ഉപ്പോ കയ്പോ, എരിവോ മധുരമോ? എന്താണ് തിരഞ്ഞെടുപ്പിന്റെ രസം? കളിക്കാരന്റേയും കാഴ്ച്ചക്കാരന്റേയും റഫറിയുടേയും രുചിഭേദമനുസരിച്ച് എന്തുമാകാം. തോല്‍ക്കുന്നവര്‍ക്ക് കയ്പ്, കഥ കൊരുക്കുന്നവര്‍ക്ക് ഹരം, പ്രവചനക്കാര്‍ക്ക് പേടി, അല്ലെങ്കില്‍, സാക്ഷാല്‍ ദൈവത്തിന്റെ ഭാവം.
എന്നുവെച്ചാല്‍, ഫലം അറിയുന്നതുവരെ പേടി. ശങ്ക. വചനം ഫലിക്കുമോ പൊളിയുമൊ? ഫലം നേരത്തേ പറഞ്ഞുവെച്ചിരുന്നതുതന്നെയെങ്കില്‍, താന്‍ ഭൂതവും ഭവിയും വര്‍ത്തമാനവും ഒരുപോലെ അറിയുന്നവനാണെന്ന തണ്ടുതപ്പിത്തം; വിപരീതമാണെങ്കില്‍, തുലഞ്ഞല്ലോ എന്ന് ഉരുവിട്ടുകൊണ്ട്, കട ഒട്ടിട പൂട്ടി, തലയില്‍ കീറമുണ്ടുമായി, കാശിക്കുപോകേണ്ടിവരുന്ന ആളുടെ ചമ്മല്‍.
ചമ്മല്‍ മറയ്ക്കാനും മറക്കാനും, പുതിയ വാദവുമായി, പഴയ വീറോടെ ആഞ്ഞുവരുന്ന ചിലരുടെ പ്രത്യുല്പന്നമതിത്വം കണ്ടിരിക്കാന്‍ ബഹുരസം തന്നെ. ഇഎംഎസ്സിനെപ്പറ്റി പറഞ്ഞുകേട്ട ഒരു കഥ ഇങ്ങനെ. വോട്ടെടുപ്പുദിവസം വരെ അദ്ദേഹം തുരുതുരാ എഴുതിക്കൊണ്ടിരിക്കും, എങ്ങനെ തന്റെ കക്ഷി ജയിക്കും, എന്തുകൊണ്ട് ജയിക്കണം, എന്നെല്ലാം.
എല്ലാം അപ്പോള്‍ ശരിയായി തോന്നും. ഇഎംഎസിന് വല്ലപ്പോഴും പിഴയ്ക്കുന്നതായി നാക്ക് മാത്രമേ ഉള്ളുവെന്ന് ഉറപ്പിക്കും. അദ്ദേഹത്തിന്റെ വെളിപാടുകളില്‍ തീസിസും ആന്റിതീസിസും സിന്തസിസും കാണും. സഖാക്കള്‍ക്ക് ഉശിര് കേറും. ഇനി, ഒടുവില്‍, വിപ്ലവത്തിന് ഭൂരിപക്ഷം വോട്ട് ചെയ്തില്ലെങ്കിലോ, എന്നാലും അദ്ദേഹം തുരുതുരാ എഴുതും: എന്തുകൊണ്ട് അങ്ങനെ ഒരു പാളിച്ച അധ്വാനിക്കുന്ന വര്‍ഗത്തില്‍ വിപ്ലവബോധം എങ്ങനെ വളര്‍ത്തണം, എന്ന വിദഗ്ദ്ധമായ, വൈരുദ്ധ്യാധിഷ്ഠിതമായ അപഗ്രഥനം. ആദ്യത്തേയും രണ്ടാമത്തേയും പ്രവചനം ഒരുപോലെ രസാവഹം.
