ഡോക്റ്റർ കെ സി തോമസിന് ഒരു കുലുക്കവും കണ്ടില്ല. കാണേണ്ടതായിരുന്നു. വെള്ളം കുത്തിയൊലിച്ചു വന്നാൽ എന്തു പറ്റുമെന്ന് അറിയാത്ത ആളല്ല കേന്ദ്ര ജലക്കമ്മിഷൻ അധ്യക്ഷൻ. അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ ഒരു പത്രം നിവർത്തിവെച്ചു. വെള്ളത്തിന്റെ ഒഴുക്കും പുളപ്പും കാണിക്കാൻ പാകത്തിൽ, ചരിഞ്ഞു കറുത്ത തലവാചകം അദ്ദേഹത്തെ തുറിച്ചുനോക്കി: “മുല്ലപ്പെരിയാറിൽ അപകടഭീഷണി ഉയരുന്നു.“
കോട്ടുവാ മറച്ചുകൊണ്ട് ഡോക്റ്റർ തോമസ് പത്രം ചുരുട്ടി. അണ പൊട്ടി, മരങ്ങളും മൃഗങ്ങളും മനുഷ്യരും ഒഴുകിപ്പോകുന്ന രംഗമൊന്നും അദ്ദേഹം കാണുന്നതായി തോന്നിയില്ല. എന്തു പറ്റാമെന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചതായിരുന്നു.. “പേടിക്കേണ്ട.“. അതദ്ദേഹം പറഞ്ഞിട്ട് കൊല്ലം മുപ്പതു കഴിഞ്ഞു. പേടി ഇന്നും തുടരുന്നു.
ആ പേടി വിടാതെ നിലനിർത്തിയതാണ് വി എസ് അച്യുതാനന്ദന്റെ ഒരു നേട്ടം. ഓരോ തവണ അദ്ദേഹം മുല്ലപ്പെരിയാറിൽ പോയി വരുമ്പോഴും പേടി കൂടി. പേടി ആയിരുന്നു എന്നും രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ആയുധം. കൊള്ളരുതാത്തവന്റെ അവസാനത്തെ ആശ്രയം എന്ന് ഡോക്റ്റർ ജോൺസൺ വിശേഷിപ്പിച്ച ദേശഭക്തി അതിനുശേഷമേ വരൂ. മുല്ലപ്പെരിയാർ പേടിയെ ആ കൂട്ടത്തിൽ പെടുത്തിയാൽ മതി. മറ്റൊന്നുമില്ലാത്തപ്പോൾ വി എസ് മുല്ലപ്പേടി പുറത്തെടുത്തിടും. പറ്റിയ ഒരു വകുപ്പു കിട്ടിയപ്പോൾ, എൻ കെ പ്രേമചന്ദ്രനും, ആയിരം പത്തി വിടർത്തി വരുന്ന വെള്ളത്തിന്റെ വേഗത്തിൽ, മുല്ലപ്പെരിയാറിനെപ്പറ്റി പ്രസ്താവനകൾ ഇറക്കി. അത്തരം പ്രവചനങ്ങളെല്ലാം അപ്പടി ശരിയാകാറില്ല്ല എന്നതാകുന്നു മനുഷ്യജീവിതത്തിലെ വലിയൊരു ഭാഗ്യം.
എന്തുകൊണ്ടോ പഴയ ഒരു കഥ ആരും ഉരുവിട്ടില്ല. ഇടമലയാർ വിവാദം കൊഴുപ്പിക്കാൻ മുൻ കൈ എടുത്തവരിൽ മുഖ്യനാണ് മുഖ്യമന്ത്രി വി എസ്. അദ്ദേഹം കരുപ്പിടിച്ച വിവാദത്തിൽ അത്രതന്നെ മുഴങ്ങിക്കേൾക്കാത്ത ഒരു അംശം ഉണ്ട്. ഇടമലയാറിൽ അണ കെട്ടരുതെന്ന് ഭൂശാസ്ത്രവിദഗ്ധർ പണ്ടേ പറഞ്ഞിരുന്നതാണ്.. ആ പ്രദേശത്തെ ഭൂമിയുടെ ഉൾഭാഗം ഉറച്ചതല്ലത്രേ. ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള , ശ്രീലങ്കയിൽനിന്നു തുടങ്ങുന്ന ഒരു മേഖലയുടെ ഭാഗമാണു പോലും ഇടമലയാർ പ്രദേശം. കോയമ്പത്തൂർ കേന്ദ്രമായി 1900ൽ ഉണ്ടായ ഭൂചലനത്തിന്റെ നേർവരയിലായിരുന്നു ഈ പ്രദേശം. അതുകൊണ്ട് അവിടെ കോൺക്രീറ്റ് അണ വേണ്ടെന്നു വെച്ചു. പകരം ഭാരം കുറഞ്ഞ അണ കെട്ടുകയായിരുന്നു.. എന്നാലും പേടിക്കണമെന്നും പേടിപ്പെടുത്തണമെന്നു മുള്ളവർക്ക് പണിയാൻ ഇനിയും വക കാണും.
വി എസ്സിനും പ്രേമചന്ദ്രനും ഉപദേശികൾക്കും കസാൻഡ്രയുടെ ഗതി ആയെന്നു പറയാറായിട്ടില്ല. ആ യവനസുന്ദരി പറഞ്ഞതൊക്കെ ഫലിച്ചു; പക്ഷേ വിശ്വസിക്കാൻ ആളുണ്ടായിരുന്നില്ല. ഇവിടെയാകട്ടെ, വിശ്വസിക്കാൻ ആളെ കിട്ടി. അത്രയേ വ്യത്യാസം ഉള്ളൂ. അതങ്ങനെയാണ്. പ്രളയം വരുമെന്നു പറയാനും പേടിക്കാനുമാണ് പ്രവാചകർക്കും അനുവാചകർക്കും ഇഷ്ടം. ആപത്തില്ലെന്നു പറഞ്ഞാൽ ബോറാകും. മലയളികളെ മുക്കിക്കൊല്ലാൻ ഹസ്തിനപുരിയിലും പൂമ്പുഹാറിലും തകൃതിയായി ഗൂഢാലോചന നടക്കുന്നു എന്നു കേട്ടാലോ, ബഹുരസമായി.
കേരളം ഒലിച്ചുപോകുന്നതു നോക്കി കൈകൊട്ടി രസിക്കാൻ കാത്തിരിക്കുന്നവരാണോ എല്ലാവരും? തമിഴകത്തെ സേതുബന്ധകരൊന്നും സത്യം പറഞ്ഞെന്നു വരില്ല. പക്ഷേ വേറെയുമുണ്ടല്ലോ അണക്കെട്ടുകാർ. അവരൊക്കെ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണോ? രാവും പകലും തമ്മിൽ, വെള്ളവും തീയും തമ്മിൽ, ഉള്ള വ്യത്യാസം ശാസ്ത്രത്തിലെങ്കിലും തിരിച്ചറിയാൻ കഴിയുമെന്നയിരുന്നു ധാരണ. അതു തെറ്റി. അണ പൊട്ടാമെന്ന് ഒരു കൂട്ടർ; പൊട്ടില്ലെന്ന് വേറൊരു കൂട്ടർ. ആരെ വിശ്വസിക്കും?
കോപ്പൻഹേഗനിൽ കൂടിയ കാലാവസ്ഥാവിദഗ്ധരും കലഹിക്കുകയായിരുന്നു. കോപ്പൻഹേഗൻ കരാർ എന്നൊരു പ്രമാണം തയ്യാറാക്കിയെങ്കിലും, ആപത്തിനെപ്പറ്റിയുള്ള വിലയിരുത്തൽ ഏകകണ്ഠമായിരുന്നില്ല. ഒരേസമയം ഭൂമി ചുട്ടുപഴുക്കുന്നുവെന്നും ഒരു ചുക്കും നടക്കുന്നില്ലെന്നും അവർ ചേരി തിരിഞ്ഞ് പറയുന്നു. മയൻ പഞ്ചാംഗമനുസരിച്ച് , മൂന്നു കൊല്ലം കഴിഞ്ഞാൽ ഒരു ദീർഘകല്പാന്തമാകുമെന്നു പേടിക്കുന്നവരും, അപ്പോൾ നവലോകം ഉണ്ടാകുമെന്ന് ആശിക്കുന്നവരും, ഒന്നും നടക്കില്ലെന്നു പറയുന്നവരും കൊമ്പു കോർക്കുന്നു. ആരെ വിശ്വസിക്കും? ശാസ്ത്രവും , സത്യം പോലെ, ആപേക്ഷികമാവുകയാണോ?
തർക്കമോ ആപേക്ഷികതയോ ഇല്ലാത്ത ഒരു കാര്യം പറയണം. മുല്ലപ്പെരിയാർ വല്ലാത്ത ഒരു വിവാദമായി തുടരുന്നു. ആശങ്കാവ്യാപാരത്തിനും പാണ്ടിപ്പേച്ചിനുമപ്പുറം, കലഹം പറഞ്ഞുതീർക്കാൻ ഒരു വേദി കണ്ടെത്താൻ ആർക്കും കഴിയുന്നില്ല. ഒടുവിൽ അതിനു മുന്നിട്ടിറങ്ങുന്ന പ്രധാനമന്ത്രി മന്മോഹൻ സിംഗ് എങ്കിലും ജയിക്കട്ടെ. അതിനിടെ, ഒതുങ്ങിപ്പോയിരുന്ന വി ഗോപാൽ സാമിക്ക് പുതിയൊരു ഉയിർ കിട്ടിയിരിക്കുന്നു. കേരളത്തിലേക്ക് കമ്പം വഴി തമിഴകത്തുനിന്നു വരുന്ന സാധനങ്ങൾ തടയുകയാണ് വൈകോയുടെ പുതിയ പരിപാടി.
പറയുന്നതിലും ചെയ്യുന്നതിലും ശേഷിയും ശേമുഷിയും കാണിക്കുന്ന വൈകോ. തൊണ്ണൂറുകളുടെ തുടക്കത്തിൽ പർലമെന്റിലും പുറത്തും തിളങ്ങിനിന്നിരുന്നു. മാരന്റെയും സ്റ്റാലിന്റെയും സൂര്യോദയത്തിൽ അദ്ദേഹത്തിന്റെ അസ്തമനം തുടങ്ങി. പിന്നെ ആരുടെയെല്ലാമോ കൂടെ മാറിമാറി കൂടി. ഇപ്പോഴിതാ കൊള്ളാവുന്ന പുതിയൊരു മണ്ഡലം കൈവന്നിരിക്കുന്നു:: മുല്ലപ്പെരിയാർ. അവിടെ മത്സരിക്കാൻ ഇനി ഓരോ തമിഴ്കുടിമകനും മകളും ചാടിക്കേറും. അവരെ ഒന്നിപ്പിക്കുന്നതിൽ വി എസ്സും മറ്റും വഹിച്ച പങ്ക് ചെറുതല്ല.
(ഡിസംബർ 24ന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)
13 comments:
tracking
tracking....
In fact, what is author trying to say? pottumenno, pottillenno? VS shabdichchatho shabdikkunnatho shariyalla enno, atho adhehaththinte shabdaththinu sincerity illenno?
evideyum thodaththa oru lekhanam.
ഇത് വായിച്ചപ്പോള്‍ തോന്നിയത് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും വി എസ് നാട്ടുകാരെ പേടിപ്പിച്ച് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാന്‍ പടച്ചുണ്ടാക്കിയതുമാണെന്നും ആണ്. ഇനി എന്റെ വായനയിലെ കുഴപ്പമാണോ?? എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്???? അപ്പോ മുല്ലപ്പെരിയാറിനു ഈ പറയുന്ന കുഴപ്പം ഒന്നും ഇല്ലെന്നാണോ ലേഖകന്‍ പറയുന്നത്????
ഈ പോസ്റ്റിന്റെ ഉദ്ദേശം മനസ്സിലാവുന്നില്ല.
:(
tracking
അപ്പോള്‍ അങ്ങനെയാണല്ലേ കാര്യങ്ങള്‍. Sir, Do You Really "THINK" ?
entha eth kond uddesichathenn manasillayilla..mullaperiyarinu prasnamilla enno? atho?
Please clear your views..
കേരളത്തിലേക്ക് കമ്പം വഴി തമിഴകത്തുനിന്നു വരുന്ന സാധനങ്ങൾ തടയുകയാണ് വൈകോയുടെ പുതിയ പരിപാടി.
അതില്‍ കാര്യമില്ല കേരളത്തിലെ കമ്പോളത്തെ ആശ്രയിച്ചു കഴിയുന്ന തമിള്‍ കര്‍ഷകര്‍ വൈകയെ ശരിയാക്കി കൊള്ളും .....നല്ലപോസ്റ്റ്
Ha ha I think what Priya thinking is correct. :)
സ്വന്തം കുറിപ്പിന് വിശദീഅക്രണവുമായി ഇറങ്ങുന്നത് കൊള്ളില്ല. ഇത്രയും ആളുകൾ അതിന്റെ താല്പര്യം എന്താണെന്നു ചോദിച്ചതുകൊണ്ട് ഒന്നു രണ്ടു കാര്യം പറയട്ടെ. അവസാനത്തെ അഭിപ്രായം പറയാൻ ഞാൻ സർവജ്ഞനായ എഞ്ചിനീയറോ ദൈവമോ അല്ല. ആകപ്പാടെ നോക്കുമ്പോൾ, ഉള്ളതിനെക്കാൾ കൂടുതൽ അപകടസാധ്യത ഉണ്ടെന്നു പറഞ്ഞ്, നാട്ടുകാരെ വിരട്ടിനിർത്താനാണ് രാഷ്റ്റ്രീയക്കാർക്കിഷ്ടം. നാട്ടുകാരുടെ മട്ടുകണ്ടാലും, ആ അണ പൊട്ടിയാൽ ഉണ്ടാകാവുന്ന വലിയ ദുരന്തം വാസ്തവത്തിൽ അടുത്തെങ്ങാനും ഉണ്ടാകുമെന്ന പേടി ഉള്ളതായി തോന്നില്ല. രണ്ട്, കുലീനവും ഫലപ്രദവുമായ രാഷ്ട്രീയം, തമിഴ്നാടുമായി സർഗ്ഗത്മകമായ, സാധ്യമായ, സൌഹൃദം ഉണ്ടാക്കാൻ ശ്രമിക്കലാണ്, അടിച്ചുജയിക്കാൻ നോക്കലല്ല. മൂന്ന്`, കേർളക്കാർക്ക് പൊതുവെ വിശ്വസിക്കാനിഷ്ടം അവരെ ആരൊക്കെയോ തകർക്കാൻ ഗൂഢാലോചനയും പരസ്യശ്രമവും നടത്തുന്നുവെന്നാണ്. എല്ലാ ലേഖനങ്ങളും ആണെന്നോ അല്ലെന്നോ ഉള്ള രണ്ട് നിഷ്കൃഷ്ടമായ പട്ടികകളിൽ ഒതുക്കണമെന്നില്ലല്ലോ.
ചപ്പാത്തിന്റെ ശബ്ദം :
പാച്ചുവിന്റെ മുല്ലപ്പെരിയാര്‍ യാത്ര എന്ന ബ്ലോഗ്
:
ഭാവിയില്‍ ഞങ്ങളുടെ ഇടുക്കി നാമാവശേഷമാകുമോ??
we came to read your post from the same blog which share the above posts.If you have time please read those.
ഞാൻ ചിന്തിക്കുന്നത് മുല്ലപ്പെരിയാർ പൊട്ടിയാൽ എവിടെ വലകെട്ടുമെന്നാണ് ബിക്കോസ് എന്തോരം മീനായിരിക്കും വലയിൽ കുടുങ്ങുന്നത്..!
ന്റെ മാഷെ ഇത്രയും പ്രായമെത്തിയ ആ അണക്കെട്ടിന് 23 കാരന്റെ ശക്തിയും ഓജസ്സുമുണ്ടെന്ന് സമർത്ഥിക്കുന്ന കണ്ടെത്തിയ ചിന്തക്ക് ഒരു സലാം.. അതായിത് താമരശ്ശേരി ചുരമില്ലേ....
ഒറ്റച്ചോദ്യം ന്റെ ഗോവിന്ദൻ കുട്ടി മാഷിനോട്..താങ്കൾ എറണാകുളം ഇടുക്കി തൃശ്ശൂർ ആലപ്പുഴ എന്നീ ജില്ലകളിലേതെങ്കിലുമാണൊ താമസിക്കുന്നത് അല്ലെങ്കിൽ താങ്കളുടെ കുടുംബം സ്ഥിതി ചെയ്യുന്നത്..?
ഒറ്റച്ചോദ്യം ന്റെ ഗോവിന്ദൻ കുട്ടി മാഷിനോട്..താങ്കൾ എറണാകുളം ഇടുക്കി തൃശ്ശൂർ ആലപ്പുഴ എന്നീ ജില്ലകളിലേതെങ്കിലുമാണൊ താമസിക്കുന്നത് അല്ലെങ്കിൽ താങ്കളുടെ കുടുംബം സ്ഥിതി ചെയ്യുന്നത്..?
ഇതിന് മറുപടി വേണോ? എന്നെയോ എന്റെ കൊച്ചുകുടുംബത്തെയോ ബാധിക്കുന്നതു മാത്രമേ എന്നെ രസിപ്പിക്കുകയോ പേടിപ്പിക്കുകയോ ചെയ്യൂ എന്ന വിചാരത്തോടെ സംസാരിച്ചാൽ സംസാരം തന്നെ ആവശ്യമില്ലല്ലോ. ഇങ്ങനെ ഒരു ഇടപഴക്കം നടക്കണമേങ്കിൽ, അവനവന്റെ പരിമിതമായ കാര്യത്തിനപ്പുറം എന്തെലെങ്കിലും താല്പര്യം വേണ്ടേ?
Post a Comment