സിക്കിമിൽ ഭൂമി വിരണ്ടപ്പോൾ, കെട്ടിടങ്ങളും അവ നിന്ന കുന്നുകളും നിലം പൊത്തുകയും വിലാസമില്ലാത്ത മനുഷ്യർ അതിൽ ചതഞ്ഞുചേരുകയും ചെയ്തപ്പോൾ, നമ്മൾ ഗോപി കോട്ടമുറിക്കൽ ആരെ എങ്ങനെ എവിടെ പീഡിപ്പിച്ചു എന്നു ചർച്ച ചെയ്യുകയായിരുന്നു. അതുകൊണ്ട് ആ ഭൂകമ്പം നമ്മുടെ മാധ്യമങ്ങളിൽ വലിയ ഭൂകമ്പമൊന്നുമയില്ല. അതും ഒരു വാർത്തയായി ഏതോ ഒരു മൂലയിൽ അച്ചടിച്ചുവെന്നു മാത്രം.
പേരുകൊണ്ടും ദൂരംകൊണ്ടും വളരെ അകലെയാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ് ടോക്. അതുകൊണ്ടാകും, ജാതകകഥകളും ശരണമന്ത്രങ്ങളുമായി ഹിമാലയസാനുവിലെ തന്ത്രപ്രധാനമായ ആ പ്രദേശം ഏറെക്കാലം നമുക്കൊക്കെ അന്യമായി തോന്നി. ഞാൻ ആ പേർ ആദ്യം കേട്ടത് ഇന്ത്യ അതിനെ സ്വന്തം സംസ്ഥാനമാക്കിയപ്പോഴായിരുന്നു. അതിനുള്ള ഒരുക്കത്തിൽ, രാജഭരണത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട സമരത്തിനിടെ, എഴുപതുകളുടെ ആദ്യം ഇന്ത്യൻ സൈന്യം സിക്കിമിൽ പിടി മുറുക്കിയപ്പോൾ,
വിമർശനവുമായി വന്ന ഹിന്ദുസ്ഥാൻ ടൈംസ് എഴുതി: “കഞ്ചൻ ജംഗ, ഇതാ വരുന്നൂ ഞങ്ങൾ.“
അന്ന് ആ പത്രത്തിന്റെ അധിപനായിരുന്നു ഇന്ദിര ഗാന്ധിയുടെ പ്രിയപ്പെട്ട
ബി ജി വർഗീസ്. വർഗീസിന്റെ സൌമ്യത പ്രതിഫലിച്ചിരുന്ന ആ മുഖപ്രസംഗം ഒരു വൈരാഗ്യത്തിന്റെ തുടക്കമായിരുന്നു. അധികം താമസിയാതെ അദ്ദേഹത്തിന്റെ ജോലി പോയിയെന്നത് വേറൊരു പുരാണം. സ്വർണവുമായി ആളുകൾ തെറ്റിപ്പറയുന്ന കഞ്ചൻ ജംഗ എന്ന കൊടുമുടിപ്പറ്റിയെന്നല്ല, സിക്കിമിനെയും ഗാംഗ് ടോക്കിനെയും പറ്റിയും ഞാൻ അന്ന് ആദ്യം കേൾക്കുകയായിരുന്നു. ഇതൊക്കെ നമ്മുടെ നാട്ടുമുറ്റമാണോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
രണ്ടു പതിറ്റാണ്ടു കഴിഞ്ഞു കഞ്ചൻ ജംഗയെ കുമ്പിട്ടു തൊഴാൻ. കലിംപോങിലെ ഒരു കുന്നി പുറത്ത്, കരിങ്കല്ലിൽ തീർത്ത ഹിമാലയൻ ഹോട്ടലിന്റെ മുറ്റത്തു നിന്നു നോക്കിയാൽ, അകലെ, വളരെ അകലെ, കഞ്ചൻ ജംഗ എന്ന കൊടുമുടി കാണാം. സൂര്യന്റെ വെളിച്ചവും കൊടുമുടിയുടെ നിഴലും ചേരുമ്പോൾ, അമാനുഷമായ ഏതോ പ്രതിഭ ഹിമാലയത്തിൽ
ചായം വാരി വിതറുകയാണോ എന്നു തോന്നും. ടിബറ്റുമായുള്ള ഇടപഴക്കത്തിനുവേണ്ടി നിയമിക്കപ്പെട്ടിരുന്ന ബ്രിട്ടിഷ് ഉദ്യ്യൊഗസ്ഥന്റെ വീടായിരുന്നു ഒരു കാലത്ത് ഹിമാലയൻ ഹോട്ടൽ. പിന്നെപ്പിന്നെ അദ്ദേഹത്തിന്റെ പൌത്രന്റെ പത്നി നീലം അതൊരു ഹോട്ടൽ ആക്കുകയായിരുന്നു.
ബാഗ് ഡോഗ്രയിൽനിന്ന് കലിംപോങ് വരെയുള്ള വളഞ്ഞു പുളഞ്ഞ യാത്രയിൽ കണ്ട കുന്നുകളും താഴ്വരകളും ഇപ്പോഴും അതു പോലെയുണ്ടാകാം. അതോ അവയിൽ ചിലവ ഭൂമി പെട്ടെന്ന് ശുണ്ഠിയെടുത്തപ്പോൾ എങ്ങോ ഓടിയൊളിച്ചുവോ? മലയാളത്തിൽ “വിട” എന്നെഴുതിയ പിൻവശമുള്ള പട്ടാള വണ്ടി എന്നേ കണ്ടം ചെയ്തിരിക്കും. അതു പോയ വഴിയെ ഭൂമി വിഴുങ്ങിയിരിക്കുമോ? പക്ഷേ എന്റെ മനസ്സിൽ ഇന്നും സിക്കിമിന്റെ ആ ഭാഗമെല്ലാം ഓർമ്മയായി നിൽക്കുന്നു.
കുന്നിൻ പുറങ്ങളിലൂടെ ഗാംഗ് ടോക് കാണാൻ പോയി. വഴിയരികിൽ, ഇടക്കിടെ വണ്ടി നിർത്തി, ആതിഥേയനായിരുന്ന ബുദ്ധസന്യാസിയുടെ ശിഷ്യന്മാരുടെ കുശലപ്രശ്നം കേട്ടു. ധർമ്മത്തിൽ ശരണം കണ്ടെത്തുന്ന ഭിക്ഷുക്കളും ലാമമാരും താമസിക്കുന്ന ഈ താഴ്വരയിൽ ഭൂമി കലി തുള്ളി ഇറങ്ങാൻ എന്തേ കാരണം? ഭൂമിയുടെ മാനദണ്ഡം എന്നു കാളിദാസൻ വിശേഷിപ്പിച്ച ഹിമാലയത്തിൽ വിനാശം പൊട്ടിത്തെറിയുടെ
മുഹൂർത്തത്തിനുവേണ്ടി കാത്തിരിക്കുകയാണോ? പക്ഷേ നമ്മുടെ ചോദ്യം അതല്ല. ഗോപി കോട്ടമുറിക്കലിന്റെ വിനോദങ്ങളാണ് നമ്മുടെ ഇഷ്ട വിഷയം.
ഗാംഗ് ടോക്കിൽ എന്തൊക്കെ നിലം പൊത്തിയോ ആവോ? ദാഹം തീർക്കാൻ വേണ്ടി ഞങ്ങൾ കേറിയ ഒരിടം ദലായ് ലാമക്കു വേണ്ടപ്പെട്ടവരിൽ ആരോ നടത്തുന്നതായിരുന്നു. ഞാൻ കുടിച്ച ബിയർ വെറും ബിയർ പോലെയായിരുന്നു. ബിയറിനെ വെറുത്തിരുന്ന എന്റെ ഭാര്യ നാരങ്ങനീരിൽ ശരണം കണ്ടെത്തി. ശരണാഗതിയെല്ലാം പൊയ്പോയി, ബിൽ വന്നപ്പോൾ. ഒരു ഗ്ലാസ് നാരങ്ങനീരിനും ഒരു കുപ്പി ബിയറിനും ഒരേ വില. നാരങ്ങനീരിനു വില ശകലം കൂടിയിരുന്നോ എന്നു മാത്രമേ സംശയമുള്ളു. ലാമയുമായി ബന്ധപ്പെട്ടതല്ലേ എന്നു ഞങ്ങൾ ആശ്വസിച്ചു.
ആ ഭക്ഷണശാല നിന്നിരുന്ന ഇടം കുലുങ്ങിയോ എന്നറിയില്ല. ഗാംഗ് ടോക്കിലും കലിം പോങിലും സിലി ഗുറിയിലും ഡാർജിലിംഗിലും ഞങ്ങൾ പ്രാർഥിച്ച ബുദ്ധവിഹാരങ്ങളിൽ വല്ലതും പൊളിഞ്ഞുവീണോ എന്നറിയില്ല. ജീവിതം മുഴുവൻ ഒരു നീണ്ട ധ്യാനമാക്കി മാറ്റാൻ ശ്രമിക്കുന്ന ബുദ്ധസന്യാസിമാരെ ഓർത്തു, ഞാൻ. നിർവേദത്തിൽ മനസ്സു നട്ടിരിക്കുന്ന അവർക്ക് പച്ച പിടിച്ചു നിൽക്കുന്ന ഒരു കുന്നി പുറത്തെ വരണ്ട ഇരുട്ടു വിഴുങ്ങിയാൽ വേദന തോന്നുമോ? ഭൂമി പിളരുകയും സ്വപ്നം കണ്ടു നടക്കുന്ന മനുഷ്യർ അര നിമിഷത്തിനുള്ളിൽ അപ്രത്യക്ഷരാകുകയും ചെയ്യുന്നതു കണ്ടപ്പോൾ ബുദ്ധവിഹാരങ്ങളിൽ ഉയർന്നത് തഥാഗതകീർത്തനമോ നിലവിളിയോ?
വാസ്തവത്തിൽ, ഭൂമിയുടെ ഗർഭത്തിൽ ഉറഞ്ഞിരുന്ന കലാപം പോലെ, വടക്കു കിഴക്കൻ സ്ഥലങ്ങളിൽ പലയിടത്തും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. കലിം പോങിനടുത്ത ഒരിടത്ത്, കോഴിക്കഴുത്തു പോലെ ഇടുങ്ങിയ ഒരു ഇടനാഴി വഴിയാണ് ഏഴു വടക്കു കിഴക്കൻ സംസ്ഥാനങ്ങളൂം ഇന്ത്യൻ വൻ കരയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ആ കോഴിക്കഴുത്തറ്റാൽ, ആ ഏഴു സംസ്ഥാനങ്ങളുമായി ഇന്ത്യക്കുള്ള ഭൂമിശാസ്ത്രബന്ധം ഇല്ലാതായി. പട്ടാളക്കാരും പൊലിസുകാരും chicken neck എന്ന് അതിനെ വിളിക്കുന്നത് വെറുതെയല്ല. പുറത്തുനിന്നും അകത്തുനിന്നും കലാപം ഉണ്ടാകാവുന്ന ആ പ്രദേശത്ത് അഹിംസയുടെ ആചാര്യന്റെ പേരിൽ ആശ്രമങ്ങളും ധ്യാനമന്ത്രങ്ങളും ഉയരുന്നത് വൈരുദ്ധ്യമായി തോന്നാം. എന്തൊരു ഭൂകമ്പം!
ഹിമാലയൻ താഴവരയിലെ ആത്മീയഭൂകമ്പത്തെപ്പറ്റി അന്വേഷിക്കുന്ന കൂട്ടത്തിൽ ഞങ്ങൾ എത്തിപ്പെട്ട സ്ഥലമാണ് കലിം പോങും ഗാംഗ് ടോക്കും. തഥാഗതന്റെ നാമം ഉച്ചരിച്ചുകൊണ്ടു നടക്കവേ വലിയ സമ്പത്തുള്ള ധ്യാനകേന്ദ്രങ്ങളുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള മത്സരത്തിൽ ഉൾപ്പെടുന്ന സന്യാസിമാരും അവർക്ക് രാഷ്ട്രീയശരണം അരുളിയിരുന്ന അധികാരവ്യാപാരികളും ആ പ്രദേശത്തെ വിറപ്പിച്ചു. നർ ബഹാദൂർ ഭൺദാരി എന്ന ഒരു വിദ്വാൻ തഞ്ചം പോലെ കക്ഷി മാറിയും സന്യാസികളെ ഇടം വലം നടത്തിച്ചും ഏറെക്കാലം മുഖ്യമന്ത്രിയായി വാഴുകയും വിലപ്പെട്ട ഉപഹാരങ്ങൾ സ്വീകരിക്കുകയും ചെയ്തുവന്നു. പേരുകൊണ്ടും ദൂരംകൊണ്ടും വളരെ അകലെയായതുകൊണ്ടകണം, ഗാംഗ് ടോക്കിലെ രാഷ്ട്രീയവികൃതികളൊന്നും നമുക്ക്
വാർത്തയായില്ല--ഇപ്പോഴത്തെ ഭൂകമ്പം വീണ്ടും വീണ്ടും ഓർക്കേണ്ട വാർത്തയാകാത്തതു പോലെ.
പിന്നെ ഭണ്ഡാരി വീണു. തർക്കവിഷയമായ ബുദ്ധവിഹാരങ്ങൾ അടഞ്ഞു തന്നെ കിടന്നു. സമ്പത്തും സ്വാധീനവും തേടിയുള്ള സന്യാസിമാരുടെ പരിവ്രാജനം തുടർന്നു. ആ അന്വേഷണത്തിന്റെ കൂട്ടത്തിൽ കണ്ടതാണ് പവൻ ചം ലിംഗിനെ. എല്ലാവരെയും തോല്പിക്കുകയോ മിത്രമാക്കുകയോ ചെയ്തിരുന്ന ഭണ്ഡാരിക്കു വഴങ്ങാതിരുന്ന ചുരുക്കം ചില രാഷ്ട്രീയനേതാക്കളിൽ ഒരാളായിരുന്നു ചാം ലിംഗ്. പിശുക്കി സംസാരിക്കുന്ന ചാം ലിംഗിനെ കാണാൻ എന്റെ പഴയ സഹപ്രവർത്തകനും ഭണ്ഡാരിയുടെ ഉപദേശകനുമായിരുന്ന ഛെത്രി എന്നെ കൂട്ടിക്കൊണ്ടു പോയത് മെറിഡിയൻ ഹോട്ടലിലേക്കായിരുന്നു. താൻ മുഖ്യമന്ത്രിയാകാൻ പോകുകയണെന്ന് അന്നേ അദ്ദേഹത്തിന് അറിയാമായിരുന്നു.
ചാം ലിംഗ് ഒരു പക്ഷേ അന്നൊന്നും ഭയപ്പെട്ടുകാണുകയില്ല ഇപ്പോഴുണ്ടായ ഭൂകമ്പത്തെ. സന്യാസിരാഷ്ട്രീയം കൊണ്ടുണ്ടാകുന്ന ഭൂകമ്പത്തെ മാത്രമേ അദ്ദേഹം പേടിച്ചിരിക്കുകയുള്ളു. ഇപ്പോഴിതാ ധ്യാനംകൊണ്ടും പൂജകൊണ്ടും അനുനയംകൊണ്ടും പരിഹരിക്കാൻ വയ്യാത്തവിധം സർവംസഹയായ ഹിമാലയൻ താഴ്വര വിറ കൊള്ളുന്നു. വിറ കൊള്ളട്ടെ...ഗോപി കോട്ടമുറിക്കലിനെ ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുമ്പോൾ, ചെറുങ്ങനെ വല്ല പാർട്ടി ജോലിയും സഖാവിനെ ഏല്പിക്കുമോ?
(malayalam news sep 26)
No comments:
Post a Comment