Thursday, June 17, 2010

ഡീൽ ഓർ നോ ഡീലിന്റെ ധർമ്മസന്ധി

കൂലിപ്പണിക്കാരിയായ ശൈലജ അന്തം വിട്ടു നിന്നു. കളി ഉടനേ അവിടെ നിർത്തിയാൽ രണ്ടു ലക്ഷം കിട്ടും. തുടർന്നാൽ അമ്പതു ലക്ഷം കിട്ടാം. അഞ്ചിൽ ഒതുങ്ങുകയും ആവാം. അത്ര മതിയോ? അത്രയും പോയാലോ? കുഴക്കുന്നതായിരുന്നു ചോദ്യം: Deal Or No Deal?

പരിപാടി കാണുന്നതിനെക്കാൾ മുമ്പ് ഞാൻ അതിനെപ്പറ്റി കേട്ടിരുന്നു--അമേരിക്കയിൽ വെച്ച്. ചുളുവിൽ കോടീശ്വരനാകാൻ അവിടത്തെ ടെലിവിഷനിൽ തുറക്കുന്ന വഴികൾ വൈകി പിന്തുടരുന്നവരണല്ലോ നമ്മൾ. മുമ്പ് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു ജയിച്ചുവേണമായിരുന്നു കോടിപതി ആകാൻ. ഇപ്പോൾ അതുപോലും വേണ്ട. ഏതു പെട്ടി തുറക്കണമെന്നു മാത്രം പറഞ്ഞാൽ മതി. ഭാഗ്യമുണ്ടെങ്കിൽ അമ്പതു ലക്ഷം അടിക്കാം. ഇല്ലെങ്കിൽ വെറും അഞ്ചു അഞ്ചു രൂപകൊണ്ട് തൃപ്തിപ്പെടേണ്ടി വരും. എന്നാലും നഷ്ടമില്ലല്ലോ.

നേട്ടത്തോടും നഷ്ടത്തോടുമുള്ള ആളുകളുടെ മനോഭാവത്തെപ്പറ്റി ഒരു സിരാശാസ്ത്രപണ്ഡിതൻ എഴുതിയതായിരുന്നു അമേരിക്കൻ വാരികയിൽ Deal Or No Dealനെപ്പറ്റി ഞാൻ ആദ്യം വായിച്ച ലേഖനം. നഷ്ടത്തോടും നേട്ടത്തോടുമുള്ള മനോഭാവം മത്രമല്ല, റിസ്ക് എടുക്കാനുള്ള കഴിവും വെളിപ്പെടുത്തുന്നതാണ് ആ പരിപാടി. മനസ്സിന്റെ ആ രണ്ടു വശങ്ങളെപ്പറ്റിയും സിരാശാസ്ത്രജ്ഞരും മൻശ്ശാസ്ത്രജ്ഞരും ഏറെ കാലമായി ഗവേഷണം നടത്തി വരുന്നു. ആ വഴിയേ പോയ ഡാനിയൽ കാഹ് നേമൻ ആവിഷ്കരിച്ച റിസ്ക് തിയറി നൊബേൽ സമ്മാനം പോലും നേടുകയുണ്ടായി.

പത്തു കിട്ടുകിൽ നൂറു മതിയെന്നും, ശതമാകിൽ സഹസ്രം മതിയെന്നും മോഹിച്ചു മോഹിച്ചു പോകുന്ന പൂന്താനം മാതൃകയിൽ മനുഷ്യനെ ഒതുക്കിനിർത്താൻ പറ്റില്ല. എത്ര കിട്ടിയാൽ മതിയാകും? എത്രവരെ ആഗ്രഹിക്കും? എത്ര നഷ്ടപ്പെടാൻ തയ്യാറാകും? പൂന്താനത്തെപ്പോലെ ഒഴുക്കൻ മട്ടിൽ പറഞ്ഞുപൊയ്ക്കൂട. ഇത്ര മതിയെന്നു പറഞ്ഞുനിർത്തുന്നവരും കണ്ടേക്കും. ഉദാഹരണം, കഴിഞ്ഞൊരു Deal Or No Deal പരിപാടിയിൽ പങ്കെടുത്ത ശൈലജ. കൂലിപ്പണിക്കാരി. കടക്കാരി. കുട്ടിയുടെ കണ്ണിനു ശസ്ത്രക്രിയക്കുവേണ്ടി പണം ഉണ്ടാക്കാൻ ഓടിനടക്കുന്നവർ. അവർ, ശൈലജ, രണ്ടു ലക്ഷം കിട്ടുമെന്നായപ്പോൾ നിർത്തി. അതാണ് അവരുടെ ആഗ്രഹത്തിന്റെ പരിധി. അവിടെ പൂന്താനം പാളിയില്ലേ?

ഇല്ലെന്നും പറയാം. കാരണം, ഒന്നുകൂടി കളിച്ചിരുന്നെങ്കിൽ, അമ്പതു ലക്ഷം കിട്ടുമെന്നു തെളിഞ്ഞപ്പോൾ, ശൈലജയുടെ മുഖം ഇരുണ്ടതു കാണണമായിരുന്നു. അത്ര വലിയ തുക നഷ്ടപ്പെട്ടല്ലോ എന്ന ചിന്തയാണ് വേദന. അതേ സമയം കിട്ടുമെന്നുറപ്പായതും പൊയ്പ്പോയില്ലല്ലോ എന്ന ആശ്വസമാണ് പുണ്യം. ആർ എങ്ങനെ ചെറിയ നേട്ടത്തിൽ സന്തോഷിക്കുകയും, വലിയ നഷ്ടത്തെ നേരിട്ടു മുന്നേറുകയും ചെയ്യുന്നു, ആർ എത്ര റിസ്ക് എടുക്കാൻ ധൈര്യപ്പെടുന്നു, എന്നത് മനോവിജ്ഞാനീയത്തിന്റെ രസകരമായ മേഖലയായിരിക്കും. അതു മാത്രമല്ല, ശരിയെന്നോ തെറ്റെന്നോ അറുത്തു മുറിച്ചു പറയാൻ വയ്യാത്ത സന്ധികളിൽ, ആർ എന്തു തീരുമാനിക്കുന്നു എന്നതും രസകരം തന്നെ. അതു പഠിച്ചു പഠിച്ച്, ധർമ്മചിന്ത അളക്കാൻ ഒരു മാനദണ്ഡം പോലും തയ്യാറാക്കിയിരിക്കുന്നു മാർക് ഹോസർ എന്ന പ്രിൻസ്റ്റൺ ഗവേഷകൻ.

ശൈലജ നേരിട്ട ധർമ്മസന്ധിയിലേക്ക് തിരിച്ചു വരാം. അതിനെ ധനസന്ധിയെന്നോ മാധ്യമസന്ധിയെന്നോ വിളിച്ചാലും തെറ്റില്ല. കുറഞ്ഞ വിഭവവും കൂടിയ ആവശ്യവും തമ്മിലുള്ള വൈരുദ്ധ്യം അവതരിപ്പിക്കുമ്പോൾ ആഡം സ്മിത്തിന്റെ മനസ്സിലുണ്ടായിരുന്നതും ശൈലജയുടെ പ്രശ്നം തന്നെ. ഒരു വ്യത്യാസം മാത്രം. തന്റെ ആവശ്യത്തിന്റെ പരിധി തൽക്കാലത്തേക്കെങ്കിലും ശൈലജ നിശ്ചയിച്ചിരുന്നു. അതിനുള്ള വിഭവം കിട്ടുമെന്നുറപ്പായ ധനസന്ധിയിൽ, അത്ര മതിയെന്ന് പൂന്താനത്തെ തിരുത്തിക്കൊണ്ട്, അവർ നിശ്ചയിച്ചു. ആ മനോബലത്തെ, ആ തിരിച്ചറിവിനെ, വാഴ്ത്തുക.

മുച്ചീട്ടുകളിയിലും ഭാഗ്യക്കുറിയിലും കുതിരപ്പന്തയത്തിലും ഈ ധനസന്ധിയും ധർമ്മസന്ധിയും തെളിഞ്ഞുവരുന്നതു കാണാം. അധ്വാനിച്ചുണ്ടാക്കാൻ കഴിയാത്ത ധനമാണ് മൂന്നിലും--അതു പോലുള്ള എല്ലാ ഊഹവ്യാപാരങ്ങളിലും--കുമിഞ്ഞോ കുഴിഞ്ഞോ പോകുന്നത്. ആടാനും അഭിനയിക്കാനും കൊള്ളാമെന്ന് നാലാൾ കരുതുന്ന പാവം പതിനാറുകാരി രണ്ടു കൊല്ലം കൊണ്ട് ഉണ്ടാക്കുന്ന ലക്ഷങ്ങൾ നോക്കുക. ഓഹരിയിലോ പന്തയത്തിലോ മുടക്കുന്ന പണം പൊടുന്നനവേ പല മടങ്ങാകുന്നതും നോക്കുക. അതിലും കാണാം, എവിടെ നിർത്തണം, എത്ര മുന്നേറണം എന്നു തീരുമാനിക്കാൻ തുടങ്ങുമ്പോൾ അനുഭവപ്പെടുന്ന ധനസന്ധി അല്ലെങ്കിൽ ധർമ്മസന്ധി.

അതിനെ ഒരു മാധ്യമസന്ധി ആക്കി എടുത്തതാണ് Deal Or No Deal. അമേരിക്കൻ ടെലിവിഷനിൽ പതിവുപോലെയുള്ള ബഹളവും ശബളിമയും ഉണ്ടായിരുന്നതോർക്കുന്നു. അതിൽ കൂടുതൽ ഓർമ്മയില്ല. പങ്കെടുക്കാനോ പണം വാരാനോ ധൈര്യമോ മോഹമോ തോന്നാത്തതുകൊണ്ട് അതിൽകൂടുതൽ അന്ന് അതിനെപ്പറ്റി ആലോചിച്ചില്ല എന്നേ പറയേണ്ടൂ. കാണികളുടെ പങ്കാളിത്തവും, എളുപ്പത്തിൽ ജയിക്കാമെന്നു തോന്നുന്ന മത്സരവും, സമ്മാനസാധ്യതയും ചേർന്നാൽ കൊള്ളാവുന്ന ഒരു ടെലിവിഷൻ ഫോർമുലയായി. കോടിപതിയിൽ അത് വലിയ വിജയമായി. അതിൽ അല്പം പാട്ടവും ആട്ടവുമായപ്പോൾ സ്റ്റാർ സിംഗറായി.

എന്റെ നോട്ടത്തിൽ അതിനെയെല്ലാം വെല്ലുന്നു Deal Or No Deal. അതിൽ പങ്കെടുക്കുന്നവർ പൊതുവിജ്ഞാനത്തിലെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട. പാടുകയോ ആടുകയോ ചെയ്യേണ്ട. എത്ര തുക വേണമെന്നു മാത്രം പറഞ്ഞാൽ മതി. മോണിറ്ററിൽ മുഖം കാണിക്കാൻ കാത്തിരിക്കുന്ന സുന്ദരൻമാരും സുന്ദരികളുമല്ല പങ്കാളികളായി വരുന്നവരിൽ പലരും എന്നതാണ് Deal Or No Deal ന്റെ മലയാളം മാതൃകയുടെ സവിശേഷത. അത് പുകഴത്തപ്പെടണം. കാരണം അതിൽ പങ്കെടുക്കാൻ വരുന്നവർക്ക് കഷ്ടപ്പാടിന്റെ കഥയേ പറയാനുള്ളു.

കഷ്ടപ്പാടു തീർക്കാൻ കാശുണ്ടാക്കാൻ വരുന്നവരാണ് അവർ. ശൈലജയെപോലുള്ളവർ. വിനോദം വഴി അവരുടെ അടിയന്തരമായ ചെറിയ ചെറിയ ആവശ്യങ്ങൾ നിറവേറിയാൽ നല്ലതല്ലേ? ഒരു കോടിയുടെ വീടില്ലെങ്കിലും, കുട്ടിയുടെ കണ്ണു ചികിത്സക്കോ മീൻ കച്ചവടം നന്നാക്കാനോ വേണ്ട ഒന്നോ രണ്ടോ ലക്ഷം ശൈലജമാർക്കു കിട്ടുമെന്നു വരുന്നത് പുണ്യമല്ലേ? ഒരു തരം സാമൂഹ്യപ്രവർത്തനം അതിലൂടെയും നടക്കുന്നുവെന്നു പറയാതെ തരമില്ല.

നല്ലൊരു മാധ്യമസംരംഭം തന്നെ ഇത്. പങ്കാളികൾ ഒറ്റപ്പെട്ടവരും നഷ്ടപെട്ടവരും ആണെന്നു വരുമ്പോൾ, പങ്കാളികൾക്ക് പഞ്ഞമുണ്ടാവില്ല നമ്മുടെ നാട്ടിൽ. അതേ കാരണം കൊണ്ടുതന്നെ, കാണികൾക്കും കുറവുണ്ടാവില്ല. കാണികൾ കൂടിയാൽ പരസ്യം കൂടിക്കൊണ്ടേയിരിക്കും. കൂടുതൽ പരസ്യം, മധ്യമത്തിനു കൂടുതൽ വരവ്. അപ്പോൾ പിന്നെ ഓരോരോ ആവശ്യം പറഞ്ഞുവരുന്ന ശൈലജമാർക്ക്, ചുമ്മാ വരിക്കോരിക്കൊടുക്കാൻ പണം എവിടന്നു വരുന്നു എന്നു പരതി നടക്കേണ്ടല്ലോ. കാണിക്കു രസം, പങ്കാളിക്കു രസം, പരസ്യക്കാരനു രസം, നിർമ്മാതാവിനു രസം, ബഹു രസം!


(ജൂൺ 17ന് തേജസ്സിൽ കാലക്ഷേപത്തിൽ വന്നത്)

1 comment:

keralafarmer said...

ഡീല്‍ ഓര്‍ നോ ഡീലില്‍ ഒരുനേരത്തെ ഭക്ഷണവും ഒരുഗ്ലാസ് വെള്ളവും ലഭിക്കണമെങ്കില്‍ കുറെ നാള്‍ കൂടി കാത്തിരിക്കാം. ഭാവിയിലെ ആവശ്യക്കാര്‍ ആഹാരത്തിനും കുടിവെള്ളത്തിനും ആയിരിക്കും.