Wednesday, November 25, 2009
കൂടെക്കഴിഞ്ഞാൽ പനി അറിയില്ല
എം വി ആറിന്റെ പഴയ രണ്ടു വിശദീകരണങ്ങൾ ഓർത്തുപോയി. ഒന്ന് ഇ കെ നായനാരുടെ തിരഞ്ഞെടുപ്പിനെപ്പറ്റിയായിരുന്നു. സി പി എം തീർത്തും ഒറ്റപ്പെട്ടുപോയിരുന്ന എഴുപതുകളുടെ തുടക്കം. ഇരിക്കൂറിലെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സെക്രട്ടറി ജയിക്കേണ്ടത് മാനസികമായ ആവശ്യമായിരുന്നു. നീണ്ടകരയിലൊഴിച്ചൊരിടത്തും കൊടി കെട്ടാൻ തുണിയില്ലാത്ത ആറെസ്പിയുടെ സ്ഥാനാർഥി ഇരിക്കൂറിൽ തോൽക്കേണ്ടതും അതുപോലെ സി പി എമ്മിന്റെ--എം വി ആറിന്റെ--ആവശ്യമായിരുന്നു. വോട്ടെടുപ്പ് പകുതിയായപ്പോൾ അദ്ദേഹം മുസ്ലിം ഭൂരിപക്ഷമുള്ള ഒന്നുരണ്ടു കേന്ദ്രങ്ങൾ കയറിയിറങ്ങി. വിദഗ്ധമായി ഒച്ച വെച്ചു, ബഹളമായി, കല്ലേറായി; പൊലിസ് സുപ്രണ്ട് സി എ ചാലിയുടെ കനിവോടെ എം വി ആർ കസ്റ്റഡിയിലായി. വോട്ടു ചെയ്യാനിരുന്ന എത്രയോ സ്ത്രീകൾ ബഹളം കാരണം പിന്നെ പുറത്തിറങ്ങിയില്ല. ഇംശാ അല്ലാ, തോൽവി ഉറപ്പാക്കിയിരുന്ന നായനാർ ജയിച്ചു.
ഞാനോർക്കുന്ന രണ്ടാമത്തെ എം വി ആർ വ്യാഖ്യാനം കേട്ടത് പാർട്ടി അദ്ദേഹത്തെ വേട്ടയാടുമ്പോഴായിരുന്നു. ചെറുതാഴത്ത് അദ്ദേഹത്തിന് ചോറു കൊടുത്ത ഒരു സഖാവിന് താക്കിതു കിട്ടി. ശിഷ്യനായിരുന്ന കോടിയേരിയും കോട്ടമുറിക്കലും നിയമസഭയിൽ വെച്ച് അദ്ദേഹത്തെ കൈകാര്യവും കാൽകാര്യവും ചെയ്തു. അപ്പോൾ, ഭൂതവും ഭാവിയും കൂട്ടിയും കിഴിച്ചും, എം വി ആർ ചോദിച്ചു:
“പാർട്ടിയിലായിരുന്നെങ്കിൽ, പാർട്ടിക്കുവേണ്ടി ഇതൊക്കെ ഞാനും ചെയ്യുമായിരുന്നില്ലേ?“ പിന്നെ, അർത്ഥം വെച്ചു ചിരിച്ച്, അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: കൂടെക്കഴിഞ്ഞാൽ പനി അറിയില്ല.”
അങ്ങനെയൊരു ചോദ്യം ട്രോട്സ്കി ചോദിച്ചുവോ എന്നറിയില്ല. റോബർട് സർവിസ് എഴുതിയ ജീവചരിത്രത്തിൽ പറയുന്ന രണ്ടു കാര്യം
അടിവരയിട്ടു വായിക്കണം. ഒന്ന്, 1918നും 1922നുമിടയിൽ ട്രോട്സ്കിയുടെ നേതൃത്വത്തിൽ നടന്ന ക്രൂരത വെച്ചു നോക്കുമ്പോൾ, അദ്ദേഹം അനുഭവിച്ച യാതന ഒന്നുമല്ല. സ്റ്റാലിന്റെ ദൂതൻ ട്രോട്സ്കിയെ തലക്കടിച്ചുകൊല്ലുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിന്റെ നാലു മക്കളും കൊല്ലപ്പെട്ടിരുന്നു; എട്ടു സെക്രട്ടറിമാർ പിന്നീടു കൊല ചെയ്യപ്പെട്ടു. രണ്ട്, സ്റ്റാലിനോടൊത്ത് പ്രവർത്തിക്കാനിടയായ ചുരുങ്ങിയ കാലയളവിൽ ട്രോട്സ്കി കാണിച്ച നിഷ്ഠുരത സ്റ്റാലിന്റെ മാർഗ്ഗത്തെ വെല്ലുന്നതായിരുന്നു. സർവിസിന്റെ നിഗമനം: പാർട്ടിയിൽ തുടരാനായിരുന്നെങ്കിൽ ട്രോട്സ്കിയും സ്റ്റാലിൻ ചെയ്തതൊക്കെ ചെയ്യുമായിരുന്നു! പോവഴി മറിച്ചായിരുന്നെങ്കിൽ, “സ്റ്റാലിൻ ചരിത്രം വികൃതമാക്കിയതെങ്ങനെ?” എന്ന ട്രോട്സ്കിയുടെ പുസ്തകം എഴുതപ്പെടുമായിരുന്നില്ലെന്നോ?
ട്രോട്സ്കിയെ ആരാധിക്കുന്നവർക്ക് ഇതൊന്നും രസിക്കില്ല. പാർട്ടിയെ ഇതൊട്ട് അത്ഭുതപ്പെടുത്തുകയുമില്ല. പാർട്ടിക്കുവേണ്ടി എന്തും ചെയ്യണം; ചെയ്യുന്നതെന്തും പുണ്യമാകും എന്ന ദ്വന്ദ്വാത്മകപ്രമാണം പുലരുവോളം, ശാരീരികവും സംഘടനാപരവുമായ ശക്തിവിനിയോഗത്തിന് ധർമ്മശോഭ ഉണ്ടാവും. “ചതിച്ച ദൈവ“ത്തെപ്പറ്റി പ്രശസ്തരായ മുൻ കമ്യൂണിസ്റ്റുകാർ എഴുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ റിച്ചർഡ് ക്രോസ്മാൻ പറഞ്ഞു: “അനുയായികളിൽനിന്ന് പരമമായ ത്യാഗം ആവശ്യപ്പെടുന്നതാണ് കമ്യൂണിസത്തിന്റെ ആകർഷകത്വം.” പരമമായ ത്യാഗത്തിനു തയ്യാറാക്കുന്ന മാനസികഘടനയിൽ പരമമായ പീഡനം നടത്താനുള്ള വാഞ്ഛയും ഉൾപ്പെടും. പാർട്ടിയിൽ ഇതിനകം തുടങ്ങിയിരിക്കുന്ന നവീകരണധ്യാനത്തിൽ ഇതിനെപ്പറ്റി ഒരു രണ്ടാം നോട്ടം ഉണ്ടാകാൻ, പക്ഷേ, ഇടയില്ല.
(നവംബർ 24ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
Thursday, November 19, 2009
ഒരു ജാലവിദ്യയുടെ ഓർമ്മ
ദോഹയിൽനിന്ന് ലത്തീഫ് വിളിക്കുമ്പോൾ തിരുവനതപുരത്ത് ഞാൻ ഒരു കല്യാണവീട്ടിലെ തിരക്കിലായിരുന്നു. ലത്തീഫ് പറഞ്ഞത് പാതി കേട്ടു, പാതി കേട്ടില്ല. രണ്ടു മണിക്കൂർ കഴിഞ്ഞ് ലത്തീഫ് വീണ്ടും വിളിച്ചു, തന്നെപ്പറ്റിയും എന്നെപ്പറ്റിയും കോഴിക്കോടിനെപ്പറ്റിയും ദോഹയെപ്പറ്റിയും, പിന്നെ, ഉപ്പയെപ്പറ്റിയും സംസാരിച്ചു. അതുവരെ ലത്തീഫിനെ എനിക്കറിയുമായിരുന്നില്ല.
പിറ്റേ ദിവസം അബു ധാബിയിൽനിന്ന് ലത്തീഫിന്റെ അനുജൻ അബ്ദുൾ റഹിമാൻ വിളിച്ചു. ഒന്നര മണിക്കൂർ നീണ്ട സംസാരത്തിൽ ജീവിതവും മരണവും ഉൾപ്പടെ എല്ലാ കാര്യങ്ങളും വിഷയമായി. ഉപ്പയും. അതുവരെ റഹിമാനെ എനിക്കറിയുമായിരുന്നില്ല.
ഒരാഴ്ച കഴിഞ്ഞ് ബംഗളൂരിൽ റഹിമാന്റെ അനുജൻ അബ്ദുൾ മനാഫ് എന്നെ കാണാനെത്തി. മനോരോഗത്തെപ്പറ്റിയും മലയാളിത്തത്തെപ്പറ്റിയും പുതിയ വിനിമയ വഴികളെപ്പറ്റിയും മനാഫ് സംസാരിച്ചു. തീർച്ചയായും ഉപ്പയെപ്പറ്റിയും. അതുവരെ മനാഫിനെ എനിക്ക് അറിയുമായിരുന്നില്ല.
ഞാൻ എഴുതിയ ഒരു കുറിപ്പിലെ ഒരു കൊച്ചുവാക്യത്തിന്റെ തറയിൽ സാമൂഹ്യബന്ധത്തിന്റെ വലിയൊരു സൌധം ഉയരുകയായിരുന്നു. ആ വാക്യം അവരുടെ ഉപ്പയെപ്പറ്റിയായിരുന്നു. മൊയ്ദീൻ മാഷെപ്പറ്റി. ഇരുപതുകൊല്ലം മുമ്പ് മരിച്ചുപോയ മൊയ്ദീൻ മാഷെ ഞാൻ കണ്ടത് അമ്പതുകൊല്ലത്തിനപ്പുറമായിരുന്നു. അഞ്ചാം ക്ലാസിൽ എന്നെ ചിത്രം വര പഠിപ്പിച്ച മൊയ്ദീൻ മാഷ് കുട്ടികളെ രസിപ്പിച്ചിരുന്നത് ജാലവിദ്യ കാണിച്ചായിരുന്നു. ചിത്രം വരക്കാനും ജാലവിദ്യ കാണിക്കാനും ഞാൻ പഠിച്ചില്ല.
അല്പം കൊഴുത്ത ശരീരം കുലുക്കിക്കുലുക്കി മൊയ്ദീൻ മാഷ് നടന്നു. മുണ്ട് മിക്കപ്പോഴും മടക്കി ഉടുത്തു. കറുത്ത മുടി ഒരു വശത്തേക്ക് കോതിവെച്ചു. ധൃതിയിലായിരുന്നു നടത്തം. ക്ലാസിൽ കയറിയാൽ എന്തു വേണമെന്ന് കുട്ടികൾ പറയും. എന്തു ചെയ്യണമെന്ന് മൊയ്ദീൻ മാഷിനും അറിയാം. ചിത്രത്തിലോ വരയിലോ ആർക്കും ഉത്സാഹമുണ്ടായിരുന്നില്ല.
ചെപ്പും പന്തുമില്ലാതെ, മാന്ത്രികദണ്ഡില്ലാതെ, പതിവു വചനങ്ങളില്ലാതെ, മൊയ്ദീൻ മാഷ് ജാലവിദ്യ കാണിച്ചു. കുട്ടികളെ മാറി മാറി അതിനു കരുവാക്കി. ഏറ്റവും പിന്നിലെ ബെഞ്ചിലിരുന്ന പറങ്ങോടന്റെ കരിഞ്ഞുമെലിഞ്ഞ മുഖത്ത് ചിരി വിടർന്നുകണ്ട നേരം ഒന്നു മാത്രം: മൊയ്ദീൻ മാഷിന്റെ ജാലവിദ്യക്ക് മാധ്യമമായി നിന്നുകൊടുക്കുമ്പോൾ. മുതിർന്ന ആരുടേയോ മുഷിഞ്ഞ കാക്കി നിക്കറും, എല്ലിൻ കൂടു മറയ്ക്കുന്ന വലിയ കുപ്പായവുമായി മാഷിന്റെ അരികിൽ നിൽക്കുമ്പോൾ പറങ്ങോടൻ ഗമയിൽ തലയുയർത്തി.
തന്റെ കീശയിൽനിന്ന് ഒരു ഓട്ടമുക്കാലെടുത്ത് മാഷ് ഒരു കുട്ടിയെ ഏല്പിക്കുന്നു. മുറുക്കിപ്പിടിച്ച കയ്യുമായി നിൽക്കുന്ന കുട്ടി കൈ തുറക്കുമ്പോൾ, തുട്ടില്ല. ഉള്ളത് ഇല്ലാതാവുന്നതുകണ്ട് ഞങ്ങൾ മിഴിച്ചിരിക്കുന്നു. അപ്പോൾ, അരികിൽ നിൽക്കുന്ന പറങ്ങോടന്റെ തുടയിൽ നിന്ന് മാഷ് ആ ഓട്ടമുക്കാൽ എടുത്തുകാട്ടുന്നു. ഇല്ലാത്തത് ഉണ്ടാവുന്നതു കാണുമ്പോൾ, പറങ്ങോടന്റെ കണ്ണിൽ കിനാവ് വിടരുന്നു.
മൊയ്ദീൻ മാഷ് ജാലവിദ്യ പഠിച്ചത് പ്രദർശനത്തിനായിരുന്നില്ല. വാസ്തവത്തിൽ കുട്ടികളെ രസിപ്പിക്കുകയുമായിരുന്നില്ല ആദ്യം ഉദ്ദേശം. ഇല്ലാത്തതൊന്നും ഉണ്ടാകുന്നില്ലെന്നും, ഉള്ളതൊന്നും ഇല്ലാതാകുന്നില്ലെന്നും സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. അത്ഭുതങ്ങളിൽ അഭിരമിക്കാനും ആശ്രയം തേടാനും ഉള്ള പ്രവണത നിരുത്സാഹപ്പെടുത്തുകയായിരുന്നു അദ്ദേഹം. ജാലവിദ്യ കാണുന്ന ഓരോ ആളോടും താൻ കാണിക്കുന്നത് അത്ഭുതമല്ലെന്ന് മൊയ്ദീൻ മാഷ് ആവർത്തിച്ചു പറയുമായിരുന്നുവെന്ന് റഹിമാൻ ഓർക്കുന്നു. അതെന്തായാലും, മൊയ്ദീൻ മാഷിന്റെ മായാജാലം കുട്ടികളിൽ അത്ഭുതം വിടർത്തി.
ചിത്രവും ജാലവിദ്യയും മൊയ്ദീൻ മാഷിന്റെ ഒരു വശം മാത്രമായിരുന്നു. ചിത്രം വരക്കാൻ അദ്ദേഹത്തോടൊപ്പം അഭ്യസിച്ച ഒരാൾ കേരളത്തിൽ മുഖ്യമന്ത്രിയായി. ഏറെക്കൊല്ലത്തിനു ശേഷം രാമനിലയത്തിൽ ആരുടെയൊക്കെയോ ഒപ്പം ഒരു നിവേദനം മുഖ്യമന്ത്രിക്കു സമർപ്പിക്കാൻ എത്തിയപ്പോൾ, കെ കരുണാകരൻ പഴയ മൊയ്ദീനെ മറന്നിരുന്നില്ല. പക്ഷേ അധികാരവുമായി സൌഹൃദം
പുലർത്താൻ ശീലിച്ചിരുന്നില്ല മൊയ്ദീൻ മാഷ്.
തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ എന്ന സ്ഥലത്തുനിന്ന് വളരെ ദൂരെയൊന്നും മൊയ്ദീൻ മാഷിന്റെ പേര് അറിയപ്പെട്ടില്ല. നലാൾ തന്നെ അറിയണമെന്ന് മാഷ് ആഗ്രഹിക്കുകയോ അങ്ങനെ അറിയാൻ കാരണമുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്തില്ല. അദ്ദേഹം
സാമൂഹ്യപ്രവർത്തകന്റെ വേഷം കെട്ടിയില്ല. എന്തിലൊക്കെയോ ഇടപെട്ടു, തടുക്കാൻ വയ്യത്ത സ്വഭാവത്തിന്റെ തള്ളിച്ച കാരണം. എന്തിൽ ഇടപെടുമെന്നോ ആരുടെ ഭാഗം ചേരുമെന്നോ പറയാൻ പ്രയാസമായിരുന്നു. ഏതാണ്ട് എല്ലാവർക്കും ആശ്വാസം പകർന്ന ഒരാളുടെ ദുരൂഹമായ മരണത്തിൽ മൊയ്ദീൻ മാഷിന്റെ പ്രതികരണം എല്ലാവരെയും അന്ധാളിപ്പിച്ചു. കൊല്ലപ്പെട്ട “സാമൂഹ്യവിരുദ്ധന്റെ” മരണകാരണം അന്വേഷിച്ചറിയണമെന്ന് ഒറ്റക്ക് മുറവിളി കൂട്ടിയത് അദ്ദേഹമായിരുന്നു.
ഇതൊക്കെ റഹിമാൻ കഴിഞ്ഞ ആഴ്ച പറഞ്ഞറിഞ്ഞ വിവരം. അതുവരെ മൊയ്ദീൻ മാഷ് എനിക്കൊരു ചിത്രം വരക്കാരനും ജാലവിദ്യക്കാരനും മാത്രമായിരുന്നു. ഞാൻ ആദ്യം കണ്ട ജാലവിദ്യ അദ്ദേഹത്തിന്റേതായിരുന്നു. അദ്ദേഹത്തിന് എന്റെ പേരുപോലും അറിയുമായിരുന്നിരിക്കില്ല. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ജാലവിദ്യയുടെ ഓർമ്മ കുറിച്ചുവെച്ചപ്പോൾ, കടൽ കടന്ന് പുതിയൊരു ബന്ധം ഉണ്ടായി. അതും ഒരു ജാലവിദ്യയല്ലേ എന്ന് ഞാൻ റഹിമാനോടു ചോദിച്ചു. തനിക്ക് ജാലവിദ്യ പോലെ തോന്നിയ ഒരു ഓർമ്മ റഹിമാനും പങ്കുവെച്ചു.
മൊയ്ദീൻ മാഷ് പോയിട്ട് ഏതാനും മാസം കഴിഞ്ഞിരുന്നു. പടി കടന്നു വരുന്ന പിച്ചക്കാരനെക്കണ്ട്, കോലായിൽ ഇരുന്ന റഹിമാൻ ഒരു നാണ്യം നേരത്തേ ഒരുക്കിവെച്ചു. അതു കിട്ടിയ പാടേ പിച്ചക്കാരൻ സ്ഥലം വിടുമെന്നായിരുന്നു ധാരണ. അയാൾ അസ്വസ്ഥനായി മുറ്റത്തു നിന്നു. ഉപ്പ പോയ വിവരം റഹിമാൻ അയാളോട് പറഞ്ഞു. അയാൾക്ക് അത് നേരത്തേ അറിയാമായിരുന്നു. അയാൾ പറഞ്ഞു:
“മൊയ്ദീൻ മാഷ് ഉണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ പറഞ്ഞയക്കുകയില്ലായിരുന്നു. എന്തെങ്കിലും തരുന്നതിനുമുമ്പ് എന്നോടും അദ്ദേഹം കുശലം പറയുമായിരുന്നു. ഞാൻ മാഷിന് പിച്ചക്കാരൻ ആയിരുന്നില്ല.”
ആരെയും പിച്ചക്കാരനായി കണക്കാക്കാതിരുന്ന മൊയ്ദീൻ മാഷിന്റെ പേരിൽ ഒരു ട്രസ്റ്റ് ഉണ്ടാകുന്നു. അതിന്റെ ആദ്യത്തെ പരിപാടി വെളിച്ചമില്ലാത്ത കുട്ടികളുടെ വീടുകളിൽ സൌരോർജ്ജം എത്തിക്കലാക്കിയാലോ എന്നു മനാഫ് ചോദിച്ചു. ഞാൻ, പതിവുപോലെ, വളച്ചുകെട്ടിപ്പറഞ്ഞു: “ഗേയ്ഥേ മരിക്കുമ്പോൾ ഉച്ചരിച്ചത് ആ വാക്കായിരുന്നുവത്രേ: വെളിച്ചം, ഇനിയും വെളിച്ചം!“ പിന്നെ ഞാൻ ഓർത്തു: വെളിച്ചത്തിന്റെ ജാലവിദ്യ കാണിക്കുകയും, വെളിച്ചത്തിന്റെ ചിത്രരാജി ചമക്കുകയും, അത്ഭുതങ്ങളുടെ ഉള്ളടക്കം വെളിച്ചത്തുകൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്ത് ആളായിരുന്നു മൊയ്ദീൻ മാഷ്.
(തേജസ്സിൽ നംബർ 19ന് കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)
Wednesday, November 18, 2009
മുരചിപട്ടണത്തിന്റെ ഇതിഹാസഭംഗികൾ
വാല്മീകിയും വ്യാസനും തൊട്ടുഴിഞ്ഞതായിരുന്നു ദേവിയുടെ തട്ടകമായ മുരചിപട്ടണം. ചരിത്രത്തിന്റെ പിതാവെന്നു വാഴ്ത്തപ്പെടുന്ന ഹെറോഡോട്ടസിന്റെ പേരക്കുട്ടികൾ അവിടെ മുളകും ഏലവും വാങ്ങാൻ കപ്പലിറങ്ങി. പുതിയ വിശ്വാസം വികിരണം ചെയ്യാൻ സംശയിക്കുന്ന തോമയും നബിയുടെ സംഘവുമെത്തി. പിന്നെ കുലശേഖരന്മാരുടെ രാജധാനി രൂപം കൊണ്ടു, ഒരു സുവർണ്ണയുഗത്തിനു തിർശ്ശീലയുയർന്നു. പിന്നെ, നൂറ്റാണ്ടു യുദ്ധത്തിന്റെ കെടുതികൊണ്ടോ പതിമൂന്നാം ശതകത്തിലെ സുനാമികൊണ്ടോ മഹോദയപുരം അസ്തമിക്കുകയായിരുന്നു.
മുസിരിസ് എന്ന മുരചിപട്ടണത്തിന്റെ തിരുശേഷിപ്പുകൾ അടയാളപ്പെടുത്തുന്ന ബെന്നിയുടെ വാസ്തുശില്പിസംഘത്തിലെ യുവതികളും പാലിയത്തെ കൃഷ്ണബാലനുമൊത്ത് അവിടെ കറങ്ങുമ്പോൾ, ചരിത്രവും പുരാവൃത്തവും കൂടിക്കുഴഞ്ഞ ലഹരി തലക്കു പിടിച്ചു. പാലിയത്തെ കൊച്ചുകോവിലിൽ കൈകൊട്ടി വലം വെച്ചിരുന്ന സ്ത്ര്രികൾ കന്മഷമില്ലാതെ ഒരു ചോദ്യമെടുത്തിട്ടു: “വില്ലാർവട്ടത്തെ തോമ രാജാവ് ഞങ്ങളുടെ കൂട്ടത്തിൽ പെട്ട ആളായിരുന്നോ?” തുടക്കത്തിന്റെ തുടക്കം തേടിച്ചെന്നാൽ, എല്ലാവരും ഒരേ കൂട്ടത്തിൽ പെടുന്നതായി കാണാമെന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി.
പാലിയത്തെ മണിയുടെ കഥ പറഞ്ഞു, കൃഷ്ണബാലൻ. കോമി അച്ചനെക്കാൾ പഴക്കമുള്ള മണി. കുടുംബത്തിൽ കലഹമായപ്പോൾ, മണി ആരോ ആക്രിവിലക്കു വിറ്റു, ചരിത്രം അന്യാധീനമാക്കി. ആരായിരുന്നെന്നോ കോമി അച്ചൻ ഒന്നാമൻ? തോൽക്കുമെന്നുറപ്പായിട്ടും മാർത്താണ്ഡവർമ്മയെ നേരിടാൻ ദേവനാരായണന്റെ ഒപ്പം നിന്നയാൾ. കോമി അച്ചൻ വിചാരിച്ചാലും ആ മണി തിരിച്ചുകിട്ടില്ല.
അധിനിവേശത്തിന്റെ ഓർക്കപ്പെടാത്ത ആ ചെറുത്തുനില്പിനൊരു രംഗാവിഷ്കരണം ഉണ്ടാകാം, കോമി അച്ചന്റെ വേഷം കെട്ടിയ നടന് ജനങ്ങളുമായി സംവദിക്കാം, ചരിത്രം വർത്തമാനമാകാം--മുസിരിസ് പൈതൃകസരംഭം മുന്നോട്ടു പോകുമ്പോൾ. വില്യംസ്ബർഗ്ഗിൽ ജോർജ് വാഷിംഗ്ടണുമായി സംസാരിച്ചതോർക്കുന്നു. വാഷിംഗ്ടണെപ്പോലെ നിൽക്കുകയും നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന നടൻ തികഞ്ഞ വാഷിംഗ്ടൺ വിദഗ്ധനായിരുന്നു. സ്വാതന്ത്ര്യയുദ്ധത്തിൽ വാഷിംഗ്ടൺ കാട്ടിയ വീര്യവും, ചില നിമിഷങ്ങളിലെ അധൈര്യവും, അദ്ദേഹം അരങ്ങിൽ അവതരിപ്പിച്ചപ്പോൾ, കാണികൾ കയ്യടിച്ചു. അവരുടെ പുതിയ ചോദ്യങ്ങൾക്ക് മുന്നൂരുകൊല്ലത്തെ പഴക്കമുള്ള മറുപടി വന്നു. കാലം ഏറെക്കുറെ കോമി അച്ചന്റേതു തന്നെ. പക്ഷേ കോമി അച്ചനെ അവതരിപ്പിക്കാൻ നാം ഇനിയും കാലമെടുക്കും.
ഏറെ നീണ്ട ചരിത്രം കൊണ്ടാടാൻ കൊള്ളില്ലെന്നായിരിക്കും. മൂന്നോ നാലോ നൂറ്റാണ്ടേ പ്രായമുള്ളുവെങ്കിൽ, അതൊരു ഹരമാകും. ഒരിക്കൽ, ഡൽഹിയിലെ ലോദി ശവകുടീരത്തിന്റെ നിഴലിൽ നിന്നപ്പോൾ, കനഡയിൽനിന്നു വന്ന സ്നേഹിതൻ മറി ജാൻസ് അതിന്റെ പഴക്കമോർത്ത് തരിച്ചു നിന്നു. അഞ്ഞൂറുകൊല്ലമോ? അതിന്റെ നാലിരട്ടി പഴക്കത്തിന്റെ മേനി പറഞ്ഞ്, മുസിരിസിന്റെ മഹത്വം വാഴ്ത്തി, ഞാൻ കേമനായി. അങ്ങനെ വല്ലപ്പോഴുമേ കേമത്തം തോന്നുകയുള്ളു.
കേമത്തം ശരിക്കും തോന്നാം, മുസിരിസ് പൈതൃകം ചിട്ടപ്പെടുത്തിയെടുത്താൽ. നാഗരികതയുടെ ആദിരൂപം കാണാൻ ലോകം അവിടെ പ്രദക്ഷിണം ചെയ്യും. വിനോദത്തിന്റെയും സഞ്ചാരത്തിന്റെയും വ്യവസായത്തിന്റെയും നിർവചനങ്ങൾക്കപ്പുറം, മായികമായ ഭൂതകാലം സജീവമായ അനുഭവമാകും. ഒന്നു മാത്രം ഓർക്കണം: പൊതുമുതലാണ് ചരിത്രം. വേലി കെട്ടി വളക്കാൻ നോക്കിയാൽ ചാരിത്ര്യം കവരുന്നതുപോലെയാകും.
(നവംബർ 17 മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
Thursday, November 12, 2009
സർക്കാർ പൊളി പറയും
പൊള്ളുന്ന വർത്തമാനം പൊൻതളികയിൽ വിളമ്പിക്കിട്ടുമെന്ന് ആരും മോഹിക്കേണ്ട. അങ്ങനെ കിട്ടുന്നത് വാർത്ത ആവില്ല. ആവണമെങ്കിൽ, വേട്ടയാടിപ്പിടിക്കണം, അല്ലെങ്കിൽ, ചോർത്തിയെടുക്കണം. ചോർത്തിത്തരുന്നവർ അഞ്ചാം പത്തി ആകും. പക്ഷേ അവർക്ക് സംരക്ഷണം വേണമെന്നു വാദിക്കുന്ന നാലാം എസ്റ്റേറ്റിന്റെ രീതി മൂന്നാം തരം തന്നെ. ‘തുക്ടിയും ഗുമസ്തനും ശിപായിയും ഒരുപോലെ വാർത്ത വിളിച്ചു പറയട്ടേ‘ എന്ന നിലപാട് ഒരു മുഖ്യനും എടുക്കില്ല--നിറമെന്തായാലും.
മാധ്യമമാർഗ്ഗത്തിൽ പഴയ മുതലാളിത്തം പിൻതുടരാൻ കൊള്ളാം. അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാൽവിൻ കൂളിഡ്ജ് ആയിരിക്കും മികച്ച മാതൃക. കൂളിഡ്ജ് വാർത്തയാകാവുന്നതൊന്നും പറഞ്ഞിരുന്നില്ല. ശ്വാസോച്ഛ്വാസം മാത്രം കേൾക്കാമായിരുന്ന ഒരു പത്രസമ്മേളനത്തിനുശേഷം പിറുപിറുത്തുകൊണ്ടു പിരിഞ്ഞുപോയ ലേഖകരെ അദ്ദേഹം തിരിച്ചു വിളിപ്പിച്ചു--ഞെട്ടിക്കുന്ന എന്തോ വെളിപ്പെടുത്താൻ. കാതും പെൻസിലിന്റെ മുനയും കൂർപ്പിച്ചു തിരിച്ചെത്തിയ മാധ്യമക്കാരോട് പ്രസിഡന്റ് പറഞ്ഞു: “നേരത്തേ പറഞ്ഞതൊന്നും രേഖയിൽ കാണില്ല.” അതായിരിക്കണം ആദ്യമായി തമസ്ക്കരിക്കപ്പെട്ട ശ്വാസോച്ഛ്വാസം.
പ്രസിഡന്റ് അങ്ങനെ ചെയ്തത് തലക്കു സുഖമില്ലാതിരുന്നതുകൊണ്ടാണെന്ന് ചിലർ പറഞ്ഞു. ആവോ? ഏതായാലും, മകന്റെ അപകടമരണത്തിനുശേഷം, തല തിരിഞ്ഞാണ് കൂളിഡ്ജ് ഒടുവിലൊടുവിൽ ഭരിച്ചിരുന്നത് എന്നത് ശരി. രസകരമായ സാധ്യതകൾ നിവർത്തുന്നതാണ് ആ ചരിത്രസത്യം. നമുക്കും തീർത്തും അപരിചിതമല്ലല്ലോ ആ സ്ഥിതി.
നമ്മുടെ പ്രബലകക്ഷി, കോൺഗ്രസ്, പത്രസമ്മേളനത്തിൽ ആവുന്നത്ര വാർത്ത കൊടുത്തുപോന്നു. ആവാത്തത് ഓരോരുത്തർ പത്രസമ്മേളനത്തിനുശേഷം അടക്കം പറഞ്ഞു. അതിനു ബദലായി വന്ന ജനത പാർട്ടി, ഒരേ സമയം വിരുദ്ധസുന്ദരമായ പത്രസമ്മേളനങ്ങൾ നടത്തി, ജനാധിപത്യം ആഘോഷിച്ചു. പട്ടാളച്ചിട്ട പാലിച്ചുപോന്ന സംഘപരിവാറും വിപ്ലവക്ലബ്ബുമാകട്ടെ, ഉൾപ്പോരിന്റെ രഹസ്യം ധനമായി സൂക്ഷിച്ചു. അവരുടെ പാരമ്പര്യത്തിൽ, സംഘചാലക്കിന്റെയും ജനറലിസ്സിമ്മോയുടെയും വചനം മാത്രം വേദവും വിധിയുമായി. അതിലെ വള്ളിയുടെ വലുപ്പവും പുള്ളിയുടെ പുളപ്പും നോക്കി, നിരീക്ഷകരും രഹസ്യാന്വേഷകരും ബുദ്ധിവ്യായാമം നടത്തി. ഇരുമ്പുമറയും കാവിക്കോട്ടയും തലയെടുത്തുനിന്നപ്പോൾ, നിരീക്ഷകർക്ക് അതേ വഴിയുണ്ടായിരുന്നുള്ളു. ഇന്ന് അങ്ങനെ അല്ല.
ഇന്ന് വെളിച്ചപ്പാടുമാർ ഏറെ. അവരുടെ താന്തോന്നിത്തം തടയാൻ, ചെങ്കോൽ കയ്യിൽ കിട്ടുന്ന ആരും പുതിയൊരു മാറ്റച്ചട്ടം ഉണ്ടാക്കാൻ ശ്രമിക്കാതിരുന്നാലേ അത്ഭുതമുള്ളു. വായിൽ തോന്നുന്നതു പാടാൻ എല്ലാ കോതമാരെയും കയറൂരി വിടാമോ? പറയാൻ കൊള്ളാത്ത കാര്യം പറയാൻ പാടില്ലാത്താവർ പറഞ്ഞാൽ ഏതെങ്കിലും മുഖ്യൻ പൊറുക്കുമോ? അധികാരത്തിന്റെ അകത്തളത്തിൽനിന്ന് വല്ല പൊട്ടും പൊടിയും ഒളിച്ചുകടത്തുന്നവർ, ദൈവമേ, അവർ ചെയ്യുന്നതിന്റെ അർത്ഥം അറിയുന്നവരാകട്ടേ!
ഒളിച്ചുകിട്ടുന്ന പൊട്ടും പൊടിയും പോലെ, ഔദ്യോഗികമായ കമ്മ്യൂണിക്കെയും, പ്രധാനഭക്ഷണമായി കാണുന്നവരും, അതു വിളമ്പിയും നിലവറയിൽ തള്ളിയും ശോഭിക്കുന്നവരും, ഓർത്തിരിക്കേണ്ട ഒരു മുതലാളിത്തവഴിയിലേക്ക് വീണ്ടും മടങ്ങാം. ബരാക് ഒബാമയുടെ യവ്വനത്തെ സ്വാധീനിച്ച ഒരു പാതിരി ഉണ്ട്, ജെറമയ റൈറ്റ്. പ്രസംഗങ്ങളിൽ അദ്ദേഹം പല്ലവി പോലെ ഒരു നിത്യസത്യം പറഞ്ഞുപോന്നു: സർക്കാർ പൊളി പറയും. Governments lie!
(നവാംബർ പതിനൊന്നിന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
Thursday, November 5, 2009
ഒരു പിരിച്ചുവിടലിന്റെ കഥ
ഒരു പിരിച്ചുവിടലിന്റെ കഥ
ഇരുപത്തഞ്ചു കൊല്ലം കൊണ്ട് പഴക്കം ഉണ്ടായിരുന്നില്ല. പണ്ടു തോന്നിയിരുന്ന ചൂടും വെളിച്ചവും കഴിഞ്ഞ ആഴ്ച മണമ്പൂർ രാജൻ ബാബു വിളിച്ചപ്പോഴും തോന്നി. പണ്ടും കൂടെക്കൂടെ കണ്ടിരുന്ന ആളല്ല. അഞ്ചാറു തവണയിൽ കൂടുതൽ കണ്ടിട്ടേ ഉണ്ടാവില്ല. അത്ര തവണ ഫോണിൽ സംസാരിച്ചു കാണും. പിന്നെ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന “ഇന്ന്” എന്ന ഇൻലന്റ് മാസിക അയച്ചു തരുമായിരുന്നു. പിന്നെ അതും നിന്നു.
എത്രയോ കാലത്തിനുശേഷം “ഇന്ന്” വീണ്ടും കിട്ടിയപ്പോൾ, ട്വിറ്റർ അല്ല, ഇന്റർനെറ്റ് അല്ല, കമ്പ്യൂട്ടർ തന്നെ ഇല്ലാതിരുന്ന കാലത്ത് രാജൻ ബാബു തുടങ്ങിയ ആ സംരംഭത്തിന്റെ കാലാതിവർത്തിയായ പുതുമയെപ്പറ്റി ആലോചിച്ചുപോയി. ട്വിറ്റർ പോലുള്ള പുതിയ ആശയവേദികളിൽ നടക്കുന്ന ഹ്രസ്വവിനിമയം അതിനെപ്പറ്റി കേട്ടുകേൾവി പോലും ഇല്ലതിരുന്ന കാലത്ത് “ഇന്നി”ൽ നടന്നിരുന്നു. സാഹിത്യമായിരുന്നു മുഖ്യവിഷയം എന്നേയുള്ളു. ഇരുപത്തെട്ടുകൊല്ലം മുമ്പു തുടങ്ങിയ ആ മാസിക പതിനായിരത്തിൽ താഴെ വരിക്കാരുമായി ഇന്നും തുടരുന്നു. മാസികകളുടെ ലോകത്ത് ബാലമരണം കൂടിയിട്ടും മണമ്പൂർ രാജൻ ബാബുവിന്റെ മാനസസന്തതിക്ക് ആയുസ്സറ്റില്ല.
കഴിഞ്ഞ ആഴ്ച “ഇന്ന്” വീണ്ടും തപാലിൽ കിട്ടിയപ്പോൾ, എങ്ങനെ എന്നെ തേടിപ്പിടിച്ചു എന്നറിയാൻ ഞാൻ രാജൻ ബാബുവിനെ വിളിച്ചു. തേടിപ്പിടിച്ചതു തന്നെയായിരുന്നു. പിന്നെ അദ്ദേഹം പത്തിരുപത്തഞ്ചുകൊല്ലം മുമ്പ് ഞങ്ങൽ ബന്ധപ്പെടാൻ ഇടയായ അവസരം ഓർത്തു പറഞ്ഞു. “എന്നെ രക്ഷിച്ച ആളല്ലേ?” എന്നു കേട്ടപ്പോൾ രക്ഷകപദം ഏറ്റെടുക്കാനുള്ള അല്പത്വമോ അതു തട്ടിക്കളയാനുള്ള പക്വതയോ എനിക്കുണ്ടായില്ല. രാജൻ ബാബു “രക്ഷപ്പെട്ട“ സാഹചര്യത്തെപ്പറ്റി ഞങ്ങൾ ഓർമ്മ പങ്കിട്ടു.
ഇന്നും മലപ്പുറത്ത് താമസിക്കുന്ന മണമ്പൂർക്കരൻ രാജൻ ബാബു അന്ന് മലപ്പുറത്തെ എം എസ് പി ആപ്പിസ്സിൽ ഗുമസ്തനായിരുന്നു. പൊലിസൂകാരനു ബാധകമായ അച്ചടക്കച്ചട്ടം സിവിലിയൻ ജീവനക്കാർക്ക് ബാധകമാകേണ്ട കാര്യമില്ല. പണ്ടൊരിക്കൽ ഡൽഹിയിൽ വെച്ച് ഇതുപോലൊരു പ്രശ്നം കൈകാര്യം ചെയ്യേണ്ടിവന്നതോർത്തു. അതിർത്തിപ്രദേശങ്ങളിൽ റോഡു പണിയുന്ന സംഘടന(ബി ആർ ഒ) എന്നും സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതിലെ പട്ടാളക്കാരല്ലാത്ത ജീവനക്കാർക്ക്, പട്ടാളക്കാർക്കുള്ള ആനുകൂല്യങ്ങൾ പട്ടാളക്കരുടെ അച്ചടക്കച്ചട്ടം ബാധകമാക്കുന്നതിനെതിരെ പ്രക്ഷോഭമുണ്ടായി. സുനിൽ എന്ന ഒരു മലയാളി ചെറുപ്പക്കാരനായിരുന്നു അതിന്റെ നായകൻ എന്നോർക്കുന്നു. സുനിലിനെതിരെയും മറ്റും കർക്കശമായ സൈനികനിയമമനുസരിച്ച് നടപടി തുടങ്ങിയപ്പോൾ, ഞാൻ ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതി. പിന്നീട് എന്തുണ്ടായെന്ന് ഓർമ്മയില്ല.
രാജൻ ബാബു അപകടത്തിലായതും അതുപോലൊരു കാര്യത്തിലായിരുന്നു. അദ്ദേഹം എഴുതിയ, അലെഗറി എന്നു പറയാവുന്ന, ഒരു കഥ എം എസ് പി നേതൃത്വത്തെ വിറളി പിടിപ്പിച്ചു. ഊരും പേരും എടുത്തു പറഞ്ഞിരുന്നില്ല. ഉദാത്തമായ കഥ എന്നു പറയാനും പറ്റിയിരുന്നില്ല. ഏറിവന്നാൽ, വിമർശനമായി, ഇങ്ങനെ പറയാമയിരുന്നു: താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ താറടിക്കുന്ന മട്ടിൽ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നതു കൊള്ളില്ല. പഴയ ധർമ്മനീതിയനുസരിച്ച്, അത് മര്യാദയല്ല. അത്രയേ പറയാനാവൂ. അതെഴുതിയ ആളെ ഉപദേശിക്കാം, താക്കീതു ചെയ്യാം, കൊല്ലം തോറും അനുവദിക്കുന്ന വർദ്ധനവ് തടയാം. പക്ഷേ കഥാകാരനെ രായ്ക്കുരാമാനം പിരിച്ചുവിടില്ല. രാജൻ ബാബുവിനെ പിരിച്ചു വിട്ടു.
സായുധസേനയിലെ അച്ചടക്കം പ്രപഞ്ചനിയമം പോലെ അലംഘനീയമാണെന്നു കരുതുന്ന കെ ജെ ജോസഫ് ആയിരുന്നു അന്നത്തെ എം എസ് പി കമൻഡാന്റ്. പിന്നീട് അദ്ദേഹം ഡി ജി പി ആയപ്പോഴും ആ വഴക്കം തുടരാൻ നോക്കി. രാജൻ ബാബുവിനെ ഇനി അവിടെ വെച്ചിരിക്കില്ലെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇരുമ്പുലക്ക ആയിരുന്നു. അതൊന്നു വളച്ചുനോക്കാൻ കലാപ്രേമിയും സാധുശീലനുമായ അന്നത്തെ ഡി ജി പി എം കെ ജോസഫിനായില്ല. കലാപകരിയായ കഥാകൃത്തിനെ പുറത്താക്കാനുള്ള നടപടി മുന്നോട്ടുനീങ്ങുമ്പോൾ, ലിബറലിസത്തിന്റെ യോദ്ധാവായ ആഭ്യന്തരമന്ത്രി വയലാർ രവി നിശ്ശബ്ദനായിരുന്നു.
പുറത്ത് ബഹളം തുടങ്ങി. പ്രധാനമായും അത് ഇടതുപക്ഷസംഘടനകളുടെ സമരമായിരുന്നു. അതേ കാരണം കൊണ്ടാകാം, ഭരണകക്ഷികളുടെ സമീപനം തണുപ്പനായിരുന്നു. കമ്യൂണിസ്റ്റുകാരനെ രക്ഷിക്കാൻ കോൺഗ്രസ്സുകാരൻ ആഭ്യന്തരമന്ത്രി എന്തിനു മെനക്കെണം എന്ന മട്ടിലായിരുന്നു പോക്കെന്നു തോന്നുന്നു. പ്രസ്താവനകളും പ്രമേയങ്ങളും ഇറങ്ങിക്കൊണ്ടേയിരുന്നു. തിരുനല്ലൂർ കരുണാകരന്റെ നേതൃത്വത്തിൽ ഒരു സമരസമിതി രൂപം കൊണ്ടു. അതിനും സത്യഗ്രഹം നടത്തുകയോ പ്രതിഷേധയോഗം ഒരുക്കുകയോ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു. അതൊന്നും ഗൌനിക്കുന്ന കൂട്ടത്തിലായിരുന്നില്ല കെ ജെ ജോസഫ്. കേസ്സിനു പോയാൽ സമയം എടുക്കും. കോടതി അനുകൂലമായ നിലപാടല്ല എടുക്കുന്നതെങ്കിൽ, പിന്നെ ഒരു പ്രതിഷേധത്തിനും അവസരമുണ്ടാവില്ല. രാജൻ ബാബു മലപ്പുറത്തെ എം എസ് പി ക്യാമ്പിൽനിന്നു പുറത്താക്കപ്പെട്ട്, മണമ്പൂർക്ക് കുടിയേറേണ്ട പരുവത്തിലായിരുന്നു.
ആയിടെ വിപ്ലവത്തിന്റെ വർത്തമാനവുമായി രണ്ട് എൻ ജി ഒ യൂണിയൻ സുഹൃത്തുക്കൽ എന്റെ ആപ്പീസ്സിൽ വന്നു. ഒരാൾ റഹിം ആയിരുന്നുവെന്നാണ് ഓർമ്മ. രാജൻ ബാബുവിനെ രക്ഷിക്കാനുള്ള പ്രസ്താവനസമരത്തിൽ മുഴുകിയുരുന്ന ആളായിരുന്നു റഹിം. ഘോരമായ മുദ്രാവാക്യം വിളിക്കുമെങ്കിലും, വെളുക്കെ ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുന്ന റഹിം കാര്യം പറഞ്ഞപ്പോൾ, രാജൻ ബാബുവിന്റെ വിധ്വംസകമായ കഥ ഒന്നു വായിക്കണമെന്നു തോന്നി. റഹിം അതു സംഘടിപ്പിച്ചുതന്നയുടനേ, അതിന്റെ ഉള്ളടക്കം ഒരു റിപ്പോർട്ടാക്കി. ഇംഗ്ലിഷ് പ്രയോഗം കടമെടുത്താൽ, കഥ പറയുന്നതായിരുന്നു ആ കഥ. അതു വായിച്ചവർക്കാർക്കും കഥാകൃത്തിനെ, ശകാരിച്ചാൽത്തന്നെ, കുഴിവെട്ടി മൂടണമെന്നുണ്ടാവില്ല. ആഭ്യന്തരമന്ത്രിയും കഥയുടെ കഥ വായിക്കാൻ അവസരം ഒരുക്കി. അദ്ദേഹത്തിന്റെ അഭിമാനത്തെയും അധികാരത്തെയും പരാമർശിക്കുന്ന ചില വരികളും പത്രക്കഥയിൽ കുത്തിക്കേറ്റിയിരുന്നു.
രാജൻ ബാബുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം വീണ്ടും പരിശോധിക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവായി. പക്ഷേ അപ്പോഴേക്കും, തന്ത്രപരമായി, പൊലിസ് നേതൃത്വം പിരിച്ചുവിടുന്ന കല്പന ഇറക്കിക്കഴിഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഉത്തരവിന് പുല്ലുവില പോലും കല്പിക്കാത്ത പൊലിസ് സേനയോ എന്ന പ്രകോപനപരമായ ചോദ്യം വേറൊരു റിപ്പോർട്ടായപ്പോൾ, വയലാർ രവി ചൊടിച്ചു.
രാഷ്ട്രീയമായും വ്യക്തിപരമായും കേവലമായ മനുഷ്യാവകാശത്തിന്റെ പേരിലും രാജൻ ബാബുവിനെ തിരിച്ചെടുപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അങ്ങനെ നോക്കുമ്പോൾ, “എന്നെ രക്ഷിച്ച ആളല്ലേ?” എന്ന കഴിഞ്ഞ ആഴ്ച കേട്ട ചോദ്യം, വാസ്തവത്തിൽ, എത്തിക്കേണ്ടത് വയലാർ രവിക്കായിരുന്നു. അദ്ദേഹം രസിക്കും, തീർച്ച.
അന്ന് രവി തോൽക്കാൻ നിശ്ചയിച്ചിരുന്നെങ്കിൽ, ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നു? ട്വിറ്ററിന്റെ മുൻ ഗാമിയായി ഇരുപത്തെട്ടുകൊല്ലം മുമ്പിറക്കിത്തുടങ്ങിയ കൊച്ചുമാസിക മുടങ്ങുകയോ മുടിയുകയോ ചെയ്യുമായിരുന്നു. രാജൻ ബാബു മലപ്പുറം വിട്ട് മണപൂർക്കോ മാവിലായിക്കോ പോകുമായിരുന്നു. അതിനെല്ലാം പുറമേ, അനൌചിത്യമെന്നോ കലാപരമായ ധിക്കാരമെന്നോ മാത്രം അധിക്ഷേപിക്കാവുന്ന ഒരു കൃത്യവിലോപത്തിന് എഴുത്തുകാരനെ പിരിച്ചുവിടാമെന്ന ഡ്രാക്കോണിയൻ നിർദ്ദേശത്തിന് കീഴ്വഴക്കത്തിന്റെ പിൻബലം കിട്ടുമായിരുന്നു. അതുണ്ടാകാതിരുന്നത് ഹന്ത! ഭാഗ്യം ജനാനാം.
Tuesday, November 3, 2009
കോടിപതികളെ തിരഞ്ഞെടുക്കാൻ
പണ്ടാര റോഡിലെ വേപ്പിൻ തലപ്പുകൾ വിരണ്ടു വിറച്ചു. പൊക്കമുള്ള ഇരുമ്പുഗേറ്റിനപ്പുറം, അട്ടിയിട്ട മണൽച്ചാക്കുകൾക്കു പിന്നിൽ, തോക്കേന്തിയ കാവൽക്കാർ ഇമ വെട്ടാതെ നിന്നു. അവരുടെ സംരക്ഷണത്തിൽ, അകത്തൊരു മുറിയിൽ നിലത്ത് കാലു നീട്ടിയിരുന്ന്, തന്നെ കൊഞ്ഞനം കാട്ടുന്ന രാഷ്ട്രീയസത്യത്തെപ്പറ്റി, ഒരുതരം ആത്മഹാസത്തോടെ, ഒരു പക്ഷേ സിനിസിസത്തോടെ, ടി എൻ ശേഷൻ പറഞ്ഞു: “ഇത്രയൊക്കെ ചെയ്തിട്ടെന്താ ഫലം? കരുത്തുള്ളവർ പിന്നെയും പിന്നെയും നിയമം ലംഘിക്കാൻ ഒരുമ്പെടുന്നു.”
ബീഹാറിലെയും മറ്റും കണ്ണൂരുകളെ അദ്ദേഹം അപ്പോഴേക്കും ഒട്ടൊക്കെ നിലക്കു നിർത്തിയിരുന്നു. വാസ്തവത്തിൽ കണ്ണൂരുകൾ അല്ല പ്രധാനപ്രശ്നം. കണ്ണുരുട്ടിയാൽ അത് തീർക്കാവുന്നതേ ഉള്ളു. മാറാട്ടം കൊണ്ടും മറിപ്പൻ കൊണ്ടും അങ്ങുമിങ്ങും ജയിക്കാൻ പറ്റിയേക്കും. പക്ഷേ ഒരു ജനതയുടെ ആത്മാവിഷ്ക്കാരത്തെ തട്ടിക്കൊണ്ടുപോകാനോ തകിടം മറിക്കാനോ അതുകൊണ്ടാവില്ല.
ജനാധിപത്യത്തിന്റെ ഹൃദയസ്പന്ദനമായ തിരഞ്ഞെടുപ്പിനെ അപകടപ്പെടുത്തുന്ന മറ്റു ചില പ്രശ്നങ്ങളിലായിരുന്നു അന്ന് മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ശേഷന്റെ ശ്രദ്ധ. നാനി പാൽക്കിവാലയുടേതാണ് ആ പഴയ ഉപമ. ഹൃദയസ്പന്ദനം കൂടിയാൽ ജനാധിപത്യം കുഴയും; കുറഞ്ഞാലും. അതിനെക്കാൾ ആപത്താകും രാഷ്ട്രീയസിരാപടലത്തിലാകമാനം പണത്തിന്റെ കൊഴുപ്പ് കുത്തിയൊഴുകിയാൽ. അതു തടയാൻ ശേഷൻ കണ്ട ഒരു വഴി തിരഞ്ഞെടുപ്പ് ചിലവിൽ കണ്ണു വെക്കൽ ആയിരുന്നു.
ഒരു കാലത്ത് ചിലവിന്റെ കണക്ക് കൊടുക്കാൻ ആരും മെനക്കെട്ടിരുന്നതേയില്ല. നിയമനുസരിക്കണമെന്നു നിർബ്ബന്ധമുള്ളവർ കൊടുത്തിരുന്ന കണക്കു കേട്ടാൽ ആരും അവർക്ക് എന്തെങ്കിലും ധർമ്മം കൊടുക്കും. ആ നില ഒഴിവായത് വലിയ ഒരു കാര്യമായിരുന്നു. ശേഷന്റെ ക്യാമറപ്പട്ടാളം റോന്തു ചുറ്റാൻ ഇറങ്ങിയതോടെ ചുമരെഴുത്തും ചിലവേറിയ ചപ്പടാച്ചികളും ഒഴിവായി. മുദ്രാവാക്യങ്ങൾ മലീമസമാക്കാത്ത ഭിത്തികളുടെ ഉടമസ്ഥർക്ക് ശ്വാസം നേരെ വീണു.
ആ നേട്ടത്തിന്റെ കേളിക്കൈ കേട്ടു രസിച്ചിരിക്കുമ്പോൾ, ഒരു ദിവസം പണ്ടാര റോഡിലെ വസതിയിലെ സോഫയിൽ ആന്ധ്രയിൽനിന്നു വന്ന ഒരു രാഷ്ട്രീയഭീമൻ അമർന്നിരുന്നു. നിയമലംഘകരെ കിടുകിടെ വിറപ്പിച്ച മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറോട് അദ്ദേഹം ഒരു പരസ്യം പറഞ്ഞു: “ഇത്തവണ സീറ്റു പിടിക്കാൻ എട്ടു കോടി ചിലവായി.” പതിവില്ലാത്തവിധം ആ നിമിഷത്തിൽ വിനീതനായിപ്പോയ ശേഷൻ തനിക്ക് ഏറെ പഥ്യമായ ഗീതയിലെ ഒരു ഭാഗം ഓർക്കുകയായിരുന്നു. അദ്ദേഹം തന്നോടു തന്നെ ചോദിച്ചു: “യുദ്ധം ചെയ്യുമെന്നോ ചെയ്യില്ലെന്നോ നിശ്ചയിക്കാൻ നീ ആയോ?“
കോടിപതികളുടെ അരങ്ങേറ്റം പിന്നീട് കൂടിയതേ ഉള്ളു. പല കോടികളുടെ ഉടമകളാണെന്നു പരസ്യമായി പ്രഖ്യാപിച്ചവരുടെ എണ്ണം തന്നെ ചെറുതല്ല. അപ്പോൾ പ്രഖ്യാപിക്കാത്തവരുടെ പ്രഖ്യാപിക്കാത്ത കോടികളോ? കേട്ടതെല്ലാം ഭയാനകം; കേൾക്കത്തതോ അതിനെക്കാൾ ഭയാനകം എന്നാണ് കാവ്യഭാഷയിൽ ഫലശ്രുതി. ഇത്രയൊക്കെ ആയിട്ടും, ആസ്തി മാത്രമല്ല, ചിലവും തിരഞ്ഞെടുപ്പുവിപണിയിൽ ഏറിവരുന്നു. സ്വർണ്ണ നാണയം ലോഭമില്ലാതെ എറിയാനുള്ളവർക്ക് പരസ്യം മാത്രമല്ല, മുഖപ്രസംഗവും ലേഖനവും വിലക്കു കിട്ടുമെന്നായിരിക്കുന്നു.
അതാണ് കണ്ണൂരുകളെക്കാൾ പ്രധാന പ്രശ്നം. ഒഴിവാക്കാൻ കഴിയാത്ത സാധനത്തിന് താങ്ങാൻ വയ്യാത്ത വിലയാകുന്നത് സമ്പദ് വ്യവസ്ഥയുടെ രോഗമാണെന്നു പറയും. കോടതിച്ചിലവ് ഏറുമ്പോൾ നീതിക്ക് ക്ഷാമമാകും. അതുപോലെ, തിരഞ്ഞെടുപ്പെന്ന മൌലികരാഷ്ട്രീയപ്രക്രിയ കോടിപതികളുടെ ഊരാപ്പിടിയിലായാൽ, ജനാധിപത്യം ആഭാസമാവും. അതു തടയാൻ കോടിപതികളുടെ തന്നെ ഔദാര്യം വേണ്ടിവരും.
Wednesday, October 28, 2009
രക്ഷകന്മാർക്ക് എന്നും പണി തന്നെ
മുങ്ങിക്കൊണ്ടിരിക്കുന്ന മാലിദ്വീപിനെപ്പറ്റി പത്തുപന്ത്രണ്ടു കൊല്ലം മുമ്പ് പൊലിസ് സുപ്രണ്ട് യൂസഫ് കുഞ്ഞ് ഒരു കഥ--അല്ല, കാര്യം--പറയുകയുണ്ടായി. കേരളത്തിലെ ഒരു നേതാവ് അവിടെ ഒരു ദിവസം രാവിലെ ഒരു തുരുത്തു വാങ്ങി. വൈകുന്നേരം വേലിയേറ്റത്തിൽ അതു മുങ്ങിപ്പോയി. പുറത്തു പറയാൻ കൊള്ളുമോ? വേലിയേറ്റത്തിലും വേലിയിറക്കത്തിലും കടലിലെ രാസപദർത്ഥങ്ങൾ കൂടിക്കുഴയുന്നത് ജീവന്റെ നിലനില്പിനു നല്ലതാണെന്ന തിയറിയിൽ തുരുത്തു പോയ നേതാവിന് താല്പര്യം കാണില്ല.
മുപ്പതുകൊല്ലം മുമ്പ് മാലി അടക്കിവാണ ഗയൂമിനെ തൂത്തെറിഞ്ഞു കേറിവന്ന നഷീദ് ഖിന്നനാണ്. വെള്ളം കേറിയാൽ മാലിക്കാരെ എവിടെ മാറ്റിപ്പാർപ്പിക്കും? ഇന്ത്യയിലും ശ്രീലങ്കയിലുമാണ് നോട്ടം. അഗതികളുടെയും അക്രമികളുടെയും സങ്കേതമായ ഇന്ത്യക്കായിരിക്കും ഒന്നാം സ്ഥാനം. അന്റാർട്ടിക്കയിൽ മഞ്ഞുരുകുമ്പോൾ മുങ്ങാവുന്ന ദ്വീപുകൾ വേറെയുമുണ്ട്. കരീബിയൻ രാജ്യമായ തുവ്വാലു ജനാധിപത്യ റിപ്പബ്ലിക്കിൽനിന്ന് ആളൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. കടലൊന്നു കയർത്താൽ കാണാതാകുന്ന താണ സ്ഥലങ്ങൾ നമുക്കു തൊട്ടുചുറ്റും കുറെ കാണാം.
വെള്ളം കേറുന്നതായിരുന്നു നോഹയുടെയും പേടി. മുങ്ങുന്ന ഭൂമിയെ പൊക്കാൻ എത്തിയതായിരുന്നു മൂന്ന് അവതാരങ്ങൾ. നാലാമതൊരാൾ ഭൂമി അളന്നെടുത്തു. അഞ്ചാമൻ ഉഴുതു. ബാക്കിയുള്ളവർ കൊല്ലാനും കൊള്ളാനും വന്നവരായിരുന്നു. അവരിൽ ഒരാൾ, പുലകുളി കഴിഞ്ഞപ്പോൾ, തോണിയുടെ ആകൃതിയിൽ, ഒരു തുണ്ട് ഭൂമി വീണ്ടെത്തു. അതുപോലെ, സ്ഥലം പോരെങ്കിൽ, കടലിൽനിന്ന് എടുക്കാമെന്ന് തലശ്ശേരിക്കാരൻ ഒരു ഭൂശാസ്ത്രജ്ഞൻ പറയുമായിരുന്നു. അതോർക്കാതെത്തന്നെ കൊച്ചിയിലും കുട്ടനാട്ടിലുമൊക്കെ കണ്ണായ സ്ഥലം നികത്തിയെടുത്തല്ലോ. കടലും കായലും കൊള്ളയടിച്ച് കെട്ടിടം പണിതാൽ, ഭൂമിയുടെ സമനില തെറ്റുമോ എന്ന് പോർട് ട്രസ്റ്റ് ചെയർമാൻ യു മഹാബല റാവുവിനോട് ചോദിച്ചതോർക്കുന്നു. അതൊക്കെ നോക്കേണ്ടവർ നോക്കിക്കാണും എന്നായിരുന്നു സമാധാനം.
കുന്ന് വെട്ടിനിരത്തിയും കുളം തൂർത്തും പുതിയ ഭൂമിയും ആകാശവും സൃഷ്ടിക്കുന്ന വാസ്തുതന്ത്രത്തെ ഭൌമ എഞ്ചിനീയറിംഗ് എന്നു പറയുന്നു. ജിയോ എഞ്ചിനീയറിംഗ്. ഭൂമിയുടെ കേടുപടു തീർക്കൽ. ഭൂമിയുടെ അകവും പുറവും ചൂടായാൽ, കോടി കോടി കോടി ടൺ കുമ്മായം കടലിൽ കലക്കിയാൽ മതിയെന്നൊരു കുറുംകൌശലം ഒരു ജിയോ എഞ്ചിനീയറുടേതായി വന്നിരിക്കുന്നു.
ജീവജാലത്തിന്റെ പോരായ്മ തീർക്കുന്ന വിദ്യയണ് ജൈവ എഞ്ചിനീയറിംഗ്, ബയോ എഞ്ചിനീയറിംഗ്. പോരായ്മയോ കേടോ തീർത്തു തീർത്ത്, പുതിയൊരു ജൈവസാധനം തന്നെ ഉണ്ടാക്കാമെന്നായിരിക്കുന്നു. അങ്ങനെ ഉണ്ടാക്കിയിട്ടുള്ളതാണ് മലമ്പനിക്കു കൈകണ്ട മരുന്നായ ഒരു ചെടി. എന്തുകണ്ടാലും അതുപോലൊന്ന് ഉണ്ടാക്കാൻ മനുഷ്യന് വാശിയാണെന്ന് ജൈവശാസ്ത്രജ്ഞനായ ഹെർമൻ മുള്ളർ കരുതുന്നു. ദൈവത്തിനോടാണ് മത്സരം.
ഈ പോക്ക് ഉയരത്തിലേക്കോ? പോക്കിനോളം തന്നെ പഴയ ചോദ്യം. . “കളിയും ചിരിയും കരച്ചിലുമായ്/കഴിയും നരനൊരു യന്ത്രമായാൽ/അംബ പേരാറേ നീ മാറിപ്പോമോ/ആകുലയാമൊരഴുക്കുചാലായ്?” എന്നാണ് ഇടശ്ശേരിപ്പേടി. മാറിപ്പോകാവുന്നതേയുള്ളു. അതിനെക്കാൾ പേടിക്കാൻ എന്തൊക്കെ കിടക്കുന്നു! ഭൂമിയുടെ ചൂടു കൂടാം. വെള്ളം കേറാം; വറ്റാം. പിന്നെ, വഴി തെറ്റുന്ന ഏതെങ്കിലുമൊരു ഗോളത്തിൽ തട്ടി, ഈ മൺപന്ത് പൊട്ടി, പൊടി പോലും ഇല്ലാതാകാം, മനുഷ്യന്റെ ഒത്താശയില്ലാതെ. നോഹക്ക് എന്നും പണി തന്നെ.
(ഒക്റ്റോബർ 27ന് മലയാള മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)