പതിവുപോലെ, ആറ്റുകാൽ അമ്പലപ്പറമ്പിൽ തുരുതുരെ വെടി പൊട്ടി. പതിവില്ലാതെ, എന്റെ തോളിൽ കിടന്ന് മൂന്നുമാസമായ ഗൌരി ഞെട്ടിത്തെറിച്ചു. അവളുടെ ശ്വാസകോശത്തിൽ പുക നിറഞ്ഞു. ഞാൻ അന്ധാളിച്ചു. അതിനുമുമ്പും പിമ്പും വെടിയെപ്പറ്റി ആലോചിച്ചിരുന്നു. വെടി, കെട്ടായും വട്ടമായും മറ്റു പലതുമായും, എപ്പോഴും മനസ്സിൽ മുഴങ്ങി. വെടിയായിരുന്നു എന്നും വിഷയം. കഴിഞ്ഞ ആഴ്ച ടെലിവിഷനിൽ കണ്ട വിവരം അതിനെ ഒന്നുകൂടി പുതുക്കി.
വഴിപാടു വെടി, പൊട്ടിക്കുന്നതിനു പകരം, ശബ്ദലേഖനം ചെയ്തു കേൾപിച്ചാൽ പോരേ? കോടതിയുടെ ചോദ്യമായിരുന്നു. ടെലിവിഷനിൽ അക്ഷരങ്ങൾ ഇഴഞ്ഞുനീങ്ങിയതേയുള്ളു. പിന്നെ ഒന്നും കേട്ടില്ല. രാവിലെ മറിച്ചുനോക്കാറുള്ള പത്രം മൌനം ഭജിച്ചു. “മണിക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവ”ത്തെ പ്രീണിപ്പിക്കാൻ കൂട്ടവെടി വേണോ, വർച്വൽ റിയാലിറ്റി മതിയോ? ചർച്ചക്കുവേണ്ടി ഞാൻ കാത്തിരുന്നു. വെറുതെ. മാധ്യമശ്രദ്ധ മൂന്നാറിലും മുരളീധരനിലും ഉടക്കിക്കിടന്നു.
ഇക്കുറി കോടതിയെ മുഷിപ്പിച്ചത് വെടിയുടെ ഒച്ചയല്ല, പുകയായിരുന്നു. നേരത്തേ വാദത്തിനു വന്നതാണ് ഒച്ച. പൂരക്കാലത്തെ മേളം തടയുന്ന എന്തോ ഒരു കല്പന ഉണ്ടാവുകയും ചെയ്തു. പിന്നെ അത് റദ്ദായെന്നു തോന്നുന്നു. മേളവും മരുന്നുമണിയുമായി വേലയും പൂരവും മുറപോലെ മുന്നോട്ടു പോയി. ആർക്കും എളുപ്പത്തിൽ നിലപാടെടുക്കവുന്നതായിരുന്നില്ല ആ തർക്കം. ഇലഞ്ഞിത്തറ മേളവും വെടിക്കെട്ടും നിർത്തിയാൽ, തൃശ്ശൂർ പൂരവും പാവറട്ടി പെരുന്നാളും ഒച്ചയടച്ച ഓർമ്മയാവും. നമ്മുടെ സ്വരസംസ്കൃതിയുടെ ജീവാംശം ജഡമാവും. ആ വാദം അത്ര തീക്ഷ്ണമായി ഉയരുന്നതിനുമുമ്പുതന്നെ തടസ്സം നീങ്ങി.
സ്വരസംസ്കൃതിയെപ്പറ്റി പറയുമ്പോൾ, ചെവിയെപ്പറ്റി പറഞ്ഞേ തീരൂ. കേൾവി കേടുവരുത്തുന്ന രീതിയിലുള്ള ആഘോഷങ്ങളും ആചാരവിശേഷങ്ങളും കാലത്തിനു ചേരും വണ്ണം മാറണ്ടേ? മനുഷ്യന്റെ ഏറ്റവും സംവേദനക്ഷമമായ അവയവം ചെവിയത്രേ. തിരിച്ചറിവിന്റെ ആദ്യതന്തുവാണ് ചെവി. കണ്ണിന്റെ കോയ്മ തീർന്നിരിക്കുന്നു. നാലപ്ത്തഞ്ചു ദിവസമായ ഭ്രൂണത്തിൽ കേൾവി രൂപപ്പെട്ടിരിക്കും. കാഴ്ച എത്രയോ കഴിഞ്ഞേ വരുന്നുള്ളു. അഭിമന്യു പത്മവ്യൂഹത്തിന്റെ തന്ത്രവും, കാക്കശ്ശേരി ഭട്ടതിരി വേദമന്ത്രവും പഠിച്ചത് ഗർഭത്തിലിരുന്നായിരുന്നു. എന്നിട്ടും ചെവി “ഏറ്റവും അവഗണിക്കപ്പെടുന്ന ഇന്ദ്രിയ”മാണെന്നു വിലപിക്കുന്നു ഡാനിയൽ ബാരെൻബോയിം എന്ന സംഗീതചിന്തകൻ. ആദിയിൽ നാദമുണ്ടായി എന്നു സ്ഥാപിക്കാൻ അദ്ദേഹം ഒരു പ്രഭാഷണപരമ്പര മുഴുവൻ വിനിയോഗിക്കുകയുണ്ടായി. അദ്ദേഹം സൂചിപ്പിച്ച അവഗണനയെപ്പറ്റിയുള്ള അവബോധമായി കാണണം വെടിക്കെട്ട് വ്യവഹാരത്തെ.
വെടിക്കെട്ടും വാദ്യഘോഷവും പോയാൽ നമ്മുടെ പാരമ്പര്യം, സ്വത്വം, പൊയ്പ്പോകും. പക്ഷേ മനുഷ്യന്റെയും ഭൂമിയുടെയും ദുർബ്ബലതകളെപ്പറ്റി പുതിയ അറിവ് ഉണ്ടാകുകയും, അഭിരുചി മാറുകയും അത്ഭുതകർമായ സാങ്കേതികവിദ്യ ലഭ്യമാവുകയും ചെയ്യുമ്പോൾ, പഴയതിന്റെ നഷ്ടം ഒഴിവാക്കാൻ പറ്റില്ല. പാരമ്പര്യത്തെ സ്നേഹിക്കുന്നവർ തന്നെ പല പ്രാചീനതകളെയും ഉപേക്ഷിക്കും, അറിഞ്ഞോ അറിയാതെയോ. വിളക്കിന്റെ, വസ്ത്രത്തിന്റെ, നിലത്തിന്റെ, മോന്തായത്തിന്റെ, എന്തിന്റെയൊക്കെ കാര്യത്തിൽ പാരമ്പര്യം മുറിഞ്ഞിരിക്കുന്നു! പൊരിച്ച കോഴി ഇഷ്ടപ്പെടുന്നവരും കോഴിവെട്ടിന് എതിരല്ലേ?
അങ്ങനെ പല ആചാരങ്ങളും ആഘോഷങ്ങളും ശുചീകരിക്കേണ്ടിവരും, നവീകരിക്കേണ്ടിവരും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, അതെങ്ങനെ ചെയ്യാമെന്നതാണ് വെല്ലുവിളി. വെടിക്കെട്ടിന്റെയും വാദ്യഘോഷത്തിന്റെയും അനുഭവം, ഇഷ്ടം പോലെ ക്രമീകരിച്ചെടുക്കാൻ പറ്റിയ അനുഭവം, ഉണ്ടായാൽ പോരേ? അതൊക്കെ നേരിൽ നടക്കുക തന്നെ വേണോ? മധുരം പോരേ? പഞ്ചസാര വേണോ? റിയാലിറ്റി വേണ്ട; വർച്വൽ റിയാലിറ്റി മതി. വെടിക്കെട്ടിനെപ്പറ്റിയും വാദ്യഘോഷത്തെപ്പറ്റിയും ഉയർന്ന വ്യവഹാരം പരിഗണിച്ചപ്പോൾ ആ രീതിയിലായിരുന്നിരിക്കണം ന്യായവിചാരം.
ആചാരവും ആഘോഷവുമൊക്കെ പരിഷ്കരിക്കേണ്ടത് കോടതിയാണോ? അല്ല. അതു ചെയ്യാൻ സമൂഹത്തിന്റെ പല തലങ്ങളിലുള്ള ഏകകങ്ങൾ തന്നെ വേണം. അവർ തന്നെ വേണം ഉത്തരം കണ്ടെത്താൻ—ചോദ്യം ആർക്കും ചോദിക്കാമെങ്കിലും. ഇപ്പോൾ വന്നും പോയുമിരിക്കുന്ന വ്യവഹാരം അങ്ങനെ ചില ചോദ്യങ്ങൾ ഉയർത്തുന്നുവെന്നു മാത്രം കരുതിയാൽ മതി. ഉത്തരം കാണണമെന്ന് മറ്റുള്ളവർക്കു തോന്നണം. അല്ലാതെ കോടതി വിചാരിച്ചാൽ മാറ്റാവുന്നതല്ല വേഷവും വിനോദവും വിശ്വാസവുമൊന്നും.
വേണമെങ്കിൽ കോടതിക്കു മാറ്റാവുന്ന ചില മുറകൾ അതിനുള്ളിൽ തന്നെ കാണാം. ഹരജി സമർപ്പിക്കുന്നതും വാദിക്കുന്നതും വിധി പറയുന്നതും വെബ്ബു വഴിയാക്കാം. എന്തൊരു രസമായിരിക്കും! ചിലവു കുറയും; തിരക്കു കുറയും; അമാന്തം കുറയും; സുതാര്യത കൂടും. ഒടുവിൽ പറഞ്ഞത് കൂടുതൽ ബാധകമാകുക സർക്കാർ നടപടികൾക്കായിരിക്കും. പാർലമെന്റിന്റെയും നിയമസഭകളുടെയും നടപടികളിൽ ഏറിയ പങ്കും വെബ്ബിലൂടെ നിർവഹിക്കാം. അപ്പോൾ ജനാധിപത്യത്തിന്റെ ചിലവ് കുത്തനെ താഴും. ഒരൊറ്റ ചോദ്യത്തിന് ഉത്തരം പറയാൻ ചിലവാകുന്ന പണവും അധ്വാനവും എത്രയാണെന്നോ? പക്ഷേ പരിഷ്കാരംകൊണ്ട് ചിലതൊക്കെ നഷ്ടമാകും. ഒന്നാമത്തെ നഷ്ടം നടുത്തളത്തിലെ കയ്യാങ്കളി. പിന്നെ, അതിന്റെയൊരു ഗമയും.
(മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ ഫെബ്രുവരി 16ന് വന്നത്)
No comments:
Post a Comment