Friday, August 21, 2009
രോഗം, ചികിത്സ, മരണം: ഒരു കഥ
കേരളത്തിലെ എന്‍ സി സിയുടെ ചുമതല ഉണ്ടായിരുന്ന കേണല്‍ സുബ്രഹ്മണ്യം ഒരു ദിവസം മരിച്ചു. മരണം അപ്പോഴെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് മെഡിക്കല്‍ ബിരുദാനന്തരബിരുദമുള്ള അദ്ദേഹത്തിന്റെ മകനും മറ്റും വാദിച്ചു. കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ട ഡോക്റ്റര്‍ എന്റെ സുഹൃത്തായിരുന്നതുകൊണ്ട് വാര്‍ത്ത, അല്ലെങ്കില്‍ വാദം, ഞാന്‍ തല്‍ക്കാലം മറച്ചുവെച്ചു.
ഡോക്റ്റര്‍ മാത്രമല്ല, ആസ്പത്രി മേധാവിയും എനിക്കു വേണ്ടപ്പെട്ട ആളായിരുന്നു. അതിനെപ്പറ്റി ഒട്ടൊക്കെ ആധികാരികതയോടെ ഉന്നയിക്കപ്പെട്ട ആരോപണം എനിക്കൊരു പരീക്ഷണമായിരുന്നു, പ്രത്യക്ഷമായ സത്യവും വ്യക്തിപരമായ ഇഷ്ടവും തമ്മിലുള്ള സംഘട്ടനമായിരുന്നു.
മരിക്കുമ്പോള്‍ കേണല്‍ സുബ്രഹ്മണ്യം ആരോഗ്യവാനായിരുന്നത്രേ. ഒരു ദിവസം ഉറക്കമില്ലായ്മയും തലവേദനയുമായി അദ്ദേഹം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററില്‍ എത്തി. പരിശോധനക്കുശേഷം ഡിസ്പിരിന്‍ കഴിക്കാന്‍ പറഞ്ഞ് അദ്ദേഹത്തെ പറഞ്ഞയച്ചു. കൂടുതല്‍ പരിശോധന വേണമെങ്കില്‍, കിടക്ക ഒഴിവു വരുന്ന മുറക്ക് ആസ്പത്രിയില്‍ രണ്ടു ദിവസം കിടത്തി പരിശോധിക്കാം. ആ നിര്‍ദ്ദേശം കേട്ട് വീട്ടിലേക്കു മടങ്ങിയ കേണല്‍ സുബ്രഹ്മണ്യം രണ്ടോ മൂന്നോ ദിവസത്തിനകം ബോധരഹിതനാവുകയും മരിക്കുകയും ചെയ്തു. ആദ്യം ആസ്പത്രിയില്‍ എത്തിയപ്പോള്‍ തന്നെ വേണ്ട ചികിത്സ കൊടുത്തിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു ബന്ധുക്കളുടെ വാദം.
രോഗത്തിന്റെ ഗൌരവം മനസ്സിലാക്കാനുള്ള പക്വതയും പരിചയവും കേണല്‍ സുബ്രഹ്മണ്യത്തെ ആദ്യം പരിശോധിച്ച ഡോക്റ്റര്‍ക്കുണ്ടായിരുന്നില്ല; അങ്ങനത്തെ ഒരാള്‍ ന്യൂറോളജി വിഭാഗത്തിന്റെ മേധാവി ആകരുതായിരുന്നു; രോഗിയെ ഉടനേ ആസ്പത്രിയില്‍ തീവ്രപരിചരണത്തിനുവേണ്ടി കിടത്തേണ്ടതായിരുന്നു; ഡിസ്പിരിന്‍ കൊടുത്തതുകൊണ്ട് രക്തസ്രാവം ഉണ്ടായിക്കാണും; മരണം വാസ്തവത്തില്‍ അവരൊക്കെ കൂടി മാടി വിളിക്കുകയായിരുന്നു--അങ്ങനെ പോയി ബന്ധുക്കളുടെയും മിത്രങ്ങളുടേയും പരാതികളും ആരോപണങ്ങളും. അവരില്‍ ഒരാള്‍ ഡോക്റ്റര്‍ കൂടിയായപ്പോള്‍ ആരോപണത്തിന് വിധിന്യായത്തിന്റെ സ്വരവും ഭാവവും ഉണ്ടായി.
ആരോപണത്തിനു വിധേയനായ ഡോക്റ്റര്‍ പക്ഷേ അത്ര മോശക്കാരനൊന്നുമായിരുന്നില്ല. മോശക്കാരനാകാതിരിക്കാന്‍ കാരണം എന്റെ മിത്രമായതല്ല. ബനാറസില്‍നിന്ന് ന്യൂറോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ വിജയവാഡക്കാരന്‍ പി കെ മോഹന്‍ എഴുപതുകളുടെ നടുവില്‍ തിരുവനന്തപുരത്തെത്തിയത് ശ്രീ ചിത്രയോടൊപ്പം വളരാനായിരുന്നു. ഭിഷഗ്വരന്റെ ധര്‍മ്മബോധമായിരുന്നു മോഹന്റെ ആത്മബലം. ശ്രീ ചിത്രയില്‍നിന്നു വിട്ടിട്ടും, വൈകുന്നേരങ്ങളില്‍ വീട്ടില്‍ വെച്ച് താളം തെറ്റുന്ന തലച്ചോറുകള്‍ പരിശോധിച്ച് പണം വാരാന്‍ മോഹന്‍ കൂട്ടാക്കിയില്ല. ഏതെങ്കിലും രോഗിയുടെ കാര്യത്തില്‍ അദ്ദേഹം ഉപേക്ഷ വരുത്തുക അസാധ്യമായിരുന്നു. പിശുക്കി സംസാരിക്കുകയും പിശുക്കിപ്പിശുക്കി ചിരിക്കുകയും ചെയ്തിരുന്ന ആ മെലിഞ്ഞ കഷണ്ടിക്കാരന്‍ പരുക്കനായ സത്യത്തെ ഒരിക്കലും മയപ്പേടുത്തി കാണിക്കാറില്ല. സ്വന്തക്കാരുമായി സല്ലപിക്കാനിരുന്നാലും തലച്ചോറിനുള്ളില്‍ പെരുത്തുവരുന്ന മുഴ കണ്ടെത്തിയ ഭാവമായിരിക്കും ഭര്‍ത്താവിന്റെ മുഖത്ത് എന്നായിരുന്നു മഞ്ജുളയുടെ സരസമായ പരാതി.
ആ മോഹന് പിഴവ് പറ്റിയിരിക്കുന്നു! ഒരാളുടെ മരണത്തിന് വഴിയൊരുക്കിയ പിഴവ്! അത് അറിഞ്ഞുകഴിഞ്ഞാല്‍ നാലാളെ അറിയിക്കുക കേവലമായ പത്രധര്‍മ്മമാകുന്നു. പ്രതിയായ മോഹനോട് അതിനെപ്പറ്റി ചോദിച്ചാല്‍, പിന്നെ എന്തെങ്കിലും എഴുതുക വിഷമമായിരിക്കും. ചോദിക്കാതെ എന്തെങ്കിലും എഴുതുന്നത് ശരിയല്ല. ചോദിച്ചിട്ടായാലും ചോദിക്കാതെയായാലും, എഴുതുന്നതെന്തും സുഹൃത്തായ മോഹന്റെ ജോലിയേയും ഭാവിയേയും ബാധിക്കും. അതുകൊണ്ട് എഴുതാതിരിക്കുന്നതിന്റെ വിമ്മിഷ്ടവുമായി ഞാന്‍ പൊരുത്തപ്പെടാന്‍ നിശ്ചയിച്ചു. വിമ്മിഷ്ടം കൂട്ടാനെന്നോണം കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കള്‍ ഓരോ ദിവസവും വിളിച്ചുചോദിച്ചു: വാര്‍ത്ത എന്തുകൊണ്ട് വന്നില്ല? മരണത്തിലുള്ള ദു:ഖത്തേക്കാള്‍ എത്രയോ തീവ്രമായിരുന്നു മരണം വരുത്തിവെച്ചവരെന്ന് അവര്‍ വിശ്വസിച്ചവരോട് ബന്ധുക്കള്‍ക്കു തോന്നിയ വൈരം.
ചെയ്യേണ്ടതു ചെയ്യാന്‍ വയ്യാത്തതിന്റെ ദൈന്യമായിരുന്നു എന്റെ വിധി. മനുഷ്യന്റെ ആദിമവേദനയും ആ സംഘര്‍ഷം തന്നെ. അതിനെപ്പറ്റി ഏറ്റവും കഠിനമായി വിലപിച്ചത് ദുര്യോധനന്‍ ആയിരുന്നു. ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തി, ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തി. ചെയ്യേണ്ടത് അറിയാം, പറ്റുന്നില്ല; ചെയ്യരുതെന്നറിയാം, ചെയ്തുപോകുന്നു. കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണത്തിന് കാരണമായ ഉപേക്ഷയോ കഴിവുകേടോ പുറത്തുകൊണ്ടുവരണം. വാര്‍ത്ത വൈകുന്നതിനെപ്പറ്റിയുള്ള ഓരോ ചോദ്യവും എന്റെ ധര്‍മ്മബോധം ചോര്‍ന്നുപോകുന്നതിന്റെ വിളംബരമായിരുന്നു. ഏതു നേരത്തും കിടന്നാല്‍ ഉറങ്ങിപ്പോകുന്ന എനിക്ക് ഓരോ രാത്രിയും ഭയാനകമായി.
കുറേ കൊല്ലം മുമ്പുണ്ടായ അതുപോലത്തെ ഒരു ധര്‍മ്മസങ്കടം ഓര്‍ത്തുപോയി. ആകാശവാണിയില്‍ എന്റെ ഡയറക്റ്ററും അഭ്യുദയകാംക്ഷിയുമായിരുന്ന എസ് സി ഭട് വാര്‍ത്താവിതരണവകുപ്പിന്റെ പരസ്യവിഭാഗമായ ഡി എ വി പിയുടെ തലവനായിരിക്കുമ്പോള്‍, അദ്ദേഹത്തെ ചെറുതായൊന്നു വെട്ടിലാക്കിയ ഒരു ഇടപാട് നടന്നു. അദ്ദേഹത്തിന്റെ ജോയ്ന്റ് ഡിറക്റ്ററായിരുന്ന കെ ജി രാമകൃഷ്ണന്‍ വിവരമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് എനിക്ക് ചോര്‍ത്തിത്തന്നു. മിടുക്കനായ എഡിറ്ററും റിപ്പോര്‍ടറുമായിരുന്ന കെ ജി ആര്‍ അധികാരകേന്ദ്രങ്ങളെ ധിക്കരിക്കുന്ന ഉദ്യോഗസ്ഥനെന്ന ഖ്യാതിയും നേടിയിരുന്നു.
കെ ജി ആര്‍ തന്ന വാര്‍ത്ത എന്നെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഭട്ടിനെ മുറിപ്പെടുത്താനുള്ള അമ്പല്ലാതെ മറ്റൊന്നുമായിരുന്നില്ല. അത് അച്ചടിക്കുന്നത് വ്യക്തിപരമായ കൃതഘ്നതയാവും; അച്ചടിക്കാതിരിക്കുന്നത് ധര്‍മ്മഭീരുത്വവും. ഒടുവില്‍, പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ, ശീലത്തിലും ശൈലിയിലും ഒരുപോലെ സൌമ്യനായ എക്സ്പ്രസ് ന്യൂസ് സര്‍വീസ് എഡിറ്റര്‍ ഏ എന്‍ ദര്‍ എന്തു പറയുമെന്നറിയാന്‍ നോക്കി. കുതികാല്‍ വെട്ടിനും കുതിരപ്പന്തയത്തിനും ആളല്ലാത്ത ദര്‍ തരുന്ന ഏത് ഉപദേശവും കണ്ണടച്ച് സ്വീകരിക്കാവുന്നതായിരുന്നു.
അന്ന് പക്ഷേ ദര്‍ സാഹബ് തന്ന ഉപദേശം ഉപദേശമായിരുന്നില്ല. ഭട്ടിനേയും കെ ജി ആറിനേയും അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ടാകണമെന്നില്ല, ദര്‍ സാഹബ് പറഞ്ഞു, “ഇവിടെ കുട്ടി സ്വന്തം തീരുമാനം എടുക്കണം. എന്ത് ശരിയെന്നു തോന്നുന്നുവോ, അത് മടിക്കാതെ ചെയ്യുക. ഞാന്‍ പറഞ്ഞുതന്ന് ചെയ്താല്‍, അതൊരുതരം ഒളിച്ചോട്ടമായിരിക്കും. അതുകൊണ്ട് പ്രശ്നം തീരില്ല.” ഞാന്‍ ശരിയാണെന്നു കരുതി കെ ജി ആര്‍ തന്ന കഥ എഴുതി. ഒരാഴ്ച ഭട്ടിനെ കാണാന്‍ പോയില്ല. കണ്ടപ്പോള്‍, പഴയ ഇഷ്ടത്തില്‍ അല്പം പോലും മായം ചേര്‍ക്കാതെ, അദ്ദേഹത്തിന് അനുകൂലമല്ലാത്ത കഥയെപ്പറ്റി ഒരക്ഷരം മിണ്ടാതെ, ഒരു മണിക്കൂര്‍ സംസാരിച്ചു. ഒടുവില്‍, പിരിയുമ്പോള്‍ അദ്ദേഹം അതെടുത്തിട്ടു, തികഞ്ഞ ലാഘവത്തോടെ. അദ്ദേഹത്തോട് ചോദിച്ചിരുന്നെങ്കില്‍, കെ ജി ആര്‍ അവതരിപ്പിച്ചതിന്റെ മറുവശം കൂടി കാണിച്ചുതരുമായിരുന്നു. ഏതായാലും സാരമില്ല. ആരൊക്കെ എവിടെയൊക്കെ നില്‍ക്കുന്നുവെന്ന് മനസ്സിലായല്ലോ എന്നു പറഞ്ഞുകോണ്ട് ഭട് പുഞ്ചിരിച്ചപ്പോള്‍ ഞാന്‍ വേറെ എവിടേക്കോ നോക്കുകയായിരുന്നു.
അത് ഓര്‍ത്തുകൊണ്ടുതന്നെ, കേണല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യം വന്നപ്പോള്‍, ഒരു കാര്യം ഉറപ്പിച്ചു: കഥ അടിക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കുന്നതിനുമുമ്പ് അതിനെപ്പറ്റി മോഹന്റെ പക്ഷം നേരിട്ട് ആരായുന്ന പ്രശ്നമില്ല. ഞാന്‍ എന്നെത്തന്നെ പേറ്റിക്കുന്നതുപോലെ തൂന്നി. മോഹനോട് ചോദിക്കുന്നതിനു പകരം കാണുന്ന ഡോക്റ്റര്‍മാരോടെല്ലാം കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണത്തിനു പിന്നിലെ സാധ്യതകള്‍ ആരാഞ്ഞു. ഓരോ ആളും ഓരോരോ രീതിയില്‍ ഊഹവും അനുമാനവും നടത്തി. എനിക്ക് തീരുമാനമെടുക്കുവാന്‍ ആയില്ലെന്നു മാത്രം. ഓരോ തവണയും ‘എന്തുകൊണ്ട്’ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ എന്റെ ആത്മാവ് ചൂളിപ്പോയി. പേരു മാറ്റിപ്പറഞ്ഞ്, ഞാന്‍ ശ്രീ ചിത്രയിലെ വേറൊരു ഡോക്റ്ററെ വിളിച്ചു. പിന്നെ, അറ്റകൈക്ക്, ശ്രീ ചിത്ര മേധാവിയായിരുന്ന എം എസ് വല്യത്താനോടുതന്നെ സംസാരിച്ചു. എനിക്കു നല്ല പരിചയമുണ്ടായിരുന്നു അദ്ദേഹത്തെ.
ആ ഫോണ്‍ സംസാരത്തില്‍, രോഗിയുടെ ബന്ധുക്കളുമായി പലവട്ടം നടത്തിയ സംഭാഷണത്തിലൊന്നും പുറത്തുവരാതിരുന്ന ചില കാര്യങ്ങള്‍ മനസ്സിലായി. കേണല്‍ സുബ്രഹ്മണ്യത്തിന്റെ മരണസാഹചര്യത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നുകഴിഞ്ഞിരിക്കുന്നു. രാഷ്ട്രപതി തന്നെ ഉത്തരവിട്ടതായിരുന്നു ആ അന്വേഷണം. അന്വേഷണം നടത്തിയതോ, പ്രഗല്‍ഭനായ ന്യൂറോസര്‍ജന്‍ കേണല്‍ ബി രാമമൂര്‍ത്തി. രോഗിക്ക് കിട്ടാവുന്നതും കിട്ടേണ്ടതുമായ ചികിത്സയെല്ലാം ശ്രീ ചിത്രയില്‍നിന്ന് തക്കനേരത്ത് കിട്ടിയിരുന്നുവെന്ന് കേണല്‍ രാമമൂര്‍ത്തി റിപ്പോര്‍ട് ചെയ്തുകഴിഞ്ഞതായി വല്യത്താന്‍ പറഞ്ഞു.
പിന്നെ, തീരുമാനം തനിയേ ഉണ്ടാവുകയായിരുന്നു. കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കളുടെ സംശയവും ആരോപണവും വിവാദകഥയാക്കി വിളമ്പേണ്ടെന്ന തീരുമാനം. “കഥ കണ്ടില്ലല്ലോ, കഥ കണ്ടില്ലല്ലോ...“ എന്ന് ഓരോ ദിവസവും ചോദ്യരൂപത്തില്‍ സമ്മര്‍ദ്ദം വരുമ്പോള്‍, ആത്മനിന്ദയോടെ ഞാന്‍ ഒഴിഞ്ഞുമാറിയിരുന്നതില്‍ ഒടുവില്‍ സന്തോഷം തോന്നി. ആദ്യത്തെ ആവേശത്തില്‍ എന്തെങ്കിലും എഴുതിയിരുന്നെങ്കില്‍, അതൊക്കെ ചിലരുടെ സല്പേരില്‍ മായ്ക്കാന്‍ വയ്യാത്ത ചളിയായി നില്‍ക്കുമായിരുന്നു. ഏതായാലും, തീരുമാനം ഏടുത്തുകഴിഞ്ഞപ്പോള്‍ മോഹനോട് നേരിട്ടു സംസാരിക്കുന്നത് എളുപ്പവും ആവശ്യവുമായി. കഥ കേട്ടപ്പോള്‍ മോഹന്‍ ചെറുതായൊന്നു ചിരിച്ചതേയുള്ളു, പതിവില്ലാത്ത വിധം ഉദാരതയോടെ.
മസ്തിഷ്കത്തിന്റെ ഘടനയും ഭാവവും മോഹന്‍ എനിക്കു മനസ്സിലാകുന്ന രീതിയില്‍ വിവരിച്ചു. മരുന്നുകൊണ്ടും മന്ത്രം കൊണ്ടും ശസ്ത്രക്രിയകൊണ്ടും ചെയ്യാവുന്ന കാര്യങ്ങള്‍ വിവരിച്ചു. മനുഷ്യന്റെ അറിവിനേയും അഹങ്കാരത്തേയും പരിഹസിക്കുന്ന മട്ടില്‍, മരുന്നില്ലെന്ന് എഴുതിത്തള്ളുന്ന രോഗം മാറുന്നതും മരണം ഉറപ്പായെന്നു കരുതിയ രോഗി സുഖപ്പെടുന്നതും വിവരിച്ചു. കേണല്‍ സുബ്രഹ്മണ്യ്യത്തിനുണ്ടായതുപോലെ താല്‍ക്കാലികമായ ഒരു മസ്തിഷകാഘാതത്തിനുശേഷം പഴയപോലെ ആളുകള്‍ ജീവിതം തുടരുന്നതും ആദ്യത്തെ ആഘാതത്തില്‍ തന്നെ രോഗികള്‍ മരിക്കുന്നതും വിവരിച്ചു. ഈ ഘട്ടങ്ങളിലൊക്കെ ഡോക്റ്റര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എറെ; ചെയ്യാന്‍ കഴിയാത്തത് അതിലുമെത്രയോ ഏറെ. ചികിത്സയുടെ പരിധിയെപ്പറ്റി, അല്ലെങ്കില്‍ മരുന്ന് എന്ന മാരണത്തെപ്പറ്റി, Medical Nemesis: Limits of Medicine എന്ന പുസ്തകമെഴുതിയ ഇവാന്‍ ഇല്ലിച് എന്ന ഓസ്റ്റ്രിയന്‍ തത്വചിന്തകന്റെ അതിശയോക്തി തീരെ അപ്രസക്തമല്ല.
കേണല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യത്തില്‍ തന്നെ ന്യായീകരിച്ചുകൊണ്ട് താന്‍ തന്നെ അവസാനവിധി പറയാന്‍ മോഹന്‍ മുതിര്‍ന്നില്ല. തന്റെ അറിവും പരിചയവും വെച്ച് ചെയ്യണമെന്നു തോന്നിയത് ചെയ്തു. മറിച്ചൊന്നു ചെയ്യണമെന്നു തോന്നിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഫലം വേറൊന്നാകുമായിരുന്നോ എന്നറിയില്ല. മനുഷ്യന്റെ എല്ലാ പരിമിതികളും വെച്ചായിരുന്നു തന്റെ സമീപനം. ദൈവം ചമയാന്‍ ശ്രമിക്കുന്ന മണ്ടന്‍ ഡോക്റ്ററോ, ഡോക്റ്ററില്‍നിന്ന് ദൈവസദൃശമായ അത്ഭുതം പ്രതീക്ഷിക്കുന്ന പാവം രോഗിയോ തന്റെ കൂട്ടുകാരില്‍ പെടില്ല. ചുരുങ്ങിയ വാക്കുകളില്‍ അങ്ങനെയൊക്കെ പറഞ്ഞൊപ്പിച്ച മോഹന്‍, മനുഷ്യന്റെ പരമമായ നിസ്സഹായത തെളിയിക്കുകയായിരുന്നു കുറെ കൊല്ലം കഴിഞ്ഞ് മുംബയിലെ ഒരു ഹോട്ടലില്‍ വെച്ചുണ്ടായ തന്റെ ആകസ്മികമായ മരണത്തിലൂടെ.
മോഹന്റെ വിശദീകരണത്തിനു മുമ്പുതന്നെ കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കളുടെ ഭാഷ്യം കഥയാക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം ഒന്നുകൂടി ഉറപ്പാകുന്നു: കഥ പറയുന്നതിനേക്കാള്‍ എത്രയോ വിഷമമാണ് ഏതെങ്കിലുമൊരു കഥ പറയേണ്ടെന്നു വെക്കാന്‍. കേട്ട ഗാനങ്ങളേക്കാള്‍ കേള്‍ക്കാത്ത ഗാനങ്ങള്‍ മധുരതരമായിരിക്കുന്നതുപോലെ, പറയേണ്ടെന്നു വെച്ചു വിട്ടുകളഞ്ഞ കഥകളുടെ കഥ കൂടുതല്‍ കൌതുകകരമായിരിക്കും. പക്ഷേ ഒരാള്‍ പറയേണ്ടെന്നു വെച്ചതുകൊണ്ട് ഒരു കഥയും പറയപ്പെടാതിരിക്കണമെന്നില്ല. ഞാന്‍ പൂഴ്ത്തിയെന്ന് കേണല്‍ സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കള്‍ക്കു തോന്നാവുന്ന കഥ വേറൊരാള്‍ പ്രവാചകന്റെ അഭിനിവേശത്തോടെ പുറത്തുകൊണ്ടുവന്നു. എട്ടുകോളത്തില്‍ നീണ്ടുകിടന്ന ശീര്‍ഷകത്തിന്റെ താഴെ മോഹനും ശ്രീ ചിത്രയും വരുത്തിവെച്ച വിനയുടെ കഥ പടം വിടര്‍ത്തിയാടി. എന്തോ കാരണത്താല്‍ അതൊരു പരമ്പരയായില്ല. ഒരു കഥയില്‍ എല്ലാം അവസാനിച്ചു.
ഇല്ല, എല്ലാം ഒരു കഥയില്‍ അവസാനിച്ചില്ല. കഥയുടെ പ്രണെതാക്കളും പ്രക്ഷേപരും ഒന്നും മറക്കുകയോ മടിച്ചിരിക്കുകയോ ചെയ്തില്ല. വാസ്തവത്തില്‍ അവര്‍ അത്രയേറെ വേദനിക്കുകയും, വേദന അതിനു കാരണക്കാരെന്ന് അവര്‍ ധരിച്ച ആളുകളോടുള്ള വൈരാഗ്യമായി വികസിക്കുകയും ചെയ്തിരുന്നു. സംഭവം കഴിഞ്ഞ് കുറേ കൊല്ലങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ സീനിയര്‍ എഡിറ്റര്‍ ആയിരിക്കുമ്പോള്‍ പത്രാദിപര്‍ക്കുള്ള കത്തുകളില്‍ ഒന്ന് ശ്രീ ചിത്രയെ വിമര്‍ശിക്കുന്നതായി കണ്ടു. വിമര്‍ശിച്ചതുകൊണ്ടല്ല, അനവസരത്തില്‍ അങ്ങനെ ഒരു കത്ത് വന്നതുകൊണ്ട് ഒന്നുകൂടെ വായിച്ചുനോക്കി.
ശ്രീ ചിത്രയുടെ ഗവേഷണ-വികസന സംരംഭങ്ങളെ നിസ്സാരമാക്കുന്ന മട്ടില്‍, അവരുടെ ഉല്പന്നങ്ങള്‍ എത്രയോ കുറഞ്ഞ വിലക്ക് ജപ്പാനില്‍നിന്നും കൊറിയയില്‍നിന്നുമെല്ലാം വരുത്തികൊടുക്കാമെന്ന് അവകാശപ്പെട്ടിരുന്ന ഒരു ഡോക്റ്റര്‍ അക്കാലത്ത് രംഗത്തുണ്ടായിരുന്നു. അയാളുടെ അവകാശവാദം ഇടക്കിടെ പല നഗരങ്ങളില്‍നിന്നും ഒറ്റക്കോളത്തില്‍ പ്രസിദ്ധീകരിച്ചുകാണുകയും ചെയ്തിരുന്നു. അങ്ങനെയൊരു റിപ്പോര്‍ടിന്റെ ചുവടൊപ്പിച്ചായിരുന്നു ശ്രീ ചിത്രയെ വിമര്‍ശിച്ചുകൊണ്ടുള്ള ആ കത്തിന്റെ വരവ്.
വെറുതേ ഒന്ന് അന്വേഷിച്ചുനോക്കി, അതിന്റെ ഉത്ഭവം. കത്തിന്റെ ഉള്ളടക്കം നോക്കിയാല്‍, അതിന്റെ കര്‍ത്താവ് നിക്ഷിപ്തതാല്പര്യമുള്ള ആരോ ആവാനേ തരമുണ്ടായിരുന്നുള്ളു. അത് ഉറപ്പിക്കണമെങ്കില്‍ കത്തിന്റെ അസ്സല്‍ കാണണം. അതിനകം അസ്സല്‍ കാണാതായിരിക്കുന്നു. കത്തുകള്‍ കൈകാര്യം ചെയ്തിരുന്ന സ്ത്രീ പരുങ്ങുന്നതു കണ്ടപ്പോള്‍, പഴയ സംഭവവുമായുള്ള ബന്ധം ഓര്‍മ്മ വന്നു. കത്തുകള്‍ അച്ചടിക്കാന്‍ തിരഞ്ഞെടുക്കുന്ന ആള്‍ തന്നെ വേറെ പേരുകളില്‍ കത്തുകള്‍ എഴുതി അച്ചടിക്കുന്നത് തൂക്കിക്കൊല്ലേണ്ട പാതകമൊന്നുമല്ലെങ്കിലും, പ്രോത്സാഹിപ്പിക്കാന്‍ കൊള്ളുന്ന പതിവ് അല്ല. എഡിറ്ററോ ഞാനോ ഒന്നും പറഞ്ഞില്ല. ആര്‍ എന്തു ചെയ്തു എന്ന് ഞങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ, മനസ്സിലാകേണ്ടവര്‍ക്കെല്ലാം കാര്യം മനസ്സിലായി. അതു മതിയല്ലോ.
(തേജസ്സിൽ ആഗസ്റ്റ് ഇരുപതിൻ പ്രസിദ്ധീകരിച്ചത്)
Subscribe to:
Post Comments (Atom)
No comments:
Post a Comment