Tuesday, October 6, 2009

വീണ്ടും അന്വേഷണത്തിന്റെ ആരംഭം

വീണ്ടും ഒരപകടം. വീണ്ടും ഒരന്വേഷണം. വീണ്ടും അന്വേഷിക്കാൻ ഒരു ന്യായാധിപൻ. വിഷയം എന്തായാലും, ഇരിക്കുകയോ
നിൽക്കുകയോ ചെയ്യുന്ന ഒരു ന്യായാധിപൻ അന്വേഷിച്ചാലേ സ്വർണ്ണപ്പാത്രംകൊണ്ടു മൂടിയിരിക്കുന്ന സത്യത്തിന്റെ മുഖം വെളിപ്പെടുകയുള്ളു.

ഞാൻ ആദ്യമായി തെളിവു കൊടുക്കാൻ ഹാജരായ കമ്മിഷന്റെ അധ്യക്ഷൻ ന്യാ‍യാധിപനായിരുന്നില്ല. വിമാനം തകർന്നതായിരുന്നു വിഷയം. ഒരു പട്ടാളക്കാരന്റെ അകമ്പടിയോടെ ഞാൻ സാക്ഷി പറയാൻ എത്തിയപ്പോൾ, വാതിൽക്കൽ വന്ന് കമ്മിഷൻ മുഖ്യൻ എയർ മാർഷൽ ഡി സുബ്ബയ്യ പറഞ്ഞു: “സർ, ഇതിലേ...” അതായിരുന്നു ഞാൻ വി ഐ പി ആണെന്നു തെറ്റിദ്ധരിച്ച ഒരേയൊരവസരം. വിമാനം തകർന്ന സ്ഥലത്ത്, നൂറു കോണുകളിൽനിന്ന് വീണ്ടും വീണ്ടും സുബ്ബയ്യ അതുപോലൊരു വിമാനം പറത്തി നോക്കി. അതു മതിയായിരുന്നു കാര്യവും കാരണവും സ്ഥാപിച്ചെടുക്കാൻ. ആരും വേറൊരു അന്വേഷണം ആവശ്യപ്പെട്ടില്ല.

എസ് ആർ പി നേതാവും മുൻ ന്യായാധിപനുമായിരുന്ന എൻ ശ്രീനിവാസനെതിരെ കൂട്ടുകാർ ഉയർത്തിയ ആരോപണത്തെപ്പറ്റി നടന്ന അന്വേഷണമായിരുന്നു എന്റെ രണ്ടാമത്തെ വേദി. ഞാൻ കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്തിരുന്നില്ല. സാക്ഷിയുടെ സാക്ഷിയായിട്ടായിരുന്നു എന്റെ അവതാരം. വക്കീലിന്റെ ചോദ്യം: “പത്രത്തിലെ ആ റിപ്പോർട്ട് എഴുതിയത് ആർ?“ എന്റെ മറുപടി: “പത്രം വായനക്കാരോടു പറയാത്ത കാര്യം വേറൊരാളോടു പറയുന്നതു ചതിയാവും.” കറുത്ത കുപ്പായം ഒന്നു കൂടി വലിച്ചു കേറ്റി, വക്കീൽ എന്നെ തുറിച്ചുനോക്കി. സൂക്ഷിക്കണം, നിൽക്കുന്നത് സാക്ഷിക്കൂട്ടിലാണ്!

രാജീവ് ഗാന്ധിയുടെ വധവുമായി എനിക്കൊരു ബന്ധവുമുണ്ടായിരുന്നില്ല. അതിൽ വിദേശഹസ്തമുണ്ടായിരുന്നോ എന്ന് അന്വേഷിച്ച കമ്മിഷന്റെ മുമ്പിൽ ഞാൻ ആറു മണിക്കൂർ അഞ്ചു വാലും മടക്കി നിന്നു. അടുത്തൂൺ പറ്റിയ ജസ്റ്റിസ് എം സി ജയിന്റെ മുമ്പിലിട്ട് എന്നെ നെടുകെയും കുറുകെയും വിസ്തരിച്ചു. ഒടുവിൽ ഞാൻ ഞാനാണെന്ന് ആരു പറയുന്നു എന്നായി ഒരു വക്കിലിന്റെ ചോദ്യം. ഒരു പുസ്തകത്തിന്റെ ചട്ടയിൽ ഞാൻ ഒരു പത്രപ്രവർത്തകനാണെന്നു പറഞ്ഞുപോയിരുന്നു. അത് ആരു പറഞ്ഞു എന്ന ചോദ്യത്തിനു മുമ്പിൽ ഞാൻ മോഹാലസ്യപ്പെട്ടു. രണ്ടുകൊല്ലം കഴിഞ്ഞ്, ആ കമ്മിഷന്റെ റിപ്പോർട്ടിൽ ഇല്ലാതിരുന്ന ഒരു വരി ഉദ്ധരിച്ചുവന്ന പത്രക്കഥയുടെ മുഴക്കത്തിൽ, ഐ കെ ഗുജറാലിന്റെ മന്ത്രിസഭ മറിഞ്ഞു.

ഇതെന്നല്ല, എന്തും അന്വേഷിക്കാൻ ഒരു ന്യായാധിപൻ വേണം. പരിസ്ഥിതിവിദഗ്ധനോ പ്രൊഫസറോ പൊതുപ്രവർത്തകനോ പോര. അവർക്കൊന്നും പ്രാപ്തിയില്ല, വസ്തുനിഷ്ഠതയില്ല. ന്യൂയോർക്കിലെ ലോകവാണിജ്യസൌധങ്ങൾ വിമാനമിടിച്ചു തകർത്തത് അന്വേഷിച്ച കമ്മിഷന്റെ മുഖ്യൻ തോമസ് കീൻ ആയിരുന്നു, ഒരു സെനറ്റർ. പക്ഷേ അവർക്ക് അവരുടെ വഴി, നമുക്ക് നമ്മുടെ ജഡ്ജി വഴി. ശരിയാണ്, നിയമവാഴ്ച വേണം; പക്ഷേ എന്തും നിയമജ്ഞർക്കു വിടാൻ നിശ്ചയിക്കുമ്പോൾ, അല്പം യമം ആകാം. ആസ്പത്രിയിൽ തിരക്കു കൂടുന്നതുപോലെ, കോടതിയിൽ ജനം ചേക്കേറുന്നതും സാമൂഹ്യാരോഗ്യത്തിന്റെ സൂചനയല്ല എന്നാണ് എന്റെ സ്വകാര്യമായൊരു
സുവർണ്ണസിദ്ധാന്തം. ഭിഷഗ്വരന്മാർക്കും അഭിഭാഷകന്മാർക്കും രസിക്കില്ല. മാപ്പ്, യുവർ ഓണർ! .

(മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ ഒക്റ്റോബർ ആറാം തിയതി പ്രസിദ്ധീകരിച്ചത്)

Wednesday, September 30, 2009

വിദ്യാരംഭത്തിന്റെ ജാലവിദ്യ

ഗോപിനാഥ് മുതുകാടും ഞാനുമായി ഒന്നിലേ ചേര്‍ച്ചയുള്ളു: ഗോപി എന്ന പേരില്‍. പിന്നെ എല്ലാം വിഭിന്നം, വിരുദ്ധം. ഉള്ളതിനെ ഇല്ലെന്നു തോന്നിച്ചും, മറിച്ചും, ഗോപിനാഥ് അത്ഭുതം കാണിച്ചുകൊണ്ടിരിക്കുന്നു. അത്ഭുതവും പുതുമയുടെ അനുഭവുമാകുന്നു വിദ്യയുടെ ആരംഭം. ഞാന്‍ പഴയതോരോന്ന് പറഞ്ഞുപോകുന്നു, “ഇതൊക്കെ കേട്ടതല്ലേ” എന്നു തോന്നിപ്പിച്ചുകൊണ്ട്. ആ തോന്നലാണ് വിദ്യയുടെ അവസാനം.

ഗോപിനാഥിന്റെ മുന്‍മുറക്കാരെ ഓര്‍ക്കുന്നു. ഇട്ടൂപ്പിന്റെ കീശയിലെ ഓട്ടമുക്കാല്‍ പിന്‍ബെഞ്ചിലിരുന്ന പറങ്ങോടന്റെ തുടയില്‍നിന്നു പിച്ചിയെടുക്കുന്ന മൊയ്തീന്‍ മാഷ്. കണ്‍കെട്ടും വായുവില്‍നിന്നു ഭസ്മം ഉണ്ടാക്കുന്നതും തമ്മിലുള്ള വ്യത്യാസം പറഞ്ഞുതന്ന ഭാ‍ഗ്യനാഥന്‍. വിജ്ഞാനഭവന്റെ തളത്തിലിരുന്ന് ഓരോ സാധനം ഇഴഞ്ഞൊഴിഞ്ഞു പോകുന്നതു കാട്ടിത്തന്ന റേഡിയോ എഞ്ചിനീയര്‍ നെരൂര്‍ക്കര്‍. ഏതു കുരുക്കില്‍നിന്നും ഊരിപ്പോന്നിരുന്ന ഹൌദിനി. പിന്നെ ജീവിതംകൊണ്ട് ചെപ്പും പന്തും കളിച്ച നമ്മുടെ സ്വന്തം വാഴക്കുന്നം.

ഓരോ ജാലവിദ്യയും വിദ്യയുടെ അത്ഭുതം തൊട്ടുണര്‍ത്തുകയായിരുന്നു. ഓരോ അത്ഭുതവും ഉറങ്ങിക്കിടക്കുന്ന അറിവിന്റെ കോശങ്ങളെ കുലുക്കിവിളിക്കുകയായിരുന്നു. അവയെ ഉണര്‍ത്തി വ്യായാമം ചെയ്യിക്കുന്ന പരിപാടിയെ ന്യൂറോബിക്സ് എന്നു പറയും---ഏരോബിക്സ് പോലെ. ഓരോ കാര്യവും വല്ലപ്പോഴും വേറിട്ട രീതിയില്‍ ചെയ്യാന്‍ നോക്കണമെന്നത്രേ ന്യൂറോബിക്സ് ക്രമീകരിച്ച ലോറന്‍സ് കാട്സിന്റെ അഭിപ്രായം. വലംകയ്യിനു പകരം ഇടംകൈ ഉപയോഗിക്കുക, പുതിയ വഴിയേ പോകുക, അങ്ങനെ അങ്ങനെ....പുതുമ അനുഭവിക്കുകയാണ് വിദ്യയും വിനോദവും. നിമിഷം തോറും പുതുമ തോന്നിക്കുന്നതെന്തോ, അതാണ് സൌന്ദര്യത്തിന്റെ രൂപമെന്ന് കവി.

ജാലവിദ്യയുടെ വിദ്യാസാധ്യതകള്‍ ഒരിക്കല്‍ മൈക്കേല്‍ ഗസനിഗയുടെ നേതൃത്വത്തിലുള്ള കാലിഫോര്‍ണിയയിലെ മനോപഠനകേന്ദ്രം സംവാദവിഷയമാക്കി. കാണാതാകുന്നത് കാണാതാകുന്നില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അതു കാണാതിരിക്കുന്ന മനസ്സിന്റെ കുതൂഹലമായിരുന്നു പഠനവിഷയം. “അറിഞ്ഞുകൊണ്ടു നടക്കുന്ന അവിശ്വാസത്തിന്റെ തിരസ്കാരം“ എന്ന സാഹിത്യസിദ്ധാന്തവും അതു തന്നെ. മനശ്ശാസ്ത്രജ്ഞരും മസ്തിഷ്ക്കവിദഗ്ധരുമടങ്ങിയ ആ സദസ്സില്‍ ജാലവിദ്യയുടെ പ്രദര്‍ശനവും ഐന്ദ്രജാ‍ലികരുടെ പ്രഭാഷണവും ഉണ്ടായിരുന്നു. പക്ഷേ ഇന്ത്യയുടെ പേരു കേട്ട കയറുകളി(Rope Trick) അവിടെ അരങ്ങേറിയില്ല. കയര്‍ച്ചുരുള്‍ നിവര്‍ന്നു കുത്തനെ നില്‍ക്കുകയും, ഒരു പയ്യന്‍ അതില്‍ ഓടിക്കേറി മറയുകയും, അവന്റെ അവയവങ്ങള്‍ അറ്റുവീഴുകയും ചെയ്യുന്നതാണ് ആ ജാലവിദ്യ.

അങ്ങനെ കേട്ടിട്ടേ ഉള്ളു, കണ്ടിട്ടില്ലെന്നു പറയുന്നു ഗവേഷകന്‍ പീറ്റര്‍ ലമോണ്ട്. ചിക്കാഗോ ട്രിബ്യൂണില്‍, ഇല്ലാത്ത സഞ്ചാരികളുമായി നടത്താത്ത അഭിമുഖത്തില്‍ പറഞ്ഞ, കാണാത്ത വിദ്യയത്രേ അത്. ഞാന്‍ അങ്ങനെ എഴുതിയപ്പോള്‍ ഗോപിനാഥ് തട്ടിക്കേറി. തെരുവുകണ്‍കെട്ടുകാര്‍ പോലും ചെയ്യുന്ന വിദ്യ ഗോപിനാഥ് കാണിക്കാന്‍ നോക്കി. കാണാന്‍ ഞാനും പോയി. ശ്രമമേ ആയുള്ളു; നന്നായി. പക്ഷേ റോമില ഥാപ്പറുടെ ആദ്യകാല ഇന്ത്യയെപ്പറ്റിയുള്ള പുസ്തകം മറിച്ചുനോക്കിയപ്പോള്‍, തുടക്കത്തിലേ കിടക്കുന്നു, കയറുകളി “കെട്ടുകഥ” ആണെന്ന നിരീക്ഷണം. സത്യമോ? മിഥ്യയോ? എന്തായാലും, ഇല്ലാത്തത് ഉണ്ടാകുന്നതും, മറിച്ചും, കണുമ്പോള്‍ രസം തോന്നുന്നു--കുട്ടി ചിരിക്കുന്നതും പൂവു വിരിയുന്നതും നിലാവ് ഉദിക്കുന്നതും, മായുന്നതും, കാണുമ്പോഴത്തെ പോലെ. ഈ ജാലവിദ്യതന്നെ വിദ്യ.

(സെപ്റ്റംബർ 29ന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)

Wednesday, September 23, 2009

അജണ്ടയുണ്ടോ? ഇല്ലെങ്കിൽ വേണ്ട

അജണ്ട ഉണ്ടോ? ഉണ്ടെങ്കിൽ വിശ്വാസ്യത കുറയും. ഇങ്ങനെ ഒരു മൊഴി കുഴച്ചെടുത്തത് കഴിഞ്ഞ ദിവസം ഒരു ടെലവിഷൻ ചർച്ചയിൽ പങ്കെടുത്തപ്പോഴായിരുന്നു. മാധ്യമലോകം നിയന്ത്രണരേഖ കടക്കുന്നോ എന്നായിരുന്നു ചോദ്യം. ക്ഷുഭിതനായ ഒരാൾ വിധിച്ചു: “മാധ്യമങ്ങൾ രാഷ്ട്രീയ അജണ്ടയോടെ പ്രവർത്തിക്കുന്നു.” അതൊരു നല്ല വാക്കായിരുന്നില്ല. നേരും നന്മയും നിറഞ്ഞ രാഷ്ട്രീയം കരുപ്പിടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്നായിരുന്നില്ല വിവക്ഷ. മാർക്സിസ്റ്റ് പാർട്ടിയെ വളഞ്ഞിട്ടു തല്ലുകയാണ് അവന്മാരുടെയൊക്കെ അജണ്ട എന്നായിരുന്നു പരാതി. അതല്ല. ആയിരുന്നെങ്കിൽ, വിശ്വസിക്കാൻ ആളുകൾ കുറഞ്ഞേനെ.

മാർക്സിസ്റ്റ് പാർട്ടിയെ എന്നല്ല, ആരെയും, തല്ലുന്നതോ താലോലിക്കുന്നതോ ശീലമാക്കിയാൽ, ആളുകൾ ഗൌനിക്കില്ല. കോൺഗ്രസ് പത്രത്തിൽ ഖാദിനേതാക്കളെ വാഴ്ത്തിയാൽ, ആരെങ്കിലും വിഴുങ്ങുമോ? മാർക്സിസ്റ്റ് മാധ്യമത്തിൽ അവർക്കെതിരെ തൊടുക്കുന്ന പൊളിയമ്പുകൾ എത്രകണ്ട് കൊള്ളും? സോവിയറ്റ് യൂണിയനിൽ അജണ്ടയുണ്ടായിരുന്നവയാണ് പ്രാവ്ദയും ഇസ്വെസ്റ്റിയയും. പ്രാവ്ദ എന്നാൽ വാർത്ത; ഇസ്വെസ്റ്റിയ എന്നാൽ സത്യം. പ്രാവ്ദയിൽ ഇസ്വെസ്റ്റിയയും, ഇസ്വെസ്റ്റിയയിൽ പ്രാവ്ദയും ഇല്ലെന്നാ‍യിരുന്നു വിരുദ്ധവാണി.

