മനോരോഗം ചികിത്സിച്ചിരുന്ന ഒരാളെ ഭാര്യയും ഞാനും കൂടി ഒരു ദിവസം മനോരോഗാസ്പത്രിയിൽ ആക്കി. ധൈര്യം പകരാൻ സുഗതകുമാരി ഒപ്പം വന്നു. കാലത്തെയും സ്ഥലത്തെയും പറ്റി അവർക്ക് തിട്ടമുണ്ടായിരുന്നു. ആളുകളെ അവർ തിരിച്ചറിഞ്ഞു; കാര്യങ്ങൾ സാധാരണ പോലെ വിലയിരുത്തി. പക്ഷേ തന്നെ കുരുക്കിലാക്കാൻ എവിടെയോ നീക്കമുണ്ടെന്നൊരു പേടി. വീട്ടിനു ചുറ്റും അനങ്ങുന്ന നിഴലുകൾ, പച്ചക്കറിയിൽ വിഷം. അതു തെളിയിക്കാൻ അതിരാവിലെ ഞങ്ങളുടെ അടുക്കൽ ഓടിയെത്തുമായിരുന്നു.
വെള്ളാപ്പള്ളി നടേശന്റെ അനിയൻ വി കെ രാമചന്ദ്രൻ ചികിത്സ ഏറ്റെടുത്തു. മനോരോഗത്തിലെ സർഗ്ഗാത്മകതയെപ്പറ്റി ഗവേഷണം നടത്താനായിരുന്നു രാമചന്ദ്രന്റെ നടക്കാതെ പോയ ഒരു മോഹം. ചികിത്സക്കുശേഷം എന്തുണ്ടായി ആവോ? മനസ്സിന്റെ വെളിച്ചം വീണ മൈതാനങ്ങളിലും ഇരുൾമുറികളിലും എനിക്കു വഴി കാട്ടിയത് രോഗിയായി മാറിയ ആ ഡോക്റ്റർ ആയിരുന്നു. ചിത്തഭ്രമത്തിന്റെ ക്രമം കണ്ടെത്തിയ ആർ ഡി ലെയിംഗിനെയും തോമസ് സാസിനെയും അവർ പരിചയപ്പെടുത്തി. മനോരോഗം കെട്ടുകഥ ആണെന്നായിരുന്നു The Myth of Mental Illness എന്ന പ്രമാണപുസ്തകം എഴുതിയ സാസിന്റെ വാദം.
ഏതാണ്ടതുപോലൊരു ചിന്ത വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. മനോരോഗത്തിന്റെ അമേരിക്കവൽക്കരണമാണ് അ ചിന്തയുടെ സാരം. ചികിത്സ മാത്രമല്ല ലക്ഷണവും അമേരിക്കവൽക്കരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കക്കു മനസ്സിലാകുന്നതേ സ്വബോധമാകുകയുള്ളു. അല്ലാത്തതെല്ല്ലാം മനോരോഗം; അതെല്ലാം അമേരിക്ക ശീലിച്ച രീതിയിൽ ചികിത്സിക്കുകയും വേണം. രണ്ടാണ് ഇതി തെറ്റ്; രണ്ടും അടിവരയിട്ടു കാട്ടുന്നതും അമേരിക്കൻ ചിന്തകർ തന്നെ.
പരിചിതമല്ലാത്ത മതപരമോ സാംസ്ക്കാരികമോ ആയ സന്ദർഭങ്ങളിൽ പ്രകടമാകുന്ന ഭാവവൈചിത്ര്യം ചികിത്സിക്കപ്പെടേണ്ട അവസ്ഥയാക്കുന്ന സമ്പ്രദായത്തെ അവർ എതിർക്കുന്നു. മനസ്സിനെ സങ്കുചിതമായി മനസ്സിലാക്കുക മാത്രമല്ല, പരിചിതമല്ലാത്ത അനുഭൂതികളെ ചികിത്സിക്കേണ്ടത്താണെന്ന് കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുക: അതാണ് ആപത്ത്. ഒരു നൂറ്റാണ്ടു മുമ്പ് മതാനുഭൂതിയുടെ വൈവിധ്യം ചർച്ച ചെയ്യുമ്പോൾ, വൈദ്യശാസ്ത്രപരമായ ഭൌതികവാദം എന്ന് വില്യം ജെയിംസ് വിശേഷിപ്പിച്ച സമീപനം അത് തന്നെയായിരുന്നു.
അമേരിക്കക്കു മനസ്സിലാകുന്നതേ മനസ്വാസ്ഥ്യം ആകുകയുള്ളുവെങ്കിൽ, വിചിത്രവും ഇപ്പോഴത്തെ നിലയിൽ വ്യാഖ്യാനിക്കാൻ വിഷമം തോന്നുന്നതുമായ സാംസ്ക്കാരികാനുഭവങ്ങളുള്ള ചൈനയിലെയും ഇന്ത്യയിലെയും നൈജീറിയയിലെയും ആളുകളുടെ ജീവിതസങ്കല്പം ചികിത്സിക്കേണ്ട രോഗമാകും. പരുക്കനായി പറഞ്ഞാൽ, ഒരു കൊമ്പും രണ്ടു കാലുമുള്ള ഒരു ആനയെ കാണുകയും, അതു കനിഞ്ഞാൽ തടസ്സം ഒഴിവാക്കാമെന്നു വിശ്വസിക്കുകയും, അതിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന മനസ്സിനെ, മനോരോഗം അമേരിക്കവൽക്കരികപ്പെട്ടാൽ, എങ്ങനെ സമീപിക്കുമെന്ന് ആലോചിച്ചാൽ മതി. മനസ്സിലാകാത്തതിനെയെല്ലാം മനോരോഗമായി കാണുന്ന പ്രവണതക്കെതിരെ അമേരിക്കയിൽനിന്നുതന്ന എതിർപ്പു വരുന്നത് ഏതായാലും നന്നായി.
വിഷാദം മാറ്റാൻ കൈകണ്ട ഒരു മരുന്നും കൊണ്ടു നടക്കുകയായിരുന്നു അവർ കുറെക്കാലമായി. വിഷാദരോഗമുള്ളവരെ ഉരുമ്മാതെ നടക്കാൻ വയ്യാത്ത സ്ഥിതിയായതുകൊണ്ട്, ആ മരുന്ന് ചിലവായതിന് കണക്കില്ല. ഇപ്പോഴിതാ ഗവേഷണം വഴി സ്ഥാപിച്ചിരിക്കുന്നു, ആ മരുന്നും പചവെള്ളവും തമ്മിൽ ഒരു ഫലത്തിൽ വ്യത്യാസവുമില്ല. മനസ്സിൽ മാത്രമേ ഫലമുള്ളു. എന്നാലും മരുന്ന് നിർത്തരുതെന്ന് നിർദ്ദേശിക്കുന്ന പ്രത്ഭാശാലികളായ ഭിഷഗ്വരന്മാർ അരങ്ങു തകർക്കുന്നുണ്ടു താനും. മരുന്ന് വേണ്ടെന്നു പറയാനാണ് വൈദ്യൻ വേണ്ടതെന്നു തോന്നുന്നു. നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്ന ജാനെറ്റ് ഫ്രെയിം എന്ന നോവലിസ്റ്റിന് അടങ്ങാത്ത അസ്വസ്ഥത ഉണ്ടായപ്പോൾ, അമിഗ്ഡല എന്ന ബദാം പരിപ്പു പോലുള്ള അവയവം മുറിച്ചു കളയാൻ നിശ്ചയിച്ചു. ശസ്ത്രക്രിയയുടെ തലേന്നു രാത്രി സർജ്ജൻ ജാനെറ്റിനോടു പറഞ്ഞു: “ഞാൻ അതു ചെയ്യേണ്ടെന്നു തീരുമാനിച്ചു. നിങ്ങൾ അസ്വസ്ഥയായി എഴുതി ജീവിക്കുന്നതാണ് ജീവച്ഛവമാകുന്നതിനെക്കാൾ എനിക്കിഷ്ടം.”
എളുപ്പമായിരുന്നിരിക്കില്ല ആ തിരുമാനം. എന്താണ് രോഗം? എന്തിനു ചികിത്സിക്കേണ്ട? പണ്ടേ കേട്ടിരുന്നതാണ് ഇപ്പോൾ മുഴങ്ങാൻ തുടങ്ങിയ ഈ ചോദ്യങ്ങൾ. ശരിയെന്നു കരുതിയാൽ ശരി: അത്രയേ ഉള്ളു. മനസ്സിന്റെ വൈചിത്ര്യം ചിത്രീകരിക്കാൻ പിരാന്റലോ എഴുതിയതാണ് ആ പേരിലുള്ള നാടകം. Right You Are If You Think So. രംഗത്തു വരുന്ന ഓരോ ആളും ബാക്കിയുള്ളവർക്ക് ഭ്രാന്താണെന്ന് സ്ഥാപിക്കുന്നു. ആർ ശരി, ആർ ശരിയല്ല എന്ന് കാണികൾ അന്തം വിട്ടിരിക്കുമ്പോൾ, അതാ കേൾക്കുന്നു വിധിയുടെ സ്വരത്തിൽ ഒരു നിർദ്ദേശം: ശരിയെന്നു കരുതിയാൽ ശരി.
അങ്ങനെ തത്വം പറഞ്ഞിരുന്നാൽ, ഒന്നും രോഗമല്ലെന്നു വരും, എല്ലാം രോഗമാണെന്നും വരാം. ഞങ്ങൾ ആസ്പത്രിയിലാക്കിയ മനോരോഗവിദഗ്ധയെ ചികിത്സിക്കേണ്ടെന്നാകാം. സമനില, അനുപാതബോധം, സാംസ്ക്കാരികമായ ഭേദചിന്ത—അതാണ് പ്രധാനം. മനോരോഗത്തിന്റെ അമേരിക്കവൽക്കരണത്തോടുള്ള എതിർപ്പിൽ അതൊക്കെ കാണാം.
(ജനുവരി 19ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
No comments:
Post a Comment