നടൻ-സംവിധായകൻ ബാലചന്ദ്ര മേനോൻ മലയാള മനോരമയിൽ കഴിഞ്ഞ ആഴ്ചയിൽ ചിലത് എഴുതിക്കണ്ടു. തിരുവനന്തപുരത്തെ വീടു പൂട്ടി, അദ്ദേഹം ഹൈദരാബാദിൽ ജോലിയുള്ള മകന്റെ ഫ്ലാറ്റിൽ താമസമാക്കിയിരീക്കുന്നു. ചികിത്സക്കും മറ്റുമായി പോയ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തെപ്പറ്റി ആരോ എന്തോ പറഞ്ഞു പിടിപ്പിച്ചിരിക്കുന്നു പോലും. സമൂഹത്തിന്റെ ഒരു ക്രൂരത! “കുഞ്ഞുകൂരമ്പുകൾ” എന്നാണ് പ്രയോഗം. കൂരമ്പായാലും കുഞ്ഞല്ലേ എന്നു സമാധാനിക്കാം.
ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞുവെച്ച വേറൊന്നായിരുന്നു എന്നെ ചിന്തിപ്പിച്ച കാര്യം. ഹൈദരാബാദിൽ മസിലു പിടിക്കാതെ കഴിയാം എന്നു പറയുന്നു ബാലചന്ദ്ര മേനോൻ. കടയിൽ പോയി പാലോ പച്ചക്കറിയോ വാങ്ങുമ്പോഴോ ക്ലിനിക്കിൽ ഡോക്റ്ററുടെ വിളി കാത്തിരിക്കുമ്പോഴോ, നാലാൾ തന്നെ ശ്രദ്ധിക്കുമെന്ന് പേടിച്ചും മോഹിച്ചും പെരുമാറേണ്ടതില്ല. പതിവില്ലാത്ത ഭാവഹാവങ്ങളൊന്നും മറ്റുള്ളവർക്കായി ആടിക്കുഴക്കേണ്ടതില്ല. മുഖം വേണ്ടത്ര മിനുങ്ങിയില്ലെന്നോ ഉടുപ്പിൽ ചുളിവുണ്ടെന്നോ വെപ്രാളപ്പെടേണ്ടതില്ല. കടലിൽ കലങ്ങിപ്പോകുന്ന എല്ലാ തുള്ളിയും പോലെ, താനും തിരിച്ചറിയപ്പെടാതിരിക്കുകയും മറക്കപ്പെടുകയും ചെയ്യുമെന്നു മനസ്സിലാകുമ്പോൾ, മസിലു പിടിക്കേണ്ടതില്ല. വാക്കുകൾ ഇതല്ലെങ്കിലും ഇതാണ് ബാലചന്ദ്ര മേനോന്റെ ഭാവം.
നടൻ-സംവിധായകൻ എന്ന നിലയിൽ തിരുവനന്തപുരത്തെന്നല്ല മലയാളികൾ കൂടുന്നിടത്തെല്ലാം പരിചിതമാണ് അദ്ദേഹത്തിന്റെ മുഖം. എവിടെച്ചെന്നാലും എല്ലാവരും നോക്കും. ചിലർ അടുത്തു വന്ന് കുശലം പറയും, ഓട്ടോഗ്രാഫ് വാങ്ങും, ചിലർ തമ്മിൽത്തമ്മിൽ, ഒളികണ്ണിട്ട്, അടക്കം പറയും. അതൊക്കെ കാണുമ്പോൾ, രസം തന്നെ. കണ്ടില്ലെങ്കിൽ നീരസവും. നന്നേ കുറച്ചു പേരേ താരമുഖം കാണാത്തവരായുണ്ടാവുള്ളു. കാണുന്നവരെല്ലാം തന്നെ തിരിച്ചറിഞ്ഞു തൊഴുന്നില്ലെന്നു കാണുമ്പോൾ അരിശപെടാത്ത താരങ്ങളും നന്നേ കുറയും. വിമാനത്തിൽ ഒരിക്കൽ ദിലീപ് കുമാറിന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ഒരാൾ താരസാമീപ്യം ഗൌനിക്കുക പോലും ചെയ്യാതെ എന്തിലോ മുഴുകിക്കണ്ടപ്പോൾ, സൂപ്പർ സ്റ്റാറിനു ദേഷ്യം വന്നില്ല. കൌതുകത്തോടെ അദ്ദേഹം സഹയാത്രികനോടു ചോദിച്ചു: “എന്നെ അറിയില്ലേ? ഞാൻ സിനിമാതാരം ദിലീപ് കുമാർ.“ മറ്റേയാൾ ക്ഷമാപണത്തോടെ മറുപടി പറഞ്ഞു: “അറിഞ്ഞില്ല. സിനിമ കാണാറില്ല. ഞാൻ ഘനശ്യാംദാസ് ബിർള.”
എല്ലാവരും ദിലീപ് കുമാർമാരല്ല. എല്ലാവരും ജി ഡി ബിർളമാരുമല്ല. തന്നെ എല്ലാവരും തിരിച്ചറിയുമെന്നു വിചാരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. ആരും തിരിച്ചറിയാതെ, അനന്തമായ അറിയപ്പെടായ്മയിലൂടെ, “പുലരാത്തോരല്ലിൽ ഞാൻ അലിഞ്ഞെങ്കിൽ” എന്ന് ആഗ്രഹിക്കുന്നത് കവിതയിൽ മാത്രമായിരിക്കും. തിരിച്ചറിയപ്പെടുമ്പോഴാകട്ടെ, തൊഴുന്നവർ തിരിച്ചറിയുന്ന രീതിയിൽ ആടാനും പാടാനും ആടയാഭരണങ്ങൾ അണിയാനും ആളുകൾ ശ്രമിക്കുന്നതും സ്വാഭാവികം തന്നെ. വേറൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരുടെ കണ്ണിൽ വിളങ്ങാനും പൊടിയിടാനുമായിരിക്കും എപ്പോഴും ഉദ്യമം. അവരെക്കാണിക്കാൻ വേണ്ടി ഓരോന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുക. ബാലചന്ദ്ര മേനോൻ മസിലു പിടുത്തം എന്നു പറയുന്നത് അതിനെ ആയിരിക്കും.
താരമൊന്നുമാകേണ്ട, എന്നെപ്പോലൊരാൾ ചെയ്യുന്നതു നോക്കുക. അലസമായി, കസാലയുടെ കയ്യിൽ കാൽ കയറ്റിവെച്ച് മനോരാജ്യം കാണുമ്പോഴായിരിക്കും, ആരോ വരുന്നു. ഞാൻ ചടപടാ എന്ന് എഴുന്നേറ്റ് കിട്ടിയ കുപ്പായം തള്ളിക്കയറ്റുന്നു, മുടി മാടിയൊതുക്കുന്നു. ഞാൻ ഉറക്കം തൂങ്ങിയാണെങ്കിൽ ആകട്ടെ, വരുന്നയാളുടെ മുന്നിൽ അങ്ങനെയൊരു പ്രകൃതം കാഴ്ച വെക്കാൻ വയ്യ. എല്ലാം വാസ്തവത്തിൽ ഒരു തരം കാഴ്ച വെക്കലാണ്. അങ്ങനെയാവുമ്പോൾ, മസിലു പിടിക്കേണ്ടി വരുന്നു. ആരും അറിയാത്ത എനിക്കു പോലും ചിലപ്പോൾ മസിലു പിടിക്കേണ്ടി വരുമ്പോൾ, മലയാളി ലോകം മുഴുവനുമറിയുന്ന ബാലചന്ദ്ര മേനോന് അങ്ങനെ വരാതിരിക്കുമോ?
പലരും മസിലു പിടിക്കുന്നതു കാണാൻ കൌതുകം തോന്നും. അവനവന്റെ സ്വഭാവം മറച്ച് അല്ലെങ്കിൽ മാറ്റി, വേറൊരാളെ ഭ്രമിപ്പിക്കാൻ വേണ്ടി ചെയ്യുന്നതാണല്ലോ മസിലു പിടുത്തം. എല്ലാവരെയും വിരട്ടി നിർത്താൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പത്രാധിപപ്രതിഭയെ എനിക്കറിയാം. തന്നോട് ഏറെ മതിപ്പും മറ്റുള്ളവരോട് പൊതുവേ പുച്ഛവും ആണ് അദ്ദേഹത്തിന്റെ സ്ഥായീഭാവം. സാധാരണ മനുഷ്യരെപ്പോലെ, സാധാരണ വാക്കുകളിൽ സാധാരണ വിഷയങ്ങൾ അദ്ദേഹത്തിനും കൈകാര്യം ചെയ്യേണ്ടിവരുമെന്നത് ജീവിതത്തിന്റെ സ്വഭാവമണ്
പക്ഷേ നാലാളെ കാണുമ്പോൾ അദ്ദേഹത്തിന്റെ മട്ടു മാറും. സാധാരണക്കാർ എന്തെങ്കിലും ചോദിച്ചാൽ, മിണ്ടില്ല. മിണ്ടിയാൽ, മുക്കുകയോ മൂളുകയോ മാത്രമേ ചെയ്യുകയുള്ളൂ. പത്രാധിപപ്രതിഭ അയഞ്ഞ മട്ടിൽ സംസാരിക്കാൻ പാടില്ലല്ലോ. മലവിസർജ്ജനം ചെയ്യുന്ന പ്രജാപതിയെ അവതരിപ്പിച്ചപ്പോൾ, ധർമ്മപുരാണത്തിന്റെ രചയിതാവ് അങ്ങനെയൊരു പെരുമാറ്റരീതി സങ്കല്പിച്ചു കാണും. പ്രജാപതിക്ക് അത്ര സാധാരണമായ ഒരു വശമുണ്ടെന്ന് ആരും കരുതാറില്ല.
നാടു നഷ്ടപ്പെട്ട ഒരു രാജാവിനെ എനിക്കറിയാം. ഭരിക്കാൻ രാജ്യമില്ലെങ്കിലും, അദ്ദേഹം വലിയ ഭാരം ചുമക്കുന്നതായി നാട്ടുകാരെ ബോധ്യപ്പെടുത്താനാണ് കൊട്ടാരം ശേവുകക്കാരുടെ തത്രപ്പാട്. എന്തിനോ ഞാൻ ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം തന്നെയാണെന്നു തോന്നുന്നു, അദ്ദേഹം തിരക്കിലാണെന്നു പറയാൻ തന്നെ ചുമതൽപ്പെടുത്തിയിരിക്കുന്നതായി എന്നോടു പറഞ്ഞു. എപ്പോഴും തിരക്കാണെന്നു നാലാൾ കരുതട്ടെ എന്നായിരിക്കും വിചാരം. നാലാളെ ധരിപ്പിക്കാൻ വേണ്ടിയാകുന്നു നമ്മുടെ വിചാരം എല്ലാമെന്നു വരുന്നു. അതുകൊണ്ട് തിരക്കില്ലെങ്കിലും തിരക്കു നടിക്കുക.
ഒരു നടനെപ്പറ്റി കേട്ടറിഞ്ഞ കേൾക്കാത്തതിനെക്കാൾ രസമാണെന്നു തോന്നുന്നു. കേമനായ അദ്ദേഹം കേമനാണെന്ന് അദ്ദേഹത്തിനറിയാം. നാലാൾ അങ്ങനെ പറഞ്ഞാലേ അദ്ദേഹത്തിനു സമാധാനമാകൂ. ഒഴിവു നേരത്ത് തന്റെ അരികിൽ ഒഴിഞ്ഞു കിടക്കുന്ന കസാലയിൽ തന്നോടു കിട നിൽക്കാത്ത ഒരാൾ വന്നിരുന്നാൽ അദ്ദേഹം ഉറഞ്ഞു തുള്ളും. പരിചിതത്വത്തിന്റെയും സാധാരണത്വത്തിന്റെയും മേഖലയിലേക്ക് താഴാൻ അദ്ദേഹം ഒരുക്കമല്ല. അതിനു വേണ്ടിയുള്ള മസിലു പിടുത്തമാണ് ജീവിതം.
അതിന്റെ പ്രായോഗികവശം മന്ത്രവാദിയായ ഒരു മിത്രത്തിൽനിന്നു ഞാൻ മനസ്സിലാക്കിയിട്ട് ഏറെക്കാലമായില്ല. ചെന്നെയിൽ സിനിമക്കാരുടെ കോളനിക്കടുത്തായിരുന്നു അദ്ദേഹം താമസം. മന്ത്രവാദം വഴി ബാധ ഒഴിപ്പിക്കാനും പൊലിപ്പിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. കവിടി നിരത്തിയും വെറ്റില വായിച്ചും അദ്ദേഹം ഭാവിയും ഭൂതവും മനസ്സിലാക്കിയിരുന്നു. രണ്ടു മുറിയുള്ള ഒരു വീട്ടിലായിരുന്നു ഒറ്റക്കു താമസം. ഞങ്ങൾ ഒരുമിച്ചു കൂടുമ്പോൾ, ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു: അയൽ പക്കക്കാരുമായി അദ്ദേഹം അകന്നിരിക്കാൻ ശ്രമിച്ചിരുന്നു. പരിചയം ഒരു ചിരിയിൽ ഒതുക്കി. തീപ്പെട്ടിയോ തുരപ്പോ വേണമെങ്കിൽ, തൊട്ടടുത്തുള്ള കടയിൽനിന്നു വാങ്ങില്ല. ഭാവി കണ്ടറിയുകയും മറ്റി മറിക്കുകയും ചെയ്യുന്ന ഒരാൾ തീപ്പെട്ടി പോലൊരു നിസ്സാരസാധനം വാങ്ങുന്നത് നാലാൾ കണ്ടാൽ കുറച്ചിലല്ലേ? അതുകൊണ്ട് അദ്ദേഹം അടുത്തുള്ളവരെ കാണുമ്പോൾ മസിലു പിടിക്കുന്നു.
എളുപ്പമല്ല ആ പണി. അവനവനിൽനിന്നുള്ള ഒരു ഒളിച്ചോട്ടം അതിൽ ഉൾപ്പെട്ടിരിക്കുന്നതു കാണാം. ഒരു തരം അന്യവൽക്കരണം. അങ്ങനെയൊരു അധ്വാനം വേണ്ടതുകൊണ്ടാകാം, അഭിനയം കലയായി വാഴ്ത്തപ്പെടുന്നു. കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതാണല്ലോ അഭിനയത്തിന്റെ പാരമ്യം. തന്റെ സ്വഭാവം മറച്ചു വെച്ച്, മറ്റൊരാളായി തൽക്കാലത്തേക്കു മാറുക. തനിക്ക് ഉണ്ടാകണമെന്നു മോഹിക്കുന്ന പ്രതിബിംബമായി താൻ മാറുക. രണ്ടും ഏറെക്കുറെ ഒന്നു തന്നെ. രണ്ടും ഒരു പോലെ ആയാസകരവും. ഭാരോദ്വഹനത്തിൽ കാണിക്കുന്ന കസർത്തിനെക്കാൾ ആയാസകരമാവും കടയിൽ പോകുമ്പോഴും വഴി നടക്കുമ്പോഴും അതിഥിയെ വരവേൽക്കുമ്പോഴും അനുഷ്ഠിക്കേണ്ടിവരുന്ന മസിലു പിടുത്തം. അവനവനായിരിക്കുന്നതാണ് സുഖം.
(മലയാളം ന്യൂസ് ഒക്റ്റോബർ 18)
No comments:
Post a Comment