ഇഎംഎസിനെ പരിഹസിക്കുകയല്ല. പ്രവചനമെന്ന ചരിത്രദൌത്യവും, മനുഷ്യന്റെ ആദിമദൌര്‍ബല്യവും, ഒരേസമയം ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹവും പ്രവര്‍ത്തിച്ചുവെന്നേയുള്ളൂ. താന്‍ ജയിക്കില്ലെന്നു പറഞ്ഞുകൊണ്ട് ആര്‍ക്കും തിരഞ്ഞെടുപ്പിനു നില്‍ക്കാന്‍ പറ്റില്ല. ജയം നേരത്തേ പറഞ്ഞാലേ, മത്സരത്തിനുപോലും പ്രസക്തിയുള്ളു. തോല്‍ക്കുമെന്നു തുടക്കത്തിലേ തോന്നുന്ന ഒരു സ്ഥാനാര്‍ഥിയെ കര കേറ്റുന്ന കാര്യം എത്ര പ്രയാസമാണെന്ന് തിരഞ്ഞെടുപ്പുവീരന്മാര്‍ക്കെല്ലാം അറിയാം. അതുകൊണ്ട് വിജയപ്രവചനം ഒരു ആവശ്യമാകുന്നു, ദൌത്യമാകുന്നു, അനിവാര്യതയാകുന്നു.
അത് അങ്ങനെ അനിവാര്യതയാകാന്‍ വേറെ ഒരു കാരണം കൂടി കാണാം. നാളെയുടെ ഗര്‍ഭത്തിലേക്ക് ചൂഴ്ന്നുനോക്കാനാണ് മനുഷ്യന്റെ ജന്മവാസന. ഇന്നും ഇന്നലെയും അറിയുന്നത് മാനുഷികം. “നിന്‍പുരോഭാഗത്തതാ നോക്കിനില്‍ക്കുന്ന“ നാളെയെ അറിയുന്നത് അമാനുഷികം. അതറിഞ്ഞാല്‍ ദൈവത്തോടുള്ള അടുപ്പം ഒരു ഡിഗ്രി കൂടും.
അതുകൊണ്ടാണല്ലോ പക്ഷിശാസ്ത്രക്കാരിയോടും കവിടിക്കാരനോടും തിരഞ്ഞെടുപ്പുപണ്ഡിതനോടും നമുക്കു ഏറെ ബഹുമാനം. ഏതു യതിയായാലും യമിയായാലും, നാളെയെ ഇന്നുതന്നെ അറിയാനുള്ള മോഹം അടക്കാനാവില്ല. വോട്ടെണ്ണിയാല്‍ മാത്രം തിട്ടപ്പെടുത്താവുന്ന ഫലം കാലേക്കൂട്ടി പറയാനുള്ള വെപ്രാളം അസഹ്യമാകുന്നു. അതുകൊണ്ട് സ്വന്തം പ്രകൃതിക്കു കീഴ്പ്പെട്ട് എല്ലാവരും നീങ്ങുന്നു. അത്രതന്നെ. പ്രകൃതിം യാന്തി ഭൂതാനി എന്ന് വാസുദേവ കൃഷ്ണന്‍.
പ്രവചനത്തിന്റെ ഒരു സ്വഭാവം അത് എപ്പോഴും പ്രിയമായിരിക്കും എന്നതാണ്. അപ്രിയമായ ഭാവി പ്രവചിച്ച ആരേയും ആരും ഒരിക്കലും വിശ്വസിച്ചിട്ടില്ല. യവനദേവതയായ കസാന്‍ഡ്രയുടെ കഥ ഏറെ പ്രസിദ്ധം. വിനാശം പ്രവചിച്ചു, അതുപോലെത്തന്നെ ഭവിച്ചു. പക്ഷേ അങ്ങനെ ഭവിക്കുംവരെ ആരും അവരെ കാര്യമാക്കിയില്ല. നമ്മുടെ കാലത്തും അപ്പോഴപ്പോഴായി ഓരോരോ പ്രളയപ്രവാചകര്‍ പ്രത്യക്ഷപ്പെടാറുണ്ട്. വിരസമായ പ്രഭാതങ്ങളെ പ്രസന്നമാക്കാന്‍ മിനക്കെടുന്ന കോമാളികളായേ അവരെ ആരും കാണാറുള്ളു എന്നുമാത്രം.
അടിയന്തരാവസ്ഥ കഴിഞ്ഞുള്ള 1977-ലെ തിരഞ്ഞെടുപ്പിലെ ഒരു വിപരീതാനുഭവം ഓര്‍ത്തുപോകുന്നു. പത്തൊമ്പതുമാസം മൂടിക്കെട്ടിയിരുന്ന വായ് തുറന്ന്, ഇന്ദിര ഗാന്ധിയുടെ വൈരികള്‍ ആഞ്ഞടിക്കുന്ന കാലം. ആ ആക്രമണത്തിന്റെ രൌദ്രതയില്‍, ഇന്ത്യയിലൊട്ടുക്കുമെന്നപോലെ, കേരളത്തിലും കോണ്‍ഗ്രസ് പൊളിഞ്ഞുപോകുമെന്നായിരുന്നു അഭിജ്ഞമതം. രഹസ്യാന്വേഷണവിചക്ഷണരും തിരഞ്ഞെടുപ്പുതന്ത്രികളും മാധ്യമമനീഷികളും അതുതന്നെ പറഞ്ഞു, തമ്മില്‍ത്തമ്മില്‍. ചിലരൊക്കെ അങ്ങനെ എഴുതിപ്പിടിപ്പിക്കുകയും ചെയ്തു.
സ്ഥിതിവിവരക്കണക്കിനെ തിരഞ്ഞെടുപ്പിലേക്ക് ആവാഹിച്ചുകൊണ്ടുള്ള പഠനങ്ങളും അപഗ്രഥനങ്ങളും പ്രവചനങ്ങളും അന്നുണ്ടായിരുന്നില്ല. അവരുടെതാരത്തിന് പിന്നേയും കുറേ കൊല്ലം കാത്തിരിക്കേണ്ടിവന്നു. അക്കാലത്ത് ആആകാശവവാണിയുടെ വാര്‍ത്താവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഞാന്‍, പ്രചാരണം തീര്‍ന്നപ്പോള്‍, തൃശ്ശൂര്‍ രാമനിലയത്തില്‍ വിശ്രമിച്ചിരുന്ന കരുണാകരനോട് ചോദിച്ചു: എന്തു തോന്നുന്നു? മറുപടി ഉടനേ വന്നു: എന്തു തോന്നാന്‍? നമ്മള്‍ ജയിക്കും, നൂറ് സീറ്റ്. നൂറ്റിപ്പതിനൊന്ന് സീറ്റ് ജയിച്ചു.
പത്തുകൊല്ലം കഴിഞ്ഞ് കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇതേ ചോദ്യം അദ്ദേഹത്തോടുതന്നെ ആവര്‍ത്തിക്കാന്‍ ഇടയായി. അന്നെനിക്ക് ഇടതുപക്ഷത്തോടുള്ള അടുപ്പം കുറഞ്ഞിരുന്നു. വലതുപക്ഷം ജയിച്ചുകാണാനായിരുന്നു മോഹം. ഗണിതവും സിദ്ധാന്തവും എല്ലാം കലര്‍ത്തി, മാതൃഭൂമിയിലെ സൂക്ഷ്മഗ്രാഹിയായ പി രാജന്‍ നടത്തിയ, വലതുപക്ഷത്തിന് നൂറ്റീരുപതുസീറ്റെങ്കിലും കിട്ടുമെന്ന പ്രവചനം, എന്നേയും സുഖിപ്പിച്ചിരുന്നു--അത്രതന്നെ വിശ്വസിപ്പിച്ചിരുന്നില്ലെങ്കിലും.
മികച്ച മൂരാച്ചിയും, അതിലും മികച്ച പത്രപ്രവര്‍ത്തകനുമായിരുന്ന കെ ആര്‍ ചുമ്മാറും ഞാനും കൂടി വോട്ടെടുപ്പുദിവസം ഒന്നുരണ്ടു മണിക്കൂര്‍ നഗരത്തില്‍ കറങ്ങിയപ്പോള്‍ വലതുപക്ഷത്തിനു വലിയ പരാതികള്‍ ആയിരുന്നു, എവിടേയും. കള്ളവോട്ട്, പക്ഷപാതം, പണക്കുറവ്--അങ്ങനെ അങ്ങനെ പരാതികള്‍ നീണ്ടു. ജയിക്കാന്‍ പോകുകുന്നവര്‍ പരാതിക്കാര്‍ ആവാറില്ല. തോല്‍വിയുടെ തീട്ടൂരമല്ലേ പരിവട്ടവും പരാതിയുമെന്ന് ചുമ്മാര്‍ മന്ത്രിച്ചു.
ഞങ്ങള്‍ രണ്ടുപേരും പിന്നീട് വെവ്വേറെയായി ലീഡറോട് ചോദിച്ചു: എന്തു തോന്നുന്നു? മറുപടി ഉടനേ വന്നു, പതിവില്ലാത്തവിധം ചോദ്യരൂപത്തില്‍: തനിക്ക് എന്തു തോന്നുന്നു? ആ ഉറപ്പില്ലയ്മ പരാജയത്തിന്റെ പ്രഖ്യാപനമായിരുന്നു. ചുമ്മാര്‍ ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു, ഈ തോല്‍വി വിജയമാക്കാനുള്ള കണക്ക് ഇനി നമുക്ക് രാജനോട് ചോദിച്ചുമനസ്സിലാക്കാം. എന്നാലും രാജന്റെ പ്രവചനം പൊളിഞ്ഞതില്‍, പ്രവാചകനോളം തന്നെ വൈഷമ്യം എനിക്കും ചുമ്മാറിനും ഉണ്ടായിരുന്നു. പ്രിയം തോന്നുന്ന കാര്യമേ പ്രവചിക്കൂ എന്ന നിലപാടിലെ നിലയില്ലായ്മ എന്നിട്ടും തീര്‍ത്തും ബോധ്യമായില്ല. ബോധ്യമായെങ്കില്‍ത്തന്നെ, ഇഷ്ടമായില്ല.
അതിനു രണ്ടുകൊല്ലം മുമ്പായിരുന്നു ലോകസഭ തിരഞ്ഞെടുപ്പ്. ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പ്. പാര്‍ടികള്‍ പത്രങ്ങളില്‍ പണം വിതറി പരസ്യം കൊടുക്കുന്ന പതിവ് തുടങ്ങിയ തിരഞ്ഞെടുപ്പ്. സ്ഥിതിവിവരക്കണക്കുകാര്‍ ഫലപ്രവചനത്തിനിറങ്ങിയ തിരഞ്ഞെടുപ്പ്. ടെലവിഷന്‍ കേരളത്തിലെ പല നഗരങ്ങളിലും എത്തിത്തുടങ്ങിയ കാലത്തെ തിരഞ്ഞെടുപ്പ്. രാഷ്ട്രം മുഴുവന്‍ ഹൃദയൈക്യത്തോടെ രാജീവ് ഗാന്ധിയെ സ്വീകരിച്ച തിരഞ്ഞെടുപ്പ്. അന്നത്തെ ചുമരെഴുത്ത് എല്ലാവര്‍ക്കും കാണാമായിരുന്നു. ഞാന്‍ കണ്ടില്ല. ഇഎംഎസും കണ്ടില്ല.
അന്നെനിക്ക് ഇടതുപക്ഷത്തെ ആയിരുന്നു ഇഷ്ടം. തിരുവനന്തപുരത്ത് ശാന്തിനഗറില്‍ എന്റെ അയല്‍വാസിയായിരുന്ന ഇഎംഎസിനെ മിക്കദിവസങ്ങളിലും കാണുമായിരുന്നു. തിരഞ്ഞെടുപ്പില്‍ ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ അദ്ദേഹം ഓടിനടന്നു. ഇടതുപക്ഷത്തിന്റെ വിജയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കി. വേറൊരുമട്ടില്‍ പറഞ്ഞാല്‍, അന്തരീക്ഷം ഉണ്ടായെന്ന് അതുണ്ടായിക്കാണാന്‍ ആഗ്രഹിച്ചവര്‍ വിശ്വസിച്ചു. അങ്ങനെ എഴുതി. മറിച്ചെഴുതിയ ചുമ്മാറിനെ പരിഹസിച്ചു.
കേരളമാകെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയ ചുമ്മാര്‍ മുന്‍കരുതലില്ലാതെ എഴുതി: ഒന്നോ മറ്റോ പോയാല്‍ പോയി, ബാക്കി സീറ്റെല്ലാം വലതുപക്ഷത്തിന്. ഇങ്ങനെയുമുണ്ടോ നിര്‍വിശങ്കമായ നിരീക്ഷണം! ഇഎംഎസും, അദ്ദേഹത്തിന്റെ പ്രവചനത്തില്‍ വിശ്വാസമുണ്ടായിരുന്ന ഞങ്ങള്‍ ചിലരും, ഇടതുപക്ഷത്തിനുണ്ടാകുമെന്നു കരുതിയ വമ്പിച്ച വിജയത്തെക്കാള്‍ വലിയ വിജയം വലതുപക്ഷത്തിനുണ്ടായി. ചെറുപ്പക്കാരായ കോണ്‍ഗ്രസുകാര്‍ക്ക്, ഫലമറിഞ്ഞപ്പോള്‍, ഇഎംഎസിന്റെ വസതിക്കുമുമ്പില്‍ പരിഹാസവാക്യം മുഴക്കാന്‍ കൌതുകമായിരുന്നു. എന്റെ അപ്രാധാന്യത്തില്‍ ഞാന്‍ ആശ്വാസം കണ്ടു.
ആ തിരഞ്ഞെടുപ്പിന് ഏറെ മുമ്പുതന്നെ കരുണാകരന് ഫലം അറിയാമായിരുന്നതുപോലെ തോന്നി. അത്രതന്നെ പരിചയമില്ലാത്തവര്‍ക്കുപോലും അറിയാമായിരുന്ന കാര്യം അദ്ദേഹത്തിന് അറിയാതെപോവില്ലല്ലോ. കുറേ കൊല്ലത്തിനുശേഷം നടന്ന തൃശ്ശൂര്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റുപോയി. അന്ന്, ഫലം അറിയുംമുമ്പ്, എന്തുതോന്നുന്നുവെന്ന് അദ്ദേഹത്തോടു ചോദിക്കുവാന്‍ ഇടവന്നില്ല. അദ്ദേഹത്തിന് എന്തു തോന്നിയിരുന്നുവോ ആവോ? അദ്ദേഹത്തിന്റെ പാര്‍ടിയില്‍ പെട്ട പലര്‍ക്കും തോന്നിയിരുന്നത് അദ്ദേഹം തോല്‍ക്കുമെന്നായിരുന്നത്രേ.
അങ്ങനെയിരിക്കേ സര്‍വകലാശാലയിലെ ഒരു സെമിനാറില്‍ ചിലര്‍ എന്റെ നേരെ തട്ടിക്കയറി. ഇന്ത്യക്കുമുഴുവന്‍ നേരത്തേ അറിയാമായിരുന്ന 77ലെ തിരഞ്ഞെടുപ്പുഫലം എനിക്ക് എന്തുകൊണ്ട് അറിയാന്‍ കഴിഞ്ഞില്ല? ന്യായമായ ചോദ്യം. ന്യായമായ ഉത്തരത്തിന് ആര്‍ക്കും ക്ഷമ ഉണ്ടായിരുന്നില്ല. അങ്ങനെയാണല്ലോ, ചിലര്‍ക്ക് ചോദ്യമേ വേണ്ടൂ, ഉത്തരം വേണ്ട. വാസ്തവത്തില്‍, എനിക്കുമാത്രമല്ല, വേറെ എത്രയോ ആളുകള്‍ക്ക്, തിരഞ്ഞെടുപ്പ് നടത്തിയും, തോറ്റും, ജയിച്ചും തഴക്കം വന്ന ആളുകള്‍ക്ക്, പിഴവ് പറ്റിയിരിക്കുന്നു. എന്റെ മനസ്സില്‍ ഇങ്ങനെ ഒരു ഉത്തരം ഇഴഞ്ഞുകൊണ്ടിരുന്നു: ആഗ്രഹിക്കുന്ന ഫലമാണ് പലപ്പോഴും പ്രവചിക്കപ്പെടുന്നത്. പ്രവചനമാണ് പലപ്പോഴും പ്രചാരണമാകുന്നതും.
ബാബ്രി മസ്ജിദ് തകര്‍ച്ചക്കുശേഷം നാലു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന് ദേശീയപ്രാധാന്യമുണ്ടായിരുന്നു. അതില്‍ ഭാരതീയ ജനത പാര്‍ടി ജയിച്ചാല്‍, അതിന്റെ സര്‍ക്കാരുകളെ പിരിച്ചുവിട്ട നടപടിയുടെ രാഷ്ട്രീയസാധുത തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നു. ആ നടപടി എടുത്ത നരസിംഹറാവുവിന് പ്രധാനമന്ത്രിയായി തുടരാന്‍ ബുദ്ധിമുട്ടാകുമായിരുന്നു. പലരുടേയും ഭാഗധേയം നിര്‍ണയിക്കപ്പെടുന്ന തിരഞ്ഞെടുപ്പായിരുന്നു ആ നാലു സംസ്ഥാനങ്ങളില്‍ 1993ല്‍ നടന്നത്.
അപ്പോഴേക്കും സ്ഥിതിവിവരക്കണക്കുകാര്‍ രാഷ്ട്രീയപ്രവചനത്തില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. കോടിക്കണക്കിന് സമ്മതിദായകരുടെ മനസ് അവര്‍ ഏതാനും ഫീല്‍ഡ് റിപോര്‍ടര്‍മാരുടെ ചോദ്യോത്തരങ്ങളില്‍നിന്ന് ഊഹിച്ചെടുത്തു. ജനചിന്തയുടെ വിശ്ലേഷണം രാഷ്ട്രീയത്തിന്റെ കുത്തകയല്ലാതായി. പത്രങ്ങളും പാര്‍ടികളും ഫലം കാലേക്കൂട്ടി കണ്ടറിയാന്‍ സ്ഥിതിവിവരക്കണക്കുകാരെ നിയോഗിച്ചു. ശാസ്ത്രീയമായ രീതിയില്‍ കണക്കാക്കിയെടുക്കുന്ന ഫലമറിയാന്‍ വായനക്കാരും കേള്‍വിക്കാരും കാഴ്ചക്കാരും കാത്തുനിന്നു. നാളെയുടെ ഗര്‍ഭത്തിലേക്കായി എല്ലാവരുടേയും ഉറ്റുനോട്ടം.
ഡല്‍ഹിയില്‍ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ സീനിയര്‍ എഡിറ്റര്‍ ആയിരുന്ന ഞാന്‍ പ്രവചനത്തിന്റെ ഏകോപനത്തിന്റെ ചുമതല ഏറ്റു. സര്‍വേ നടത്തുന്നവര്‍ തരുന്ന കണക്കുകള്‍ കഥയുടെ രൂപത്തില്‍ ആക്കി എടുക്കുന്നതും എന്റെ ചുമതലയായിരുന്നു. ഒരു ഭാസ്കരറാവുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം. അതിന്റെ കണക്കെടുപ്പുകാരന്‍ ഒരു നരസിംഹറാവു(എന്റെ പൊന്നേ, പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവുമായി ഇദ്ദേഹത്തെ തെറ്റിദ്ധരിക്കരുതേ!).
വിശേഷിച്ചൊരു രാഷ്ട്രീയവും നരസിംഹറാവുവിന് ഉണ്ടായിരുന്നില്ല. പ്രവചനരംഗത്തേക്ക് കാല്‍ കുത്തിയതേ ഉണ്ടായിരുന്നുള്ളു. കണ്ടാലും കേട്ടാലും സാധു. മിടുക്കന്‍. പക്ഷേ ആര്‍ പ്രവചനത്തിനു നിയോഗിക്കുന്നുവോ, ആ ആള്‍ എന്താണ് പ്രവചിച്ചുകേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് ഊഹിച്ചെടുത്ത് പ്രവര്‍ത്തിക്കാനുള്ള ബിസിനസ് ബോധം അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നുവോ എന്ന് സംശയം. ആ ബോധവും സത്യസന്ധതയും തമ്മില്‍ ഉരസിയാല്‍ അദ്ദേഹം എന്തു സ്വീകരിക്കുമായിരുന്നുവെന്ന് കാലത്തിന്റെ ഇത്ര അകലത്തില്‍ പറയാനാവുന്നില്ല.
ഏതായാലും ഒരു ദിവസം നരസിംഹറാവു അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകളുമായെത്തി. അക്കങ്ങളുടെ പ്രളയം. കടലാസുകെട്ടുകളില്‍ ജനഹൃദയം ത്രസിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ എഡിറ്റര്‍ പ്രഭു ചാവ്ലയുടെ മുറിയില്‍ സമ്മേളിച്ചു. തന്റെ രാഷ്ട്രീയപക്ഷപാതം പരസ്യമാക്കുന്നതില്‍ സന്തോഷിച്ചിരുന്ന എഡിറ്റര്‍ ആയിരുന്നു പ്രഭു. ഭാരതീയ ജനത പാര്‍ടി ജയിച്ചുകാണാന്‍ എന്തെല്ലാം ചെയ്യാമോ, അതെല്ലാം ചെയ്യാനുള്ള അഭിനിവേശം അദ്ദേഹം പ്രകടിപ്പിക്കുകയും, മറ്റുള്ളവരില്‍ ഉളവാക്കാന്‍ ഉദ്യമിക്കുകയും, ചെയ്തു. നമ്മുടെ പാവം നരസിംഹറാവുവിന് ആ സ്ഥിതിവിവരം പിടികിട്ടിയിരുന്നില്ല എന്നു തോന്നുന്നു.
റാവുവിന്റെ കണക്കുകള്‍ ബിജെപിയെ തുണക്കുക്ക്ന്നതായിരുന്നില്ല. എവിടെവിടെ അത് ബിജെപിയെ താഴ്ത്തിക്കെട്ടിയോ, അവിടവിടെ പ്രഭു ഇടപെട്ടു. തെലുങ്കന്‍ റാവുവിന്റെ കണക്കും നിഗമനവും എന്തായാലും, ഉത്തരപ്രദേശിലെ ബിജെപിയെയും ജനപക്ഷത്തേയും പറ്റി തനിക്കറിയാവുന്നതിനു വിരുദ്ധമായ ഒന്നും ശരിയാവില്ലെന്ന് പ്രഭു, എന്താണ് വേണ്ടതെന്ന് ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ പറഞ്ഞു. റാവുവിന്റെ അക്കങ്ങള്‍ വെട്ടിയും തിരുത്തിയും ബിജെപിയെ ജയിപ്പിക്കുന്ന മട്ടിലാക്കിയെടുത്തു. തന്റെ നിഗമനം മാറിമറയുന്നതുനോക്കി റവു അല്‍ഭുതം കൂറിയിരുന്നു. താന്‍ പിടിച്ച മുയലിന് കൊമ്പില്ലെന്നു പറയാന്‍ റാവു ധൈര്യപ്പെട്ടില്ല. ബിസിനസിന്റെ സ്ഥിതിവിവരക്കണക്ക് അദ്ദേഹത്തിന് നന്നായറിയാമായിരുന്നതുകൊണ്ടോ, അതോ ചുമ്മാ മുട്ടിടിച്ചിരുന്നതുകൊണ്ടോ എന്നറിയില്ല.
ഫലം വന്നപ്പോള്‍ റാവു ഉള്‍പ്പടെ എല്ലാവരും അന്തിച്ചുപോയി. അദ്ദേഹം ആദ്യം എഴുതിയുണ്ടാക്കിയ കണക്കുകള്‍ പിന്നീട് ഉരുത്തിരിഞ്ഞുവന്ന സത്യത്തോട് ഏതാണ്ട് അടുത്തുനിന്നിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചുതന്നെ അതൊക്കെ മാറ്റിയെഴുതപ്പെട്ടില്ലേ? വാസ്തവത്തില്‍ പ്രഭു കൊടുത്ത കണക്കുകള്‍, ബിജെപിയും വിശ്വസിക്കാന്‍ ആഗ്രഹിച്ച കണക്കുകള്‍ ആയിരുന്നെന്ന് ഫലം പ്രഖ്യാപിക്കുന്ന നേരത്ത് അഡ്വാനിയുടെ ആപ്പീസില്‍ ചെന്നപ്പോള്‍ മനസ്സിലായി.
ആ സമയം ബിജെപി തോല്‍ക്കുന്നതിന്റെ കണക്കുകള്‍ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരുന്നു. ബിജെപി ജയിക്കുമെന്ന കണക്കുകള്‍ സംസ്ഥാനനേതാക്കളും, ചില ദേശീയനേതാക്കളും, അഡ്വാനിയുടെ മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടുമിരുന്നു. ഒടുവില്‍ അഡ്വാനി പറഞ്ഞു: ഇവര്‍, ലാല്‍ജി ടണ്ടന്‍, കളരാജ് മിശ്ര എന്നിവര്‍, പറയുന്നതുകേട്ടാല്‍, ആകെ ഉള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നമ്മുടെ പാര്‍ടി ജയിക്കുമല്ലോ. അത്രയും പറഞ്ഞുതീര്‍ന്നതും ബിജെപി അധികാരത്തിലെത്തില്ലെന്ന വാര്‍ത്ത വന്നതും ഒരുമിച്ചായിരുന്നു. പ്രഭുവും ഞാനും, ബിജെപിയെപ്പോലെ, കണക്കുതെറ്റിയതിന്റെ കാരണം കണ്ടുപിടിക്കുന്ന തിരക്കിലായി.
ഇത്തരം അമളിയൊന്നും ആരും ഓര്‍ക്കാറില്ല. അതും പ്രവചനത്തിന്റെ ഒരു സ്വഭാവമാകുന്നു. ശരിയായിപ്പോകുന്ന പ്രവചനങ്ങളേ പ്രവാചകരും ശ്രോതാക്കളും ഓര്‍ത്തിരിക്കുകയുള്ളു. തെറ്റിപ്പോയതെല്ലാം മറവിയുടെ കുപ്പയില്‍ തട്ടിയിരിക്കും. ഞാന്‍ അന്നേ പറഞ്ഞില്ലേ എന്നു ചോദിക്കുന്നവരെ നാം നമ്മിലും നമുക്കുചുറ്റും സദാ സമയം കാണുന്നു. എനിക്ക് അന്ന് അങ്ങനെ പറയാന്‍ പറ്റിയില്ലല്ലോ എന്നു പരിതപിക്കുന്നത് പ്രവചനത്തിന്റെ വഴിയല്ല.
പ്രവചനം പ്രചാരണമാകുന്നു, അതുകൊണ്ട് അത് തടയണം എന്നൊരു തീവ്രവാദം ചിലര്‍ ഉന്നയിക്കുന്നതു കേള്‍ക്കാം. അല്പമൊക്കെ അവിടവിടെ പ്രവചനംകൊണ്ട് ജനാഭിപ്രായത്തില്‍ മാറ്റമുണ്ടായേക്കാം. പക്ഷേ അതുകൊണ്ട് തിരഞ്ഞെടുപ്പാകെ മലീമസമോ വികൃതമോ ആകുമോ? പ്രവചനത്തിലുള്ള അമിതമായ വിശ്വാസംകൊണ്ടും ജനസാമാന്യത്തിന്റെ അഭിപ്രായരൂപികരണശേഷിയില്‍ വിശ്വാസമില്ലാത്തതുകൊണ്ടും രൂപപ്പെടുന്നതാണ് ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന ഈ ചിന്താഗതി.
തെറ്റാവാം. പ്രചരണമാവാം. മുച്ചീട്ടുകളിയാവാം. ആവട്ടെ. അതിലും ഒരു രസമൊക്കെയില്ലേ? വരാന്‍ പോകുന്ന കാര്യം നേരത്തെ പറയാന്‍ നോക്കി, ശരിയും തെറ്റും വരുത്തി, മണ്ടന്മാരായും മഹര്‍ഷികളായും ആളുകള്‍ ഇളകിയാടുന്നത് നോക്കിനില്‍ക്കുക. അതാണ് അപ്രമാദമായ പ്രവചനം എന്നു കരുതാതിര്‍ക്കുക. എന്നാല്‍ എല്ലാം ഭദ്രം. എന്തായാലും നാളെയിലേക്കുള്ള ആ ഉറ്റുനോട്ടം ഒഴിവാക്കാനാവില്ല. അത് എന്നും നടന്നുകൊണ്ടേയിരിക്കും. നേരത്തേ പറഞ്ഞുവെച്ചതുതന്നെ പ്രമാണം: പ്രകൃതിം യാന്തി ഭൂതാനി.
(തേജസ് ദിനപത്രത്തില്‍ മാര്‍ച് പതിമൂന്നിന് പ്രസിദ്ധീകരിച്ചത്)
1 comment:
ഈ പ്രാവശ്യം പ്രവചനങ്ങള്‍ ഉണ്ടാകില്ല എന്ന് തോന്നുന്നു . ഉണ്ടായാല്‍ തന്നെ ആര്‍ക്കു താല്പര്യം .
Post a Comment