Monday, August 7, 2023

 പുസ്തക നിരൂപണം


എ കെ ജിയും ഷെയ്ക്സ്പിയറും

പി പി ബാലചന്ദ്രന്‍

മാത്രുഭൂമി ബുക്സ്




രാമചരിതം മുതല്‍ നാരായണസ്തുതി വരെ



ചിലതങ്ങനെയാകും. ഒന്നോ പലതോ സംഭവങ്ങള്‍ ഒരേ നേരം നടക്കും, കരുതിയിരിക്കാതെ. കാക്ക വന്നിരുന്നതും വാഴക്കൈ വീണതും പോലെ എന്നു പറയാം. ഇത്തരം യാദൃഛികതകളില്‍ അര്‍ഥം കാണുന്നവര്‍ കുറവല്ല. കാള്‍ യൂങ് അതിനെ synchronicity എന്നു വിളിച്ചു. യാദൃഛികത അര്‍ഥപൂര്‍ണമായാലും അല്ലെങ്കിലും, അത് കൌതുകം പകരുന്നു. അങ്ങനെ ഒരു അനുഭവമുണ്ടായി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പി പി ബാലചന്ദ്രന്‍റെ എ കെ ജിയും ഷേയ്ക്സ്പിയറും എന്ന പുസ്തകം കിട്ടിയപ്പോള്‍.


പതിനാറാം നൂറ്റാണ്ടിലെ നാടകക്കാരനെയും ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവകാരിയെയും ഇണക്കിയെടുക്കുന്ന ആദ്യത്തെ അധ്യായത്തിലെ വിദ്യ അവിടെ നില്‍ക്കട്ടെ. രണ്ടാമത്തെ അധ്യായത്തിലാണ്‌ ആദ്യം  എന്‍റെ കണ്ണു തറച്ചത്. "രാമന്‍, എത്ര രാമന്മാര്‍?" എന്നതാണ്‌ ബാലചന്ദ്രന്‍ ഉയര്‍ത്തുന്ന ചോദ്യം. അതില്‍ തടഞ്ഞുനില്‍ക്കുമ്പോള്‍,   അയോധ്യയിലെ രാമന്‍റെ മനുഷ്യസഹജമായ  പോരായ്മകളും ദൈവസദൃശമായ സിദ്ധികളും ഓര്‍ത്തോര്‍ത്തിരിക്കുകയായിരുന്നു ഞാന്‍. 


എ കെ രാമാനുജന്‍റെ മുന്നൂറു രാമായണങ്ങളെ ഉപജീവിച്ചുകൊണ്ടാണ്‌ തുടക്കം. അതിലെ ചില ഭാഗങ്ങള്‍ ഡല്‍ഹി സര്‍വകലാശാലയിലെ പാഠ്യക്രമത്തില്‍ നിന്ന് എടുത്തുമാറ്റി. ചരിത്രത്തെയും പുരാവൃത്തത്തെയും വിളക്കിച്ചേര്‍ക്കുകയും അതിനെ വെല്ലുവിളിക്കുന്നവരെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്നതാണ്‌ ബാലചന്ദ്രന്‍റെ രാമചരിതചിന്ത. 


"രാമായണ്കഥകളെത്ര, രാമന്‍ എത്ര, സീത എത്ര, തുടങ്ങിയ നിഷ്കളങ്കമായ ചോദ്യങ്ങള്‍ ചോദിച്ചാല്‍ പോലും ചുമലില്‍ തല കാണില്ല എന്നു വന്നാല്‍ പത്തു തലയുള്ള രാവണന്‍ പോലും ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യപ്പെടുമോ? പീന്നെയല്ലേ ഓരോ തല വീതം മാത്രമുള്ള നമ്മള്‍." നമ്മളൊക്കെ കേട്ടു പരിചയിച്ചതും ഏറ്റുപറയുന്നതുമാണ്‌ പരിഹാസത്തില്‍ പൊതിഞ്ഞ ഈ ചോദ്യവും വാദവും.


കാലദേശഭേദത്തോടെ, രണ്ടായിരത്താണ്ടുകളിലൂടെ, തലമുറകളിലൂടെ  പാടിക്കേട്ടുവരുന്നതാണ്‌  രാമകഥ,  സീത തന്നെ പറയുന്നു, "രാമായണങ്ങള്‍ പലതും മുനിവരര്‍ ആമോദമോടെ പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍." എന്നിട്ടും രാമന്‌ സീത ആര്‍? എന്ന ചോദ്യം എവിടെയൊക്കെയോ അലഞ്ഞു തിരിയുന്നു. രാമകഥയുടെ പ്രവാചകനും അതിലെ വകതിരിവുകളുടെ സാക്ഷിയുമായ മഹര്‍ഷിയുടേതില്‍നിന്ന് വിഭിന്നവും വിരുദ്ധവുമായ എത്രയോ പാഠഭേദങ്ങള്‍ വന്നിരിക്കുന്നു. വാല്‍മീകിയോട് മത്സരിക്കാനിറങ്ങിയ മട്ടില്‍  ഓബ്രി മേനന്‍, "ഓബ്രി മേനന്‍ പറഞ്ഞ രാമായണം" എന്നൊരു കൃതിയും തികഞ്ഞ ഔദ്ധത്യത്തോടെ പടച്ചു വിടുകയുണ്ടായി. കൃത്തിവാസ രാമായണത്തില്‍ രാമഭക്തശിരോമണിയായ ഹനൂമാന്‍ മണ്ഡോദരിയെ മാനം കെടുത്തുന്ന കഥയും ഉള്‍പ്പെട്ടിരിക്കുന്നു.  


അതൊന്നും ആസേതുഹിമാചലം രാമഭക്തിയെ ബാധിച്ചിട്ടില്ല. അവ്യാഖ്യേയമായ ഭക്തിയോടെ, സമകാലീനയുക്തിക്കു നിരക്കാതെ പടരുന്ന വിശ്വാസത്തെ എങ്ങനെ നേരിടണമെന്നതാണ്‌ നമ്മുടെ സമസ്യ. ഗിരിപ്രഭാഷണം കൊണ്ടോ വിരട്ടിയിട്ടോ ഒരു രാവുകൊണ്ട് മാറ്റിയെടുക്കാവുന്നതല്ല വിശ്വാസം. രാമന്‍റെ കാര്യത്തില്‍ മാത്രമല്ല, ഏതു മതനേതാവിന്‍റെ ചരിത്രത്തിലും പുരാവൃത്തത്തിന്‍റെ ചാരുത കാണാം. യേശുവിനെ ചരിത്രകഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് ദൈവശാസ്ത്രത്തിന്‍റെ സ്ത്രീപക്ഷം എന്ന ഭാവത്തില്‍ എഴുതിയ ഒരു പുസ്തകത്തെ പോള്‍ ജോണ്‍ സണ്‍ കീറി മുറിച്ചതോര്‍ക്കുന്നു. 


ബാലചന്ദ്രന്‍റെ രാമവിചാരത്തിന്‍റെ തുടര്‍ച്ചയായി കാണാവുന്ന ഒരു പ്രവണതയാണ്‌ ചരിത്രത്തെ ഇഷ്ടം പോലെ വക്രീകരിക്കാന്‍ അധികാരസ്ഥര്‍ അപ്പപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ദൌത്യം. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ ഒരു വിദ്വാന്‍ ഒരു കേന്ദ്രവും ഒരിക്കല്‍ തട്ടിക്കൂട്ടുകയുണ്ടയി. തന്‍റെ ചരിത്രത്തെ വെള്ള പൂശാന്‍ ഇന്ദിരാ ഗാന്ധി അനുഷ്ഠിച്ച സേവനമാണ്‌ കൂടെക്കൂടെ ഓര്‍ക്കപ്പെടുക. "സിന്ധു നദീതടം മുതല്‍ ഇന്ദിരാ ഗാന്ധിവരെ" എന്നൊരു ചലച്ചിത്രം പോലും ഒരു ചരിത്രകാരന്‍ നിര്‍മ്മിക്കുകയുണ്ടായി. രാഷ്ട്റീയമായ അഷ്ടമംഗല്യപ്രശ്നം നടത്തി ചരിത്രത്തിന്‍റെ ശ്രീകോവിലില്‍ പുന:പ്രതിഷ്ഠ നടത്താന്‍ ഓരോ ഭരണാധികാരിയും  നിഷ്കര്‍ഷിച്ചിരുന്നു. "സ്റ്റാലിന്‍ എങ്ങനെ ചരിത്രത്തെ പിഴപ്പിച്ചു?" എന്ന ലിയോണ്‍ ട്രോട്സ്കിയുടെ അനുസ്മരണം ഓര്‍ക്കുക. 


അതുപോലൊരു ചരിത്ര ചിന്ത, അതിന്‍റെ എല്ലാ വൈജാത്യങ്ങളെയും വൈരുധ്യങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ട്, മുന്നൂറില്‍ താഴെ പേജുകളില്‍ വിരിഞ്ഞുവരുന്നതാണ്‌ ബാലചന്ദ്രന്‍റെ പുസ്തകം. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ ഇന്ത്യയിലെ അധികാരകേന്ദ്രമായ രായ് സീന കുന്നിനു ചുറ്റും വിദേശത്തും അദ്ദേഹം കണ്ടതും കേട്ടതും ഓര്‍മ്മിച്ചെടുക്കുകയാണ്‌ ഇവിടെ. കവിതയും കഥയും ഇതിഹാസവും കലര്‍ന്ന ആഖ്യാനത്തിന്‍റെ പരിധിയില്‍ പെടാത്ത വിഷയമില്ല.


ഓര്‍മ്മക്കുറിപ്പും സംഭവവിവരണവും നിഷ്കൃഷ്ടമായ വിഷയനിര്‍ദ്ധാരണവും  തൂലികാചിത്രവുമായി മുന്നേറുന്ന ചിന്തക്ക് പരിസമാപ്തിയില്ല. നിഗമനവും ഉപസംഹാരവും എളുപ്പം എടുത്തെറിയാവുന്ന അഭിപ്രായവും തട്ടിമൂളിക്കാനല്ല, അനുഭവം ആത്മഹാസത്തോടെ ആവിഷ്ക്കരിക്കാനാണ്‌ ബാലചന്ദ്രന്‍റെ വെമ്പല്‍. എത്തിച്ചേരാനുള്ള ധൃതിയല്ല, യാത്ര ചെയ്യുന്നതിന്‍റെ ആവേഗം അതിനെ രസകരമാക്കുന്നു. 


എനിക്കു പഥ്യമാണ്‌ ഇവിടത്തെ ശൈലിയും ആശയസംവിധാനവും. തുടക്കവും ഒടുക്കവും തമ്മില്‍ തികഞ്ഞ ചേര്‍പ്പു വേണമെന്ന നിര്‍ബന്ധമില്ല. ഓട്ടൊരു ലാഘവത്തോടെ പറഞ്ഞാല്‍, ബ്രഹ്മം പോലെ എവിടെയോ തുടങ്ങി, ഒടുങ്ങാത്ത തുടര്‍ച്കയായി നീളുന്ന വിചാരവീഥികളില്‍, പരിചയിച്ച വായനക്കാര്‍ക്ക് ചടഞ്ഞിരുന്ന് ഓര്‍മ്മ പുതുക്കിയെടുക്കാം. അധികാരത്തിന്‍റെയും  ആരോപണത്തിന്‍റെയും മഴനിഴല്‍ പ്രദേശത്ത് ഏറെ കയറിയിറങ്ങാത്തവര്‍ക്ക് പുതുമയോടെ വായിച്ചറിയാം. ഓരു ഓണാഘോഷത്തിന്‍റെ ഓര്‍മ്മയും, ബദര്‍ പൂരിലെ എരുമകളും, ആകാശവാണിയിലെ വാര്‍ത്തകളും, എ കെ ജിയുടെ "വിനയത്തിന്‍റെ വിശുദ്ധി"യും, ആയിരം മനസ്സുള്ള കവിയുടെ നാടകാന്തത്വവും കാവി പുതച്ച പത്രവും ഇടതുപക്ഷത്തിന്‍റെ അപചയവും  മറ്റും മറ്റും ഉള്‍ക്കൊണ്ട്. വറ്റാത്ത കടലിലേക്കൊഴുകുന്ന പുഴ പോലെ. ഒരു അനുഭവമാകുന്നു ഈ വായന. 


രണ്ടു ബംഗാളികളുടെയും ഒരു സിന്ധിയുടെയും മേധാവിത്വത്തിലായിരുന്നു ബാലചന്ദ്രന്‍റെ പത്രപ്രവര്‍ത്തനം ആദ്യമൊക്കെ. മെയിന്‍ സ്റ്റ്രീമിലെ നിഖില്‍ ചക്രവര്‍ത്തിയും പ്രസ് ഇന്സ്റ്റിറ്റ്യൂട്ടിലെ ചഞ്ചല്‍ സര്‍ക്കാറും മദര്‍ ലാന്‍റിലെ കെ ആര്‍ മള്‍ക്കാനി. ഒരാള്‍ ഇടതു പക്ഷം, രണ്ടാമതൊരാള്‍ ലിബറല്‍ ചിന്തകന്‍, മൂന്നാമന്‍ എന്നും നരച്ച മുടിയുണ്ടായിരുന്ന കാവിക്കാരന്‍. ആ വീക്ഷണവൈജാത്യം ബാലചന്ദ്രന്‍റെ കാഴ്ചവട്ടത്തെ വികലമാക്കിയില്ല. ചക്രവര്‍ത്തിയെയും സര്‍ക്കാറിനെയും ഞാന്‍ പരിചയപ്പെട്ടിട്ടില്ല. 


മദര്‍ ലാന്‍റിന്‍റെ എഡിറ്ററായിരുന്ന മള്‍ക്കാനിയെ പരിചയപ്പെട്ട നിമിഷം തന്നെ അദ്ദേഹവുമായി കോ)ര്‍ത്തു. എന്‍റെ എമ്പോക്കിത്തരമെന്നു പറയട്ടെ, കണ്ട മാത്രയില്‍ ഞാന്‍ പറഞ്ഞു, "അങ്ങ് ടിപ്പു സുല്‍ത്താനെ രക്ഷിച്ചല്ലോ." ടിപ്പു സുല്‍ത്താന്‍റെ വാള്‍ എന്ന സഞ്ജയ് ഖാന്‍റെ ദൂരദര്‍ശന്‍ പരമ്പര വിവാദമായപ്പോള്‍, അത് പരിശോധിച്ച മള്‍ക്കാനി കമ്മിറ്റി വിധിച്ചു, "അത് തമസ്ക്കരിക്കേണ്ട കാര്യമില്ല." സംഘപരിവാറിനെ, മലബാറിലെ സേവകരെ വിശേഷിച്ചും, മുറിപ്പെടുത്തിയതായിരുന്നു ആ വിധി. പിന്നീട് കൂടെക്കൂടെ കാണാന്‍ ഇട വന്നപ്പോള്‍ മനസ്സിലായി, ഔറംഗസേബിനോടുള്ള സംഘവൈരം പങ്കിടുന്ന ആളായിരുന്നില്ല  മള്‍ക്കാനി. പക്ഷേ അവിടേക്കൊന്നും ബാലചന്ദ്രന്‍ കടന്നുചെന്നിട്ടില്ല.   


ഞാന്‍ പരിചയപ്പെടുമ്പോള്‍ ബാലചന്ദ്രന്‍ പ്രസ് ഇന്സ്റ്റിറ്റ്യൂട്ടിലെ വരുമാനം കൊണ്ട് അഷ്ടി കഴിക്കുകയായിരുന്നു. അവിടന്ന് അമേരിക്കയില്‍ പരിശീലനത്തിന് അവസരം വന്നപ്പോള്‍ പാസ്പോര്‍ട് തടഞ്ഞുവെച്ച കഥ ഞാന്‍ കേട്ടിരുന്നില്ല. കാവി പത്രത്തില്‍ ജോലി ചെയ്തതിന്‍റെ പേരില്‍ പാസ്പോര്‍ട് വിലക്കാം എന്നു കേട്ടപ്പോള്‍ അരിശവും അമ്പരപ്പും തോന്നി. പക്ഷേ അവിടെനിന്ന് കൂടു വിട്ട് കൂടു മാറിപ്പോയ ബാലചന്ദ്രന്‍റെ കയറ്റം മേലോട്ടു തന്നെയായിരുന്നു. ഓടുവില്‍ ദോഹയില്‍ വെച്ചുകണ്ടപ്പോള്‍ ബാര്‍ മേശക്കു പിന്നില്‍നിന്ന് സ്കോച് ഒഴിച്ചു തന്ന പെനിന്‍സുല എഡിറ്ററെ ഓര്‍ക്കുന്നു. എഴുത്തും തിരുത്തിയെഴുത്തുമായി കഴിഞ്ഞിരുന്ന അദ്ദേഹം അന്ന് ഗ്രന്ഥകാരനായിരുന്നില്ല. ആത്മകഥാപരമായി ഇംഗ്ലിഷിലും മലയാളത്തിലും പുസ്തകമുറക്കാന്‍ പിന്നെയും രണ്ടു മൂന്നു കൊല്ലം വേണ്ടിയിരുന്നു. 


രാമചരിതത്തില്‍നിന്നു തുടങ്ങിയ ഈ ആലോചന നാരായണസ്തുതിയില്‍ അവസാനിപ്പിക്കാം. എടത്തട്ട നാരായണനെപ്പറ്റിയാണ്‌ ഈ പുസ്തകത്തിലെ ഒരധ്യായം. തലശ്ശേരിക്കാരനും ഇടതുപക്ഷക്കാരനുമായ എടത്തട്ട നാരായണനെപ്പറ്റി മലയാളികള്‍ വേണ്ടത്ര അറിഞ്ഞിട്ടില്ല. പി രാംകുമാര്‍ രചിച്ച, ആദ്യത്തെ ഏതാണ്ട് സമഗ്രമായ, നാരായണചിന്ത തന്നെ വന്നത് രണ്ടു മൂന്നു കൊല്ലം മുമ്പായിരുന്നു. എഡിറ്റര്‍ ഇടതുപക്ഷക്കാരനായിരുന്നെങ്കിലും അദ്ദ്ദേഹം സ്ഥാപിച്ക പേട്രിയട് എന്ന പത്രത്തിന്‍റെ മകുടനാമം വലത്തോട്ട് ചെരിഞ്ഞതായിരുന്നു. എവിടെയോ ബാലചന്ദ്രന്‍ എന്തോ പറഞ്ഞുപോകുന്നുണ്ട്, മനുഷ്യന്‍റെ ചായ് വ് വലത്തോട്ടാണെന്ന അര്‍ഥത്തില്‍. 


വലതുപക്ഷപിന്തിരിപ്പത്തെ എത്ര പരിഹസിച്ചാലും മതി വരാത്ത എഡിറ്റര്‍ ആയിരുന്നു എടത്തട്ട. അഞ്ചാം പത്തി, ഫിഫ്ത് കോളം, എന്ന അദ്ദേഹത്തിന്‍റെ പംക്തിയില്‍ പെട്ടാലേ ആരും പിന്തിരിപ്പനാകൂ എന്നു പോലും തോന്നിയിരുന്നു. അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല.  ബാലചന്ദ്രനും. കേട്ടറിവു വെച്ചുകൊണ്ട് എഴുതിയതാണ്‌ ആ തൂലികാചിത്രം. ഇടനാഴിയിലൂടെ ഒഴുകി നടക്കുന്ന നിഴല്‍ പോലെയായിരുന്നു ബാലചന്ദ്രന്‍ കണ്ട എടത്തട്ട. എന്തുകൊണ്ടോ, എനിക്ക് ബോധിച്ച ഒരു പ്രയോഗമായി, ആ നിഴല്‍ നീക്കം. ആ നിഴല്‍ നീക്കം നിലച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ സ്ഥാപനം ഇരുട്ടില്‍ അലിഞ്ഞതുപോലെയായി. പിന്നെ അതിനെന്തെല്ലാം മാറ്റം വന്നു? ആരെല്ലാം അധിപരായി?  എന്ന ആലോചന ഇടതുപക്ഷത്തിന്‍റെ ഗതിയോടു ചേര്‍ത്താകാം. ഒരു നിയോഗം പോലെ എടത്തട്ട സ്ഥാപിച്ച പത്രം നിരന്തരം വരുത്തിവെച്ച നഷ്ടം ആര്‍ എങ്ങനെ നികത്തി. എന്ന ചിന്തയാകട്ടെ വിപ്ലവത്തിന്‍റെ ധനശാസ്ത്രത്തിലേക്കും വഴി തെളിക്കാം.


No comments: