Tuesday, February 2, 2010

വിട, വീണ്ടും വീണ്ടും വിട!

ജ്യോതി ബസു വിട പറയുകയായിരുന്നു. എല്ലാവരും അങ്ങനെയാകും; വിട പറയും. അത്രയേ ഉള്ളു. മരിക്കില്ല. മരണത്തെ മരണമെന്നു പറയരുത്. ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകൾ ഭർത്താക്കന്മാരെ പേരെടുത്തു വിളിച്ചിരുന്നില്ലല്ലോ. അതുപോലെ, മരിച്ചാൽ മരിച്ചു എന്നു പറന്നിരുന്നില്ല. ഇന്നും അത് പോരായ്മയായി കരുതപ്പെടുന്നു. മരണത്തിന് ഒരു രൂപകം വേണം, വിട പോലെ.


അന്തരിക്കുകയാണ് പതിവ്. അന്തരിക്കാത്തവർ നിര്യാതരാകും. അന്തരിക്കുന്നവർ ഉള്ളിലേക്കോ അറ്റത്തേക്കോ മറയുന്നവരോ, രൂപം മാറുന്നവരോ ആകാം. നിര്യാതർ നമുക്ക് അറിയുന്നവർ തന്നെ: മടങ്ങിപ്പോകുന്നവർ. രണ്ടു കൂട്ടരും പറയുന്നു, വിട! മരണം ഒരു യാത്രയുടെ തുടക്കമാണ് എല്ലാവർക്കും-- ഇവിടംകൊണ്ട് എല്ലാം തീരുന്നു എന്നു വിശ്വസിക്കുന്നവർക്കും ഇവിടം ഇടത്താവളം മാത്രമാണെന്നു വാദിക്കുന്നവർക്കും. പരേതാത്മാവിന് നിത്യശാന്തി നേരുന്നവല്ലേ മുഴുത്ത ഭൌതികവാദികൾ പോലും?


ആരും ഈയിടെയായി നാടുനീങ്ങുകയോ തീപ്പെടുകയോ ചെയ്യാറില്ല. ആളും തരവും നോക്കി മരണത്തിന്റെ പേരു മാറ്റിപ്പറയുന്നതു നിർത്താൻ ഞാൻ ഒരു ഇംഗ്ലിഷ് പത്രത്തിൽ ശ്രമിച്ചു നോക്കി. കാഞ്ചി ശങ്കരാചാര്യ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ വിയോഗമായിരുന്നു അവസരം. എന്റെ അമ്മക്കു ‘മരിക്കാ‘മെങ്കിൽ ആർക്കും ‘മരിക്കാ‘വുന്നതേ ഉള്ളുവെന്നും, മരണത്തെ മരണം എന്ന പൊതുവായ പേരിട്ടു വിളിക്കണമെന്നും ഞാൻ വാദിച്ചു. മരണം പ്രകൃതിശ്ശരീരിണാം എന്ന് ന്യൂസ് എഡിറ്റർ മണി ത്രിപാഠി, പണ്ഡിത്ജിയുടെ തീർച്ചയോടെ, എന്നെ പിന്താങ്ങി. അങ്ങനെ തീരുമാനിച്ച് വൈകുന്നേരത്തെ വാർത്തായോഗം പിരിഞ്ഞു. രാത്രി ചെന്നെയിലും മുംബെയിലും ആളുകൾ ഇളകിയത്രേ. രാവിലെ പത്രം നോക്കിയപ്പോൾ, ലളിതമായ മരണം വേറെ എന്തോ ആയി മാറിയിരുന്നു.


മരിക്കുന്നവർക്ക് തിരിച്ചുവരാൻ സാധ്യത വിടുന്നതാണ് വിട എന്ന സങ്കല്പം.. വഴിയിൽ വേണ്ടിവരാവുന്ന സാധനങ്ങളോടുകൂടി ശവം സംസ്ക്കരിക്കുന്ന രീതി, തുടർച്ചയുടെ, അമർത്ത്യതയിലുള്ള വിശ്വാസത്തിന്റെ, സൂചനയാകുന്നു. ടോൾസ്റ്റോയിയുടെ ഒരു കല്പന ഓർക്കട്ടെ. തമ്മിൽ പിരിയാൻ വയ്യാത്ത രണ്ടു പേർ ഒപ്പം നടക്കുന്നു. ഒരാൾ പെട്ടെന്നു മറയുന്നു. മറയുന്നയാളെ ഇനിയും കാണാനുള്ള മോഹമത്രേ പുനർജ്ജന്മത്തിലുള്ള വിശ്വാസമെന്നാണ് ടോൾസ്റ്റോയിയുടെ പക്ഷം.


വിട പറയുന്നവർ വീണ്ടും വരുമെന്ന ചിന്ത ഭംഗിയായി അവതരിപ്പിച്ചു കേട്ടു ഒരിക്കൽ രാജ്യസഭയിൽ. കുറെ അംഗങ്ങൾ പിരിഞ്ഞുപോകുന്നതായിരുന്നു സന്ദർഭം. ആറാണ്ടിനകം ഒരക്ഷരം പോലും ഉരിയാടാത്ത എം എഫ് ഹുസൈനും രവി ശങ്കറും ഉണ്ടായിരുന്നു കൂട്ടത്തിൽ. പതിവുവചനങ്ങളിൽ എല്ലാവരും മംഗളം നേർന്നു കഴിഞ്ഞപ്പോൾ, ഒരാൾ എഴുന്നേറ്റു. പല നല്ല കാര്യങ്ങളും തുടങ്ങിവെക്കുകയും പലതിനും നമ്മൾ പഴി പറയുകയും ചെയ്ത പ്രധാനമന്ത്രി നരസിംഹ റാവു. അദ്ദേഹം പറഞ്ഞു:


പൂർണ്ണവിരാമമില്ലാത്ത ജീവിതം പോലെയാണ് രാജ്യസഭ. അത് മരിക്കുന്നില്ല. സ്വയം നവീകരിച്ചുകൊണ്ടേ പോകുന്നു. ആരും അവസാനമായി വിട പറയുന്നുവെന്നു കരുതേണ്ട. പോകുന്നവരെല്ലാം തിരിച്ചുവരാൻ വേണ്ടി പോകുന്നവരാണ്. പുനരാഗമനായ. നമ്മൾ ഭാരതീയർ എങ്ങോട്ടെങ്കിലും പോകുമ്പോൾ, “പോകുന്നു“ എന്നു പറയാറില്ല. “വരട്ടേ” എന്നേ പറയൂ. ആരും വാസ്തവത്തിൽ പോകുന്നില്ല. ഒന്നും ഒരിക്കലും തീരുന്നില്ല. ഇപ്പോൾ പിരിയുന്നവരും അതു പോലെയാകും. നിത്യതയുടെ സങ്കല്പം തരുന്ന ശക്തിയോടെ അവർക്ക് മംഗളം നേരുക.


മംഗളം നേരുന്ന യാത്രാമൊഴി ഒരു തരം ആഘോഷമായി കാണാം ചിലയിടങ്ങളിൽ. പതിഞ്ഞ ഈണത്തിലുള്ള കുഴൽ‌പ്പറ്റല്ല, പെരുമ്പറ തന്നെയുണ്ടാവും വിട പറയുന്നയാൾക്ക് അകമ്പടിയായി. വടക്കേ ഇന്ത്യയിലെ വിവാഹങ്ങളിലെന്ന പോലെ, വിലാപയാത്രയിൽ പാട്ടും ആട്ടവുമുണ്ടാകും. “പോയിക്കിട്ടിയല്ലോ” എന്ന സമാധാനം ആവില്ല, പോകുന്നയാൾ തിരിച്ചുവരുമെന്ന സദ്ഭാവന തന്നെയായിരിക്കും ശവവാഹനത്തിന്റെ മുന്നിൽ അരങ്ങേറുന്ന ആനന്ദനൃത്തത്തിന്റെ സഞ്ചാരിഭാവം.


ഓരോ ശ്രാദ്ധവും ഒരു തരം തിരിച്ചുവരവാകുന്നു, കുറഞ്ഞ പക്ഷം ഓർമ്മയുടെ തിരിച്ചുവരവ്. ശ്രാവണത്തിലെ ശ്രാദ്ധത്തെ, തിരിച്ചുവരവിനെ, ഉത്സവമാക്കുന്നവരാണ് നമ്മൾ. വിട വാങ്ങിപ്പോയ, അല്ലെങ്കിൽ ആട്ടിപ്പായിച്ച, ആളെ വീണ്ടും വീണ്ടും വരവേൽക്കുക; “തലയിൽ ചവിട്ടുന്ന കാലിൽ ഈശനെക്കണ്ട ബലവദ് വിനയത്തിൻ സൌമ്യമൂർത്തി”യായി അയാളെ വാഴ്ത്തുക—അതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ. പാരമ്പര്യം. അതാകട്ടെ, പഴയ ഒരു തിരിച്ചുപോക്കിന്റെയും പ്രഖ്യാപനത്തിന്റെയും ഓർമ്മ ചുരത്തുന്നു. ചുങ്കം കൊടുക്കാൻ മറന്നുപോയ ആഥൻസിനെ ആക്രമിക്കാൻ തിരിച്ചുചെന്ന സെർക്സിസ് ചക്രവർത്തി രണ്ടായിരത്തഞ്ഞൂറു കൊല്ലം മുമ്പും കോപ്പി എഴുതി: “എന്റെ സാമ്രാജ്യം നീട്ടാൻ പോകുന്നു, ദൈവത്തിന്റെ സ്വന്തം ആകാശം വരെ.”

(മനോരമയിൽ മംഗളവാദ്യത്തിൽ ജനുവരി 26ന് വന്നത്)

No comments: