മൂന്നാറിൽ ചെല്ലുമ്പോൾ സന്തോഷമോ രോഷമോ തോന്നേണ്ടതായിരുന്നു. ഒന്നൊന്നര നൂറ്റാണ്ടു മുമ്പ് ഒരു കുന്നിൻ പുറം മുഴൂവൻ കുതിരപ്പുറത്ത് ചുറ്റിയടിച്ച്, നമുക്കു വേണ്ടാത്തതാണെങ്കിലും, പുതിയൊരു ചായശീലം കൃഷി ചെയ്ത ഇംഗ്ലിഷുകാരന്റെ കാര്യപ്രാപ്തിയോർത്തുള്ള സന്തോഷം. നാട്ടുകാർക്കവകാശപ്പെട്ട ഭൂമി മുഴുവൻ വെട്ടിയെടുത്തവരെ ചോദ്യം ചെയ്യാൻ മുട്ടു വിറച്ചുകൊണ്ട് സർക്കാർ തുടങ്ങിവെച്ച നടപടി തുടക്കത്തിലേ പൊളിഞ്ഞുപോയതിലുള്ള രോഷം. അതിനെക്കാളൊക്കെ അനുഭവപ്പെട്ടത് ചിലവേറിയ സ്കൂൾ നടത്തുന്ന ആ പാതിരിയുടെ പെരുമാറ്റത്തിലെ തണുപ്പായിരുന്നു.
ഒഴിവുസമയത്ത് ആനകളുമായി ഇടപഴകാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന വിദ്യാലയം എന്ന പ്രചരണത്തിൽ പെട്ടു പോയതായിരുന്നു ഫെലിക്സ് അച്ചനും സിസ്റ്റർ എലൈസും ഞാനും. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ വളർത്താൻ ഓരോരോ പുതിയ വഴികൾ തേടുന്ന അവർക്ക് മൂന്നാറിലെ ഗജപരീക്ഷണത്തെപ്പറ്റി കേട്ടപ്പോൾ ഉത്സാഹമായി. കാടും കാട്ടുമൃഗങ്ങളുമായി കുട്ടികൾ എങ്ങനെ ഇടപെട്ടുവളരുന്നു എന്നു നേരിൽ കണ്ടുമനസ്സിലാക്കാൻ ഞങ്ങൾ ഇറങ്ങിപ്പുറപ്പെട്ടു. “അച്ചൻ ഇങ്ങു പോരേ” എന്ന ക്ഷണം കൂടി കേട്ടപ്പോൾ, ആളൂകളെ അളക്കുന്ന കാര്യത്തിൽ പിഴക്കാത്ത ഫെലിക്സ് അച്ചന് ആദ്യത്തെ അമളി പറ്റി. ഞങ്ങൾ സ്കൂൾ അങ്കണത്തിലേക്ക് വണ്ടി ഇരച്ചു കയറ്റി. വണ്ടി ചൂടായെങ്കിലും അങ്കണം തണുത്തുറഞ്ഞതു പോലെ തോന്നി.
ഞങ്ങളെ കണ്ട പാടെ ളോഹയണിഞ്ഞ സ്കൂൾ മേധാവി, ഞങ്ങളുടെ ആതിഥേയൻ, വിദൂരതയിലേക്കെങ്ങോ കണ്ണയച്ചു നില്പായി. വിദൂരതയിലും സമീപത്തും മൂടൽ മഞ്ഞു മാത്രമേ കാണാമായിരുന്നുള്ളൂ. ചെറുപ്പക്കാരനായ ഒരു കൊച്ചച്ചൻ ചുരുങ്ങിയ വാക്കുകളിൽ ഞങ്ങളോട് സംസാരിക്കാൻ വന്നു. വലിഞ്ഞുകയറിച്ചെന്നവർക്കെന്നപോലെ അദ്ദേഹം മൂന്നു മുറികൾ കാണിച്ചു തന്നു; പിന്നെ തന്റെ വഴിക്കു പോയി. വികാരിയെ കാണാൻ ഞങ്ങൾ വലിഞ്ഞു കയറിച്ചെന്നപ്പോൾ, അദ്ദേഹം തിരക്കു നടിച്ചു. വിശേഷിച്ചൊന്നും എഴുതിയതായി തോന്നാത്ത ഏതോ കടലാസു വായിച്ചുകൊണ്ടിരുന്നു. ആനകളെയോ കുട്ടികളെയോ പറ്റി ഞങ്ങളോട് ബഡായി പറയാൻ അദ്ദേഹത്തിന് സമയം ഉണ്ടായിരുന്നില്ല. തൊലിയിൽ ഏശുന്ന മൂന്നാർ തണുപ്പിനെക്കാൾ മരവിപ്പിക്കുന്നതായിരുന്നു ആ പുരോഹിതന്റെ പെരുമാറ്റം. ദേവാലയത്തിൽനിന്ന് വില പിടിച്ച വിളക്കുകൾ കട്ടുകൊണ്ടുപോയ ആളെ പൊലിസ് പിടി കൂടിയപ്പോൾ, അതൊക്കെ അയാൾക്ക് താൻ സംഭാവനയായി കൊടുത്തതാണെന്നു പറഞ്ഞ് അയാളെ രക്ഷിച്ച “പാവങ്ങളി”ലെ പുരോഹിതന്റെ ഹൃദയത്തിലെ ഊഷ്മളത ഞാൻ ഓർത്തു പോയി.
വിഷണ്ണരായി, നേരു പറഞ്ഞാൽ, ഷണ്ഡരെപ്പോലെ, ഞങ്ങൾ തിരിഞ്ഞു നടന്നു. പള്ളി മേടയിൽ പറഞ്ഞു വെച്ച സ്ഥലം വേണ്ടെന്നു വെച്ച്, വേറൊരിടത്ത് താമസമാക്കിയാലോ എന്നു വരെ ഞാൻ ആലോചിച്ചു. ആദ്യത്തെ തണുപ്പിനുശേഷം വികാരിയുടെ പെരുമാറ്റത്തിൽ ചൂടനുഭവപ്പെടുമെന്ന് എന്റെ ഒപ്പമുണ്ടായിരുന്നവർ, ഏതോ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, ഉറപ്പിച്ചു. രാത്രി വീണ്ടും കണ്ടപ്പോൾ, മഞ്ഞ് ഉരുകിയിരുന്നില്ല. ഉറച്ചിരുന്നേയുള്ളൂ.
മുഷിപ്പൻ ആതിഥേയരെ ഞാൻ ഏറെ കണ്ടിട്ടില്ല. സൂക്ഷിച്ചു മാത്രം ആതിഥ്യം തേടി പോകുന്നതു കൊണ്ടാകാം. ആതിഥേയൻ മുഷിപ്പു കാണിക്കാൻ ഇടയുണ്ടെന്ന സൂചന കിട്ടുമ്പോഴേക്കും സ്ഥലം കാലിയാക്കുന്നതുകൊണ്ടുമാകാം. രണ്ടായാലും, മുഖം കറുപ്പിക്കുന്ന ആതിഥേയന്റെ മുന്നിലും പിന്നിലും പരുങ്ങിയും പമ്മിയും കഴിഞ്ഞുകൂടേണ്ട ഗതികേട് അനുഭവിക്കേണ്ടി വരാത്തതാണ് എന്റെ ഒരു ഭാഗ്യം. ഒരിക്കൽ അകലെനിന്ന് എന്നെ കണ്ടപ്പോൾ വീട്ടുകാരൻ ഉറക്കത്തിലായി. വേറൊരിക്കൽ സ്വീകരണമുറിയിൽ ഞാൻ ഇരിപ്പുറപ്പിച്ചപ്പോൾ, വീട്ടുകാരൻ മുകളിലെ നിലയിൽ അഭയം തേടി. ഉള്ളാലെ ഞാൻ ചിരിച്ചു, സ്വന്തം വീട്ടിൽ വെളിച്ചത്തു വരാൻ പേടിക്കുന്ന വീട്ടുകാരുടെ ദൈന്യം ഓർത്ത്.
വായ്പക്കാര്യവുമായി വരുന്നവരെക്കണ്ടാൽ ചിലർ ഒളിക്കും. ഒന്നുകിൽ വായ്പ കൊടുക്കാൻ ഉദ്ദേശമില്ലാത്തതുകൊണ്ട്. അല്ലെങ്കിൽ വാങ്ങിയ വായ്പ മടക്കാൻ മടിയായതുകൊണ്ട്. തന്റെ നിലക്കൊത്തവനല്ല അതിഥി എന്നു കരുതുന്നവരും അതിഥിയുടെ മുന്നിൽ വളയുകയും പിരിയുകയും മുക്കുകയും മൂളുകയും ചെയ്യും. ഉദ്യോഗസ്ഥലോകത്തിന്റെ കഥ പറയുന്ന യന്ത്രം എന്ന നോവലിൽ മലയാറ്റൂർ രാമകൃഷ്ണൻ വരക്കുന്ന ഒരു ചിത്രം ഇങ്ങനെ: അയൽ വാസിയായ മുതിർന്ന ധ്വരയെ കാണാൻ പോയതാണ് പയ്യൻ ആപ്പീസർ. പയ്യൻ ഗുഡ് മോണിംഗ് പറഞ്ഞപ്പോൾ മുതിർന്ന ധ്വര ഒന്നു മുരണ്ടു. അത്ര മാത്രം. ഏറെ നീണ്ട അഞ്ചു നിമിഷത്തിനുശേഷം പയ്യൻ കേണു: “സർ, യു വിൽ ബി ബിസി, സർ...” ധ്വര അരുളിച്ചെയ്തു: “യെസ്, ഏസ് ആൾവേയ്സ്...” സമാഗമം തീർന്നു.
ഇതു രണ്ടുമായിരുന്നില്ല മൂന്നാറിലെ തണുപ്പിനു കാരണമെന്നു ഞാൻ ഫെലിക്സ് അച്ചനുമായി വാദിച്ചു. പലരും പെരുമാറ്റം കർക്കശമോ തണുപ്പനോ ആക്കുന്നത് പൂച്ച് പുറത്താകുമെന്നു പേടിച്ചായിരിക്കും. മൂന്നാറിലെ സ്കൂളിൽ, പ്രചരിച്ചപോലെ, മാതംഗലീലയൊന്നും അഭ്യസിപ്പിക്കുന്നതായി എനിക്കു തോന്നിയില്ല. വാടകക്കെടുത്ത സ്ഥലത്ത്, വാടകക്കെടുത്ത ആനകളുടെ പുറത്ത് വിനോദസഞ്ചാരികൾക്ക് സവാരി ചെയ്യാം--മിതമായ നിരക്കിൽ. സ്ഥലത്തിന്റെ വാടക സ്കൂളിനു കിട്ടും. വിനോദം പണം മുടക്കാനുള്ള സഞ്ചാരികൾക്കും. ആ വിദ്യയും ഒരു തരം അഭ്യാസമാണല്ലോ.
അങ്ങനെ പുതിയൊരു രീതിയിൽ ആതിഥേയരെ കാണാമെന്നു വന്നപ്പോൾ, ഞങ്ങളുടെ ഉള്ളിൽ ചൂടായി. മറച്ചുവെക്കുകയും ഒളിച്ചുപോകുകയും ചെയ്യുന്ന ആതിഥേയരുടെ പെരുമാറ്റം കണ്ട് അതിഥികൾ ബേജാറാവേണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കാൻ തുടങ്ങുകയായിരുന്നു. ഓരോ അതിഥിയെയും മുഷിപ്പിക്കുമ്പോൾ, ആതിഥേയൻ ഉലയുകയും ഉണങ്ങുകയും ചെയ്യുന്നു. ഓരോ അതിഥിയെയും ദൈവമായി സ്വീകരിക്കുമ്പോൾ, ആതിഥേയൻ പുതിയൊരു അനുഭവപ്രപഞ്ചത്തിലേക്കുയരുന്നു. അതുകൊണ്ട് അതിഥികളെ കാണുമ്പോൾ മൂക്കു വിയർക്കുകയോ മുഖം വീർപ്പിക്കുകയോ ചെയ്യുന്ന കൂട്ടരെ അവരുടെ നശിച്ച വഴിക്ക് വിടുക.
അങ്ങനെ പറഞ്ഞുകൊണ്ട് ഞങ്ങൾ മൂന്നാറിനടുത്ത് ദേവികുളത്തെ ആളൊഴിഞ്ഞ ആകാശവാണീനിലയം കാണാൻ പോയി. കുറഞ്ഞ പ്രക്ഷേപണസൌകര്യം. അതിലും കുറഞ്ഞ ശ്രോതൃശൃംഖല. അവിടത്തെ നിയമനം പൊതുവേ ഒരു ശിക്ഷയായി കണക്കാക്കപ്പെട്ടുവരുന്നു. കാടും പടലുമുള്ള വഴിയിലൂടെ, മൂർഖന്മാരെ പ്രതീക്ഷിച്ച്, ഞങ്ങൾ നിലയത്തിലേക്ക് ചെന്നു. പടിക്കൽ രണ്ടു കാവൽക്കാർ അവിടെ മുഷിഞ്ഞിരിക്കുന്നു. ഉള്ളിൽ ആരുമില്ല. ഉള്ള ഒരു എഞ്ചിനീയർ, പുറത്ത് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്, ഉള്ളിൽ ചെന്നിരിക്കുന്നുവെന്നു മാത്രം. വയ്യാവേലികളെ വലിച്ചുവെക്കാൻ അദ്ദേഹം മെനക്കെടുകയില്ലെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞങ്ങൾ മണി മുട്ടി. വാതിൽ തുറന്നു. പിന്നെ, നീണ്ട സംസാരമായി. യുഗങ്ങളിലൂടെ പുതുക്കപ്പെടുന്ന സൌഹൃദത്തിന്റെ അനുഭവമായി. വീണ്ടും, നേരത്തേ പരിചയമില്ലാത്ത ആതിഥേയനും അതിഥിയും ദൈവമാകുന്നതുപോലെയായി.
(മലയാളം ന്യൂസ് നവംബർ 1)
No comments:
Post a Comment