പിറ്റേന്നത്തെ മുഖപ്രസംഗം നിശ്ചയിക്കാൻ ചേർന്ന യോഗത്തിൽ, നേരിയ പുഛത്തോടുകൂടി എന്തോ തട്ടിവിട്ട ഒരാളുടെ അഭിപ്രായം
ഖണ്ഡിച്ചുകൊണ്ട്, പരിചയം ഏറെയുള്ള ജി എം തെലാംഗ് പറഞ്ഞു: “സ്വകാര്യമായ മുൻ വിധികളെ നമ്മൾ മറികടക്കാൻ ശ്രമിക്കണം. നമ്മുടെ പത്രം നിലപാടു വ്യക്തമാക്കാതെ, പ്രധാനപ്പെട്ട ഒരു സംഭവവും കടന്നുപോകാൻ പാടില്ല. അതാകണം പ്രമാണം. ചരിത്രത്തിന്റെ രചയിതാവും വ്യാഖ്യാതാവും ആയിരിക്കണം നമ്മുടെ പത്രം.” ആത്മപ്രാധാന്യം തികഞ്ഞ ആ പത്രഭാഷ്യം ഞാൻ വീണ്ടും ഓർത്തു, മലയാളമനോരമയുടെ പത്രാധിപരായിരുന്ന കെ എം മാത്യുവിന്റെ മരണം ചിലർ കൈകാര്യം ചെയ്തതു കണ്ടപ്പോൾ.
കേരളത്തിൽ കുറെ ചിലവുള്ള ഒരു പത്രം അതിനെപ്പറ്റി മുഖപ്രസംഗം എഴുതിയതേയില്ല. ലോകകാര്യങ്ങളിലും ശാസ്ത്രവിശേഷങ്ങളിലും മുഴുകിയിരിക്കുകയായിരുന്നു പണ്ഡിതമ്മന്യമായ ആ പത്രം. മുഖപ്രസംഗത്തിന്റെ വിഷയം തിരഞ്ഞെടുക്കാൻ ആ പത്രം ഉപയോഗിക്കുന്ന അളവുകോൽ എന്തായിരിക്കുമെന്ന്, തെലാംഗിന്റെ വാക്കുകളുടെ വെളിച്ചത്തിൽ, ഞാൻ ഒരു നിമിഷം ആലോചിച്ചു പോയി. ഏതാണ്ട് ഒരു കോടി വായനക്കാർ ഇടപഴകുന്ന പത്രത്തിന്റെ അധിപനായിരുന്നു മാത്യു, നാലു പതിറ്റാണ്ടോളം. അത്രയും, എന്നുവെച്ചാൽ, ഒരു കോടി, ആളുകളുമായി അടുത്തതോ അകന്നതോ ആയ ബന്ധമുള്ള ഒരു വിഷയം--അവരുടെ വായനയെ ഒട്ടൊക്കെ സ്വാധീനിച്ച ഒരാളുടെ അവസാനം--അഭിപ്രായം പറയാൻ തക്ക പ്രാധാന്യമുള്ളതല്ലെന്നായിരുന്നു ആ പത്രത്തിന്റെ മുഖപ്രസംഗസമിതിയുടെ തീരുമാനം. ഓരോരുത്തർക്ക് ഓഓ നേരത്ത് ഓരോന്നാകും മാനദണ്ഡം എന്ന് അതിനെ വിശദീഅക്രിച്ചു തള്ളാം. ഗാന്ധിയുടെ മരണവും ഒന്നാം പേജിൽ വരേണ്ട കാര്യമല്ലായിരുന്നല്ലോ ഒരു കാലത്ത്. ഒരു തത്വം പറയണമെന്നുണ്ടെങ്കിൽ, മരണത്തെ വിലയിരുത്തുന്നതിലെ ഔചിത്യമാണെന്നു തോന്നുന്നു പലപ്പോഴും ജീവിതത്തിന്റെ വില.
മാത്യുവിനെ എനിക്കറിയുമായിരുന്നില്ല. കാലത്തിൽ അദ്ദേഹത്തിന്റെ ഇടം തിട്ടപ്പെടുത്താൻ എന്നെ സഹായിച്ചത് അദ്ദേഹത്തിന്റെ പത്രത്തിലെ താരലേഖകനായിരുന്ന കെ ആർ ചുമ്മാറിന്റെ മുഴക്കോൽ ആയിരുന്നു. ചുമ്മാറിന്റെ രോഗം ഗുരുതരമായിക്കൊണ്ടിരുന്ന കാലം. ശ്രീമൂലം ക്ലബ്ബിലെ ഒരു സായാഹ്നം. ക്ഷരവും അക്ഷരവുമായ പലതിനെപ്പറ്റിയും പറഞ്ഞുവന്ന കൂട്ടത്തിൽ, ചുമ്മാർ ഉത്തരത്തിന്റെ ഈണത്തിൽ ഒരു ചോദ്യം എടുത്തിട്ടു: “ഈ മാത്തുക്കുട്ടിച്ചായൻ ചെയ്തുവെച്ചത് ചില്ലറ കാര്യാമാണോ? എങ്ങാണ്ടോ കിടന്ന ഒരു പത്രമല്ലേ വിചാരത്തിലും വ്യാപാരത്തിലും ഒരു പോലെ ഒന്നാം കിട സ്വാധീനശക്തിയായിരിക്കുന്നത്!“ ചോദ്യത്തിന് മറുപടി വേണ്ടിയിരുന്നില്ല. ഞാൻ ഒന്നും മിണ്ടാതെ വാ പൊളിച്ചിരുന്നു.
വെറുതെയിരുന്നാലോചിച്ചപ്പോൾ എനിക്കു തോന്നി, വിചാരത്തിലും വ്യാപാരത്തിലും ഉണ്ടായ ആ സ്വാധീനതക്കുമപ്പുറം, വാസ്തവത്തിൽ ആ സ്വാധീനത സാധ്യമാക്കിയത്, മാത്യുവിന്റേതു മാത്രമെന്നു പറയാവുന്ന ഒരു കർമ്മപാകമായിരുന്നു. ആളുകളെ ഒരുമിപ്പിക്കുന്നതായിരുന്നു അതിന്റെ ചിട്ട. ആ ചിട്ട, വലിയൊരു സ്ഥാപനത്തിൽ, ചെറിയൊരു കുടുംബത്തിലെ അംഗങ്ങളുടെ ഇടയിൽ കാണാമായിരുന്ന മമതയും പാരസ്പര്യവുമായി പരിണമിച്ചു. വിജയമായാലും പരാജയമായാലും, സ്ഥാപനം വലുതാകുമ്പോൾ, ഉള്ളിൽ നിന്നുകൊണ്ടുതന്നെ അതിനെ ഭള്ളു പറയുന്നവർ കാണാതിരിക്കില്ല. അതാകുന്നു നിയമം. അതിനുള്ള അവസരം കഴിവതും കൊടുക്കാതിരിക്കലായിരുന്നു മാത്യു മോഡൽ മാനേജ്മെന്റ്.
എന്റെ ഒരു പുസ്തകത്തിന്റെ പ്രകാശനവേളയിൽ, ഞാൻ കണ്ടതും അതിന്റെ, ആ മോഡലിന്റെ, ആ പ്രമാണത്തിന്റെ, ഒരു നിഴലാട്ടമായിരുന്നു. കെ കരുണാകരന്റെ രാഷ്ട്രീയജീവിതകഥയായിരുന്നു പുസ്തകം. ആദ്യത്തെ പ്രതി സ്വീകരിച്ചുകൊണ്ടു സംസാരിക്കുമ്പോൾ, മാത്യു ഒട്ടും തമാശയില്ലാത്ത ഒരു ഫലിതം പൊട്ടിച്ചു, ഒരു സാധാരണ കാര്യം പറയുന്ന മട്ടിൽ. വലിയ ഒരു അപകടത്തിനുശേഷം, ചെറുചൂടുള്ള കുളത്തിൽ ദിവസവും നീന്തണമെന്ന് ഡോക്റ്റർമാർ കരുണാകരനോടു നിർദ്ദേശിച്ചിരുന്നു. പ്രായം കൊണ്ടും പത്രത്തിന്റെ സ്വാധീനത കൊണ്ടും, അദ്ദേഹത്തോട് അല്പം സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ കഴിയുന്ന ആളായിരുന്നു മാത്യുവും ചുമ്മാറും. മുഖ്യമന്ത്രിയുടെ വസതിയിൽ അതിനുവേണ്ടി ഒരു കുളം കുഴിച്ചുകൂടേ എന്ന് ചോദിച്ചത് മാത്യുവും ചുമ്മാറും ആയിരുന്നു. ഒരു പക്ഷേ ആ ആശയം ആദ്യം ഉന്നയിച്ചത് അവരായിരുന്നു എന്നു പോലും തോന്നി മാത്യുവിന്റെ പ്രസംഗം കേട്ടപ്പോൾ.
കരുണാകരൻ എന്തു ചെയ്താലുമെന്നപോലെ, കുളത്തിന്റെ കാര്യവും കുളമായി. കരുണാകരനെ കുളത്തിലാക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നവരല്ല മനോരമയുടെ ഉടമയും ലേഖകനും. പക്ഷേ കുളം ഒരു വിവാദമായപ്പോൾ, അത് ഏറ്റുപിടിക്കാൻ മനോരമയും ഉണ്ടായിരുന്നു. അതു സമ്മതിക്കുമ്പോൾ, മാത്യുവിന്റെ മുഖത്ത് ചിരിയോ ചമ്മലോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വരത്തിൽ പൊടിഞ്ഞത് കന്മഷമായിരുന്നില്ല, സൌമനസ്യവും ഒട്ടൊക്കെ നിസ്സഹായതയും കലർന്ന ഫലിതമായിരുന്നു. അതിന്റെ പൊരുൾ നുണഞ്ഞുകൊണ്ട്, കരുണാകരനും ചിരിച്ചു. അപ്പപ്പോഴത്തെ അനിഷ്ടങ്ങളെയും നിസ്സഹായതകളെയും ജീവിതത്തിന്റെ
സ്ഥായീഭാവമാക്കാതിരിക്കാനായിരുന്നു എന്നും അദ്ദേഹത്തിന്റെ ശ്രമം--തന്റെ ജീവിതത്തിലും സ്ഥാപനത്തിലും ഒരുപോലെ.
അസാധാരണവും ദുഷ്കരവുമായ ആ ശ്രമത്തിന്റെ വിവരണമാണ് ഒരു നൂറ്റാണ്ടിന്റെ വ്യഥയും വിജയവും അടയാളപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ആത്മകഥ, എട്ടാമത്തെ മോതിരം. എന്തുകൊണ്ടൊ മലയാളി വേണ്ടത്ര ചർച്ച ചെയ്യാതെ വിട്ടുപോയതാണ് അസാധാരണമെന്നു പറയേണ്ട ആ പുസ്തകം. ഒരു നൂറ്റാണ്ടോളം നീളുന്ന ജീവിതവ്യായാമം ചിത്രീകരിക്കുമ്പോൾ, കുറെ അഴുക്കും മെഴുക്കും നാലുപാടും തെറിപ്പിക്കാതിരിക്കാൻ വയ്യ. നിസ്സംഗതയും സത്യസന്ധതയും എത്രമാത്രം പാലിച്ചാലും, വാശിയും വൈരവും കുറച്ചൊക്കെ ചീറ്റും. എട്ടാമത്തെ മോതിരത്തിലാകട്ടെ, ഒരാൾ, ഒരാൾ മാത്രമേ, വില്ലനായിട്ടുള്ളുവെന്നതാണ് അതിന്റെ അസാധാരണത്വം. തന്റെ കുടുംബത്തെ, പത്രത്തെ, കേരളത്തിലെ ജനാധിപത്യസംസ്ക്കാരത്തെ, തകർക്കാൻ ശ്രമിച്ച, നന്നായൊന്നു തകർത്ത, സി പി രാമസ്വാമി അയ്യർ മാത്രമാണ് കലർപ്പില്ലാത്ത ഭർത്സനം കേൾക്കുന്ന എട്ടാമത്തെ മോതിരത്തിലെ ഏകകഥാപാത്രം. അതിനെ
പിന്തുടർന്നുപോയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: ശത്രുതകളെ ഇങ്ങനെയും സംയമിപ്പിക്കാൻ ഒരാൾക്കു സാധിക്കുമോ?
ഒരുതരത്തിൽ പറഞ്ഞാൽ അതായിരുന്നു കെ എം മാത്യുവിന്റെ സാധന. പത്രമായാലും പത്രാധിപനായാലും, തന്റെ വിധിനിഷേധങ്ങളും ഇഷ്ടാനിഷ്ടങ്ങളും നടപ്പാക്കാൻ, എതിരാളിയുടെ അന്നന്നത്തെ ദൊർബല്യം മുതലാക്കാതിരിക്കുക. തീവ്രവും സ്ഥിരവുമായ വിരോധത്തിനു കീഴ്പ്പെടാതിരിക്കുക. വിചാരത്തിലെ വ്യത്യാസം വികാരത്തിൽ മാറാത്ത മുറിവുണ്ടാക്കാതിരിക്കുന്ന വിധത്തിൽ മധുരവും സൌമ്യവുമായി വാക്കു പ്രയോഗിക്കുക. അതൊക്കെയായിരുന്നെന്നു പറയാം അദ്ദേഹത്തിന്റെ ഭരണതന്ത്രവും ജീവിതമന്ത്രവും. അത് ഒതുക്കിപ്പറയുന്ന മട്ടിൽ അദ്ദേഹം ഒരിക്കൽ തോമസ് ജേക്കബിന് ഒരു ഉപദേശം കൊടുത്തുവത്രേ. അര നൂറ്റാണ്ട് മാത്യുവിന്റെ വെളിച്ചത്തിൽ വളർന്ന ആളാണ് തോമസ് ജേക്കബ്. ഒരിക്കൽ മാത്യു പറഞ്ഞു: “എന്റെ മക്കളോടു പറയാറുള്ള ഒരു കാര്യം തോമസ് ജേക്കബിനോടും പറയാം. ഒരു ശത്രുതയും ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ കൊണ്ടുനടക്കരുത്. ഒന്നുകിൽ അതിനകം പറഞ്ഞു തീർക്കണം. അല്ലെങ്കിൽ മറന്നു കളയണം.”
കേൾക്കാൻ എളുപ്പമാണ് രസം തോന്നിക്കുന്ന ആ ഉപദേശം. അനുസരിക്കാൻ വിഷമമാണെന്നു മാത്രം. ആ വിഷമം അയിരിക്കും രസത്തിന്റെ രഹസ്യം. എപ്പോഴും അനുസരിക്കാൻ പറ്റില്ല, എന്നാലും അത്തരം ഉപദേശം ഒരു സഞ്ചാരിഭാവമായിരുന്നാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവർ ചിലരെങ്കിലും കാണും. അനുസരിക്കപ്പെടാതിരിക്കുമ്പോൾ പോലും, ആ ഉപദേശത്തിന്റെ ഓർമ്മയും നിലാവും ആകുന്നു ജീവിതത്തിന്റെ കുളിർമ്മ.
No comments:
Post a Comment