മാസ്റ്റർചെഫ് ആസ്റ്റ്രേലിയൻ എന്ന പാചകപരിപാടി ടെലിവിഷനിൽ കണ്ടു രസിക്കുന്ന അസാധ്യരായ രണ്ടു പേരെ എനിക്കറിയാം. ഒന്ന് എട്ടു വയസ്സുകാരി ഗൌരി. അമ്മയും അഛനുമൊത്ത് അവൾ ആവുമ്പോഴൊക്കെ പരിപാടി കാണുന്നു, കമന്റ് അടിക്കുന്നു. മറ്റേത് ദലായ് ലാമ. അദ്ദേഹം ആ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു, വിഭവങ്ങൾ രുചിച്ചുനോക്കുന്നു, കൂടുതൽ നല്ലതേതെന്ന് വിധി പറയുന്നു. എന്നിട്ട് അദ്ദേഹം ഇത്ര കൂടി പറഞ്ഞുവെക്കുന്നു: “ഒന്നിലും ഒരിക്കലും വിധി പറയരുത്.“
എണ്ണത്തിൽ നന്നേ ചെറിയ ഒരു സമൂഹത്തിന്റെ ആചാര്യപദവിയേ അദ്ദേഹത്തിനുള്ളു. എങ്കിലും താരമൂല്യമുള്ള ലോകഗുരുവായി ദലായ് ലാമ വാഴ്ത്തപ്പെടുന്നു. തന്റെ നാടു വിട്ട് വേറൊരു നാട്ടിൽ ആശ്രമം കെട്ടിപ്പൊക്കുകയും ആ നാട്ടിന്റെ സഹായമില്ലാതെത്തന്നെ നൊബേൽ സമ്മാനം നേടുകയും ചെയ്യുന്നത് ചില്ലറ കാര്യമല്ല. പഴയ നാട്ടിനെ കയ്യടക്കിയ കമ്യൂണിസ്റ്റ് ഭരണാധികാരികളുമായി കോർത്തുനിന്നപ്പോൾ, അഭയം നൽകി ആദരിച്ച പുതിയ നാട്ടിന് ഒരു വമ്പൻ ശത്രുവിനെ കിട്ടി. അതു വഴി ഒരു യുദ്ധം ഉണ്ടായി. എന്നിട്ടും ദലായ് ലാമയോട് മറുത്തൊരക്ഷരം പറയാൻ ഇന്ത്യക്കായില്ല. അതാകാം ബുദ്ധമതത്തിന്റെയും നൊബേൽ സമ്മാനത്തിന്റെയും പവർ.
ദലായ് ലാമ പറയുന്നതെന്തും വാർത്തയാവും. പാചകപരിപാടിയിൽ വിധികർത്താവായി അവതരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ അഭിപ്രായവും സ്വാഭാവികമായും വാർത്തയായി. അവസാനമായി ഒന്നിനെപ്പറ്റിയും അഭിപ്രായം പറയരുതെന്നായിരുന്നു ആ അഭിപ്രായം. ഒരു വിഭവം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, മറ്റൊന്ന് അത്ര തന്നെ ഇഷ്ടപ്പെട്ടില്ല. അതു പറഞ്ഞ നാക്കുകൊണ്ടുതന്നെ അദ്ദേഹം കൂട്ടിച്ചേർത്തു, അങ്ങനെ വിധി പറയാൻ പാടില്ല. ബുദ്ധമതം അന്തിമമായ വിധിപ്രസ്താവനക്ക് എതിരാകുന്നു. ഓരോ വിധിയിലും ഇഷ്ടവും അനിഷ്ടവും തെളിയുന്നു. അതേ ഈണത്തിൽ ആറാം നൂറ്റാണ്ടിലെ ഒരു സെൻ ബുദ്ധസന്യാസി പറയുകയുണ്ടായി: “ഇഷ്ടത്തെയും അനിഷ്ടത്തെയും ഏറ്റുമുട്ടിക്കാനുള്ള പ്രവണത മനസ്സിന്റെ രോഗമാകുന്നു.”
ഒന്നിലും തീരുമാനമെടുക്കരുതെന്ന് അതിനർഥമാക്കിയാൽ കുഴയും. ഗുണവും ദോഷവും തമ്മിൽ തിരിച്ചുപറയാതിരുന്നാൽ ആപത്താകും. ഒന്നിനെപ്പറ്റിയും തീർപ്പു കല്പിക്കരുതെന്ന തീർപ്പും ഒരു തീർപ്പ് ആണല്ലോ. കുറെക്കൂടി വിശാലമായ അർഥത്തിൽ വേണം വിധിനിഷേധങ്ങളെപ്പറ്റിയുള്ള ബുദ്ധചിന്ത മനസ്സിലാക്കാൻ. കുപ്രസിദ്ധനായ ചന്ദ്രസ്വാമി ഡൽഹിയിൽ കെട്ടിവന്നിരുന്ന കൂറ്റൻ ആശ്രമത്തിനടുത്ത് കർമ്മാപ്പ ലാമയുടെ കേന്ദ്രത്തിൽ ഞാൻ ഇടക്കും തലക്കും പോകുമായിരുന്നു. ആധ്യാത്മികതയിൽ ദലായ് ലാമയെക്കാൾ പാരമ്പര്യമുണ്ടായിരുന്ന ആചാര്യനാണ് കർമ്മാപ്പ. അദ്ദേഹത്തിന്റെ ശിഷ്യനായ ശമർ റിമ്പോച്ചെ എനിക്കു വേണ്ടി തീൻ മേശ ഒരുക്കി. മുന്തിയ മദ്യവും വിശിഷ്ടവിഭവങ്ങളും അദ്ദേഹം എനിക്കായി കരുതി വെച്ചു. പച്ചക്കറി മാത്രം കഴിക്കുന്ന എന്നെ നോക്കി അദ്ദേഹം ചിരിച്ചുകൊണ്ടു പറന്നു: “കുട്ടീ, താങ്കൾ പച്ചക്കറി മാത്രം ഭക്ഷിക്കുന്നു. സന്യാസിയായ ഞാൻ മീനും ഇറച്ചിയും കഴിക്കുന്നു....”
ശമർ റിമ്പോച്ചേ എന്തു കരുതിയോ ആവോ? എന്റെ മനസ്സിൽ തെറ്റിനെപ്പറ്റിയും ശരിയെപ്പറ്റിയും കലമ്പലായി. സസ്യഭോജനത്തെ മേന്മയായി കാണാൻ ശീലിച്ച ആളാണ് ഞാൻ. വാസ്തവത്തിൽ ഞാൻ ചെയ്യുന്നു എന്നതാണ് അതിന്റെ മേന്മ. എന്റെ ഇഷ്ടമാണ് വിധിയുടെ നിയാമകഘടകം. ഒന്നിനെയും അടച്ച് ആക്ഷേപിക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യരുതെന്ന ബുദ്ധവിചാരത്തിന്റെ ആധാരവും അതു തന്നെ. ജീവിതത്തെയും പ്രപഞ്ചത്തെയും ഏകവർണ്ണമാക്കാനുള്ള പ്രവണതക്കെതിരെ അതു പ്രവർത്തിക്കുന്നു.
അടുക്കളയിൽ ആവർത്തിക്കാറുള്ള ഒരു യുദ്ധത്തിന്റെ കാരണവും പരിണാമവും ഇവിടെ കുറിക്കട്ടെ. ഭാര്യയെ സഹായിക്കാൻ ചെല്ലുന്ന ഞാൻ സാമ്പാറിന് വെള്ളരിക്ക നുറുക്കുന്നു. വലിയ വലിയ കഷണങ്ങൾ ഞാൻ അരിഞ്ഞെടുക്കുന്നു, ഭാര്യ അരിഞ്ഞെടുത്ത ചില കൊച്ചുകഷണങ്ങളെ നോക്കി അരിശം കൊണ്ടുകൊണ്ട്. സാമ്പാറിന്റെ കഷണങ്ങൾ ചെറുതല്ല, വലുതാവണം എന്നു ഞാൻ തീർപ്പു കല്പിച്ചു, ഭാര്യയെ തിരുത്തുകയും ശാസിക്കുകയും ചെയ്തു. “എന്ന് ആരു പറഞ്ഞു?” എന്നൊരു ചോദ്യം ഉടനടി ഉണ്ടായി. തീർത്തും പ്രസക്തമായ ആ ചോദ്യം, തീർപ്പു കല്പിക്കാൻ എനിക്ക് എവിടന്ന് അധികാരം കിട്ടിയെന്ന ആ ചോദ്യം, ശരിയാണെങ്കിലും എന്നെ അരിശപ്പെടുത്തുന്നു. പിന്നെ അരിശം പകർച്ചപ്പനിയായി പൊള്ളുന്നു.
തെറ്റ് ഏത്? ശരി ഏത്? എടുത്തടിച്ച് ഒരു തീർപ്പ് പറയാതിരിക്കുകയാണ് നല്ല തീർപ്പ്. ഓരോ ആളും ഓരോ തീർപ്പ് ആകുമ്പോൾ കലഹം പൊട്ടുന്നു. നമ്മളാകട്ടെ, ആ സെൻ സന്യാസി തിരിച്ചറിഞ്ഞ മാനസികരോഗത്തിൽനിന്ന് വിടുതലാകാതെ, എപ്പോഴും നമ്മുടെ ഇഷ്ടങ്ങളുടെ മേന്മ ഘോഷിച്ചുകൊണ്ട് കലഹത്തിന് കച്ച കെട്ടി ഇറങ്ങുകയും ചെയ്യുന്നു.
ഞാനും കുര്യനും കൂടി ഒരു ഡോക്റ്ററെ കണ്ടു. എന്നെ പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞു: “ഒരു കുഴപ്പവുമില്ല. മരുന്നൊന്നും വേണ്ട.“ കുര്യന് സംശയമായി. ഈ ഡോക്റ്ററുടെ മട്ടും മാതിരിയും കണ്ടിട്ട് ആൾ മണ്ടനാണെന്നു തോന്നുന്നു. നമുക്ക് വേറെ ആരെയെങ്കിലും കാണാം. കുര്യന്റെ തീർപ്പ് ഉടനുടനായിരുന്നു. പിന്നെ കുര്യനും ഞാനും കൂടി വേറൊരു ഡോക്റ്ററെ കണ്ടു. അദ്ദേഹം ഒന്നും മിണ്ടാതെ കുറെ മരുന്ന് എഴുതി. കുര്യന്റെ തീർപ്പ് വീണ്ടും ഉടനേ വന്നു: “ഇയാൾ ഏതോ മരുന്നു കമ്പനിയുടെ ഏജന്റ് ആണെന്നു തോന്നുന്നു.”
തീർപ്പിനുള്ള പ്രലോഭനം എപ്പോഴും എവിടെയും കാണും. പക്ഷേ ഓരോ തീർപ്പും അതിനു വിധേയനാകുന്ന ആളെ മിക്കപ്പോഴും സ്പർശിക്കാതെ പോകുന്നു; തീർപ്പു കല്പിക്കുന്ന ആളോ, തന്റെ തീർപ്പിന്റെ അർഥാനർഥങ്ങൾ ആലോചിച്ച് അസ്വസ്ഥനാകുന്നു. ആരെപ്പറ്റി തീർപ്പു പറയുന്നവോ, ആ ആൾ കേട്ടാൽ, പുതിയ ഒരു വഴക്കിന് വഴി ഒരുങ്ങുകയും ചെയ്യുന്നു.
ആറാം നൂറ്റാണ്ടിലെ സെൻ സന്യാസി തിരിച്ചറിഞ്ഞതാണ് മനുഷ്യന്റെ ഏറ്റവും വലുതും പഴയതുമായ പ്രലോഭനം എന്നു തോന്നുന്നു: വിധി പറയുക. ആരെ കണ്ടാലും, എന്ത് നേരിട്ടാലും, അതിനെപ്പറ്റി ഖണ്ഡിതമായി ഒരു അഭിപ്രായം പറയുക. വേറൊരു കണ്ണിലൂടെ, വേറൊരു കോണിലൂടെ, നോക്കിയാൽ, വിധി വേറൊന്നാകാം. അങ്ങനെ ഒരു ചിന്ത വിധികർത്താവിന്റെ മനസ്സിൽ മിന്നുകയില്ല. തന്റെ അഭിപ്രായത്തെ ലോകത്തിന്റെ മേൽ അടിച്ചേല്പിക്കാനുള്ള വെപ്രാളത്തിൽ, തന്റെ അഭിപ്രായം ആത്യന്തികമാകണമെന്ന ശാഠ്യത്തോടെ, പുറപ്പെടുവിക്കുന്നതാണ് ആ വിധി. ഇഷ്ടത്തെയും അനിഷ്ടത്തെയും ഏറ്റുമുട്ടിക്കുകയെന്ന ആ രോഗത്തിന്റെ ലക്ഷണം സെൻ സന്യാസി എടുത്തു പറഞ്ഞെവെന്നേയുള്ളു.
സ്വതന്ത്രമായ വിധി പറയണമെങ്കിൽ ആവശ്യമാണെന്ന് ബുദ്ധമതം അനുശാസിക്കുന്ന മനോഭാവത്തെ പാലി ഭാഷയിൽ “ഉപേഖ” എന്നു പറയുന്നു. സംസ്കൃതത്തിലും നമ്മുടെ ഭാഷയിലും അത് “ഉപേക്ഷ” ആകുന്നു. അപേക്ഷയുടെ ഏതാണ്ട് വിപരീതമായ ഭാവം. എന്റെ ഇഷ്ടത്തെ കേന്ദ്രീകരിച്ചുകൊണ്ടു പറയുന്ന വിധിയെ സ്വതന്ത്രമാക്കണമെങ്കിൽ, എന്റെ ഇഷ്ടാനിഷ്ടങ്ങളുടെ നേരെ ഒരു തരം “ഉപേക്ഷ” ഉണ്ടായിരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്റേതല്ലാത്ത രീതിയിലും യാഥാർത്യത്തെ നോക്കിക്കാണാം എന്ന വിചാരം മനസ്സിൽ ഉറച്ചിരിക്കണം. അപ്പോൾ ഒന്നിനെപ്പറ്റിയും അടച്ചാക്ഷേപിച്ചോ ആശ്ലേഷിച്ചോ ഉടനടി വിധി പറയാൻ തോന്നാതെ വരും. ദലായ് ലാമ ചെയ്റ്റതുപോലെ, ആസ്ട്രേലിയൻ പാചകവിദഗ്ധൻ ഉണ്ടാക്കിയ ശ്രീലങ്കൻ പച്ചക്കറി വിഭവം നന്നായെന്നു പറയുമ്പോൾ തന്നെ, മറ്റൊന്നും നന്നായില്ലെന്നു പറയില്ലെന്ന നിലപാട് എടുക്കുകയും ചെയ്യുന്ന സുവർണമധ്യമാർഗ്ഗം അപ്പോൾ അഭിലഷണീയവും സുരക്ഷിതവുമായി തോന്നും.
(malayalam news july 25)
No comments:
Post a Comment