ഫെര്‍ണാണ്ടോ പെസൊവയെ ആദ്യം കണ്ടുമുട്ടിയത് ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയിലെ സംഭാഷണശകലത്തിലല്ല. പെസൊവ ചിത്രീകരിക്കുന്ന ബഹുവ്യക്തിത്വം, സിഡ്നി ഷെല്‍ഡന്റെ നോവലിലും, പറയെടുപ്പിന് വെളിച്ചപ്പാടും കൂട്ടരും എത്തുമ്പോള്‍ ‘അമ്മ’ ആവേശിക്കുന്ന അയല്‍വാസിയിലും, ആനിയുമായി നടത്തിയ വര്‍ത്തമാനങ്ങളിലും നിറഞ്ഞുനിന്നിരുന്നതോര്‍ക്കുന്നു. അവര്‍ക്കെല്ലാം ഒരുതരം രോഗമായിരുന്നു: പല ആളുകള്‍ ഒരാളില്‍ത്തന്നെ ഒളിഞ്ഞുകിടക്കുകയും, ഇടക്കിടെ ഒറ്റക്കും കൂട്ടായും തല പൊക്കുകയും ചെയ്യുന്ന മാനസികരോഗം. പെസൊവ അതിന് അതികാല്പനികഭാവം നല്‍കിയെന്നു മാത്രം. പല പേരുകളില്‍, പല ഭാവങ്ങളില്‍, അദ്ദേഹം എഴുതി--ഓരോ പേരിന്റെ പിറകിലുമുള്ള എഴുത്തുകാരന് ഓരോ സ്വത്വം കല്പിച്ചുകൊടുത്തുകൊണ്ട്. അങ്ങനെ, പെസൊവ എന്ന ഒരാള്‍ പല ആളുകളായി. അങ്ങനെ, പല ആളുകള്‍ ആനിയില്‍ ഒളിഞ്ഞുകിടന്നിരുന്നുവൊ?
മനോരോഗമുള്ളവരെ ചികിത്സിക്കാന്‍ ബിരുദാനന്തരബിരുദം നേടിയ ആളായിരുന്നു ചെറുപ്പക്കാരിയായ, ഒതുങ്ങിയ ശരീരമുള്ള ആനി. ചികിത്സയും അധ്യാപനവുമയി അവര്‍ ജീവിതം തുടങ്ങി; രോഗവും മരണത്തിലേക്കുള്ള അലക്ഷ്യമായ, വിഹ്വലമായ, യാത്രയുമായി ഒടുങ്ങി. അതിനിടെ മനോരോഗികളോട് ചെയ്യുന്ന അന്യായത്തിനെതിരെ ഒട്ടിട പടവെട്ടി. അതിനെന്റെ കൂട്ടുപിടിച്ചു. കൂട്ടുകെട്ടിന്റെ അവസാനം ആ മനോരോഗചികിത്സകയെ ഞാന്‍ വേറൊരു മനോരോഗചികിത്സകന്റെ ചികിത്സക്ക് വിധേയയാക്കാന്‍ നിര്‍ബ്ബന്ധിതനാകുകയായിരുന്നു.
ഞങ്ങള്‍ പരിചയപ്പെടുമ്പോള്‍ ആനി പേരില്ലാത്ത ഒരു സ്വരം മാത്രമായിരുന്നു. അവര്‍ ജോലി ചെയ്തിരുന്ന മാനസികാസ്പത്രിയിലെ കൊള്ളരുതായ്മകള്‍ പുറത്തുകൊണ്ടുവരാനുള്ള വെപ്രാളത്തിലായിരുന്നു ആ ഫോണ്‍ വിളി. വിളിക്കുന്ന ആളെ വിശ്വസിക്കാമോ എന്ന സംശയം, പേര് പുറത്തറിഞ്ഞാല്‍ തല പോകാമെന്ന പേടി, നാലാളറിയേണ്ട കാര്യം ഒളിച്ചുവെക്കാനുള്ള മടി--അതൊക്കെയായിരുന്നു ആദ്യത്തെ വിളിയില്‍ ആനി. കുറേ ദിവസം കഴിഞ്ഞേ കണ്ടുമുട്ടിയുള്ളു. കണ്ടുമുട്ടിയത് പൊക്കം കുറഞ്ഞ, കഴുത്തിനു കീഴെവരെയെത്തുന്ന മുടിയുള്ള ഒരു കൃശഗാത്രിയെയായിരുന്നു. ഇടത്തേ കണ്ണിന്റെ ഇമകളെ നിയന്ത്രിക്കുന്ന ഏതോ ഞരമ്പി്ന് കേടുള്ളതുപോലെ തോന്നി. ഉദ്ദേശിക്കാതെത്തന്നെ ഇടക്കിടെ ഇമ വെട്ടിക്കൊണ്ടിരുന്നു, ചിരിയോ തെറ്റിദ്ധാരണയോ ഉയര്‍ത്താവുന്ന മട്ടില്‍.
ആനിക്ക് എന്നില്‍ വിശ്വാസം വരാനുള്ള കാരണം അവര്‍ തന്നതിനേക്കാളേറെ വിവരം ചേര്‍ത്തുകൊണ്ട് ഞാന്‍ ഒരു കഥ എഴുതിയതായിരുന്നു. അവര്‍ ചൂണ്ടിക്കാണിച്ച കൊള്ളരുതായ്മകളെപ്പറ്റി തുറന്നു സംസാരിക്കാന്‍ അതിനിടെ ഒരു ആളെ കിട്ടി. ആയിടെ
ലണ്ടനില്‍നിന്ന് മനോരോഗചികിത്സയില്‍ ബിരുദാനന്തരബിരുദവുമായി എത്തിയ രവീന്ദ്രന്‍ നായര്‍ക്ക് ഊളമ്പാറയിലെ ചികിത്സാസംസ്കാരവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ആസ്പത്രിപരിസരം വൃത്തിയായിരിക്കണം, രോഗികള്‍ക്ക് മരുന്നുപോലെത്തന്നെ വസ്ത്രവും വിസര്‍ജ്ജനസൌകര്യവും കൊടുക്കണം, രണ്ടോ മൂന്നോ ആഴ്ചത്തെ ചികിത്സ കഴിഞ്ഞാല്‍ അവരെ വീട്ടിലേക്കു തിരിച്ചയക്കണം, സമൂഹവുമായി ഇടപഴകാന്‍ അവര്‍ക്ക് അവസരം നല്‍കണം എന്നൊക്കെ ആര്‍ക്കും എതിര്‍ക്കാന്‍ വയ്യാത്ത ആദര്‍ശങ്ങളുമായായിരുന്നു രവീന്ദ്രന്‍ നായരുടെ വരവ്.
എസ് ശാന്തകുമാര്‍ ഊളമ്പാറയിലെ ആസ്ഥാനചികിത്സകനായിരുന്ന കാലം. ആസ്പത്രിയെ അഭയകേന്ദ്രം എന്ന അര്‍ഥം വരുന്ന, പക്ഷേ അതിനേക്കാള്‍ ഭയജനകമായ, അസൈലം എന്ന സ്ഥാപനമായി കണ്ടിരുന്ന കാലം. അഭയം രോഗികള്‍ക്കോ അവരെ അവിടെ എത്തിക്കുന്നവര്‍ക്കോ എന്നൊരു ചോദ്യം പ്രസക്തമായിരുന്നില്ല. രോഗിയെ അകലെ കാണുമ്പോഴേക്കും ഡോക്റ്റര്‍ മരുന്ന് എഴുതിക്കഴിയുമായിരുന്നു. രോഗിയെ വിശദമായി പരിശോധിച്ചിട്ടയാലും നിശ്ചയിക്കുന്നത് അതേ മരുന്നായിരിക്കുമെന്നത് വേറെ കാര്യം. അങ്ങനെയിരിക്കേ, തിരുവനന്തപുരത്തെ മനോരോഗികള്‍ക്ക് മനുഷ്യോചിതമായ രീതിയില്‍ ജീവിക്കാന്‍ കഴിയുന്നില്ല എന്ന വിചാരത്തിന് മദര്‍ തെരേസ ശബ്ദം കൊടുത്തു. അതോടെ എല്ലാവര്‍ക്കും ഭ്രാന്തില്‍ താല്പര്യമായി. ശാന്തകുമാറിനുപകരം വേറൊരാള്‍ മേധാവിയായി. എന്‍ പ്രഭാകരന്‍. ആള്‍ മാറിയാല്‍ അന്തരീക്ഷം മാറുമെന്ന് ധരിച്ചവര്‍ക്ക് തെറ്റി. ആ തെറ്റു തിരുത്താനുള്ള സമരത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആനി അവിടെ എത്തിയതും ഒട്ടൊക്കെ സംഭ്രാന്തമായി ഇടപെട്ടതും.
ആനിയും രവീന്ദ്രന്‍ നായരും വഴി ആര്‍ ഡി ലെയ്ങിനേയും തോമസ് സാസിനേയും പരിചയപ്പെടാന്‍ ഇടയായി. താളം തെറ്റുന്നുവെന്നു തോന്നുന്ന മനസ്സിന് അതിന്റേതായ താളമുണ്ടെന്നും അതിനെ മാറ്റിയെടുക്കാന്‍ നോക്കേണ്ടതില്ലെന്നും വാദിക്കുന്ന ലെയ്ങ്. മനോരോഗം എന്നൊന്നില്ലെന്ന് സ്ഥാപിക്കും മട്ടില്‍ The Myth of Mental Illness എന്ന പുസ്തകമെഴുതിയ സാസ്. ആത്മഹത്യ ചെയ്യാന്‍ ഒരുമ്പെട്ടുനില്‍ക്കുന്ന നീത്ഷെയെ പ്രധാനകഥാപാത്രമാക്കി രചിച്ച നോവലില്‍, രോഗിയും ഡോക്റ്ററും പരസ്പരം ചികിത്സിക്കുന്ന രംഗം അവതരിപ്പിച്ച ഇര്‍വിന്‍ യാലം എന്ന പ്രൊഫസറെ പരിചയപ്പെട്ടത് പിന്നീടായിരുന്നു. മനോരോഗചികിത്സയെപ്പറ്റിയുള്ള സങ്കല്പം ആ വഴിക്കു നീങ്ങുമ്പോള്‍, സാക്ഷരകേരളം രോഗികളെ നിയമവിരുദ്ധമായി തടവിലിടുന്നതിനെതിരെ ആനി കത്തിക്കേറി. എന്റെ കോപ്പിയില്‍ കലി ഇളകി. രോഗിയെ തടവുപുള്ളിയാക്കുന്നുവെന്ന് ആനിയും ഞാനും കരുതിയ പ്രഭാകരനെ വേട്ടയാടുമ്പോള്‍ വാകുകളില്‍ വിഷം ചിന്തി.
ചങ്ങലയും തടവറയും എല്ലായിടത്തും ഓരോരോ ഘട്ടത്തില്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ ആദ്യത്തെ മാനസികാസ്പത്രിയുടെ രൂപം തയ്യാറാക്കി പ്രദര്‍ശനത്തിനു വെച്ചിരുന്നതു കണ്ടപ്പോള്‍, യൂടിക ക്രിബ് എന്നു പേരിട്ടിരുന്ന പേടകത്തില്‍ ശ്രദ്ധ പതിഞ്ഞതോര്‍ക്കുന്നു. സുഷിരങ്ങളുള്ള മൂടിയോടുകൂടിയ, ദീര്‍ഘചതുരാകൃതിയില്‍ ശവമഞ്ചം പോലിരിക്കുന്ന ഒന്നാണ് യൂടിക ക്രിബ്. ഒരു വ്യത്യാസമേ ഉള്ളു. ശവത്തെ വിശ്വസിക്കാവുന്നതുകൊണ്ടാകാം, ശവപ്പെട്ടിയില്‍ ചങ്ങല ഇല്ല. യൂടിക ക്രിബില്‍ കിടത്തുന്ന ആളെ കെട്ടിയിടാന്‍ ഒരു ചങ്ങലയും ഉണ്ടായിരിക്കും. അതില്‍ കുറച്ചിട കിടന്നപ്പോള്‍ ഒട്ടൊക്കെ സ്വൈരം തോന്നിയെന്ന് രേഖപ്പെടുത്തിയ ഒരു രോഗിയുടെ സാക്ഷ്യപത്രവും പ്രദര്‍ശനത്തിനുണ്ടായിരുനു. ഏതായാലും അത്തരമൊരു തൊട്ടില്‍ ഊളമ്പാറയില്‍ ഉണ്ടായിരുന്നതായി ആനിക്കു മുമ്പോ പിമ്പോ ആരും പറഞ്ഞുകേട്ടിട്ടില്ല.
അവിടത്തെ പ്രശ്നം അഴുക്കും അലസതയും അവഗണനയും ആയിരുന്നു. അവിടെ എത്തുന്നവരെ പുറത്തുവിടാതിരിക്കാന്‍ ബന്ധുക്കളും ഡോക്റ്റര്‍മാരും ഒത്തുപിടിക്കുന്നതായിരുന്നു പ്രശ്നം. ഒരു ദിവസം ആനി അതിനു തെളിവുമായെത്തി: കെ ജി സരസമ്മയുടെ കേസ് ഷീറ്റ്. അപസ്മാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മനോരോഗം ചികിത്സിക്കാന്‍ എത്തിച്ചതായിരുന്നു സരസമ്മയെ. ഒന്നര മാസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ ഒരു ഡോക്റ്റര്‍ പറഞ്ഞു, “ഭേദപ്പെട്ടു, ഇനി വീട്ടില്‍ കൊണ്ടുപൊകാം.” വീട്ടില്‍ കൊണ്ടുപോകാന്‍ വീട്ടുകാര്‍ക്ക് തല്പര്യമുണ്ടായിരുന്നില്ല. വീട്ടിലെത്തിയാല്‍ വീണ്ടും ബഹളം തുടങ്ങുമെന്നായിരുന്നു അവരുടെ പേടി. അതുകൊണ്ട് “കുറേ നാള്‍ കൂടി അകത്തുകിടക്കട്ടെ” എന്ന അവരുടെ അഭ്യര്‍ഥന ആസ്പത്രി മേധാവി ശരി വെച്ചു. ആ കുറിമാനമായിരുന്നു ഊളമ്പാറയിലെ പ്രാകൃതമായ ചികിത്സക്രമത്തിനും അഴിമതിക്കുമെതിരെ ആനി സാഹസികമായി കണ്ടെടുത്തുതന്ന തുരുപ്പും തെളിവും.
സരസമ്മയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിന് ഒരു സാര്‍വലൌകികമാനമുണ്ടെന്നു തോന്നി ആ ദിവസങ്ങളില്‍. സാസിന്റെ കാല്പനികമനശ്ശാസ്ത്രവും, പേര് പറയാതെ ആനിയുടേയുടേയും വേറെ ചില ഡോക്റ്റര്‍മാരുടേയും ചിന്തകളും, മനുഷ്യാവകാശത്തിന്റെ മൌലികതയും നിരത്തിക്കൊണ്ടായിരുന്നു സമരം. ആസ്പത്രിയില്‍നിന്ന് ഇറങ്ങുന്ന രോഗി വീട്ടില്‍ വക്കാണം ഉണ്ടാക്കുമ്പോള്‍ ആര്‍ എന്തു ചെയ്യണമെന്ന് അന്നേരം ആലോചിച്ചില്ല. വീട്ടില്‍ പൊറുപ്പിക്കാന്‍ വയ്യാത്ത, ആസ്പത്രിയില്‍ കിടത്തണമെന്നില്ലാത്ത രോഗികളെ പാര്‍പ്പിക്കാന്‍ ഇടമില്ലാത്തതിനെപ്പറ്റി ആലോചിച്ചില്ല. രണ്ടു ഡോക്റ്റര്‍മാര്‍ തമ്മില്‍ രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും തര്‍ക്കമുണ്ടാകുമ്പോള്‍, ഏകപക്ഷീയമായി അവസാനതീരുമാനം എടുക്കാന്‍ ബാധ്യസ്ഥനാവുന്ന മേധാവിയുടെ മാനസികസംഘര്‍ഷത്തെപ്പറ്റിയും അപ്പോഴത്തെ സ്വാതന്ത്ര്യസമരത്തിനിടെ ആലോചിക്കുകയുണ്ടായില്ല. ആസ്പത്രിയില്‍ ചികിത്സിക്കേണ്ടതില്ലെന്ന് ഒരു ഡോക്റ്റര്‍ നിശ്ചയിച്ച സരസമ്മയുടെ സ്വാതന്ത്ര്യമായിരുന്നു ആ ഘട്ടത്തിലെ ഏകലക്ഷ്യം. സ്വതന്ത്രയാകുന്ന സരസമ്മക്ക് വീട്ടില്‍ കിട്ടാവുന്ന സ്വാഗതവും, നാട്ടില്‍ കിട്ടേണ്ട സൌകര്യവും എന്താണെന്ന് നിഷ്കര്‍ഷിക്കാനുള്ള ചുമതല സമരകുതുകിയായ മാധ്യമപ്രവര്‍ത്തകന് ഉണ്ടായെന്നുവരില്ല. അപ്പോഴത്തെ വീറിന്റെ നിറവില്‍ അത്തരം ചിന്തയൊന്നും ആനിയുടെ തലയിലൂടെയും ഓടിയില്ലെന്നു തോന്നുന്നു.
കാലക്രമത്തില്‍ ഊളമ്പാറയിലേക്കും കുതിരവട്ടത്തേക്കുമൊക്കെ കുറേ കാറ്റും വെളിച്ചവും കേറി. പുതിയ മരുന്നുകള്‍ കുറേ വിപണിയിലിറങ്ങി, അവയുടെ ഫലസാധ്യതയെപ്പറ്റി വാദം തുടങ്ങി. പ്രാകൃതമായ ചികിത്സക്രമങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു. കലശലായി ബഹളം വെക്കുന്ന രോഗിയെ ശാന്തനാക്കാന്‍, യൂടിക ക്രിബില്‍ കിടത്തുന്നതിനു പകരം, വികാരം നിയന്ത്രിക്കുന്ന ബദാം പരിപ്പുപോലുള്ള അമിഗ്ഡല എന്ന അവയവം മുറിച്ചുമാറ്റുന്ന പതിവുണ്ടായിരുന്നു ചില സ്ഥലങ്ങളില്‍. ഒരു സര്‍ജന്റെ വീണ്ടുവിചാരം കാരണം, രോഗിയെ ശാന്തന്‍ മാത്രമല്ല, ജീവഛവമാക്കുന്ന ആ ശസ്ത്രക്രിയയില്‍നിന്ന് രക്ഷപ്പെട്ട ഒരാളായിരുന്നു ‘ദര്‍പ്പണത്തിലെ മുഖങ്ങള്‍‘ എന്ന പ്രശസ്തനോവല്‍ എഴുതിയ ആസ്റ്റ്രേലിയക്കാരി ജാനെറ്റ് ഫ്രെയിം. അത്തരം ചികിത്സാവൈകൃതങ്ങളെപ്പറ്റി പുനരാലോചന ഉണ്ടായി.
അതിനിടെ സരസമ്മയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി യത്നിച്ചിരുന്ന അന്ന, അവര്‍ തന്നെ ഉന്നയിക്കാന്‍ ശ്രമിച്ച പ്രശ്നത്തിന്റെ സമൂര്‍ത്തോദാഹരണമാകുകയായിരുന്നു. ലോകം അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്ന ഒരു തോന്നല്‍. ആരുടെയെല്ലാമോ ചാരന്മാര്‍ വീട്ടിനു ചുറ്റും കറങ്ങുന്നുവെന്ന ഒരു സംശയം. കറിവെക്കാന്‍ എടുക്കുന്ന കാരറ്റില്‍ വിഷം കയറ്റിയിട്ടുണ്ടെന്ന ഒരു പേടി. അതൊക്കെ കേള്‍്‍ക്കാന്‍ ഞാനും ഭാര്യയുംമാത്രമായപ്പോള്‍, വേറെ ആരും ഇല്ലാതായപ്പോള്‍, താളം പിന്നേയും തെറ്റി. ഒരു ദിവസം ഞങ്ങള്‍ ആനിയെ നിര്‍ബ്ബന്ധിച്ച് ആസ്പത്രിയിലാക്കി. രണ്ടാഴ്ച കഴിഞ്ഞ് ആസ്പത്രി വിടുമ്പോള്‍, പഴയ പഴയ ആ ചോദ്യം വീണ്ടും ഉയര്‍ന്നു: ആരുമില്ലാത്ത ആനിയുടെ ഇരുണ്ട വീട്ടിന്റെ മൂലകളില്‍ ശങ്കയും പേടിയും നിരര്‍ഥബോധവും പത്തി വിടര്‍ത്തുന്നുണ്ടാവില്ലേ?
കൊല്ലങ്ങള്‍ കഴിഞ്ഞ് പൊതുസുഹൃത്തായ മോഹനന്‍ പറഞ്ഞറിഞ്ഞു, അവരുടെ സമരവും സംശയുവുമെല്ലാം എതോ വഴിയോരത്ത് എന്നോ ഒടുങ്ങിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെയാണെന്ന് ഉറപ്പിച്ചുപറയാമോ എന്നാണ് ഇന്നും രവീന്ദ്രന്‍ നായരുടെ ചോദ്യം. ഉണ്മയുടേയും ഇല്ലായ്മയുടേയും അതിര്‍വരമ്പുകള്‍ക്കിടയില്‍ എവിടെയോ ആനിയുടെ ഓര്‍മ്മ അലയുകയായിരിക്കും.
(ജൂണ്‍ പതിനെട്ടിന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)
1 comment:
shocking !!
Post a Comment