ഫ്രാൻസിസ് ടി മാവേലിക്കരയുടെ ദ്രാവിഡവൃത്തം എന്ന നാടകത്തിൽ വിവരിക്കുന്ന ഒരു സംഭവം ഫ്രഞ്ചിൽ ഒരു സവിശേഷപദംകൊണ്ട് സൂചിപ്പിക്കപ്പെടുന്നു. Droit de seigneur. ഉച്ചാരണം സൂക്ഷിക്കണം. ദ്രോ ദെ സെന്യൂർ എന്നൊക്കെ പറയാം. ഉച്ചാരണത്തെക്കാൾ സൂക്ഷിക്കേണ്ടതാണ് അർഥം. മലയാളത്തിൽ ആ അർഥം സൂചിപ്പിക്കാൻ പല വാക്കുകൾ വേണം. ഫ്രാൻസിസ് മാവേലിക്കരയുടെ നാടകനിഗമനമനുസരിച്ച് അര നൂറ്റാണ്ടുമുമ്പുവരെയെങ്കിലും കേരളത്തിൽ നിലനിന്നിരുന്ന സമ്പ്രദായമാണത്രേ മലയാളത്തിൽ ഒറ്റ വാക്കിൽ പറയാൻ വയ്യാത്ത ആ പരിപാടി.
ആ പരിപാടിയെന്തെന്നോ? പുലയച്ചെറുക്കൻ കെട്ടിക്കൊണ്ടുവരുന്ന പെണ്ണിനെ ആദ്യരാത്രിയിൽ തമ്പുരാൻ അനുഭവിക്കുക--കാര്യമായ എതിർപ്പോ ചെറുത്തുനില്പോ ഇല്ലാതെ. നാടുവാഴി സാമന്തന്റെ വധുവിനെ ആദ്യരാത്രിയിൽ ഒരു അവകാശമെന്നോണം അനുഭവിച്ചറിയുന്ന ആചാരവുമായി അതിനെ ഇടതട്ടിച്ചുനോക്കുക. അവർ അതിനെ ഒരു പേരിട്ടു വിളിച്ച് പവിത്രമാക്കി. കേരളത്തിൽ പരസ്യമായി വെറുപ്പോടെ ഓർക്കപ്പെടുന്ന ആ ആചാരം ഫ്രഞ്ചുകാരിൽ ചിലർ ഇപ്പോഴും ചില വികൃതികളുടെ ന്യായീകരണമായി ഉന്നയിക്കുന്നു.
അന്തർദ്ദേശീയനാണയനിധിയുടെ തലവനായിരുന്ന ഡൊമിനിക് സ്റ്റ്രോസ് കാഹ്ൻ എന്ന ഫ്രഞ്ചുകാരൻ ഒരു ഹോട്ടൽ പരിചാരികയെ കഷ്ടപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടു കേട്ടതാണ് ദ്രോ ദെ സെന്യൂർ എന്ന ഫ്രഞ്ചു പദം. സംഭവം പുറത്തായ ഉടനേ, വിമാനം കേറിയ കാഹ്ൻ പിടിയിലായി, അമേരിക്കയിൽ ജയിലിലായി. ഫ്രാൻസിൽ രാഷ്ട്രപതി ആകാനിരുന്ന അദ്ദേഹത്തിന്റെ ഭാവി പോയി. സദാചാരയോദ്ധാക്കൾ അദ്ദേഹത്തെ വേട്ടയാടി. പക്ഷേ അദ്ദേഹത്തെ ന്യായീകരിക്കാൻ ആളുണ്ടായി. കേരളത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയോ പി ശശിയോ പി ജെ ജോസഫോ ചെയ്തതായി പറയുന്ന കാര്യങ്ങളെപ്പോലും പരസ്യമായി ന്യായീകരിക്കാൻ ആരും ധൈര്യപ്പെടാത്തതാണ് നമ്മുടെ ധാർമ്മികകാലാവസ്ഥ എന്നോർക്കണം.
നമ്മുടെ നാട്ടിൽ നോക്കിയാൽ ആപത്താകാം. നോക്കി ചിരിച്ചാൽ പറയുകയും വേണ്ട. തൃശൂർ തീവണ്ടിയാപ്പീസിൽ മുഴിഞ്ഞു കാത്തുനിൽക്കുകയായിരുന്നു. ഏതോ ഒരു
പെൺകുട്ടി എന്നെ സൂക്ഷിച്ചുനോക്കുന്നതു കണ്ടു. ആദ്യം ഞാൻ ഗൌനിച്ചില്ല. പിന്നെയും പിന്നെയും എന്റെ നേരെ നോക്കുന്നതു കണ്ടപ്പോൾ, പരിചയം ഇല്ലെങ്കിലും ചിരിക്കണം എന്നു തോന്നി. പുറത്തൊക്കെ അതാണ് പതിവ്. കണ്ടുമുട്ടുമ്പോൾ, കണ്ണിൽ കണ്ണ് കൊണ്ടുവെന്നു തോന്നുമ്പോൾ, വഴി മാറി പോകുന്നവരും പരിചയം ഇല്ലാത്തവരും ചെറുതായൊന്നു ചിരിക്കുന്നു, കാലാവസ്ഥയെപ്പറ്റിയോ കുശലം ചോദിച്ചോ എന്തെങ്കിലും ഉരിയാടുന്നു, അവരവരുടെ വഴിക്ക് നീങ്ങുന്നു. അതാണ് മര്യാദ. ആ മര്യാദ മനസ്സിൽ വെച്ചുകൊണ്ട്, എന്റെ നേരെ നോക്കുന്നുവെന്നു കരുതിയ പെൺകിടാവിനെ നോക്കി ഞാൻ ചിരിച്ചെന്നു വരുത്തി. അതു കണ്ടപാടേ അവർ മുഖം തിരിക്കുകയും കൂടെയുണ്ടായിരുന്ന ഒരു സ്ത്രീയോട് അടക്കം പറയുകയും ചെയ്തു. എനിക്കു പേടിയായി. പീഡനക്കാരനായി മുദ്ര കുത്തിയാലോ? പരാതി അന്വേഷിക്കുന്നതിനുമുമ്പ് അടി വീഴും. എനിക്കാണെങ്കിൽ അതു താങ്ങാൻ ത്രാണിയില്ല താനും. പീഡനമെന്ന പരാതിയാണെങ്കിൽ ആരും എന്തും വിശ്വസിച്ചുപോകുന്നതാണ് നമ്മുടെ കാലാവസ്ഥ.
ഫ്രാൻസിലെ രാഷ്ട്ര-ധന-വിദഗ്ധനായ കാഹ്ൻ നേടിയ പിന്തുണയൊന്നും ആർക്കും ഇവിടെ കിട്ടുകയില്ല. ബെർണാർഡ് ഹെൻറി ലെവി എന്നൊരു തത്വചിന്തകൻ രംഗത്തു വന്നു, വേട്ടയാടപ്പെടുന്ന നേതാവിനു പിന്തുണയുമായി. തത്വചിന്തകന്റെ വാദം ദ്വിമുഖമായിരുന്നു. ഒന്നാമതായി, അന്തർദ്ദേശീയതലത്തിൽ അനുഷ്ഠിക്കപ്പെട്ട ആ മാനഭംഗശ്രമത്തിന്റെ പേരിൽ, ഒരു നേതാവിനെ ഒരു സാധാരണക്കാരനെപ്പോലെ കൈകാര്യം ചെയ്തതു ശരിയായില്ല. രണ്ടാമതായി, ഒരു പരിചാരികയെ മാത്രം ജോലിക്ക് ഏർപ്പെടുത്തിയ ഹോട്ടൽ ഭരണവ്യവസ്ഥ ശരിയായിരുന്നില്ല. രണ്ടു പരിചാരികമാർ ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെ നടക്കുമായിരുന്നില്ല. അങ്ങനെയാകാം. പക്ഷേ രണ്ടു പരിചാരികമാരെയും ഒപ്പം പീഡിപ്പിക്കാൻ പ്രാപ്തനാണ് കഥാപാത്രം എന്നു വന്നാലോ?
ഫ്രഞ്ച് ധന-രാഷ്ടീയ-വിദഗ്ധനെ ന്യായീകരിക്കുന്ന കൂട്ടത്തിൽ പറഞ്ഞു കേട്ടതാണ് മേലാൾ കീഴാളന്റെ പെണ്ണിനെ രുചിച്ചുനോക്കുന്ന സമ്പ്രദായത്തിന്റെ പഴമയും സ്വീകാര്യതയും. ആരും അതിനെ പ്രകടമായി പവിത്രീകരിച്ചുകണ്ടില്ലെങ്കിലും, ആ ആചാരത്തെപ്പറ്റി ഈ പ്രകരണത്തിൽ പറയുന്നതു തന്നെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നുണ്ടല്ലോ. സമത്വത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി വിപ്ലവം നടന്നതും ഉദാത്തവും ഉദാരവുമായ ചിന്തകൾ ഉയർത്തിപ്പിടിച്ച റൂസ്സോയും വാൾടയറും ജീവിച്ചതും ഫ്രാൻസിലായിരുന്നു എന്നത് രസവിരുദ്ധമായ ഓർമ്മ. ആ ഓർമ്മയെ പുതിയ അനുഭവവുമായി ചേർത്തു കാണുക. ഹോട്ടൽ മുറിയിൽ പരിചാരികയെ കടന്നു പിടിച്ച് കാരാഗൃഹത്തിലായ ഭർത്താവിനെ നിലവിലുള്ള ഭാര്യ തള്ളിപ്പറഞ്ഞില്ല. നിലവിലുള്ള ഭാര്യയും പിരിഞ്ഞുപോയ ഭാര്യയും അദ്ദേഹത്തെ ആക്ഷേപിച്ചില്ലെന്നു മാത്രമല്ല, പെണ്ണുങ്ങളെ മെരുക്കിയെടുക്കാൻ അദ്ദേഹത്തിനുള്ള കഴിവിനെപ്പറ്റി അവർ തൊങ്ങൽ പിടിപ്പിച്ച വാക്കുകളിൽ സംസാരിക്കുകയും ചെയ്തിരിക്കുന്നു. ലോകം മുഴുവൻ പഴിച്ചാലും തങ്ങൾ ഭർത്താവിന്റെ ഒപ്പം നിൽക്കുമെന്ന ആ നിശ്ചയദാർഢ്യം പതിവ്രത്യത്തിന്റെ പുതിയൊരു മാനം കാഴ്ച വെക്കുന്നു. വീഞ്ഞും പാട്ടും തണലും തരുണീമണിയുമുണ്ടെങ്കിൽ ലോകത്തോട് കോർത്തുനിൽക്കാമെന്നു പാടിയത് ഒരു പശ്ചിമേഷ്യൻ കവിയായിരുന്നു.
സ്ത്രീകളെപ്പറ്റി രണ്ടു നല്ല വാക്ക് പറയേണ്ടതാണ് ഈ അവസരം. പീഡിപ്പിക്കപ്പെട്ടവരെ ഉദ്ദേശിച്ചല്ല ഈ പ്രസ്താവം. അവരെപ്പറ്റി നല്ലതു പറഞ്ഞതുകൊണ്ടായില്ലല്ലോ. അവർക്കു വേണ്ടത് നീതിയും സഹാനുഭൂതിയും സഹായവുമാണ്. സഹാനുഭൂതിക്കാണെങ്കിൽ ഒരു കുറവുമുണ്ടായിട്ടില്ല. നല്ല വാക്ക് പ്രത്യേകം പറയേണ്ടത് ശിക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യുന്ന പീഡകരുടെ ഭാര്യമാരെപ്പറ്റിയാകുന്നു. അഗ്നിയില്ലാത്ത ഒരു തരം പരീക്ഷയിലൂടെ കടന്നു പോകുകയായിരുന്നു അവരെല്ലാം. അവരാരും ഇഷ്ടപ്പെട്ടുകാണില്ല ഭർത്താക്കന്മാരുടെ പെരുമാറ്റത്തെ. ചീത്തപ്പേരിൽ പങ്കാളികളാകാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഭർത്താവിന്റെ സ്നേഹമോ ആനുകൂല്യമോ വേറൊരു സ്ത്രീക്ക് കിട്ടുന്നത് ഏതെങ്കിലും ഭാര്യ പൊറുക്കുമോ? കിടപ്പുമുറിയിൽ മാത്രമല്ല പൂമുഖത്തും കലഹം പൊട്ടേണ്ടതായിരുന്നു.
പൊട്ടിയില്ല. കിടപ്പുമുറിയിൽ ഭർത്താവിനെ അവരിൽ ആരെങ്കിലുമൊക്കെ ഭർത്സിച്ചുകാണും. പക്ഷേ പീഡകനെന്ന പട്ടം ചാർത്തിക്കിട്ടുന്ന ഭർത്താവിനെ ഒരു ഭാര്യയും ഇതുവരെ പരസ്യമായി ശകാരിക്കുന്നതു കേട്ടിട്ടില്ല. നാട്ടിലെങ്ങും ചീത്ത വിളിക്കപ്പെടുന്ന ഒരാളെ വീട്ടിലും ചീത്ത വിളിച്ചു ശല്യപ്പെടുത്തേണ്ടെന്നു കരുതിയാകാം. എന്തായാലും ഭർത്താവ് നാണം കെട്ടിരിക്കുന്ന നേരത്ത് ഭാര്യ കൂടി പുളിച്ച തെറിയുമായി നേരിടാതിരുന്നത് ആരുടെയോ ഭാഗ്യം! ഭാര്യയുടെ സൌമനസ്യം! അതിന്റെ പേരിൽ രണ്ടു നല്ല വാക്ക് പറയേണ്ടേ? പദവിയും പ്രശസ്തിയും സമ്പത്തുമുള്ള ഭർത്താവിനെ ഒരു പീഡനകഥ മാത്രം മുൻ നിർത്തി ശത്രുവായി പ്രഖ്യാപിക്കാനും എളുപ്പമല്ല എന്ന് അർഥം വെച്ച് ചിലർ പറയുന്നതു കേൾക്കാം. അതിൽ അല്പമൊക്കെ ശരിയും കാണാം. എന്തൊക്കെയായാലും അവമാനത്തിന്റെ മുഹൂർത്തത്തിൽ ഭർത്താവിനെ പരസ്യമായി പഴി പറയാതിരുന്ന ഭാര്യമാരുടെ മനോബലം കുറച്ചു കാണാൻ വയ്യ. ചിലരാകട്ടെ, ഭർത്താവിന്റെ വികൃതികളെ ന്യായീകരിക്കുകയും പുകഴ്ത്തുകയും ചെയ്തിരിക്കുന്നു!
ഒരു സത്യം കൂടി വീണ്ടും വെളിവാകുന്നു. പണ്ട് നമ്പ്യാർ പറഞ്ഞത് ലക്കിടിയിലും അമ്പലപ്പുഴയിലും മാത്രമല്ല, അദ്ദേഹത്തിന്റെ കാലത്തു മാത്രമല്ല, എന്നും എവിടെയും ശരിയായിരിക്കുന്നു: പണവും പെണ്ണും തന്നെ വഴക്കിനു കാരണം. കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം. ആ ഉലകിൽ കോഴിക്കോടും കണ്ണൂരും ചെന്നെയും കാലിഫോർണിയയും പാരിസും തീർച്ചയായും ഉൾപ്പെടും. പെണ്ണിനെ പീഡിപ്പിച്ചാൽ, പണം തിരിമറി ചെയ്താൽ, വക്കാണമാവുമെന്ന് മൂന്നു തരം. കുടുംബന്ധം മാറട്ടെ, രതിസംസ്കാരം മാറട്ടെ, കാളവണ്ടിയിൽനിന്ന് ക്വാണ്ടം ബലതന്ത്രത്തിലേക്ക് എത്തട്ടെ, ഗുഹയിൽ കഴിഞ്ഞിരുന്നവൻ ബഹിരാകാശത്തിൽ വിനോദസഞ്ചാരത്തിനിറങ്ങട്ടെ--എന്തൊക്കെയായാലും, പണം തട്ടുന്നതും സ്ത്രീകളോട് പരാക്രമം കാട്ടുന്നതും ഇന്നും അക്രമമായി തുടരുന്നു, എന്നുമെന്ന പോലെ. ആ വിചിത്രസ്വരമുള്ള ഫ്രഞ്ച് പദവും ആ തത്വചിന്തകന്റെ വിതണ്ഡവാദവും വിചിത്രവും വിതൺദവുമായേ ലോകം കണക്കാക്കുകയുള്ളു. ധർമ്മസന്ധിയിൽ വാ മൂടിയ ആചാര്യന്മാർ പണ്ടുമുണ്ടായിരുന്നു. സ്ത്രീയുടെ തുണിയുരിഞ്ഞപ്പോൾ കുനിഞ്ഞിരുന്ന അവരുടെ മൌനത്തിന് മഹാഭാരതം ഇന്നേ വരെ മാപ്പു കൊടുത്തിട്ടില്ല. ചരിത്രം കണ്ട ഏറ്റവും ഭയാനകമായ യുദ്ധത്തിനു കാരണമായ ആ ചെയ്തി--സ്ത്ര്രീപീഡനം--തികഞ്ഞ ദുരാചാരത്തിന്റെ പട്ടികയിൽത്തന്നെ കിടക്കുന്നു, ഇന്നും എങ്ങും.
(malayalam news may 30)
No comments:
Post a Comment