തരൂരിന്റെ കഷ്ടകാലം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സാമൂതിരിയുടെ ശല്യം സഹിക്കവയ്യാതെ തരൂർ സ്വരൂപത്തിലെ കാരണവർ ഹൈദർ അലിയുടെ സഹായം തേടിയിരുന്നു. ഡിണ്ടിഗലിൽ പാളയമടിച്ചിരുന്ന മൈസൂർ പടത്തലവൻ അതു തന്നെ തഞ്ചമെന്നു കരുതി മലയാളക്കരയിൽ കുതിര കയറി. പിന്നെ തരൂരിനെയും സാമൂതിരിയെയും ഒരുപോലെ തകർത്തു.
ശശി തരൂർ അതു പോലൊരു ക്ഷണമോ അപേക്ഷയോ സൌദി രാജാവിനു കൊടുത്തില്ല. അക്ഷരാഭ്യാസമുള്ള ആരും പറയാവുന്നതേ വിദേശകാര്യസഹമന്ത്രി പറഞ്ഞുള്ളൂ. പാകിസ്താന്റെ മേലുള്ള സ്വാധീനം ഇന്ത്യക്ക് അനുകൂലമായി ഉപയോഗപ്പേടുത്താൻ സൌദിക്ക് സൌമനസ്യമുണ്ടായാൽ, ആർക്കെങ്കിലും പുളിക്കുമോ? പുളിക്കും, അപ്പറഞ്ഞ പരന്ത്രീസൊന്നും തിരിയാത്തവർക്ക്. തിരിയുന്നവരിൽ തല തിരിഞ്ഞ ചിലർക്കും പുളിക്കും. തരൂർ എങ്ങാാനും രക്ഷപ്പെട്ടാലോ?
രാഷ്ട്രീയ ഗോദയിൽ ഇറങ്ങുമ്പോൾ തരൂരിന്റെ ദൌർബല്യം രണ്ടായിരുന്നു. ഒന്ന്, നന്നായി ഇംഗ്ലിഷ് പറയും. രണ്ട്, വേണ്ടപ്പെട്ടവർക്കെല്ലാം വേണ്ടപ്പെട്ടവനാണ്. ഒളിപ്പോരുകരെ ഇളക്കിവിടാൻ പോന്നതാണ് രണ്ടും. പുറത്തു വളർന്ന തരൂരിന് മലയാളം അറിയില്ലെന്ന പഴിയെല്ലാം പതിരായിപ്പോയി. കേന്ദ്രത്തിൽ കേരളത്തിന്റെ കേൾക്കാവുന്ന ശബ്ദവും കാണാവുന്ന രൂപവും അദ്ദേഹം ആയിപ്പോകുമോ എന്ന പേടി മാത്രം ശരിയാകുമെന്നു വന്നു. താരതമ്യേന പ്രായം ചെന്ന വിദേശമന്ത്രിയുടെ ഊർജ്ജസ്വലനായ ജൂനിയർ സഹപ്രവർത്തകൻ ലോകവേദിയിൽ സജീവസാന്നിധ്യമായപ്പോൾ , അദ്ദേഹത്തിന്റെ അമളിക്കു വേണ്ടി ഡൽഹിയിലെ നികുംഭിലകളിൽ അന്വേഷണം മുറുകുകയായിരുന്നു.
കന്നാലികളെച്ചൊല്ലിയായിരുന്നു ആദ്യത്തെ ബഹളം. അലങ്കാരവും ആംഗലവും പിടിക്കാത്തവർ വിമാനത്തിൽ കന്നാലികൾ കയറുമെന്നു വരുത്തിത്തീർത്തു. പരിശുദ്ധ പശുവെന്ന് പച്ച മലയാളത്തിലാക്കാവുന്ന ഒരു പ്രയോഗം സോണിയയെ ദുഷിക്കാനായിരുന്നുവെന്നായി വേറൊരു കണ്ടുപിടുത്തം. ഉയരാൻ മോഹിക്കുന്ന ഏതെങ്കിലും കാളിദാസനോ തരൂരോ താനിരിക്കുന്ന മരത്തിന്റെ തായ്ത്തടി വെട്ടുമോ? പശുവിനെ പരിഹസിച്ചു എന്ന് ആരും പറയാതിരുന്നതാണ് അത്ഭുതം. വിദേശകാര്യസഹമന്ത്രിക്ക് വിദേശനയം അറിയില്ലെന്നു വരുത്താനുള്ള ഏറ്റവും ഒടുവിലത്തെ യുദ്ധം റിയാധിലെ വരണ്ട വായുവിൽ ഒതുങ്ങിയതേയുള്ളൂ. ഇന്ദ്രപ്രസ്ഥത്തിലെ ഭാഷാപരമായ ഊഷരതയിൽ അതൊന്നു മുളപൊട്ടിക്കരിഞ്ഞെന്നു മാത്രം.
പഴയ ഒരു വിദേശമന്ത്രിയെപ്പറ്റി ഇങ്ങനെ പറഞ്ഞു കേട്ടിരുന്നു: വർത്തുളമായ അദ്ദേഹത്തിന്റെ ഓരോ വാക്യത്തിനും അതേ ഭാഷയിൽ വ്യാഖ്യാനം വേണം, മനുഷ്യർക്ക് മനസ്സിലാകണമെങ്കിൽ. തരൂരിന്റെ ദൌർഭാഗ്യം അദ്ദേഹത്തിന്റെ വർത്തുളതയല്ല, തല്പരനോ മന്ദനോ ആയ അനുവാചകന്റെ വക്രതയാകുന്നു. ആർക്കും വളച്ചൊടിക്കാൻ വയ്യാത്തവിധം “കാക്കേ കാക്കേ കൂടെവിടെ” മൊഴിഞ്ഞാലേ ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പറ്റൂ--തരൂരിന്റെ തലത്തിൽ നീങ്ങുന്നവർക്ക് വിശേഷിച്ചും. വിഡ്ഢികൾക്കും വിലസാറാക്കാൻ വേണ്ടിയാണ് വിനയത്തെ ഒരു ഗുണമാക്കിവെച്ചിട്ടുള്ളതെന്ന വചനം തീർത്തും ഭോഷ്ക്കല.
രാജീവ് ഗാന്ധിയുടെ ഒരു ശീലം തരൂരും പങ്കിടുന്നതായി കാണാം. തോന്നുന്നത് തുറന്നടിക്കുന്നയാളായിരുന്നു കൊല്ലപ്പെട്ട പ്രധാനമന്ത്രി. ലോകത്തെ അദ്ദേഹം മിക്കപ്പോഴും തന്റെ സ്വീകരണമുറി പോലെ കണ്ടു, ഉള്ളു തുറന്നു. അതല്ല രഷ്ട്രീയത്തിന്റെ രീതി. കപടലോകത്തെപ്പറ്റി രമണനെപ്പോലെ മോങ്ങുകയല്ല, കാപട്യത്തെ ഒരു ശൈലിയായി സംസ്ക്കരിച്ചെടുക്കുകയാണ് താനെന്ന് രാഷ്ട്രീയക്കാരൻ മേനി പറയുന്നു. തരൂർ അത് ഇനിയും വശമാക്കേണ്ടിയിരിക്കുന്നു. പിന്നെ, ശോഭിക്കാനും ജയിക്കാനും സാധ്യതയുണ്ടെന്ന് തോന്നിക്കാതിരിക്കുന്നതും ശത്രുപീഡ കുറക്കും. എല്ലാം ഒരു തരം നയവും അഭിനയവും ആണെന്ന് അറിയുന്ന ആളാവണമല്ലോ വിദേശനയം രൂപപ്പെടുത്തുന്ന മന്ത്രി.
(മനോരമയിൽ മാർച്ച് നാലിനു വന്നത്)
No comments:
Post a Comment