Thursday, November 12, 2009

സർക്കാർ പൊളി പറയും


പൊള്ളുന്ന വർത്തമാനം പൊൻതളികയിൽ വിളമ്പിക്കിട്ടുമെന്ന് ആരും മോഹിക്കേണ്ട. അങ്ങനെ കിട്ടുന്നത് വാർത്ത ആവില്ല. ആവണമെങ്കിൽ, വേട്ടയാടിപ്പിടിക്കണം, അല്ലെങ്കിൽ, ചോർത്തിയെടുക്കണം. ചോർത്തിത്തരുന്നവർ അഞ്ചാം പത്തി ആകും. പക്ഷേ അവർക്ക് സംരക്ഷണം വേണമെന്നു വാദിക്കുന്ന നാലാം എസ്‌റ്റേറ്റിന്റെ രീതി മൂന്നാം തരം തന്നെ. ‘തുക്ടിയും ഗുമസ്തനും ശിപായിയും ഒരുപോലെ വാർത്ത വിളിച്ചു പറയട്ടേ‘ എന്ന നിലപാട് ഒരു മുഖ്യനും എടുക്കില്ല--നിറമെന്തായാലും.

മാധ്യമമാർഗ്ഗത്തിൽ പഴയ മുതലാളിത്തം പിൻതുടരാൻ കൊള്ളാം. അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാൽവിൻ കൂളിഡ്ജ് ആയിരിക്കും മികച്ച മാതൃക. കൂളിഡ്ജ് വാർത്തയാകാവുന്നതൊന്നും പറഞ്ഞിരുന്നില്ല. ശ്വാസോച്ഛ്വാസം മാത്രം കേൾക്കാമായിരുന്ന ഒരു പത്രസമ്മേളനത്തിനുശേഷം പിറുപിറുത്തുകൊണ്ടു പിരിഞ്ഞുപോയ ലേഖകരെ അദ്ദേഹം തിരിച്ചു വിളിപ്പിച്ചു--ഞെട്ടിക്കുന്ന എന്തോ വെളിപ്പെടുത്താൻ. കാതും പെൻസിലിന്റെ മുനയും കൂർപ്പിച്ചു തിരിച്ചെത്തിയ മാധ്യമക്കാരോട് പ്രസിഡന്റ് പറഞ്ഞു: “നേരത്തേ പറഞ്ഞതൊന്നും രേഖയിൽ കാണില്ല.” അതായിരിക്കണം ആദ്യമായി തമസ്ക്കരിക്കപ്പെട്ട ശ്വാസോച്ഛ്വാസം.

പ്രസിഡന്റ് അങ്ങനെ ചെയ്തത് തലക്കു സുഖമില്ലാതിരുന്നതുകൊണ്ടാണെന്ന് ചിലർ പറഞ്ഞു. ആവോ? ഏതായാലും, മകന്റെ അപകടമരണത്തിനുശേഷം, തല തിരിഞ്ഞാണ് കൂളിഡ്ജ് ഒടുവിലൊടുവിൽ ഭരിച്ചിരുന്നത് എന്നത് ശരി. രസകരമായ സാധ്യതകൾ നിവർത്തുന്നതാണ് ആ ചരിത്രസത്യം. നമുക്കും തീർത്തും അപരിചിതമല്ലല്ലോ ആ സ്ഥിതി.

നമ്മുടെ പ്രബലകക്ഷി, കോൺഗ്രസ്, പത്രസമ്മേളനത്തിൽ ആവുന്നത്ര വാർത്ത കൊടുത്തുപോന്നു. ആവാത്തത് ഓരോരുത്തർ പത്രസമ്മേളനത്തിനുശേഷം അടക്കം പറഞ്ഞു. അതിനു ബദലായി വന്ന ജനത പാർട്ടി, ഒരേ സമയം വിരുദ്ധസുന്ദരമായ പത്രസമ്മേളനങ്ങൾ നടത്തി, ജനാധിപത്യം ആഘോഷിച്ചു. പട്ടാളച്ചിട്ട പാലിച്ചുപോന്ന സംഘപരിവാറും വിപ്ലവക്ലബ്ബുമാകട്ടെ, ഉൾപ്പോരിന്റെ രഹസ്യം ധനമായി സൂക്ഷിച്ചു. അവരുടെ പാരമ്പര്യത്തിൽ, സംഘചാലക്കിന്റെയും ജനറലിസ്സിമ്മോയുടെയും വചനം മാത്രം വേദവും വിധിയുമായി. അതിലെ വള്ളിയുടെ വലുപ്പവും പുള്ളിയുടെ പുളപ്പും നോക്കി, നിരീക്ഷകരും രഹസ്യാന്വേഷകരും ബുദ്ധിവ്യായാമം നടത്തി. ഇരുമ്പുമറയും കാവിക്കോട്ടയും തലയെടുത്തുനിന്നപ്പോൾ, നിരീക്ഷകർക്ക് അതേ വഴിയുണ്ടായിരുന്നുള്ളു. ഇന്ന് അങ്ങനെ അല്ല.

ഇന്ന് വെളിച്ചപ്പാടുമാർ ഏറെ. അവരുടെ താന്തോന്നിത്തം തടയാൻ, ചെങ്കോൽ കയ്യിൽ കിട്ടുന്ന ആരും പുതിയൊരു മാറ്റച്ചട്ടം ഉണ്ടാക്കാൻ ശ്രമിക്കാതിരുന്നാലേ അത്ഭുതമുള്ളു. വായിൽ തോന്നുന്നതു പാടാൻ എല്ലാ കോതമാരെയും കയറൂരി വിടാമോ? പറയാൻ കൊള്ളാത്ത കാര്യം പറയാൻ പാടില്ലാത്താവർ പറഞ്ഞാൽ ഏതെങ്കിലും മുഖ്യൻ പൊറുക്കുമോ? അധികാരത്തിന്റെ അകത്തളത്തിൽനിന്ന് വല്ല പൊട്ടും പൊടിയും ഒളിച്ചുകടത്തുന്നവർ, ദൈവമേ, അവർ ചെയ്യുന്നതിന്റെ അർത്ഥം അറിയുന്നവരാകട്ടേ!

ഒളിച്ചുകിട്ടുന്ന പൊട്ടും പൊടിയും പോലെ, ഔദ്യോഗികമായ കമ്മ്യൂണിക്കെയും, പ്രധാനഭക്ഷണമായി കാണുന്നവരും, അതു വിളമ്പിയും നിലവറയിൽ തള്ളിയും ശോഭിക്കുന്നവരും, ഓർത്തിരിക്കേണ്ട ഒരു മുതലാളിത്തവഴിയിലേക്ക് വീണ്ടും മടങ്ങാം. ബരാക് ഒബാമയുടെ യവ്വനത്തെ സ്വാധീനിച്ച ഒരു പാതിരി ഉണ്ട്, ജെറമയ റൈറ്റ്. പ്രസംഗങ്ങളിൽ അദ്ദേഹം പല്ലവി പോലെ ഒരു നിത്യസത്യം പറഞ്ഞുപോന്നു: സർക്കാർ പൊളി പറയും. Governments lie!


(നവാംബർ പതിനൊന്നിന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)


No comments: