Thursday, December 24, 2009

വാർത്ത: വിതയും വിളവെടുപ്പും

കോർട് ടീവി കണ്ടുകൊണ്ടിരുന്നപ്പോൾ കഷ്ടം തോന്നി--നമ്മുടെ പിൻനിലയോർത്ത്. ആ ചാനലിൽ എല്ലാം കാണാം. കുറ്റം ചെയ്ത ദൃശ്യം വീണ്ടും ആവിഷ്കരിക്കപ്പെടും. അന്വേഷണത്തിന്റെ വഴിയേ പോകും. പ്രതിയെ ഡിറ്റക്റ്റിവ് ചോദ്യം ചെയ്യുന്ന വിഡിയോ കാണിക്കും. വിചാരണയും വിദഗ്ധരുടെ വിശകലനവും ഉണ്ടാവും. പിന്നെ വിധിപ്രസ്താവവും. നമ്മുടെ പരിപാവനമായ നീതിന്യായപീഠത്തിനകത്തെ രംഗം ക്യാമറയിൽ പകർത്തുന്ന കാര്യം സങ്കല്പിക്കാനാവുമോ? പ്രതിയും ഡിറ്റക്റ്റിവും തമ്മിലുള്ള ഇടപഴക്കത്തിന്റെ ദൃശ്യം കാണാൻ പറ്റുമോ? കോർട് ടിവി കാണിയെയും അന്വേഷണത്തിൽ വിദൂരസാക്ഷിയാക്കുന്നതുപോലെ തോന്നി.


ആ ഘട്ടത്തിൽ മാധ്യമസാന്നിധ്യം അനുവദിക്കുന്ന സ്ഥിതി ഇവിടെ ഒരിക്കലും ഉണ്ടാവില്ല. അങ്ങനെ കുണ്ഠിതപ്പെട്ടിരിക്കുമ്പോൾ , ഇതാ കേൾക്കുന്നൂ തടിയന്റവിട നസീറിന്റെ മൊഴി.. അയാൾ പറഞ്ഞ ഭീകരകഥ വഴിക്കു വഴി ടീവിയിലെത്തുന്നു. കേൾക്കുന്നേയുള്ളു, കാണുന്നില്ല--ശ്രൂയതേ ന ച ദൃശ്യതേ എന്നു പറഞ്ഞപോലെ. ആരു പറഞ്ഞു എന്ന് ആരും പറഞ്ഞില്ല. നസീർ നേരിട്ട് മീഡിയയെ വിളിച്ചുപറഞ്ഞിരിക്കില്ല. പൊലിസ് പറഞ്ഞതായി പറഞ്ഞുമില്ല. വിവരം അശരീരിപൊലെ അങ്ങനെ ചാറിക്കൊണ്ടിരുന്നു. സുതാര്യതയുടെ യുഗം എത്തിയല്ലോ എന്നു കരുതി ഞാൻ അശരീരിക്ക് സ്തുതി പാടി.


പ്രതിയെ ചോദ്യം ചെയ്തു കിട്ടുന്ന വിവരം അപ്പപ്പോൾ മാധ്യമത്തിനു കൊടുക്കുന്ന സ്വഭാവം പൊലിസിനില്ല. ആർ, എപ്പോൾ, എവിടെ, എന്തു പറഞ്ഞുവെന്ന് കേട്ടെഴുതുകയല്ലാതെ, വെളിപാട് ഇറക്കുന്ന പതിവ് മീഡിയക്കുമില്ല. ഉറവിടത്തിന്റെ പേരെടുത്തു പറയണമെന്നായിരുന്നു പണ്ടത്തെ ആദ്യപാഠം. അത് വിശ്വാസ്യത കൂട്ടും, മാധ്യമക്കാരന്റെ അധമവിനോദത്തിനുള്ള സാധ്യത കുറക്കും. പേരു വെളിപ്പെടുത്താൻ വയ്യാത്തപ്പോൾ, അഭിജ്ഞവൃത്തങ്ങളെ ഉദ്ധരിക്കും. വൃത്തങ്ങൾ അത്യുന്നതമോ ആധികാരികമോ ആകാം. ചതുരം ആവില്ല, തീർച്ച. പണ്ടൊരിക്കൽ, തനിക്ക് വാർത്ത ചോർത്തിത്തന്ന വൃത്തത്തിന്റെ നാമരൂപം വെളിപ്പെടുത്താത്തതിന്, ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ദേവദാസ് ഗാന്ധി ജയിലിൽ പോകുകയുണ്ടായി.


അതുപോലൊരു ധർമ്മമോ സങ്കടമോ തടിയന്റവിട പ്രകരണത്തിൽ ഉണ്ടായില്ല. വാർത്ത എങ്ങനെ വന്നു എന്ന് അതിശയിക്കേണ്ടവർതന്നെ അത് വീശിയെറിയുകയായിരുന്നു. ഒരു വ്യവസ്ഥ മാത്രം: നസീർ പൊലിസിനോടു പറഞ്ഞ ഭീകരകഥ പൊലിസ് പുറത്തുപറഞ്ഞെന്ന് ആരോടും പറയാൻ പാടില്ല. വ്യവസ്ഥ ഏവർക്കും സ്വീകാര്യമായിരുന്നു. ഉറവിടം പറയാതെ, പൊലിസ് ഒഴുക്കിവിട്ട വാർത്തക്കഷണങ്ങൾ വെട്ടിവിഴുങ്ങാൻ ഉപഭോക്താക്കൾ കാത്തിരിക്കുകയായിരുന്നു. ആരു പറഞ്ഞു, എന്തു പറഞ്ഞില്ല, എന്ന് ആർക്കും ചോദിക്കാൻ തോന്നിയില്ല. ഉത്തരം മറഞ്ഞിരിക്കുന്ന ഉറവിടത്തിന്റെ യുക്തിക്കു വിട്ടു. ഡേവിഡ് ഹെഡ്ലി പൊട്ടിക്കാനിരുന്ന സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോഴും ആരും ചോദിച്ചില്ല, “ആരാണീ ഉറവിടം? എന്തിനീ ഔദാര്യം? ഇനിയും വിരട്ടാനോ?“


പഴയ മൊഴിയിൽ ഇതിനെ വാർത്തക്കൃഷി എന്നു പറയും. Plant. വാർത്ത എഴുതിയും വായിച്ചും ശീലിച്ചവർക്കെല്ലാം അതു കൃഷിചെയ്യുന്നവരുമായി എപ്പോഴെങ്കിലും ഇടപഴകേണ്ടിവന്നിരിക്കും. പല തരം കൃഷിക്കാർ, പല തലത്തിലുള്ളവർ. പത്രസമ്മളനത്തിനുമുമ്പും പിമ്പും, തിരഞ്ഞെടുത്ത ലേഖകർക്ക് “രേഖയിൽ പെടുത്താതെ” രഹസ്യവിഭവം വിളമ്പുന്നവർ. സൌത് അവന്യുവിനോടു ചേർന്ന തന്റെ വീട്ടിലിരുന്ന്, ചായയുടെ നിലക്കാത്ത ഒഴുക്കിനൊപ്പം, അത്തരം രഹസ്യവിഭവവും ഉദാരമായി സൽക്കരിച്ചിരുന്ന ജനത പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ—പിന്നീട് ചുളുവിൽ തെല്ലിട പ്രധാനമന്ത്രി--അതിഥികളുടെ ഇഷ്ടനായിരുന്നു. അങ്ങനെ എത്രയോ പേരെ അധികാരത്തിന്റെ മേലടുക്കളയിൽ കണ്ടത് ഓർത്തുപോകുന്നു.


ഉറവിടം മറച്ച്, ലേഖകന്റെ ഉത്തരവാദിത്വത്തിൽ ഇറക്കുന്ന വാർത്ത ചിലപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ ഏറ്റുവാങ്ങേണ്ടിവരും. ചിലപ്പോൾ കർഷകന്റെ ഇംഗിതം മനസ്സിലാക്കാതെ, സ്കൂപ്പിന്റെ ലഹരിയിൽ പെട്ടുപോകുകയും ചെയ്യും. അപ്പോൾ കർഷകൻ കൊയ്യും, തൊഴിലാളി കഴുതയെപ്പോലെ തൊലിക്കും. അതൊഴിവാക്കാൻ വാർത്തക്കൃഷിക്കിറങ്ങുന്നവരെ തിരിച്ചറിഞ്ഞാൽ മതി. പൊലിസ് ആകുമ്പോൾ കൂടുതൽ സൂക്ഷിക്കണം. നാലാൾ അറിയണമെന്നുള്ള വിവരം പൊലിസിന് ഔപചാരികമായി പുറത്തുവിടാവുന്നതേയുള്ളു. അതാണ് സുതാര്യത. അതിൽ കുറഞ്ഞതോ കൂടിയതോ ആയ ഏത് അജണ്ടയും അശുദ്ധമായിരിക്കും.


സത്യം സത്യമായി പറയാൻ എളുപ്പമല്ല. വാർത്തയുടെ വിതയും വിളവെടുപ്പും, മറഞ്ഞിരിക്കുന്ന ഉറവിടങ്ങൾ നടത്തുമ്പോൾ വിശേഷിച്ചും. അറിവുകേടുകൊണ്ടായാലും കള്ളത്തരംകൊണ്ടായാലും, വാർത്തക്കാരൻ പൂർണസത്യമേ പറയൂ എന്നോ, സത്യമല്ലാത്തതൊന്നും പറയില്ലെന്നോ പണ്ടേ ധാരണ ഉണ്ടായിരുന്നില്ല്ല. യുദ്ധത്തിനുമുമ്പ് വാർത്ത വിളമ്പാനും ഉണ്ണാനുമായി തന്നെ വന്നു കണ്ട സഞ്ജയനോട് യുധിഷ്ഠിരൻ പറഞ്ഞു: “വാർത്തകളെന്തോന്നുള്ളൂ, വാസ്തവം പറകെടോ.”


വാർത്തയെല്ലാം വാസ്തവമാവില്ല എന്നു തന്നെയായിരുന്നു ധർമ്മപുത്രന്റെ സൂചന. കൂട്ടത്തിൽ പറയട്ടെ, ആ “എന്തോന്നു”കൊണ്ട് ഉറപ്പിക്കാം, യുധിഷ്ഠിരൻ തിരുവിതാംകൂറുകാരൻ ആയിരുന്നു.

(ഡിസംബർ 23ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)

No comments: