കാവേരിയുടെ മുഖം ചുവന്നു. കേമിയായ എഴുത്തുകാരിയാണെന്നു കരുതുന്ന അവരുടെ ലേഖനത്തിന്റെ പ്രസക്തി ചോദ്യം ചെയ്താൽ, സുന്ദരിയായ ഏതു യുവതിയുടെ മുഖം ചുവക്കാതിരിക്കും? അതും, യുവതി, തെറ്റില്ലാത്ത രീതിയിൽ എഴുതാനും പഞ്ചാരക്കാരായ മേധാവികളുടെ ആരാധന നേടാനും കഴിവുള്ള സുന്ദരിയാകുമ്പോൾ. ഞാൻ ചോദ്യം ചെയ്തതാകട്ടെ, വാക്കിന്റെ വടിവോ പൊരുളിന്റെ പൊലിമയോ അല്ല. അങ്ങനെയൊന്ന് ആർക്കു വായിക്കാൻ വേണ്ടിയാണെന്നായിരുന്നു എന്റെ ചോദ്യം.
ബാബുജിമാർ എന്നറിയപ്പെടുന്ന ഇടത്തരം കീഴാളരായിരുന്നു പത്രത്തിന്റെ വായനക്കാരിൽ മുക്കാലും. ഒന്നര മുറിയിൽ താമസവും ബസ്സിലും സൈക്കിളിലും, ഏറിയാൽ ബൈക്കിലും, യാത്ര ചെയ്യുകയും, ഉച്ചക്കു കഴിക്കാൻ നനഞ്ഞ തുണിയിൽ പൊതിഞ്ഞ ചപ്പാത്തി കൊണ്ടുപോകുകയും ചെയ്യുന്ന, ഇംഗ്ലിഷിൽ മിടുക്ക് ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാധാരണക്കാർ. വെളുത്ത തൊപ്പി തലയിലുള്ളവരും കൊടി പാറിക്കുന്ന ധ്വരമാരും കിണുങ്ങുന്ന ചില കൂട്ടരും പത്രം വായിക്കും പക്ഷേ അതിന്റെ നിലനില്പ് അവരെക്കൊണ്ടല്ല തന്നെ. ആ പത്രത്തിലായിരുന്നു കിണുങ്ങുന്ന കാവേരിയുടെ ലിഖിതം, ഞാൻ ചോദ്യം ചെയ്ത കുറുമൊഴി.
Eating Out എന്നൊരു പംക്തി സുന്ദരിയായ ലേഖികയും ആരാധകരായ മേധാവികളും കൂടി പൊടിപൊടിക്കുകയായിരുന്നു. പഞ്ചനക്ഷത്രഭക്ഷണശാലകളിലെ വിഭവങ്ങളും വിശേഷങ്ങളും അതിൽ വിസ്തരിക്കപ്പെട്ടു. വില്ല പിടിപ്പിച്ച വേഷമണിഞ്ഞ നളന്മാരുടെ ചിത്രങ്ങൾ അച്ചടിച്ചു. കൂട്ടത്തിൽ ചോദിക്കട്ടെ, വീട്ടടുക്കളകളിൽ ഇന്നും സ്ത്രീകളുടെ ആധിപത്യം തുടരുന്നുവെങ്കിലും, ഹോട്ടലുകളിലും നെടുമ്പുരകളിലെ അടുക്കളകളിലും ആണുങ്ങളല്ലേ എന്നും പാചകക്കാർ? അവിടെ സംവരണത്തിനെ പ്രശ്നം ഉയർന്നിട്ടില്ല. ഏതായാലും കാവേരിയുടെ പംക്തിയിൽ ആഴ്ച തോറും വരുന്ന വിഭവവർണ്ണനയെപ്പറ്റി ഞാൻ ഇടക്കിടെ ആലോചിക്കുമായിരുന്നു.
വിഭവങ്ങളുടെ പേരുകൾ വായിലൊതുങ്ങുന്നവയായിരുന്നില്ല. അതിന്റെയൊന്നും സ്വാദിനെപ്പറ്റി എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. അതു വാങ്ങി വായിൽ വെച്ചു നോക്കാനോ, വിളമ്പുന്ന രീതി കണ്ടു നിൽക്കാനോ എനിക്കു കഴിയുമായിരുന്നില്ല. എന്നെക്കാൾ മോശക്കാരായിരുന്നു ഞങ്ങളുടെ വായനക്കാർ മിക്കവരും. എന്നാലും പേരു പറയാൻ വിഷമമായ ആ വിഭവങ്ങളുടെ അറിയാത്ത രുചിയെപ്പറ്റിയും അത്ഭുതപ്പെടുത്തുന്ന വിലയെപ്പറ്റിയും ഞങ്ങൾ രാപകൽ സംസാരിച്ചു. ഇറ്റലിക്കാർക്കും ഫ്രഞ്ചുകാർക്കും പഥ്യമായ ഭക്ഷണം, ഉച്ചരിക്കാൻ വയ്യാത്ത പേരിട്ട്, അകത്താക്കിയാലേ കേമത്തമുള്ളുവെന്ന് ഞങ്ങൾ ധരിച്ചു വശായി. കഥയെഴുത്തുകാരനായ ഒരു കൂട്ടുകാരൻ ഒരിക്കൽ ഒരു കൃതിയിൽ അതിലൊരു പേരെടുത്തു കാച്ചി. അല്പമൊരു വൈദേശികത്വം ഉണ്ടായാലേ സാഹിത്യവിഭവം പോലും ചിലവാകുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
പത്രാധിപയോഗത്തിൽ ഒരു ദിവസം ഞാൻ ഉന്നയിച്ച കുസൃതിച്ചോദ്യം പലരുടെയും ഉള്ളിൽ ചിരിയും ചിന്തയും ഉണർത്തി. വായനക്കാരിൽ നൂറിൽ തൊണ്ണൂറ്റൊമ്പതു പേർക്കും അന്യവും അപ്രാപ്യവുമായ ഈ വിഭവങ്ങളെപ്പറ്റി എഴുതിപ്പിടിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നായിരുന്നു എന്റെ ചോദ്യം. അവരെ അവമാനിക്കാനോ, അവരുടെ വായിൽ വെള്ളം ഊറിക്കാനോ, ഒരു ശതമാനം വരേണ്യരുടെ വലുപ്പം ഘോഷിക്കാനോ, എന്തിനാണ് കസർത്ത്? കാവേരി ചൊടിച്ചു. ആരാധകർ കയർത്തു. എനിക്കു മിണ്ടാട്ടം മുട്ടി. Eating Out പിന്നെയും തുടർന്നു, നിർബ്ബാധം.
രുചിക്കേണ്ട ഭക്ഷണം വായിക്കാൻ ഉപയോഗിച്ചിരുന്ന ആ പംക്തിയെയും അതുമായി ബന്ധപ്പെട്ട എന്റെ വകതിരിവില്ലായ്മയെയും പറ്റി വീണ്ടും ഓർത്തത് കൈരളിയിലെ ഭക്ഷ്യമേളയെപ്പറ്റി ഒരു ബ്ലോഗറുടെ പ്രലപനം കണ്ടപ്പോഴായിരുന്നു. ചില വടക്കു കിഴക്കൻ വിഭവങ്ങളെപ്പറ്റി നേരിയ പുഛത്തോടെ അതിൽ ഒരു പരാമർശമുണ്ടായത്രേ. വടക്കു കിഴക്കൻ വിഭവങ്ങളെപ്പറ്റി എനിക്കും മതിപ്പല്ല തോന്നിയത് ആദ്യം ജനാർദ്ദനൻ പറഞ്ഞപ്പോൾ. ഐസോൾ ആകാശവാണിയിൽ എന്റെ സഹായിയായി എത്തിയ, മുടി നീട്ടി വളർത്തിയ, സൌമ്യനായ കണ്ണൂർക്കാരൻ ജനാർദ്ദനന്റെ ഇഷ്ടവിഭവം പട്ടിപ്പുഴുക്ക് ആയിരുന്നു. മിസോ തീൻമേശകളെ അലങ്കരിച്ചിരുന്ന ആ വിശിഷ്ടഭോജ്യത്തെപ്പറ്റി എത്ര പറഞ്ഞാലും മതി വരാത്ത ആളായിരുന്നു ജനാർദ്ദനൻ.
നമുക്ക് ഇഷ്ടമില്ലാത്തതിനെ അപലപിക്കുന്നത് മനുഷ്യസ്വഭാവമല്ലേ? ഗ്ലെൻ അല്ലൻ എന്ന പട്ടണത്തിലെ ഒരു മെക്സിക്കൻ റസ്റ്റോറന്റിൽ പിക്കു ഞങ്ങളെ ഉച്ചയൂണിനു കൊണ്ടുപോയി. ഭാര്യയും ഞാനും കഴിച്ചു ശീലിച്ച പച്ചക്കറി ഭക്ഷണത്തോട് ഏറെ സാമ്യമുള്ളതാണ് അവിടത്തെ ചോറും പയറും(Rice and Beans) എന്ന് അവൻ സമർത്ഥിച്ചു. രണ്ടു ഗ്ലാസ് മാർഗറീറ്റക്കു ശേഷം ഞാൻ ചോറു വാരിത്തിന്നാൻ തുടങ്ങുമ്പോൾ, പിക്കു വിലക്കി. അതിൽ എന്തോ മാംസക്കഷണങ്ങളും പെട്ടുപോയിരുന്നു. പേടിച്ചു പേടിച്ച് പയർ പെറുക്കിത്തിന്നാൻ തുടങ്ങിയിരുന്ന ഭാര്യ, അതോടെ ഊണു നിർത്തി, പിക്കുവിനു നേരെ ശകാരവും തുടങ്ങി. മെക്സിക്കാർക്കും കിട്ടി അവർക്കറിയാത്ത ഭാഷയിൽ ശകാരം.
അതുകൊണ്ടെന്തു ഫലം? ഇറ്റലിയിലെയും ഫ്രാൻസിലെയും, ചൈനയിലെയും മെകിസ്ക്കോയിലെയും പോലും, വിഭവങ്ങളും ഭക്ഷണരീതികളുമല്ലേ ഇന്നും പരിഷ്കാരത്തിന്റെ ലക്ഷണം? ഉദാരമതികളായ പാശ്ചാത്യർ ചിലർ നമ്മുടെ ഭക്ഷണത്തിന് ദയാപുരസ്സരം “നാടൻ“ എന്ന പേർ സമ്മാനിക്കും. Ethnic Food എന്നൊരു ബഹുമതിയായി നാം അതിനെ കൊണ്ടാടും. പരിഷ്കൃതലോകത്തിന്റെ മുഖ്യഭക്ഷണമല്ല, ഒരു മൂലയിൽ ഒതുങ്ങിക്കൂടുന്ന ചെറിയൊരു പഴഞ്ചൻ ജനവിഭാഗത്തിന്റെ മാമൂൽ പാകമാണ് എത് നിക് ഫുഡ്. കേമത്തം വേണമെങ്കിൽ ഇറ്റലിയുടെയും ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും അമേരിക്കയുടെയും രുചി തന്നെ വേണം. വാസ്തവത്തിൽ കൊളോണിയലിസത്തിന്റെ വാഹകങ്ങളിൽ ഒന്നാകുന്നു ഭക്ഷണം.
ഒന്നോർത്തു നോക്കുക, കഞ്ഞിയും പുഴുക്കും ചമ്മന്തിയും ചോറും കറിയും മെഴുക്കുപുരട്ടിയും കഴിച്ചുവന്നിരുന്ന സമൂഹം എങ്ങനെയെല്ലാം മാറിയിരിക്കുന്നു! രുചി മാറി, പേരു മാറി, ഉള്ളടക്കം മാറി, വെക്കുകയും വിളമ്പുകയും തിന്നുകയും ചെയ്യുന്ന രീതി മാറി, എല്ലാം മാറി. പുതിയ ആഹാരസംസ്കൃതികളുമായി ഇടപഴകുകയും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാകുന്ന സർഗ്ഗാത്മകമായ പരിവർത്തനമല്ല ഇവിടെ സംഭവിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ആകപ്പാടേയുള്ള ഒരു പൊളിച്ചേഴുത്താകുന്നു. അതു വഴി ആദ്യത്തെ സാംസ്കാരികസ്വത്വം വലിച്ചെറിയപ്പെടുന്നു, പുതിയൊരെണ്ണം അതിനു പകരം ചുമത്തപ്പെടുന്നു. അടുക്കള വഴി വരുന്ന കൊളോണിയലിസം അതു തന്നെ. താൻ ശീലിക്കാത്ത രുചികളിലേ മാന്യതയുള്ളു എന്നു കരുതുന്നതാണ് അതിന്റെ വഴിയും ലക്ഷ്യവും.
കൈരളിയിലെ കുക്കറി ഷോ ഇപ്പോൾ ഇന്ത്യൻ രുചികൾ മാത്രമേ ചർച്ച ചെയ്യുന്നുള്ളു. റഷ്യയിലെയും റുമേനിയയിലെയും ഭക്ഷണസംസ്ക്കാരവും ചർച്ച ചെയ്യുനത് ഉചിതമായിരിക്കും. അതു പറയുമ്പോഴാണ് മറ്റൊരു ചിന്ത വരുന്നത്: റഷ്യയുടെ രാഷ്ട്രീയം ഇവിടെ ഇത്രയൊക്കെ പ്രചരിച്ചിട്ടും, അവിടത്തെ ഭക്ഷണവും പാനീയവും തള്ളാൻ വയ്യാത്ത ഒരു ഫാഷനായി എന്തുകൊണ്ട് വളർന്നിട്ടില്ല? വോഡ്ക മലയാളികൾക്ക് അപരിചിതമല്ലെങ്കിലും ഏറ്റവും പ്രിയപ്പെട്ടതല്ല. അതാകട്ടെ, റഷ്യയുടെ സ്വന്തം പാനീയമല്ല താനും.
കൈരളി ചാനൽ ആർക്കു വേണ്ടി തുടങ്ങിയതാണ്? ആരുടെ പണംകൊണ്ടു തുടങ്ങിയതാണ്? ഈ രണ്ടു ചോദ്യങ്ങളുടെയും വെളിച്ചത്തിൽ ചർച്ച ചെയ്യേണ്ടതാണ് അതിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടികൾ. അവയിൽ ആദ്യം വിലയിരുത്തപ്പെടേണ്ടവയാണ് പാചകപരിപാടി. മീൻ പിടുത്തക്കാരും ചുമട്ടുകാരും ലോറിത്തൊഴിലാളികളും, എന്നു വേണ്ട, എല്ലാവരും, അവർ കഴിച്ചു ശീലിച്ചതല്ലാത്ത ഭക്ഷണസാധനങ്ങൾ പരിചയപ്പെടുന്നതു കൊള്ളാം. അതു പരിചയപ്പെടുത്തുന്നതിൽ ഒരു തരം വിദ്യാഭ്യാസപ്രക്രിയ ഉണ്ടു താനും. ഗോതമ്പ് മലയാളികൾ കഴിക്കാൻ തുടങ്ങിയിട്ട് അമ്പതു കൊല്ലമേ ആയിട്ടുള്ളു. വിശാഖം തിരുനാൾ കൊണ്ടുവന്ന കൊള്ളിക്കിഴങ്ങും ഇറ്റാലിയൻ ഈണമുള്ള മക്രോണിയുമൊക്കെ ശീലിപ്പിക്കാൻ, അരിക്കു പഞ്ഞമുണ്ടായ കലത്ത്, വിശേഷാൽ വിദ്യാഭ്യാസപരിപാടി ഉണ്ടായിരുന്നു.
ഇപ്പോൾ വിദ്യാഭ്യാസപരിപടിയല്ല, വിനോദപരിപാടിയാണ് കുക്കറി ഷോ. സിനിമാതാരങ്ങളും മറ്റു പലതരം താരങ്ങളും അവരുടെ ഇഷ്ടഭോജ്യങ്ങൾ എങ്ങനെയുണ്ടാക്കുന്നുവെന്ന് നമുക്ക് കാണിച്ചു തരുന്നു. അവരുടെ വേഷഭൂഷകളും അവർ ഉപയോഗിക്കുന്ന പാത്രങ്ങളും പദങ്ങളും എല്ലാം കണ്ടും കേട്ടും നാം വാ പൊളിച്ചിരിക്കുന്നു. പാചകത്തെ വിനോദമാക്കുന്ന ആ പരിപാടികൾ തീർച്ചയായും വിനോദമെന്ന നിലക്ക് കൊള്ളാം. അതിൽ കവിഞ്ഞ് അവക്ക് പ്രസക്തിയുണ്ടോ?
കണ്ടിരിക്കുന്ന സാധാരണക്കാരിൽ എത്ര പേർക്ക് അനുകരിക്കാവുന്ന അഭിരുചികൾ ആ പരിപാടികളിലൂടെ സംക്രമിപ്പിക്കപ്പെടുന്നുവെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. “നിങ്ങൾക്കൊരു വീട്“ എന്നൊക്കെ പറഞ്ഞു കാണിക്കുന്ന പരിപാടികളിലെ നടുമുറ്റങ്ങളും കിടപ്പുമുറികളും അടുക്കളകളും വളഞ്ഞുപുളഞ്ഞുപോകുന്ന കോണികളും അതു കണ്ടിരിക്കുന്ന എത്ര പേർക്ക് സ്വന്തമാക്കാൻ കഴിയുമെന്നു അതുപോലെ ആലോചിക്കേണ്ടിയിരിക്കുന്നു. അതാണ് പ്രക്ഷേപണത്തിന്റെ രാഷ്ട്രീയം. അതു പറഞ്ഞാൽ കാവേരിമാരുടെ മുഖം ചുവക്കും.
(ജൂലൈ 29ന് തേജസ്സിൽ കാലക്ഷേപത്തിൽ വന്നത്)
1 comment:
കുക്കറി ഷോയുടെ രൂപാന്തരണം അറിയുന്നുണ്ട്
:-)
Post a Comment