നേരിയ ഫലിത ഫലിതഭാവത്തോടു കൂടിയേ കേരള കോ ൺഗ്രസ്സിനെപ്പറ്റി ആരും സംസാരിക്കുകയുള്ളു.. പരമാചാര്യനായ കെ എം മാണി തന്നെ ചാർത്തിയെടുത്ത ആർജ്ജവമുള്ള ആ പഴയ മുദ്രവാക്യം ഓർക്കുക: പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാർട്ടി. പിളരുമ്പോൾ മാനഹാനിയോ ദുഖമോ, വളരുമ്പോൾ പിളരില്ല്ലെന്ന അന്ധവിശ്വാസമോ ഏശാത്തതാണ് ആ മുദ്രാവക്യത്തിൽ തുളുമ്പുന്ന രാഷ്ട്രീയമനശ്ശാസ്ത്രം.. യാഥാർഥ്യം കണ്ടും അറിഞ്ഞും കൂട്ടുകൂടുകയും പിരിയുകയും ചെയ്യുന്നതിനെ ഒരു മൂല്യമായി കണക്കാക്കുന്നതാണ് ആ ചിന്താപദ്ധതി.. എല്ലാവരും ചെയ്യുന്നതു തന്നെ. പക്ഷേ ചിലർ അതിന് താതികമായ കെട്ടുകഥകൾകൊണ്ട് മറ കൂട്ടും. കേരള കോൺഗ്രസ്സിന് മറയുടെ ആവശ്യമില്ല.
കട്ടവണ്ടി മുട്ടി ഉണ്ടായ പാർട്ട് എന്ന് പണ്ട് കെ ആർ ചുമ്മാർ പരിഹസിക്കുമായിരുന്നു.. പത്രപ്രവർത്തകനായിരിക്കുമ്പോഴും ഉള്ളിന്റെ ഉള്ളിൽ മൂന്നു നിറത്തിലുള്ള ചർക്കയോടുകൂടിയ കൊടി പാറിച്ചുനടന്നിരുന്ന ചുമ്മാറിന് കോൺഗ്രസ്സിന്റെ നടുവൊടിച്ച കേരള കോൺഗ്രസ്സിനെ അനുഭാവത്തോടെ കാണാൻ ആയിരുന്നില്ല. പക്ഷേ ചുമ്മാർ പറഞ്ഞിരുന്നത് തീർത്തും ശരിയായിരുന്നു. ആഭ്യന്തരമന്ത്രി പി ടി ചാക്കോ സഞ്ചരിച്ചിരുന്ന കാർ ഒരു കട്ടവണ്ടിയിൽ മുട്ടിയതിനെത്തുടർന്നുണ്ടായ വിവാദമായിരുന്നു കേരള കോൺഗ്രസ്സിന്റെ തുടക്കം.
ആ വിവാദത്തിൽ കോൺഗ്രസ്സിലെ ഒന്നാമനാകാമായിരുന്ന ചാക്കോവിന്റെ സ്ഥാനവും മാനവും, പിന്നെ ജീവനും, പോയി. ചാക്കോ ദ്ധീരനായിരുന്നു.. പീച്ചിക്കടുത്തു വെച്ച് തന്റെ വാഹനം ഒരു കാളവണ്ടിയിൽ ചെറുതായൊന്നു മുട്ടിയപ്പോൾ, അദ്ദേഹം തറുതല പറയുകയോ സ്വധീനം ദുരുപയോഗിക്കുകയോ ചെയ്തില്ല. അതൊക്കെ ചെയ്ത് തടി തപ്പാമായിരുന്നു.. പക്ഷേ അദ്ദേഹം പൊലിസ് സ്റ്റേഷനിൽ ഹാജരായി. ഡ്രൈവർക്കെതിരെ നടപടി എടുക്കുമെന്നേ ജില്ല കലക്ടർ പി എം അബ്രാഹം പറഞ്ഞുള്ളു. വാസ്തവത്തിൽ ഡ്രൈവർ മന്ത്രി തന്നെ ആയിരുന്നു. “ഡ്രൈവറോ“ടൊപ്പം പേർ ഇനിയും സ്ഥിരീകരിക്കപ്പെടാത്ത ഒരു സ്ത്രീയും ഉണ്ടായിരുന്നത്രേ. ഏതായാലും അതു മതിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനും ജീവിതത്തിനും ചിതയൊരുക്കാൻ.. വീണപ്പോൾ, മെതിക്കാൻ കാൽ പൊക്കി നിൽക്കുകയായിരുന്നു ഖദർ അണിഞ്ഞ കോൺഗ്രസ്സുകാർ,.
