Saturday, May 14, 2011

ഇഷ്ടം പോലെ ആവാം!

സോമവാരം
ഇഷ്ടം പോലെ ആവാം!
കെ ഗോവിന്ദൻ കുട്ടി

ഇന്ത്യയിൽ കാണാതാകുന്ന പെൺകുട്ടികളെപ്പറ്റി വൈദ്യശാസ്ത്രചിന്തകനായ പ്രൊഫസർ കെ എസ് ജേക്കബ് കഴിഞ്ഞ ആഴ്ച എഴുതിയ ലേഖനം ഏറെ നേരം എന്റെ മനസ്സിന്റെ ഇറമ്പിൽ അരിച്ചു നടന്നു. അതിലളിതമാക്കിയാൽ, അദ്ദേഹത്തിന്റെ ചിന്തകൾ ഇങ്ങനെ സംക്ഷേപിക്കാം:

ദശലക്ഷക്കണക്കിനു പെൺകുട്ടികൾക്ക് ഇന്ത്യയിൽ ജനനം നിഷേധിക്കപ്പെടുന്നു. സ്ത്രീകളുടെ എണ്ണം കുറയുന്നു. അവരുടെ ആരോഗ്യവും അവഗണിക്കപ്പെടുന്നു. ലിംഗപരമായ പക്ഷപാതമാണ് അതിനു കാരണം. അതു മാറണമെങ്കിൽ പിതൃഭരണത്തിൽ ഊന്നിയ വ്യവസ്ഥ അവസാനിപ്പിക്കുന്ന ഒരു സാമൂഹ്യവിപ്ലവം ഉണ്ടാകണം.

പറയാൻ എളുപ്പം കഴിഞ്ഞു. സാമൂഹ്യവിപ്ലവം അങ്ങനെ ഒരു മാന്ത്രികപിഞ്ഛിക ഇളക്കിയാൽ ഉണ്ടാകുന്നതല്ല. ലിംഗപരമായ പക്ഷപാതവും പിതൃഭരണത്തിൽ ഉണ്ടാകുന്ന ഊന്നലും മനുഷ്യന്റെ മനോഗാത്രത്തിൽ വലിഞ്ഞുമുറുകിക്കിടക്കുന്ന ഒരു വികാരവിശേഷമല്ലേ എന്നും ആലോചിക്കണം. അതു പരിഷകരിക്കേണ്ട എന്നല്ല വിവക്ഷ. പരിമതികളെയും സാധ്യതകളെയും മനസ്സിലാക്കിയിരിക്കണമെന്ന് ചൂണ്ടിക്കാട്ടുന്നുവെന്നേയുള്ളു. ഏതായാലും പ്രൊഫസർ ജേക്കബിന്റെ ലേഖനത്തിൽനിന്ന് എന്റെ ചിന്ത പോയത് വേറൊരു വഴിക്കായിരുന്നു.

ആറു വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ വന്നിരിക്കുന്ന കുറവ് ആശങ്കാജനകമാണെന്നു പറയുന്നു പ്രൊഫസർ ജേക്കബ്. ആയിരം പുരുഷന്മാർക്ക് 976 സ്ത്രീകളായിരുന്നു 1961ൽ. ഏറ്റവും ഒടുവിലത്തെ കണക്കെടുപ്പിൽ അത് 914 ആയി കാണുന്നു. പല പ്രദേശങ്ങളിലും അത് 850 വരെ താഴ്ന്നിരിക്കുന്നു. നഗരങ്ങളിൽ അനുപാതം ഗ്രാമങ്ങളിലേതിലും കുറവായി കാണുന്നു. ദശലക്ഷക്കണക്കിനു വരുന്ന ആ
പെൺകുട്ടികൾ എവിടെ പോയി?

വലിയ ഗവേഷണമൊന്നുമില്ല്ലാതെ തെളിയുന്നതാണ് കാര്യം. ജനനം അനുവദിക്കാതെ അവരെയൊക്കെ നാം അന്തരീക്ഷത്തിൽ ലയിപ്പിച്ചിരിക്കുന്നു. ഭ്രൂണഹത്യ കൊലയായി കൂട്ടുമെങ്കിൽ, ചരിത്രം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലക്ക് നമ്മുടെ തലമുറ ശിക്ഷിക്കപ്പെടുമായിരുന്നു. പെൺകുട്ടികളെ തിരഞ്ഞുപിടിച്ചു നടത്തിയ കൊല. കൊലയാണെന്ന് അറിഞ്ഞുകൊണ്ട് അഛന്മാരും, മിക്കപ്പോഴും അമ്മമാരും, നടത്തുന്ന കൊല. വിചിത്രവും ക്രൂരവും എന്നു പറയട്ടെ, ശിക്ഷയെപ്പറ്റി ആരും ആലോചിക്കുക പോലും ചെയ്യാത്ത കൊല.

ഒരു മനുഷ്യചിന്തയും ഒരു ശാസ്ത്രസങ്കേതവും കൂടി ഒരുക്കിയതാണ് ആ സാഹചര്യം. പെൺകുട്ടികളെ ഒഴിവാക്കണമെന്നതാണ് ആ ചിന്ത. ആ ചിന്ത അപരിഷ്കൃതവും ഉന്മൂലനം ചെയ്യപ്പെടേണ്ടതുമാണെന്ന് ആളുകളെ പറഞ്ഞു മനസ്സിലാക്കുന്നതാണ് പ്രൊഫസർ ജേക്കബ് സൂചിപ്പിക്കുന്ന സാമൂഹ്യവിപ്ലവത്തിന്റെ ഒരു വശം. കാലം കുറെ എടുക്കുന്നതാണ് ആ പ്രക്രിയ. അതുകൊണ്ട് ആ ശാസ്ത്രസങ്കേതത്തിന് തൽക്കാലം തടയിടാൻ നാം നിശ്ചയിച്ചിരിക്കുന്നു.

എന്താണ് ആ ശാസ്ത്രസങ്കേതം. ഭ്രൂണത്തിന്റെ ലിംഗം നേരത്തേ നിർണയിക്കാനുള്ള പല വഴികളും ശാസ്ത്രം കണ്ടെത്തിരിയിരിക്കുന്നു. പണ്ടൊക്കെ വയറിന്റെ വലുപ്പവും രൂപവും നോക്കി മുത്തശ്ശിമാർ കുട്ടി ആണോ പെണ്ണോ എന്നു പറയുമായിരുന്നു. ചിലപ്പോൾ ശരിയാവും; ചിലപ്പോൾ തെറ്റും. തെറ്റിയാലും ശരിയായാലും ആ പ്രവചനത്തിന് കൌതുകത്തിന്റെ നിലവാരമേ ഉണ്ടായിരുന്നുള്ളു. മുത്തശ്ശിമാരുടെയോ അവരുടേതിനെക്കാൾ ഒട്ടും കൂടുതൽ വിശ്വാസ്യതയില്ലാത്ത ജ്യോത്സ്യന്മാരുടെയോ പ്രവചനത്തിന്റെ ബലത്തിൽ ഒരു നടപടിയും ആരും എടുത്തിരുന്നില്ല. ആണായാലും പെണ്ണായാലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, പ്രസവിക്കുക തന്നെ. ശബ്ദം ശ്രദ്ധിച്ചോ കോശം അപഗ്രഥിച്ചോ, ആണോ പെണ്ണോ എന്നു തെറ്റാതെ ഗർഭം പ്രവചിക്കാമെന്നും ഏറെക്കുറെ സുരക്ഷിതമായും സരളമായും ഭ്രൂണഹത്യ നടത്താമെന്നും വന്നതോടെ കൂട്ടക്കൊല ആചാരമായി മാറിയിരിക്കുന്നു. ഇഷ്ടം പോലെ എന്തും അറിയാനും ചെയ്യാനും കഴിയുമ്പോൾ മനുഷ്യൻ എത്തിപ്പെടുന്ന സ്ഥിതിയുടെ ഭയാനകത ഇവിടെ ഉദാഹരിക്കപ്പെടുന്നു.

എട്ടുകൊല്ലം മുമ്പ് എന്റെ മകളുടെ പ്രസവം എടുത്ത ഡോക്റ്റർ രാധാകുമാരിയുമായി പുരുഷനു ചെയ്യാൻ കഴിയാത്ത ആ ചര്യയെപ്പറ്റി ഏറെ നേരം സംസാരിച്ചതോർക്കുന്നു. തന്റെ നാല്പതോളം കൊല്ലത്തെ സേവനത്തിനിടയിൽ നാല്പതിനായിരം പ്രസവമെങ്കിലുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടാകും പ്രൊഫസറായി മെഡിക്കൽ കോളെജിൽനിന്നു പിരിഞ്ഞ ഡോക്റ്റർ രാധാകുമാരി. എന്നിട്ടും, ഭ്രൂണത്തിന്റെയും
ഗർഭപാത്രത്തിന്റെയും വഴികളും വഴക്കങ്ങളും കണ്ണടച്ച് പിൻ തുടരാൻ കഴിയുമായിരുന്നിട്ടും, ഓരോ പ്രസവവും അമേയതയുമായുള്ള സംഗമം ആയേ ഡോക്റ്റർ രാധാകുമാരി എന്നും കരുതിയുള്ളൂ. എത്രയൊക്കെ പരിചയവും ശാസ്ത്രീയസൌകര്യവും ഉണ്ടെങ്കിലും, പ്രസവം എത്ര സുരക്ഷിതമാണെന്നു തോന്നിയാലും, “രണ്ടും രണ്ടിടത്തായാലേ സമാധാനം ആകൂ” എന്ന് അവർ പഴയ ശൈലിയിൽ പറയുമായിരുന്നു.

ആ അനിശ്ചിതത്വം ഉളവാക്കാറുള്ള ഭയവും വിനയവും അത്ഭുതവും തീർത്തും അകറ്റുന്നതാണ് “ആശങ്കാജനക“മെന്ന് പ്രൊഫസർ ജേക്കബ് വിശേഷിപ്പിക്കുന്ന ലിംഗപരമായ ക്രമരാഹിത്യം. ലിംഗപരമായ നിശ്ചിതത്വം, അല്ലെങ്കിൽ പ്രവചനീയത, ഉറപ്പായതുകൊണ്ടാണല്ലോ വരാൻ പോകുന്ന പെൺകുട്ടി വേണോ വേണ്ടയോ എന്ന ചിന്തയും തീരുമാനവും രൂപപ്പെടുന്നത്. ആ തീരുമാനം നടപ്പാക്കുമ്പോഴും അനിശ്ചിതത്വമില്ല. പിറപ്പിക്കണോ മരിപ്പിക്കണോ എന്നു വിധിക്കാനുള്ള അധികാരം, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള ശക്തി, മനുഷ്യൻ കൈവരിച്ചിരിക്കുന്നു. ഇഷ്ടമുള്ളത് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാനുള്ള അവസരത്തെയും പ്രാപ്തിയെയും നമ്മൾ സ്വാതന്ത്ര്യം എന്നും വികാസം എന്നും വിളിക്കുന്നു. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന് രണ്ടാമതൊന്നാലോചിക്കാതെ മൂളിപ്പോകുന്നു. മൂളിപ്പാട്ട് വരാത്ത നേരത്തെങ്കിലും സ്വാതന്ത്ര്യത്തിന്റെ സീമയെയും ഭീഷണതയെയും പറ്റിയും വല്ലപ്പോഴും ആലോചിക്കാം.

ലിംഗപ്രവചനത്തിന്റെ കാര്യം തന്നെ, പ്രൊഫസർ ജേക്കബ് കണ്ടതിൽനിന്നു വ്യത്യസ്തമായ(വിരുദ്ധമായതല്ല) കാഴ്ചപ്പാടിൽനിന്നു കാണാൻ ശ്രമിച്ചുനോക്കൂ. പിറക്കാൻ പോകുന്ന കുട്ടി ആണോ പെണ്ണോ എന്ന് മുൻ കൂട്ടി പറയുന്ന ജ്യോത്സ്യന്റെ കാര്യം കഷ്ടമായിരിക്കുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ, അയാളുടെ നിസ്സഹായത അവസാനിച്ചിരിക്കുന്നു. പണ്ടൊരിക്കൽ മിടുക്കനായ ഒരു ജ്യോത്സ്യൻ അങ്ങനെയൊരു പ്രവചനം നടത്താൻ വിധിക്കപ്പെട്ടപ്പോൾ, “ആൺ” എന്ന് സംശയമില്ലാതെ ഉറക്കെ പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന പനയോല ഇറയിൽ തിരുകിവെക്കുകയും ചെയ്തു. പിറന്ന കുട്ടി പെണ്ണായപ്പോൾ പരിഹാസവുമായി വന്ന ചെറുപ്പക്കാരോട് അദ്ദേഹം, പഴയപോലെ സംശയമില്ലാതെ, പറഞ്ഞു: “ഫലശ്രുതി ഞാൻ ഒരു ഓലയിൽ അന്നേ എഴുതിവെച്ചിരുന്നു. എടുത്തു വായിച്ചുനോക്കുക.”

തെറ്റിപ്പോകാവുന്ന പ്രവചനത്തെ പേടിച്ചുകഴിഞ്ഞിരുന്ന പ്രവാചകന്റെ ദൈന്യമൊന്നും ഇപ്പോഴില്ല. അമിനോ സിന്തസിസ് വഴിയും അൾട്രാസോണോഗ്രഫി വഴിയുമൊക്കെ കുട്ടി ആണോ പെണ്ണോ എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയുമെന്ന വസ്തുതയിൽ പിടിച്ചാണല്ലോ പ്രൊഫസർ ജേക്കബ് പിതൃഭരണം അവസാനിപ്പിക്കാൻ ഒരു സാമൂഹ്യവിപ്ലവം വേണമെന്നൊക്കെ അനുശാസിക്കുന്നത്. ലിംഗം പ്രവചിക്കാൻ മാത്രമല്ല, വരാത്ത കുട്ടിയെ വരുത്താനും വരുന്ന കുട്ടിയെ ഇല്ലായ്മ ചെയ്യാനുമുള്ള ശേഷി ആർജ്ജിച്ചതാണ് മനുഷ്യസ്വാതന്ത്ര്യത്തിന്റെ പുതിയൊരു പ്രതലം.

അതുകൊണ്ടുമായില്ല. കുട്ടി വരുന്ന നേരം നോക്കി അതിന്റെയും അഛനമ്മമാരുടെയും ലോകത്തിന്റെ തന്നെയും ഗതിയും വിഗതിയും നിശ്ചയിക്കുന്ന കാലദർശികളാണ് ജ്യോത്സ്യന്മാർ. അവ്യഖ്യേയവും ലംഘനീയവുമായ വിധിയുടെ സ്വരൂപം നേരത്തേ കണ്ടറിയുന്നത് ദൈവാംശം കലർന്ന സപര്യയാകുന്നു. ജ്യോത്സ്യന്മാരുടെ ആ സപര്യയെ മാത്രമല്ല, വിധിയെത്തന്നെ ഗോഷ്ഠി കാണിക്കുന്നതാണ് പുതിയൊരു ശാസ്ത്രവും ആചാരവും. പിറക്കുന്ന നേരത്തെ രാശി നോക്കി ജീവിതവും മരണവും എങ്ങനെ കരുപ്പിടിക്കുമെന്നു പറയാൻ കഴിയുമെന്ന ഗർവാണല്ലോ ജ്യോത്സ്യന്റെ മാനസിക മൂലധനം. രാശി നിർണീതമാണെന്നും അതിനാൽ സ്വാധീനിക്കപ്പെടുന്ന ജീവിതത്തിന്റെ ഗതി അനിവാര്യമാണെന്നുമുള്ള സങ്കല്പമാണ് ആ നിഗമനത്തിന്റെ ആധാരം. പക്ഷേ രാശിയുടെ ഗുണാഗുണം നേരത്തേ കണക്കു കൂട്ടി, കൊള്ളാവുന്ന രാശി തിരഞ്ഞെടുത്ത് അതിൽ കുട്ടിയെ പിറപ്പിച്ചാലോ? മറ്റൊരു തരത്തിൽ പറഞ്ഞാൽ, നല്ല നേരം നോക്കി പ്രസവം ഏർപ്പെടുത്തിയാലോ? കുട്ടിയുടെ ജാതകം നന്നാവാതെ തരമില്ല. അതിനർഥം ജ്യോത്സ്യന്റെ പ്രസക്തി നഷ്ടപ്പെടുന്നുവെന്നു മാത്രമല്ല, അലംഘനീയമെന്നു കരുതിയ വിധിയുടെ പോക്കുവരവു പോലും നമ്മൾ മാറ്റിയെഴുതുന്നു, മനുഷ്യസ്വാതന്ത്ര്യത്തിന്റെ സീമ പിന്നെയും പിന്നോട്ടു തള്ളിനീക്കുന്നു.

അലംഘനീയതയുടെ രണ്ടു തലങ്ങളിൽ നമ്മൾ കൈവെക്കുന്നതായി കാണാം. ഒന്ന്, ഇപ്പോൾ സൂചിപ്പിച്ചതു പോലെ, പിറവിയിൽ. ഇഷ്ടമുള്ള കുട്ടിയെ വരുത്താം, വേണ്ടെങ്കിൽ ഇല്ലായ്മ ചെയ്യാം. എന്നു തന്നെയല്ല, ഇഷ്ടമുള്ള നേരത്ത്, സ്വീകര്യമായ രാശിചക്രത്തിൽ, കുട്ടിയെ വരുത്താം. നാളും പക്കവും നോക്കി പ്രസവിക്കാം. എല്ലാം അടക്കി വാണിരുന്ന വിധി പോയി നാമം ജപിച്ചിരിക്കട്ടെ.

മരണമാകുന്നു മറ്റൊരു തലം. മരണം കള്ളനെപ്പോലെയോ കോമാളിയെപ്പോലെയോ നേരവും തരവും നോക്കാതെ കടന്നു വരുന്നു എന്നായിരുന്നു ഇതുവരെ ധാരണ. ഞാൻ കിടന്നിരുന്ന ആസ്പത്രിയിലെ തൊട്ടടുത്ത മുറിയിൽ അവസാനനാളുകൾ ചിലവഴിച്ചിരുന്ന കെ കരുണാകരന്റെ കഥ കേട്ടപ്പോൾ, ഭേദഗതി ചെയ്തുകൊണ്ടിരുന്ന ആ ധാരണ പിന്നെയും മാറി. എന്നേ അവശനായിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ മരണം എപ്പോൾ വേണമെങ്കിലും നടക്കാമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. നല്ല നേരം വരാൻ നോക്കി കിടക്കുകയായിരുന്നുവെന്ന് ഒരു കൂട്ടർ പറഞ്ഞു പരത്തി. ചില ബന്ധുക്കൾ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് വേറൊരു കൂട്ടർ പറഞ്ഞു. ഏതായാലും കൊട്ടിയടച്ചു നിർത്തിയിരുന്ന വാതിൽ തുറക്കാനും അടച്ചുനിർത്താനും ഡോക്റ്റർമാർക്കു കഴിയുമെന്നൊരു ധാരണ എന്റെ മനസ്സിൽ കൊടി കെട്ടി.

അപ്പോൾ പഴയൊരു മരണം ഓർത്തു. എന്റെ മരുമകന്റെ മുത്തശ്ശി വയസ്സായി, അസുഖമായി ഏറെ നാൾ കിടന്നു. മരിച്ചത് സ്വർഗവാതിൽ ഏകാദശി ദിവസമായിരുന്നു. അന്നു മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസം. ആ വിശ്വാസത്തെ കൊഞ്ഞനം കാട്ടുന്നതാണ് ഇഷ്ടമുള്ള നേരം നോക്കി മരിക്കാൻ പറ്റുമെന്ന സാധ്യത. ഭാരതപിതാമഹനായ ഭീഷ്മർ മാത്രമേ അങ്ങനെ സ്വന്തം ഇംഗിതം നോക്കി മരിച്ചിട്ടുള്ളൂ. ഇപ്പോൾ പല തരം കുഴലുകളും മുഖം മൂടികളും മരുന്നുകളും ഉപയോഗിച്ച്, ജീവിതം നീട്ടിക്കൊണ്ടു പോകാമെന്നും മരണം മാറ്റിവെക്കാമെന്നും നേരം നോക്കി അത്
ഏർപ്പെടുത്താമെന്നും വന്നുകൂടിയിരിക്കുന്നു.

ഇതും ഒരു തരം സ്വാതന്ത്ര്യം തന്നെ. ആലോചിച്ചാൽ, ഈ സ്വാതന്ത്ര്യം മറ്റു പല രംഗങ്ങളിലും മനുഷ്യനു കൈവന്നിരിക്കുന്നുവെന്നു കാണാം. ആ സ്വാതന്ത്ര്യം അവനെ വിജയശ്രീലാളിതനാക്കുകയാണോ, അതോ, വിഹ്വലനാക്കുകയാണോ? അങ്ങനെ നെഗളിക്കാനും പേടിക്കാനുമൊന്നുമില്ലെന്നു കരുതിയ നാറാണത്തു ഭ്രാന്തന്റെ കാലം പോയി.

നാറാണത്തു ഭ്രാന്തൻ ചുടലക്കളത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ കുപിതയായെത്തിയ ഭദ്രകാളി പറഞ്ഞു: “എന്തു വേണമെങ്കിലും വരം വാങ്ങി നീ കടന്നു പോകൂ!“ കണ്ണു തിരുമ്മിയുണർന്ന ഭ്രാന്തൻ അലസമായി പറഞ്ഞു: “നീ എന്തു വരം തരാൻ? കഴിയുമെങ്കിൽ എന്റെ മരണം ഒരു ദിവസം വൈകിക്കൂ. അല്ലെങ്കിൽ, ഒരു ദിവസം നേരത്തെയാക്കൂ.“ രണ്ടും അസാധ്യമെന്നു കണ്ട ഭദ്രകാളി പരമമായ നിസ്സഹായതയുടെ, അലംഘനീയതയുടെ, നിദർശനമായിരുന്നു; ഭ്രാന്തൻ അതിന്റെ സാക്ഷിയും. ഒടുവിൽ ഭദ്രകാളിക്ക് തടി തപ്പാൻ വേണ്ടി അദ്ദേഹം ഒരു വിദ്യ പറഞ്ഞുകൊടുത്തു: ഒരു കാലിലെ മന്ത് മറ്റേ കാലിലേക്കു മാറ്റുക.

അത്രയൊക്കെയേ പറ്റൂ എന്നായിരുന്നു നാറാണത്തു ഭ്രാന്തന്റെ നിഗമനം. കാണാതാകുന്ന ലക്ഷക്കണക്കിനു പെൺകുട്ടികളും നല്ല നേരം നോക്കി മരിക്കുന്ന ഭാഗ്യവാന്മാരും തെളിയിക്കുന്നതാ‍കട്ടെ, അത്രയൊക്കെയല്ല പറ്റുകയെന്നും. നാൾ തോറും മനുഷ്യൻ ആർജ്ജിച്ചുവരുന്ന പുതിയ സ്വാതന്ത്ര്യത്തിൽ വിലസുന്നതോടൊപ്പം, സ്വാതന്ത്ര്യമെന്ന വേദനയെപ്പറ്റിയും ആലോചിക്കാൻ സമയമായി.

(malayalam news)

No comments: