ഇനിയും തെളിവു വേണമെങ്കിൽ, തിരുവനന്തപുരത്തെ ശ്രീ പത്മനാഭക്ഷേത്രത്തിൽനിന്ന് അതു വീണ്ടും വന്നിരിക്കുന്നു. തെളിയിക്കപ്പെടുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി, ദേവത്വവും രാജത്വവും മനുഷ്യത്വം ഉള്ളിടത്തോളമെങ്കിലും നിലനിൽക്കും. രണ്ടാമതായി, ധനസ്ഥിതി മനുഷ്യന്റെ ദേവ-രാജസങ്കല്പത്തെ നിർണ്ണയിച്ചുകൊണ്ടേയിരിക്കും.
റിച്ചർഡ് ഡോക്കിൻസും സാം ഹാരിസും പ്രഗൽഭമായ രീതിയിൽ, പ്രചണ്ഡമായ രീതിയിൽ, ശ്രമിച്ചുനോക്കിയതാണ് ദൈവം ഇല്ലെന്നു സ്ഥാപിക്കാൻ. അവരുടെ മട്ടും മാതിരിയും കണ്ടാൽ തോന്നും അവരാണ് അതിനു വേണ്ടി ആദ്യം കോപ്പു കൂട്ടി ഇറങ്ങിയവരെന്ന്. നമ്മുടെ സ്വന്തം ഇടമറുകും എം സി ജോസഫും പി സി കടലുണ്ടിയും പഠിച്ചതും പഠിക്കാത്തതുമായ പണിയെല്ലാം ചെയ്തു. ഇടക്ക് ഏ ടി കോവൂരും യുക്തിവാദവും മാനസികാപഗ്രഥനവുമൊക്കെയായി പത്രത്തിൽ കുറെ കാലം വിലസി. അവർക്കൊക്കെ എത്രയോ മുമ്പ് ചാർവാകൻ വാദിച്ചുനോക്കിയിരുന്നു. കാലം ഏറെ കഴിഞ്ഞ്, പുതിയത് എന്ന് അദ്ദേഹം കരുതിയ വിളംബരവുമായി നീത്ഷേ വന്നു പോയിട്ട് ഒരു നൂറ്റാണ്ട് ആയതേയുള്ളു. ദൈവത്തിന്റെ തിരോധാനത്തെപ്പറ്റിയുള്ള നീത്ഷേയുടെ വിളംബരം വരുമ്പോൾ, ഇടക്കിടെ അദ്ദേഹം മതിഭ്രമത്തിൽ പെട്ടുപോയിരുന്നുവെന്നത് വേറെ കാര്യം. ഏതായാലും അവരുടെ പണിയൊന്നും ഫലിച്ചില്ല. വിശ്വാസം ഏറിവരുന്നുവെന്നതാണ് സത്യം. തെളിവില്ലാതെ നാം അറിയുന്ന സത്യം.
തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ നിധി കണ്ടെത്തിയപ്പോൾ, ദേവ-രാജവിശ്വാസം പിന്നെയും ബലപ്പെടുകയായിരുന്നു. നിധിയുടെ വൈപുല്യത്തിന്റെ അനുപാതത്തിൽ വിശ്വാസം ബലപ്പെട്ടുവെന്ന് ഞാൻ പറയും. ആരോ ശുപാർശ ചെയ്ത്, ഹൈദരാബാദിലെ ഒരു മാധ്യമപ്രവർത്തക, വൈജയന്തി, എന്നെ വിളിച്ചു, വിശ്വാസത്തിന്റെ വളർച്ചയെപ്പറ്റി സംസാരിക്കാൻ. എന്താണ് ഈ ക്ഷേത്രത്തിന്റെ ആകർഷണം? എന്റെ ഉത്തരത്തിന് രണ്ടു ഭാഗം ഉണ്ടായിരുന്നു. ഒരു ലക്ഷം കോടി രൂപ വില വരുന്ന ആടയാഭരണങ്ങൾ സൂക്ഷിക്കുന്ന സ്ഥലം എന്നതു തന്നെ ഇപ്പോഴത്തെ ഒരു ആകർഷണം. രാജാവിന്റെ ദേവാലയം ആണെന്നതാണ് ജനസാമാന്യത്തെ ആകർഷിക്കുന്ന രണ്ടാമത്തെ കാര്യം.
വൈജയന്തിയുടെ ചോദ്യത്തിനു മറുപടി പറഞ്ഞുകൊണ്ട് ഞാൻ ചരിത്രത്തിലേക്കും ഭൂമിശാസ്ത്രത്തിലേക്കും ധനശാസ്ത്രത്തിലേക്കും മനശ്ശാസ്ത്രത്തിലേക്കും പോയി. കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും, വിശേഷിച്ച് തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും രണ്ടു ക്ഷേത്രങ്ങളുടെ, ഉല്പത്തിക്കഥയിൽ പ്രായശ്ചിത്തത്തിന്റെ മനശ്ശാസ്ത്രം വായിച്ചെടുക്കാം. ഞാൻ വൈജയന്തിയോടു പറഞ്ഞു, രാജാവിന്റെ പ്രായശ്ചിത്തവുമായി ബന്ധപ്പെട്ടതുകൊണ്ടാകാം, തിരുവനന്തപുരത്തിന്റെ മനസ്സിൽ ആ ക്ഷേത്രത്തിന് ഒരു സവിശേഷസ്ഥാനം ഉണ്ടായി.
പതിനെട്ടാം നൂറ്റാണ്ടിൽ വേണാട് നേരിട്ട ശൈഥില്യം മറി കടന്ന്, അതിരുകൾ പുറകോട്ടു തള്ളി മാറ്റി, അയൽ പക്കത്തെ വെട്ടിപ്പിടിച്ച് വലിയൊരു രാജ്യം രൂപപ്പെടുത്തിയ ആളായിരുന്നു അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ. ഓരോ ആക്രമണത്തിലും അറിയപ്പെടാത്ത അവകാശധ്വംസനത്തിന്റെയും ഓർമ്മിക്കപ്പെടാത്ത ദുരിതത്തിന്റെയും പ്രമാണം ഉണ്ടായിരുന്നു. നാമജപത്തിന് ഇറങ്ങുമ്പോഴോ പള്ളിയറയിലേക്കു നീങ്ങുമ്പോഴോ മാർത്താണ്ഡവർമ്മ തന്റെ ഉടവാളിൽ പുരണ്ടിരുന്ന ചോര ഒരു നിമിഷം നോക്കിനിന്നിരിക്കും. കലിംഗയുദ്ധത്തിനുശേഷം അശോകനിൽ ഉണർന്ന പശ്ചാത്താപം അദ്ദേഹത്തെ ആവേശിച്ചിരിക്കും. ഒരു രാജാവിന്റെ പ്രായശ്ചിത്തമെന്നോണം രാജ്യം മുഴുവൻ തൃപ്പടിദാനമായി കൈവരുന്ന ക്ഷേത്രം ആളുകളിൽ കൌതുകമുണർത്തുന്നത് സ്വാഭാവികമായിരുന്നു.
ഏറനാട്ടുകാരൻ ഒരു നായർ പ്രമാണിയുടെ പ്രായശ്ചിത്തത്തിൽനിന്ന് ഒരു പണ്ഡിതസദസ്സ് രൂപം കൊണ്ടു കോഴിക്കോട്ട്. “ചത്തും കൊന്നും അടക്കിക്കൊൾക” എന്ന ഹിംസാത്മകമായ ഉപദേശം അഴിച്ചുവിട്ട് നാടുവിട്ട അവസാനത്തെ ചേരമാൻ പെരുമാളുടെ നെടിയിരുപ്പിലെ സാമന്തൻ അക്ഷരം പ്രതി ആ വചനം പിൻ തുടരുകയായിരുന്നു. നേരത്തേ കോഴിക്കോട്ടെ തളി ക്ഷേത്രത്തെ ചുറ്റിപ്പറ്റി വളർന്നിരുന്ന അധികാരകേന്ദ്രത്തെയും, മറ്റു പലതിനെയും പോലെ, അദ്ദേഹം കീഴ്പ്പെടുത്തി. തളിയിൽ നടത്തിയ കൊല കാരണം സാമൂതിരിയുടെ കുടുംബത്തിൽ സന്തതി അറ്റുപോകുമെന്ന ഭയമായി. ആ പാപത്തിനുള്ള പ്രായശ്ചിത്തമായി തുടങ്ങിയതാണ് രേവതി പട്ടത്താനം.
മറ്റുള്ളവരുമായി ഇട തട്ടിച്ചുനോക്കുമ്പോൾ നന്നേ കൊച്ചായ കൊച്ചിത്തമ്പുരാനും അദ്ദേഹത്തിന്റേതായ പാപവും പ്രായശ്ചിത്തവും കാണും. കാടു വെട്ടുന്നതിനെതിരെ കലി തുള്ളി വന്ന വെളിച്ചപ്പാടിന്റെ തല അറുത്ത ശക്തൻ തമ്പുരാനെ ഇന്നേ വരെ നമ്മൾ ശക്തനായേ കണ്ടിട്ടുള്ളു. അദ്ദേഹം ചെയ്തുപോയതിലൊന്നും പാപത്തിന്റെ കറ പുരണ്ടതായി ആരും വ്യാഖ്യാനിച്ചിട്ടില്ല. കാലം ചെല്ലുമ്പോൾ, ചരിത്രസന്ധികളെയും മൂല്യസങ്കല്പങ്ങളെയും പുതുതായി വിലയിരുത്തുമ്പോൾ, അങ്ങനെയും ഒരു വ്യാഖ്യാനം വന്നു കൂടായ്കയില്ല.
അനന്തപുരിയിലെ പുതിയ നിധിദർശനത്തിൽനിന്ന് വേറെ ചില പഴയ കാര്യങ്ങളും വെളിച്ചം കൊള്ളുന്നുണ്ട്. തിരുവിതാംകൂറിലെ കുട്ടികൾ പാടിയിരുന്ന ആ പഴയ പാട്ടുണ്ടല്ലോ, “ശ്രീവഞ്ചിഭൂപാ...” എന്നു തുടങ്ങുന്ന ആ വിദ്യാരംഭഗാനം, അതിന്റെ സത്ത ഉൾക്കൊള്ളുന്ന വിധത്തിൽ രാജാപദാനം പാടാൻ നിധിദർശനം ഒന്നുകൂടി അവസരം ഉണ്ടാക്കിയിരിക്കുന്നു. ക്ഷേത്രത്തിൽനിന്ന് ഒന്നും എടുക്കാതെ, എല്ലാം ക്ഷേത്രത്തിനു കൊടുത്തുപോന്ന രാജകുടുംബത്തിന്റെ മഹാമനസ്കതക്ക് നിദർശനമായി കാണുന്നു പലരും പുതിയ നിധിദർശനത്തെ. ഇത്രയും കാലം അത്രയും വലിയൊരു നിധി ആപത്തൊന്നും വരാതെ കാത്തുപോന്ന രാജകുടുംബത്തെ വാഴ്ത്താൻ വാക്കുകളില്ല. പരുക്കനായി പറഞ്ഞാൽ, അടിച്ചെടുക്കാമായിരുന്നതൊന്നും തൊട്ടില്ല എന്നു വ്യംഗ്യം. ഒരു കുസൃതിക്ക് അവിടെയും വക കാണുന്നു. എന്തൊക്കെ, എപ്പോഴൊക്കെ, ആരൊക്കെ ക്ഷേത്രത്തിന് ദാനം ചെയ്തിരുന്നു എന്നതിന്റെ പ്രമാണം നോക്കിയാലല്ലേ അതെല്ലാം അവിടെയുണ്ടെന്ന് ഉറപ്പിക്കാൻ പറ്റൂ? അങ്ങനെയൊരു പ്രമാണം ഉണ്ടോ? അതൊന്നും ഇതുവരെ ആരും തിരക്കിയിട്ടില്ല.
പഴയൊരു സംസ്കൃതവചനം ഓർമ്മ വരുന്നു. യസ്യാസ്തി വിത്തം സ: നര: കുലീന: സ: ഏവ പണ്ഡിത: പണമുള്ളവൻ കേമൻ, കോവിദൻ എന്ന് അർഥം പറയാം. ക്ഷേത്രത്തിന്റെ കാര്യത്തിലും അതു ബാധകമാണെന്ന് വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുന്നു. സമ്പത്ത് ഉണ്ടാക്കാൻ സഹായിക്കുകയോ സമ്പത്തിന് ഉടമയായിരിക്കുകയോ ചെയ്യുന്ന ദേവാലയത്തിൽ ആളുകൾ തിക്കിക്കേറും. ഏറെ ആളുകളുടെയും പ്രാർഥനക്ക് ധനശാസ്ത്രപരമായ ഒരു മാനം ഉണ്ടാകുമെന്നാണ് എന്റെ അനുഭവവും അനുമാനവും. അത്ഭുതാവഹമായ ധനത്തിന്റെ ശേഖരമെന്നു തെളിയുന്ന അനന്തപുരിയിലെ ക്ഷേത്രം കാത്തുരക്ഷിക്കാൻ ഇനി ഒരു വലിയ വ്യൂഹം സായുധസേന തന്നെ വേണ്ടി വരും. വിശ്വാസികളും അല്ലാത്തവരും അതിനു മുന്നിൽ കോൾമയിർ കൊണ്ടു നിൽക്കുന്ന കാഴ്ചക്കായി നമുക്ക് കാത്തിരിക്കാം.
രാജാക്കന്മാർക്ക് ഇതൊക്കെ ദാനം ചെയ്യുകയും ക്ഷേത്രത്തിന് ഇതൊക്കെ ഏറ്റുവാങ്ങുകയുമേ ചെയ്യേണ്ടിയിരുന്നുള്ളു. ഇതൊക്കെ എങ്ങനെ ഉണ്ടായി? ഇത്രയും സ്വർണ്ണവും വൈരവുമൊക്കെ എവിടന്നു വന്നു? ഇതൊക്കെ പണിതുണ്ടാക്കാൻ എത്ര തട്ടാന്മാർ എത്ര കൊല്ലമെടുത്തു? അവർക്ക് എന്തു വരുമാനമുണ്ടായിരുന്നു? ആ കരകൌശലം ഓർമ്മ പോലും അല്ലാതായോ? അപ്രസക്തമായ, ചിലരെയെങ്കിലും അലോസരപ്പെടുത്താവുന്ന അത്തരം ചില ചോദ്യങ്ങളും എന്റെ മനസ്സിൽ പൊട്ടിത്തെറിച്ചു. ഉത്തരത്തിനായി ഞാൻ പഴയ സമാന്തരകഥകളിലേക്ക് ഊളിയിട്ടു. താജ് മഹൽ ഉയർന്ന ശേഷം, അതു പോലെ വേറൊന്ന് ഉയർത്താതിരിക്കാൻ, മുഖ്യശില്പിയെ ഷാ ജഹാൻ വക വരുത്തിയെന്ന് ഒരു കഥ പറയുന്നു. കഥ ശരിയായലും തെറ്റായാലും, ആ ശില്പിയെ നമ്മൾ ഓർക്കാറില്ല. സാഹിർ ലുധിയാൻവിയുടെ ഗാനം ഞാൻ ഓർത്തു: “തന്റെ പ്രേമത്തിന്റെ സ്മാരകം തീർക്കുമ്പോൾ, ഒരു ചക്രവർത്തി പാവപ്പെട്ട നമ്മുടെ ദു:ഖത്തെ പരിഹസിച്ചു...”
(malayalam news july 10)
No comments:
Post a Comment