മുടി വടിയുടെ ചരിത്രം
ശ്രേഷ്ഠഭാഷയായിക്കഴിഞ്ഞ മലയാളത്തിൽ ഇങ്ങനെ ഒരു പുസ്തകം ഉണ്ടായിട്ടില്ല. ഉണ്ടാകാൻ സാധ്യതയുമില്ല. മുടി കിളിർപ്പിക്കുന്നതും കളയുന്നതും കറുപ്പിക്കുന്നതും പോലുള്ള ചളു വിഷയങ്ങൾ ശ്രേഷ്ഠഭാഷക്കു ചേർന്നതല്ല. കവിഞ്ഞാൽ മുടി നീട്ടാനും ഇരുട്ടാനും ഉതകാമെന്നു സംശയിക്കുന്ന ആയുർവേദ-സിദ്ധൗഷധങ്ങളുടെ ഒരു പരസ്യപത്രിക ഇറക്കാം. അവിടെ നിൽക്കണം, നിർത്തണം, രോമപുരാണം.
അങ്ങനെ എഴുതപ്പെടാത്തതും പറയപ്പെടാത്തതുമായ ഒരു ചട്ടം നില നിൽക്കേ, ഇതാ വന്നിരിക്കുന്നു മുടി മുറിക്കുന്നതിനെപ്പറ്റി ഒരു സന്പൂർണഗ്രന്ഥം. രചന: റെബേക്ക ഹെർസിഗ്. പ്രസാധനം: ന്യൂ യോർക് യൂനിവേഴ്സിറ്റി പ്രെസ്. പേജ്: 287. വില $29.95. പുസ്തകത്തിന്റെ പേർ: മുടി വടിയുടെ ചരിത്രം.
മനസ്സിരുത്തി കണക്കാക്കണം. ഏതാണ്ട് 1800 രൂപ വരും വില. ഇരുനൂറ്റി എൺപത്തേഴു പേജിൽ എഴുതി നിറച്ചിരിക്കുന്നു റെബേക്ക മുടി മുറിക്കുന്നതിന്റെ, സംസ്കൃതത്തിൽ പറഞ്ഞാൽ, മുണ്ഡനത്തിന്റെ ചരിത്രം. മുടി വളർത്തുന്നതിന്റെയും നിറം പിടിപ്പിക്കുന്നതിന്റെയും ലഘുചരിത്രം സന്ദർഭമനുസരിച്ച് ചേർക്കുന്നുവെന്നേയുള്ളു. മുഖ്യവിഷയം മുണ്ഡനം തന്നെ. ഓർക്കുന്പോൾ, പണ്ട് പടക്കളത്തിൽ വെച്ച് അർജുനനുണ്ടായതുപോലെ, രോമഹർഷം അനുഭവപ്പെടുന്നു.
മുടി വടിക്കാനുള്ള ഉപകരണങ്ങളും, വടിക്കുന്നതുകൊണ്ടുള്ള ഗുണദോഷങ്ങളെപ്പറ്റി പലപ്പോഴായി നിലവിലിരുന്ന ധാരണകളും, ഫാഷനുകളും ശാസ്ത്രസിദ്ധാന്തങ്ങളും റെബേക്ക പഠനത്തിനു വിധേയമാക്കുന്നു. പതിവുപോലെ, പശ്ചത്യകേന്ദ്രീകൃതമാണ് പഠനവും നിരീക്ഷണവും. താടിയും മുടിയും നീട്ടിവളർത്തിയിരുന്ന യൂറോപ്യൻ അധിനിവേശശക്തികൾ അമേരിക്കയിലെ ആദിമനിവാസികൾ പുലർത്തിപ്പോന്ന മുടിമുറിശീലം കണ്ട് അത്ഭുതം കൂറി നിന്ന കഥ ഇവിടെ ഉരുക്കഴിക്കപ്പെടുന്നു. വ്യത്യസ്തനാമൊരു ബാർബറാം ബാലൻ അവിടെ വീണ്ടും വീണ്ടും വീണ്ടും ജനിക്കുന്നു.
റെബേക്ക സ്പർശിച്ചുപോകുന്നതാണ് ചാൾസ് ഡാർവിന്റെ പ്രസക്തി. മുടി കൊഴിഞ്ഞ കുരങ്ങൻ മൃഗരാജ്യത്തിൽനിന്നു വേറിട്ടു പോന്നു. നഗ്നനായ വാനരനെപ്പറ്റി അതേ പേരിൽ എഴുതിയതാണ് ഡെസ്മണ്ട് മോറിസിന്റെ പുസ്തകം. മുടിയല്ല അതിൽ മുഖ്യവിഷയമെന്നു മാത്രം. പരിണാമത്തിന്റെ പല ഘട്ടങ്ങളിൽ മുടിയും ലൈംഗികതയും മാനസികാവസ്ഥയും തമ്മിൽ ബന്ധപ്പെട്ടിട്ടുള്ളതിന്റെ കഥയും റെബേക്ക പറഞ്ഞുപോകുന്നു.
നമുക്ക് പണ്ടേക്കു പണ്ടേ പ്രിയപ്പെട്ടതാണ് മുടി. അതു മുറിച്ചുകളഞ്ഞാൽ സമസ്താപരാധമായി, സന്പൂർണത്യാഗമായി. വേണ്ടപ്പെട്ടവരുടെ മരണശേഷവും സന്യസിക്കുന്പോഴും പ്രായശ്ചിത്തമായോ പാപപ്രക്ഷാളനമയോ മുടി വടിച്ചുകളയുന്ന ആചാരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കുട്ടികൾക്കും കിഴവന്മാർക്കും ഒരു പോലെ പുണ്യമാണ് മുണ്ഡനം. അങ്ങനെ പുണ്യം കിട്ടുന്നവരുടെ എണ്ണം കൂട്ടണമെങ്കിൽ തിരുപ്പതിയിൽ ഒന്നു പോയാൽ മതി. മുടിമലകളുടെ ഉത്ഭവവും ഉയർച്ചയും അവിടെ കാണാം. രാമേശ്വരത്തു ഞാൻ പോയിട്ടുണ്ടെങ്കിലും മുടി മുറിക്കുകയോ എന്നും അപൂർണമായിരിക്കുന്ന ക്ഷൗരം കാണുകയോ ചെയ്തിട്ടില്ല. പറ്റുകാരെ പിടിച്ചിരുത്താൻ വേണ്ടിയാണ് രാമേശ്വരത്തെ ക്ഷൗരം എപ്പോഴും പൂർത്തിയാക്കാതെ നിർത്തുന്നത് എന്ന തനി സാന്പത്തികസിദ്ധാന്തം സ്വീകരിക്കാൻ വയ്യ.
പേൻ കടിച്ചു കഷണീച്ചിട്ടാണ് അമേരിക്കൻ പട്ടാളക്കാർ ഒന്നാം ലോകയുദ്ധക്കാലത്ത് മുടി മുറിച്ചു കളയാൻ തീരുമാനിച്ചതെന്ന സിദ്ധാന്തവും അഹു പോലെയാകുമോ?
വൈരുധ്യങ്ങളിൽ ഏകത്വം ദർശിക്കുന്നതാണ് ഇന്ത്യൻ ചിന്ത. ഞാനും നീയും ഒന്നാകുന്നു. അതുപോലെത്തന്നെയാണ് ദീക്ഷയും മുണ്ഡനവും. മുടിയും താടിയും നീട്ടിയാൽ മഹർഷിയാകും. മുടി വടിച്ചുകളഞ്ഞാലും സന്യാസിയാകും. പണ്ടു കാലത്ത്, വടിക്കാനുള്ള ഉപകരണങ്ങൾ ഏറെ ഇല്ലാത്തതുകൊണ്ടാകാം, നീട്ടി വളർത്തിയ മുടിയും താടിയുമായിരുന്നു ഫാഷൻ. കവികളും നിരാശരായ കാമുകരും അതേറ്റെടുത്തു. മുടിയില്ലായ്മ സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ നിന്ദ്യമായി. പിന്നെപ്പിന്നെ, അമിതമായ മുടിയുടെ വളർച്ച രോഗലക്ഷണവുമായി.
"മുടി നരക്കുകയും കൊഴിയുകയും ചെയ്യട്ടെ" എന്നായിരുന്നു ഒരിടക്ക് നമ്മുടെയിടയിലെ ആത്യന്തികമായ ശാപം. കടൽ കടഞ്ഞ് മുടി വളർത്താൻ വല്ല മരുന്നും കിട്ടുമോ എന്നുപോലും പരീക്ഷിച്ചുനോക്കി നമ്മുടെ പൂർവികന്മാർ. അങ്ങനെയൊരു മരുന്നിനുവേണ്ടിയായിരുന്നു ആദ്യത്തെ ലോകമഹായുദ്ധം നടന്നത്, സുരന്മാരും അസുരന്മാരും തമ്മിൽ. ആ മരുന്നിനുവേണ്ടി തിരുവനന്തപുരത്ത് അതുണ്ടാക്കിയ വിദഗ്ധന്റെ വീട്ടിനു മുന്നിൽ ജനം തടിച്ചു കൂടിയ രംഗം ഇന്നും ഓർക്കുന്നു. തലയിലെ മാറാപ്പിനുപകരം പൊന്നിൻ കിരീടം കയറ്റിവെച്ചതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അനുഭവം. മനുഷ്യരെ ദേവസമാനരാക്കാൻ പോന്നതാൺ അദ്ദേഹത്തിന്റെ കുഴന്പ് എന്നൊക്കെ ഞാൻ തട്ടിവിട്ടു. മനുഷ്യരെ മാതം ബാധിക്കുന്നതാണല്ലോ രോമരാഹിത്യം അഥവാ കഷണ്ടി. യവനരോ ഭാരതീയരോ ആയ ഒരു ദേവതയിലും കഷണ്ടി കണ്ടിട്ടില്ല. എന്റെ ഉപദർശനം പരിഹാസമാണോ എന്ന് അന്ന് ചില കുൽസ്തകേന്ദ്രങ്ങളിൽ സംശയം പത്തി വിരുത്തിയിരുന്നു.
എന്റെ അമ്മയുടെ മുടിയായിരുന്നു നീലിഭൃംഗാദി എണ്ണ തേച്ചാൽ നരയും കൊഴിച്ചിലും ബാധിക്കില്ലെന്ന സിദ്ധാന്തത്തിന് ഞാൻ അവതരിപ്പിച്ചിരുന്ന തെളിവ്. അമരിയും കയ്യോന്നിയും എന്നും നമ്മുടെ മന്ത്രസസ്യങ്ങളായിരുന്നു. വേലിപ്പടർപ്പിൽ ഇളകിയാടുന്ന സീതയുടെ മുടിയായി നമ്മൾ ഉഴിഞ്ഞയെ ചിത്രീകരിച്ചു. അതൊക്കെ തേച്ചുകുളിച്ചിട്ടും ഒരു രോമം പോലും കൂടുതൽ മുളക്കാത്ത മൊട്ടത്തലകളെ എനിക്കറിയാം. മണ്ടയിൽ എന്തെങ്കിലും കിളിർത്താലും ഇല്ലെങ്കിലും കുഴന്പുണ്ടാക്കി വിൽക്കുന്ന വിശ്വാമിത്രന്മാർ വിപണി തകർത്തു. ചിലർ ആദായനികുതിയിനത്തിൽ റിക്കാർഡ് സ്ഥാപിച്ചു.
അതൊക്കെ പക്ഷേ മുടി വളർത്താനുള്ള വിദ്യകളെപ്പറ്റിയയിരുന്നു. മുടി മുറിക്കുന്ന വിദ്യയും ആയുധവുമാണ് റെബേക്കയുടെ വിഷയം. ശ്രേഷ്ഠഭാഷയിൽ ഇനിയും ചർച്ച ചെയ്യപ്പെടാത്ത വിഷയം. എന്നും എന്നിൽ അസ്തിത്വഭയം വളർത്തിയിരുന്നതാണ് മുടി വടി. വിളക്കത്തില കൃഷ്ണൻ നായർ മുതൽ കയ്യിലൊതുങ്ങുന്ന ഏറ്റവും പുതിയ റെമിംഗ് ടൺ ട്രിമ്മർ വരെ നീണ്ടുകിടക്കുന്നു മുടി വടിയുടെ സന്ത്രാസത്തിന്റെ ഓർമ്മ. ഉപകരണവും സങ്കേതവും ഒരു പോലെ എന്നെ കുഴക്കിവിട്ടു എന്നു പറഞ്ഞാൽ മതിയല്ലോ.
രാവിലെ മുടിക്കട തുടങ്ങുന്പോൾ കൃഷ്ണൻ നായർ രണ്ടെണ്ണം വീശിയിരിക്കും. തലേന്നാൾ വല്ല പൂരത്തിനും പോയിരുന്നെങ്കിൽ ഉറക്കം തൂങ്ങുന്നുണ്ടാവും. എന്നാലും ചുണ്ടിൽ രാത്രിയിൽ ചൊല്ലിയ ശാർദ്ദൂലവിക്രീഡിതത്തിന്റെ അനുരണനം വിട്ടുമാറിയിട്ടുണ്ടാവില്ല. ഒരിക്കലും ഒഴിയാത്തതായിരുന്നു കൃഷ്ണൻ നായർ കൈവശം വെച്ച അക്ഷരശ്ലോകത്തിന്റെ ആവനാഴി. പക്ഷേ ശ്ലോകം നന്നായാലും, മുടി പറിച്ചെടുക്കാൻ അദ്ദേഹം ഉപയോഗിച്ചിരുന്ന 'മെഷിൻ' എപ്പോഴും വല്ലാത്ത മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു. അസഹ്യത പ്രകടിപ്പിച്ചാൽ, കൃഷ്ണൻ നായർ തല പിടിച്ചൊന്നു തിരിക്കും. അതോടെ അണ്ഡകടാഹം പോലും നിശ്ചലമാകും. വേദനയോടെ പുറത്തിറങ്ങി മണ്ടയിൽ കയ്യോടിക്കുന്പോൾ, തലയറ്റു പോയ രോമങ്ങളിൽ തട്ടും. എനിക്കൊരിക്കലും ഇഷ്ടമല്ലാതിരുന്ന പൊലിസ് ശൈലി തലയിൽ വെട്ടിയിരുത്തിയിരിക്കും. അതിനെക്കാൾ ആപത്തൊന്നും തോന്നിയില്ല ഏറെക്കാലം കഴിഞ്ഞ് ഒരു ദിവസം ട്രിമ്മർ തലയിലൂടെ വഴിവിട്ട് പാഞ്ഞുനടന്നപ്പോൾ.
ഈ വ്യഥയെല്ലാം ഓർത്ത് പണ്ടൊരിക്കൽ ഞാൻ ഒരു ലേഖനം എഴുതി, കൃഷ്ണവിപ്ലവം എന്ന തലക്കെട്ടോടെ. പിന്നീടോർത്തു, കൃഷ്ണ എന്ന വാക്ക് തീർത്തും ശരിയായില്ല. ധവള എന്നായാലും തെറ്റാവണമെന്നില്ല. കാരണം കറുത്ത മുടിയുള്ളവരും അതു വെളുപ്പിച്ചു നിർത്തുന്നവരും ഒരു പോലെ പരീക്ഷിച്ചുനോക്കുന്നതാണല്ലോ മുടി വടിയിലെ പുതിയ ശീലങ്ങൾ. ചരിത്രത്തിൽ ഏറ്റവ്മധികം പരീക്ഷണത്തിനു വിധേയമായതാവും മുടി വടി എന്നു തോന്നുന്നു. ദീക്ഷയും കുടുമയും മുണ്ഡനവും കഴിഞ്ഞ്, ഇപ്പോൾ നമ്മൾ വീതി കുറഞ്ഞ വരന്പുകളുള്ള കണ്ടങ്ങൾ പോലെയാക്കിയിരിക്കുന്നു മണ്ട. ഇനിയും എങ്ങനെയൊക്കെ അത് വരണ്ടും വറ്റിയും വാടിയും വിടർന്നും വളരുമോ ആവോ?.
പരീക്ഷണത്തിനു പറ്റിയ രോമജാലമൊന്നും മണ്ടയിലില്ലാതിരുന്ന എന്റെ എഡിറ്റർ എസ് കെ അനന്തരാമൻ ചിരിക്കാതെ തമാശ പറയുമായിരുന്നു. പക്ഷേ അതൊരിക്കലും തമാശയായി അദ്ദേഹം കണക്കാക്കിയില്ല. ഒരിക്കൽ അദ്ദേഹത്തിന് ഉദ്യോഗക്കയറ്റമായി, ന്യൂസ് എഡിറ്ററർ റെസിഡന്റ് എഡിറ്റർ ആയി. അതിനെ അദ്ദേഹം എനിക്കെഴുതിയ കത്തിൽ വിശേഷിപ്പിച്ചു: ബാർബർ ഹെയർ ഡ്രെസർ ആയിരിക്കുന്നു! ആ പ്രയോഗം അത്ര നിർദ്ദോഷമണോ? മുടിക്ക് തമിഴിൽ ഉപയോഗിക്കുന്ന വാക്ക് മലയാളത്തിൽ പറഞ്ഞാൽ എന്താവും സ്ഥിതി? വാക്കുകൾ എടുത്ത് അമ്മാനമാടിയിരുന്ന അനന്തരാമൻ ഉണ്ടായിരുന്നെങ്കിൽ റെബേക്കയുടെ പുസ്തകത്തിന്റെ ഇന്ത്യൻ പിന്തുടർച്ചയെപ്പറ്റി ആലോചിക്കാൻ പറയാമായിരുന്നു....
02/2015
No comments:
Post a Comment