വയനാട്ടിലെ ഒരു വില്ലേജ് ആപ്പീസ്സിന്റെ വരാന്തയിൽ ഒരു ബെഞ്ചിൽ കിടന്നു മരിച്ച ചാക്കോവിന്റെ കരുത്തും അദ്ദേഹത്തോടു കാണിച്ച ക്രൂരതക്ക് പകരം ചോദിക്കണമെന്ന വാശിയുമായി പിറന്ന കേരള കോൺഗ്രസ്സിന് കൃഷിയുടെയും കുടിയേറ്റത്തിന്റെയും ക്രൈസ്തവവിശ്വാസത്തിന്റെയും അടിത്തറ ഉണ്ടായിരുന്നു. കേരളത്തിൽ കോൺഗ്രസ്സിന്റെ ആധിപത്യം സ്ഥിരമായി ഉലക്കാൻ അതായിരുന്നു കാരണം. കോൺഗ്രസ്സുമായി ആശയപരമായി വലിയ വ്യത്യാസമൊന്നുമില്ലാത്ത ഓരോരോ കക്ഷികൾ ഇന്ത്യയിൽ പലയിടത്തും കോൺഗ്രസ്സിന്റെ അധികാരക്കുത്തക തകർത്തതുപോലെ, കേരളത്തിൽ കേരള കോൺഗ്രസ് ആ ചരിത്രദൌത്യം നിർവഹിച്ചു.
ഇന്ന മുന്നണിയിലേ നില ഉറപ്പിക്കൂ എന്ന കടും പിടുത്തമൊന്നുമില്ല. തക്ക സമയത്ത് നിൽക്കുന്ന ഇടം കുഴിക്കാൻ മടിയില്ല. എപ്പോൾ പിളരുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.. പിളർന്നാൽ, ഓരോരോ പേരിൽ, ആനയും കുതിരയും ഒട്ടകവും മയിലുമൊക്കെ ചിഹ്നമായി, പുതിയ പാർട്ടികൾ ഉണ്ടാകുകയായി.. അവസരം വന്നാൽ, പിളർന്നവർ ജരാസന്ധന്റെ അവയവങ്ങൾ പോലെ, ഒത്തുചേരും.. പക്ഷേ ജരാസന്ധനെന്ന ഖലനായകനു കല്പിച്ചുകൊടുത്തിരിക്കുന്ന വിപരീതഗുണങ്ങളെല്ലാം കേരള കോൺഗ്രസ്സിനും ചാർത്തണം എന്ന് ഇവിടെ വിവക്ഷയില്ല. വീണ്ടും അവസരം വന്നാൽ അവർ വീണ്ടും വീണ്ടും പിളരും. ഒരു നിശ്ചിത ദിവസം എത്ര കേരള കോൺഗ്രസ്സുകൾ നിലവിലുണ്ടെന്ന് ഉറപ്പിക്കാവുന്ന രാഷ്ട്രീയ കാനേഷുമാരി ഉണ്ടാകാൻ സാധ്യത ഇല്ല എന്ന് ചുരുക്കി പറയാം.
എപ്പോഴാണ് , എന്തിന്റെ പേരിലാണ് കേരള കോൺഗ്രസ്സുകൾ പൊട്ടിത്തെറിക്കുക എന്നു പറയാൻ വയ്യ. ചിലപ്പോൾ ഒരു സീറ്റിന്റെ പേരിലാകും. ചിലപ്പോൾ ഒരു പള്ളിയുടെ പേരിലാകും. ചിലപ്പോൾ കേന്ദ്രത്തോടുള്ള സമരത്തിന്റെ പേരിലാകും. ചിലപ്പോൾ ഒന്നിന്റെയും പേരിലാവില്ല. ഇടക്കിടക്ക് അതങ്ങനെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും.. സഖ്യകക്ഷികൾ, പ്രധാനമായും കോൺഗ്രസ്, അല്പം അന്ധാളിപ്പോടെയും അനല്പമായ തമാശയോടെയും , നോക്കിനിന്നു ചിരിക്കും. പിന്നെ, നനഞ്ഞ പടക്കം പോലെ, പൊട്ടിത്തെറി നിലക്കുമ്പോൾ, എല്ലാം ശുഭം.
ഒരിക്കൽ പി ജെ ജോസഫിന്റെ പൊട്ടിത്തെറി കെ കരുണാകരന്റെ രാജി വരെ എത്തിയതാണ്.. പല തവണ ജോസഫ്, “ഇപ്പോൾ പൊട്ടും, ഇപ്പോൾ പൊട്ടും,“ എന്ന മട്ടിൽ നിന്നിരുന്നു. ഒരിക്കൽ പൊട്ടുമെന്നു തന്നെ വിശ്വസിച്ചു, വിശ്വം മുഴുവൻ. പക്ഷേ, ഒടുവിൽ, അടിക്കാൻ പറ്റാത്ത ഗോളിന്റെ നിശ്വാസത്തോടെ ജോസഫ് ശോകഗാനം പാടി. ഗവർണ്ണർക്കു സമർപ്പിക്കേണ്ടിവരാതിരുന്ന രാജി എഴുതിയ രാത്രി, കരുണാകരൻ പഴയ തുരുപ്പുശീട്ടുതന്നെ വീണ്ടും കളിച്ചു. അത്തവണ തുരുപ്പിറക്കാൻ കിട്ടില്ലെന്ന് കരുണാകരൻ പോലും ഉറപ്പിച്ച രാത്രി തുരുപ്പു ഗുലാന്റെ രൂപത്തിൽ ടി എം ജേക്കബ് വീണ്ടും അവതരിച്ചു. മന്ത്രിസഭയെ വീഴ്ത്താൻ വട്ടം കൂട്ടിയിരുന്ന ജോസഫ് തലേന്നു രാത്രി ഒരു ഇല പോലും അനങ്ങിയില്ലെന്ന ഭാവത്തിൽ, രാവിലെ സർക്കാരിനെ ശ്ലാഘിക്കാൻ നിയമസഭയിൽ പാട്ടും പാടി വന്നു. ജേക്കബ് ചിരിച്ചതേ ഇല്ല.
അതിലൊക്കെ ഒരു കേരള കോൺഗ്രസ്സീയത കാണാം.. കെ എം ജോർജ്ജിനെ വെട്ടി മാണി വന്നു. മാണിയെയും ജോർജ്ജിനെ വെട്ടിലാക്കാൻ നാരായണക്കുറുപ്പു വന്നു. ആർ ബാലകൃഷ്ണ പിള്ള, ഇന്നെന്ന പോലെ അന്നും, പ്രദക്ഷിണ വഴിയിൽ എവിടെയോ ഇടം വലം കറങ്ങുന്നുണ്ടായിരുന്നു.. ജോസഫിനെ ജേക്കബ് വേല വെച്ചു. ജേക്കബിനെ വേറെ ആരൊക്കെയോ വേല വെച്ചു. പാരമ്പര്യവും ഔത്സുക്യവും അതായിരുന്നില്ലെങ്കിൽ, മുഖ്യമന്ത്രിപദം തേടുകയും നേടുകയും ചെയ്യാൻ തികഞ്ഞ പ്രാപ്തിയുള്ള നേതാക്കന്മാർ കേരള കോൺഗ്രസ്സിൽ ഉണ്ട്. ഉദാഹരണം മാണി.
ഒരിക്കൽ അദ്ദേഹം ക്ലിഫ് ഹൌസ് വരെ എത്തിയതാണ്. കോൺഗ്രസ്സിന്റെ കളി പൊളിക്കാൻ ഒരിക്കൽ സി പി എം ഇറക്കിയത് മാണിയെ ആയിരുന്നു. കോൺഗ്രസ്സും സി പി എമ്മും ഇല്ലാത്ത, കുറഞ്ഞ കാലം സി എച് മുഹമ്മദ് കോയ നയിച്ച, സർക്കാർ പിരണ്ടു വീണപ്പോൾ, ബദലായി ഉയർത്താൻ സി പി എം നോക്കിയതാണ് മാണിയെ. രാജ് ഭവൻ വരെ എത്തി, മാണി പിന്തുണയുടെ പട്ടികയുമായി. പക്ഷേ ഫലിച്ചില്ല. ഇനിയുമൊരു കഴുതക്കച്ചവടം വേണ്ടെന്ന്,പതിവില്ലാതെ, അന്നത്തെ ഗവർണ്ണർ വിധിച്ചു.
എല്ലാം എപ്പോഴും അങ്ങനെ പാളണമെന്നില്ല. യോജിച്ച കേരള കോൺഗ്രസ്, പൊളിഞ്ഞ കിനാവുകളെ പുതുക്കിയെടുക്കാം. കോൺഗ്രസ്സിനെ വെല്ലുവിളിക്കാനുള്ള ശക്തിയൊക്കെ അതിനുണ്ടാകും. ലീഗിനെക്കൂടി ഒപ്പം നിർത്താൻ കഴിഞ്ഞാൽ, കോൺഗ്രസ് ഒരു മൂലയിൽ ഒതുങ്ങും. ഖദർ ഉടുപ്പുകൾ ഉലയാൻ തുടങ്ങുന്നത് വെറുതെയല്ല. ഇനിയുമുണ്ട് ഒരു കൊല്ലം, പിളരാനും വളരാനും വീണ്ടും വീണ്ടും പിളരാനും. മാണിക്ക് മറ്റാരേക്കാളും കൂടുതൽ നിർണ്ണായകമായ ഒരു കൊല്ലം.
(തേജസ്സിൽ കാലക്ഷേപത്തിൽ മേയ് 20ന് വന്നത്)
No comments:
Post a Comment