ഈ കോളത്തിന്റെ കലാശം കുറിക്കേണ്ട നാളായില്ലെങ്കിൽ, ഫെബ്രുവരി ഇരുപത്തിരണ്ടിനെപ്പറ്റി ഓർക്കുമായിരുന്നില്ല. കലണ്ടറിലെ അക്കം ചുവന്നതല്ല. വിശേഷവിധിയായി ഒന്നും നടന്ന ചരിത്രമില്ല. ഏതു ദിവസവും പോലെ നിറമില്ലാത്ത ഒരു ദിവസം. നിവൃത്തിയില്ലാത്തതുകൊണ്ട് അന്നും ചിലർ പിറന്നു. അവരിൽ രണ്ടു പേരെ എനിക്ക് കഷ്ടിച്ച് അറിയാം. ഒരാൾ ആർതർ ഷോപ്പൻഹോവർ.
ഓർമ്മയുടെ മഞ്ഞളിച്ച ഏടുകൾ പരതി നോക്കി. പിറവി പുണ്യമെന്നോ പിറന്നാൾ ആഘോഷിക്കണമെന്നോ തോന്നിക്കുന്നതായിരുന്നില്ല ഷോപ്പൻഹോവറുടെ ചിന്ത. ലോകത്തെയും ജീവിതത്തെയും പറ്റി ഉന്മേഷം പകരുന്നതൊന്നും അദ്ദേഹം പറഞ്ഞില്ല. ചിലവു മുട്ടാത്ത കച്ചവടമാണ് ജീവിതം. വേദനക്കും വൈരസ്യത്തിനുമിടയിൽ പെൻഡുലം പോലെ അത് ആടിക്കൊണ്ടിരിക്കും. ആഗ്രഹം കാരണം ദുരിതമുണ്ടാകുന്നു; ദുരിതം മാറിയാൽ ബോറടി തുടങ്ങുന്നു. അങ്ങനെ രണ്ട് അവസ്ഥയേ ഉള്ളു. ആനന്ദം എന്നൊന്നില്ല. വേദനയുടെ താൽക്കാലികമായ അന്ത്യത്തെ ആനന്ദം എന്ന് മണ്ടന്മാർ തെറ്റിദ്ധരിക്കുന്നുവെന്നു മാത്രം.
താൻ മണ്ടനല്ലെന്ന് ഷോപ്പൻഹോവർക്ക് ഉറപ്പായിരുന്നു. അദ്ദേഹത്തെ ആരാധിച്ചുകൊണ്ടു വളർന്ന നീത്ഷേ പറഞ്ഞ വാക്കുകൾ ഷോപ്പൻഹോവറുടേതുമാകാമായിരുന്നു: “എന്റെ നേരമായില്ല. എനിക്കവകാശപ്പെട്ടതാകുന്നു മറ്റന്നാൾ.” ഹെഗൽ കേമനാണെന്ന ധാരണ പൊളിക്കാൻ അദ്ദേഹം ശ്രമിച്ചു നോക്കി. പക്ഷേ ഹെഗലിന്റെ കോളെജിൽ പഠിപ്പിക്കാൻ ചെന്നപ്പോൾ കുട്ടികൾ സ്ഥലം വിട്ടു. ഷോപ്പൻഹോവറുടെ നായകശില്മെന്നു വാഴ്ത്തപ്പെട്ട പുസ്തകം ചവർ വിലക്ക് വിറ്റു. ഒടുവിലത്തെ “ജീവിതവിവേക”ത്തിനു കിട്ടിയ പ്രതിഫലം പത്തു പ്രതികളായിരുന്നു.
ആക്രോശമല്ലാത്ത ചിന്താസന്ദർഭങ്ങളിൽ, അദ്ദേഹത്തിന്റെ വചനം കവിതയോടടുത്തു. നിദ്രയും ജാഡ്യവും മരണവും അതിൽ കൂടെക്കൂടെ കടന്നു വന്നു. നിദ്രക്കെതിരെ നിരന്തരം നടക്കുന്ന സമരമാകുന്നു ജീവിതം. തുടക്കത്തിൽ നാം നിദ്രയിൽന്ന് അല്പം ഇടം നേടുന്നു; ഒടുവിൽ നിദ്ര തന്നെ അതു പിടിച്ചെടുക്കുന്നു. പകൽ നേരം ചോർന്നു പോകുന്ന ജിവിതഭാഗം പുതുക്കിയെടുക്കാൻ കടമെടുക്കുന്ന മരണത്തിന്റെ കണികയാകുന്നു നിദ്ര. ആദ്യം ഇമ്പം തോന്നുന്ന വാക്ക് അടുത്ത നിമിഷം അനുവാചകനെ അസ്വസ്ഥനാക്കുന്നു.
പരമമായ ഇച്ഛക്കു കീഴ്പ്പെട്ടിരിക്കുന്നതാണ് “അതിനിന്ദ്യമീ നരത്വം.” ബുദ്ധിക്കും യുക്തിക്കും അവിടെ കോയ്മയില്ല. മൌലികമായ ഇച്ഛയാണ് ലോകത്തിന്റെ ചാലകശക്തി. പ്രകൃതിം യാന്തി ഭൂതാനി. ഇന്ത്യൻ ചിന്ത ഷോപ്പൻഹോവറെ ആകർഷിച്ചിരുന്നു. തന്റെ ഒരേയൊരു കൂട്ടുകാരനായ നായക്കുട്ടിക്ക് അദ്ദേഹം, തികഞ്ഞ ഉചിതജ്ഞതയോടെ, പേരിട്ടു: ആത്മ.
അമ്മയുമായി അദ്ദേഹം എന്നും മത്സരത്തിലും കലഹത്തിലുമായിരുന്നു. ജീവിതത്തിന്റെ അവസാനത്തെ കാൽ നൂറ്റാണ്ട് അവർ തമ്മിൽ കാണാതെയും മിണ്ടാതെയും കഴിഞ്ഞു. അങ്ങനെ അദ്ദേഹം തികഞ്ഞ സ്ത്രീവിരോധിയായി. സ്ത്രീകളെപ്പറ്റി പറഞ്ഞതൊക്കെ അച്ചടിക്കുന്നത് സുരക്ഷിതമല്ല. അമ്മയുടെ സ്നേഹം അറിയാതെ, കലഹിച്ചു വളർന്ന ഒരാൾ അങ്ങനെ ആയിപ്പോകുമെന്ന് വിൽ ഡ്യൂറന്റ്. ഷോപ്പൻഹോവറുടെ ചിന്തകൊണ്ട് ചികിത്സ—Bibliotherapy—പറ്റുമോ എന്ന് അന്വേഷിക്കുന്നു അതിനെപ്പറ്റി നോവൽ എഴുതിയ മനോരോഗവിദഗ്ധൻ ഡോക്റ്റർ ഇർവിൻ യാലോം.
ഷോപ്പൻഹോവറുമായി പിറന്നാൾ—പിറന്നാൾ മാത്രം--പങ്കിടുകയും എനിക്ക് കഷ്ടിച്ച് അറിയുകയും ചെയ്യുന്ന രണ്ടാമത്തെ ഫെബ്രുവരി ഇരുപത്തിരണ്ടുകാരനാണ് ഞാൻ. പണ്ട് രാജാവ് പിറന്നാളിന് നാലാളെ തൂക്കുമരത്തിൽനിന്ന് രക്ഷിക്കുകയും നാട്ടുകാർക്കു സദ്യ കൊടുക്കുകയും ചെയ്യാമായിരുന്നു. പ്രജ എന്തെങ്കിലും പുതിയ പ്രതിജ്ഞ എടുക്കും, പ്രസ്ഥാനം തുടങ്ങും. ഇത്രയും വായിച്ചുവന്നപ്പോൾ മനോരമ എഡിറ്റർ തിരക്കിട്ടു വിളിച്ചു പറഞ്ഞു: “കളഞ്ഞില്ലേ ഒരു സുവർണ്ണാവസരം? ലണ്ടനിലെ ടൈംസ് പത്രത്തിന്റെ ആദ്യത്തെ ജനന-മരണപംക്തിയിൽ പേരു തിളങ്ങുമായിരുന്നു, 124 കൊല്ലം മുമ്പു ജനിച്ചിരുന്നെങ്കിൽ.” ആ പംക്തി തുടങ്ങിയത് ഫെബ്രുവരി ഇരുപത്തിരണ്ടിനായിരുന്നു. പിന്നെ, എഡിറ്റർ മന്ത്രിക്കുന്നതു കേട്ടു: “എല്ലാം ഇച്ഛയാണെന്ന ഷോപ്പൻഹോവർ തിയറി എപ്പോഴും ഫലിക്കണമെന്നില്ല.” ഏതായാലും, അതൊന്നും നടക്കാതെ,
ഈ പിറന്നാളും മറന്നു പോകുമായിരുന്നു, ഈ കോളത്തിന്റെ കലാശം കുറിക്കേണ്ടിയിരുന്നില്ലെങ്കിൽ. പിറന്നാൾ കൊണ്ടാടാൻ അതൊരു പുതിയ വഴിയായി.
ഈ കോളം--മംഗളവാദ്യം--തുടങ്ങുമ്പോൾ, ഒരാൾ ചൂണ്ടിക്കാട്ടി: നേരത്തേ കേട്ടിട്ടുള്ളതൊന്നും മംഗളമായ വാദ്യമായിരുന്നില്ലല്ലോ.. മംഗളവാദ്യം മംഗളം വായിക്കാനല്ല, ചൊവ്വാഴ്ച പറയേണ്ടത് പറയാനാണ് എന്നായിരുന്നു എന്റെ വിശദീകരണം. ചൊവ്വാഴ്ച നല്ല ദിവസമല്ല. കൊടിയാഴ്ചയെന്നും വിളിക്കും. അമംഗളമെന്നു കല്പിക്കുന്ന ആഴ്ചയെ മംഗളമെന്നു വിളിക്കുന്ന തിരിമറിയെപ്പറ്റി എം പി ശങ്കുണ്ണി നായർ എഴുതിയതോർക്കുന്നു. പിന്നെപ്പിന്നെ, മംഗളവാദ്യം തുടർന്നുപോയപ്പോൾ, ചൊവ്വാഴ്ചയോ, വേറെ ഏതെങ്കിലും ആഴ്ചയോ, പറയണമെന്നില്ലാത്തതാണ് പറയുന്നതെന്നും കേട്ടു.
ഇപ്പോൾ, ഇതാ, മംഗളവാദ്യം തീരുന്നു. തുടങ്ങുമ്പോഴും തുടരുമ്പോഴും തിരിച്ചുവരുമ്പോഴും വലിയ ആവേശമായിരിക്കും. തുടങ്ങിവെക്കുന്നതെന്തും ആവേശവും ആത്മരാഗവും ഇളക്കും. അതുകൊണ്ട്, അധ്യാത്മചിന്തയിലേക്കു നീങ്ങുന്നവർ ഒന്നും തുടങ്ങരുതെന്ന് ചിലർ പറയും. അതൊരുതരം മൌലികവാദം. ഏതായാലും, എന്തും തീരുമ്പോഴത്തെ രസം ഒന്നു വേറെത്തന്നെ. കുഞ്ഞുണ്ണി മാഷ് ആകും അതിലും പ്രമാണം: ഞാൻ ഉണർന്നപ്പോൾ എന്നെ കണ്ടില്ല, ഭാഗ്യം, ഭാഗ്യം!
(ഫെബ്രുവരി 23ന് മനോരമയിൽ മംഗളവാദ്യം എന്ന പംക്തിയിൽ വന്നത്)
No comments:
Post a Comment