ഞാൻ ജോലി ചെയ്തിരുന്ന പത്രം ഒരിക്കൽ പ്രധാനമന്ത്രി നരസിംഹ റാവുവിനെ എതിർക്കുന്നത് അജണ്ടയാക്കി. മുംബെയിലെ ഒരു വക്കീൽ നട്ടുനനച്ച ഒരു റാവുവിരുദ്ധക്കഥ ഞാൻ ആദിമദ്ധ്യാന്തപ്പൊരുത്തമില്ലാത്ത വാർത്തയാക്കിയെഴുതി. ഓഹരിവീരൻ ഹർഷദ് മേത്ത റാവുവിന് ഒരു കോടി നിറച്ച സ്യൂട്കേസ് ദക്ഷിണ കൊടുത്തുവെന്ന പൊള്ളുന്ന കഥയുമായി എന്റെ എഡിറ്റർ മുംബെയിൽനിന്ന് പറന്നു വരികയായിയിരുന്നു. ഞങ്ങളുടെ അജണ്ട അറിയാവുന്നവർ നെറ്റി ചുളിച്ചു. പക്ഷേ കഥ തള്ളണോ കൊള്ളണോ എന്ന് റാവു ആദ്യം ശങ്കിച്ചു. ഏത് സത്യം? ഏത് അസത്യം? ഞാൻ ആൽബേർ കാമ്യുവിന്റെ വചനം ഓർത്തു: “സത്യം ഇല്ല. സത്യങ്ങളേ ഉള്ളു,“

‘പലരെയും പരീക്ഷിച്ചുനോക്കി; ഇനി ബി ജെ പിയെ പരീക്ഷിക്കുക‘ എന്ന മുദ്രാവാക്യം ഡൽഹിയിലെ വരേണ്യലേഖകരുടെ അജണ്ടയായിരുന്നു, തൊണ്ണൂറുകളുടെ തുടക്കത്തിൽ. ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം‘ താമര പൂക്കുമ്പോലെയായിരുന്നു കഥാരചന. പക്ഷേ അജണ്ട വോട്ടർമാർക്കു പിടിച്ചില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ, ഭരിക്കാൻ വേണ്ടതിന്റെ പകുതിപോലും എണ്ണം തികയാതെ, ബി ജെ പി പിന്നെയും ഭജനത്തിനു പോയി. വേറൊരു തിരഞ്ഞെടുപ്പിൽ അജണ്ട കർക്കശമായപ്പോൾ, സർവേക്കാരന്റെ ഫലപ്രവചനം എഡിറ്റർ ഹിതകരമായി മാറ്റിയെഴുതി. ഫലം അറിഞ്ഞപ്പോൾ അജണ്ട പൊളിഞ്ഞു.

വേറൊരു ലേഖകൻ അജണ്ടക്കു ചേർന്ന നുണ കൊരുത്തതോർക്കുന്നു. ആന്റണി-കോൺഗ്രസ്സുകാർ സഖാക്കളെ മൊഴി ചൊല്ലാനിരുന്ന കാലം. അതൊഴിവാക്കി ഭരണം നിലനിർത്തുകയായിരുന്നു മാർക്സിസ്റ്റ് മാധ്യമത്തിന്റെ അജണ്ട. അത് വെണ്ടക്കയിൽ ആന്റണിയെ വിരട്ടി: ‘സി ബി ഐ കോൺഗ്രസ്സുകാരെ കൊല്ലാൻ വരുന്നു!‘ ടി കെ രാമകൃഷ്ണൻ ആ രഹസ്യം യോഗത്തിൽ പറഞ്ഞപ്പോൾ, മരണം മുന്നിൽ കണ്ടു വിരളേണ്ട ഉമ്മൻ ചാണ്ടി ഊറിചിരിച്ചത്രേ. ഗുണപാഠം: അജണ്ട വേണ്ടാ. വിശ്വാസ്യത ഞെരിഞ്ഞാൽ, വാഷിംഗ്ടൺ പോസ്റ്റ് എഡിറ്റർ ആയിരുന്ന ബെൻ ബ്രാഡ്‌ലി പറഞ്ഞപോലെ, സത്യം മാത്രമാണ് രക്ഷ.


(സെപ്റ്റംബർ 22ന് മനോരമയിൽ പ്രസിദ്ധീകരിച്ചത്)

Thursday, September 17, 2009

കിഴക്കമ്പലത്തിന്റെ രണ്ടു വീക്ഷണങ്ങള്‍

കൂനും കള്ളുനാറ്റവും ആരിലും ആദരമോ വിശ്വാസമോ ഉളവാക്കില്ല. കുഴഞ്ഞ സംസാരവും പിന്‍പറ്റി നില്‍ക്കുന്ന ശീലവും കൂടിയായാല്‍ പറയുകയും വേണ്ട. ശ്രദ്ധിക്കപ്പെടാത്ത വസ്ത്രവുമായി, കൂനിക്കൂടി, പിന്‍പറ്റി നിന്നു ആനന്ദ് കുമാര്‍. രാധാകൃഷ്ണന്റെ നാവ് നന്നേ കുഴഞ്ഞിരുന്നു. വലിയൊരു കുംഭകോണത്തിന്റെ കഥ പറയാന്‍ വന്നതായിരുന്നു രണ്ടുപേരും. രാധാകൃഷ്ണന്‍ റിസര്‍വ് ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ആനന്ദ് കുമാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവങ്കൂറിലേയും. കണക്കിലെ കള്ളം കണ്ടാല്‍ ഉടന്‍ കേറിപ്പിടിക്കാന്‍ രണ്ടുപേര്‍ക്കും സാധാരണയില്‍ കവിഞ്ഞ വൈഭവമുണ്ടെന്ന് പിന്നീടേ മനസ്സിലായുള്ളൂ.

വളരെ ഉയര്‍ന്ന നിലയില്‍ എത്തേണ്ട ആളായിരുന്നു രാധാകൃഷ്ണന്‍. പക്ഷേ ആപ്പീസിലും പുറത്തും അദ്ദേഹം പറയുന്നതെല്ലാം കാര്യമായെടുക്കാന്‍ ആളുകള്‍ മടിച്ചു. പറയാനുള്ളതൊക്കെ പറഞ്ഞൊപ്പിക്കാന്‍ തന്നെ അദ്ദേഹത്തിനായിരുന്നില്ല. അമൃതാഞ്ജനം തേച്ചുപിടിപ്പിച്ച മൂക്കും മുറുക്കിച്ചുവപ്പിച്ച ചുണ്ടും മതിയായിരുന്നില്ല മദ്യത്തിന്റെ സ്വാധീനം മറച്ചുവെക്കാന്‍. ഒന്നും മിണ്ടാതെ ഒതുങ്ങിനിന്നിരുന്ന ആനന്ദ് കുമാറിനെ പരിചയപ്പെടുത്തിയപ്പോള്‍, സംസാരിച്ചുനോക്കാമെന്നു തോന്നി--വേറൊരു ദിവസം, രാധകൃഷ്ണന്റെ കുഴഞ്ഞാട്ടത്തിന് അവസരം കൊടുക്കാതെ.

ഭൂമിയുടെ ഗര്‍ഭഗൃഹത്തിന്റെ ആകൃതിയും പ്രകൃതിയും പഠിച്ച്, ശാസ്ത്രഗവേഷണ കൌണ്‍സിലില്‍ ജോലി നേടിയ ശേഷം, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറില്‍ ചേര്‍ന്ന കര്‍ണ്ണാടകക്കാരനായിരുന്നു ആനന്ദ് കുമാര്‍. വിക്ക് സംസാരത്തിനേ ഉള്ളുവെന്ന് ഇ എം എസ് പറയാറുള്ളതുപോലെ, ആനന്ദ് കുമാറിന്റെ തോളിനു മാത്രമേ കൂന് ഉണ്ടായിരുന്നുള്ളു. ബൌദ്ധികമായും ധാര്‍മ്മികമായും എപ്പോഴും എവിടെയും നീണ്ടുനിവര്‍ന്നുനിന്നു. സന്തോഷിപ്പിക്കാന്‍ പറ്റാത്ത മേലധികാരികളെ കിട്ടിയതുകൊണ്ട്, ഉദ്യോഗക്കയറ്റത്തിനു സമയമാകുമ്പോള്‍ ആനന്ദ് കുമാര്‍ വീണ്ടും വീണ്ടും തഴയപ്പെട്ടു. എന്തിനും ഏതിനും വഴങ്ങിക്കൊടുത്തു ശീലിക്കാത്തതുകൊണ്ട്,
സ്വാധീനവും കേമത്തവും ഉള്ള പദവികളിനിന്ന് ഒഴിവാക്കപ്പെട്ടു. ടി പത്മനാഭന്റെ നിധി ചാല സുഖമാ എന്ന കഥയിലെ രാമനാഥന്റെ ഒരംശം ചേര്‍ന്നിരുന്നു ആനന്ദ് കുമാറില്‍.

ആനന്ദ് കുമാറിനെ ഒതുക്കിയത് ബാങ്കിന്റെ പരിശോധനാവിഭാഗത്തിലായിരുന്നു. കുഴപ്പമുണ്ടാക്കാന്‍ കൂടുതല്‍ സൌകര്യമുള്ള ലാവണം. ഓരോ ശാഖയിലേയും തരികിടയും തിരിമറിയും പുറത്തുകൊണ്ടുവരാം. എറണാകുളത്തെ മുഖ്യശാഖ പരിശോധിക്കാന്‍ ആനന്ദ് കുമാറിനെ നിയോഗിച്ചപ്പോള്‍, മുതിര്‍ന്നവരും കീഴ്ശാന്തികളും പുറത്തുള്ള ഭക്തശിരോമണികളും--എല്ലാവരും--മുന്നറിയിപ്പു നല്‍കി, “കുളമാക്കും.” കുളമാക്കി.

ബാങ്കില്‍ എന്നേ സംസാരമായിക്കഴിഞ്ഞിരുന്ന കിഴക്കമ്പലം ടെക്സ്റ്റയില്‍സിന്റെ എക്കൌണ്ടില്‍ ആനന്ദ് കുമാര്‍ കൈവെക്കുമോ എന്നായിരുന്നു പലരുടെയും ശങ്ക, പലരുടെയും പേടി. സര്‍വാധികാര്യക്കാരായിരുന്ന ജനറല്‍ മാനേജര്‍ നെടുങ്ങാടിക്ക് ശങ്കയേ ഉണ്ടായിരുന്നില്ല: കുലം മുടിക്കാന്‍ ഇറങ്ങിയവനാണ്; കുളം തോണ്ടും. കരുതിയിരിക്കാന്‍ എറണാകുളത്തെ ബാങ്ക് മാനേജര്‍ക്കു മാത്രമല്ല, കിഴക്കമ്പലത്തിന്റെ ഉടമയായ എം സി ജേക്കബിനും വിവരം കിട്ടി. ഓരോ ദിവസവും അവര്‍ കരുതിയിരുന്നു.

ചെറുതും വലുതുമായ എക്കൌണ്ടുകള്‍ പരിശോധിച്ചും, ചെറിയ ചെറിയ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയും ഇന്‍സ്പെക്റ്റര്‍ ആനന്ദ് കുമാര്‍ കാലയാപനം ചെയ്തു. കൂനിക്കൂടിയിരുന്ന് ലെഡ്ജറുകളും രശീതികളും നോക്കിക്കൊണ്ട് മിണ്ടാതിരിക്കുന്നതിനിടയില്‍ ആഴ്ചകള്‍ ‍പലതു കഴിഞ്ഞു. കിഴക്കമ്പലത്തേക്ക് അദ്ദേഹത്തിന്റെ കണ്ണുകള്‍ പോയതേയില്ല. പല ദിവസം കരുതിയിരുന്ന ജേക്കബ് ഒരു ദിവസം ക്ഷമ കെട്ട് അങ്ങോട്ട് ഇടിച്ചുകയറി ചോദിച്ചു: “എപ്പോഴാണ് എന്റെ എക്കൌണ്ടിന്റെ പരിശോധന? എനിക്ക് സിംഗപ്പൂരില്‍ പോകണം...”
“അതിനെന്താ, പോയിട്ടുവരൂ. നിങ്ങളുടെ എക്കൌണ്ടിനെപ്പറ്റി എന്തെങ്കിലും സംശയം വന്നാല്‍ നിങ്ങളെ വിളിക്കാം. നിങ്ങളോട് ചോദിക്കാതെ ഒരു നിഗമനവും ഉണ്ടാവില്ല. സമയമെടുത്തേക്കും. നിങ്ങള്‍ പോയിട്ടുവരൂ.“

അപ്പോള്‍, അതാണ് പരിപാടിയല്ലേ, സമയമെടുത്തുതന്നെ പരിശോധിക്കാന്‍? അങ്ങനെ പോയി ചിലരുടെ ചിന്ത. നേരത്തേ വ്യവസായ ഡയറക്റ്റര്‍ ആയിരുന്ന, ശാസ്ത്രസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ കെ ആര്‍ രാജന്‍ പറഞ്ഞറിഞ്ഞതാണ്, ബുദ്ധിമാനും ഉത്സാഹശാലിയുമായ എം സി ജേക്കബിന് ആളുകളെ സ്വാധീനിക്കുന്ന വ്യക്തിത്വം ഉണ്ടായിരുന്നു. സി പി ഐ നേതാക്കളില്‍ ചിലര്‍ ‍അദ്ദേഹവുമായി കൂടുതല്‍ അടുപ്പമുള്ളവരായിരുന്നു. അബു എന്നൊരു പാര്‍ടിബന്ധു തുടങ്ങിയ തുണിപ്പണി തോറ്റുപോകുമ്പോഴും കിഴക്കമ്പലം കുതിച്ചുകയറുകയായിരുന്നു. ആ കിഴക്കമ്പലത്തേക്കായിരുന്നു ആനന്ദ് കുമാറിന്റെ നീക്കം.

കേള്‍വിയും സംസാരവും തടസ്സപ്പെട്ട പാവങ്ങളെ അണിനിരത്തിക്കൊണ്ട് ഒരു വ്യവസായം തുടങ്ങിയ ധീരനും ധിഷണാശാലിയുമായ സംരംഭകന്‍ ആയിരുന്നു കിഴക്കമ്പലത്തിന്റെ സ്ഥാപകന്‍. ശബ്ദശൂന്യമായ ഒരു ലോകത്തില്‍ കഴിയുന്നആ മനുഷ്യാത്മാക്കളുടെ മാര്‍ഗ്ഗ്ഗദര്‍ശിയും അഭയദായകനുമായിരുന്നു അദ്ദേഹം. അങ്ങനെയായിരുന്നു അദ്ദേഹത്തെപ്പറ്റിയുള്ള ചിത്രീകരണം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ എക്കൌണ്ടില്‍ എന്തു പരിശോധിക്കാന്‍? പലതും പരിശോധിക്കാന്‍ ഉണ്ടായിരുന്നു.

കിഴക്കമ്പലവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എക്കൌണ്ടുകളെല്ലാം ആനന്ദ് കുമാര്‍ ആദ്യം ഒരു ശൃംഖലയില്‍ പെടുത്തി. ഓരോരുത്തരുടേയും ഇടപാടുകളും ഓരോരുത്തര്‍ക്കും ബാങ്ക് അനുവദിച്ച ആനുകൂല്യങ്ങളും പരിശോധിച്ചു തുടങ്ങി. മാതൃസ്ഥാപനമായ കിഴക്കമ്പലം ടെക്സ്റ്റയില്‍സ് വാസ്തവത്തില്‍ മൂകരും ബധിരരുമായ അതിലെ തൊഴിലാളികളുടേതായിരുന്നു. അവരായിരുന്നു അതിന്റെ ഓഹരിയുടമകള്‍. സൌജന്യനിരക്കില്‍ ബാങ്ക് വായ്പ അനുവദിച്ചത് അവര്‍ക്കായിരുന്നു. വായ്പ് തിര്‍ച്ചടക്കാനുള്ള ബാധ്യതയും അവര്‍ക്കു തന്നെ. അവരുടെ രക്ഷിതാവും ഉപദേശകനും ഭരണകര്‍ത്താവുമായി ജേക്കബ്. നിരക്ഷരരും പാവപ്പെട്ടവരുമായ നെയ്ത്തുതറി ഉടമകള്‍, അവര്‍ക്കുവേണ്ടി എല്ലാ ഇടപാടുകളും നടത്താന്‍ ജെക്കബിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നു.

ആ പ്രഹേളിക ആനന്ദ് കുമാര്‍ പൊളിച്ചെഴുതി. ഉടമകള്‍ കൂലിക്കാരായ സഹകരണസംഘമായിരുന്നില്ല ആ സംരംഭം. തറിയുടമളുമായായിരുന്നു ബാങ്കിന്റെ ഇടപാട്. അവരുടെ പേരില്‍ വായ്പ തേടുന്നു, അവരുടെ പേരില്‍ അനുവദിക്കപ്പേടുന്നു, അവര്‍ സ്വാഭാവികമായും തിരിച്ചടക്കാന്‍ ബാധ്യസ്ഥരാകുന്നു. അനിവദിക്കപ്പെടുന്ന വായ്പ അവര്‍ക്കുവേണ്ടി കൈകാര്യം ചെയ്യുന്നത് മൂന്നമതൊരാളാണെന്നു മാത്രം. അതില്‍ കയറി പിടിച്ചു ആനന്ദ് കുമാര്‍.

അന്വേഷിച്ചുചെന്നപ്പോള്‍ ചില തറി ഉടമകള്‍ ഉണ്ടോ എന്നുപോലും സംശയമായി. ഇല്ല്ലാത്ത ഒരാള്‍ക്ക്, കുറഞ്ഞ പലിശക്കായാലും അല്ലെങ്കിലും, വായ്പ കൊടുക്കുന്നതെങ്ങനെ? ഇടപാടുകാരനുമായി പരിചയപ്പെടുകയാണ് ഏതു ബാങ്കിംഗ് സ്ഥാപനത്തിന്റെയും ആദ്യധര്‍മ്മം. വായുവില്‍നിന്നുണ്ടാകുന്നതല്ല പണം എന്നു ജ്യോഫ്രി ക്രൌതര്‍, ‘പണത്തിന്റെ രൂപരേഖ’ എന്ന വിഖ്യാതമായ പഴയ പുസ്തകത്തില്‍ പറഞ്ഞതുപോലെ, വായുവില്‍ നിലകൊള്ളുന്നവരുമായി ബാങ്കുകള്‍ക്ക് ഇടപാട് നടത്താന്‍ പറ്റില്ല. അങ്ങനെ, കടം കൊടുത്ത/എടുത്ത ചില പേരുകാരുടെ ഉത്ഭവവും ഉണ്മയും അന്വേഷണവിഷയമായി. എല്ലായ്പോഴുമെന്നപൊലെ, ആ അന്വേഷണത്തിനും അവസാനമുണ്ടായിരുന്നില്ല.

അക്കവും അക്ഷരവുമിട്ട് ആനന്ദ് കുമാര്‍ തയ്യറാക്കിയ റിപ്പോര്‍ട്, പൊട്ടാന്‍ നേരം നോക്കിയിരിക്കുന്ന പണപ്പടക്കം പോലെ, പരിശോധനാവിഭാഗത്തിന്റെ അലമാരയില്‍ ഒളിച്ചിരിപ്പായി. പുറത്തെടുത്തുവായിക്കാനും തുടര്‍നടപടികള്‍ ആവശ്യപ്പെടാനും ആര്‍ക്കും സന്തോഷം തോന്നിയില്ല. അങ്ങനെ ഒരു രേഖയേ ഇല്ലെന്നു നടിച്ചാല്‍ രേഖ ഇല്ലാതാകുമെന്നായിരുന്നു നിലവിലുള്ള തത്വശാസ്ത്രം. ഏതായാലും ഒരു തീരുമാനം ഉടന്‍ ഉണ്ടായി: ആനന്ദ് കുമാറിനെ ഇനിഒരു പരിശോധനക്കും അയക്കേണ്ട. വെറുതെ ഇരുത്താന്‍ വയ്യാത്തതുകൊണ്ട്, കൂടുതല്‍ അറിവും പരിചയവും നേടാന്‍ വേണ്ടി, പരിശീലനത്തിനയച്ചു. ആ പരിശീലനത്തിനിടയിലായിരുന്നു ഞാനുമായുള്ള സമാഗമം.

സാധാരണഗതിയില്‍, ഇങ്ങനെയൊരു കഥ പത്രത്തില്‍ വന്നാല്‍ എവിടെയും നല്ല പുകില്‍ ആകും. പത്രസമ്മേളനമുണ്ടാകും, നിഷേധപ്രസ്താവന ഇറങ്ങും, അനുരഞ്ജനശ്രമം നടക്കും, വക്കീല്‍ നോടിസ് വരും. ആദ്യം പറഞ്ഞ മൂന്നുമുണ്ടായില്ല. കുറെ കഴിഞ്ഞ് നാലാമത്തെ സാധനം വന്നു: വക്കീല്‍ നോടിസ്. കോടതിയില്‍ നിറഞ്ഞും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ അത്രതന്നെ നിറയാതെയുമിരുന്ന ടി സി എന്‍ മേനോന്‍ ‍കിഴക്കമ്പലം ടെക്സ്റ്റയില്‍സിനുവേണ്ടി അയച്ചതായിരുന്നു നോടിസ്. ബാങ്കിന്റെ രേഖ ഉദ്ധരിച്ച്, ബാങ്കിന്റെ ഇടപാടിനെ ചോദ്യം ചെയ്യുന്ന പത്രക്കഥയെപ്പറ്റി ബാങ്ക് ഒന്നും പറയാതിരുന്നത് ദുരൂഹമല്ലെങ്കിലും രസകരമായി.

ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററായിരുന്ന എന്‍ ബി ബാനര്‍ജി മാത്രം അനൌപചാരികമായി ഇത്രയും പറഞ്ഞു: “ആ വ്യവസായസംരംഭം ഒന്നു കണുക. നന്നായി നടക്കുന്നു. ബാങ്ക് കൊടുത്ത വായ്പ സുരക്ഷിതമായി, ലാഭകരമായി, സുരക്ഷിതമായി, വീനിയോഗിക്കപ്പെടുന്നു. അത്ര പോരേ ഏതു ബാങ്കിനും?” അത്ര മതിയായിരിക്കും, ഒരു തരത്തില്‍ നോക്കിയാല്‍. വേറൊരു തരത്തില്‍ നോക്കുന്നതായിരുന്നു ആനന്ദ് കുമാറിന്റെ റിപ്പോര്‍ട്. സി ബി ഐ മേധാവികളും വേറൊരു തരത്തില്‍ നോക്കി. ആനന്ദ് കുമാര്‍ കണ്ടെത്തിയ കാര്യങ്ങളുടെ വെളിച്ചത്തില്‍ സി ബി ഐ പലയിടത്തും മിന്നല്‍ പരിശോധന നടത്തി. പിന്നെ ബാങ്ക് ആ സ്ഥാപനത്തിനെതിരെ കേസെടുത്തെന്നു കേട്ടു. സ്ഥാപനമാകട്ടെ പിന്നീടും വളരുകയും, അതിന്റെ സേവനങ്ങളെ വാഴ്ത്തുന്ന കഥകള്‍ പിന്നീടും വരികയും ചെയ്തു.

ഈ കഥയുടെ ശേഷപത്രമായി ഒരു കാര്യം. ആനന്ദ് കുമാര്‍ സ്ഥലം മാരിപ്പോയി. പിന്നെ പിരിഞ്ഞു. രാധാകൃഷ്ണന്‍ കുഴഞ്ഞുമറിഞ്ഞ കഥകള്‍ പിന്നെയും പറഞ്ഞുതന്നുകൊണ്ടിരുന്നു. ഒരു ദിവസം, കുടുംബത്തെ തേടിപ്പിടിച്ച്, അദ്ദേഹത്തെ ഡോക്റ്റര്‍ വി കെ രാമചന്ദ്രന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി, കുടി നിര്‍ത്താന്‍. രണ്ടാഴ്ചക്കുശേഷം പുറത്തിറങ്ങുമ്പോള്‍ രാധാകൃഷ്ണന്‍ സുമുഖനും പ്രസന്നനുമായിരുന്നു. അമൃതാഞ്ജനത്തിന്റെ മണമോ മുറുക്കാന്റെ ചുവപ്പോ ആവശ്യമായിരുന്നില്ല. ഒരു ദിവസം അതൊക്കെ വീണ്ടും തിരിച്ചുവന്നു. അതു കണ്ടപ്പോള്‍, കുറെ നേരം കരയിലിരുന്ന് വീണ്ടും വെള്ളത്തിലേക്ക് നീന്തിയിറങ്ങുന്ന അരയന്നത്തെ ഉപമേയവും വാസവദത്തയെ ഉപമാനവുമാക്കിയുള്ള ആശാന്‍ വരികള്‍ സുഖകരമായി തോന്നിയില്ല.

(കാലക്ഷേപം എന്ന പംക്തിയിൽ തേജസ്സിൽ സെപ്തംബർ പതിനേഴിന് പ്രസിദ്ധീകരിച്ചത്)
...

Wednesday, September 16, 2009

ലാളിത്യം കൊള്ളാം--മറ്റുള്ളവരിൽ

മറ്റുള്ളവർ ലളിതമായി ജീവിക്കുന്നതു കാണാനാണ് എല്ലാവർക്കും ഇഷ്ടം. ആരായാലും--‘ജനകീയക്കവലയിലെ നേതാക്കളാ‘യാലും ‘ജനിമോക്ഷക്കവലയിലെ താടിക്കാരാ‘യാലും--പുൽക്കുടിലിൽ കഴിയണം, കാട്ടുകിഴങ്ങുകളും വെട്ടുകിളികളും തിന്നണം. എന്നാലേ ആദരം കിട്ടൂ. അതുകൊണ്ട് സഖാക്കൾ അങ്ങനെയായിരിക്കണമെന്നും, അതു ബോധ്യപ്പെടുത്താൻ സ്വത്ത് വെളിപ്പേടുത്തണമെന്നും പൊളിറ്റ് ബ്യൂറോ നിർദ്ദേശിച്ചിരിക്കുന്നു. ഇ പി ജയരാജനെ തള്ളിയിരിക്കുകയാണ് ബ്യൂറോ.

പണ്ട് വിപ്ലവകാരികൾ അങ്ങനെ ആയിരുന്നു. കട്ടൻ ചായയും പരിപ്പു വടയും വിഴുങ്ങി അവർ കമ്യൂണിസം കൃഷി ചെയ്തു. അടുത്തയിടെ ഭാഷക്കു കൈവന്ന ഹൃദ്യമായ രൂപകം ആണ് ‘കട്ടൻ ചായയും പരിപ്പു വടയും.’ അതു കഴിച്ചാലേ കമ്യൂണിസ്റ്റാകൂ എന്നു ശഠിച്ചാൽ, കമ്യൂണിസത്തിന് ആളെ കിട്ടില്ലെന്ന പ്രവചനം തെറ്റാവണമെന്നില്ല--പ്രവാചകൻ ജയരാജൻ ആയതുകൊണ്ടുമാത്രം. ഒറ്റമുണ്ടും പരുത്തിക്കുപ്പായവും അണിയണം കോൺഗ്രസ്സുകാരനാകണം എങ്കിൽ, പിന്നെ കോൺഗ്രസ്സിന്റെ പൊടി പോലും കാണില്ല.

എന്നാലും അവരുടെയൊക്കെ ജീവിതം ലളിതവിനീതമാണെന്നു മറ്റുള്ളവർ വിചാരിക്കണം. ആ വിചാരം ഉറപ്പിക്കാൻ ചിലർ കുപ്പായം അവിടവിടെ കീറുന്നു, കേവ്യർ ഇഷ്ടപ്പെടുമ്പോഴും കട്ടൻ കഴിക്കുന്നു, ഹോണ്ടയുണ്ടെങ്കിലും അംബാസഡറിൽ ഞെരിയുന്നു. പണമുണ്ടെന്നു മറ്റുള്ളവർക്കു തോന്നരുത്. പണം ജനത്തിന് ഇഷ്ടമാണ്; പക്ഷേ പണക്കാരെ ഇഷ്ടമല്ല. ഗാന്ധി അതു മനസ്സിലാക്കി. ദരിദ്രൻ ഗാന്ധിയുടെ നാരായണനായി; ദരിദ്രന്റെ ഉടുതുണി--ഇല്ലായ്മ--അദ്ദേഹത്തിന്റെ വേഷമായി. ഫലമോ? ജയരാജൻ പറഞ്ഞതല്ലേ ശരി, ഗാന്ധിക്ക് കോണമേ പാടുള്ളുവെങ്കിൽ, ഗാന്ധിപ്പണിക്ക് ആളെ കിട്ടാതാവുമെന്നു വന്നു.

ഏറെ പണമിറക്കി ഗാന്ധിയുടെ ദാരിദ്ര്യം പ്രദർശിപ്പിക്കാൻ സരോജിനി നായ്ഡു ഉണ്ടായിരുന്നു. അത്രയില്ലെങ്കിലും, കീറാൻ ഒരു കുപ്പായം വാങ്ങാൻ, എന്തെങ്കിലും പദവിയുള്ളവർക്ക് വരുമാനവുമുണ്ടാകും. അതില്ലാതെ കൊടിപിടിക്കുന്ന പതിനായിരങ്ങൾക്കോ? കടം കൊള്ളുകയോ കവരുകയോ ചെയ്യാതെ അവർക്ക് കട്ടൻ ചായയും കുടിലും ഉണ്ടാവില്ല. അതെങ്ങനെയെങ്കിലും ഉണ്ടായാലോ, ബഹുജനമനുഷ്യൻ--ഒർടേഗ ഗേസറ്റിന്റെ Mass Man--അസഭ്യം പറയും: സുഖലോലുപൻ, അഴിമതി വീരൻ! എന്തിനെയും സംശയിക്കുന്ന, എല്ലാറ്റിന്റെയും ലഘുസാധാരണഘടകം മാത്രം മനസ്സിലാകുന്ന, ബഹുജനമനുഷ്യനെ സുഖിപ്പിക്കാനുള്ള ജാടയാണ് കട്ടനും കീറക്കുപ്പായവും. ഒന്ന് ആദ്യം തിരിച്ചറിയണം: രന്തിദേവന്റെ പരിത്യാഗശീലം നോർമലല്ല. എന്നിട്ടു വേണം പൊതുപ്രവർത്തകർക്കെല്ലാം സത്യസന്ധമായ ഉപജീവനത്തിനു വഴിയുണ്ടാക്കാൻ. അതുണ്ടായാലേ കവർച്ചക്കരെ ഓടിച്ചിട്ടു പിടിക്കാൻ പറ്റൂ. മുഴുവൻസമയരാഷ്ട്രീയം വ്യാപിക്കുമ്പോൾ, കവർച്ച കൂടും.

കവർച്ചയും പട്ടിണിയും ഒരുപോലെ കൂടിയ കാലത്ത് ഫ്രാൻസിലെ ഒരു റാണി ചോദിക്കുകയുണ്ടായി: “കഞ്ഞി കുടിക്കാനില്ലെങ്കിൽ, പാൽക്കഞ്ഞി കുടിച്ചുകൂടേ?” അവരുടെ തല പോയി. ആ അനുഭവം ഉണ്ടാകാതിരിക്കാൻ, ഇടക്കിടെ ആസ്തി വെളിപ്പെടുത്തുന്നതു കൊള്ളാം. പരിമിതി അറിഞ്ഞുകൊണ്ടു വേണമെന്നു മാത്രം. എന്നോളം തുറന്ന വരുമാനം ഒരിക്കലും ഇല്ലാതിരുന്ന ചിലരുടെ ചിലവ് കാണുമ്പോൾ പണം വായുവിൽനിന്നു വരുമെന്നു തോന്നും. വരുമാനവും വരുമാനമാർഗ്ഗവും തമ്മിലുള്ള പൊരുത്തക്കേട് ഏറെ പഴയതാകുന്നു. അതുകൊണ്ട് കട്ടൻ കുടിച്ചിരുന്നവർ ഷാമ്പെയിനിൽ കുളിക്കാൻ തുടങ്ങുമ്പോൾ മതി നമ്മുടെ സദാചാരകോമരം ഉറഞ്ഞുതുള്ളാൻ എന്നു വെക്കണം.

(മംഗളവാദ്യം എന്ന പംക്തിയിൽ സെപ്റ്റംബർ പതിനഞ്ചാം തിയതി മനോരമയിൽ പ്രസിദ്ധപ്പെടിത്തിയത്)

Wednesday, September 9, 2009

നിരോധനത്തിന്റെ നീളുന്ന വഴികള്‍

പറിഞ്ചു മാഷ് ഈണത്തില്‍ രണ്ടു വരി ചൊല്ലി. പിന്നെ അറച്ചുനിന്നു. അടുത്ത രണ്ടു വരിയില്‍ അക്ഷരങ്ങള്‍ ബന്ധമില്ലാത്ത ബിന്ദുക്കളായി മാറിയിരുന്നു. കാളിദാസന്‍ രോധിക്കപ്പെട്ടിരുന്നു. ബിന്ദുക്കളുടെ അര്‍ത്ഥം മാഷ് ഇങ്ങനെ പറഞ്ഞു: ശിവന്റെ ബീജം വഹിക്കാന്‍ പാര്‍വതിക്കേ കഴിയൂ. “കുട്ടികള്‍ അത് അറിയരുതെന്നാകും,“ എന്നു പറയുമ്പോള്‍ മാഷിന്റെ മുഖത്ത് ചിരി പോലെ ഒരു ചലനം കണ്ടു.

അഭിഭാഷകനായ അശോക് ദേശായി നിരോധനത്തിനെതിരെ ഉന്നയിച്ച വാദം അതായിരുന്നു. “സാങ്കല്പിക ബാലിക”ക്കു--Figurative Schoolgirl--വേണ്ടിയെഴുതുന്നതല്ല എല്ലാ പുസ്തകവും. പ്രശസ്തമായ ആ വാദം വിജയ് ടെണ്ടുള്‍ക്കറുടെ ‘സഖാറാം ബൈന്‍ഡര്‍‘ എന്ന നിരോധിക്കപ്പെട്ട നാടകത്തിന്റെ അവതാരികയിലും അദ്ദേഹം ആവര്‍ത്തിച്ചു. നാടകം രക്ഷപ്പെട്ടു.

എന്നാലും, ഞാന്‍ മുതിരുമ്പോള്‍ നിരോധനവും നിരോധും വളരുകയായിരുന്നു. ‘സൃഷ്ടിക്കൊരു തടസ്സം‘ എന്ന അര്‍ത്ഥത്തില്‍ ‘നിരോധ്‘ എത്ര മനോഹരമാ‍യ പദം! ആദിയില്‍ സൃഷ്ടി വചനത്തോടെയായിരുന്നു. വിശ്വാസത്തെയും വികാരത്തെയും മുറിപ്പെടുത്തുന്നുവെന്നു പറഞ്ഞ്, ഓരോ തമാശക്കാര്‍ ഓരോ ഘട്ടത്തില്‍ അതു നിരോധിച്ചു. നിരോധിച്ചപ്പോള്‍ കരുത്തും കൌതുകവും കൂടി. അതുകൊണ്ടാകും, റുഷ്ദിയുടെ ‘സാത്താനിക പദ്യങ്ങള്‍‘ കണ്ടെടുത്തു നോക്കിയപ്പോള്‍, പത്തെഴുപതു പേജാകുമ്പോഴേക്കും ക്ഷീണം തോന്നി. കസാന്‍സാക്കിസ്സിനെ ഉപജീവിച്ചുള്ള പി എം ആന്റണിയുടെ ‘ആറാം തിരുമുറിവു‘ മറിച്ചുനോക്കിയപ്പോള്‍ ഉറങ്ങിപ്പോയി. അതു നിരോധിച്ചതു പക്ഷേ ഉറക്കം വരുത്തുന്നതുകൊണ്ടായിരുന്നില്ല.

നല്ല ശമരിയക്കാരനായിരുന്ന കസാന്‍സാക്കിസ്സിന്റെ ‘അന്ത്യപ്രലോഭനം‘ നിരോധിക്കാമെങ്കില്‍, പിന്നെ എന്തു നിരോധിച്ചുകൂടാ? സുവിശേഷം ചിലയിടങ്ങളില്‍ ചില ഘട്ടങ്ങളില്‍ നിരോധിച്ചിട്ടുണ്ടത്രേ. റിച്മണ്ട് നഗരത്തിലെ ഹെന്‍റൈക്കോ ലൈബ്രറിയില്‍ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ അലമാര കണ്ടു. അതില്‍ ഓര്‍വെലിന്റെ കമ്യൂണിസ്റ്റ്വിരുദ്ധമെന്നു പേരു കേട്ട ‘മൃഗസങ്കേത‘വും ‘1984‘ഉം കണ്ടു. രണ്ടും സോവിയറ്റ് യൂണിയനില്‍ നിരോധിക്കപ്പെട്ടിരുന്നു. കുറച്ചിട അമേരിക്കയിലും!

‘ഫെബ്രുവരി 29‘ എന്ന തിയതി നിരോധിക്കപ്പെട്ടു, അടിയന്തരാവസ്ഥയില്‍. അന്നാണ് മൊറാര്‍ജി ദേശായിയുടെ പിറന്നാള്‍. ‘തുഗ്ലക്കി‘ല്‍ ചോ രാമസ്വാമി അത് അച്ചടിക്കാന്‍ നോക്കിയപ്പോള്‍, സെന്‍സര്‍ വെട്ടി. ചോ അത് ഷാ കമ്മിഷനില്‍ പറഞ്ഞപ്പോള്‍, ആരോ പാടി, “കരയുന്നൂ പുഴ ചിരിക്കുന്നൂ...”. കമ്മിഷനില്‍ ‘ഒപ്പിനിയന്‍’ എഡിറ്റര്‍ ഗോരേവാല എത്തിയത് ഗീതാശ്ലോകം വെട്ടിയെന്നു പറയാനായിരുന്നു. സന്യാസിയെപ്പോലിരുന്നു ഐ സി എസ്സുകാരനായ ഗോരേവാല. ചിരി വരാത്ത ജസ്റ്റിസ് ഷാ കണ്ണിറുക്കിച്ചോദിച്ചു: “ഭരണഘടനയുടെ ആമുഖം വെട്ടിയോ?” ഭരണഘടന തന്നെ വെട്ടിയില്ലേ?

‘പാകിസ്താനിലെ ജിന്ന’യെ വാഴ്ത്തുന്ന വോള്‍പെര്‍ട്ടിന്റെ പുസ്തകം പാകിസ്താനില്‍ നിരോധിക്കപ്പെട്ടു. ബി ജെ പിക്കാരന്റെ ജിന്നാപുസ്തകം ബി ജെ പി ദേശത്ത് നിരോധിക്കപ്പെട്ടു. നിരോധനത്തിന്റെ വഴി എന്നും അങ്ങനെയായിരിക്കും--ദുരൂഹം. ടി എന്‍ ശേഷനെയും തിരഞ്ഞെടുപ്പുവിശേഷത്തെയും പറ്റി ഞാന്‍ തല്ലിക്കൂട്ടിയ ഒരു പുസ്തകം ലോകമെങ്ങും നിരോധിക്കപ്പെട്ടു--തമിഴനെ കൊഞ്ഞനം കാട്ടിയതിന്റെ പേരില്‍. തലൈവിയും കലൈഞ്ജരുമുള്‍പ്പടെ അഞ്ചു പേരായിരുന്നു ഹരജിക്കാര്‍. കേസ് സുപ്രിം കോടതിയിലെത്തിയപ്പോള്‍ എനിക്കു കിടിലോല്‍ക്കിടിലമായി.

പ്രകാശനം പാടില്ലെന്നായിരുന്നു ആദ്യത്തെ കല്പന. പ്രകശനമില്ലാതെ ഞങ്ങള്‍ ഒരു ചര്‍ച്ച നടത്തി. ജസ്റ്റിസ് എച് ആര്‍ ഖന്ന നയിച്ച ചര്‍ച്ചയില്‍ അഡ്വാനിയും അരുണ്‍ ശൌരിയും പങ്കെടുത്തു. ശൌരി പറഞ്ഞു: “കിട്ടാവുന്ന പുസ്തകമെല്ലാം വങ്ങിക്കൂട്ടി നിരോധനം പൊളിക്കണം.” അതു കേട്ടപ്പോള്‍, പണം മുടക്കിയ പ്രസാധകന്‍ കെ പി ആര്‍ നായര്‍, കറുത്ത താടിക്കിടയിലൂടെ വെളുത്ത പല്ലിന്റെ നിര കാട്ടി, ചിരിക്കുകയായിരുന്നു.

(സെപറ്റംബർ എട്ടിന് മനൊരമയിൽ പ്രസിദ്ധപ്പെടുത്തിയത്)

Tuesday, September 1, 2009

കൊഞ്ചിക്കാന്‍ ഒരു മലയാളം



ചിരിക്കാന്‍ എനിക്കു മലയാളം വേണം. കരയാനും. എന്റെ മകന്റെ മലയാളം അറിയാത്ത മകളെ ഞാന്‍ കൊഞ്ചിക്കാറില്ല. കൊഞ്ചിക്കാന്‍ എനിക്കു മലയാളം വേണം. ഓണം വരുമ്പോള്‍ ആര്‍പ്പു വിളിക്കാനും, “വീരാ വിരാടാ കുമാരാ വിഭോ“ എന്ന കൈകൊട്ടിക്കളിപ്പാട്ടു കേള്‍ക്കാനും മലയാളം വേണം. ഇംഗ്ലിഷില്‍ കൈകൊട്ടിക്കളിയില്ല. എന്നിട്ടും, തരം കിട്ടുമ്പോഴൊക്കെ ഞാന്‍ എനിക്കു വഴങ്ങുന്നതോ വഴങ്ങാത്തതോ ആയ ഇംഗ്ലിഷ് കാച്ചുന്നു. ഇംഗ്ലിഷ് കാച്ചുമ്പോള്‍, എന്റെ ചുണ്ടു ചുളിയുന്നു, നാവു കുഴയുന്നു, കണ്ണു വിടരുന്നു.

ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ഇംഗ്ലിഷേ കാച്ചൂ. വിലകൂടിയ ഭക്ഷണം വിളമ്പുന്നയിടങ്ങളില്‍ ചെന്നാല്‍, മലയാളം നാണക്കേടാകും. പൊലിസായി കള്ളനെ പിടിക്കാനിറങ്ങുന്ന താരരാജന്‍ ഇംഗ്ലിഷിലേ പറയൂ: പോക്കറ്റടിക്കാരനോട് “You're under arrest!" എന്ന്, പൊലിസുകാരനോട് “Come on, moooove!" എന്ന്. വികാരം വരുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും മലയാളം തിരിയില്ല. നിയമസഭയില്‍ അധ്യക്ഷന്റെ കസാലയില്‍ കേറിയാല്‍, പിന്നെ ആംഗലമേ വരൂ: Order, Order! ടെലവിഷനില്‍ “എഴുത്തച്ഛനെടുത്ത ഭാഷക്കണക്കു” കൊള്ളില്ല, ആംഗലഭംഗി തന്നെ വേണം. ക്വിസ് പരിപാടിക്കു വരുന്നവരെ കണ്ടിട്ടില്ലേ, ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും ഇടക്കും തലക്കും അവര്‍ ഓരോ OK കൊളുത്തിയിടും. ആളുകളെ തരം തിരിക്കാന്‍, ഒറ്റ വീര്‍പ്പില്‍ നാലു ഗണത്തിലായി, എട്ട് OK പറഞ്ഞിരുന്നു തോമസ് ഹാരിസ് എന്ന മനോരോഗചികിത്സകന്‍. ഒടുവിലത്തെ തരത്തില്‍ പെടുത്തിയവര്‍, തന്നെത്തന്നെ കൊല്ലാന്‍ കാത്തിരിക്കുന്നവരായിരുന്നു: I'm not OK, You're not OK."

ഇംഗ്ലിഷ് സംസാരിക്കാന്‍ പഠിക്കാനാണ് ഇപ്പോഴത്തെ ജ്വരം. പഠിപ്പിക്കുന്നതാണ് വലിയ വ്യാപാരം. സംസാരമാം സാഗരം പല തരം കാണാം: Spoken English, Communicative English, Professional English. എല്ലാം സംസാരം തന്നെ. തൊണ്ണൂറു മണിക്കൂറു കൊണ്ട് പഠിപ്പിച്ചുകൊടുക്കാമെന്നു പറയുന്നു ഒരു ബന്ധു. തൊള്ളായിരം മാസം കൊണ്ട് മലയാളം തന്നെ വിഷമം എന്നാണ് അനുഭവം. ഇപ്പോഴും ദീര്‍ഘം വേണോ ഹ്രസ്വം വേണോ എന്നു സംശയം വരുമ്പോള്‍, പന്മന രാമചന്ദ്രന്‍ നായരെ വിളിക്കും. ഭാഷയുടെ കാര്യത്തിലൊഴിച്ചാല്‍, ‘എന്റെ’ ദീര്‍ഘമായും ‘നിന്റെ’ ഹ്രസ്വമായും ഉപയോഗിക്കാമെന്നു വെച്ചിരിക്കുന്നു.

മലയാളം പറയരുത്; പറയുന്നെങ്കില്‍ തെറ്റിച്ചു പറയണം; പോത്തന്‍ ജോസഫിന്റെ വാക്ക് കടം കൊണ്ടാല്‍, ഭാര്യയെ മാനഭംഗപ്പെടുത്തുന്ന മട്ടില്‍ പറയണം. ഓണത്തെ ഓനം ആക്കണം. അങ്ങനെ പറയുന്നവര്‍ വാഴുന്നു, അങ്ങനെ പറയുന്നവരെ മാമുനിമാര്‍ വാഴ്ത്തുന്നു. അതാണ് പുതിയ മലയാളി ഭാവുകത്വം. ഞാന്‍ ഞാനാണെന്നു പറയാനുള്ള നാണമാണ് അതിന്റെ സ്ഥായീഭാവം. പരിഹസിക്കേണ്ടാ, ലോകം “ഇത്തിരി വട്ടം മാത്രം കാണ്മവര്‍, ഇത്തിരി വട്ടം ചിന്തിക്കുന്നവര്‍” അല്ലാതാകുന്നു, ഒന്നായിക്കൊണ്ടിരിക്കുന്നു എന്നു അഭിമാനിക്കുക. അങ്ങാടിയില്‍ വില്പനക്കു വരാത്തതും പണം കൊണ്ടു വാങ്ങാന്‍ പറ്റാത്തതുമായ പഴഞ്ചന്‍ മലയാളിമൊഴി ഇനി ചിലവാവില്ല.

ആറായിരം ഭാഷകള്‍ അര നൂറ്റാണ്ടിനകം ഇല്ലാതാകും. മൂന്നു കോടി ആളുകള്‍ മുക്കുകയും മൂളുകയും ചെയ്യുന്ന മലയാളം അവയില്‍ പെടണമെങ്കില്‍ ഒരു സുനാമി തന്നെ വഴി വിട്ടു വരണം. പക്ഷേ രക്ഷപ്പെടുന്ന മലയാളവും മാറും. ഊണും ഉടുപ്പും കളിയും കുളിയുമെല്ലാം മാറിയില്ലേ? മാറാത്തതെന്തുണ്ട്? കവിഞ്ഞാല്‍, കൃഷ്ണന്റെ പീലിയും കലിക്കോലും പീതാംബരമാരാരും! പിന്നെ? പിന്നെയൊന്നുമില്ല. മലയാളം മാറുമ്പോള്‍, അക്ഷരവും ആംഗ്യവും ആംഗലീകരിക്കപ്പെടും. ഓണം വരുമ്പോള്‍, തോളു കുലുക്കി, ചുണ്ടു വിഴുങ്ങി, നമ്മള്‍ പറയും: ഓനം. പഴുത്തുപോയവര്‍ പറയുന്നെങ്കില്‍, സാരമില്ല, പറയട്ടെ: നമ്മുടെ അക്ഷരങ്ങളാണ് നമ്മള്‍, നമ്മുടെ ആംഗ്യങ്ങളാണ് നമ്മള്‍.

(മംഗളവാദ്യം എന്ന പംക്തിയിൽ മനോരമയിൽ സപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ചത്)