Wednesday, August 19, 2009

എന്തിനീ അലംകൃതി?

ചോദ്യം ചോദിച്ചിരുന്നേയുള്ളു സോക്രട്ടിസും നചികേതസ്സും. പ്ലാറ്റോവിനെക്കൊണ്ടും യമനെക്കൊണ്ടും ഉത്തരം പറയിപ്പിക്കുന്നതായിരുന്നു അവരുടെ വഴക്കം. ചോദ്യവും ഉത്തരവും ഒരാൾ തന്നെ പറയുന്ന സ്ഥിതി, പക്ഷേ, തീർത്തും സാങ്കല്പികമല്ല. തനിക്കെതിരെ കേസ് എടുക്കരുതെന്നു പറയുന്ന ഹരജിക്കാരനും കേസ് എടുക്കേണ്ടെന്ന് നേരത്തേ പറഞ്ഞുവെച്ച എതിർകക്ഷിയും തമ്മിലുള്ള ഐകമത്യം യാഥാർത്ഥ്യമായിരിക്കുന്നു. പ്രത്യക്ഷത്തിൽ വിപരീതമെന്നു തോന്നുന്ന രണ്ടു ഘടകങ്ങളെ ഒന്നാക്കിക്കൊണ്ട്, ഭരണത്തിലും ന്യായനിർവഹണത്തിലും അങ്ങനെ പുതിയൊരു സംസ്ക്കാരം ഉണ്ടാകുന്നു. ഇനി, അന്തിമമായ സത്യം വൈരുദ്ധ്യമല്ല, ഏകീഭാവമാണെന്നു വരുമോ?

അതുപോലെ, ഒരു പക്ഷേ, അതിനെക്കാളും, രസകരവും പ്രധാനവുമാകുന്നു എതിർകക്ഷി ആകേണ്ടയാൾക്ക് അരങ്ങു കാണാൻ അവസരം കൊടുക്കാത്ത നിയമതന്ത്രം. പിണറായി വിജയനെതിരെ കേസ് എടുക്കാമെന്നു കല്പന പുറപ്പെടുവിച്ച ആർ എസ് ഗവായിയുടെ നിലപാടിനെതിരെയാണ് വെല്ലുവിളി. അത് ഏറ്റുപിടിക്കാനാകട്ടെ, അവസരമേ ഇല്ല. അതാണ് ഗവർണർ ഗവായ് ആകുന്നതിന്റെ പ്രാധാന്യം. ഏതാണ്ടിതുപോലൊരു ഗതികേടായിരുന്നു ജോസഫ് കെ.യുടെയും. അറിയാത്ത കുറ്റത്തിന് അദൃശ്യനായ ന്യായാധിപന്റെ മുന്നിൽ വിചാരണ നേരിട്ടയാളായിരുന്നു കാഫ്കയുടെ ആ കഥാപാത്രം.

കാലാകാലമായി കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തുപോരുന്നതാണ് ഗവർണർ പദവി. പർലമെന്ററി വ്യാമോഹം മൂത്തപ്പോൾ, സമീപനം ഒന്നു മയപ്പെടുത്തിയെന്നേയുള്ളു. എന്നാലും ഓരോ നേരത്ത് കലി കേറുമ്പോൾ, അന്നന്നത്തെ രാജ് ഭവൻ നിവാസിക്കെതിരെ അരിവാൾ വീശും. വിജയനെതിരെ നീങ്ങിയ ഗവായിയുടെ വഴി തടയാൻ അവരിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. പിറ്റേ ദിവസം ആ പരിപാടി കൊള്ളില്ലെന്നു തീരുമാനിച്ചു. ഭാഗ്യം! ഭരണവും ഭരണത്തിനെതിരെ സമരവും ഒരേ സമയം വേണ്ടെന്നു ബോധ്യമായല്ലോ.

പൊതുവെ പറഞ്ഞാൽ, കേരളത്തിലെ ഗവർണർമാർ ഭാഗ്യവാന്മാരായിരുന്നു. ഇടക്കും തലക്കും ഒരു ഓലപ്പാമ്പിനെ കടത്തിവിട്ടതൊഴിച്ചാൽ, രാജ് ഭവനെ പ്രതിപക്ഷം ഒരിക്കലും ശല്യപ്പെടുത്തിയില്ല. ഈയിടെയായി എല്ലാവർക്കും ഉപദ്രവവും ഉപകാരവുമായിരിക്കുന്ന എക്കൌണ്ടന്റ് ജനറൽ, രാ‍ജ് ഭവന്റെ വരവുചിലവു നോക്കുമ്പോൾ, ചില പ്രത്യേക ശീലുകളും ശീലങ്ങളും പാലിച്ചുപോന്നിട്ടുണ്ട്. മീഡിയയുടെ നീളുന്ന നാസികയും കവടിയാറിലേക്ക് അധികം കയറിക്കണ്ടിട്ടില്ല. ഒരു ഗവണർക്ക് വേണ്ട പോലെ ചികിത്സ കിട്ടിയില്ലെന്ന് ആക്ഷേപമുണ്ടായി. വേറൊരാൾ തൂപ്പുകാരോട് തട്ടിക്കേറിയെന്ന് ആരോ പുറുപിറുത്തു. ഇനിയുമൊരാളുടെ ചെറുകിടവ്യസായതാല്പര്യത്തെപ്പറ്റി സംസാരമുണ്ടാക്കാൻ ശ്രമം നടന്നു. വിദൂരമായ ഒരു ഹവാലാ ആരോപണമുണ്ടായപ്പോൾ, ഒരു ഗവർണർ നേരത്തേ പിരിഞ്ഞുപോയി. അത്രയൊക്കെയേ ഉണ്ടായിട്ടുള്ളു. മറ്റിടങ്ങളിൽ ഗവർണർമാർ ഒളിച്ചോടിയ ചരിത്രമുണ്ട്.

എന്നാലും ഗവർണർ പദത്തിനെതിരെ കമ്മ്യൂണിസ്റ്റുകാർ പുലർത്തിപ്പോന്ന എതിർപ്പ് തികഞ്ഞ ഭോഷ്ക്കാണെന്നു പറയാൻ വയ്യ. ഗവർണർക്ക് ജോലി രണ്ടേയുള്ളു. ഒന്ന്, നിയമസഭ പസ്സാക്കുന്ന ബില്ലുകൾ ഒപ്പിടുക. രണ്ട്, മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുക. ആണ്ടുതോറും നിയമേന നടത്തുന്ന ആ പ്രസംഗമുണ്ടാല്ലോ, അതിനെ വലിയൊരു നയമായോ പ്രഖ്യാപനമായോ കൂട്ടേണ്ട. ഭൂരിപക്ഷം സംശയമാകുമ്പോഴും മന്ത്രിസഭ അവധി എടുത്തുപോകുമ്പോഴും മാത്രമേ രാജ് ഭവൻ സജീവമകേണ്ടതുള്ളു. അങ്ങനെയൊരു പ്രതിസന്ധി അധികം വരാറുമില്ല. ഇത്തരം ചെറിയ താൽക്കാലികജോലി ചെയ്യാൻ വേറെ ആരെയെങ്കിലും ഏർപ്പെടുത്താം. പിന്നെ എന്തിനീ ഗവർണർ എന്ന അലംകൃതി? അതിന്റെ ചിലവോ? കൊച്ചുകേരളത്തിൽത്തന്നെ രണ്ടുമൂന്നു കോടി രൂപ കാണിക്കുന്നു. അപ്പോൾ മഹാ മഹാരാഷ്ട്രയിൽ എന്തായിരിക്കും സ്ഥിതി? നാടായാലും നാട്ടുകാരനായാലും, ആവശ്യത്തിനല്ല, അലങ്കാരത്തിനാണ് കൂടുതൽ പണം ചിലവാക്കുക എന്നു സമാധാനിക്കാം. .

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഉണ്ടായിവരുന്ന ബന്ധവിശേഷത്തിൽ, കേന്ദ്രത്തിന്റെ സ്ഥാനപതിയായി ഒരാൾ ഓരോ സംസ്ഥാനത്തിന്റെയും തലസ്ഥാനത്ത് അട്ടിപ്പേറാവണമെന്ന നില ഇല്ലാതായിരിക്കുന്നു. പിരിഞ്ഞുപോകുന്ന ഒരു സംസ്ഥാനത്തെ
പിടിച്ചുനിർത്താൻ ഒരു ഗവർണർ വേണ്ട. കമ്മ്യ്യൂണിസ്റ്റുകാരുടെ ഭാഗത്തുനിന്ന് എതിർപ്പു വന്നു എന്നതുകൊണ്ടുമാത്രം ഗവർണർ പദം പുണ്യമാവുന്നില്ല. അന്നന്ന് ഭരിക്കുന്നവർ, ഒതുക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്യണമെന്നു വിചാരിക്കുന്നവരെ കുടിയിരുത്താനുള്ള ലാവണമായേ രാജ് ഭവൻ പൊതുവെ ഉപകരിച്ചിട്ടുള്ളു. അവരിൽ പലരും ഷെഡ്ഡിൽ കയറ്റേണ്ട രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരുമായിരിക്കും. പിരിഞ്ഞുപോകുന്ന ഒരു വീരസൈനികനും ന്യാ‍യാധിപനും വല്ലപ്പോഴും കണ്ടേക്കാം. കേരളത്തിൽ ഒരു അധ്യാപകൻ ഗവർണർ ആയി വന്നത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പാണ്ഡിത്യംകൊണ്ടല്ല, ചരൺ സിംഗുമായുള്ള ബന്ധംകൊണ്ടായിരുന്നു.

ഇത്തരം അലംകൃതികൾ വേണമെന്നായിരിക്കുന്നു, ജനാധിപത്യം തിളങ്ങാനും വിളങ്ങാനും. സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് രാജ്യസഭ. അതാത് സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവർ വേണം അവിടെനിന്നു തിരഞ്ഞേടുക്കപ്പെടാൻ എന്നായിരുന്നു വ്യവസ്ഥ. ഒരു തിരഞ്ഞെടുപ്പുകമ്മിഷണർ അതു നടപ്പാക്കാൻ നോക്കിയപ്പോൾ, നിയമം മാറ്റി. ഇല്ലെങ്കിൽ ഒ രാജഗോപാൽ മുതൽ മൻ മോഹൻ സിംഗ് വരെ കുടുങ്ങിയേനെ. എന്തായാലും, രാജ്യസഭയും ലോകസഭയും ഒരുപോലായി. ഒരു വ്യത്യാസം മാത്രം: രാജ്യസഭ ചർച്ച ചെയ്താലും ഇല്ലെങ്കിലു,, ലോകസഭ വിചാരിച്ചത് നിയമമാകും. രാഷ്ട്രീയക്കാരല്ലാത്തവർ മാത്രമായിരുന്നു ആദ്യമൊക്കെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന അംഗങ്ങൾ. പിന്നെ, വേറെ വഴിയൊന്നുമില്ലെങ്കിൽ, രാഷ്ട്രീയക്കാരനെയും കുത്തിക്കേറ്റാമെന്നായി. ആറുകൊല്ലത്തിനുള്ളിൽ ഒരക്ഷരവും മിണ്ടാതെ രവി ശങ്കർ, എം എഫ് ഹുസൈൻ തുടങ്ങിയവർ രാജ്യസഭയിൽനിന്നു പിരിഞ്ഞുപോകുമ്പോൾ, സിനിമയിലെ ഭീകരത ഓർക്കാതെ, ഒരു പത്രം ഇങ്ങനെ ഒരു ശീർഷകം കൊടുത്തു: Silence of the Lambs.

രാജ്യസഭ എന്ന അലംകൃതിയുടെ ഒരു ഗുണം മറക്കരുത്: ഉപരാഷ്ട്രപതിക്ക് അധ്യക്ഷനായിരിക്കാൻ അത് ഒരു സുവർണ്ണവസരം നൽകുന്നു. ആ അധ്യക്ഷപദവിയല്ലാതെ വിശേഷിച്ചൊരു കൃത്യബാഹുല്യവും ഉള്ള ആളല്ല ഉപരാഷ്ട്രപതി. രാഷ്ട്രപതിയുടെ അഭാവത്തിൽ മാത്രമേ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യേണ്ടൂ. ബി ഡി ജത്തിക്കു മാത്രമേ ആ ഭാഗ്യമുണ്ടായുള്ളു. ഫക്രുദ്ദീൻ അലി അഹമ്മദ് മരണപ്പെട്ടപ്പോൾ കൈകാര്യകർതൃത്വം കിട്ടിയ ഉപരാഷ്ട്രപതി ജത്തി ഒന്നു മസിലു പിടിക്കാൻ നോക്കി. ഒരു നിമിഷം. പ്രധാനമന്ത്രി ദേശായി ഒന്നു കണ്ണുരുട്ടിയപ്പോൾ, എല്ലാം വഴിക്കു വഴിയായി. വാസ്തവത്തിൽ, ഉപരാഷ്ട്രപതി ഗവർണറെക്കാളും തൊഴിൽരഹിതനാകുന്നു. എല്ലാം ജനാധിപത്യത്തിന്റെ അലംകൃതികളാകുന്നു--കിന്നരി പോലെ, കസവു പോലെ, പുളിയിലക്കര പോലെ.

അത്തരം അലംകൃതിയുടെ സ്വഭാവം വികലമായ രീതിയിൽ വ്യക്തമാക്കുന്നാതാണ് വിജയന്റെ ഹരജി. അങ്ങനെ ഉദ്ദേശിച്ചു ചെയ്തതാണെന്നു തോന്നുന്നില്ല; പക്ഷേ, ഗവർണറുടെ ചോദ്യം ചെയ്യപ്പെടുന്ന നടപടി വിശദീകരിക്കാൻ ഒരവസരം പോലും ഗവർണർക്കു കൊടുക്കേണ്ടെന്ന് ഒരു വിഭാഗം നിയമജ്ഞരും രാഷ്ട്രീയപ്രവർത്തകരും വാദിക്കാൻ തുടങ്ങുമ്പോൾ, അ ചോദ്യം പിന്നെയും ഉയരുന്നു: എന്തിനീ അലംകൃതി?

(മലയാളമനോരമയിൽ ആഗസ്റ്റ് പതിനെട്ടിന് മംഗളവാ‍ദ്യം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത്)

No comments: