Tuesday, September 6, 2011

പ്രതിക്കൂ‍ട്ടിൽ ന്യായാധിപൻ

സൌമിത്ര എന്നു കേട്ടാൽ അടുത്ത കാലം വരെ ഒരു ബിംബമേ മനസ്സിൽ വിടർന്നിരുന്നുള്ളു: സത്യജിത് റായിയോടൊപ്പം നടനായി പേരെടുത്ത സൌമിത്ര ചാറ്റർജിയുടെ. മുഖലക്ഷണമൊന്നും പറയുന്നില്ല. പറഞ്ഞതെല്ലാം പിഴച്ചെന്നാണ് ചരിത്രം. സൌന്ദര്യമോ സാത്വികത്വമോ നിശ്ചയദാർഢ്യമോ, എന്താണ് ആ ചതുരമുഖത്തിൽ വിളങ്ങുന്നതെന്ന് സാമുദ്രികശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കട്ടെ. അല്ലെങ്കിൽ സിനിമയെ ഫ്രെയിം ഫ്രെയിമായി ചർച്ച ചെയ്ത് ജീവിതം പോക്കുന്നവർ. ഇവിടെ സൌമിത്ര
ചാറ്റർജിയല്ല വിഷയം.

അദ്ദേഹത്തിന്റെ പേർ പങ്കിടുന്ന സൌമിത്ര സെൻ എന്ന ന്യായാധിപൻ പത്രത്തിൽ നിറഞ്ഞതോടെ നടൻ നിഷ്പ്രഭനായിരിക്കുന്നു. നമ്മുടെ പ്രിയനടൻ വലിയ ജാടക്കാരനാണെന്നു കേട്ടറിയുന്നതിനെക്കാൾ ആവേഗമുണ്ടാകും ന്യായാധിപൻ സാക്ഷിക്കൂട്ടിലോ പ്രതിക്കൂട്ടിലോ കയറിനിൽക്കുന്നുവെന്നു കേട്ടാൽ. വിചാരണക്കു നേതൃത്വം കൊടുക്കേണ്ടയാൾ അതിനു വിഷയമാകുമ്പോഴുണ്ടാകുന്ന ആ പകർന്നാട്ടം ഉണ്ടല്ലോ, അതിന്റെ അർഥവും അനർഥവും ചില്ലറയല്ല.

പിന്നെ, വിചാരണയാണ് ജനത്തിന്റെ വിനോദം. താനാകാരുതെ, മറ്റുള്ളവരായിരിക്കണം പ്രതിക്കൂട്ടിൽ എന്നേ വിനോദം തേടിപ്പോകുന്നവർക്ക് നിർബ്ബന്ധമുള്ളു. പക കൊണ്ടുനടക്കലും പക പോക്കലും ചിലർക്ക് പലപ്പോഴും വിനോദം ആകാറുണ്ട്. അങ്ങനെയെന്തെങ്കിലും സൌമിത്ര സെന്നിന്റെ കാര്യത്തിൽ നടന്നുവോ എന്നറിയില്ല. ഏതായാലും, വിചാരണ നടത്തുന്നതിന്റെ സുഖം മനുഷ്യൻ, വംശീയമായ ഏതോ സഹജഭാവത്തോടെ, അനുഭവിച്ചു രസിച്ചു വരുന്നു.

സോക്രട്ടിസിന്റെ വിചാരണ മുതലിങ്ങോട്ട് ഓരോ വിചാരണയും അതിന്റേതായാൽ രീതിയിൽ ചരിത്രരസം പകരാൻ പോന്നതത്രേ. യവനസംഭവങ്ങൾ തേടിപ്പോവേണ്ട. മഹാഭാരതം നോക്കൂ, ഓരോ പർവത്തിലും കേൾക്കാം ഓരോ തരം വിചാരണയുടെ വീരവാദവും പ്രതിവാദവും. ഒമ്പതാം നൂറ്റാണ്ടിൽ മാർപ്പാപ്പയായിരുന്ന ഫോർമോസസിനെ, മരണത്തിനുശേഷം, മറ്റൊരു മാർപ്പാപ്പ, എസ്തപ്പാൻ VI, വിചാരണ നടത്തിയ കഥയായിരിക്കും കൂടുതൽ രസകരം. കുറ്റപത്രം വായിച്ചു കേൾക്കാൻ, ഫോർമോസസിന്റെ ജഡം കുഴിച്ചെടുത്ത് എസ്തപ്പാൻ VI മാർപ്പാപ്പയുടെ മുന്നിൽ ഹാജരാക്കുകയുണ്ടായി. പാവം ജഡം, അതിനൊന്നും കേൾക്കാൻ പറ്റിയിരുന്നില്ല. കേൾവിക്കാർ മുഴുവനും കാതു കൂർപ്പിച്ചു നിന്ന വിചാരണക്കൊടുവിൽ മാർപ്പാപ്പ കാലം ചെയ്ത പഴയ മാർപ്പാപ്പയെ ശിക്ഷിക്കുകയും ചെയ്തു. പക്ഷേ, ശിക്ഷയിലല്ല, ഓടുന്നതിലാണ്, എത്തുന്നതിലല്ല യാത്രയുടെ രസം എന്നു പറയാറുള്ളതു പോലെ, ശിക്ഷ കൊടുക്കുന്നതിലല്ല, വിചാരണ കണ്ടും കേട്ടുമങ്ങനെ ഇരിക്കുന്നതിലല്ലേ നമുക്ക് രസം?

സൌമിത്ര സെന്നിനെ ഞാൻ പിന്തുടർന്നിരുന്നില്ല. അലസമായി ചാൻൽ ചികഞ്ഞിരിക്കുമ്പോൾ കണ്ടൂ, രാജ്യസഭയിൽ പ്രത്യേകം തയ്യാറാക്കിയ ഒരു ഭാഗത്ത്, അഴിമതിയാരോപണത്തിനു വിധേയനായ സൌമിത്ര സെൻ എന്ന ന്യായാധിപൻ തന്റെ ഭാഗം വാദിക്കുന്നു. സഹായിക്കാനും ഓർമ്മിപ്പിക്കാനുമൊക്കെയായി രണ്ട് അഭിഭാഷകർ ഒപ്പമുണ്ട്; പക്ഷേ അവരൊക്കെ സഹായിച്ചാൽ മതി, തന്റെ കാര്യം പറയാൻ താൻ പോന്നവനാണ് എന്ന ഭാവത്തിൽ, ന്യായാധിപൻ തന്നെ തനിക്കെതിരെയുള്ള കുറ്റപത്രം കീറിക്കളയാൻ ഒരുമ്പെടുകയായിരുന്നു.

സൌമിത്ര സെൻ കേസ് ഏറെ മുന്നോട്ടുപോയ്ക്കഴിഞ്ഞിരുന്നു. എല്ലാവരും അതിനെപ്പറ്റി ഒരു നിലപാടെടുത്തു കഴിഞ്ഞിരുന്നു. രാജ്യസഭയിൽ ആവശ്യമായ വലിയൊരു ഭാഗം അംഗങ്ങളുടെ പിൻ തുണയോടെ സെന്നിനെ ഇമ്പീച് ചെയ്യണമെന്ന പ്രമേയം പാസാകുമെന്നും ഉറപ്പായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും അദ്ദേഹം കുലുങ്ങിയില്ല. രാജ്യസഭയിൽ തനിക്കെതിരെ വരുന്ന പ്രമേയത്തെപ്പറ്റി തനിക്കു പറയാനുള്ളതു പറയാൻ അവസരം കിട്ടിയപ്പോൾ, സെൻ രണ്ടാമതൊന്നോർത്തില്ല, സ്വയം അതിനെ നേരിടാൻ തന്നെയുറച്ചു. എത്ര ആരോപണം എവിടന്നു വന്നാലും താൻ തളരില്ല എന്ന് ഒരു പ്രഖ്യാപനമായിരുന്നു ആ വാദം.

ലോക് സഭയിലും പ്രമേയം പാസായാൽ, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, പാർലമെന്റ് ഒരു ന്യായാധിപനെ വിചാരണ ചെയ്ത് ശിക്ഷിക്കുകയാവും. സെൻ ഒടുവിൽ രാജി വെക്കുകയും ഇനിയുമൊരു ഇമ്പീച്മെന്റ് പ്രമേയവുമായി മുന്നോട്ടു പോകുന്നത് പാരലമെന്ററി തറവാടിത്തത്തിനു യോജിച്ചതല്ലെന്ന അഭിപ്രായം ബലപ്പെടുകയും ചെയ്തപ്പോൾ, ഒരു വിചാരണ കൂടി കേൾക്കാനുള്ള അവസരം നഷ്ടപ്പെട്ടതായി ചിലർക്കു തോന്നും. രാജ്യസഭയിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സഖാവ് സീതാരാം യെച്ചൂരി തകർത്തുപെയ്തതുപോലെ, ലോക് സഭയിലും തരപ്പെടുന്നവർക്ക് അഴിമതിക്കെതിരെ ഗീർവാണമടിക്കുകയും അഴിമതിക്കാരനായ ന്യാധിപനെ നിർത്തിപ്പൊരിക്കുകയും ചെയ്യാമായിരുന്നു. തനിക്കുവേണ്ടി വാദിക്കാൻ ഒരവസരം കൂടി ഉപയോഗപ്പെടുത്തണമെന്ന തോന്നൽ സെന്നിനു പോലും ഇല്ലാതായതായിരുന്നു ആ ഘട്ടം.

ഏതാണ്ടിതുപോലെയൊക്കെത്തന്നെയായിരുന്നു പതിനെട്ടു കൊല്ലം മുമ്പ് വി രാമസ്വാമിക്കെതിരെ ലോക് സഭയിൽ പ്രമേയം വന്നതും. സുപ്രിം കോടതിയിലെ ന്യായാധിപനായിരുന്നു ശ്രീദേവിയുടെ ഭർത്താവിന്റെ അഛനായ രാമസ്വാമി. പഞ്ചാബിൽ അദ്ദേഹം മുഖ്യന്യായാധിപനായിരുന്ന കാലത്തെ ചില ചെയ്തികളായിരുന്നു ആരോപണവിഷയം. ഓരോ സാധനം വാങ്ങിയതും എങ്ങനെ ചട്ടം ലംഘിച്ചാണെന്നു സ്ഥാപിക്കുന്ന കടലാസ് വേണ്ടപ്പെട്ടവർക്കെല്ലാം കിട്ടിക്കൊണ്ടിരുന്നു. രാമസ്വാമി വിട്ടുകൊടുത്തില്ല. ഇതൊന്നും കേട്ട് പേടിച്ച് പിന്മാറുന്ന ആളായിരുന്നില്ല ആ ന്യായാധിപൻ. ഇമ്പീച് ചെയ്യുന്നെങ്കിൽ, ചെയ്യട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒടുവിൽ, ഇമ്പീച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പായി, അതിന്റെ കാര്യവും കാരണവും അന്വേഷിക്കാൻ ഒരു സമിതിയെ നിയമിക്കാൻ സ്പീക്കർ റബി റായ് കല്പന പുറപ്പെടുവിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ കല്പന. അതിനുശേഷം ആ ലോക് സഭ വീണ്ടും കൂടിയില്ല.

ലോക് സഭയിൽ വന്ന പ്രമേയത്തെ രാമസ്വാമി എതിർക്കാതെ വിട്ടില്ല. പക്ഷേ അദ്ദേഹം നെരിട്ടിറങ്ങാനും പോയില്ല. പകരം തന്റെ ഭാഗം പറയാൻ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തി. കോൺഗ്രസ് നേതാക്കന്മാർക്കിടയിൽ അന്നേ സ്വാധീനം ഉണ്ടായിരുന്ന കപിൽ സിബൽ പക്ഷേ അപ്പോഴും വക്കീൽ ആയിരുന്നു, രാഷ്ട്രിയനേതാവായി മാറിയിരുന്നില്ല. സ്വരം ഉയർത്തിയും മൌനമാക്കിയും, നോട്ടത്തിൽ ദന്യവും ധീരതയും ഒരു പോലെ കലർത്തി, ആംഗവിക്ഷേപങ്ങളോടെ, ആക്രമിച്ചും അടിയറ പറഞ്ഞും മുന്നേറിയ സിബലിനെ പ്രസ് ഗ്യാലറിയിലിരുന്ന്, എഡിറ്റർ പ്രഭു ചാവ്ലയും ഞാനും ഇമ വെട്ടാതെ കണ്ടു. സഭാന്തരീക്ഷം വാക്കുകളിൽ പകർത്തിക്കാണിക്കുകയായിരുന്നു എന്റെ ജോലി. പ്രഭു കേറിയത് രസത്തിനായിരുന്നു. രാമസ്വാമി തകർന്നു കാണാനുള്ള മോഹം പുലരുമോ എന്നറിയാനും.

ആ മോഹം മറച്ചുവെക്കാത്ത പ്രഭുവും, ഇമ്പീച്മെന്റ് പ്രമേയത്തെ എതിർത്തുകൊണ്ടുള്ള തന്റെ പ്രസംഗം സിബൽ ഉപസംഹരിച്ചപ്പോൾ, ആത്മഗതമായി പറഞ്ഞു: അടി പൊളിയായി. അടിപോലിയായിത്തന്നെ ഞങ്ങൾ കപിൽ സിബൽ എന്ന വാഗ്മിയെ അവതരിപ്പിച്ചു. കൂട്ടത്തിൽ, കൊഴുക്കുന്നെങ്കിൽ കൊഴുക്കട്ടേ എന്ന മട്ടിൽ, തീർത്തും ഔചിത്യത്തോടെയെന്നു പറഞ്ഞു കൂടാ, ജൂലിയർ സീസർ വധിക്കപ്പെട്ടതിനുശേഷം മാർക് ആന്റണി നടത്തിയ പ്രസംഗത്തോട് സിബലിന്റെ പ്രകടനത്തെ തുലനം ചെയ്തുനോക്കുകയുമുണ്ടായി. പ്രഭുവിനും അതിനോട് യോജിപ്പായിരുന്നു. തനിക്കിഷ്ടമല്ലാത്ത കാര്യം ഒരാൾ ഇത്ര ഭംഗിയായി പറഞ്ഞുപോയതിൽ പ്രഭുവിന് ലപം അരിശവും അതിലേറെ അസൂയയും തോന്നിയോ ആവോ?

പ്രമേയം പാസായില്ല. ഭരിക്കുന്ന കോൺഗ്രസുകാർ അതിനെ തുണക്കുകയില്ലെന്നായി. അവരുടെ പ്രസ്മ്ഗങ്ങളീൽ ആ നീക്കത്തിന്റെ സൂചന കേൾക്കാമായിരുന്നു. ആരോപണവിധേയനായ ഒരു ന്യായാധിപൻ ഒഴിഞ്ഞുമറുന്നില്ലെങ്കിലും, പ്രമേയം പാസാക്കി വിചാരണ നടത്തി അദ്ദേഹത്തെ പറഞ്ഞു വിടുന്നത് , അന്തിമ വിശകലനത്തിൽ നീതിന്യായവ്യവസ്ഥയുടെ അന്തസ്സിനു തന്നെ ക്ഷതം ഏല്പിക്കെമെന്നാണൊരു വാദം. വിചാരണയും ശിക്ഷയുമില്ലാതെ അതിനൊരു പരിഹാരം ഉണ്ടാകുന്നതാണ് ഉത്തമം. പക്ഷേ ന്യായാധിപന്മാരെ നിർത്തിപ്പൊരിക്കാനുള്ള തൃഷ്ണ പലർക്കും, അഴിമതിയിൽ മുഴുകാനുള്ള വാസന ന്യായാധിപന്മാർക്കും
വർദ്ധിച്ചുവരുന്നുവെന്നതാണ് സത്യം. അന്നത്തെ വിചാരണക്കുശേഷം കൂടുതൽ വിചാരണക്ക് കൂത്തരങ്ങ് ഒരുങ്ങുകയേ ചെയ്തുള്ളു.

അവസാനത്തെ ചിന്തയായി ഇതു കൂടി കുറിക്കട്ടെ. കപിൽ സിബലിന്റെ പ്രസംഗത്തെ മാർക് ആന്റണിയുടേതിനോട് തുലനം ചെയ്തപ്പോൾ, ജോർജ് ഫെർണാണ്ടസ് പരിഹസിച്ചു. ലോക് സഭയിൽ അദ്ദേഹം പൊട്ടിത്തെറിച്ചു. അഴിമതിക്ക് വിചാരണ നേരിടുന്ന ന്യായാധിപനു മാത്രമല്ല, സിബലിന്റെ പ്രസംഗത്തെപ്പറ്റി അങ്ങനെ പറഞ്ഞ എനിക്കും കിട്ടി ഫെർണാണ്ടസിന്റെ ശകാരം. മർക് ആന്റണി എന്ന പദവി സിബലിനു ചേരില്ല, അതു തനിക്കാവും ചേരുകയെന്നായിരിക്കാം ഫെർണാണ്ടസിന്റെ ധാരണയെന്ന് ചന്ദൻ മിത്ര അദ്ദേഹത്തിന്റെ പത്രത്തിൽ എഴുതി.

(malayalam news sep 6)

No comments: