‍ക് ആന്റണിയുടെ ജാടയായിരുന്നു അതെന്നത് വേറെ കാര്യം.
രാമസ്വാമിയെ വാക്കുകൊണ്ടു വധിക്കാന്‍ പിറ്റേന്നാള്‍ എഴുന്നേറ്റവരില്‍ പ്രധാനി ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നു. രാമസ്വാമിയെ മാത്രമല്ല, രാമസ്വാമിയുടെ വക്കീലിന്റെ പ്രകടനത്തെപ്പറ്റി ഒരു നല്ല വാക്ക് പറഞ്ഞുപോയ ലേഖകനേയും അദ്ദേഹം വിട്ടില്ല. സിബലിനെ മാര്‍ക് ആന്റണിയോട് താരതമ്യം ചെയ്തതിലായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ദേഷ്യം. ആ ദേഷ്യം ജോര്‍ജീയമായ ശൈലിയില്‍
അവതരിപ്പിക്കുകയും ചെയ്തു. “മല്ലന്‍മാര്‍ക്കിടിവാള്‍, ജനത്തിനരചന്‍...എന്നിങ്ങനെ പോകുന്ന പഴയ ശ്ലോകം ഞാന്‍ ഓര്‍ത്തു.
അത് ഹിന്ദുസ്ഥാന്‍ ടൈംസില്‍, ചന്ദന്‍ മിത്ര(ഇപ്പോള്‍ ദ് പയനീറിന്റെ എഡിറ്ററും ഉടമയും) പകര്‍ത്തിയത് ഇങ്ങനെ
ആയിരുന്നു. “മാര്‍ക് ആന്റണിയുമായി സിബലിനെ താരതമ്യപ്പെടുത്തിയതിനെ അദ്ദേഹം അപഹസിച്ചു. തന്റെ പ്രസംഗത്തോട്
മാര്‍ക് ആന്റണിയുടേതിനെ ഉപമിക്കുയായിരിക്കും ഉചിതം എന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് കരുതുന്നതുപോലെ തോന്നി.” ആ പഴയ ആത്മവിശ്വാസം മുസഫര്‍പൂരില്‍ ഒറ്റക്ക് ഒരു അങ്കം കൂടി പയറ്റാനുള്ള തീരുമാനതിലും കാണാം.
അങ്ങനെയൊരു വിശ്വാസം കുറഞ്ഞതുകോണ്ടല്ല, കൂടിയതുകൊണ്ടുതന്നെയാണ് ചിലര്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍
മത്സരിക്കാന്‍ ഒരുപെടുന്നത്. നമ്മുടെ“ലീഡര്‍” ഒരിക്കല്‍ രണ്ടിടത്ത് നിന്നു, രണ്ടിടത്തും ജയിച്ചു. ഇന്ദിര ഗാന്ധി ഒരിടക്ക് രണ്ടിടത്ത് നിന്നു,
രണ്ടിടത്തും പാട്ടും പാടി ജയിച്ചു. അങ്ങനെ പലരും ജനങ്ങളുടെ പിന്തുണ തെളിയിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തു. അവരില്‍ ഒരാള്‍ക്ക് അമളി പറ്റി. നാലോ അഞ്ചോ മണ്ഡലങ്ങളില്‍ ഒരേസമയം ജനസമ്മതി തെളിയിക്കാനായിരുന്നു ബിജു പട്നായകിന്റെ പരിപാടി. ഫലിച്ചില്ല. എല്ലായിടത്തും അദ്ദേഹം തോറ്റു. പിന്നെയായിരുന്നു മകന്റെ അരങ്ങേറ്റം. ജനങ്ങളുടെ ഒരോരോ നംബറുകള്‍ എന്നല്ലാതെ എന്തു പറയാന്‍!
(തേജസ്സില്‍ ഏപ്രില്‍ മൂന്നിന് പ്രസിദ്ധീകരിച്ചത്)

Subscribe to:
Posts (Atom)