അജണ്ട ഉണ്ടോ? ഉണ്ടെങ്കിൽ വിശ്വാസ്യത കുറയും. ഇങ്ങനെ ഒരു മൊഴി കുഴച്ചെടുത്തത് കഴിഞ്ഞ ദിവസം ഒരു ടെലവിഷൻ ചർച്ചയിൽ പങ്കെടുത്തപ്പോഴായിരുന്നു. മാധ്യമലോകം നിയന്ത്രണരേഖ കടക്കുന്നോ എന്നായിരുന്നു ചോദ്യം. ക്ഷുഭിതനായ ഒരാൾ വിധിച്ചു: “മാധ്യമങ്ങൾ രാഷ്ട്രീയ അജണ്ടയോടെ പ്രവർത്തിക്കുന്നു.” അതൊരു നല്ല വാക്കായിരുന്നില്ല. നേരും നന്മയും നിറഞ്ഞ രാഷ്ട്രീയം കരുപ്പിടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്നായിരുന്നില്ല വിവക്ഷ. മാർക്സിസ്റ്റ് പാർട്ടിയെ വളഞ്ഞിട്ടു തല്ലുകയാണ് അവന്മാരുടെയൊക്കെ അജണ്ട എന്നായിരുന്നു പരാതി. അതല്ല. ആയിരുന്നെങ്കിൽ, വിശ്വസിക്കാൻ ആളുകൾ കുറഞ്ഞേനെ.
മാർക്സിസ്റ്റ് പാർട്ടിയെ എന്നല്ല, ആരെയും, തല്ലുന്നതോ താലോലിക്കുന്നതോ ശീലമാക്കിയാൽ, ആളുകൾ ഗൌനിക്കില്ല. കോൺഗ്രസ് പത്രത്തിൽ ഖാദിനേതാക്കളെ വാഴ്ത്തിയാൽ, ആരെങ്കിലും വിഴുങ്ങുമോ? മാർക്സിസ്റ്റ് മാധ്യമത്തിൽ അവർക്കെതിരെ തൊടുക്കുന്ന പൊളിയമ്പുകൾ എത്രകണ്ട് കൊള്ളും? സോവിയറ്റ് യൂണിയനിൽ അജണ്ടയുണ്ടായിരുന്നവയാണ് പ്രാവ്ദയും ഇസ്വെസ്റ്റിയയും. പ്രാവ്ദ എന്നാൽ വാർത്ത; ഇസ്വെസ്റ്റിയ എന്നാൽ സത്യം. പ്രാവ്ദയിൽ ഇസ്വെസ്റ്റിയയും, ഇസ്വെസ്റ്റിയയിൽ പ്രാവ്ദയും ഇല്ലെന്നായിരുന്നു വിരുദ്ധവാണി.
ഞാൻ ജോലി ചെയ്തിരുന്ന പത്രം ഒരിക്കൽ പ്രധാനമന്ത്രി നരസിംഹ റാവുവിനെ എതിർക്കുന്നത് അജണ്ടയാക്കി. മുംബെയിലെ ഒരു വക്കീൽ നട്ടുനനച്ച ഒരു റാവുവിരുദ്ധക്കഥ ഞാൻ ആദിമദ്ധ്യാന്തപ്പൊരുത്തമില്ലാത്ത വാർത്തയാക്കിയെഴുതി. ഓഹരിവീരൻ ഹർഷദ് മേത്ത റാവുവിന് ഒരു കോടി നിറച്ച സ്യൂട്കേസ് ദക്ഷിണ കൊടുത്തുവെന്ന പൊള്ളുന്ന കഥയുമായി എന്റെ എഡിറ്റർ മുംബെയിൽനിന്ന് പറന്നു വരികയായിയിരുന്നു. ഞങ്ങളുടെ അജണ്ട അറിയാവുന്നവർ നെറ്റി ചുളിച്ചു. പക്ഷേ കഥ തള്ളണോ കൊള്ളണോ എന്ന് റാവു ആദ്യം ശങ്കിച്ചു. ഏത് സത്യം? ഏത് അസത്യം? ഞാൻ ആൽബേർ കാമ്യുവിന്റെ വചനം ഓർത്തു: “സത്യം ഇല്ല. സത്യങ്ങളേ ഉള്ളു,“
‘പലരെയും പരീക്ഷിച്ചുനോക്കി; ഇനി ബി ജെ പിയെ പരീക്ഷിക്കുക‘ എന്ന മുദ്രാവാക്യം ഡൽഹിയിലെ വരേണ്യലേഖകരുടെ അജണ്ടയായിരുന്നു, തൊണ്ണൂറുകളുടെ തുടക്കത്തിൽ. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം‘ താമര പൂക്കുമ്പോലെയായിരുന്നു കഥാരചന. പക്ഷേ അജണ്ട വോട്ടർമാർക്കു പിടിച്ചില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ, ഭരിക്കാൻ വേണ്ടതിന്റെ പകുതിപോലും എണ്ണം തികയാതെ, ബി ജെ പി പിന്നെയും ഭജനത്തിനു പോയി. വേറൊരു തിരഞ്ഞെടുപ്പിൽ അജണ്ട കർക്കശമായപ്പോൾ, സർവേക്കാരന്റെ ഫലപ്രവചനം എഡിറ്റർ ഹിതകരമായി മാറ്റിയെഴുതി. ഫലം അറിഞ്ഞപ്പോൾ അജണ്ട പൊളിഞ്ഞു.
വേറൊരു ലേഖകൻ അജണ്ടക്കു ചേർന്ന നുണ കൊരുത്തതോർക്കുന്നു. ആന്റണി-കോൺഗ്രസ്സുകാർ സഖാക്കളെ മൊഴി ചൊല്ലാനിരുന്ന കാലം. അതൊഴിവാക്കി ഭരണം നിലനിർത്തുകയായിരുന്നു മാർക്സിസ്റ്റ് മാധ്യമത്തിന്റെ അജണ്ട. അത് വെണ്ടക്കയിൽ ആന്റണിയെ വിരട്ടി: ‘സി ബി ഐ കോൺഗ്രസ്സുകാരെ കൊല്ലാൻ വരുന്നു!‘ ടി കെ രാമകൃഷ്ണൻ ആ രഹസ്യം യോഗത്തിൽ പറഞ്ഞപ്പോൾ, മരണം മുന്നിൽ കണ്ടു വിരളേണ്ട ഉമ്മൻ ചാണ്ടി ഊറിചിരിച്ചത്രേ. ഗുണപാഠം: അജണ്ട വേണ്ടാ. വിശ്വാസ്യത ഞെരിഞ്ഞാൽ, വാഷിംഗ്ടൺ പോസ്റ്റ് എഡിറ്റർ ആയിരുന്ന ബെൻ ബ്രാഡ്‌ലി പറഞ്ഞപോലെ, സത്യം മാത്രമാണ് രക്ഷ.
(സെപ്റ്റംബർ 22ന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment