Thursday, January 21, 2010

ഒളിവിൽ പോയ ദൈവത്തെ തേടി

ദൈവം ഒളിച്ചിരിക്കുകയണ്; പക്ഷേ പേടിക്കേണ്ട, സഹോദരങ്ങളേ, ദൈവം ഇവിടെ എവിടെയോ ഉണ്ടെന്നു തീർച്ച; ഒളിച്ചിരിക്കുന്നുവെന്നേ ഉള്ളു--ഹെയ്തിയുടെ തലസ്ഥാനമായ പോർട് ഓഫ് പ്രിൻസിൽ, എല്ലാം തകരാത്ത ഒരു മൂലയിൽ, അടുക്കും ഒതുക്കവുമില്ലാതെ കൂടിക്കിടന്നിരുന്ന പെട്ടികളിലൊന്നിൽ കയറിനിന്ന്, ഒരു പുരോഹിതൻ അങ്ങനെ സമധാനം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. എല്ലാം പൊടുന്നനവേ തകർന്ന ആ നാട്ടിൽ ദൈവം ഒളിക്കാൻ സ്ഥലം കണ്ടെത്തിയതാണ് അത്ഭുതം.


വേറൊരു റിപ്പോർട്ടിൽ ദൈവത്തിന്റെ ദൈന്യം പങ്കിടുന്ന ഫ്ലോറൻസ് എന്ന ഒരു സ്ത്രീയുടെ കഥ വായിച്ചു. രണ്ടു കാലും തളർന്നു കിടക്കുന്ന ഫ്ലോറൻസിനെ രക്ഷപ്പെടുത്തിയതും ദൈവമാകാം. അവർ താമസിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീണില്ല. മുന്നറിയിപ്പോടെ അത് തകർന്നിരുന്നെങ്കിൽത്തന്നെ, ഫ്ലോറൻസിന് ഓടി രക്ഷപ്പെടാൻ കാലുകളില്ല. മരണത്തിന്റെ മലീമസതക്കു സാക്ഷിയാകാൻ, അവർ, ഓടിപ്പോകാതെ, രക്ഷപ്പെടാതെ, വീടിന്റെ കോലായയിൽ എല്ലാം നോക്കിയിരുന്നു.


ദൈവം എങ്ങാനും ഉണ്ടെങ്കിൽ ഇപ്പോൾ ഇവിടെ ഇറങ്ങുമായിരുന്നു--ഫ്ലോറൻസ് അയല്പക്കത്തേക്ക് കണ്ണയച്ചുകൊണ്ട് പറയുകയായിരുന്നു. അവിടെ ഒരു വീട് അവരുടെ കണ്മുന്നിൽ തകർന്നുവീണു. ഓടാനോ ആരെയും സഹായിക്കാനോ കഴിയാതെ, അവർ കോലായയിൽത്തന്നെ ചടഞ്ഞുകൂടി. മേൽക്കൂരകളും ചുമരുകളും ഇടിഞ്ഞുവീഴുന്ന ശബ്ദത്തിൽ ഫ്ലോറൻസ് എന്തോ അപസ്വരവും കേട്ടു: ചതഞ്ഞു മരിക്കുന്ന കുട്ടികളുടെ ശബ്ദം. അന്നേരവും ദൈവം എവിടെയോ ഒളിച്ചിരിക്കുകയായിരുന്നു. പ്രകൃതിക്ക് ഭ്രാന്തിളകിയ ആ കരീബിയൻ രാജ്യത്ത് നൂറ്റാണ്ടുകളായി മനുഷ്യന്റെ പെരുമാറ്റവും പേപിടിച്ചപോലെ ആയിരുന്നു. പല സാമ്രാജ്യത്വങ്ങൾ ഹെയ്തിക്കുവേണ്ടി തമ്മിലടിച്ചു. നാട്ടുകാരും തമ്മിലടിച്ചു. എല്ലാം നേരെയാവുമെന്നു വന്നപ്പോൾ പ്രകൃതി ചതിച്ചു. ഒന്നര ലക്ഷം ആളുകൾ അക്ഷരാർത്ഥത്തിൽ മണ്ണടിഞ്ഞു. ദൈവം ഒളിവിൽ പോയി.


പക്ഷേ നമുക്ക് അത് ഒരു ഉൾപേജ് വാർത്ത ആയതേ ഉള്ളു. കവിഞ്ഞുവന്നാൽ, നമ്മൾ “അയ്യോ” എന്നു പറഞ്ഞ് അടുത്ത വാർത്തയിലേക്ക് നീങ്ങിക്കാണും. മുരളീധരന് എന്തു സ്ഥാനം കിട്ടുമെന്നോ, അച്യുതാനന്ദൻ പൊട്ടാത്ത പുതിയ അമിട്ട് വല്ലതും പണിയുന്നുണ്ടോ എന്നോ അന്വേഷിക്കാനുള്ള ജ്വരത്തിൽ നമ്മൾ ഹെയ്തിയിൽ ഒളിവിൽ പോയ ദൈവത്തെ മറന്നിരിക്കും. അധികമായാൽ, മരണമായാലും ബോറടിക്കും. അതോ, അകലെയാണെങ്കിൽ നമ്മളെ ഏശുകയേ ഇല്ല. നാലഞ്ചുകൊലം മുമ്പ് ഒരു ഡിസംബർ പ്രഭാതത്തിൽ ഇന്തൊനേഷ്യയിൽ കടൽ പൊട്ടിത്തെറിച്ചപ്പോൾ, ദൈവം ഉറങ്ങുകയായിരുന്നു. അന്നത്തെ മരണത്തിൽ നമ്മൾ കുറെക്കൂടി തല്പരരായിരുന്നു. കാരണം നമ്മുടെ തീരത്തും അല്പസ്വല്പമൊക്കെ സുനാമി അനുഭവപ്പെടുകയുണ്ടായി.


ഇതുപോലെ ദൈവത്തെ ഒളിവിലാക്കിയ ഒരു മരണക്കൊയ്ത്ത് ഞാൻ കണ്ടത് ആന്ധ്ര തീരത്തായിരുന്നു. നവംബർ അവസാനമാണെന്നാണ് ഓർമ്മ. കൊല്ലം 1977. ഒരു ദിവസം കടലൊന്നിളകി. ഒരു തിര അല്പം പൊങ്ങി. ഒന്ന് ആഞ്ഞടിച്ചശേഷം അത് അടങ്ങുകയും ചെയ്തു. അത്രയേ ഉണ്ടായുള്ളു. പക്ഷേ എത്ര ആളുകൾ അപ്രത്യക്ഷരായി, എത്ര നാട്ടിൻപുറങ്ങൾ ഒഴുകിപ്പോയി എന്നൊന്നും കൃത്യമായ കണക്കുണ്ടായിരുന്നില്ല. ജീവനുള്ള മനുഷ്യരും മൃഗങ്ങളും കൂട്ടത്തോടെ ഒലിച്ചുപോകുമ്പോൾ, കണക്കിന് സത്യത്തിന്റെ ശുദ്ധിയും ശക്തിയും ഇല്ലാതാകുന്നു.


വെള്ളം ഇറങ്ങി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ, ആകാശവാണി ലേഖകൻ എന്ന നിലയിൽ ഞാൻ വിജയവാഡയിലും മഛ്ലിപട്ടണത്തും ദിവി താലൂക്കിലും ഏറെ നേരം കറങ്ങിയതോർക്കുന്നു. ദിവി താലൂക്ക് മുഴുവൻ ഒലിച്ചുപോയിരുന്നു. മാനഭംഗം സംഭവിച്ച റോഡിന്റെ ഇരുവശത്തും അറ്റുപോയ അവയവങ്ങളും കരിഞ്ഞുകൊണ്ടിരുന്ന ശവങ്ങളും കണ്ടു. പാതി മറഞ്ഞും മറയാതെയും അവ അനാഥമായി കിടന്നു. അവക്കിടയിൽ ആട്ടിൻ കുട്ടികളുടെയും മനുഷ്യക്കിടാങ്ങളുടെയും ജഡങ്ങൾ തിർച്ചറിയപ്പെട്ടില്ല. മരണത്തിൽ മനുഷ്യന്റെയും മൃഗത്തിന്റെയും സ്വത്വം നഷ്ടപ്പെട്ടിരുന്നു. കരിയുന്ന ജീവന്റെ ഗന്ധത്തിന് ക്രൂരമായ ഒരുതരം സാർവജനീനത്വമുള്ളതുപോലെ തോന്നി.


ഒരു നിമിഷം ഞാൻ ആകാശത്തേക്കു നോക്കി. ദൈവം അവിടെയെങ്ങാനും ഒളിച്ചിരിപ്പുണ്ടോ എന്നു നോക്കാനല്ല. ഭൂമിയിലെ ദൃശ്യങ്ങളുടെയും ഗന്ധങ്ങളുടെയും ആധിപത്യത്തിൽനിന്ന് രക്ഷപ്പെടാൻ വഴി അന്വേഷിക്കുകയായിരുന്നു. അവിടവിടെ ഒന്നിനെയും കൂസാതെ കരിമ്പനകൾ അപ്പോഴും നീണ്ടുനിവർന്നു നിന്നിരുന്നു. അവയുടെ തലപ്പാവുകളിലെല്ലാം വൈക്കോൽ തുരുമ്പുകൾ പറ്റിപ്പിടിച്ചതു കണ്ടപ്പോൾ ആദ്യം കൌതുകമേ തോന്നിയുള്ളൂ. പിന്നെ കൌതുകം ഉള്ളിൽ മുഴുവൻ ഇരുട്ടു കയറ്റുന്ന ഭയമായി. തിരയടിച്ചുകേറിയപ്പോൾ, അതിൽ കേറിപ്പറ്റിയതായിരുന്നു ആ വൈക്കോൽത്തുരുമ്പെല്ലാം. തിര തിരിച്ചുപോയപ്പോൾ വൈക്കോൽത്തുരുമ്പ് കരുമ്പനയുടെ തലപ്പാവിൽ തൂങ്ങിനിന്നു.


ഞാൻ മനസ്സിൽ കണക്കു കൂട്ടി നോക്കി. ഒറ്റ തിരയേ പൊങ്ങിയുള്ളു. പക്ഷേ അതു പൊങ്ങിയത് ഒരു കരിമ്പനയോളം. അപ്പോൾ പിന്നെ അവിടെ വസിച്ചിരുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും എന്തു പറ്റിയെന്ന് ആലോചിക്കേണ്ടിയിരുന്നില്ല. അവിടെയും അത്ഭുതം നിഴലിക്കുന്നതു കണ്ടു, വീണ്ടും ദൈവത്തെവലിച്ചിറക്കിക്കൊണ്ട്. ഒമ്പത് അംഗങ്ങളുള്ള ഒരു കുടുംബത്തിലെ എട്ടു പേരും ഒലിച്ചുപോയി. ഒരാൾ മാത്രം എങ്ങനെയോ രക്ഷപ്പെട്ടു, മരണം വിട്ടേച്ചുപോയ ഓർമ്മക്കുറിപ്പു പോലെ. ആ ശൂന്യതയിൽ അയാൾ തല തല്ലിച്ചത്തില്ല. എന്നുതന്നെയല്ല, കഞ്ഞിക്കുവേണ്ടിയും കനിവിനുവേണ്ടിയും കൈനീട്ടിക്കൊണ്ടിരുന്നു.


ഒരു മന്ത്രിയുടെ കുടുംബത്തിനും നഷ്ടമുണ്ടായി. ദിവി താലൂക്കുകാരനായിരുന്നു മന്ത്രി. മന്ത്രിയെന്ന പേരിൽ പ്രത്യ്യേകാനുകൂല്യമൊന്നും പ്രകൃതി ഒരുക്കിയിരുന്നില്ല. മന്ത്രിയല്ലേ, ആരോപണങ്ങൾ ആ ആപത്തിലും ആയിരം മേനി വിളഞ്ഞു. സഹായമായി വരുന്ന സാധനങ്ങൾ മന്ത്രിയുടെ ഒത്താശയോടെ മറിച്ചു കടത്തിയിരുന്നത്രേ. ആ വർത്തമാനമെല്ലാം അറിയിക്കാൻ അന്ന് സെൽ ഫോൺ ഉണ്ടായിരുന്നില്ല. എസ് റ്റി ഡി സൌകര്യം നിലവിൽ വന്നു തുടങ്ങിയതേ ഉള്ളൂ. കമ്പി ആപ്പീസും ടെലഫോൺ എക്സ്ചേഞ്ചും തന്നെയായിരുന്നു ശരണം. അതിനിടെ സ്പേസ് അപ്പ്ലിക്കേഷൻ സെന്ററിലെ പ്രൊഫസർ യശ് പാൽ വിജയവാഡയിൽ ഒരു വാർത്താവിനിമയസൌകര്യം ഒരുക്കി, പരീക്ഷ്ണാടിസ്ഥാനത്തിൽ. ഫോൺ എക്സ്ചേഞ്ചും കമ്പി ആപ്പീസുമില്ലാതെ, ഉപഗ്രഹം വഴി വിജയവാഡയിൽനിന്ന് ഡൽഹിയുമായി ബന്ധപ്പെടുമ്പോൾ ആവേശവും അത്ഭുതവും തോന്നി.


പ്രകൃതിയുടെ രൌദ്രതയുടെയും മരണത്തിന്റെ ദുർഗ്ഗന്ധത്തിന്റെയും ഇടയിൽ, ഒരു തിരമാലയുടെ ആക്രമണത്തിൽ സ്വത്വം നഷ്ടപ്പെട്ട ഗ്രാമങ്ങളിലൂടെ നടക്കുമ്പോൾ, നീലക്കരയുള്ള വെളുത്ത സാരിയുടുത്ത്, അവിടെയെല്ലാം ഓടിനടന്നിരുന്ന മെലിഞ്ഞ സ്ത്രീകളെ കണ്ടു. വെള്ളം ഇറങ്ങിയപ്പോൾ ആദ്യം എത്തിയത് അവരായിരുന്നു. “ദൈവത്തിനു മുമ്പിൽ അല്പം സൌന്ദര്യം“ എന്ന പേരിൽ മാൽക്കം മഗ്ഗറിഡ്ജ് തയ്യാറാക്കിയ ടെലിവിഷൻ ഫിലിം അവരുടെ ഗുരുവിനെപ്പറ്റിയായിരുന്നു. മദർ തെരേസയായിരുന്നു ദൈവത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ട ആ സൌന്ദര്യം.


അഴുകുന്ന ശവങ്ങൾ മറവു ചെയ്യാൻ എത്തിയവരിൽ ഗോണ്ടയിൽനിന്ന് നാനാജി ദേശ് മുഖ് നിയോഗിച്ച ചെറുപ്പക്കാരെ കണ്ടു. നന്ദി പറയാൻ നിവൃത്തിയില്ലാത്ത ശവങ്ങൾ അടക്കാൻ രാത്രി ഇറങ്ങിപ്പുറപ്പെട്ട അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയെ ഓർത്തു. ആ നന്മയെ തിരിച്ചറിയുകയും കരുപ്പിടിപ്പിക്കുകയും ചെയ്ത പരുക്കനായ മുസ്ലിം കഥാപാത്രത്തെയും. ഒളിവിൽ പോയ ദൈവം പാത്തും പതുങ്ങിയും വിജയവാഡയിൽ വീണ്ടും വരുന്നതു പോലെ തോന്നി.

(ജനുവരി 21ന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)

No comments: