അജിത പറഞ്ഞതല്ലേ ശരി? അബ്ദുല്ലക്കുട്ടിയോടൊപ്പം ഒരു സ്ത്രീയെ കണ്ടാലെന്താ? അബ്ദുല്ലക്കുട്ടിയെന്നല്ല, ആരോടൊപ്പവും ഒരു സ്ത്രീയെ കണ്ടാലെന്താ? എലാവരും ആദ്യം ചോദിക്കുന്ന ചോദ്യം അതല്ല എന്നതാണ് അജിതയുടെ ചോദ്യത്തിന്റെ പ്രാധാന്യം. എല്ലാ ചുണ്ടുകളിലും, ചുവന്ന ചുണ്ടുകളിലും മുന്നിറച്ചുണ്ടുകളിലും, ഏകതാനമായ ചോദ്യം ഇതായിരുന്നു: വാസ്തവത്തിൽ അബ്ദുല്ല്ക്കുട്ടിയോടൊപ്പം സ്ത്രീ ഉണ്ടായിരുന്നോ?
ഇത്തരം കാര്യങ്ങളിൽ അതേ സംഭവിക്കൂ. അതാണല്ലോ പതിവ്. അങ്ങനെ നടന്നോ എന്ന ഉദ്വേഗഭരിതമായ അന്വേഷണമായിരിക്കും, അങ്ങനെ നടന്നാലെന്ത് എന്ന ഉദാസീനതയാവില്ല മിക്കവരുടെയും പ്രതികരണം. അങ്ങനെ നടന്നുവെന്നു സൂചിപ്പിക്കുന്നവർക്കും നടന്നുവോ എന്ന് അന്വേഷിക്കുന്ന്വർക്കും നടന്നിട്ടില്ലെന്ന് സമർഥിക്കാൻ ശ്രമിക്കുന്നവർക്കും ഉള്ളിന്റെ ഉള്ളിൽ ഇങ്ങനെ വിശ്വസിക്കാൻ മോഹം കാണും: എന്തെങ്കിലുമൊക്കെ നടന്നു കാണും.
അതിനിടയിൽ ഉയർന്നുകേട്ടതയിരുന്നു അസാധാരാണമായ സാമൂഹ്യധീരതയോടെയും പക്വതയോടെയും അജിത ഉന്നയിച്ച ചോദ്യം. വിരസവും വന്ധ്യവുമായ സത്യാന്വേഷണത്തിനപ്പുറം പോയി ആ ചോദ്യം. വേറെ ആരുടെയും അവകാശത്തെയോ താല്പര്യത്തെയോ മുറിപ്പെടുത്താതെ, വേറെ ആരെയും അലോസരപ്പെടുത്താതെ, ചൂഷണത്തിന്റെയോ സമ്മർദ്ദത്തിന്റെയോ പ്രശ്നമുയർത്താതെ, രണ്ടു പേർ ഒരുമിച്ചിരിക്കുകയോ നടക്കുകയോ ചെയ്താൽ എന്ത് ആപത്തു വരാൻ? ഉന്മിഷിത്തായ ഓരോ മനസ്സിലും ഉയരുകയും പടരുകയും ചെയ്യേണ്ട ആ ചോദ്യം ഇനിയും അജിതയുടെ ചുണ്ടിനപ്പുറം കടന്നുവെന്നു തോന്നുന്നില്ല. തരം താണ അപവാദത്തിൽ സമൂഹം അഭിരമിക്കുന്നതിന്റെ രംഗങ്ങൾ കാണാം ആ നിർജ്ജീവതയിൽ.
പണ്ടു നമ്മൾ പാടി രസിച്ച വരികൾ ഓർക്കുക. അമ്പലക്കുളങ്ങരെ കുളിക്കാൻ പോയപ്പോൾ, കല്യാണീ കളവാണീ പാടിക്കൊണ്ട് അയലത്തെ പെണ്ണുങ്ങൾ കളിയാക്കിയ സംഭവം ഓർമ്മയില്ലേ? അയലത്തെ പെണ്ണുങ്ങൾക്ക് അടങ്ങിയൊതുങ്ങി കഴിയാമായിരുന്നു; പാടാനും പരിഹസിക്കാനും നിൽക്കാതെ അവരുടെ പാട്ടിനു പോകാമായിരുന്നു. ഒരു രസത്തിന് അവർ കളവാണി മൂളുകയും അർഥം വെച്ചു കിണുങ്ങുകയും ചെയ്തുവെന്നിരിക്കട്ടെ. അതു കേട്ട നായികക്കും രസമായിരുന്നു. എന്തായാലും അതിൽ നാണവും കളിയാക്കലും മാത്രമേ ഉണ്ടായിരുന്നുള്ളു. അയലത്തെ പെണ്ണുങ്ങളെ ആയിരം കാതം പിന്നിലാക്കിയ നമ്മുടെ രാഷ്ട്രീയനേതാക്കളുടെ ശക്തി നാണമോ ആയുധം പരിഹാസമോ അല്ല. നാണക്കേടും അപവാദവും ചേർത്തു വായിക്കണം അവരുടെ സംസ്ക്കാരത്തെ.
അബ്ദുല്ലക്കുട്ടിയെ അവഹേളിക്കാൻ കണ്ടുപിടിച്ച ബലതന്ത്രം രാഷ്ട്രീയകൌമാരത്തിന്റെ ദുർബ്ബലതയായിരുന്നു. ബന്ദു ദിവസം അദ്ദേഹം യാത്ര പോയി! സഭ സമ്മേളിച്ചിരിക്കുമ്പോൾ, വിനോദയാത്ര പോയി!! ഒപ്പം ഒരു സ്ത്രീയെയും കൂട്ടിക്കൊണ്ടു പോയി!!! ഇതൊക്കെ കണ്ടെത്തുന്നതും കുതൂഹലത്തോടെ പങ്കു വെക്കുന്നതും അയലത്തെ പെണ്ണുങ്ങളല്ല. പ്രായപൂർത്തിവോട്ടവകാശവും മറ്റു പല അവകാശങ്ങളും ഉള്ളവരും വിപ്ലവം വെട്ടിയിരുത്താൻ ഉറച്ചിറങ്ങിയിരിക്കുന്നവരുമായ നേതാക്കൾക്കായിരുന്നു ആ യാത്രയിൽ താല്പര്യം. ബന്ദാണെങ്കിലും ഒരു എം എൽ എ വിചാരിച്ചാൽ ഒരു വണ്ടിയൊക്കെ കിട്ടുമെന്നും, സഭ കൂടിയിരിക്കേ എന്തെങ്കിലും ആവശ്യത്തിന് ഒരംഗത്തിന് കുറച്ചിട വിട്ടുനിൽക്കാമെന്നും, സ്ത്രീയും പുരുഷനും ഒപ്പം യാത്ര ചെയ്യുന്നത് നിയമലംഘനമല്ലെന്നും ആർക്കും അറിയാത്തതല്ല. എന്നിട്ടും അതൊരു പൊല്ലാപ്പാക്കേണ്ടിയിരുന്നു. അവിടെ സത്യാന്വേഷണത്തിലായിരുന്നില്ല, കുത്സിതമായ ആരോപണത്തിലായിരുന്നു അഭിനിവേശം.
ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടപ്പോൾ ആളുകൾ ഓടിക്കൂടിയത്രേ. രണ്ടു പേരെയും അവർ പിടി കൂടി പൊലിസിൽ ഏല്പിച്ചത്രേ. ഇതൊക്കെ കേട്ടുകേൾവിയായി പറയുന്നത് അയലത്തെ പെണ്ണുങ്ങളല്ല, ബഹുമാനപ്പെട്ട ഒരു നിയമസഭാംഗവും മന്ത്രിയും തന്നെ. രണ്ടു കാര്യങ്ങൾ ഇവിടെ പ്രസക്തമായി വരുന്നു. ആണിനെയും പെണ്ണിനെയും ഒരുമിച്ചുകണ്ടാൽ, ഓടിക്കൂടുന്ന ആളുകൾക്കെന്താ, ഞരമ്പുരോഗമാണോ? ആഭാസത്തരം കാണിക്കുകയോ അസൌകര്യം ഉണ്ടാക്കുകയോ ചെയ്യാതെ പോകുന്നവരെ അവരുടെ പാട്ടിനു വിട്ട്, അവനവന്റെവഴിക്കു പോകുന്നതാണ് പരിഷ്കാരത്തിന്റെ രീതി. അങ്ങനെ ചെയ്യാതെ, ആരാന്റെ രതിരീതി നോക്കിനിൽക്കുകയും അതിനെ തടയാനോ ഭേദഗതി ചെയ്യാനോ ജനക്കൂട്ടത്തെ ഇളക്കിവിടുകയും ചെയ്യുന്നവരുടെ മാനസികസ്ഥിതി എന്ത്?
രാഷ്ട്രീയചികിത്സ വേണ്ടതാണ് ആ സ്ഥിതി. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാജ് മോഹൻ ഉണ്ണിത്താൻ എന്നൊരു ഇടത്തരം നേതാവിന് ഏതാനും മാസം മുമ്പുണ്ടായ അനുഭവം ഓർമ്മയില്ലേ? അദ്ദേഹത്തിന്റെ രാഷ്ട്രീയവും സാമൂഹ്യസ്വത്വവും എന്തുമാകട്ടെ. അദ്ദേഹത്തിന്റെ സൊഹൃദങ്ങളും അഭിരുചികളും നവീകരിക്കാൻ നാട്ടുകാരെ ഇളക്കിവിടേണ്ടതില്ല. സക്കറിയ അത്രയും പറഞ്ഞതേയുള്ളു, രാഷ്ട്രീയദൈവദോഷമായി!. ഉള്ള സമയം ഉപജീവനത്തിനുവേണ്ടി ചിലവാക്കുന്നവർ അത്തരം നവീകരണയത്നത്തിൽമുഴുകാൻ ഇടയില്ല. അതിനുവേണ്ടി ആളെ കൂട്ടുന്ന വിപ്ലവം വഴി, അപ്പപ്പോൾ കുറെ വർഗ്ഗശത്രുക്കളെ നാണം കെടുത്താൻ പറ്റിയേക്കും. അതിലപ്പുറം എന്തു നേടാൻ? ആ വഴി എത്തിച്ചേരുന്നതാണോ വിപ്ലവം?
പണ്ടൊരിക്കൽ ചിന്താപൊലിസ് ഉണ്ടായിരുന്നു. ശത്രുക്കൾ പറഞ്ഞുണ്ടാക്കിയതെത്ര? ലെനിന്റെയും സ്റ്റാലിന്റെയും കിങ്കരന്മാർ നടപ്പാക്കിയതെത്ര? അതൊക്കെ കണിശമായി പറയാൻ പ്രയാസമാകും. പക്ഷേ സ്റ്റാലിന്റെയും രുചികളും രീതികളും ഇഴ പിരിച്ചുനോക്കുന്ന പുസ്തിയ പുസ്തകങ്ങൾ ഓരോന്നു പുറത്തു വരുമ്പോഴും, വ്യത്യസ്തമായി വികാരം കൊള്ളുകയും വിചാരം പുലർത്തുകയും ചെയ്യുന്നവരുടെ മേൽ പാർട്ടിമേധവിത്വം എങ്ങനെ കണ്ണു വെച്ചിരുന്നു, വേണ്ടപ്പോൾ അവരെ എങ്ങനെ വക വരുത്തിയിരുന്നു എന്നതിന്റെ തെളിവ് ഇറങ്ങുന്നതു കാണാം. ഉന്മൂലനത്തിന്റെ ഊടുവഴികളിൽ പെട്ടതായിരുന്നു ആ തന്ത്രവും.
ഇവിടെയും പലപ്പോഴായി, പല രീതികളിൽ ആ തന്ത്രം പ്രയോഗിച്ചുനോക്കിയിരിക്കുന്നു. മറ്റുള്ളവർക്കെതിരെ തരം കിട്ടുമ്പോഴൊക്കെ അപവാദം പ്രചരിപ്പിക്കുക. ഏതു വഴിക്കു വരുന്ന ആരോപണവും കേട്ട പാതി, കേൾക്കാത്ത പാതി, വിശ്വസിക്കുക, കൈ മാറുക. പാർട്ടി വിട്ട് ആരെയും സ്വമേധയാ പോകാൻ അനുവദിക്കാതിരിക്കുക. ആരും പോകുന്നില്ല, പോകുന്നവർ പുറത്താക്കപ്പെടുന്നവർ മാത്രം. അതാണു നിയമം. അങ്ങനെ പുറത്താക്കപ്പെടുന്നവരാകട്ടെ, ഒരിക്കലും ഗുണം പിടിക്കാതെ പോകണം.
അത് ഉറപ്പാക്കാൻ വേണ്ടി, പുറത്താകുന്നവന്റെ മേൽ അഴിമതിയും അസാന്മാർഗ്ഗികപ്രവർത്തനവും ആരോപിക്കപ്പെടുന്നു. പണ്ടൊക്കെ, ആ രണ്ടു കാര്യം പറഞ്ഞേ ആളുകളെ പുറത്താക്കിയിരുന്നുള്ളു. കൂട്ടത്തിൽ പാർട്ടിവിരുദ്ധപ്രവർത്തനവും ചേർക്കും. എല്ലാവർക്കുമറിയാം, പാർട്ടിവിരോധത്തെക്കാൾ എത്രയോ എളുപ്പത്തിലും ഊറ്റത്തിലും നാട്ടുകാർക്കിടയിൽ പരക്കുന്നതാണ് പണത്തിന്റെയും പെണ്ണിന്റെയും കാര്യത്തിൽ ഉണ്ടാകുന്ന ചീത്തപ്പേര്. തങ്ങൾക്കെതിരായവരെ, കുറെക്കാലം ഒപ്പം നിന്ന് വഴി മാറി പോകുന്നവരെ വിശേഷ്ച്ചും, നാട്ടുകാർക്കിടയിൽ നാണം കെടുത്തുക എന്നതാണ് പ്രമാണം. അതിന് അന്നന്നത്തെ സദാചാരസങ്കല്പങ്ങൾ എടുത്തു പെരുമാറുന്നുവെന്നേ ഉള്ളു. അല്ലാതെ, ആ സങ്കൽപ്പങ്ങളിൽ അഭിനിവേശം വളരുന്നുവെന്നോ, അവയുടെ പാലനം പ്രത്യയശാസ്ത്രമായി ഉയരുന്നുവെന്നോ അർത്ഥമില്ല. സാമൂഹ്യമായ ആചാരങ്ങളും സങ്കല്പങ്ങളും അപഗ്രഥിക്കാനും പരിഷ്കരിക്കാനും ഇറങ്ങിത്തിരിച്ചിരിക്കുന്നതായി നടിക്കുന്നവർ തന്നെ ആ മട്ടിൽ പെരുമാറുന്നതു കാണുമ്പോൾ ചിരി വരും. അവർ അജിതയുടെ ചോദ്യം കേൾക്കുന്നവരല്ല.
(ജൂലൈ 20ന് മലയളം ന്യൂസിൽ വന്നത്)
No comments:
Post a Comment