“നിങ്ങൾ എഴുതണം. കള്ളവും നേരായി തോന്നിക്കാൻ നിങ്ങൾക്കു കഴിയും.” കഴിഞ്ഞാലും ഇല്ലെങ്കിലും അങ്ങനെ ഒരു കീർത്തി ആരും എനിക്ക് അതുവരെ ചാർത്തിത്തന്നിരുന്നില്ല. അതു കേട്ടപ്പോൾ ചൂടാകണോ ചിരിക്കണോ? എനിക്ക് ചിരി വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ സത്യം പറഞ്ഞാലും കള്ളം പറയുന്നെന്നേ അവർ കരുതൂ.” സ്ഥാനത്തിന്റെയും പ്രായത്തിന്റെയും വ്യത്യാസം നോക്കാതെ ഞങ്ങൾ രണ്ടു പേരും ചിരിച്ചു.
ക്രിസോസ്റ്റം തിരുമേനിക്ക് എന്നെക്കാൾ ഇരുപത്തഞ്ചു വയസ്സ് കൂടും. പൌരോഹിത്യത്തിൽനിന്ന് പിരിഞ്ഞ് പമ്പയുടെ തീരത്ത് വിശ്രമിക്കുന്ന തിരുമേനിയുടെ കണക്കിൽ, ചിരിക്കാനുള്ള കാരണങ്ങളാണെങ്കിൽ, അതിലുമെത്രയോ കൂടും. കണ്ടപാടേ ഞാൻ ഒന്ന് ഇളക്കി നോക്കി: “ദൈവം ചിരിക്കാറില്ലല്ലോ?” നരച്ച കൺപീലികൾക്കടിയിലൂടെ എന്നെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. പിന്നെ ഞാൻ എന്റെ നാട്ടിനെപ്പറ്റി പറഞ്ഞു, തോമാശ്ല്ലീഹ ആദ്യം പണിത പാലയൂർ പള്ളിയെപ്പറ്റി പറഞ്ഞു, ചെന്നെയിലെ സാന്തോം ബസിലിക്കയിൽ കണ്ട പുണ്യവാളന്റെ എല്ലിൻ കഷണത്തെപ്പറ്റി പറഞ്ഞു. പുണ്യവാളൻ വന്ന വഴി അടയാളപ്പെടുത്തിയ സ്നേഹിതൻ ബ്രിഗേഡിയർ വർഗീസിനെപ്പറ്റി പറഞ്ഞു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ, കണ്ണുകളിൽ ചിരി തെളിയിച്ച്, എന്റെ അറിവിനെയോ അറിവില്ലായ്മയെയോ അളന്നു നോക്കുന്ന മട്ടിൽ, ഞാൻ താണ്ടിയ ദൂരത്തെക്കാൾ ആയിരം നാഴിക അപ്പുറം കടന്ന്, തിരുമേനി പതുക്കെപ്പതുക്കെ പറഞ്ഞു: “അതൊക്കെ എനിക്കറിയാം. പക്ഷേ തെളിവു വേണ്ടേ?” പറയുന്നത് തോമാശ്ലീഹയുടെ പാരമ്പര്യം ശേഷിപ്പും ആസ്തിയുമായുള്ള ഒരു സഭയുടെ പിതാവാണല്ലോ എന്ന ചിന്തയിൽ ഞാൻ അന്തം വിട്ടു നിന്നു.
ഞാൻ അദ്ദേഹത്തിന്റെ തന്നെ പേരെടുത്തിട്ടു. അതിനുവേണ്ടി പോൾ ജോൺസൺന്റെ ക്രൈസ്തവചരിത്രം ഉദ്ധരിച്ചു. നാലാം നൂറ്റാണ്ടിലെ ക്രിസോസ്റ്റം പുണ്യവാളൻ അധികാരവുമായി കോർത്തുനിന്ന ആളായിരുന്നു. അധികാരത്തിലെയും പൌരോഹിത്യത്തിലെയും അഴിഞ്ഞാട്ടത്തെ അദ്ദേഹം എതിർത്തിരുന്നു. എന്റെ ആ പരാമർശവും ക്രിസോസ്റ്റം തിരുമേനിയിൽ ഏശിയില്ല. ഞാൻ ചോദിച്ചു: “ആ പേർ എങ്ങനെ കൈക്കൊണ്ടു?” തിരുമേനിയുടെ മറുപടി ഇങ്ങനെയായിരുന്നു: “ അത് എന്നെ അവരോധിച്ച ആളുടെ തീരുമാനമായിരുന്നു.” ആ വഴിയും അവിടെ മുട്ടി.
ദൈവത്തിന്റെ വിശേഷത്തെക്കാൾ കൂടുതൽ മനുഷ്യന്റെ ദുരിതത്തെപ്പറ്റി സംസാരിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. വർദ്ധിച്ചുവരുന്ന അർബ്ബുദത്തെപ്പറ്റിയും, അതിനെക്കാൾ വർദ്ധിക്കുന്ന ചെലവിനെപ്പറ്റിയും അദ്ദേഹം അമ്പരപ്പോടെ പറഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ഇങ്ങനെയും പറഞ്ഞു: “ഡോക്റ്റർ ചികിത്സിച്ചാൽ രോഗി രക്ഷപ്പെടും; പക്ഷേ കുടുംബം തുലയും. ചികിത്സിച്ചില്ലെങ്കിൽ രോഗി പോകും; കുടുംബം രക്ഷപ്പെടും. ഏതാവും ഭേദം?” വേദനയിലും ധർമ്മസങ്കടത്തിലും ചിരി മുളക്കാം. ചിരിക്കണോ ഗൌരവം നടിക്കണോ എന്നറിയാതെ ഞാൻ ഇരിക്കേ, അദ്ദേഹം തനിക്കു തന്നെ രോഗവുമായുണ്ടായ ഇടപഴക്കത്തെ ഒന്നു സൂചിപ്പിച്ചിട്ട്, ആശ്രമത്തിനു ചുറ്റുമുള്ള രോഗികൾക്ക് ആഹാരം എത്തിക്കാനുള്ള പരിപാടിയെപ്പറ്റി പറയാൻ തുടങ്ങി.
ആഹാരവാഹനം എന്നാണ് പരിപാടിയുടെ പേർ. Meals on Wheels. നടക്കാൻ വയ്യാത്ത രോഗികൾക്ക് വണ്ടിയിൽ ഭക്ഷണം എത്തിക്കുക. ബന്ധുക്കൾക്ക് വരുമാനം ഉണ്ടാക്കാൻ വഴി ഒരുക്കുക. രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും അവരെ പറഞ്ഞു മനസ്സിലാക്കുക. അതൊക്കെത്തന്നെ പരിപാടി. അതിനു പണം വേണം. പണം ഉള്ളവർ ഇല്ലാഞ്ഞിട്ടല്ല, ഉള്ളവർക്ക് പലപ്പോഴും കൊടുക്കാൻ മടിയാകും. അതായിരുന്നു എന്നെ തിരുമേനി ഒന്നു താങ്ങിയ അവസരം. ഞാൻ അതിനെപ്പറ്റി ഒന്നെഴുതണം. കള്ളം സത്യമായി എഴുതാൻ കഴിയുന്ന പുള്ളിയല്ലേ...? ഞാൻ ഞെളിയണോ ചൂളണോ? ഞാൻ അലിഞ്ഞില്ലാതാകുന്നതായിരുന്നു സന്ദർഭം.
ആലോചിക്കാതിരിക്കേ സൂപ്പ് വന്നു. അച്ചപ്പവും കേക്കും വന്നു. അതിൽ ഒരു കഷണം എടുക്കുമ്പോൾ തിരുമേനിയുടെ വിറയാർന്ന വിരലുകൾക്ക് ദിശാബോധം തെല്ലും കുറവല്ലായിരുന്നു. വിറച്ചിരുന്നത് എന്റെ വിരലുകളായിരുന്നു. ഞങ്ങളുടെ വിലാസം എഴുതിക്കൊടുക്കുമ്പോൾ, പതിവു പോലെ, ഭാര്യ എന്നെ ഓർമ്മിപ്പിച്ചു: “ആളുകൾക്ക് വായിക്കാൻ പറ്റണം.” നൃത്തം ചെയ്യുന്ന എന്റെ വിരലുകളിൽ നോക്കിയിരുന്ന തിരുമേനിയോട് ഞാൻ കാര്യം പറഞ്ഞു, ഭാര്യയുടെ ഇണ്ടാസിനെപ്പറ്റി. അദ്ദേഹം ഊറിച്ചിരിച്ചു. “നിങ്ങൾ ചേരുമല്ലോ. ഇങ്ങനെ ഉറക്കെ പറയാൻ പറ്റിയാൽ എല്ലാം എവിടെയും നേരെയാവും.” നേരെയാവട്ടെ എന്ന് മനസ്സു മന്ത്രിച്ചു.
പോരാൻ നേരത്ത് ഞങ്ങൾക്കായി പേരെഴുതിയ, കയ്യൊപ്പിട്ട, ഓരോ പുസ്തകം തന്നു. “കഥ പറയും കാലം”, “ക്രിസോസ്റ്റം ചിരിപ്പിക്കുന്നു.“ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ആളെ നോക്കി പറഞ്ഞു: “ഡോക്റ്റർക്ക് തരുന്നില്ല. തന്നാൽ ഇനി വന്നില്ലെങ്കിലോ?” ഭാര്യയും ഞാനും പിന്നെ ചെല്ലില്ലെന്നാണോ നിഗമനം എന്ന ചിരി കലർന്ന ചോദ്യം എന്റെ നാവിൽ ഉരുണ്ടു കളിച്ചു.... ഭാര്യ തിരുമേനിയുടെ കാൽ തൊട്ടു വന്ദിക്കുമ്പോൾ, ഞാൻ മിഴിച്ചു നിന്നു. എനിക്ക് അപ്പോഴും ഘനം ഉണ്ടായിരുന്നു.
ഒന്നര മണിക്കൂർ നീണ്ട ലാത്തിക്കു ശേഷം ഞങ്ങൾ ഇറങ്ങുമ്പോൾ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: “എനിക്ക് എഴുന്നൽക്കാൻ വയ്യ. രാവിലെ ഏഴരക്ക് തുടങ്ങിയതാണ് സംസാരം. മുഷിഞ്ഞു, തളർന്നു. നിങ്ങളെ കണ്ടപ്പോൾ ഫ്രഷ് ആയി....എനിക്ക് അങ്ങനെയാണ്, മനുഷ്യരെ കണ്ടാൽ രസമാവും.“ പിന്നെ, കണ്ണിറുക്കിക്കൊണ്ട്, ഒരു വാക്ക് ആവർത്തിച്ചു: “...മനുഷ്യരെ....” എന്റെ തൂക്കം ഒറ്റയടിക്ക് പിന്നെയും കൂടിയതായി തോന്നി.
താഴെ പമ്പയിൽ നിലാവ് നിറഞ്ഞിരുന്നു.
(മലയാളം ന്യൂസ് നവമ്പർ 22)
No comments:
Post a Comment