എന്തിനോടെല്ലാമോ അരിശപ്പെട്ടിരുന്നു രാം നാഥ് ഗോയെങ്ക, ഇന്ത്യന്‍ എക്സ്പ്രസിന്റെ സ്ഥാപകന്‍. എതിര്‍ക്കുന്നവരെ ചെറുക്കാനും അധികാരത്തിന്റെ വടി വീശുന്നവരുമായി കോര്‍ത്തുനില്‍ക്കാനും അദ്ദേഹത്തിന് എന്നും ഇഷ്ടമായിരുന്നു. അപ്പോഴെല്ലാം അരിശം മുഖത്തെ മാംസപേശികളിലും സ്വരത്തിന്റെ തിരകളിലും തുള്ളിത്തെറിച്ചുനില്‍ക്കും. ഒരിക്കലും ഗോയെങ്കയെ അരിശപ്പെടുത്തിയിരിക്കാന്‍ ഇടയില്ലാത്ത ഒരു കാര്യമേ കാണൂ. തന്റെ മണ്ടയില്‍ ഒരു മുടി പോലുമില്ലെന്ന ചിന്ത അദ്ദേഹത്തെ ഒരിക്കലും ആവേശിച്ചിരുന്നില്ല. ആ മണ്ടയില്‍ മുടി മുളപ്പിക്കാന്‍ കുറച്ച് എണ്ണ വേണമെന്ന് അദ്ദേഹത്തിന്റെ മകളുടെ മകന്‍ മനോജ് സൊന്താളിയ ആവശ്യപ്പെട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ വിഷമമായി.
അങ്ങനെ ഒരാവശ്യമുന്നയിച്ച പലരില്‍ ഒരാള്‍ മാത്രമായിരുന്നു സൊന്താളിയ. എത്ര ഊഷരമായ മണ്ടയിലും മുടി മുളപ്പിക്കാന്‍ പോന്ന ഒരു തൈലം തയ്യാറായിരിക്കുന്നുവെന്ന വാര്‍ത്ത നാടാകെ പരന്നിരുന്നു, പൊളിയായും പാട്ടായും പുരാവൃത്തമായും. ഗോയെങ്കയുടെ പൂര്‍ണ്ണവും നിത്യവുമായ കഷണ്ടിയില്‍ പോലും അത് പരീക്ഷിച്ചുനോക്കാം എന്ന നില വന്നപ്പോള്‍ ഞാന്‍ സൊന്താളിയയോട് പറഞ്ഞു, ഏറേക്കുറെ ധാര്‍ഷ്ട്യത്തോടെത്തന്നെ: “ശേഷിക്കുന്ന ജീവിതകാലം മുഴുവനും തലയില്‍ ആ തൈലം തളം കെട്ടി നിര്‍ത്തിയാലും, രാംനാഥ്ജിയുടെ മണ്ടയില്‍ ഒരു മുടിയും മുളക്കാന്‍ പോകുന്നില്ല...” മുത്തഛനെ ഇടതൂര്‍ന്ന മുടിയോടുകൂടി മനസ്സില്‍ കണ്ടപ്പോഴായിരിക്കണം, സൊന്താളിയ ഊറിച്ചിരിച്ചു.
ആ എണ്ണയെപ്പറ്റി ഞാന്‍ പറഞ്ഞത് ഒന്നുമറിയാതെയല്ല. അതിന്റെ ഐന്ദ്രജാലികമായ ഉത്ഭവവും വികാസവും ആദ്യം കണ്ടറിഞ്ഞവരില്‍ പി രാജനും തോമസ് വര്‍ഗീസും ഞാനും ഉണ്ടായിരുന്നു. നേരുപറഞ്ഞാല്‍, രാജനേയും എന്നേയും ആ അത്ഭുതലോകത്തേക്കു കൂട്ടിക്കൊണ്ടുപോയ സുഹൃത്തും മാര്‍ഗ്ഗദര്‍ശിയും തത്വചിന്തകനുമായിരുന്നു തോമസ് വര്‍ഗീസ്. വിശ്വസിക്കുന്നതെന്തും വാദിച്ചുറപ്പിക്കുന്നതാണ് അന്ന് മാതൃഭൂമിയിലായിരുന്ന രാജന്റെ ശീലം. കാര്‍ഷികശാസ്ത്രവും കമ്യൂണിസവും യുക്തിവാദവും പരിസ്ഥിതിസ്നേഹവുമെല്ലാം ഉള്‍ച്ചേര്‍ന്നിരുന്നു തോമസ് വര്‍ഗീസില്‍. ഒരു വൈകുന്നേരം തോമസ് വര്‍ഗീസ് രാജനേയും എന്നേയും അംബുജവിലാസം റോഡിലെ അത്ഭുതലോകത്തേക്കു കൈ പിടിക്കാതെത്തന്നെ കൊണ്ടുപോയി. ഏതു കഷണ്ടിയെയും എണ്ണയിട്ട് ഫലഭൂയിഷ്ഠമാക്കാം എന്ന വിശ്വാസവും അതൊപ്പിച്ചുള്ള പ്രവര്‍ത്തനവുമായിരുന്നു അവിടത്തെ അത്ഭുതം.
അന്നു വൈകുന്നേരം ഗോപാലകൃഷ്ണന്‍ നായരുടെ അംബുജവിലാസം റോഡിലെ വസതിയില്‍ ആര്‍ഭാടമായി പറയാന്‍ സുഹൃത്തുക്കളുടേ സാന്നിധ്യവും മദ്യത്തിന്റെ സൌലഭ്യവും മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതോ വളം നിര്‍മ്മണശാലയില്‍ ജോലി ചെയ്തിരുന്ന, ചുരുളന്‍ മുടിയുള്ള ഗോപാലകൃഷ്ണന്‍ നായര്‍ ചെങ്കോട്ടുകോണം സ്വാമിയുടെ ശിഷ്യനായും മറ്റും കഴിയുന്ന കാലം. സ്വാമിയുടെ ആശീര്‍വാദത്തോടെ കുറേ പച്ചമരുന്നുകളും മറ്റും ചേര്‍ത്ത് അദ്ദേഹം ഒരു എണ്ണ കാച്ചി. ആ എണ്ണക്ക് അനൂപ് എന്നു പേരിട്ടു. അനൂപ് തേച്ചാല്‍മുടി വളരുമെന്നു കണ്ടു. താമസിയാതെ അത് പാട്ടായി, പുരാവൃത്തമായി.
ഗോപാലകൃഷ്ണന്‍ നായരുടെ ഒരു മകള്‍ക്ക് പനങ്കുല പോലത്തെ മുടിയുണ്ടായിരുന്നു. ആ മുടിയും അനൂപുമായി ഒരു മായിക ബന്ധം എല്ലാവരുടേയും മനസ്സില്‍ പടര്‍ന്നുവളര്‍ന്നു. ഒരു ദിവസം അല്പം എണ്ണ ഒരു പൂച്ചയുടെ തലയില്‍ വീഴാന്‍ ഇടയായി. എണ്ണ വീണ ഭാഗത്ത് മുടി കൂടുതല്‍ തഴച്ചുവിടര്‍ന്നു. പക്ഷേ രോമകൂപങ്ങള്‍ ഉള്ള സ്ഥലത്ത് അനൂപ് തേച്ചാലേ മുടി മുളക്കുകയും വളരുകയും ചെയ്യൂ എന്ന് ഗോപാലകൃഷ്ണന്‍ നായര്‍ ഒരു ശാസ്ത്രജ്ഞന്റെ ഗൌരവത്തോടെ മുന്നറിയിപ്പു നല്‍കി. ഉള്ളം കയ്യിലോ ചുമരിലോ എണ്ണ പുരട്ടിയാല്‍ രോമം വളരാനുള്ള സാധ്യത തീരെ കുറവായിരുന്നു.
അമ്മ ആയുഷ്കാലം മുഴുവന്‍ നീലിഭൃംഗാദി തേച്ചുകുളിച്ചിരുന്നത് ഞാന്‍ ഓര്‍ത്തു. അമരിയോ കയ്യോന്നിയോ സീതയുടെ മുടിയായി വേലിപ്പുറത്ത് പടര്‍ന്നുപിടിക്കുന്ന ഉഴിഞ്ഞയോ എല്ലാമോ ചേര്‍ത്ത എണ്ണ തേച്ചാല്‍ മുടി വളരുമെന്ന അഷ്ടാംഗഹൃദയഭാവനയെപ്പറ്റി ഞാന്‍ ചോദിച്ചു. അതൊന്നുമല്ല ഇത് എന്ന ഒരുതരം ശങ്കരസിദ്ധാന്തം ഗോപലകൃഷ്ണന്‍ നായരും ഉരുവിട്ടു. എത്ര പേര്‍ ഇത് തേച്ചു, എത്ര പേരുടെ മുടി വളര്‍ന്നു, എത്ര വളര്‍ന്നു, എന്നൊക്കെ ഞാന്‍ ചോദിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം മുഷിഞ്ഞു. ഉത്തരം പറയേണ്ട ആള്‍ മുഷിഞ്ഞു തുടങ്ങിയാല്‍ ചോദ്യം നിര്‍ത്തുന്ന മര്യാദ അന്നും ഞാന്‍ പഠിച്ചിരുന്നില്ല. ഒടുവില്‍, ഓളം കേറിയ മനസ്സുമായി പിരിയുമ്പോള്‍, എന്തൊക്കെ വിശ്വസിച്ചുവെന്നോ എന്തെഴുതുമെന്നോ ഉറപ്പിക്കവുന്ന നിലയിലായിരുന്നില്ല ഗോപാല്‍കൃഷണന്‍ നായരും ഞാനും.
പിന്നീടൊരു ദിവസം അന്യര്‍ക്കാര്‍ക്കും കയറാന്‍ അനുമതിയില്ലാത്തഅംബുജവ്ലാസം റോഡിലെ പരീക്ഷണശാലയിലേക്ക് തോമസ് വര്‍ഗീസ് രാജനേയും എന്നേയും കൂട്ടിക്കൊണ്ടുപോയി. മുറ്റത്ത് കൂട്ടിയ രണ്ടുമൂന്ന് അടുപ്പുകളും അവക്കുമുകളില്‍ എണ്ണ കാച്ചാന്‍ വെച്ചിരുന്ന ചെമ്പുപാത്രങ്ങളും ചേര്‍ന്നതായിരുന്നു പരീക്ഷണശാല. ഏറെ നാള്‍ കഴിയും മുമ്പേ, അവിടത്തെ ഉല്‍പന്നത്തിനുവേണ്ടി ഇന്ത്യ മുഴുവന്‍ കാത്തുനില്‍ക്കുമെന്നോ കരിഞ്ചന്ത തുറാന്നിടുമെന്നൊ അപ്പോള്‍ സങ്കല്പിക്കാന്‍ പോലും കഴിഞ്ഞില്ല. വരാനിരിക്കുന്ന സംഭവങ്ങള്‍ മിക്കപ്പോഴും അവയുടെ നിഴല്‍ നേരത്തേ വീഴ്ത്താറില്ല എന്നാണ് എന്റെ അനുഭവം.
ഏതായാലും എന്റെ ഉദാസീനതയും പത്രത്തിന്റെ തിരക്കും ഒക്കെപ്പടെക്കൂടി ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചിരുന്നത് വൈകി. തോമസ് വര്‍ഗീസിന് പരിഭവമായി. ഇത്രയൊക്കെയായിട്ട് ഒന്നുമെഴുതാതിരിക്കുന്നതില്‍ പരിഭവിക്കതിരിക്കുമോ? ഗോപാലകൃഷ്ണന്‍ നായര്‍ക്ക് ക്ഷമ കെട്ടു. അപരിഹാര്യമായ അസൂയയോടു ചേര്‍ത്തു പറയാറുള്ള കഷണ്ടിക്ക് മരുന്നു കണ്ടെത്തിയെന്ന വാര്‍ത്ത നാടുനീളെ പടരാതിരിക്കുമ്പോള്‍, ഏതു ശാസ്ത്രജ്ഞന്റേയും ക്ഷമ കെടില്ലേ? സ്വാഭാവികമായി ഗോപാലകൃഷ്ണന്‍ നായര്‍ വാര്‍ത്ത ഉടന്‍ കൊടുക്കാന്‍ പുതിയ ഒരു വേദി തേടി ഇറങ്ങി. ചരിത്രപ്രധാനമായ ഒരു പ്രഭാതത്തില്‍, അല്പസ്വല്പം കഷണ്ടി ഉണ്ടായിരുന്ന മലയാള മനോരമയിലെ കെ രംഗനാഥ് കഷണ്ടിക്ക് മരുന്ന് എത്തിയെന്ന വിളംബരം നടത്തി. യു എന്‍ ഐ എന്ന വാര്‍ത്താ ഏജന്‍സിയും ഉണ്ടായിരുന്നു ഇന്ത്യയെങ്ങും ആ വാര്‍ത്ത എത്തിക്കാന്‍.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കേട്ടവര്‍ കേട്ടവര്‍ ആ കഥ പാടിപ്പരത്തി. പത്രങ്ങളില്‍ തലക്കെട്ടുകള്‍ വന്നു. പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും വാര്‍ത്ത വളര്‍ന്നു. വേണ്ടവരും വേണ്ടാത്തവരും മുടി മുളപ്പിക്കുന്ന മരുന്നിനായി സര്‍പ്പസദൃശമായ ക്യൂവില്‍ തിക്കിക്കേറി. തിരക്ക് നിയന്ത്രിക്കാന്‍ പൊലിസ് ഇറങ്ങി. ആവശ്യക്കാര്‍ സ്വാധീനമുള്ളവരുടെ പടിക്കല്‍ കാത്തുകിടന്നു. മരുന്നിന്റെ വിതരണത്തിനുള്ള ഏജന്‍സിക്കായി ഏതോ ഒരു ജില്ല കലക്റ്റര്‍ പോലും ശ്രമം നടത്തി. അപ്പോഴെല്ലാം വൈകിവന്ന അംഗീകാരത്തിന്റെ സ്തോഭത്തോടെ, അംബുജവിലാസം റോഡിലെ വീട്ടിന്റെ അകത്തളത്തിലും വരാന്തയിലും ഗോപാലകൃഷണന്‍ നായര്‍ തന്നോടുതന്നെ എന്തൊക്കെയോ മന്ത്രിച്ചുകോണ്ട് ഉലാത്തുകയായിരുന്നു.
എന്റെ കഥ വരാന്‍ വൈകി. വന്നപ്പോള്‍ അത് വാരാന്ത്യപ്പതിപ്പിലെ ഒരു ഫീചര്‍ ആയിട്ടായിരുന്നു. വാര്‍ത്ത നേരത്തേ പൊട്ടിപ്പടാര്‍ന്നിരുന്നല്ലോ. അതിനുമുമ്പേ എഴുതിയതുതന്നെ ഫീചര്‍ രൂപത്തിലായിരുന്നു. പരുക്കന്‍ കടലാസില്‍, പടരുന്ന പലതരം നിറത്തിലുള്ള മഷിയില്‍ അച്ചടിച്ച പളപളപ്പുള്ള ചിത്രീകരണം ഗോപാലകൃഷ്ണന്‍ നായരുടെ കണ്ടുപിടുത്തത്തിന്റെ ഐതിഹാസികമായ പ്രാധാന്യം എടുത്തുകാട്ടി. മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു വ്യത്യാസം ഒരു ദൈവത്തിനും കഷണ്ടിയില്ലെന്നതാണ്. അങ്ങനെയാണെങ്കില്‍, കഷണ്ടി മാറ്റി മനുഷ്യനെ ദൈവത്തോളം ഉയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ഉപലബ്ധി. അതിനുമപ്പുറം, മുടിയുടെ പേരില്‍ എന്തൊക്കെ പുകില്‍ ഉണ്ടാായിരിക്കുന്നു? ഒരിക്കല്‍ ദൈവങ്ങളും അസുരന്മാരും അതിനുള്ള മരുന്നിനുവേണ്ടി പോരടിക്കുകയും കടല്‍ കടയുകയും ഉണ്ടായി. ആ പോരാട്ടത്തിന്റേയും മനുഷ്യയജ്ഞത്തിന്റേയുമൊക്കെ ആത്യന്തികപരിണാമം ഇതാ വന്നിരിക്കുന്നു...അങ്ങനെ പോയി ഫീചര്‍.
രണ്ടു ദിവസം കഴിഞ്ഞ് തോമസ് വര്‍ഗീസ് പറഞ്ഞു: “ഗോപാലകൃഷ്ണന്‍ നായര്‍ക്ക് അത് മുഴുവനുമങ്ങ് ബോധിച്ചിട്ടില്ല. ‘എന്തൊക്കെയോ എഴിതിവെച്ചിരിക്കുന്നു. പുകഴ്ത്തുകയാണോ പാര വെക്കുകയാണോ?’ അതാണ് പുള്ളിക്കാരന്റെ ചോദ്യം? എന്തു പറയുന്നു?" ഒന്നും പറഞ്ഞില്ല. പിന്നെ ഒരു വിശദീകരണം പോലെ പറഞ്ഞു: “വായിക്കുന്നവര്‍ക്കു തോന്നുന്നതെന്തോ, അതാകും എഴുതിയിരിക്കുന്നതും. അതല്ലാതെ എഴുതിയിട്ടുള്ളതിനൊന്നും അര്‍ഥമോ പ്രാധാന്യമോ ഇല്ല.” എന്റെ ഗീര്‍വാണം തോമസ് വര്‍ഗീസില്‍ ഏശിയില്ല. ഏശിയാലും ഇല്ലെങ്കിലും,അതിനെ കാര്യമായി എടുക്കേണ്ടിയിരുന്നില്ല. കാരണം അതിനകം ഗോപാലകൃഷ്ണന്‍ നായരും അദ്ദേഹത്തിന്റെ കണ്ടുപിടുത്തവും നാടേങ്ങും ആഘോഷിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. അമൃതം കിട്ടിയ ആവേശത്തോടെ പത്രങ്ങള്‍ അതിനെപ്പറ്റി എഴുത്ത് തുടങ്ങിയിരുന്നു. എന്റെ അര്‍ഥാന്തരന്യാസം വെറും സത്യപ്രസ്താവനയായി മാറുകയായിരുന്നു. ഗോപാലകൃഷ്ണന്‍ നായര്‍ കുടിലില്‍നിന്ന് കൊട്ടാരത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഏതാനും കൊല്ലങ്ങള്‍ക്കുശേഷം കേരളത്തിലെ ആദായനികുതിദായകരില്‍ ഒന്നാമനായി അദ്ദേഹം എന്നും കേള്‍ക്കുകയുണ്ടായി.
അനൂപ് എന്ന അത്ഭുതം പൊട്ടിവിരിയുന്ന നാളുകളില്‍, മുടി മുളപ്പിച്ചുകിട്ടാനുള്ള തത്രപ്പാടില്‍ വീട്ടിനുമുന്നിലും ടെലിഫോണിലും തിക്കിത്തിരക്കിയെത്തുന്നവരുടെ ബഹളത്തില്‍നിന്ന് അല്പം മാറിനില്‍ക്കാന്‍ ഗോപാലകൃഷ്ണന്‍ നായര്‍ക്ക് എവിടെയെങ്കിലും പോകണമായിരുന്നു. പാലോട്ടെ സസ്യശേഖരമാകട്ടെയെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. എനിക്ക് നന്നായറിയാമായിരുന്ന ഏ ന്‍ നമ്പൂതിരി അതിന്റെ മേധാവി ആണെന്നത് കൂടുതല്‍ സൌകര്യമായി. ഗോപാലകൃഷ്ണന്‍ നായരും ഞാനും ഭാര്യമാരോടൊപ്പം, നമ്പൂതിരിയുടെ അതിഥിയായി, പകല്‍ മുഴുവന്‍ വടവൃക്ഷങ്ങളും മുളങ്കൂട്ടങ്ങളും ഭീമപത്രങ്ങളും സോമലതകളും ദശപുഷ്പങ്ങളും കണ്ടുനടന്നു.
ഉച്ചതിരിഞ്ഞ് മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ നായര്‍ പുതിയൊരു കണ്ടുപിടുത്തത്തിന്റെ സാധ്യതയെപ്പറ്റി പറഞ്ഞു. വാസ്തവത്തില്‍, സാധ്യതയല്ല, കണ്ടുപിടുത്തം തന്നെയായിരുന്നു അത്, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം. അര്‍ബ്ബുദത്തിനുള്ള പച്ചമരുന്ന്. ഫലസാധ്യതയെപ്പറ്റി അദ്ദേഹത്തിനു സംശയമേ ഉണ്ടായിരുന്നില്ല. കുത്തിക്കുത്തി ചോദിച്ചപ്പോള്‍ അത്ഭുതൌഷധത്തിന്റെ പേര്‍ പറഞ്ഞു: കൈത, അതേ, ആറ്റുവക്കിലൊക്കെ കാണുന്ന, വാള്‍ പോലെ നീണ്ട, മുള്ളുള്ള ഇലകളോടുകൂടിയ നമ്മുടെ കൈത തന്നെ.
പണ്ടുപണ്ട് മേലാകെ മുനയുള്ള കൊച്ചുകുരുക്കളുമായെത്തിയ ഒരാളോട്, കൈതയില ഉണക്കി കരിച്ചുപൊടിച്ച്, എരുമനെയ്യില്‍ ചാലിച്ച്,
പുരട്ടാന്‍ കൊടക്കാട്ടില്‍ ശങ്കരന്‍ വൈദ്യര്‍ പറയുന്നതു കേട്ട ഓര്‍മ്മ ഞാന്‍ അവിടെ വിളമ്പി. മറ്റുള്ളവര്‍ പറയുന്നതിന്റെ സര്‍വപ്രാധാന്യം കുറച്ചുകാണിക്കുന്ന മട്ടിലുള്ള എന്റെ പതിവുപെരുമാറ്റം അവിടേയും സംഗതി കുളമാക്കി.
അതൊന്നും ഗൌനിക്കാതെ ഗോപാലകൃഷ്ണന്‍ നായര്‍ ഉദാരമായി നമ്പൂതിരിയോടു പറാഞ്ഞു; “താല്പര്യമുണ്ടെങ്കില്‍ നൊബേല്‍ സമ്മാനം നേടിക്കോളൂ. ഇതിനെപ്പറ്റി ഒരു പ്രബന്ധം എഴുതി സമര്‍പ്പിക്കൂ. എനിക്കൊന്നും വേണ്ട. പ്രബന്ധത്തില്‍ എന്നോടുള്ള കടപ്പാട് ഒന്നു സൂചിപ്പിച്ചാല്‍ മാത്രം മതി.” നൊബേല്‍ ശാസ്ത്രജ്ഞന്മാരോടൊപ്പം വിസ്കോണ്‍സിന്‍ സര്‍വകലാശാലയില്‍ ഏറെ കാലം ഗവേഷണം നടത്തി തിരിച്ചുവന്ന നമ്പൂതിരിയുടെ വേറൊരു പേരായിരുന്നു വിനയം. ഒരു വെളിപാടു ഉളവാക്കുന്ന വിസ്മയത്തോടെ, വിനയത്തോടെ, അദ്ദേഹം ഗോപാലകൃഷ്ണന്‍ നായരുടെ വാക്കുകള്‍ കേട്ടിരുന്നു. ഇടക്ക് ഒന്നോ രണ്ടോ തവണ മൂളുകയും ദീര്‍ഘശ്വാസം വിടുകയും ചെയ്തു. ഉന്നയിക്കാന്‍ ഉദ്ദേശിച്ച സംശയം അര്‍ദ്ധവാക്യത്തില്‍ ഒതുക്കി. ഏതു മണ്ണിലും വളരുന്ന നിത്യകല്യാണി എന്നുകൂടി പേരുള്ള ശവംനാറിയില്‍നിന്ന് രക്താര്‍ബ്ബുദത്തിന് കൈകണ്ട മരുന്ന് ഉണ്ടാക്കാമെങ്കില്‍, കൈതയുടെ ശക്തിയും പരിശോധിച്ചുനോക്കണം എന്നായിരുന്നിരിക്കും നമ്പൂതിരിയുടെ ചിന്ത.
പക്ഷേ മരിക്കുന്നതിനുമുമ്പ് അങ്ങനെ ഒരു ഗവേഷണപ്രബന്ധം നമ്പൂതിരി എഴുതിയതായി പറഞ്ഞുകേട്ടിട്ടില്ല. നൊബേല്‍ സമ്മാനത്തിന് അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കില്‍ നമ്മളൊക്കെ അറിയുമായിരുന്നു. അര്‍ബ്ബുദഗവേഷണം അവഗണിക്കപ്പെട്ടപ്പോള്‍, മുടി മുളപ്പിക്കുന്ന മരുന്നിലുള്ള അഭിനിവേശം അര്‍ബ്ബുദം പോലെ പടരുകയും പകരുകയും ചെയ്തു. മരിച്ചാലും വേണ്ടില്ല, മുടി വളര്‍ന്നാല്‍ മതി എന്നൊരു ചിന്തയും മോഹവും മനുഷ്യമനശ്ശാസ്ത്രത്തിന്റെ ഭഗമാണെന്നു തോന്നുന്നു. ഗോപാലകൃഷ്ണന്‍ നായരുടെ മരുന്ന് വില്‍ക്കാനും വാങ്ങാനും സ്ഥാപനങ്ങളും ആളുകളും തിക്കിക്കേറിയെത്തിയത് അതിന്റെ തെളിവായിരുന്നു.
(ആഗസ്റ്റ് ആറിന് തേജസ്സിൽ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment